ആനപ്പുറത്തു വരുന്ന വരൻ. അകമ്പടിയായി ആഭരണവിഭൂഷയായ വധു. ആനയെ പേടി ഉണ്ടെങ്കിലും എങ്ങനെയൊക്കെയോ അടുത്ത് നിന്ന് മാനേജ് ചെയ്യുന്ന വധു. ഈയടുത്തു കണ്ട വീഡിയോകളിൽ ഒന്നാണിത്.

കല്യാണത്തിന്റെ എല്ലാ ഘടകങ്ങളിലും ഇത്തരം ‘വെറൈറ്റി’ പരീക്ഷിക്കുന്നവർ ഇന്ന് ഒത്തിരിയുണ്ട്.

ജനനം മുതൽ മരണാനന്തര ചടങ്ങുകളിൽ വരെ ധൂർത്ത് കാണിക്കുന്ന     മലയാളികൾ ഇന്നേറ്റവും കൂടുതൽ ധൂർത്ത് കാണിക്കുന്ന കാര്യങ്ങളിലൊന്നാണ് വിവാഹം. നമ്മൾ.ജാതിമതഭേതമന്യേ എല്ലായിടത്തും നാലോ അഞ്ചോ അതിലധികമോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.  കല്യാണ വസ്‌ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷണം, ഹാൾ, ഫോട്ടോഗ്രാഫി തുടങ്ങി കല്യാണത്തെ വിശാലമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.

പക്ഷെ രസകരമായ കാര്യമെന്തെന്നു വെച്ചാൽ ഓരോ വിവാഹാഘോഷങ്ങളും മലയാളിക്കിന്ന് പൊങ്ങച്ചം കാണിക്കാനുള്ള വേദികളാണ്.

ഇന്നാട്ടിലെ ഒട്ടുമിക്ക കല്യാണങ്ങളിലും ആർഭാടം മുഴച്ചു കാണാൻ നമുക്ക് സാധിക്കും. കല്യാണാഘോഷങ്ങൾ ഇങ്ങനെയേ നടത്താവൂ എന്നാണ് ഇന്നത്തെ അലിഘിത നിയമം. ഒരു പരിധിവരെ നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും മുന്നിൽ ആളാവുക എന്നതൊഴിച്ചാൽ വേറെന്ത് കാര്യമാണ് ഇത്തരം ആർഭാട കല്യാണങ്ങളുടെ ഉദ്ദേശം? കല്യാണവും സൽക്കാരവും മറ്റു ഒട്ടുമിക്ക ആഘോഷങ്ങളും അക്കമിട്ടടികൊടുക്കേണ്ട ആഭാസത്തരങ്ങൾ ആയിക്കൊണ്ടിരിക്കുകയാണ് ഇന്ന്.

ആഭരണത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ തന്നെ, ദേഹം നിറച്ചും സ്വർണ്ണമില്ലാത്ത കല്യാണങ്ങൾ വിരളമാണ്. ഇനി സ്വർണ്ണമിടാത്ത പെണ്ണാണെങ്കിലോ… പിശുക്കൻ മാതാപിതാക്കൾ, പരിഷ്ക്കാരി കല്യാണപ്പെണ്ണ്, ഒന്നും ചോദിച്ച് വാങ്ങാൻ നട്ടെല്ലില്ലാത്ത കല്യാണച്ചെക്കൻ.. ഇങ്ങനെ പോകുന്നു പൊതുവിലയിരുത്തലുകൾ. ഇതേ കാര്യങ്ങൾ തന്നെ ഭക്ഷണത്തിലും വസ്‌ത്രത്തിലും കല്യാണ വേദിയിലും സമ്മാനങ്ങളിലും മറ്റു അനുബന്ധ കാര്യങ്ങളിലും മുറുമുറുപ്പുയർത്താം.

ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ, ആത്മാഭിമാനം തുടങ്ങിയവ കാരണമാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ പോലും ഇത്തരം കല്യണാഘോഷങ്ങൾ നടത്താൻ നിർബന്ധിതരാവുന്നത്. കാശ് പലിശക്ക് വാങ്ങിയും ലോണെടുത്തും ഉള്ള സ്വത്ത് വിറ്റും കല്യാണം നടത്തി നട്ടെല്ലൊടിഞ്ഞ കുടുംബങ്ങൾ നിരവധിയാണ്.

