സ്ഥലത്തെ ജീവിച്ചിരുന്ന ദേവിയായിരുന്നു സരസ്വതി. നാൽപ്പത്തഞ്ചിന് മുകളിൽ പ്രായം. കുറച്ചു മാസങ്ങൾക്കു മുൻപുവരെ ഒരു സാധാരണ വീട്ടമ്മ. ഒരു വർഷം മുൻപ് ഒരു ഉത്‌സവത്തിന് അമ്പലത്തിൽ ഉറഞ്ഞു തുള്ളിയതോടെയാണ് സരസ്വതിക്ക് ദേവീ പരിവേഷമുണ്ടായത്. അന്നത് ആളുകൾ വെറും കൗതുകത്തോടെ മാത്രമായിരുന്നു വീക്ഷിച്ചത്. എന്നാൽ തുടരെ ഉറഞ്ഞു തുള്ളാൻ ആരംഭിച്ചതോടെ ചിലർക്കെല്ലാം വിശ്വാസമുണ്ടായിട്ടുണ്ടാകണം.

വിശ്വാസത്തോടെ സമീപിച്ചവർക്കെല്ലാം അനുഗ്രഹങ്ങൾ കോരിച്ചൊരിയാൻ സരസ്വതി മടിച്ചതുമില്ല. താൻ ദേവിയാണെന്നു അവരെ വിശ്വസിപ്പിക്കുന്നതിനൊപ്പം സരസ്വതിയും അതുതന്നെ വിശ്വസിച്ചു. നാട്ടിലെ ദേവിയായി അനുഗ്രഹ മഴ തന്നെ വർഷിച്ചു.

ക്രമേണ സരസ്വതി മലയാള ഭാഷ സംസാരിക്കാതായി. ആളുകൾക്ക് മനസിലാകാത്ത എന്തോ ചില ജൽപ്പനങ്ങൾ മാത്രമായി. ബന്ധുവീടുകളിൽ പോകാതായി. എന്തിനേറെ ഭർത്താവിനോടും കുട്ടികളോടും പോലും സംസാരിക്കാതായി. വീട്ടുകാര്യങ്ങളിൽ താൽപ്പര്യമില്ലാതായി. ഇടയ്ക്കിടെ ബോധരഹിതയാകാനും തുടങ്ങി. കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും ബോധ്യമായിത്തുടങ്ങി.

അങ്ങനെയാണ് ദേവിയെയും കൊണ്ട് ഒരു ജ്യോത്‌സനെ കാണാൻ പോയത്. ഇത് ദേവിയുടെ ആത്‌മാവല്ലെന്നും മറിച്ച്‌ ഏതോ ദുർശ്ശക്‌തിയുടെ സാന്നിധ്യമാണ് സരസ്വതിയിലുള്ളതെന്നും കക്ഷി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. പിന്നീട് മന്ത്ര തന്ത്ര കർമ്മങ്ങളുടെ പ്രവാഹമായിരുന്നു. സരസ്വതിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ അതിനൊന്നും കഴിയാതിരുന്നപ്പോഴാണ് ചിലരെങ്കിലും ചികിത്‌സയെപ്പറ്റി ആലോചിച്ചത്.

ഒടുവിലാണ് സരസ്വതി എന്റെയടുക്കൽ ചികിത്‌സക്കെത്തുന്നത്. സാമാന്യം ഐശ്വര്യമുള്ള ഒരു സ്‌ത്രീ. ഭർത്താവും രണ്ടു കുട്ടികളുമൊത്ത് ജീവിക്കുന്നു. ഭർത്താവ് കൂലിപ്പണിക്കാരനാണ്. വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ജീവിതം.

ഭർത്താവ്, കുടുംബാങ്ങങ്ങൾ, കുട്ടികൾ, അവിഹിതം തുടങ്ങി മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാവുന്ന, പ്രത്യേകിച്ച് ഒരു സാധാരണ വീട്ടമ്മയ്ക്ക്, എല്ലാ കാര്യങ്ങളും അന്വേഷിച്ചു. എവിടെയും ഒരു പ്രശ്‌നങ്ങളുമില്ല. സാമ്പത്തികമായും വലിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. സ്‌നേഹനിധിയായ ഭർത്താവ്, അത്യാവശ്യം നന്നായി പഠിക്കുന്ന കുട്ടികൾ. തികച്ചും സംതൃപ്‌തയായിരുന്നു സരസ്വതി.

ആദ്യ സന്ദർശനത്തിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനാകാതെ രോഗനിർണയയത്തിനനുസരിച്ചു മരുന്ന് കൊടുത്തു പറഞ്ഞയക്കുക മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏകമാർഗം. അടുത്തമാസം എന്നെ കാണാൻ വരുമ്പോൾ സരസ്വതിക്ക് ചില മാറ്റങ്ങളൊക്കെയുണ്ടായിരുന്നു. ചില സമയങ്ങളിലെല്ലാം ബോധപൂർവം സംസാരിക്കുകയുണ്ടായി. ഭാവനാ ലോകത്തുനിന്നും യാഥാർത്ഥ്യത്തിലേക്ക് വരുന്നതിന്റെ നേരിയ സൂചന.

