ചൈനയിലെ ഒരു പട്ടണത്തിൽ കൊറോണ വൈറസ് ബാധയാൽ ആളുകൾ മരണപ്പെടുന്നു, ആ പട്ടണം അടച്ചു എന്നൊക്കെയുള്ള വാർത്തകൾ വായിച്ചപ്പോൾ  ഒരു പട്ടണം എങ്ങനെയാണ് അടച്ചിടുന്നത് എന്ന് മകൾ അന്ന് എന്നോട് ചോദിച്ചു. നീ പോയി അപ്പയോട് ചോദിക്കെന്നു പറഞ്ഞ് അവളെ പറഞ്ഞു വിട്ടെങ്കിലും ഞാനും ആലോചിച്ചു, ശരിയാണല്ലോ, ഒരു പട്ടണം എങ്ങിനെയാണ് പൂർണമായും അടയ്ക്കുന്നത്?

ഞാൻ പണ്ടേ പരിചയമുള്ള കൊറോണ വൈറസിനെക്കുറിച്ച് ഓർക്കുകയായിരുന്നു. കൊറോണ കൊടുംക്രൂരനായ ഒരു വൈറസ് ആണെന്ന് എനിക്കറിയാം. നഴ്‌സ്‌ എന്ന നിലയ്ക്ക് ഉള്ള മുൻകാല അനുഭവങ്ങളായിരുന്നു അതിനു കാരണം. ഗൾഫ് രാജ്യങ്ങളിൽ MERS എന്ന രോഗം പടർന്നു പിടിച്ചപ്പോൾ ബഹിരാകാശയാത്രികരെപ്പോലെ   തല മുതൽ കാൽപാദം വരെ മൂടി നിന്ന് 12 മണിക്കൂറിലധികം ഒരേ ഷിഫ്റ്റിൽ രോഗികളെ ശുശ്രൂഷിച്ചിട്ടുണ്ട്. അന്നും ഈ കൊറോണവൈറസ് തന്നെയായിരുന്നല്ലോ വില്ലൻ. പക്ഷേ, അന്ന് കൊറോണയ്ക്ക് കുറച്ചൂടെയൊക്കെ എളിമയും, മര്യാദയും, വിനയവും ഉണ്ടായിരുന്നു. ഇപ്പോൾ ജനിതകമാറ്റമൊക്കെ വന്ന് മെയ്ക്ക് ഓവർ ചെയ്‌ത്‌ വലിയ പുള്ളിയായിപ്പോയി.

കൊറോണയുടെ  കേരളത്തിലേയ്ക്കുള്ള  വരവിനെ പേടിയോടെ തന്നെയാണ് കണ്ടത്. എന്തായാലും വീട്ടുകാർക്കൊക്കെ സുലഭമായി ബോധവൽക്കരണ ക്ലാസ്സുകൾ കൊടുത്തു. സോപ്പും വെള്ളവും ഉപയോഗിച്ചുള്ള  കൈകഴുകൽ  പ്രക്രിയ പഠിപ്പിച്ചെടുത്തു. ഫോണിലൂടെ വിളിച്ചും ബോധവൽക്കരണ ക്ലാസുകൾ  നടത്തി കുടുംബക്കാരെ മുഴുവൻ ഒരു  വഴിക്കാക്കി. ക്ലാസ്സെടുക്കുന്നത് കേട്ടുകേട്ട്  3 വയസ്സുകാരി മകൾ എന്തെങ്കിലും ശബ്‌ദം കേട്ടാൽ ‘ദേ കൊറോണ വരുന്നേ,  ഓടിക്കോ’ എന്നു പറയാൻ തുടങ്ങി…

കൊറോണ അതിനിഷ്‌ടമുള്ള വഴിയിലൂടെയൊക്കെ  ഒരു താന്തോന്നിയെപ്പോലെ സഞ്ചരിച്ചു തുടങ്ങിയപ്പോൾ ലോകം മുഴുവൻ മനുഷ്യർ അടച്ചു പൂട്ടപ്പെട്ടു. സ്വയമൊരു അടച്ചുപൂട്ടലിന് തയ്യാറാകാത്തവർ എന്നെന്നേക്കുമായുള്ള അടച്ചു പൂട്ടലിന് വഴി തുറന്നു. വ്യക്‌തിപരമായി പറയുകയാണെങ്കിൽ കൊറോണക്കാലത്തെ അടച്ചുപൂട്ടലിന്റെ ആദ്യ ദിനങ്ങൾ ഒരു വീട്ടമ്മ എന്ന നിലയിൽ എനിക്ക് വളരെ ശുഭകരമായിരുന്നു. അതിരാവിലെ ഉണർന്നുള്ള അടുക്കളജാലികൾ, കുട്ടികൾക്ക് സ്‌കൂളിലും, ഭർത്താവിന് ജോലിക്കും പോകണം, ഇളയകുട്ടിയെ നഴ്‌സറിയിൽ കൊണ്ടുപോയി വിടണം, തിരിച്ചു കൊണ്ടുവരണം, ഭക്ഷണം കഴിപ്പിക്കണം അങ്ങനെയങ്ങനെ ഒന്നിനും സമയം തികയാത്ത ദിവസങ്ങളിൽ നിന്നൊക്കെയൊരു മോചനം.

വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ച് പരീക്ഷക്കാലങ്ങളിൽ മകനെ പഠിപ്പിക്കൽ എന്ന കലാപരിപാടി ഉണ്ട്. മഹാഭാരതയുദ്ധം ഇതിലും  സമാധാനപരമാണ്. സ്‌കൂളുകൾ ആണല്ലോ ആദ്യം അടച്ചത്, പരീക്ഷകളും ഇല്ല. ഞാനും മക്കളും ഹാപ്പി. ഭർത്താവിനെയും പറഞ്ഞു പേടിപ്പിച്ച് വീട്ടിലിരുത്താൻ ശ്രമിച്ചെങ്കിലും ആ മാന്യദ്ദേഹം ഭീഷണിക്കു മുൻപിൽ വഴങ്ങിയില്ല.

പിന്നീട്  സമ്പൂർണ്ണ അടച്ചുപൂട്ടൽ. അതോടെ സകുടുംബം അകത്ത്. എല്ലാവരും വീട്ടിലുള്ളത് സന്തോഷമാണെങ്കിലും ആ സന്തോഷം വൈകാതെ (എനിക്കു മാത്രം) സങ്കടത്തിനും പിറുപിറുക്കലിനും വഴിമാറി. എന്നും ജോലിക്ക് പോയിരുന്ന ഭർത്താവിന് വിശ്രമം, വിദ്യാർത്ഥികളായ മക്കൾക്കും വിശ്രമം. എനിക്ക് പിന്നെ കുറെ നാളായി പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ… ഇങ്ങനെ വെറുതെ  വീട്ടിലിരിക്കുകയല്ലേ, അപ്പോൾ പിന്നെ വിശ്രമം എന്ന വാക്കിന് പ്രസക്‌തിയുമില്ലല്ലോ!

വീട്ടിനകത്തെയും പുറത്തെയും ജോലികൾ ചെയ്യാൻ ബാലരമയിലെ മായാവിയുടെ അദ്ഭുത മന്ത്രമായ  ഓംഹ്രീം എന്നു പറഞ്ഞാൽ മതിയെന്നാണ്  ഇവരുടെ ഒക്കെ വിചാരം. ഇനി എങ്ങാനും അത് ഫലിക്കാതെ വന്നാൽ അലാവുദ്ദീന്റെ അദ്ഭുതവിളക്കും ഉണ്ട്, ഒന്ന് തടവുകയേ വേണ്ടൂ എന്തിനും തയ്യാറായ ഭൂതം പഞ്ചപുഛമടക്കി മുന്നിൽ. ഭക്ഷണ കാര്യമാണെങ്കിൽ പറയണ്ട, ദ്രൗപദിയുടെ അക്ഷയപാത്രം ഉള്ളതുകൊണ്ട് എല്ലാവർക്കും വയറു നിറയെ ഉണ്ണാം. ഇങ്ങനെയൊക്കെ ഞാൻ പിറുപിറുത്തു കൊണ്ടിരുന്നു.

വളരെ കഷ്‌ടപ്പെട്ട് പുസ്‌തകങ്ങൾ വായിച്ചും, ഗൂഗിളിന്റെ സഹായത്തോടെയും പഠിച്ചെടുത്ത കുറച്ച്  യോഗാഭ്യാസങ്ങൾ ചെയ്‌ത്‌  മനസ്സിനെയും, ശരീരത്തെയുമൊക്കെ ഒന്നു നിയന്ത്രിച്ചു നിർത്തിയേക്കാം എന്നു വിചാരിച്ചു യോഗ ചെയ്യാനിരുന്നാൽ മൂന്നുവയസ്സ്കാരി കുറുമ്പി മടിയിൽ കയറിയിരിക്കും, കിടന്നു ചെയ്‌താൽ മേലേ കയറി കിടക്കുന്ന അവളെയും കൊണ്ട് യോഗയ്ക്കു പകരം ഭാരോദ്വാഹനം ചെയ്യേണ്ട അവസ്ഥയാകും. അങ്ങനെ രാവിലെ തന്നെ എൻ്റെ ആത്‌മനിയന്ത്രണം പോയിത്തുടങ്ങി.

