കവിത ഒറ്റപ്പെടാനുള്ളതാണ്. ഒറ്റക്കൊറ്റക്ക് നിൽക്കാൻ ശേഷിയുള്ളപ്പോൾ മാത്രമാണ് കവിതക്ക് അതിജീവിക്കാൻ കഴിയുക. ഒരേ പ്രോട്ടോ ടൈപ്പിൽ വാർത്തെടുക്കേണ്ടവയല്ല കവിതകൾ എന്ന് എന്തുകൊണ്ടോ നമ്മുടെ കവികൾ മറന്നു പോകുന്നു. എന്നു മാത്രമല്ല, വായനക്കാരനെ ഒറ്റപ്പെടുത്താനുള്ള ശേഷിയും വർത്തമാന (കാല) കവിതകൾക്ക് അശേഷമില്ല. അതുകൊണ്ടാണ് അവ കേവലം ആൾക്കൂട്ട നിലവിളികളായിത്തീർന്നു പോകുന്നത്. കവികളുടെയും കവിതകളുടേയും ആധിക്യം കവിതയുടെ നിലവാരത്തകർച്ചക്ക് പ്രധാന കാരണം തന്നെയാണ്. ആരെഴുതണം, എഴുതിക്കൂടാ എന്ന് നിർദ്ദേശിക്കാനുള്ള അവകാശം പൊതു സമൂഹത്തിനില്ല എന്നത് വാസ്‌തവമാണെങ്കിലും ചിലപ്പോഴൊക്കെ അത്തരമൊരു നിയന്ത്രണമുണ്ടായിരുന്നെങ്കിലെന്ന് തോന്നും വിധം അരോചകമാണ് മലയാള കാവ്യലോകം. മറ്റൊരാളെയും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെ, സാമൂഹ്യവും രാഷ്‌ട്രീയവുമായ ചലനാവസ്ഥകളെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ വായാടിത്തവും താൻപോരിമയും മാത്രം കൈമുതലായുള്ള കൂപമണ്ഡൂകങ്ങൾ കാവ്യലോകത്തിന്റെ മേൽക്കൈ നേടുന്നത് മിക്കപ്പോഴും ശബ്‌ദ കോലാഹലങ്ങൾ സൃഷ്‌ടിച്ചാണ്. പക്ഷേ ഈ ബഹളത്തിനിടയിൽ നമുക്ക് എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന പ്രതിഭകളെ നഷ്‌ടമാകുന്നു എന്നതാണ് സങ്കടകരം. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഈ അരാജകത്വം അച്ചടി മാധ്യമങ്ങളേയും ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് പല മാസികകളും സാക്ഷ്യപ്പെടുത്തുന്നു.

