കോവിഡ് 19 നെ പ്രതിരോധിക്കുവാൻ ഏറ്റവും ഉചിതമായ മാർഗ്ഗം കർശന നിയന്ത്രണങ്ങൾ തന്നെയാണ്. അതിന്റെ ഭാഗമായിട്ടുള്ള ലോക്ക് ഡൌൺ നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. ഇരുപത്തിയൊന്നു ദിവസങ്ങളുടെ അടച്ചുപൂട്ടലുകളാണല്ലോ ഇപ്പോൾ ഉള്ളത്. ഇതിന്റെ ചില മാനസിക തലങ്ങളെക്കുറിച്ച് മാത്രമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.

1 . ഏകാന്തത (Loneliness) : പലരും ഈ സമയത്ത് കുടുംബത്തോടൊപ്പം ആയിരിക്കണമെന്നില്ല. അങ്ങനെയുള്ളവർ പോലും അടുത്ത ബന്ധുക്കളെ പിരിയേണ്ടതായ സാഹചര്യം ഉണ്ടാകുന്നു. അവരെക്കൂടി നോക്കുവാൻ നമുക്കാകുയില്ലെന്നോ, അവരുടെ സംരക്ഷണം നമുക്ക് ലഭിക്കുകയില്ലെന്നോ തോന്നൽ ഉണ്ടാകുന്നു. ദൂരെയുള്ള മക്കളെ, മാതാപിതാക്കളെയോർത്തു വേവലാതിപ്പെടുന്നു.

2 . നിരാശ (Frustration)  : പുറത്തേക്കു പോകുവാനോ, മറ്റുള്ളവരോട് സംസാരിക്കുവാനോ, അടുത്ത ബന്ധുക്കളുടെ അടുത്തെത്തുവാനോ സാധിക്കുകയില്ലെന്നുള്ള തോന്നൽ,  ജോലി, ബിസിനസ് തുടങ്ങിയവയ്ക്കു പോകുവാൻ കഴിയില്ലെന്ന ബോധം, സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന നിരാശ.

3.  ഉത്‌ക്കണ്‌ഠ (Anxiety) : എന്ത് സംഭവിക്കും എന്നോർത്തുള്ള ആധി. അത് കോവിഡ് ആകട്ടെ, മറ്റു രോഗങ്ങളാകട്ടെ, വന്നാൽ എന്താകും അവസ്ഥ എന്ന ചിന്ത. ജോലി സംബന്ധമായ, ബിസിനസ് സംബന്ധമായ ഉത്‌ക്കണ്‌ഠ. 21 ദിവസങ്ങൾക്കപ്പുറം ജോലിയുണ്ടാകുമോ? ബിസിനസ് നടക്കുമോ? അതുവരെ പണത്തിനെന്തു ചെയ്യും? ലോണുകൾ എങ്ങനെയടയ്ക്കും? അതിനുള്ളിൽ അസുഖം ബാധിക്കുമോ? മരിക്കുമോ? ലോകം തന്നെയുണ്ടാകുമോ? തുടങ്ങി ഉത്‌ക്കണ്‌ഠകൾ പലവിധമായിരിക്കും.

4. കഠിന മാനസിക സമ്മർദ്ദം (Stress) :  ഉത്‌ക്കണ്‌ഠയുയർത്തുന്ന ചിന്തകളെല്ലാം നമുക്ക് കഠിനമായ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു.

5. രോഗഭയം,  മിഥ്യാരോഗഭയം (Hypochondria) : കോവിഡ് വന്നു മരിച്ചുപോകുമോ അല്ലെങ്കിൽ മറ്റസുഖങ്ങൾ വന്നു മരിച്ചു പോകുമോ, ചികിത്‌സ കിട്ടാതെ മരിച്ചു പോകുമോ തുടങ്ങി എപ്പോഴും ഇതിനെക്കുറിച്ച് മാത്രം ചിന്ത. വയസ്സായവരിലും കുട്ടികളിലും ഈ ചിന്ത കൂടുതലായിരിക്കും. ഈ രോഗം അവരെയാണ് കൂടുതൽ അപകടപ്പെടുത്തുക എന്ന ചിന്ത നാം അവരിൽ പതിച്ചു കഴിഞ്ഞു.

6. വൈകാരിക നിശ്ചലാവസ്ഥ (Mental Break down) : അതി കഠിനമായ മാനസിക സമ്മർദ്ദത്തിൽപ്പെട്ടു ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും സാധിക്കാതെ വരുന്ന ഒരു അവസ്ഥ.

