ഒരു നഗരം അതിന്റെ ചരിത്രം സഞ്ചാരികൾക്കായി തുറന്നു വച്ചിരിക്കുന്നു. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിൽ നിന്നും നൂറ്റമ്പതു കിലോമീറ്റർ മാറിയാണ് ഈ ലോക പൈതൃക നഗരം സ്ഥിതി ചെയ്യുന്നത്. ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദർശിക്കുന്നത്. വാരാന്ത്യങ്ങളിലാകട്ടെ ഇത് പതിനായിരങ്ങൾ കവിയും. സിങ്കപ്പൂരിൽ നിന്നുള്ള സഞ്ചാരികളാണ് ഈ തിരക്കിന് പുറകിൽ.

1511 ൽ പോർച്ചുഗീസുകാർ പിടിച്ചെടുക്കുന്നത് വരെ മലയ് സുൽത്താന്മാരുടെ ആസ്ഥാനമായിരുന്നു ഈ കൊച്ചു പട്ടണം. ഒറാങ് ലോണ്ട് എന്ന മുക്കുവ ഗോത്രം വസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു മലാക്ക. 1377 ൽ സിങ്കപുര രാജാവായ പരമേശ്വരയാണ് തന്റെ തലസ്ഥാനമായി ഈ പട്ടണം സ്ഥാപിച്ചത്. മലാക്ക എന്നാൽ നെല്ലി എന്നാണർഥം.

നായാട്ടിനിറങ്ങിയ ഇദ്ദേഹം ഒരു നെല്ലിമരത്തിന്റെ തണലിൽ വിശ്രമിക്കുകയായിരുന്നു. തത്‌സമയം അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ച ഒരു സംഭവം അരങ്ങേറുകയുണ്ടായി. തന്റെ വേട്ടനായുടെ ആക്രമണത്തിൽനിന്നും രക്ഷ നേടുന്നതിനായി ഒരു ‘മൗസ് ഡിയർ’ (കൂര മാൻ എന്ന് മലയാളത്തിൽ പറയുന്ന മാൻ വർഗ്ഗത്തിൽ പെടാത്ത) എന്ന ഒരു ചെറിയ ജീവി ആ നായയെ തള്ളി വെള്ളത്തിലിടുന്ന കാഴ്ച്ചയായിരുന്നു അത്. ആ കൊച്ചുമൃഗത്തിന്റെ ധൈര്യത്തിൽ ആകൃഷ്‌ടനായ അദ്ദേഹം അത് ശുഭകരമായ ഒരു ലക്ഷണമായി കാണുകയും അവിടെ തന്റെ തലസ്ഥാനം നിർമ്മിക്കുകയും ചെയ്‌തു. അതിനദ്ദേഹം നൽകിയ പേര് തനിക്കു തണൽ നൽകിയ നെല്ലിയുടേതായിരുന്നു എന്ന് കഥ.

1200 പേരടങ്ങുന്ന നാവിക സൈന്യവുമായി ഗോവയിൽ നിന്നെത്തിയ പോർച്ചുഗീസ് ജനറൽ ആയിരുന്ന അൽഫോൻസോ ഡി ആൽബിക്യുർ 1511 ൽ ഈ പട്ടണം പിടിച്ചെടുക്കുകയും ഒരു പോർച്ചുഗീസ് കോട്ട നിർമ്മിക്കുകയും ചെയ്‌തു. 1641 ൽ ഡച്ചുകാർ ഈ പട്ടണം പിടിച്ചെടുക്കുന്നത് വരെ മലാക്ക ഒരു വ്യാപാരകേന്ദ്രവുമായിരുന്നു. തുറമുഖത്തോടു ചേർന്നാണ് ഈ നഗരം എന്നത് വ്യാപാരപ്രവർത്തനങ്ങൾ സുഗമമാക്കിയിരുന്നു. എന്നാൽ ഡച്ചുകാർക്കു മലാക്കയെ ഒരു വ്യാപാരകേന്ദ്രമാക്കുന്നതിൽ വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. ഇൻഡൊന്വേഷ്യയിലെ ജക്കാർത്ത ആയിരുന്നു അവരുടെ പ്രമുഖ വാണിജ്യ കേന്ദ്രം.