വാരഫലം

കറുപ്പും വെളുപ്പും ഉള്ളവനും ഇല്ലാത്തവനും അടിയോനും ഉടയോനും കറുത്ത വറ്റും വെളുത്ത വറ്റും എല്ലാം കൂടി എത്ര സങ്കീർണമായാണ് സംസ്‌കാരത്തെ അപനിർമിക്കുന്നത് എന്ന് ആശ്ചര്യപ്പെടാനും ആകുലപ്പെടാനും വായനക്കാരനെ ആഹ്വാനം ചെയ്യുന്നു രാവുണ്ണിയുടെ കറുത്തവറ്റേ കറുത്തവറ്റേ എന്ന കവിത (മാതൃഭൂമി ജൂലായ് 28). എന്തമ്മേ കാള്യമ്മേ നീ കറുത്തു? നേരും വെയിലും തെറിയും കൊണ്ടു, എങ്ങൾ കരിഞ്ഞു കറുത്തോരല്ലോ, എങ്ങൾ വെറുത്തു കറുത്തോരല്ലോ.. എന്ന് കറുത്തവർ വിലപിക്കുന്നു. കറുപ്പും വെളുപ്പും തമ്മിലുള്ളത് നിതാന്തമായ സംഘർഷമാണല്ലോ എന്ന് കാവ്യനീതി സാക്ഷ്യപ്പെടുത്തുന്നു. നേർ മുഖം കാട്ടും കറുത്ത വറ്റേ, ഉള്ളം തുറന്ന കറുത്ത വറ്റേ, മണ്ണിന്നടിയിലെങ്ങാനുമുണ്ടോ നിന്നെപ്പെറ്റിട്ട കറുത്ത പാട്ട്; എന്ന് കവിത കലാശിക്കുന്നു. ദിവസേന മൂന്നു നേരം കവിതയെഴുതുന്ന സ്വയം പ്രഖ്യാപിത കവിക്കൂട്ടങ്ങൾ ഈ കവിതയൊന്നു വായിക്കുന്നതു നന്നാവും. ലോപയുടെ വിഷ്‌ണുനാരായണൻ നമ്പൂതിരിക്ക് സമർപ്പിച്ച മറക്കുമ്പോൾ എന്ന കവിത മനോഹര പദങ്ങളാൽ സമ്പന്നമാണ്. എം.എസ് ബനേഷിന്റെ വീടൊരുക്കം ദ്വന്ദമുഖിയായ ജീവിതത്തോടുള്ള സമരസപ്പെടലാണ്. വീടൊരുക്കും സൂചിമുഖിയെ നോക്കി നോക്കിയിരിക്കുന്നു വീടില്ലാത്തൊരുവൻ വാടക വീടിൻ ചാരുകസേരയിൽ എന്നു തുടങ്ങി  കാട്ടാവാടക വാങ്ങുവാൻ പടി തളളി വരുന്നുണ്ട് എന്റെ ജീവന്റെ ത്രിശങ്കുവിൽ ഒരു കഴുകന്റെ ചിറകടി എന്നു പര്യവസാനിക്കുന്നു. എത്രമേലനിശ്ചിതം ജീവിതം എന്ന് വായനക്കാരന് ഒരു നെടുവീർപ്പ് ബാക്കി നൽകാൻ ബനേഷിന് കഴിയുന്നു.

ദേശാഭിമാനിയിൽ (ജൂലൈ 28) കെ .ടി .രാജീവ് എഴുതിയ അഗ്നിയേക്കാൾ എന്ന കവിത അഗ്നിയേക്കാൾ നാശകാരികളായ മറ്റു ചിലതിനെ അഭിസംബോധന ചെയ്യുന്നു. അഗ്നിസാക്ഷിയായ് പണിഗ്രഹണം ചെയ്‌ത മിഥിലാധിപൻ അഗ്നിയിൽ തന്നെ പാതിവ്രത്യം സ്ഫുടം ചെയ്യാനാണ് സീതയോട് നിർദ്ദേശിച്ചത്‌. ഒടുവിൽ അതേ അഗ്നിയിൽ സ്വയം ദഹിച്ചവൾ അഗ്നിയേക്കാൾ തീവ്രതയുള്ളവളായി. നല്ല കവിതയാണ് കെ.ടി. രാജീവിന്റേത്. ജലീൽ വേങ്ങേരിയുടെ ആദ്യമായ് ഒരാളെ കാണുമ്പോൾ അവസാനത്തെ നാലുവരിയിൽ മാത്രം കവിതയാണ്. ആദ്യമായ് ഒരാളെ കാണുമ്പോൾ ആദ്യമായെന്നെ വീണ്ടും കാണുന്ന പോലെ ഒരു തോന്നൽ എന്നാണ് ആ വരികൾ. അമിതാഖ്യാനത്തിന്റെ പിടിയിൽ നിന്ന് ജലീൽ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.

