മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിന്റെ കാഹളം മുഴക്കി പെരുമ്പറ കൊട്ടുന്ന ദിവസമാണ്‌. ഈ ദിനം ഒടുങ്ങിക്കഴിഞ്ഞാൽ വീണ്ടും സ്ത്രീ പീഡനങ്ങളുടെ തേരോട്ടങ്ങൾ തന്നെ. കണ്ണും കാതും മരവിപ്പിക്കുന്ന പീഡനകഥകളുടെ ആരണ്യ പർവ്വങ്ങൾക്ക് അന്ത്യവുമില്ല. ആദർശങ്ങളും ശിക്ഷാനടപടികളും എല്ലാം ജലരേഖകളായി മാഞ്ഞുപോകുന്നു. 1910 ൽ കോപ്പൻഹേഗിൽ ക്ളാര സെറ്റ്കിൻ എന്ന ധീരവനിതയുടെ തീവ്രപരിശ്രമം മൂലം ലഭിച്ച ഈ ദിനത്തെ പലരും കേവലം ആഘോഷങ്ങളായി മാത്രം മാറ്റുന്നു. സ്ത്രീകൾക്ക് അണിഞ്ഞൊരുങ്ങി നടക്കാനും എന്തെങ്കിലുമൊക്കെ ചില വിഷയങ്ങൾ അവതരിപ്പിച്ച് അവരവരുടെ മാളങ്ങളിലേക്ക് ഇഴഞ്ഞുപോകുന്ന ഒരു ദിനം. പിന്നെ അടുത്ത വർഷമാണ്‌` അടുത്ത കെട്ടുകാഴ്ച്ചകൾ.

സ്ത്രീകൾ വെറും അണിഞ്ഞൊരുങ്ങി നടക്കേണ്ടവരല്ല അവരുടെ ബുദ്ധിയിലുദിക്കുന്ന ചിന്തയിലൂടെ പൊറുതി മുട്ടുന്ന സ്ത്രീസമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവണം. ഇല്ലെങ്കിൽ അവരുടെ ചങ്ങലക്കിട്ട നാവുകളെ ബന്ധനമുക്തമാക്കി അവരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കണം. ഈ ദിനത്തിൽ അതിഥികളായി പലരും തേടുന്നത് താരമൂല്യങ്ങൾ ഉള്ളവരെയാണ്‌. കാരണം നന്നായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ ആവശ്യമില്ല. എന്തെങ്കിലും രണ്ടു വാക്കു പറഞ്ഞു ആ ദിനം ആചരിച്ച് സമൂഹത്തിന്റെ ഭാഗമാവുക എന്ന് മാത്രം.