വരന്റെ വീട്ടുകാരേക്കാൾ ഇതിന്റെ ബുദ്ധിമുട്ടുകൾ പെൺകുട്ടിയുടെ വീട്ടുകാർക്കാണെന്ന് തോന്നുന്നു. ‘ഉള്ളത് പെൺമക്കളാണേ..’ ന്നുള്ള നെടുവീർപ്പുകളും ജനിച്ച കുഞ്ഞ് പിന്നേം പെണ്ണായാലുള്ള മുറുമുറുപ്പും ഒക്കെ ഇതിന്റെയൊക്കെ പ്രതിഫലനമാണ്. എന്തിനേറെ, അല്ലാ… ഈ പെൺകുട്ടികൾക്ക് സ്‌ത്രീധനം കൊടുത്തു കെട്ടിച്ചു വിടട്ടെ എന്നു തന്നെ അല്ലെ ഗവൺമെന്റും പറയുന്നേ! അല്ലേൽപിന്നെ എന്തിനാ കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും എല്ലാം പെൺകുട്ടികളുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്ന വിവിധ പ്ലാനുകളും തയ്യാറാക്കുന്നത്?  എന്തിനാ കുറേ നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം ഗവണ്മെന്റ്  നൽകുന്നത്? നിർധനരായ ആൺ കുട്ടികൾക് വിവാഹ ചിലവില്ലേ? അപ്പോ അവർക്ക് സഹായം വേണ്ടേ? അതായത് പെൺകുട്ടികൾ സ്‌ത്രീധനമൊക്കെ കൊടുത്തു കെട്ടിച്ചു വിടേണ്ട വസ്‌തുക്കളാണെന്നതിൽ ഭരിക്കുന്ന സർക്കാർനു പോലും സംശയമില്ല. അപ്പഴാ കുറേ ആളുകൾ നേരം കളയാനായിട്ട് ഇവിടെ വന്നു കുറേ ചർച്ചിക്കുന്നെ..

പിന്നെയോ, ഇന്ന് പോക്കറ്റ് മണി എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്‌ത്രീധനമെന്ന സാഹസം വേറെയും. ഒളിഞ്ഞും തെളിഞ്ഞും ഓരോ കല്യാണങ്ങൾക്കു പിന്നിലും സ്‌ത്രീധനം  ഒക്കെ മാറ്റം നടക്കുന്നുണ്ട്. അഞ്ച് പവൻ മഹറുണ്ടെങ്കിൽ അതിലേക്കൊരു പൂജ്യവും കൂടി ചേർത്ത് സ്‌ത്രീധനത്തുക കണക്കാക്കുന്ന  ഏർപ്പാടുണ്ട് ഇവിടങ്ങളിൽ. തമാശയെന്തെന്നാൽ, ഇവിടെ സ്‌ത്രീധനമെന്നത് ‘നിങ്ങൾ കണ്ടറിഞ്ഞ് കൊടുക്കുമല്ലോ’ എന്ന ഒരിരുത്തി മൂളലാണ്. അതിലുണ്ട് എല്ലാം. പണ്ട് നിശ്ചയിപ്പിച്ചുറപ്പിച്ച തുക കണ്ടെത്താൻ പെൺ വീട്ടുകാർ നെട്ടോട്ടമോടിയെങ്കിൽ അതിനേക്കാൾ വലിയ നെട്ടോട്ടമാണ് ‘ഈ കണ്ടറിഞ്ഞു കൊടുക്കലുകളിൽ ‘വീട്ടുകാർ അനുഭവിക്കുന്നത്. വിദേശത്ത് പോയി ജോലി ചെയ്‌ത്‌ ഉള്ള സമ്പാദ്യമെല്ലാം കല്യാണമെന്നൊരൊറ്റ ലക്ഷ്യം വെച്ച് സ്വരുക്കുട്ടി വെക്കുന്നവരാണ് മിക്കവരും. അതിനാൽ തന്നെ ഒരു കല്യാണം നടത്തി പാപ്പരായ എത്രയോ കുടുംബങ്ങൾ ഇന്നാട്ടിലുണ്ട്. ഇവർ ജീവിക്കുന്നതേ മകളുടെ വിവാഹം നടത്താനാണെന്ന പോലെയാണ് അധ്വാനിക്കുന്നത്.