ഇന്ന് സംരക്ഷിച്ചു നിറുത്തിയിരിക്കുന്ന സ്റ്റാഡ്ത്യുസ് (Stadthuys) നിർമ്മിച്ചത് ഡച്ചുകാരായിരുന്നു. സ്റ്റാഡ്ത്യുസ് എന്ന ഡച്ചു വാക്കിന്റെ അർഥം സിറ്റി ഹാൾ എന്നാണ്. ഇന്നത്തെ മലാക്കയുടെ ഹൃദയ ഭാഗത്തു തന്നെയാണ് ഇതിന്റെ സ്ഥാനം. ‘ചുവന്ന ചതുരം’ എന്നറിയപ്പെടുന്ന ഈ നഗര ചതുരത്തിൽ മിക്ക കെട്ടിടങ്ങളും ചുവപ്പു നിറത്തിലാണ്. ഇവിടെ ഒരു ക്ലോക്ക് ടവറും ഒരു പള്ളിയും പ്രധാനാകർഷണങ്ങളായി നിലകൊള്ളുന്നു.

ഇൻഡൊന്വേഷ്യയിൽ കച്ചവടക്കണ്ണുണ്ടായിരുന്ന ഡച്ചുകാർ ഈ പട്ടണം സുമാത്രയിലെ ബംകൂളിനുമായി കൈമാറ്റം നടത്തുകയും തന്മൂലം മലാക്ക ഒരു ബ്രിട്ടീഷ് കോളനി ആയി മാറുകയുമുണ്ടായി. 1824 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ആയിരുന്നു ഈ കരാർ നടത്തിയത്. തുടർന്ന് ക്രൗൺ കോളനി എന്നറിയപ്പെട്ടിരുന്ന ഈ പട്ടണം രണ്ടാം ലോക മഹായുദ്ധ കാലത്ത് 1942 മുതൽ 1945 വരെ ജപ്പാന്റെ ഭരണത്തിലുമായിരുന്നു.

ഇത്തരത്തിൽ പല സാംസ്‌കാരിക വൈവിധ്യങ്ങളിലൂടെ കടന്നു വന്ന ഒരു ചരിത്ര സ്‌മാരകം എന്ന നിലയിൽ 2008 മുതൽ യുനെസ്‌കോയുടെ ലോക പൈതൃക നഗരപ്പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്നു. ടൂറിസം ആണ് ഇന്ന് മലാക്കയുടെ മുഖമുദ്ര.

എ ഫാമോസ കോട്ടയാണ് ഇവിടത്തെ ഒരു പ്രധാന ആകർഷണം. ‘ദി ഫേമസ്’ എന്നാണ് ഈ പോർച്ചുഗീസ് വാക്കിന്റെ അർഥം. ഇന്ന് തെക്കു കിഴക്കൻ ഏഷ്യയിൽ അവശേഷിക്കുന്ന ഏറ്റവും പഴയ യുറോപ്യൻ നിർമ്മിതി എന്നതാണ് ഇതിന്റെ പ്രാധാന്യം. പോർട്ട ഡി സാന്റിയാഗോ എന്ന ഒരു ചെറിയ കവാടം മാത്രമാണ് ഇന്നിവിടെ ഈ കോട്ടയുടെ ഭാഗമായി അവശേഷിച്ചിട്ടുള്ളത്.