7. അമിതമായ ദേഷ്യം (Aggression) : ദേഷ്യം പ്രകടിപ്പിക്കുന്നതിനോ, കാര്യസാധ്യത്തിനോ, ഭയത്തിനെതിരെയുള്ള പ്രതികരണമെന്ന നിലയിലോ ഒക്കെയായിരിക്കും അമിതമായ ദേഷ്യം ഉണ്ടാകുക. ചെറിയ കുട്ടികളിൽ പോലും ഇത് തീവ്രമായിരിക്കും. കളിപ്പാട്ടങ്ങളും ഗൃഹോപകരണങ്ങളും തകർക്കുക, ശാരീരികമായി ഉപദ്രവിക്കുക, ചീത്ത വാക്കുകൾ ഉപയോഗിക്കുക, തുടങ്ങി പല ലക്ഷണങ്ങളുമുണ്ടാകും. മുതിർന്നവരെയും ഇത് ബാധിക്കും.  ഗാർഹീക അസ്വാരസ്യങ്ങൾക്കും ഉപദ്രവങ്ങൾക്കും ശാരീരിക ഉപദ്രവങ്ങൾക്കു തന്നെയും കാരണമായേക്കാം. മദ്യപാനവും മരുന്നുപയോഗവും ഇതിന്റെ ആക്കം കൂട്ടും.

8. കഠിനമായ ചിന്ത (Over thinking) : വെറുതെയിരിക്കുന്ന മനസ്സ് ദുഷ്‌ട ചിന്തകളുടെ ആവാസ കേന്ദ്രമാണെന്ന് ചൊല്ല് തന്നെയുണ്ടല്ലോ. പ്രത്യേകിച്ചൊന്നും ചെയ്യാനാകാത്ത അവസ്ഥയിൽ കൂടുതലാളുകളും ശരണം പ്രാപിക്കുക ചിന്തകളിലാണല്ലോ. രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമുള്ള ചിന്തകളും പ്രവർത്തനങ്ങളും ഇവരെ OCD എന്ന അസുഖത്തിലേക്കു തള്ളി വിട്ടാലും അതിശയിക്കേണ്ടതില്ല.

9. വ്യത്യസ്ഥമായ മനോനിലകൾ (Mood disorders) : ഏറ്റവും കൂടുതലായി മനോനിലയിൽ വ്യത്യാസങ്ങളുണ്ടാകുക കുട്ടികളിലും വയസ്സായവരിലുമായിരിക്കും. ഇതിൽത്തന്നെ വയസ്സായവരെ വളരെ വലിയ നിലയിൽ തന്നെ ബാധിക്കും. തന്നെയൊന്നിനും കൊള്ളില്ലെന്ന ബോധം അവരിൽ പ്രകടമായേക്കാം, താൻ മറ്റുള്ളവർക്ക് ഒരു ഭാരമായേക്കാം എന്ന വിചാരവും അവരെ അലട്ടിയേക്കാം. വിഷാദ രോഗം, ആത്‌മഹത്യാ പ്രവണത പോലും ഉണ്ടായേക്കാം. മരണ ഭയവും ഇവരിൽ കൂടുതലായിരിക്കും.

10. വിഷാദം (Depression) : പലരും പല കാര്യങ്ങളും തീരുമാനിച്ചിരുന്ന സമയമായിരിക്കുമല്ലോ ഇത്. വിവാഹം, പരീക്ഷകൾ, തുടങ്ങി ജീവിതത്തിൽ പ്രധാനപെട്ടത് പലതും. അതോരോരുത്തരിലും ഉണ്ടാക്കുന്ന  ആഘാതം പലവിധത്തിലായിരിക്കുമല്ലോ. ഇന്ന് സർവത്ര വ്യാപകമായിട്ടുള്ള രോഗങ്ങളിൽ ഒന്നാണല്ലോ വിഷാദം. ഇത്തരം ആഘാതങ്ങൾ വിഷാദ രോഗ വർദ്ധനയ്ക്കും പുതിയ രോഗികൾക്ക് തന്നെയും കാരണമായേക്കാം. ജോലിയിലുള്ള അസ്ഥിരത, സാമ്പത്തിക ഞെരുക്കം, ഗാർഹിക പ്രശ്‌നങ്ങൾ, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം എന്നിവയെല്ലാം വിഷാദത്തിനു കാരണങ്ങളാകുന്നു. കുട്ടികളെയും വയസ്സായവരെയും ഈ രോഗം കൂടുതലായി ബാധിക്കുന്നതിനും ഇടയുണ്ട്.