ഒരു സുഹൃത്ത് പറഞ്ഞ അനുഭവമുണ്ട്. അവരുടെ സുഹൃത്തിന്റെ കാര്യമാണ്. വെറും 20 ദിവസം നീണ്ടു നിന്ന ആ ദാമ്പത്യത്തിനു അവളുടെ കുടുംബം വിവാഹ സൽക്കാരത്തിന് മാത്രമായി ചെലവിട്ടത് 25 ലക്ഷം രൂപയായിരുന്നു. കാർ വാങ്ങാൻ വേറെ ഒരു10 ലക്ഷം. പൂർത്തിയാവാത്ത ആ ദാമ്പത്യം സമ്മാനിച്ചത് കയ്പ്പും, അടർന്നു വീഴാൻ മടിക്കുന്ന കണ്ണീർ മുത്തും, അതിലുപരി സാമ്പത്തിക ബാധ്യതയും മാത്രം. കേസ് ഒന്നും ആകാത്തതുകൊണ്ടു സ്വർണാഭരണങ്ങൾ അയാളുടെ കസ്റ്റഡിയിലും.

എന്തായിരുന്നു ആ ആഡംബര കല്യാണത്തിന്റെ ഉദ്ദേശം? കുറെ മേനി കാണിപ്പും, പൊങ്ങച്ചം കാണിപ്പും അല്ലാതെ.

ജീവിതത്തിലെ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കുന്ന മാതാപിതാക്കളിൽ എത്ര പേര് അവരുടെ വിദ്യാഭ്യാസ ചിലവുകൾക്കായി ഭീമമായ തുക ചിലവഴിക്കും? വളരെ ചുരുക്കമായിരിക്കും. കാരണം പെൺമക്കൾക്ക് കൊടുക്കുന്നതൊന്നും തിരിച്ചു കിട്ടില്ല, ചെന്നു കയറുന്ന വീട്ടിലേക്കുള്ളത് എന്ന ധാരണയാണിപ്പോഴും ചിലർക്ക്. 5 വർഷം മുൻപ്‌ സുഹൃത്തിന്റെ കസിൻ അനിയത്തിയുടെ കല്യാണത്തിനുഅവരുടെ  പറമ്പു വിറ്റു.100പ്ലസ്‌ പവൻ കൊടുത്തു കല്യാണം നടത്തി. ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. ആ പറമ്പു ആ കുട്ടിയുടെ പേരിൽ എഴുതി വച്ചാൽ പോരായിരുന്നൊ എന്നു ഞങ്ങളിൽ കുറച്ചു പേർ പരസ്‌പരം ചോദിച്ചു.

വേറെ കസിൻ അനിയത്തിയെ കഴിഞ്ഞ വർഷം പറമ്പ് വിറ്റ്‌ പഠിക്കാൻ വിട്ടു. പലരും പറഞ്ഞു മണ്ടത്തരം. കുട്ടിയുടെ കല്യാണത്തിനു എന്തു ചെയ്യും.. കല്യാണത്തിനു വേണ്ടി അതു മാറ്റി വെക്കേണ്ടതായിരുന്നു എന്ന്.ആളുകളുടെ പണത്തോടും വിവാഹത്തോടുമുള്ള ബന്ധം എത്രത്തോളമുണ്ടെന്ന് ഇതിൽ നിന്നും മനസിലാക്കാം.

പലപ്പോഴും വ്യക്‌തികൾക്ക് ഇതിലൊരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കിട്ടാറില്ല. സാമൂഹിക വ്യവസ്ഥയും കുടുംബമാമൂലുകളും പൊതുബോധവുമൊക്കെ ഒഴുക്കിനെതി രെ നീന്താൻ പലപ്പോഴും നമുക്ക് മുന്നിലൊരു വിലങ്ങുതടിയാണ്. അതു മാത്രമോ, തങ്ങളുടെ പഠന കാര്യത്തിലോ ജോലി സംബന്ധിയായ ഒരു കാര്യത്തിലോ ഒരു തരത്തിലും പിന്തുണക്കാത്തവരായിരിക്കും കല്യാണ സമയത്ത് ഇത്തരം ആർഭാഢ അഭിപ്രായങ്ങളും കൊണ്ട് വരിക എന്നതാണ് ഏറ്റവും വലിയ തമാശ. കാരണം വീട്ടുകാർ തമ്മിലുള്ള പൊങ്ങച്ചം കാണിക്കാനുള്ള വേദികളാണ് ഓരോ കല്യാണ വീടുകളും. അതിനാൽ തന്നെ പലപ്പോഴും മിതത്വം പാലിക്കാമെന്ന വധൂവരന്മാരുടെ ആവശ്യങ്ങൾക്ക്  പോലും പലപ്പോഴും ആരും ചെവികൊടുക്കാറില്ല. ഫലമോ ഇത്തരം ആർഭാഢ വിവാഹങ്ങൾ കൂടിക്കൊണ്ടേയിരിക്കും. ചിലയിടങ്ങളിൽ ഇഷ്‌ടമില്ലാത്ത കല്യാണങ്ങൾ പോലും നടക്കുന്നത് കുടുംബത്തിന്റെ സാമ്പത്തിക ആസ്‌തി കണ്ടിട്ടാണ്. പല പ്രണയ എതിർപ്പുകളും പണമെന്ന പൊട്ടക്കിണറ്റിൽ മൂക്കും കുത്തി വീഴുന്നത് സ്ഥിരം കാഴ്ച്ചയാണ്. സ്‌നേഹത്തിനു മുകളിൽ പണം പറക്കും.