കുട്ടികളെ ടെലിവിഷൻ കാണാനും, മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ ഫോൺ ഉപയോഗിക്കാനുമൊക്കെ അനുവദിക്കണമെന്നൊക്കെ വിദഗ്ദ്ധർ പറയാറുള്ളതല്ലേ, പിന്നെന്താ കുഴപ്പം എന്ന ചോദ്യവുമായി മക്കൾ. അല്ലെങ്കിലും ഈ കൊടും വെയിലിൽ പുറത്തേയ്ക്ക് എങ്ങനെ കളിക്കാൻ വിടും? എന്നിട്ട് വേണം ബാലാവകാശ കമ്മീഷൻ കേസെടുക്കാൻ. അല്ലെങ്കിൽ തന്നെ ഹെൽപ് ലൈൻ നമ്പർ ഒന്നും വിളിക്കാൻ ഞങ്ങൾക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല എന്ന ഭീഷണി ഇടയ്ക്കിടയ്ക്ക് കേൾക്കുന്നുണ്ട്.

അങ്ങനെ വിദഗ്‌ധമായും കുലീനമായും പ്രവർത്തിക്കുന്ന ഒരു മാതൃകാ മാതാവായേക്കാം എന്ന് കരുതി ഫോൺ നോക്കുമ്പോൾ അതാ മഹാകവി പാടിയപോൽ ‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പുതു വിഭവങ്ങൾ തൻ ഘോഷയാത്ര’. പിന്നത്തെ പൂരം പറയണ്ട. കുട്ടികൾക്ക് നാല് നേരവും പുതിയതായി എന്തെങ്കിലും വേണം. സ്‌കൂളിൽ പൊയ്‌ക്കൊണ്ടിരുന്നപ്പോൾ പ്രഭാത ഭക്ഷണം തന്നെ വൈകുന്നേരവും പറ്റിയാൽ രാത്രിയുമൊക്കെ കൊടുത്ത് ഞാൻ രക്ഷപ്പെട്ടിരുന്നു. ഇപ്പോൾ അതൊന്നും ഏൽക്കുന്നില്ല. ഞാനാണെങ്കിൽ അടുക്കളയിൽ നിന്ന് എങ്ങനെ എത്രയും പെട്ടെന്ന് പുറത്തു കടക്കാം എന്ന ഗവേഷണത്തിലും. വീട്ടുകാർ ചക്കക്കുരുമാങ്ങ കറിക്കു പകരം ചിക്കൻ 65 പ്രതീക്ഷിച്ചാൽ ഞാനെന്തു ചെയ്യും?

അടച്ചുപൂട്ടൽ മൂലം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, മരിച്ചു കഴിഞ്ഞാൽ ആരുടെയും ശവശരീരം പോലും കാണാനാവില്ല ഇങ്ങനെയൊക്കെ പറഞ്ഞ് 4 നേരവും പേടിപ്പിച്ചാലും പിറ്റേന്നാവുമ്പോൾ ശങ്കരൻ തെങ്ങിൽ തന്നെ. എല്ലാ സാധനങ്ങളും നോക്കിയും കണ്ടും ഉപയോഗിച്ചേക്കണം എന്ന മുന്നറിയപ്പോടെയാണ് ഭർത്താവ് അടുക്കളയിലേയ്ക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഞാനത് ശിരസ്സാ വഹിച്ചു.

