ലിറ്റിൽ കൈറ്റ്സ് – കുഞ്ഞു പട്ടങ്ങൾ – പേരു കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ സംഗതി അത്ര നിസാരമല്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്‌ട്രോണിക്‌സ്  എന്നീ മേഖലകളിൽ പരിശീലനം നൽകുകയും സൈബർ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ജനിപ്പിക്കുകയുമാണ് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്‌മയുടെ ലക്ഷ്യം.

ലിറ്റിൽ കൈറ്റ്സിൽ ഒരു പട്ടമായി ചേരാനുള്ള  ആദ്യത്തെ താൽപര്യം പത്താം ക്ലാസ്സിൽ  ഗ്രേസ് മാർക്കു കിട്ടുമെന്നതായിരുന്നു. മാത്രമല്ല, ഇനി ഭാവിയിൽ വല്ല ആനിമേഷനിലോ കോഡിംഗിലോ ഒക്കെ അഗ്രഗണ്യനായ് തീർന്നെന്നും വരാം. അതൊരു സ്വകാര്യ അതിമോഹമാണ്. എന്തായാലും അങ്ങനെയാക്കെയാണ് ഞാൻ ലിറ്റിൽ കൈറ്റ്സിൽ ചേർന്നത്.

2018ലാണ് ലിറ്റിൽ കൈറ്റ്സ് പരിശീലന പദ്ധതി ഹൈസ്‌കൂൾ തലത്തിൽ ആരംഭിക്കുന്നത്.ഓരോ സ്‌കൂളുകൾക്കും “KITE” (Kerala Infrastructure Technology Education) ന്റെ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർമാർ ഉണ്ടാകും. അവരാണ് സ്‌കൂൾ തലത്തിലുള്ള ഐ.ടി. പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നത്. ഞങ്ങളുടെ സ്‌കൂളിലെ കൈറ്റ് മാസ്റ്റർ ഹരിദാസ് സാറാണ്.

ലിറ്റിൽ കൈറ്റ്സിൽ ഹൈടെക് ക്ലാസ് റൂം പരിപാലന പരിശീലനമാണ് ആദ്യത്തേത്. ഇന്ന് പൊതുവിദ്യാലങ്ങളിൽ ധാരാളം ഹൈടെക്ക്  ക്ലാസ്‌റൂമുകളുണ്ടല്ലോ. ലാപ്‌ടോപ്പും പ്രൊജക്ടറും ഉപയോഗിച്ച് ദൃശ്യങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതും പഠിപ്പിക്കുന്നതും. ഇത് പഠന പ്രക്രിയ  എളുപ്പവും രസകരവുമാക്കുന്നു. ഓരോ ക്ലാസ്‌റൂമുകളിലെയും ലാപ്‌ടോപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സുരക്ഷിതത്ത്വവും പരിപാലനവും ഉറപ്പുവരുത്തേണ്ടത് ആ ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.

ഹൈസ്‌കൂൾ തലത്തിൽ ഒമ്പത്, പത്ത് ക്ലാസുകളിലാണ്  ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം ആരംഭിക്കുന്നത്. രണ്ട് അധ്യയന വർഷങ്ങളിലേക്കുള്ള ലിറ്റിൽ കൈറ്റ്സുകളെ  തിരഞ്ഞെടുക്കുന്നതിന് സ്‌കൂൾ തലത്തിൽ ഒരു അഭിരുചി പരീക്ഷയുണ്ട്. അതിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം ലഭിക്കുക.

