തെരുവുകളിൽ ആളുകൾ ഒരുമിച്ചുകൂടുക, വർത്തമാനം പറയുക, പാട്ടുപാടുക, കവിതകൾ ചൊല്ലുക… ഇതൊക്കെ ആവശ്യമുണ്ടോ? അതും സോഷ്യൽ മീഡിയയുടെ സൗകര്യങ്ങൾ ഇത്രമാത്രം വിപുലമായ ഒരു കാലത്ത്.

ആളുകൾ ഇങ്ങനെ അഭിപ്രായം പറയുന്നത് വലിയ വിഡ്ഢിത്തമാണ് എന്നത്, ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തിൻറെ പേരാണ് എന്ന് എത്രയോ മുൻപ് ലോകം കേട്ടതാണ്. ഞാൻ പറയും നിങ്ങളനുസരിക്കുക എന്നതാണ് അതിൻറെ തുടർച്ച.

ആവിഷ്‌കാരത്തിൻറെ ഇടങ്ങളെ ഈ ശബ്‌ദം ചങ്ങലയ്ക്കിടാൻ ശ്രമിക്കുന്ന കാലത്താണ് ഇവിടെ സാഹിത്യോത്‌സവം എന്ന വാക്ക് കേൾക്കുന്നത്. എഴുത്തിൻറെ സൗന്ദര്യശാസ്‌ത്രം ചർച്ച ചെയ്‌തിരുന്ന കാലത്തെ സാഹിത്യ സമ്മേളനങ്ങളിൽ നിന്ന് സാഹിത്യോത്‌സവത്തിലേക്ക് തെരുവുകൾ കൂടിയിരിക്കുന്നു. കലയും സാഹിത്യവും കടന്ന് അവിടെ സംവാദങ്ങൾക്ക് പുതിയ രൂപങ്ങളുണ്ടാവുന്നു.

നൂറോളം പേരൊക്കെ ഒത്തുചേർന്ന ജയ്‌പൂർ സാഹിത്യോത്‌സവം പത്തുവർഷം കൊണ്ട് പതിനായിരങ്ങളുടെ ഉത്‌സവ കേന്ദ്രമായിരിക്കുന്നു. അതിൻറെ ചുവടുപിടിച്ച് ആരംഭിച്ച പാലക്കാടൻ സാഹിത്യോത്‌സവം നാലാമത് എഡിഷനിലേക്ക് കടന്നു. കോഴിക്കോട്ടെ കടലോരത്തും തിരുവനന്തപുരത്തെ കനകക്കുന്നിലും പുതിയ ശബ്‌ദങ്ങളുയർന്നു.

സാഹിത്യോത്‌സവങ്ങൾ എന്ത് ഭാവുകത്വമാണ് ഉണ്ടാക്കുന്നത് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്, കേവലം കച്ചവടങ്ങളായി മാറുന്നു എന്ന്. ഒരുപക്ഷേ അക്കാദമികൾക്കൊക്കെ വരാനിരിക്കുന്ന കാലത്ത് ഇതിൽ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമായേക്കാം.

ഇപ്പോൾ ‘നിങ്ങളത് ചെയ്യരുത്’ എന്ന ഏകാധിപത്യത്തിൻറെ ഒച്ചകൾ കേട്ടുതുടങ്ങുന്ന കാലത്ത് ഞങ്ങള് താടിവളർത്തും മീശവളർത്തും മുട്ടോളമെത്തുന്ന മുടിയും വളർത്തുമെന്ന ഊരാളിയുടെ പാട്ടുപോലെ തെരുവോരത്തെ ഇത്തരം കൂടിയിരുപ്പുകളും ജനാധിപത്യത്തിലെ പ്രതിരോധത്തിൻറെ ശബ്‌ദമായിത്തീരും. ആഘോഷം എന്നതിനപ്പുറം ആ അർത്ഥത്തിൽ ഉത്‌സവം എന്ന വാക്ക് പങ്കുചേരലുകളുടെ മനോഹാരിതയാവും.

-രാജേഷ് മേനോൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account