അത് വളരെ തന്ത്രപരമായ ഒരു നീക്കമായിരുന്നു. നോക്കിയും കണ്ടും ഉപയോഗിക്കുന്നതിന്റെ പേരിൽ മെനു എന്റെ നിയന്ത്രണത്തിൽ മാത്രം കൊണ്ടുവരാനായി. അതോടെ ഇവിടെ മാത്രം ഒന്നുമില്ല, അമ്മ ഒന്നും ഉണ്ടാക്കുന്നില്ല, തുടങ്ങിയ പരാതികൾ ഉയരാൻ തുടങ്ങി. നേരിട്ട് പറയുന്നതു പോരാഞ്ഞിട്ട് ഫോണിലൂടെയും പരാതികൾ പല കേന്ദ്രങ്ങളിലേയ്ക്കും പോയി. എരിതീയിലേയ്ക്ക് എണ്ണ എന്നപോലെ മമ്മി വിളിച്ചിട്ട് ‘‘എടീ, നീ അവിടെ ഒന്നും ഉണ്ടാക്കുന്നില്ലേ, പിള്ളേർക്ക് അതുണ്ടാക്കി കൊടുക്ക്, ഇതുണ്ടാക്കി കൊടുക്ക്, അല്ലെങ്കിൽ അതുങ്ങളെ ഇവിടെ കൊണ്ട് വന്ന് നിർത്ത്, പോലീസ് പിടിച്ചാൽ ഞാൻ പറഞ്ഞോളാം….” ഇത്യാദി ഉപദേശങ്ങൾ. പാവങ്ങൾ ഇവിടെ ഞാൻ കാരണം പട്ടിണിയിലാണല്ലോ. എന്താണെന്നറിയില്ല ‘‘അമ്മ ഒന്നും ഉണ്ടാക്കുന്നില്ല” എന്ന് കേൾക്കുമ്പോൾ ഞാൻ രൗദ്ര രൂപിണിയായ ഭദ്രകാളിയായിപ്പോകും. ‘‘ ഈ അമ്മയ്ക്ക് ഫോൺ നോക്കുന്നതിന് സമയമുണ്ടല്ലോ, വേറെന്തെങ്കിലും പറഞ്ഞാൽ അതിനു സമയമില്ല” എന്ന പരാതിയും ഉയർന്നു. ചില സമയങ്ങളിൽ എന്റെ ഫോണെവിടാണെന്നു പോലും മറന്നു പോകുന്ന ഞാൻ ഈ വക ഡയലോഗുകൾ കേൾക്കുമ്പോൾ ഉണ്ടല്ലോ…  സുഹൃത്തുക്കളുമായി വളരെ കുറഞ്ഞ സമയം മാത്രമാണ്  വാട്ട്സ്ആപ്പിലൂടെ സംസാരിക്കുന്നത്, ഈ കൊറോണക്കാലത്ത് അതും ഒരു കുറ്റകൃത്യമാണ്. അതും പോരാഞ്ഞ് മറ്റുള്ളവർ വെറുതെ ഇരിക്കുന്നതു കാണുമ്പോഴുള്ള കുശുമ്പും, നഷ്‌ടബോധവും എല്ലാം കൂടി ജീവിതം അതിദയനീയവും, ദുസ്സഹവുമായി. എങ്ങും ഒരു സന്തോഷവും, സമാധാനവും ഇല്ലെന്ന് എനിക്കു തോന്നിതുടങ്ങി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ പിന്നെയും മാറിമറിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ,ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ പങ്കു വയ്ക്കുന്ന വിവരങ്ങൾ കോവിഡ് 19 എന്ന മഹാമാരിയുടെ ആഴവും, വ്യാപ്‌തയും വ്യക്‌തമായി മനസ്സിലാക്കി തന്നു. അവരുടെ ജീവിതം, കുഞ്ഞുങ്ങളെപ്പോലും കണ്ടിട്ട് ആഴ്‌ചകളായെന്ന വിതുമ്പൽ, ഇതെല്ലാം തന്നെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഭുമിയിലെ മാലാഖമാർ എന്നൊക്കെ വാഴ്ത്തപ്പെടുമ്പോഴും ആ മാലാഖമാരുടെ മനസ്സ് കണ്ടവരുണ്ടോ? രാവിലെ, അല്ലെങ്കിൽ വൈകിട്ട് ജോലിക്കിറങ്ങിയാൽ, തിരിച്ച് വീട്ടിലേയ്ക്ക് വരാനാകുമോ അതോ വെൻറിലേറ്ററിൽ കിടക്കേണ്ടി വരുമോ? (കാരണം മിക്ക രാജ്യങ്ങളിലും പനിയില്ലെങ്കിൽ ലാബ് ടെസ്റ്റ് ചെയ്യില്ല, തളർന്നു വീഴുമ്പോഴാകും വിവരം അറിയുക).

ഈ സാഹചര്യത്തിൽ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന അവരിലൊരാൾ പോലും പക്ഷേ ആ ജോലിയെ കുറ്റപ്പെടുത്തിക്കേട്ടില്ല. ലോകത്തെവിടെയായാലും ഡ്യൂട്ടിക്കെത്തി ആ യൂണിഫോമിലായാൽ പിന്നെ ഓരോ നഴ്‌സും വേറൊരാളായി മാറുകയാണ്. അവിടെ പിന്നെ സ്വന്തം കുടുംബം, കുഞ്ഞുങ്ങൾ ഒന്നുമില്ല. ആരെ ശുശ്രൂഷിക്കുന്നുവോ അതാണ് കുടുംബം. ലോകത്തോട് വിളിച്ചു പറയാനാവാത്ത പലതും ഉള്ളിലൊതുക്കി, ചങ്ക് തകർന്ന് തരിപ്പണമായാലും കണ്ണ് നിറഞ്ഞു പോകാതെ, തളർന്നുവീഴാതെ, മനുഷ്യന്റെ നിസ്സഹായതയുടെയും, ദയനീതയുടെയും അങ്ങേയറ്റം വരെ കൂടെ നിൽക്കുന്ന ആതുരശുശ്രൂഷകരിൽ ഒരാളായിരുന്നല്ലോ ഞാനും എന്നോർത്ത് ആത്‌മനിർവ്വതിയടഞ്ഞു. ഇപ്പോൾ ജോലി ചെയ്യുന്നില്ലെങ്കിൽ പോലും ലോകാരാഗ്യദിനം WHO നഴ്‌സുമാർക്കായി സമർപ്പിച്ചതും, സമർപ്പണവാചകവും ഒക്കെ എല്ലാവർക്കും പങ്കുവച്ച് ആശ്വസിപ്പിച്ചു.

