പതിവുകളൊക്കെത്തന്നെയാണ്. കഥയും കവിതയും സാഹിത്യവുമൊക്കെ വല്ലാതെ ആവർത്തന വിരസമാകുന്ന കാലം. ജീവിതത്തിലെ വൈവിധ്യങ്ങൾ നഷ്‌ടപ്പെട്ടു പോയതും നേരനുഭവങ്ങളേക്കാൾ വ്യാജ അനുഭവങ്ങൾ കൂടുതലായതുമൊക്കെ എഴുത്തിന്റെ ഏകതാനതക്ക് കാരണമാകുന്നുണ്ടാവാം. എനിക്കു കൊതി നിൻവാലിൻ രോമം കൊണ്ടൊരു മോതിരം എന്ന് മോഹിപ്പിച്ച് ആറ്റൂർ  വിട പറഞ്ഞ വാരം കൂടിയാണ്. വിരസവും വ്യക്‌തിപരവുമായി നിർജീവമായിരുന്ന മലയാള കവിതക്ക് ആധുനികതയുടെ പുത്തനുണർവ് നൽകുകയും കവിതയെ തീക്ഷ്‌ണമായ സമരോപകരണമാക്കി മാറ്റാൻ നിരന്തരം ശ്രമിക്കുകയും ചെയ്‌തു എന്നതാണ് ആറ്റൂരിന്റെ പ്രാധാന്യം. ആറ്റൂർ അരങ്ങൊഴിയുമ്പോൾ ഉണ്ടാകുന്ന ശൂന്യത ശൂന്യത തന്നെയായി അവശേഷിക്കും.

നടന്നു തെളിഞ്ഞ പാരമ്പര്യ വഴികളിൽ നിന്ന് എന്തുകൊണ്ടാണ് സാഹിത്യം, പ്രത്യേകിച്ച് കവിത, മാറി നടക്കാൻ ശ്രമിക്കാത്തത്? നിലപാടുകളില്ലായ്‌മയാണ് ഇതിനു ചൂണ്ടിക്കാണിക്കുവാൻ കഴിയുന്ന ഒരു കാരണം. കവിതയെഴുത്ത് ഒരു സമരമാർഗമായോ പ്രതിരോധ മാർഗമായോ അല്ല മിക്ക കവികളും പരിഗണിക്കുന്നത്. തങ്ങളുടെ മറ്റു ജീവിത പരിസരങ്ങൾക്ക് കോട്ടമൊന്നും തട്ടാതെ കൊണ്ടു നടക്കാൻ കഴിയുന്ന ഒരു ഹോബി എന്നതിനപ്പുറം ജീവനും ജീവിതവും പകരം നൽകാൻ മാത്രം തീവ്രമായ അഭിനിവേശം മിക്കവാറും ആരും തന്നെ കവിതയോട് പുലർത്തുന്നില്ല. വർത്തമാന സാമൂഹ്യ സാഹചര്യങ്ങൾ അത്തരത്തിലുള്ള സമർപ്പണങ്ങൾ ആവശ്യപ്പെടുന്നില്ല എന്നതും യാഥാർഥ്യമാണ്. ആഴത്തിലുള്ള സാംസ്‌കാരിക മൂല്യനിർണയം (cultural evaluation) ആവശ്യപ്പെടുന്ന ഒരവസ്ഥയാണിത്. സമൂഹത്തിന്റെ സാംസ്‌കാരിക നിലപാടുകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഏജൻസി എന്നതിനപ്പുറം സാംസ്‌കാരിക നിർമാണത്തിലെ സജീവ പങ്കാളികൾ എന്ന നിലയിലേക്ക് വളരാൻ പറ്റിയില്ലെങ്കിൽ പിന്നെന്താണ് എഴുത്തുകാരുടെ പ്രസക്‌തി എന്ന ചോദ്യം നേരിട്ടപ്പെടേണ്ടതുണ്ട്. ഇപ്പോഴുള്ള ഇതേ അവസ്ഥയിൽ സുരക്ഷിത ഇടങ്ങളിൽ നിലനിൽക്കാനുള്ള സാധ്യതകൾ ഉറപ്പു വരുത്തിക്കൊണ്ടുള്ള സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഇനിയും വലിയ ദൈർഘ്യമില്ല. സാംസ്‌കാരിക പ്രതിരോധങ്ങളിൽ ഭൗതികമായിത്തന്നെ  ഇടപെടാനും ചെറുത്തു നിൽക്കാനും നാം മണ്ണിലിറങ്ങിയേ പറ്റൂ.