മാധ്യമത്തിൽ (ജൂലൈ  29) രണ്ടു കവിതകളുണ്ട്. അമൃത കേളകം എഴുതിയ നിശ്ശബ്ദത പാലിക്കുക എന്ന കവിത അതിന്റെ ഭാഷ കൊണ്ട് (മാത്രം) ശ്രദ്ധേയമാണ്. നിശ്ശബ്‌ദമായി കാലത്തിന്റെ ഭാണ്ഡത്തിൽ കയറി എങ്ങോട്ടേക്കോ നഷ്‌ടപ്പെട്ടു പോകുന്ന ഗതകാലത്തെക്കുറിച്ചുള്ള പതിവു നൊസ്റ്റാൾജിയ തന്നെയാണ് അമൃതയുടേയും കാവ്യവസ്‌തു. ഗൃഹാതുരത്വത്തെക്കുറിച്ച് ഇനിയും വിലപിക്കുന്നതിൽ കാര്യമെന്താണുള്ളതെന്ന് കവികൾ ചിന്തിച്ചു തുടങ്ങണം. സന്ധ്യ എൻ പി എഴുതിയ മഞ്ഞ എന്ന ആഖ്യാനം കവിതയിലെത്താൻ ദൂരമേറെയുണ്ട്. കവിതയുടെ സൗന്ദര്യ ശാസ്‌ത്രത്തിൽ മിനിമം ജ്ഞാനമെങ്കിലും നേടാൻ സന്ധ്യ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാംപസ് കവിതയിൽ ഗണേഷ് പുത്തൂരിന്റെ ഖബറിൽ നിന്നയാൾ നക്ഷത്രങ്ങളെ നോക്കുന്നു എന്ന കവിത തുടങ്ങുന്നത് ഹൃദയം അവസാനമായി മിടിച്ചതിനു ശേഷം നൂറ്റാണ്ടുകൾ നിശ്ശബ്‌ദമായി കടന്നു പോയി എന്നാണ്. അപ്രകാരമാണ് കവി തന്റെ പ്രമേയത്തിലെ കാലത്തിന്റെ ബാധ്യതയെ അതിജീവിക്കുന്നത്. ഗണേഷിൽ നിന്ന് നല്ല കവിതകൾ ഇനിയും നമുക്ക് പ്രതീക്ഷിക്കാം. അതേ സമയം അഞ്ജന വിജയന് കവിത പ്രണയത്തെക്കുറിച്ചെഴുതാനുള്ള ഉപകരണമാണ്. പ്രണയത്തിൽ അസാധാരാണമായി യാതൊന്നുമില്ല എന്ന് എന്നെങ്കിലും കവി തിരിച്ചറിയുമായിരിക്കും.

മലയാളം വാരികയിൽ (ജൂലൈ 29) ബിജോയ് ചന്ദ്രന്റെ മൊട്ട കാണുന്നില്ലേ, അങ്ങിങ്ങ് തലനീട്ടുന്ന പച്ചയുടെ ചില വിത്തുകൾ, പുതിയ ചില ഉപ ദ്വീപുകൾ എന്ന് അവസാനിക്കുന്നു. വേനലിൽ മൊട്ടയാക്കപ്പെടുന്നതോ മൊട്ടയാകുമ്പോൾ വേനലാവുന്നതോ എന്ന് വ്യവഛേദിക്കാനാവാത്ത സങ്കീർണത മൊട്ട നൽകുന്നുണ്ട്. നല്ല കവിതയാണ് മൊട്ട.

കാവാലം നാരായണപ്പണിക്കരോടുള്ള ആദരവാണ് ജി.സുധാകരൻ കാവാല സംഗീതം എന്ന കവിതയിൽ പ്രകടമാക്കുന്നത് ( കലാകൗമുദി ജൂലൈ 28). നമ്മെ നാമാക്കുന്ന വിശ്വപ്രതിഭതൻ കൈവിരൽ തീർത്ത സംഗീതം, ആശങ്കാ സങ്കുലം, ആത്‌മനിഷേധമാം കാലത്തെ താണ്ടി മുന്നേറാൻ പാരിൽ മനുജർക്കു മുന്നോട്ടു പോകുവാൻ പാത കാട്ടും കൃഷിഗീതം എന്ന് കവി കാവാലത്തെ അനുസ്‌മരിക്കുന്നു. ജി ഹരി നീലഗിരി എഴുതിയ ആമി എന്നു പേരുള്ള ഒരുമ്മ മാധവിക്കുട്ടിയെക്കുറിച്ചാണ്. എത്ര പറഞ്ഞാലും തീരാത്ത കാവ്യമായി കമല ഇപ്പോഴും ജീവിച്ചിരിക്കുന്നു. മൃതിയുടെ തീരങ്ങളിൽ ഭിഷഗ്വരൻമാരില്ല, പ്രണയ തീരങ്ങളിലും അവരില്ല എന്ന് കവി കമലയെ ഓർമിപ്പിക്കുന്നു. പിന്നെയുമുണ്ട് പത്ത് കവിതകൾ. അവയൊക്കെ എന്നെങ്കിലും കവിതയാകുമെന്ന് പ്രതീക്ഷിക്കുന്നു.