ഭൂതകാലമൊക്കെ അയവിറക്കി ഇരിക്കവെ  പെട്ടെന്നാണ് ഒരു ബോധോദയം ഉണ്ടായത്. ‘എന്റുപ്പൂപ്പായ്‌ക്കൊരാനേണ്ടാർന്ന് ‘ എന്നും പറഞ്ഞിരുന്നാൽ മതിയോ? പ്രയോജനപ്രദമായതും, എനിക്കും, കുടുംബത്തിനും ഒരു പോലെ സന്തോഷം പ്രദാനം ചെയ്യുന്നതുമായ എന്തെങ്കിലുമൊക്കെ ഇപ്പോൾ ഞാൻ ചെയ്യേണ്ടേ? എന്റെ സന്തോഷ സങ്കടങ്ങൾക്കുത്തരവാദി ഞാൻ തന്നെയല്ലേ? നാട്ടിൽ നിന്നകന്ന് കഴിഞ്ഞിരുന്ന കാലങ്ങളിൽ എന്നും കണ്ടിരുന്ന ദിവാസ്വപ്‌നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നെങ്കിലും നാട്ടിൽ താമസിച്ചു തുടങ്ങിയാൽ ഉള്ള സ്ഥലത്ത് കൃഷി ചെയ്യുക എന്നുള്ളതായിരുന്നു. പശു, കോഴി, മുയൽ, കാട ഇവരെയെല്ലാം വളർത്തണം, പറ്റുമെങ്കിൽ ഒരു ചെറിയ മീൻ കുളവും ഉണ്ടാക്കണം… എന്നൊക്കെ ഓർത്തിട്ടുണ്ട്. മണ്ണിന്റെ മണവും, പച്ചപ്പും നിറഞ്ഞ ഓർമ്മകളാൽ സമ്പുഷ്‌ടമായ ബാല്യകൗമാരങ്ങളായിരുന്നു അങ്ങനെയൊരു ചിന്തയ്ക്കാധാരം.

നാട്ടിൽ തന്നെ  ജീവിച്ചു  തുടങ്ങിയപ്പോൾ മനസ്സിലായി, ഇതൊന്നും സ്വപ്‌നം കാണുന്നതുപോലെ അത്ര രസമുള്ള കാര്യങ്ങളല്ല. മേലനങ്ങി പണി ചെയ്യാതെ, നൂറു ശതമാനം ആത്‌മാർത്ഥതയോടെ കഷ്‌ടപ്പെടാതെ  ഒന്നും നടക്കില്ല. സഹായത്തിനൊന്നും ആരുമുണ്ടാകില്ല. എല്ലാം സ്വയം ചെയ്യേണ്ടി വരും. അതു കൊണ്ട് കാലിത്തൊഴുത്തും, മീൻ കുളവും, കൃഷിയുമൊക്കെ മനോഹരമായ നടക്കാത്ത സ്വപ്‌നമായി.

പെട്ടെന്നുണ്ടായ ആവേശത്തിൽ മമ്മി, ഭർത്താവ്, മക്കൾ, അങ്ങനെ എല്ലാവരുമായി കൂടിയാലോചിച്ച് ഒരു കർമ്മപദ്ധതി തയ്യാറാക്കി. എല്ലാവരും അവരവർക്കിഷ്‌ടമുള്ള എന്തെങ്കിലും ഒരു കാര്യം ഉറപ്പായും ചെയ്യണമെന്ന് തീരുമാനിച്ചു. പക്ഷേ, എന്റെ സ്വഭാവം നന്നായറിയുന്ന ഭർത്താവ് പറഞ്ഞു, ‘ ഒന്നും വിചാരിക്കരുത്, അതിമനോഹരമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് എന്തെങ്കിലും പുരസ്ക്കാരം ഉണ്ടെങ്കിൽ അത് കിട്ടേണ്ട ആദ്യത്തെ ആൾ നീയാണ്. ആവിഷ്ക്കരിച്ച പദ്ധതിക്ക് അനുവാദം  ലഭിച്ചിട്ടും നടപ്പിലാക്കാത്തതിന് പുരസ്ക്കാരം ഉണ്ടെങ്കിൽ  നീ തന്നെ അതും മേടിക്കും.”