1975 ൽ ഈ ദിനം സാർവ്വദേശീയ പെൺ വർഷമായി ആചരിക്കാൻ തുടങ്ങിയ ശേഷമാണ്‌ ഈ ദിനത്തിന്‌ ഇത്രയേറെ പ്രസക്തി ലഭിച്ചത്‌. മദ്ധ്യവർഗ്ഗ സമൂഹത്തിനപ്പുറം ഉള്ള സ്ത്രീ സമൂഹമാണ്‌ ഏറ്റവും കൂടുതൽ അസ്വാതന്ത്ര്യങ്ങൾക്കിരയാകുന്നത്‌. അറിവു വളരുന്നതിനൊപ്പം പല മാധ്യമങ്ങളിൽ കൂടിപ്പോലും സ്ത്രീകൾക്കെതിരായുള്ള പ്രതിരോധങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്‌. “സ്ത്രീ അമ്മയാണ്‌ ലക്ഷ്മിയാണ്‌ ,ദുർഗ്ഗയാണ്‌” എന്നീ പരികല്പ്പനകളാൽ അലംകൃതയാകുമ്പോഴും സമൂഹത്തിൽ സ്ത്രീതമസ്ക്കരണങ്ങൾ നടക്കുന്നു എന്നതാണ്‌ സത്യം. ഒരു പരമ്പര പോലെ ഇതു നിർബാധം പ്രായഭേദമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു.. വീട്ടകങ്ങളിലും മുയൽ വേട്ടകൾ രൂക്ഷമാകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ 3-ആം ഘട്ടത്തിലാണ്‌ നാമിപ്പോൾ. സ്ത്രീ വിമോചനത്തിനു വേണ്ടി പലപ്രത്യയശാസ്ത്ര രൂപങ്ങളിലുള്ള വിമോചനധാരകൾ നിലവിൽ വരാൻ തുടങ്ങിയിട്ടും കാലമേറെയായി. കൊടുങ്കാറ്റിന്റെ ശക്തിയുള്ള സ്ത്രീ വ്യക്തിത്വങ്ങൾ ഈ അനീതിക്കെതിരെ മുഖ്യധാര സമൂഹത്തിലിറങ്ങി പട പൊരുതി. പല വിജയങ്ങളും നേടിയെടുത്തു. ആദ്യകാലത്ത് കർമ്മ പഥങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സ്ത്രീകൾ കർതൃപഥങ്ങളിലേക്കും ഇന്നിറങ്ങിക്കഴിഞ്ഞു. കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാഷ്ടത്തിന്റെ വളർച്ചക്ക്‌ പുരുഷനെന്നതു പോലെ സ്ത്രീയും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്‌.

അടുക്കളയുടെ ജാലകപ്പഴുതിലൂടെ അവൾ കാണേണ്ടത് തനിക്കു ചുറ്റുമുള്ള പരിമിതമായ സ്ഥലമല്ല. ലോകത്തിന്റെ മുറ്റത്തേക്കാണ്‌ ദൃഷ്ടിയൂന്നേണ്ടത്‌. ലോകവിചാരങ്ങളിലേക്ക് ചിന്തകളെ നയിക്കണം. പെണ്ണീന്റെ ഭാഷ ഹൃദയപക്ഷത്താണ്‌, എന്നാൽ ആണിന്റേത് അധികാരപക്ഷത്താണ്‌. ഇവിടെ ആണും പെണ്ണും പരസ്പരപൂരകമായി വർത്തിക്കേണ്ടവരാണെന്ന കാര്യം സമൂഹത്തിന്‌ വിഷയമല്ല. ആണിനെപ്പോലെ മനുഷ്യനെന്ന സമഗ്രതയിലൂന്നിക്കൊണ്ടു തന്നെയാണ്‌ സ്ത്രീ അവളുടെ സ്വാതന്ത്ര്യം നേടിയെടുക്കേണ്ടത്‌. പരസ്പരം ഉൾക്കൊള്ളാനും സ്നേഹിക്കാനും അംഗീകരിക്കാനും കഴിഞ്ഞാൽ ആ കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും സുഭദ്രമാകാം. ഇല്ലെങ്കിൽ പരസ്പരം പഴി ചാരി സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ നടത്തുമ്പോൾ ശിഥിലമാകുന്നത് വളരുന്ന ഒരു സമൂഹമായിരിക്കും. കൊണ്ടും കൊടുത്തുമാണ്‌ നാം വളരേണ്ടത്‌. എല്ലാ അറിവും ഒരാളിൽ മേളിച്ചിട്ടില്ല. പലരും പല അറിവുകൾ നേടിയവരായിരിക്കും. അതിനെ പങ്കു വെക്കുക. അവിടെയേ മാനവികതയെന്ന ബോധം വളരുകയുള്ളു.

ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ സ്വാതന്ത്ര്യം പല കാലത്തും സ്ത്രീക്കു ലഭിച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. പക്ഷേ വിവേചനങ്ങൾ നിലവിൽ വന്നതോടെ സ്ത്രീയേയും പാർശ്വവല്ക്കൃത സമൂഹത്തിനൊപ്പം നിർത്താൻ സമൂഹം തിടുക്കം കൊണ്ടു. സ്ത്രീകൾ മൊത്തം സമൂഹത്തിലിറങ്ങിയാൽ പിന്നെ തങ്ങൾക്ക് ആര്‌ ഭക്ഷണം ഉണ്ടാക്കിത്തരുമെന്ന ആശങ്ക സ്ത്രീയെ സമൂഹത്തിൽ നിന്നും വീട്ടകങ്ങളിലേക്കു തന്നെ തിരിച്ചെത്തിച്ചു. കൂടുതൽ അറിവും വിദ്യയും നേടിയാൽ തങ്ങളെ ചോദ്യം ചെയ്തേക്കുമെന്ന പുരുഷവർഗ്ഗത്തിന്റെ ഭയം തന്നെയാണ്‌ അവളെ തിരിച്ചയപ്പിക്കാൻ കാരണമാകുന്നത്‌. ചോദ്യം ചെയ്യുമ്പോൾ, കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ അവൾ തെറ്റുകാരിയായി മുദ്ര കുത്തപ്പെടുന്നു. ഒരു പെണ്ണിന്റെ സ്വത്വം സമൂഹത്തിൽ നിർണ്ണയിച്ചെടുക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. അവൾ തന്റേടിയും ബുദ്ധിമതിയും ആണെങ്കിൽ അവൾക്കു മുന്നിൽ പ്രതിസന്ധികളേറെയുണ്ടാവാം. ഓരോ പെണ്ണും സ്വന്തം ജീവിതത്തിന്റെ ഇരുട്ടിനോടും വെളിച്ചത്തോടും യുദ്ധം ചെയ്യുന്നു. ജീവിതത്തിന്റെ മൂക്കുകയർ വലിച്ച് ജീവിതത്തെ പിടിച്ചു നിർത്താൻ പാടു പെടുന്നു. ആദിവാസി സമൂഹത്തിലിപ്പോഴും ഒരു വിഭാഗത്തിനു മാത്രമെ അറിവു ലഭിച്ചിട്ടുള്ളു. പലയിടങ്ങളിലും പെൺകുട്ടിയെ പ്രസവിച്ചെന്നറിഞ്ഞാൽ കുഞ്ഞിന്റെ ശ്വാസ നാളത്തിൽ നെൻമണിയിട്ടു ക്രൂരമായി കൊല്ലുന്ന അനാചാരങ്ങളിപ്പോഴും നിലവിലുണ്ട്‌.

ഇവിടെയൊന്നും ഭരണകൂടത്തിന്റേയോ നീതിനിർവ്വഹണവകുപ്പിന്റേയൊ യാതൊരു വിധ നൈതികതയും സംരക്ഷണങ്ങളും ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കാം. ഭരണകൂടങ്ങൾ പുതിയ നിയമങ്ങൾ പ്രാവൃത്തികമാക്കുന്നെന്ന പ്രഖ്യാപനങ്ങൾ എത്രകണ്ട് സാധൂകരിക്കപ്പെടുന്നു എന്നത് പരിശോധനാർഹമാകുന്നു. കമ്പോളവല്ക്കരണത്തിന്റെ ആധിപത്യത്തിൽ സ്ത്രീയെ കച്ചവടച്ചരക്കായിത്തന്നെ സമൂഹം ഉപയോഗിക്കുന്നു. ആണധികാര സമൂഹ താൽപ്പര്യങ്ങൾക്കനുസരിച്ച് സ്ത്രീയെ ഒതുക്കുകയും ഒപ്പം ഉദാത്തവല്ക്കരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയത്തിന്നെതിരെ സ്ത്രീകൾ തന്നെയാണ്‌ ഉണർന്നു പ്രവർത്തിക്കേണ്ടത്‌.