11. സംരക്ഷണക്കുറവ് (Lack of support) : നമുക്ക് കിട്ടിക്കൊണ്ടിരുന്ന പല പിന്തുണകളും സംരക്ഷണങ്ങളും കുറവാകുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ. രോഗികൾക്ക് യഥാസമയം ചകിത്‌സ തേടുവാൻ പറ്റാതിരിക്കുക, ഒരു രോഗമുണ്ടായാൽ അല്ലെങ്കിൽ ഒരപകടമുണ്ടായാൽ കൂടെ ബന്ധുക്കളുണ്ടാകില്ലെന്ന തോന്നൽ, അവരെ കാണുവാൻ പറ്റില്ലെന്ന തോന്നൽ, ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

12. പരിഭ്രമം/പരിഭ്രാന്തി (Panic attack) : തെറ്റായ വാർത്തകളും വാട്‍സ് ആപ്പ് സന്ദേശങ്ങളും പലരിലും പരിഭ്രമം പരത്തുവാൻ മാത്രമേ ഉതകാറുള്ളൂ. ഇത്തരം വാർത്തകൾ പലപ്പോഴും നമ്മെ പ്രതിരോധത്തിലാഴ്ത്തുന്നു. രോഗപ്രതിരോധ ശക്‌തി പോലും താറുമാറിലാക്കുവാൻ ഇത്തരം സന്ദേശങ്ങൾക്ക് കഴിയും.

13. ആരോഗ്യ പ്രശ്‌നങ്ങൾ (Health problems) : അവശ്യ വസ്‌തുക്കളുടെ ദൗർലബ്യം പലപ്പോഴും പോഷകാഹാരക്കുറവിലേക്കും അനുബന്ധ രോഗങ്ങളിലേക്കും നയിക്കുമ്പോൾ ചിലരെയെല്ലാം അമിത വണ്ണത്തിലേക്കും നയിച്ചേക്കാം. പ്രത്യേകിച്ചും കുട്ടികളിൽ. ഭക്ഷണം സമയം കൊല്ലാനുള്ള ഒരുപാധിയായി കരുതുന്നവരും സമൂഹത്തിലുണ്ടാകും.

14. ലഹരി ദുരുപയോഗം (Substance abuse) : ലഹരി വസ്‌തുക്കളുടെ ദുര്യുപയോഗത്തിനു ഈ കാലം ഒരു കാരണമായേക്കാം. ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിനു അടുത്ത ദിവസം വരെ മദ്യം ലഭ്യമായിരുന്നല്ലോ. ആവശ്യക്കാർ സംഭരിച്ചു വച്ചിട്ടുമുണ്ടാകാം. അവർക്കു ഇവയുടെ ഉപയോഗത്തിന് കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ് ഇവിടത്തെ പ്രശ്‌നം. മറ്റൊരു ജോലിക്കും പോകാതെ മദ്യം, മയക്കു മരുന്ന്, പുകവലി തുടങ്ങിയവയ്ക്കു കൂടുതൽ അവസരമാണ് ഇവർക്ക് ലഭിക്കുന്നത്. അത് പോലെ തന്നെയുള്ള മറ്റൊരു ആസക്‌തി ഇന്റെർനെറ്റിനോടായിരിക്കും. ഗെയിം, സിനിമ, തുടങ്ങിയവ ഇന്റർനെറ്റ് ഉപയോഗിച്ച് കാണുമ്പോൾ കുട്ടികളും മുതിർന്നവരും അതിനോട് ആസക്‌തരാകും എന്നത് മനഃശാസ്‌ത്ര പ്രശ്‌നമെങ്കിൽ ഇതിന്റെ ഫലമായുണ്ടാകുന്ന കാർബൺ ഫുട് പ്രിന്റ്‌സ് ഒരു അന്തരീക്ഷ മലിനീകരണ പ്രശ്‌നവുമായി മാറുന്നു. ഓരോ വർഷവും ഇന്റർനെറ്റ് ഉപയോഗ ഫലമായി 300 മില്യൺ ടൺ കാർബൺ ഫുട് പ്രിന്റ്‌സ് ഉണ്ടാകുന്നു എന്നാണ് കണക്ക്‌. ഇത് ഈ ലോക്ക് ഡൌൺ കാലങ്ങളിൽ എത്രയോ ഇരട്ടിയായി മാറിയേക്കാം.

