അട്ടപ്പാടിയും, അവിടുത്തെ ആദിവാസിയും ഒരിടവേളക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്. മധു എന്ന യുവ ആദിവാസിയോട്, സംസ്ക്കാര സമ്പന്നതയുടെ ഈറ്റില്ലമെന്ന മേനിയുമായി നടക്കുന്ന മലയാളികൾ ചെയ്‌ത കൊടും ക്രൂരതയാണ് ആദിവാസി ജനവിഭാഗത്തിന്റെ സജീവ ചർച്ചക്കുള്ള പുതിയ കാരണം. മധുവിന്റെ മരണം വേദനക്കപ്പുറം മറ്റു ചില കാര്യങ്ങൾ കൂടി നമ്മുടെ മനസ്സിലേക്ക്  എത്തിക്കുന്നു. അത് മരവിച്ചുപോയ നമ്മുടെ ഹൃദയവിശാലതയും, സഹാനുഭൂതിയും ആണ്.  ഏതും സെൽഫി ആഘോഷമാക്കുന്ന വർത്തമാനകാലത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു .

മധുവിന്റെ മരണം വിശപ്പുമായി ബന്ധപ്പെട്ടാണ്. ഭക്ഷ്യവസ്‌തുക്കൾ മോഷ്‌ടിച്ചുവെന്നാരോപിച്ചാണ് ഒരു സംഘം മധുവിനെ മർദ്ധിക്കുന്നത്. മർദ്ധനം ശക്‌തമായതോടെ മധു മരണപ്പെടുകയായിരുന്നു. അട്ടപ്പാടിയുടെ വിശപ്പ്, അല്ലെങ്കിൽ ആദിവാസിയുടെ വിശപ്പ് നാം എറെ നാൾ ചർച്ച ചെയ്‌ത ഒന്നാണ്. പോഷകാഹാരക്കുറവും പട്ടിണിയും മൂലം നിരവധി മരണങ്ങൾ അട്ടപ്പാടിയിൽ നടന്നിട്ടുണ്ട്. പുറത്തറിഞ്ഞതും അറിയാത്തതുമായ നിരവധിപേർ. പുറത്തിറഞ്ഞവരുടെ എണ്ണത്തിലെ അവ്യക്‌തത ഇന്നും നിലനിൽക്കുന്നു. ഇത്തരം മരണങ്ങൾ അട്ടപ്പാടിയിൽ ഒരു യാഥാർത്ഥ്യമാണ് എന്നത് വലിയ ഒരു സത്യമാണ് .

അട്ടപ്പാടിയിൽ അഗളി, പുതൂർ, ഷോളയൂർ എന്നിങ്ങനെ 3 പഞ്ചായത്തുകളാണ് ഉള്ളത്. ഇവിടങ്ങളിൽ 192 ഊരുകളിലായി ഏകദേശം 30000 ൽ പരം ആദിമജനവിഭാഗങ്ങളാണ് ഇപ്പോൾ ഉള്ളതായി കണക്കാക്കപ്പെടുന്നത്. ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും ഇവർ. ഇവരുടെ ക്ഷേമത്തിനായി പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പട്ടികജാതിക്ഷേമ വകുപ്പ്, ഭക്ഷ്യവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ്,ആരോഗ്യ വകുപ്പ്, കൃഷി – വനം വകുപ്പുകൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകൾ വഴിയാണ് പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. ഒപ്പം ത്രിതല പഞ്ചായത്തുകളും ഇവിടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. വർഷങ്ങളായി ഇവയെല്ലാം നടന്നിട്ടും അംഗസംഖ്യ കുറഞ്ഞു വരുന്ന ആദിവാസികൾ ഉന്നമനത്തിലെത്തുന്നില്ല?ആഹാരമില്ലാതെയും, പോഷകാഹാരമില്ലാതെയും മരിക്കുന്നു? ഈ ചോദ്യങ്ങൾ ഇന്നും പ്രസക്‌തമല്ലേ? മധുവിന്റെ മരണവും ഈ ചോദ്യം ചോദിക്കുന്നില്ലേ? ഇതിന് പ്രധാനമായും 2 കാരണങ്ങളാണ് എന്ന് പറയാം.  ഒന്ന്, കിട്ടുന്നവന് കിട്ടിക്കൊണ്ടേയിരിക്കുന്നു. കിട്ടാത്തവന് എന്നും ഒന്നും കിട്ടുന്നേയില്ല. ഇതാണ് മിക്കപ്പോഴും സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നത് പ്രധാനമായും വിവിധ വകുപ്പുകൾ വഴി നടക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്‌മ കൊണ്ടാണ്. കൃത്യമായ ആസൂത്രണവും, ഏകോപനവും ഇവിടുത്തെ പ്രവർത്തനങ്ങളിൽ ആവശ്യമാണ്. ഒപ്പം ഓരോ പ്രവർത്തനങ്ങളും സമയാസമയങ്ങളിൽ വിലയിരുത്തപ്പെടുകയും വേണം എങ്കിൽ മാത്രമേ  ഇവ ആദിവാസികൾക്ക് ഗുണപ്രദമാവുകയുള്ളൂ .