സൈബർ വാരഫലം

സൈബർ ലോകത്ത് വിചിത്ര ഗംഭീരമായ കവിതകൾ എഴുതുന്ന ഒരാളാണ് ജയദേവ് നായനാർ (Jayadev Nayanar). ഒരു കവിതയെ രാവിലെ ഫയറിംഗ് റേഞ്ചിലെത്തിച്ച് വെടി വച്ചിടേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഒരു കവിത ആരംഭിക്കുന്നത്. പോയന്റ് ബ്ലാങ്കിൽ കവിതയിലേക്ക് നിറയൊഴിക്കുമ്പോൾ എന്തുകൊണ്ടോ നിറയൊഴിയുന്നുണ്ടായിരുന്നില്ല. എന്ന് കവിത അവസാനിക്കുകയും ചെയ്യും. നിന്റെ ഉടലിലെ ഇനിയുമണയാത്ത ചിതകളിലൊന്ന് എന്റേതാണ്… മഴയിൽ പേരെഴുതിക്കാൻ  ഇരിക്കുന്നുണ്ടൊരാൾ കരിക്കൺ മഷിക്കറുപ്പത്രയും പടർന്നൊരു മഴക്ക് നിന്റെ പേരെഴുതിക്കും എന്നിങ്ങനെ മറ്റൊരാൾക്കും സാധിക്കാത്ത ഭാഷയിലാണ് ജയദേവ് എഴുതുന്നത്. മലയാള സാഹിത്യത്തിൽ ഇങ്ങനെയൊരു ഭാഷ നമ്മളിനി കാണാനിടയില്ല.

ഇഷീക യിൽ ഈ ആഴ്ച്ചയിലെ മികച്ച കവിത അനീസ് ഹസ്സന്റെ യാന്ത്രിക കവിതയുടെ ചേരുവകൾ തന്നെയാണ്. എന്തിനെയും കവിതയാക്കാൻ പാകത്തിലുള്ള ഒരു യന്ത്രമുണ്ടെങ്കിൽ നന്നായേനെ.. എന്നാണ് കവി വിചാരിക്കുന്നത്. എന്തിനേയുമേതിനേയും ആ യന്ത്രം കവിതയാക്കുമായിരിക്കും.  ധ്വനി സാന്ദ്രതയാണ് അനീസിന്റെ കവിതകളുടെ പ്രത്യേകത. പുതിയ കവികളിൽ കാണുന്ന അതി വാചാലത ഒട്ടുമില്ലെന്നതും ശ്രദ്ധേയമാണ്. ദേവീപ്രസാദ് പീടിയ്ക്കൽ എഴുതിയ അയനാന്തം, ഭൂമി അവസാനിക്കുന്നിടത്ത് ഒരു ഉഷ്‌ണമേഖലക്കാടുണ്ടാകും എന്ന പ്രതീക്ഷയിലാണ് തുടങ്ങുന്നത്. ഇരുകര മുട്ടിയൊഴുകിയിരുന്ന പുഴയുടെ വരണ്ട പൊക്കിൾച്ചുഴിയിൽ നിന്ന് ഒരു കുമ്പിൾ വെള്ളം കുടിക്കണം. ഒടുവിൽ എല്ലാം മറന്നു പോയെന്ന് പറഞ്ഞ് അവളെ ചേർത്തു നിർത്തി ഒന്നു ചുംബിക്കണം. കവിത ഉൾക്കൊള്ളുന്ന ഭ്രമാത്‌മകത മനോഹരമാണ്. കവിതയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾക്ക് ആയുസു കൂട്ടുന്നുണ്ട് ഈ കവി. ജയൻ കെ.സി യുടെ ത്രിശൂലം ഒരു കലാപകാല പ്രബന്ധം മികച്ചൊരു രാഷ്‌ട്രീയ കവിതയാണ്. നിരന്തരം ആവർത്തിക്കുമ്പോഴും റാം.. റാം.. എന്ന് ജൽപിക്കാതിരിക്കാൻ നാവിനു കഴിയില്ലല്ലോ.

 മനോജ് വീട്ടിക്കാട്

1 Comment
  1. ഇന്ദു 11 months ago

    കവിതകൾ വായിക്കാത്തതിനാൽ വിലയിരുത്തലിലെ ഗുണദോഷങ്ങൾ അതേപടി അംഗീകരിക്കുന്നു ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account