ഈ കോട്ടകവാടത്തിനു മുകളിലുള്ള ഒരു ചെറിയ കുന്നിൻ പുറത്താണ് ഇവിടത്തെ മറ്റൊരു പ്രധാന ചരിത്ര നിർമ്മിതിയുള്ളത്. 1521 ൽ പണി കഴിപ്പിച്ച വിശുദ്ധ പൗലോസിന്റെ പള്ളിയുടെ ഭാഗങ്ങളാണത്. തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പള്ളിയും കൂടിയാണിത്. കന്യാമറിയത്തിനു വേണ്ടിയായിരുന്നു ഈ പള്ളി നിർമ്മിക്കപ്പെട്ടത് നോസാ സെൻഹോറ ഡാ അനൂൻസിയാദ (ഔർ ലേഡി ഓഫ് അനൂൻസിയാദ) എന്നായിരുന്നു ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. തെക്കൻ ചൈനാക്കടലിൽ നിന്നും രക്ഷപെട്ട ഡോറത്തി കൊളോ എന്നയാളാണ് മാതാവിനായി ഈ പള്ളി നിർമ്മിച്ചത്. 1641 ൽ ആണ് പള്ളിയുടെ പേര് സെയ്ന്റ് പോൾ പള്ളി എന്നാക്കിയത്. ധാരാളം ലിഖിതങ്ങൾ രേഖപ്പെടുത്തിയ തകിടുകൾ ഇവിടെയുണ്ട്. ഇത് ചരിത്രാന്വേഷികളുടെ ഒരു പറുദീസ തന്നെയാണ്.

സ്റ്റാഡ്ത്യുസ്, എ ഫാമോസ, സെയിന്റ് പോൾസ് ചർച്ച് എന്നിവയാണ് മലാക്കയിലെ പ്രധാന ചരിത്ര സ്‌മാരകങ്ങളെങ്കിലും ചരിത്രാന്വേഷികൾക്കു വേണ്ടി മലാക്ക തുറന്നു വച്ചിരിക്കുന്നത് എണ്ണിയാൽ തീരാത്തത്ര മ്യുസിയങ്ങളാണ്. ഇത്രയധികം മ്യൂസിയങ്ങളുള്ള മറ്റൊരു നഗരവും ഞാൻ കണ്ടിട്ടില്ല. ഇതെല്ലാം പൂർണ്ണമായും കണ്ടെടുക്കണമെങ്കിൽ ദിവസങ്ങൾ തന്നെയെടുക്കും. മ്യൂസിയങ്ങളുടെ നിയന്ത്രണങ്ങൾക്കായി മലാക്ക മ്യൂസിയം കോർപ്പൊറേഷൻ എന്ന പേരിൽ ഒരു സ്ഥാപനം തന്നെ ഇവിടെയുണ്ട്.

വൃത്തിയുടെ കാര്യത്തിൽ മലാക്കയോട് കിടപിടിക്കാൻ ചുരുക്കം നഗരങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നെനിക്കു തോന്നുന്നു. ഇതും വിനോദ സഞ്ചാര വ്യവസായത്തിന് ഈ നഗരത്തെ സഹായിക്കുന്നുണ്ട് എന്ന് നിസംശയം പറയാം.

ചൈനാ ടൗണിലെ ജോങ്കർ വാക് എന്ന രാത്രികാല ചന്ത കാണേണ്ടത് തന്നെയാണ്. ആയിരക്കണക്കിന് ആളുകളാണ് രാത്രികാല ജീവിതം ആസ്വദിക്കുന്നതിനും വ്യാപാരം നടത്തുന്നതിനും തെരുവോര ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനും ദിനം പ്രതി ഇവിടെ എത്തുന്നത്.

മലാക്ക നഗരത്തെ രണ്ടായി മുറിച്ചുകൊണ്ടൊഴുകുന്ന മലാക്ക നദിയും അതിലൂടെയുള്ള ബോട്ട് യാത്രയും ഏതു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും.

ഡോ സുനീത് മാത്യു

5 Comments
 1. Dr Dhyana 2 years ago

  Gud writing doctor

 2. Vipin 2 years ago

  Nice travelogue…

 3. Anil 2 years ago

  Nice note

 4. Aravind 2 years ago

  Good read.

 5. Nishi Suresh 8 months ago

  നല്ല ഒരു യാത്ര വിവരണം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account