രണ്ടാമത്തെ കാരണം, ആദിവാസികളുടെ തനത് സംസ്‌ക്കാരവും, ഭക്ഷ്യ വ്യവസ്ഥയും ഇല്ലാതാവുന്നു എന്നതാണ്. ആദിവാസിക്ക് അവന്റെ സ്വത്വം നഷ്‌ടപ്പെടുന്നു. ഇത് വലിയ പ്രശ്‌നമാണ്. ഗോത്ര സംസ്ക്കാരത്തിൽ നിന്ന് മാറ്റി അവനെ ആധുനികവൽക്കരിക്കുവാന്ന് നാം ശ്രമിക്കുന്നത്. ഇത് സത്യത്തിൽ ഈ വിഭാഗത്തെ പൂർണ്ണമായും ഇല്ലാതാക്കപ്പെടുന്നതിലേക്കായിരിക്കും എത്തുക. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗത്തിന് അവരുടേതായ ഒരു തനത് ഭക്ഷ്യ സംസ്‌ക്കാരം നിലനിന്നിരുന്നു. സ്വന്തം കൃഷിയിടങ്ങളിൽ റാഗി, ചാമ, തിന തുടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ കാലാകാലങ്ങളിൽ കൃഷി ചെയ്‌തും  കന്നുകാലികളെ വളർത്തിയും ജീവിച്ചിരുന്നവരായിരുന്നു അവർ. പിൽക്കാലത്ത് അവരുടെ ഭൂമി നഷ്‌ടപ്പെടുകയും തനത് കൃഷികൾ ഇല്ലാതാവുകയും ചെയ്‌തു. പല വിധ കൈയ്യേറ്റങ്ങളും തട്ടിയെടുക്കലുകളും ആണ് ആദിവാസികളുടെ ഭൂമി നഷ്‌ടപ്പെടുവാൻ പ്രധാന കാരണം. ആയിരത്തോളും കേസുകൾ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. അറിയപ്പെടാതെ പോയവ അതിലേറെയുണ്ട്. ഇവ തിരിച്ചുപിടിച്ച് അർഹതപ്പെട്ടവർക്ക് നൽകുവാൻ ഇനിയും സാധിച്ചിട്ടില്ല. 2500 ഏക്കറിലധികം വരുന്ന ഇവിടുത്തെ വനഭൂമിയിൽ നിന്നൊരു ഭാഗം കൃഷിക്കായി ആദിവാസികൾക്ക് നൽകുവാനുള്ള നീക്കവും എങ്ങുമെത്തിയില്ല .

കൃത്യമായ ഏകോപനത്തിലൂടേയും, മോണിറ്ററിഗിലൂടേയും ഉള്ള ആദിവാസി ക്ഷേമ പദ്ധതികളുടെ നടത്തിപ്പും, നഷ്‌ടപ്പെട്ട കൃഷിഭൂമി വീണ്ടെടുത്ത് നൽകി തനത് ഭക്ഷ്യ സംസ്ക്കാരം വീണ്ടെടുക്കുവാനുള്ള സഹായങ്ങളും മാത്രം മതി അട്ടപ്പാടിയിലെ ആദിവാസി സ്വയം പര്യാപ്‌തനാവാൻ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account