താൻ അധ്വാനിക്കുന്ന പണം എങ്ങനെയൊക്കെ ചിലവഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഒരാൾക്കുണ്ട്. പക്ഷെ, ഒഴിവാക്കാമായിരുന്ന ഒത്തിരി അനാവശ്യ ചിലവു കളുണ്ട്.

* സ്റ്റേജ് / കല്യാണ വേദി / വൈദ്യുത അലങ്കാരങ്ങൾ. ലളിതമായി ഒരുക്കാവുന്നന്ന പന്തലിൽ വെറുതെ പൊടിച്ചു കളയുന്ന പണത്തിന് ഒരു കണക്കുമില്ല. പല കല്യാണ വേദികളും ഇന്ന് സ്വപ്‌നതുല്യമാണ്. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുത വിളക്കുകളും തോരണങ്ങളും അലങ്കാരങ്ങളും നിറച്ചത്. അതുമിതുമായി പാഴാക്കുന്ന വൈദ്യുതിഊർജത്തിന്റെ അളവ് ഞെട്ടിപ്പിക്കുന്നതാണ്.

* ഭക്ഷണത്തിലെ ആർഭാഢങ്ങൾ. ഭക്ഷണത്തിലെ വൈവിധ്യങ്ങൾ ഇന്ന് കല്യാണാഘോഷങ്ങളുടെ ഹൈലൈറ്റ് ആണ്. ആളുകൾക്ക് ആനുപാതികമായിട്ടല്ലാതെ തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ബാക്കി വന്ന് കുഴികുത്തി മൂടേണ്ടി വരുന്ന സന്ദർഭങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടിവിടെ. ഭക്ഷണം വിളമ്പാനും മറ്റും ഉപയോഗിക്കുന്ന പ്ലേറ്റും ഗ്ലാസും വാട്ടർബോട്ടിലും തുടങ്ങി  അതിൽ നിന്നും ബാക്കിയാവുന്ന സംസ്ക്കരിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യം വേറെ.

* കല്യാണ വസ്‌ത്രം, ആഭരണം. ജീവിതത്തിലൊരിക്കൽ നടക്കുന്ന ഈ ചടങ്ങിലേക്ക് പത്തോ അധിലധികമോ വസ്‌ത്രമെടുക്കുന്ന കല്യാണാലോഷങ്ങൾ നടക്കുന്നുണ്ട്. കല്യാണദിവസം പെണ്ണ് സ്വർണ്ണത്തിൽ കുളിച്ചു നിൽക്കണമെന്നത് എഴുതപ്പെടാത്ത നിയമമാണ്. പെണ്ണണിഞ്ഞ പൊന്നിന്റെ അളവ് നോക്കി കുടുംബ മഹിമ അളക്കുന്നവരാണ് നമ്മൾ.

* സൽക്കാരങ്ങൾ, സമ്മാനങ്ങൾ. വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന സർക്കാരങ്ങളും വരവു പോക്കുകളും ചെക്കന് കൊടുക്കുന്ന സമ്മാനങ്ങൾ (കാറ്, സ്‌ത്രീധനം) എല്ലാം തന്നെ നല്ലൊരു തുക കാറ്റിൽ പറത്തുന്നവയാണ്.

* വിവാഹത്തിനൊരുക്കുന്ന ആഢംബര കാറുകൾ

* പെൺ വീട്ടുകാർ അറിഞ്ഞു നൽകുന്ന / വരന്റെ വീട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു വാങ്ങുന്ന സ്‌ത്രീധനം. ആലോചനകൾക്കിടയിൽ തന്നെ വിലപേശൽ നടക്കാറുണ്ട്.