2019ൽ കൈറ്റ് ഉബണ്ടു സോഫ്റ്റ് വേർ നവീകരിച്ച് 18.04 വേർഷൻ സ്‌കൂളുകളിലെ ഐ.ടി. ലാബുകളിൽ ലഭ്യമാക്കിയിരുന്നു. സ്വതന്ത്ര 2 ഡി അനിമേഷൻ സോഫ്റ്റ് വേറായ ടൂപ്പീ ട്യൂബ് സോഫ്റ്റ് വേറിലാണ് ആദ്യഘട്ടപരിശീലനം നടക്കുന്നത്. കൈറ്റിന്റെ ഒന്നാമത്തെ മൊഡ്യൂൾ പ്രകാരം ആനിമേഷൻ സിനിമകൾ പരിചയപ്പെടുക, കഥകൾ കണ്ടെത്തി ആനിമേഷൻ നിർമ്മിക്കാനായി സ്റ്റോറിബോർഡ് തയ്യാറാക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇത് ഒരേ സമയം രസകരവും ക്രിയാത്മകവുമാണ്. പലതരത്തിൽ നമുക്ക്  ദൃശ്യങ്ങൾ ക്രമീകരിക്കാനാകുന്നു. ലോകസിനിമയെത്തന്നെ അത്ഭുതപ്പെടുത്തിയ അനിമേഷൻ ചലച്ചിത്രം ‘അവതാർ’ നിർമ്മിച്ചതും ടൂപ്പീ ട്യൂബ് ഡെസ്ക്കിലാണ്.

ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിലുള്ള ഡിജിറ്റൽ മാഗസിൻ നിർമാണമാണ് ഏറ്റവും രസകരം. മാഗസിനിൽ പലതരം വിഭവങ്ങളുമുണ്ട്. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, അങ്ങനെ ഒട്ടനവധി. എല്ലാം ടൈപ്പ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സിലേ തന്നെ അംഗങ്ങളാണ്. നാലഞ്ച് ദിവസം ലാപ്‌ടോപ്പിന്റെ കീബോർഡിനും കൈകൾക്കും വിശ്രമമുണ്ടാകില്ല. ഈ മാഗസിനുകൾ കൈറ്റിൻ്റെ കീഴിലുള്ള സ്‌കൂൾ വിക്കിയിലാണ് പ്രസിദ്ധീകരിക്കുക.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഷോർട്ട് ഫിലിം നിർമ്മാണ മത്സരവുമുണ്ട്. ഓരോ സ്‌കൂളിനും  ഒരു ചെറിയ ഡി.എസ്.എൽ.ആർ. ക്യാമറയുമുണ്ടാകും. ഇതിലാണ് ഷോർട്ട് ഫിലിം നിർമ്മാണം. ഒപ്പം ഫോട്ടോഗ്രഫിയിലും ക്യാമറാ പരിപാലനത്തിലും പരിശീലനമുണ്ട്. കഥയും തിരക്കഥയും സംവിധാനവുമൊക്കെ സ്‌കൂളുകളിലെ കൈറ്റ് അംഗങ്ങൾ തന്നെയാണ് ചെയ്യുക.  ഞങ്ങളുടെ സ്‌കൂളിൽ  അടുത്തു ചെയ്യാൻ പോകുന്നത്  ഹ്രസ്വ ചിത്ര നിർമ്മാണമാണ്. അതിനുള്ള തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ലിറ്റിൽ കൈറ്റ്സ് അംഗമായതോടെ കമ്പ്യൂട്ടർ  സിനിമ കാണാൻ മാത്രം ഉപയോഗിച്ചിരുന്ന ഞാൻ കുറച്ചൊക്കെ കമ്പ്യൂട്ടറിനെ പഠിക്കാൻ ശ്രമിച്ചു. പ്രധാനമായും കോഡിങ്ങും വെബ് പേജ് നിർമ്മാണവുമാണ് എൻ്റെ ഹോബി. ഭാവിയിൽ ഏതെങ്കിലും ഒരാൾ പത്ത് തലയാ ഇവന്, തനി സുന്ദർ പിച്ചെ എന്നൊക്കെ പറയാതിരിക്കില്ലെന്ന് ആര് കണ്ടു! പൊതു വിദ്യാലയങ്ങൾ ഇന്ന് സാങ്കേതികതയുടെ വാതായനങ്ങൾ കൂടി കുട്ടികൾക്കു മുന്നിൽ  തുറന്നിടുകയാണ്. അതിലൂടെ തുഴയുന്നത് തികച്ചും രസകരവും.

1 Comment
  1. Jayaraj Menon Vappala 2 years ago

    അഭിനന്ദനങ്ങൾ അപ്പുണ്ണീ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account