വാരഫലം

ഓഗസ്റ്റ് 11 ലെ മാതൃഭൂമിയിൽ സച്ചിദാനന്ദൻ എഴുതിയ മറവി മൂടും മുന്നേ എന്നൊരു പദ്യമുണ്ട്. കവിയുടെ അമ്പതാം വിവാഹ വാർഷികത്തിൽ അദ്ദേഹം ഭാര്യക്ക് വേണ്ടി എഴുതിയതാണ് ടി. മഹാകാവ്യം. ഭാര്യമാരെക്കുറിച്ചും ജീവിത സഖാക്കൾക്കും വേണ്ടിയും ഒട്ടനവധി കവിതകൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. കണ്ണുനീർത്തുള്ളി എന്ന മഹാകാവ്യം മലയാള കവിതാ ശാഖയിലെ ഒരു അദ്വിതീയ സൃഷ്‌ടിയായി നില നിൽക്കുന്നു. സഫലമീ യാത്രയിൽ രോഗാതുരമായ തന്റെ ദിവസങ്ങളിൽ കൂടെ നിൽക്കുന്ന പത്‌നിയോടുള്ള സ്‌നേഹം പ്രകടപ്പിക്കുന്നു. ഈ കവിതകളൊക്കെയും പക്ഷേ നമുക്കോരോരുത്തർക്കും നമ്മുടെ ജീവിതങ്ങളിലേക്ക് ചേർത്തു നിർത്താൻ കഴിയും പോലെ സാർവിക സ്വഭാവം പുലർത്തുന്നവയാണ്. എന്നാൽ സച്ചിദാനന്ദൻ എഴുതുന്നത് അദ്ദേഹത്തിന്റെ സ്വകാര്യമായ ജീവിതാനുഭവങ്ങളെക്കുറിച്ചാണ്. അതാവട്ടെ പൂർണമായും ഞാൻ ഭാവത്തോട് മാത്രം വിധേയത്വമുള്ളതും. എങ്ങെങ്ങു പോയില്ല നാം, വെനീസിൻ കമാനങ്ങളങ്ങിനെ മഴവില്ലായ് ജലപാത തൻ വാനിൽ! റോമിന്റെ ചാരം വീണ വീഥിയിൽ പ്രതാപിയാം സീസറിൻ രക്‌തം കൊണ്ടു ചുകന്ന വെണ്ണക്കല്ലിൽ എന്നിങ്ങനെ പദ്യം നീളുന്നു. ഇതെന്റേതു കൂടി എന്ന് വായനക്കാരന് തോന്നിക്കുന്ന യാതൊന്നും  ആറു പുറം ദൈർഘ്യമുള്ള ഈ കവിതയിലില്ല. ഈ ലക്കം ആറ്റൂർ പതിപ്പു കൂടിയാണ്. കരിമ്പുഴ രാമചന്ദ്രൻ എഴുതിയ കർക്കടക്കണ്ണീർ, അനുഭൂതി ശ്രീധരൻ എഴുതിയ പേറ് എന്നീ സ്‌മാരണാഞ്ജലികൾ യഥോചിതം ആറ്റൂരിനെ അനുസ്‌മരിക്കുകയും ചെയ്യുന്നുണ്ട്.