സരസ്വതിയുടെ പ്രശ്‌നം മനസ്സിലാക്കണമെങ്കിൽ ഞാൻ സരസ്വതിയോടുതന്നെ സംസാരിക്കണം. എന്നാൽ അവർ അന്നതിനു തയാറാകുമെന്ന് എനിക്ക് തോന്നിയില്ല. അടുത്ത മാസത്തേക്ക് വേണ്ട മരുന്നുമായി അന്നും സരസ്വതിയെ പറഞ്ഞയച്ചു. ഓരോമാസവും അവർ വരുമ്പോൾ മരുന്നിനനുസൃതമായ കൃത്യമായ വ്യത്യാസങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് മൂന്നു നാല് മാസങ്ങൾക്കുള്ളിൽ സരസ്വതി ഏകദേശം നോർമലായി മാറിയിരുന്നു.

എന്നോട് അവർ പൂർണ്ണമായും സഹകരിക്കും എന്നുറപ്പായപ്പോൾ ഞാൻ സരസ്വതിയുടെ ഭൂതകാലത്തെക്കുറിച്ചന്വേഷിക്കാൻ തീരുമാനിച്ചു. വളരെ കൃത്യനിഷ്ഠയോടെയായിരുന്നു സരസ്വതിയെ അവരുടെ അമ്മയും മുത്തശ്ശിയും ചേർന്ന് വളർത്തിയിരുന്നത്. ഋതുമതിയാകുന്ന സമയങ്ങളിൽ അടുക്കളയിൽ കയറാൻ പോലും സരസ്വതിയെ അവർ അനുവദിച്ചിരുന്നില്ല. അത്തരം സന്ദർഭങ്ങളിൽ ക്ഷേത്രങ്ങളിൽ പോകുന്നതും വിലക്കിയിരുന്നു.

ആർത്തവരക്‌തം അശുദ്ധമാണെന്നും പുണ്യസ്ഥലങ്ങളിൽ അങ്ങനെയുള്ളവർ പ്രവേശിക്കുന്നത് ആപത്തിനു വഴിയൊരുക്കുമെന്നും അവർ സരസ്വതിയെ പഠിപ്പിച്ചിരുന്നു. സാമാന്യ വിദ്യാഭ്യാസം പോലുമില്ലായിരുന്ന അവർ പറഞ്ഞതിനെ അർത്ഥശങ്കക്കിടയില്ലാതെ തന്നെ സരസ്വതിയും വിശ്വസിച്ചു. അതൊരു ആചാരമായി അവരും പാലിച്ചു വന്നു.

സരസ്വതിയുടെ ആർത്തവചക്രം ഏകദേശം കൃത്യമായിരുന്നതിനാൽ ഈ ആചാരങ്ങൾ പാലിക്കുന്നതിന് അവർക്ക് അധികം ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ നാൽപ്പത്തഞ്ചു വയസിനോടടുപ്പിച്ചു, ആർത്തവ വിരാമത്തിനു മുന്നോടിയായി, അവരുടെ കാര്യങ്ങൾ കൃത്യതയില്ലാതായി മാറി. ചില മാസങ്ങളിൽ ദൈർഘ്യം കൂടി വന്നു. കൃത്യമായി എന്ന് ആർത്തവമുണ്ടാകും എന്ന് മുൻകൂട്ടി കണക്കാക്കാനാകുന്നില്ല എന്നത് സരസ്വതിക്കൊരു പ്രശ്‌നമാകുകയായിരുന്നു.

അതിനിടയിലാണ് കൂനിന്മേൽ കുരു എന്നതുപോലെ ഒരു ദേവീക്ഷേത്രത്തിൽ വച്ച് സരസ്വതിക്ക് ആർത്തവമുണ്ടായത്. അതവരെ മാനസികമായി വല്ലാതെ തളർത്തി. തൽഫലമായി ഉണ്ടാകാൻ പോകുന്ന ആപത്തുകളെക്കുറിച്ചായി അവളുടെ ചിന്ത. ഊണിലും ഉറക്കത്തിലും അത് മാത്രമായി. അതവളെ ഒരു മാനസിക രോഗിയാക്കി.

ആർത്തവരക്‌തം അശുദ്ധിയുടെ ലക്ഷണമല്ലെന്നും, മറിച്ച് ഗർഭപാത്രത്തെ ശുദ്ധീകരിക്കുന്ന പ്രകൃതിയുടെ ഒരു പ്രക്രിയ മാത്രമാണെന്നും സരസ്വതിയെ പറഞ്ഞു മനസിലാക്കാൻ എനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അജ്ഞതയിൽ നിന്നും ഉടലെടുത്ത മാനസിക സമ്മർദ്ദമായിരുന്നു അവരുടെ രോഗഹേതു എന്ന് സരസ്വതിക്ക് മനസ്സിലായി.

കുറിപ്പ്: സരസ്വതിയുടെ അനുഗ്രഹത്താൽ ചിലരൊക്കെ നല്ല ജീവിതം നയിക്കുന്നുണ്ടെന്നു അറിയാൻ കഴിഞ്ഞിട്ടുണ്ട്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account