ഞാൻ പറഞ്ഞു ‘‘ഇത് അതുപോലെ ഒന്നുമല്ല, നമ്മൾ എല്ലാവരും കൂടിയല്ലേ ചെയ്യുന്നത്. അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മോട്ടിവേറ്റ്  ചെയ്യാമല്ലോ”. പിറ്റേന്ന് മുതൽ അതിരാവിലെ ഉണർന്ന് ഞാൻ യോഗ ചെയ്യാൻ തുടങ്ങി. മറ്റുള്ളവർ നടക്കാൻ പോയി. പാചകത്തിൽ പുതുപരീക്ഷണങ്ങൾക്കായ് വീട്ടിലും പരിസരത്തും ലഭ്യമായ സാധനങ്ങൾ തേടിയിറങ്ങി. ചക്കയുടെ അനന്ത സാധ്യതകൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പ്രാവർത്തികമാക്കിയിരുന്നില്ല. ചക്ക മടൽ, കൂഞ്ഞിൽ, ചകിണി ഇവയൊക്കെ അതീവ രുചികരമായി തീൻമേശയിലെത്തി. പറമ്പിലും, മുറ്റത്തുമുള്ള സകല ഇലകളും, ചേമ്പ്, ചേന, കാച്ചിൽ, ഇലുമ്പൻ പുളി, പപ്പായ അങ്ങനെ സകലതും അടുക്കളയിലൂടെ കയറി നേരെ ആമാശയത്തിലെത്തി. ഇതൊക്കെ മക്കളെ കഴിപ്പിക്കാനായി ലഡ്ഡു, കേക്ക്, ജൂസുകൾ എല്ലാം ഉണ്ടാക്കി. സ്വന്തമായി കണ്ടു പിടിച്ച വിഭവങ്ങൾ വേറെയും.

പറമ്പിൽ അവിടെയും ഇവിടെയുമൊക്കെയായി കുറച്ച് പച്ചക്കറികൾ ശോഷിച്ച് നിന്നിരുന്നു. പുഴുവിനെ പിടിച്ചു കൊല്ലാനും, വെളുത്തുള്ളി കഷായം തളിക്കാനുമൊക്കെ ആർക്കാണ് സമയം? ഇല്ലാതിരുന്ന സമയമൊക്കെ എവിടെ നിന്നോ ഉണ്ടായി. നിത്യവഴുതന ഉണങ്ങിപ്പോയിരുന്നു. അതിന്റെ തൈ അന്വേഷിച്ച് പറമ്പിലുടനീളം നടന്നു. കണ്ടുകിട്ടിയപാടേ വളരെ കാര്യമായി തടമെടുത്ത് നട്ടു പിടിപ്പിച്ചു. അന്യസംസ്ഥാന പച്ചക്കറികളെ പടിക്കു പുറത്തു നിർത്താനുള്ള ആദ്യ ചുവട്. സത്യം പറഞ്ഞാൽ നിത്യവഴുതനയോട് പരമപുച്ഛമായിരുന്നു. അതെല്ലാം മാറി ഇപ്പോൾ എങ്ങനെയെങ്കിലും അതിന്മേൽ കുറച്ച് കായുണ്ടായാൽ മതിയെന്നേ ഉള്ളൂ.