പി.പി. രാമചന്ദ്രന്റെ പ്ലാറ്റ്ഫോം ടിക്കറ്റ് (മാതൃഭൂമി ഓഗസ്റ്റ് 4) ചില ഛിന്ന ബിംബങ്ങളുടെ കാഴ്ച്ചയിൽ പ്ലാറ്റ്ഫോമിനെ നിർവചിക്കുന്നു. ഇന്ത്യയുടെ വർത്തമാന രാഷ്‌ട്രീയം ഏറ്റവും നന്നായി പറയാവുന്ന ബിംബം തീവണ്ടിയും തീവണ്ടി സ്റ്റേഷനുമല്ലാതെ മറ്റെന്താണ്. ചുറ്റിലും നടക്കുന്ന കോലാഹലങ്ങളൊന്നുമറിയാതെ ഒരു നായ് കിടന്നുറങ്ങുന്നു. അനുഭവം കൊണ്ട് അതിനു ബോധ്യമുണ്ടായിരിക്കാം മനുഷ്യരോളം മെരുക്കമുള്ള വളർത്തുമൃഗങ്ങൾ വേറെയില്ലെന്ന് എന്ന്  കവിത പറഞ്ഞു വക്കുന്നു. ദേശമംഗലം രാമകൃഷ്‌ണന്റെ താവഴി പതിവുപോലെ നഷ്‌ടസ്‌മൃതികളുടെ  ചാവു പാട്ടാണ്.

ആഗസ്റ്റ് 12 ലക്കം മാധ്യമം ആറ്റൂരിന് പ്രണാമമർപ്പിക്കുന്നു. സച്ചിദാനന്ദന്റെ പ്രൗഡഗംഭീരമായ ഓർമക്കുറിപ്പും പാ. അകിലന്റെ കവിതയും നന്നായി.

റോസി തമ്പിയുടെ പ്രാണന്റെ ഖേദം തീവ്രമായ വായനാനുഭവം പകരുന്ന കവിതയാണ്. പെണ്ണുടൽ വിട്ടു പോകും നേരം പ്രാണൻ കൊതിച്ചു, കാറ്റായ് പിറക്കണം, കാട്ടിലും നാട്ടിലും കരിയിലകളെ തൊട്ടു നടക്കണം എന്നിങ്ങനെ തുടങ്ങി ശ്രീകോവിലിലും പതിനെട്ടാം പടിയിലും ഭയക്കാതെ കയറിയിറങ്ങണം എന്നുംഎന്നിൽ നീയും നിന്നിൽ ഞാനുമായി മണ്ണിലുറങ്ങണം, മൂന്നാംപക്കം ഒന്നിച്ചുണരണം എന്നും മോഹിക്കുന്നു. ശ്രീകുമാർ കരിയാടിന്റെ എപ്പോഴും വൈകുന്നേരം ഒന്നും മാറാതിരുന്നെങ്കില്ലെന്ന് ആഗ്രഹിക്കുന്ന ഒരു പാവം മനുഷ്യനെക്കുറിച്ചുള്ള കവിതയാണ്. വൈകുന്നേരം മാറാതിതുപോൽ കടൽത്തീരമൊക്കെയുമിളം വെട്ടം ചുമപ്പിൽ ചാലിച്ചു കൊണ്ടിവിടെയിതേ പോലെയെപ്പോഴും തുടർന്നെങ്കിൽ എന്ന് കവിത ആഗ്രഹിക്കുന്നു. സുജിത സി.പി എഴുതിയ ഊരിറങ്ങുമ്പോൾ (മാധ്യമം ആഗസ്റ്റ് 5) മനോഹരമായ കവിതയാണ്. വയനാട്ടിൽ നിന്ന് ഊരിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ എന്തു ബാക്കിയാവും എന്ന ചോദ്യമാണ് കവിതയുടെ ആത്‌മാവ്. പ്രാദേശിക പദാവലിയുടേയും ഭാവ സാന്ദ്രതയുടേയും  സുന്ദരമായ ഒരു മഞ്ഞൾക്കുറിക്കൂട്ടാണ് ഈ കവിത. നിഷ നാരായണന്റെ ഗൂഢം എപ്പോഴും പിന്നാലെയുള്ള അവനെക്കുറിച്ച് വേവലാതിപ്പെടുന്നു. ഓരോരുത്തരും പരസ്‌പരം ശത്രുവാകുമ്പോൾ ആര് ആരെ ജയിക്കും എന്നതൊരു വലിയ ചോദ്യമാണ്.