അക്കമിട്ടു നിരത്തിയാൽ അനാവശ്യങ്ങൾ അനവധിയാണ്.

-ആർഭാഢമാക്കിയാലും ഇക്കണ്ട പണം മുഴുവൻ അസംഘടിത തൊഴിലാളി മേഖലകൾക്ക് മുതൽകൂട്ടാണെന്നൊക്കെ പായാമെങ്കിലും പാഴാക്കിക്കളഞ്ഞ ഊർജത്തിന് ആര് സമാധാനം പറയും? വൈദ്യുതി, ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങി വലിയൊരളവിൽ  ഒത്തിരി കോമൺ റിസോർസാണിവിടെ ഒന്നോ രണ്ടോ ദിവസത്തെ പൊലിപ്പിനു വേണ്ടി ചിലർ പൊടിച്ചു കളഞ്ഞത്. ഇവക്കൊക്കെ നിയന്ത്രണമേർപ്പെടുത്തണം.

-ആചാരത്തിന്റെ പേരിലുള്ള ആഢംബരങ്ങളും ആഢംബരങ്ങൾക്കു വേണ്ടിയുള്ള അനാവശ്യ ആചാരങ്ങളും ഒഴിവാക്കപ്പെടണം.

-തങ്ങളുടെ വിവാഹം എങ്ങനെയെന്ന് തീരുമാനിക്കുന്നതിൽ പുതുതലമുറ മാതൃകയാവണം.

-പെൺമക്കൾക്ക് ഇഷ്‌ടദാനമായി നൽകാനാഗ്രഹിക്കുന്നവർ വരന് വേണ്ടിയല്ലാതെ അതവരുടെ പേരിൽ തന്നെ ചെയ്‌തു കൊടുക്കൂ.

-മൊത്തം ചിലവിനുസരിച്ച് നികുതി ഏർപ്പെടുത്തണം.

-കാശും ഭക്ഷണവും വൈദ്യുതിയും തുടങ്ങി ഒട്ടനവധി റിസോർസുകൾ  നഷ്‌ടപ്പെടുത്തിക്കളയുന്ന കല്യാണങ്ങൾക്കെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കണം. നിയമനടപടികൾ വരണം, പ്രധിഷേധമുയരണം. വിഭവങ്ങൾ നഷ്‌ടപ്പെടുത്തിയവർ എന്ന പേരിൽ തന്നെ അവർ അഡ്രസ് ചെയ്യപ്പെടണം.

നാട്ടുകാർക്ക് മൊത്തം ഇലയിട്ട് സ്വർണം കൊണ്ട് പൊതിഞ്ഞ പെണ്ണിനെ കാഴ്‌ചവസ്‌തുവാക്കി പോക്കറ്റ് മണി കൊട്ത്ത് വരനെ സന്തോഷിപ്പിച്ചി രുത്തി കൊട്ടിഘോഷിക്കേണ്ടതല്ല, മറിച്ച് ജാതിയുടെയും മതത്തിന്റേയുo ലിംഗത്തിന്റെയും സമ്പത്തിന്റെയും എന്നു വേണ്ട സകല അതിർവരമ്പുകൾക്കുമപ്പുറം രണ്ട് മനുഷ്യരുടെ കുടിച്ചേരലുകളാണ് ഓരോ വിവാഹവുമെന്ന് മനസിലാക്കാൻ നമ്മളിനിയും എത്ര ദൂരം പോണം?

പണക്കൊഴുപ്പിന്റെ ഉച്ചിയിൽ നിന്നു കൊണ്ട് ഉഴുതു മറിക്കുന്നവരോടാണിത്. ചിലവ് ചുരുക്കി ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ ഒത്തുചേരുന്ന പുതു തലമുറ ഏറെ പ്രതീക്ഷാവഹമാണ്. ഈയിടെ അത്തരം  ഒരുപാട് കൂടിച്ചേരലുകൾ നടന്നത് സന്തോഷം തരുന്നു.

കൂടിച്ചേരലുകൾ പുറമെ മേനി നടിക്കാനല്ല, അകമേ സ്‌നേഹം ഉഴുതു മറിക്കാനാവണം. മാനുഷിക മൂല്യങ്ങളെ ഉയർത്തി പിടിക്കത്തക്കവണ്ണം ഒത്തിരീ നല്ല മാതൃകകൾ ഉണ്ടാവട്ടെ.

– ഷംന കോളക്കോടൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account