വീട്ടിലെല്ലാവരും എന്നെ ഞെട്ടിച്ചു കളഞ്ഞു. ഭർത്താവ് അടുക്കളമുറ്റത്തോട് ചേർന്ന കുഞ്ഞു സ്ഥലം കിളച്ച് ശരിയാക്കി. കുട്ടികൾ ഉത്‌സാഹത്തോടെ ഓടി നടന്ന് വിത്തുകൾ നട്ടു. വിത്തു മുളച്ചു കഴിഞ്ഞപ്പോൾ ഇതെന്റേത്, എന്റേത് എന്നു പറഞ്ഞ് അവയെല്ലാം പരിപാലിച്ചു. ചാക്കുകളിൽ മണ്ണും, വളവും നിറച്ച് തൈകൾ മാറ്റി നട്ടു. നൊടിയിടയിൽ ഒന്നാന്തരം അടുക്കളത്തോട്ടം കൺമുന്നിൽ. ഉണ്ടായിരുന്ന പച്ചക്കറിച്ചെടികൾ, മുളകുചെടികൾ ഇതെല്ലാം പരിചരിച്ച് ആരോഗ്യമുള്ളവയാക്കിയെടുത്തു. തെങ്ങിന്റെയും ഫലവൃക്ഷങ്ങളുടെയും ചുവടെല്ലാം കിളച്ച് തടമെടുത്തു. മഴയ്ക്കു ശേഷം വളമിട്ട് പുതയിട്ടു. ഭൂകാണ്ഡങ്ങളായ നടീൽ വസ്‌തുക്കളൊക്കെ ഉള്ള സ്ഥലത്തൊക്കെ നട്ടു. ഉള്ളതു പറഞ്ഞാൽ വർഷങ്ങളായി ഞാൻ ഏറ്റവും അധികം ആഗ്രഹിച്ച കുറച്ചു കാര്യങ്ങളാണ്.  മുൻ വർഷങ്ങളിലും പലതും നട്ടിട്ടുണ്ട്. പക്ഷേ ഇതുപോലെയല്ലായിരുന്നു എന്നു മാത്രം.

വീട്ടുമുറ്റത്ത് പൂന്തോട്ടം എന്നെങ്കിലും ഉണ്ടാക്കണം എന്നു വിചാരിച്ച് ഒരു പദ്ധതിയൊക്കെ തയ്യാറാക്കി വച്ചിരുന്നു. മനസ്സിൽ എന്താണോ ഉദ്ദേശിച്ചത് അതുപോലെ തന്നെ പ്രാവർത്തികമാക്കാൻ ഭർത്താവ് കട്ടയ്ക്ക് കൂടെ നിന്നു.  ഇടയ്ക്ക് മടിയും, ക്ഷീണവുമൊക്കെ വന്ന് പ്രലോഭിപ്പിച്ചുവെങ്കിലും നടപ്പിലാക്കാത്ത പദ്ധതിക്കുള്ള പുരസ്ക്കാരം വാങ്ങാൻ തീരെ താൽപ്പര്യമില്ലാതിരുന്നതുകൊണ്ടും, എല്ലാവരെയും ഒന്നിച്ച് ഒരു തിരക്കുമില്ലാതെ ആദ്യമായി കിട്ടിയതുകൊണ്ടും ഞാൻ ആഞ്ഞുപിടിച്ചു.

വെറും രണ്ടേ രണ്ട് ദിവസം കൊണ്ട് വീടു മുഴുവനും വൃത്തിയാക്കിയെടുത്തു. വീടിനകവും, ബാൽക്കണിയുമൊക്കെ ഒരു ഇന്റീരിയർ ഡിസൈനറുടെ ചാതുരിയോടെ ചായം പൂശിയ കുപ്പികളും, ചെടികളും കൊണ്ട് മനോഹരമാക്കി. സ്‌ഫടിക ഭരണികളിലെ ഗപ്പി കുഞ്ഞുങ്ങൾക്ക് തീറ്റി കൊടുക്കുവാൻ മത്‌സരമായി. വെറുതെയിരുന്നു സംസാരിക്കാനും, കുട്ടികളുടെ കൂടെ എന്തെങ്കിലുമൊക്കെ കളിക്കാനും സമയം കണ്ടെത്തി.

‘സമയമില്ല’, ‘സമയം പോകുന്നു’, ‘പെട്ടെന്നാകട്ടെ’, ‘എന്താണിത്ര താമസം’ ഇത്യാദി സംഭാഷണ ശകലങ്ങളോട് നാവ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കളഞ്ഞു.

ഇതിനെല്ലാമുപരിയായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും, പ്രാർത്ഥിക്കാനും സാധിക്കുന്നു. പ്രാർത്ഥനകൾക്ക് ആത്‌മാർത്ഥത കൂടിയിരിക്കുന്നു. ഏക മനസ്സോടെ ഒന്നിച്ചിരുന്നുള്ള പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശക്‌തിക്കും, സമാധാനത്തിനും പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ലല്ലോ.

ഞങ്ങൾക്കും, വീടിനും, പരിസരത്തിനും വന്ന മാറ്റങ്ങൾ എന്നെ അദ്ഭുതപ്പെടുത്തുന്നുണ്ട്. നിന്ന നിൽപ്പിൽ സിനിമയിലൊക്കെ കാണുന്നതുപോലെ അടിമുടി മാറ്റമല്ല കേട്ടോ. കൊച്ചു കൊച്ചു മാറ്റങ്ങൾ ചേർന്ന് ചേർന്ന് ഇമ്മിണി വലിയൊരു മാറ്റം. വേറെയാർക്കും അത് മനസ്സിലാകണമെന്നുമില്ല. പക്ഷേ ഈ കൊറോണക്കാലത്തും എന്റെ കുടുംബത്തിന് വലിയ സന്തോഷത്തിനു കാരണമായ മാറ്റം. മായാവിയുടെ മന്ത്രവും, അദ്ഭുതവിളക്കും, അക്ഷയപാത്രവും ഒന്നുമില്ലാതെ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകുന്നു.