ദേശാഭിമാനി (ആഗസ്റ്റ് 4) യിൽ അസീം താന്നിമൂട് ലിപിയിരമ്പം എന്ന കവിതയെഴുതിയിരിക്കുന്നു. ലിപികളില്ലാതെഴുതി നിരത്തിടും വരികൾ കൊണ്ടാണിനിയുള്ള ജാതകം എന്ന് കവിത പ്രവചനമാകുന്നു. ഭീതിക്കും നടുക്കത്തിനും അല്ലെങ്കിൽ തന്നെ എന്തു ലിപിയാണ് പര്യാപ്‌തമാവുക എന്ന കവിയുടെ ശങ്ക വായനക്കാരെ അസ്വസ്ഥരാക്കും. ആഗസ്റ്റ് 11 ന്റെ ദേശാഭിമാനിയിൽ ശ്രുതി കെ. എസ് എഴുതിയ മരണശേഷം ഒരു സാധാരണ കവിതയാണ്. എങ്കിലും ലാളിത്യം കൊണ്ട് സുന്ദരമാണ്.

കലാകൗമുദിയിൽ  (ആഗസ്റ്റ് 4) ആദിത്യശങ്കർ എഴുതിയ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അപഗ്രഥനാപരമായ വ്യാവസായിക കണക്കുകൾ എന്നൊരു കവിതയുണ്ട്. ഒരു കവി മറ്റൊരു കവിയുടെ കവിത വായിക്കമ്പോൾ ഹിന്ദുസ്ഥാൻ യൂണിലിവർ ബിർലയുടെ ഉൽപ്പന്നത്തെ വിശകലനം ചെയ്യുന്ന രീതി സ്വീകരിക്കാം എന്നാണ് കവി ചിന്തിക്കുന്നത്. കവിതക്ക് വേണ്ടി വരുന്ന മൂലധന നിക്ഷേപത്തിന്റെ കണക്ക് വയ്ക്കണം, വാക്കുകളുടെ നികുതി കൃത്യമായ് എല്ലാ വർഷവുമടക്കേണം.. എന്നും കവിത ആഹ്വാനം ചെയ്യുന്നു. ഈ ലോകത്ത് പെണ്ണുങ്ങൾക്ക് ചാരിത്രദുഃഖമല്ലാതെ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന കവിയാണ് ബഹിയ വി എം. ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും മരണത്തിനു ശേഷവുമെല്ലാം ബഹിയയുടെ സ്‌ത്രീ അവളുടെ ശരീരത്തിന്റെ ശുദ്ധിയെക്കുറിച്ചു മാത്രം ശങ്കിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നു. കവിത മരണ മൊഴി. (കലാകാമുദി ആഗസ്റ്റ് 11) ലോകത്ത് നടക്കുന്ന മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കാതെ ശരീരത്തിൽ മാത്രം അഭിരമിക്കുന്ന ഇത്തരം കവികളോട് സഹതപിക്കാനേ നിർവാഹമുള്ളൂ. ഇസ്‌മയിൽ മേലടിയുടെ കാനനപർവം നല്ലൊരു രാഷ്‌ട്രീയ കവിതയാണ്. ഐ ഡി കാർഡുകളിലാർക്കും പ്രത്യേകം പ്രത്യേകം മുഖം വേണ്ട, എന്ന ഏകതാനതയിലേക്ക് ഒരൊറ്റ ഇന്ത്യയുടെ വക്‌താക്കൾ മാറിക്കഴിയുമ്പോൾ കവിതക്ക് തീ പിടിക്കുന്നു. കാനായി കുഞ്ഞിരാമന്റെ ജന്മ ഭാഷയും തരക്കേടില്ലാത്ത കവിതയാണ് . ഇവക്കു പുറമേ എല്ലാ ലക്കവും കലാകൗമുദി എട്ട് പത്ത് കവിതകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ, അവയിലൊന്നുപോലും കവിതയുടെ നിർവചനത്തിൽ എത്തുന്നില്ല.