നിലവിലുള്ള ആവാസവ്യവസ്ഥയെ തിരിച്ചറിഞ്ഞു ഇനിയും നവ നവങ്ങളായ സ്ത്രീ ഭാഷ്യങ്ങൾ രചിക്കേണ്ടിയിരിക്കുന്നു. അവളുടെ സ്വാതന്ത്ര്യത്തിന്റെ അടിച്ചിറകാണ്‌ സമൂഹം അരിഞ്ഞുകളയുന്നത്‌. മതത്തിലും, സമൂഹത്തിലും കുടുംബത്തിലും ഒരുപൊലെ അവൾ വെല്ലുവിളികൾ നേരിടുന്നു. സാമൂഹ്യമായ മുൻ വിധികളാൽ മഹത്തായ പരിശ്രമങ്ങൾക്കോ വെല്ലുവിളികളെ നേരിടാനോ സ്വന്തം കഴിവുകളുടെ മാറ്റുരച്ചു നോക്കാനോ ഉള്ള അവസരങ്ങൾ അവൾക്കു നിഷേധിക്കപ്പെടുന്നു. സ്വത്വ ബോധമുള്ളവർ പരസ്യമായ നിലപാടുകൾ എടുക്കും. പക്ഷേ മനസ്സിൽ പ്രതീക്ഷകൾ പുലർത്തുന്ന നിസ്സഹായരായ സ്ത്രീകളൊ? അവരുടെ മുന്നിലുള്ള വഴിയാണ്‌ പ്രതിരോധത്തിന്റെ മുള്ളുകളാൽ ഉടക്കിക്കിടക്കുന്നത്‌. സ്ത്രീ സ്വാതന്ത്ര്യത്തിന്‌ കൂട്ടായി നിരവധി മഹാരഥന്മാർ വഴിവിളക്കുകളായിട്ടുണ്ട്‌. അതുപോലെ ഇന്നത്തെ സമൂഹത്തിലും ഉൽപ്പതിഷ്ണുക്കളായ പുരുഷന്മാർ ഉണ്ട്‌. സ്ത്രീയുടെ ചിന്തകളെ കടലിലേക്ക് കുടഞ്ഞെറിഞ്ഞ് ,അവളുടെ ശക്തിയെ ചോർത്തി, അവളെ പരിക്ഷീണയാക്കി യുദ്ധം സൃഷ്ടിക്കുന്നവർക്കെതിരെയാണ്‌ സ്ത്രീ സമൂഹം ശക്തമായ നിലപാടുകൾ എടുക്കേണ്ടത്‌. ശക്തിയുടെ പുതിയ പക്ഷങ്ങൾ നേടി കൂടുതൽ ഊർജ്ജ്വസ്വലരായി സമൂഹത്തിന്റെ അനീതികൾക്കെതിരെ ശക്തമായ സാംസ്ക്കാരിക മുന്നേറ്റങ്ങളിലൂടെ അടരാടാൻ ഓരോ സ്ത്രീക്കും കഴിയട്ടെയെന്ന് ഈ കുറിപ്പിന്‌ വിരാമം കുറിച്ചു കൊണ്ട്‌ ആശംസിക്കുന്നു.

5 Comments
 1. Raj 3 years ago

  വളരെ നന്നായി എഴുതി. ഇത് എല്ലാവർക്കും പ്രചോദനമാകട്ടെ, തിരിച്ചറിവിന്റെ പാത തുറക്കട്ടെ…

 2. KGP Nair 3 years ago

  Little harsh but very good. I appreciate the depth of mastery you possess over the language.

 3. Haridasan 3 years ago

  Good thoughts and well written. All the best!

 4. Viswan 3 years ago

  …. ഓരോ സ്ത്രീക്കും കഴിയട്ടെ. ഭാവുകങ്ങൾ !

 5. Author
  Indira Balan 3 years ago

  നല്ല വാക്കുകളോതിയ എല്ലാവർക്കും…നമസ്ക്കാരം..സ്നേഹം…കെ ജി പി സാർ ഇവിടെ കണ്ടതിൽ സന്തോഷം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account