15. ആത്‌മഹത്യകൾ (Suicides) : ദാരിദ്ര്യം, സാമ്പത്തിക പ്രശ്‌നങ്ങൾ, ജോലിയില്ലായ്‌മ, ലോണുകളെക്കുറിച്ചുള്ളആധി, മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഭയം, രോഗത്തേക്കുറിച്ച് തന്നെയുള്ള ഭയം, വിഷാദം തുടങ്ങിയവ ചിലരെയെങ്കിലും ആത്‌മഹത്യാ ശ്രമങ്ങളിലേക്കോ, ആത്‌മഹത്യയിലേക്കോ നയിച്ചേക്കാം.

ഇതെല്ലം നാം നേരിടേണ്ടതായി വരുന്ന പ്രശ്‌നങ്ങളിൽ ചിലതു മാത്രമാണ്. എന്റെ ചിന്തയിൽ നിന്നും വിട്ടുപോയിട്ടുള്ള മറ്റു ചില പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതെല്ലാം എങ്ങനെ ഒഴിവാക്കാം എന്നുള്ള ചില നിർദ്ദേശങ്ങൾ കൂടി ചേർക്കുവാൻ ആഗ്രഹിക്കുന്നു.

1. അനുവദിക്കുന്ന സമയങ്ങളിൽ അത്യാവശ്യം ഭക്ഷണ സാധനങ്ങളും മരുന്നുകളും കരുതി വയ്ക്കുക.

2. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പു വരുത്തുക.

3. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാൻ കഴിയുന്നവർ അത് ചെയ്യുക. ഇല്ലാത്തവരെ സഹായിക്കുവാനും ശ്രമിക്കുക.

4. തത്‌സമയം ഉള്ള കുടുംബാംഗങ്ങളുമായി കൂടുതൽ സംസാരത്തിനാവസരമൊരുക്കുക. മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമായി ഇടയ്ക്കിടെ ഫോൺ വഴി ബന്ധം പുലർത്തുക.

5. കുട്ടികളോടൊത്തുള്ള കളികൾക്ക് സമയം കണ്ടെത്തുക. ചെസ്സ്, ക്യാരംസ്, മറ്റു ബോർഡ് കളികൾ പ്രോത്‌സാഹിപ്പിക്കുക. സ്ഥല സൗകര്യങ്ങൾക്കനുസരിച്ച് കളികളിൽ മാറ്റം വരുത്താം. ശാരീരിക വ്യായാമം കിട്ടുന്ന കളികളെ പ്രോത്‌സാഹിപ്പിക്കുക.

6. വീട്ടിലുള്ള വയസ്സായവരോട് കൂടുതൽ സംസാരിക്കുക, ആശ്വസിപ്പിക്കുക, കൂടെയുണ്ടെന്ന തോന്നൽ നൽകുക.

7. വായനയ്ക്ക് വേണ്ടി കൂടുതൽ സമയം കണ്ടെത്തുക. കുടുംബാംഗങ്ങളെയും അതിനു പ്രോത്‌സാഹിപ്പിക്കുക.

8. പൂന്തോട്ടം, കൃഷി മുതലായ കാര്യങ്ങളിൽ വ്യാപൃതരാകുക. കലാകാരന്മാർക്ക് അവരുടെ പ്രവർത്തനങ്ങളിലും മുഴുകാവുന്നതാണ്. നിർമ്മാണാത്‌മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

9. റ്റി.വി, ഫോൺ ഇന്റർനെറ്റ് തുടങ്ങിയവ സമയ ബന്ധിതമാക്കുക. കുട്ടികളേയും മറ്റു പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരിക.

10. മദ്യപാനം, പുകവലി എന്നിവ ഏറ്റവും കുറയ്ക്കുക, അല്ലെങ്കിൽ ഉപേക്ഷിക്കുക. പകൽ സമയങ്ങളിൽ മദ്യം ഉപയോഗിക്കാതിരിക്കുക.

11. വീടും പരിസരവും വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കുക. ഇതിൽ കുടുംബാങ്ങങ്ങളെയെല്ലാം, കുട്ടികളെയടക്കം, പങ്കാളികളാക്കുക.

12. ഭയം എന്ന വികാരത്തെ ഇല്ലാതാക്കുക, മറ്റുള്ളവരിലേക്കും ഇത് പകരുക. കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, ഓർക്കുക. പരിഭ്രമമല്ല, പങ്കാളിത്തമാണ് ഏറ്റവും നല്ല പ്രതിവിധി.

ഡോ. സുനീത് മാത്യു
(ഇന്റർനാഷണൽ അഫിലിയേറ്റ് ഓഫ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ)

2 Comments
  1. RADHAKRISHNAN 2 years ago

    Super

  2. Deepak 2 years ago

    Very very informative… really good content in the time of many useless content… keep up the good work

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account