സൈബർ വാരഫലം

ഞാനും നീയുമില്ലായെങ്കിലും ഈ പ്രപഞ്ചം രാവെളുക്കുവോളം സ്‌പന്ദിക്കും സ്ഫുരിക്കും, പകൽക്കിനാവുകളിൽ മയങ്ങും! എന്നാലും ഞാനും നീയും ഒന്നും ഇല്ലാതാവുന്നില്ല. എന്ന് മായാ ബാലകൃഷ്‌ണൻ പൂ മീൻ നൃത്തം എന്ന കവിതയിൽ പറയുന്നു. കവിത ഇഷിക ഡിജിറ്റൽ മാഗസിനിൽ ആഗസ്റ്റ് 10ന്. നന്ദിനി രാജീവിന്റെ ജലശിൽപി പ്രൗഡ പദങ്ങൾ കൊണ്ട് സമ്പന്നമാണ്. ഗുപ്‌ത ഭംഗിയും ഗൂഡ സൗന്ദര്യവുമാണ് നന്ദിനിയുടെ കവിതകളുടെ മുഖമുദ്ര. വേറിട്ട സ്വഭാവം പുലർത്തുന്ന കവിതകൾ ഇനിയും എഴുതുവാൻ സാധിക്കട്ടെ. നിഖിൽ തങ്കപ്പൻ എഴുതിയ മലയിറങ്ങുമ്പോൾ ജീവിതമെന്ന തുടർച്ചയെ പ്രശ്‌നവൽക്കരിക്കുന്നു. ഇടക്കു കയറുകയും ഇടക്കെപ്പോഴോ ഇറങ്ങിപ്പോകുകയും ചെയ്യുന്ന നമ്മളെന്തറിയുന്നു. നല്ല കവിതയാണ് നിഖിലിന്റേത്.ഇ ഷിക ഓരോ ലക്കവും നല്ല വായന തരുന്നുണ്ട്.

ആഴ്ച്ചപ്പതിപ്പിന്റെ ലക്കം 88 ൽ സി.എസ് രാജേഷിന്റെ ഹോം വർക്ക് എന്ന കവിത പരുന്തിന് കോഴിക്കുഞ്ഞിലേക്കുള്ള വഴി കാണിച്ചു കൊടുക്കുമോന്ന് ചോദിക്കുന്ന സ്‌കൂളിൽ നിന്നു വന്നവളെ പരിചയപ്പെടുത്തുന്നു.എന്നിട്ട് കവി ലോകത്തങ്ങിങ്ങുള്ള കുട്ടിച്ചാവേറുകളെയോർക്കുകയും ചെയ്‌തു. ഡി യേശുദാസിന്റെ ആ നടന്നു നീങ്ങുന്ന കടുവയും നല്ല കവിതയാണ്. കടുവ ജീവിക്കുന്ന കാട് എന്നെപ്പോലെ ഏകാന്തതയെ പോറ്റുന്ന ഒന്നായിരിക്കണം എന്ന് കവി വിചാരിക്കുന്നു. ധന്യ ഇന്ദുവിന്റെ വരൂ നമുക്കെന്നെ തിരയാം ആത്‌മനഷ്‌ടങ്ങളുടെ പെൺ നിലവിളിയാണ്. പല ജീവിതങ്ങൾക്കിടയിൽ അവളവളെ നഷ്‌ടപ്പെടുന്ന സ്‌ത്രീകളുടെ സങ്കടം ധന്യ തീവ്രമായി അവതരിപ്പിക്കുന്നു. ദൂരങ്ങൾ എഴുതിയ സുമോദ് പരുമലക്ക് അമിതാഖ്യാനത്തോടുള്ള ഭ്രമം നിർബന്ധമായും കുറയേണ്ടതുണ്ട്. പരത്തിപ്പാടുന്നതിനേക്കാൾ ക്ലേശകരമാണ് ചുരുക്കിപ്പറയൽ. പക്ഷേ ആ ശേഷി ആർജിക്കൽ കൂടിയാണ് കവിത്വം.

 മനോജ് വീട്ടിക്കാട്

1 Comment
  1. ഇന്ദു 10 months ago

    ബഹിയ കവയിത്രി എന്നതേക്കാൾ നലൊരു കഥാകാരിയാണ്.
    വിലയിരുത്തലുകൾ നന്നാവുന്നു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account