ലബ്‌ദ പ്രതിഷ്ഠരായ എഴുത്തുകാർക്കും സ്വജീവിതം സാമൂഹിക ജീവിതമാക്കി മാറ്റിയ പൊതുപ്രവർത്തകർക്കും അവരുടെ സ്‌മരണകൾ എക്കാലത്തും നിലനിർത്തുന്നതിനായി സർക്കാരും, സ്‌മാരക സമിതികളുമൊക്കെ സ്‌മാരകങ്ങൾ നിർമ്മിക്കാറുണ്ട്. ഇത്തരം സ്‌മാരകങ്ങൾ മരിച്ച വ്യക്‌തിയുടെ പ്രവർത്തനങ്ങളുടെ നന്ദി സൂചകമായാണ് നിർമ്മിക്കപ്പെടുന്നത്. ആ വ്യക്‌തികൾ പൊതു സമൂഹത്തിൽ  ദീർഘകാലം അറിയപ്പെട്ടിരുന്ന പേരിലോ, തൂലികാ നാമത്തിലോ ആകും സ്‌മാരകം നിർമ്മിക്കുക. കാരണം ആ പേരാകും ജനഹൃദയങ്ങളിൽ കെടാതെ സൂക്ഷിച്ചിട്ടുള്ളത്.

ഇതിന് വിപരീതമായാണ് അടുത്ത കാലത്ത് കേരള സാഹിത്യ അക്കാദമി നിർമ്മിച്ച പുതിയ മന്ദിരത്തിന് നാമകരണം ചെയ്‌തിട്ടുള്ളത്. യശഃശ്ശരീരയായ ലോക പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടിയുടെ സ്‌മാരകത്തിന്റെ പേര് കമലാ സുരയ്യ സ്‌മാരകമെന്നിട്ടിരിരുന്നു. ഇത് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ വരും തലമുറയിൽ നിന്നും അകറ്റാനേയുതകൂ.

മലയാളത്തിലോ, ആംഗലേയത്തിലോ, മറ്റിതരഭാഷകളിലോ കമലാ സുരയ്യ ഒരു എഴുത്തുകാരിയേയല്ല. മാധവിക്കുട്ടിയും, കമലാദാസും മാത്രമേയുള്ളൂ. ജനമനസ്സുകളിലും അത്രേയുള്ളു. ജീവിതത്തിന്റെ ചുരുങ്ങിയ കാലം ഭൗതിക ജീവിതത്തിൽ അവർ ഉൾപ്പെട്ടിരുന്ന മതത്തിൽ നിന്നും കൂടുമാറി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതവരുടെ ബാഹ്യമായൊരു മാറ്റവുമായിരുന്നു. അതിന് അവർക്ക് അതിന്റേതായ കാരണങ്ങളുമുണ്ടായിരുന്നു. ചുരുങ്ങിയ കാലത്തെ മതം മാറ്റത്തിലൂടെ അവർ സ്വീകരിച്ച പേരിലല്ല എഴുത്തുകാരിയെ വായനക്കാരും, പൊതു സമൂഹവുമേറ്റെടുത്തത്. അവരുടെ കൃതികളിൽ ഒപ്പു ചാർത്തിയിട്ടുള്ള മാധവിക്കുട്ടിയെന്ന പേരിലാണ്.

ജനളുടെ പണമുപയോഗിച്ച് കേരള സാഹിത്യ അക്കാദമി നിർമ്മിച്ച കെട്ടിടത്തിന് അതുകൊണ്ടുതന്നെ മാധവിക്കുട്ടി സ്‌മാരകമെന്ന പേരാണ് നൽകേണ്ടത്. അതിന് എന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും ഒരു വായനക്കാരൻ എന്ന നിലയിൽ മാധവിക്കുട്ടി സ്‌മാരകമാണ് ഉണ്ടാവേണ്ടതെന്ന പക്ഷത്തിലാണ് ഞാൻ. ഉറൂബ് സ്‌മാരകം പി.സി. കുട്ടികൃഷ്‌ണൻ സ്‌മാരകമല്ല. വൈലോപ്പിള്ളി, ചങ്ങമ്പുഴ സ്‌മാരകങ്ങളും തൂലികാ നാമത്തിൽ തന്നെയാണുള്ളത്. മാധവിക്കുട്ടിയുടെ കാര്യം വന്നപ്പോൾ ചില സങ്കുചിത താൽപ്പര്യങ്ങൾ അക്കാദമി മുഖവിലയ്ക്കെടുക്കരുതായിരുന്നു. ഇക്കാര്യത്തിൽ പൊതു സമൂഹത്തിൽ വിശാലമായ ചർച്ച ശക്‌തമാകട്ടെ. ഒരു കാര്യം കൂടി, ചർച്ചയിൽ മതം ഒരിക്കലും കടന്നു വരാതിരിക്കട്ടെ.

ഇടക്കുളങ്ങര ഗോപൻ

2 Comments
  1. Sivadas 2 years ago

    തീർച്ചയായും മാധവിക്കുട്ടി മെമ്മോറിയൽ എന്നുതന്നെയാണ് അറിയപ്പെടേണ്ടത്

  2. Vishnu 2 years ago

    Yes, the memorial should be names after Madhavikkutti.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account