പ്രകൃതിയും അതിലെ മറ്റ് ജീവജാലങ്ങളും പോലും വളരെ ആശ്വാസത്തിലാണെന്നു തോന്നുന്നു. ഊർദ്ധശ്വാസം വലിച്ചുകൊണ്ടിരുന്ന ഭൂമി ആശ്വാസനിശ്വാസമുതിർക്കുന്നുണ്ടാവണം. മലകളും, പുഴകളും കുരവയിടുന്നുണ്ടാവാം, കുഞ്ഞിക്കിളികളെ കൂട്ടിൽ തനിച്ചാക്കി ഇണക്കിളികൾ ധൈര്യപൂർവ്വം ഇരതേടാൻ പോകുന്നുണ്ടാവാം. വാഹനങ്ങളുടെ ശബ്‌ദകോലാഹലത്തിനു പകരം കിളികളുടെ കളകൂജനങ്ങൾ കേട്ടുണരാൻ പറ്റുന്ന ശാന്തമായ പ്രഭാതങ്ങൾ. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയതും, സ്‌ത്രീകളുടെ നേർക്ക് ആസിഡൊഴിച്ചതും, പീഡിപ്പിച്ചതുമായ വാർത്തകളില്ലാത്ത പത്രങ്ങൾ….

ഈ കൊറോണക്കാലം എത്ര നാൾ എന്നറിയില്ല. ചിന്തിച്ചാൽ അനന്തമായി നീളുന്ന ചോദ്യചിഹ്ന്ങ്ങൾ മാത്രമേയുള്ളൂ. സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം, കുട്ടികളുടെ ഭാവി…. ലോകമാസകലം ലക്ഷക്കണക്കിനാൾക്കാർ ദുരിതത്തിന്റെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്നു. നാളെ ഒരു പക്ഷേ ഞാനും ചുറ്റുമുള്ളവരും അതിൽ വീണുപോയേക്കാം. തൽക്കാലം ഈ വക ചിന്തകൾക്കെല്ലാം ലോക് ഡൗൺ ആണ്. ഇപ്പോൾ ധൈര്യമാണ്, എന്തുവന്നാലും നേരിടാമെന്ന, ആത്‌മവിശ്വാസത്തിൽ അടിയുറച്ച ധൈര്യം.

ഈ കൊറോണക്കാലത്ത്, ലോകത്തെവിടെ ആയിരിക്കുന്നതിനെക്കാളും, കേരളത്തിൽ ജനിച്ച് ഒരു മലയാളിയായി ജീവിക്കാൻ സാധിക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. സ്വന്തം നാട്ടിലെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുമ്പോഴുള്ള ആ സുരക്ഷിതത്വത്തിന് പകരമായി പറയാൻ പറ്റിയ ഉപമാലങ്കാരങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത്   ഞാനും കുടുംബവും മാറ്റപ്പെട്ടതുപോലെ അനേകം കുടുംബങ്ങൾ ഉണ്ടാവും. സ്വന്തം അനുഭവത്തിൽ നിന്ന് പറയട്ടെ, ഓരോ കുടുംബത്തിലെയും മാറ്റത്തിന്റെ തുടക്കം അല്ലെങ്കിൽ കാരണം ഒരു സ്‌ത്രീയിൽ നിന്നാണ്. ഇതല്ലേ യഥാർത്ഥത്തിൽ സ്‌ത്രീ ശാക്‌തീകരണം?

മരങ്ങൾ ഇലപൊഴിച്ച് വീണ്ടും തളിർക്കുകയും, പൂക്കുകയും ചെയ്യുന്നതു പോലെ  നമ്മിലേയ്ക്കു തന്നെ നോക്കി തിരുത്തുകയും, മറക്കുകയും, പൊറുക്കുകയും ചെയ്യാം. ആയുസ്സുണ്ടായാൽ, ഓർമ്മകളുണ്ടായാൽ, പങ്കുവയ്ക്കാൻ, ഓർത്തിരുന്നു സന്തോഷിക്കാൻ എന്തെങ്കിലുമൊക്കെ എല്ലാവർക്കും ചെയ്യാൻ പറ്റട്ടെ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account