സ്വന്തം ജീവിത പരിസരങ്ങളോട് നിരന്തരമായി സംവദിക്കലാണ് കവിയുടെയും എഴുത്തുകാരന്റേയും പ്രധാനപ്പെട്ട ഉത്തരവാദിത്തം. പരിചിതമായ പരിതസ്ഥിതികളോട് പുലർത്തുന്ന അതിസൂക്ഷ്‌മമായ പാരസ്‌പര്യം പരിചിതങ്ങളിൽ നിന്ന് അപരിചിതങ്ങളെ നിർമിച്ചെടുക്കാൻ എഴുത്തുകാരനെ പ്രാപ്‌തനാക്കുന്നു. അങ്ങനെയാവുമ്പോൾ നമ്മെ വ്യാകുലപ്പെടുത്തുന്ന വർത്തമാന സംഭവങ്ങളെ കവിതയുപയോഗിച്ച് നേരിടാനുള്ള കൂടുതൽ കാര്യക്ഷമത ലഭ്യമാവുകയും ചെയ്യും. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് അപരാനുഭവങ്ങളെ ശ്ലോകത്തിലാക്കാനുള്ള ശ്രമങ്ങളാണ്. ഭാവനയിൽ പോലും അനുഭവങ്ങൾ നിർമിക്കാൻ സാധിക്കാത്തവർ കേട്ടുകേൾവി മാത്രമുള്ള മറ്റുള്ളവരുടെ അനുഭവങ്ങളെ ആവിഷ്‌കരിക്കാൻ ശ്രമിക്കുമ്പോൾ അവ കേവലം ഉപരിതല സ്‌പർശികളായിത്തീരുന്നത് സ്വാഭാവികമാണ്. മണ്ണിലിറങ്ങാത്ത, ജീവിതമനുഭവിക്കാത്ത, പത്രവാർത്തകളിലൂടെ മാത്രം ലോകം കാണുന്നവരെങ്ങനെയാണ് കവികളാവുക? അതേസമയം, തീവ്ര ജീവിതങ്ങളുടെ നേരാഖ്യാനങ്ങൾ ആരും കാണാതെ പോവുകയും ചെയ്യുന്നു. ഓൺലൈനിൽ ഈ അവസ്ഥക്ക് കുറച്ചൊക്കെ മാറ്റമുണ്ട്. പക്ഷേ അവിടെയും കവിതയിലെയും എഴുത്തിലേയും പരസ്‌പര സഹായ സഹകരണ സംഘങ്ങൾ പരസ്‌പരം പ്രകീർത്തിക്കുകയും അനർഹമായതുകളെ പ്രസിദ്ധമാക്കുകയും ചെയ്യുന്നു.

വാരഫലം

വിഷാദമെന്നാലിപ്പോൾ എന്തിന്റെ പേരാണ്? അതിനുള്ള ചികിത്സയെന്താണ്! എന്നൊരു ചോദ്യവും ആശ്ചര്യ ചിഹ്നവും നമുക്കു മുന്നിലിട്ടു തരുന്ന കവിത ആഗസ്റ്റ് 18 ന്റെ മാതൃഭൂമിയിലുണ്ട്. കവിതയുടെ പേര് ഭാരതവിഷാദയോഗം, കവി ശൈലൻ. ശ്രാവണ ബലഗോളയിലെ രണ്ടാം കുന്ന് കയറിച്ചെല്ലുമ്പോൾ കല്ലു പ്രതിമകളുടെ പ്രാചീന ധാരാളിമ, അവക്കിടയിലൊരാൾ, ഭരതൻ, ആദിമ ചക്രവർത്തി. ഛേദിച്ചിരിക്കുന്നു കാലം പുരുഷാംഗത്തെ ക്രൂരമായ്. ശൂന്യമാണുപസ്ഥം, വിഷാദ മൂകം നോട്ടം, താഴെ നീളെ കർണാടകം മഹാഭാരതം, എന്നിങ്ങനെ കവിതയിൽ രാഷ്‌ട്രീയം നിറഞ്ഞു വരുന്നതു കാണാം. രാജൻ സി.എച്ച് പൂമ്പാറ്റ ചിറകിൽ എന്ന കവിതയിൽ പെൺമനസുകൾ നോവിക്കുമ്പോൾ ഓർക്കണം, പൂമ്പാറ്റ ചിറകിലാണ് നമ്മുടെ മനസെന്ന്.. എന്ന് ഓർമിപ്പിക്കുന്നു. വിജയലക്ഷ്‌മിയുടെ ഗന്ധം ലോകമാകെ വ്യാപിച്ച (ദുർ)ഗന്ധത്തെക്കുറിച്ച് വിലപിക്കുന്നു. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ട് എഴുതിയ ഒരു കവിത എന്നല്ലാതെ പ്രത്യേകിച്ച് യാതൊന്നുമില്ല ഗന്ധത്തിൽ.

ദേശാഭിമാനിയിൽ (ആഗസ്റ്റ് 18) കെ.ജി. സൂരജ് കാള ബിരിയാണി  എന്ന പേരിൽ ഒരു റിപ്പോർട്ട് എഴുതിയിട്ടുണ്ട്. അതിനെ കവിത എന്ന പേരിൽ പത്രാധിപർ തെറ്റിക്കൊടുത്തതാവാനാണ് സാധ്യത. പത്രവാർത്തകളെ വരി മുറിച്ചെഴുതിയാൽ കവിതയാവുമെന്നത് കവിയുടെ തെറ്റിദ്ധാരണയാണ്. ശ്രീജിത്ത് അരിയല്ലൂരിന്റ അർബാനയും മോശം കവിതയാണ്. ജീവിതമെന്ന ഭാരവണ്ടിയെക്കുറിച്ച് പുതിയതെന്തെങ്കിലും പറയാൻ കവിക്ക് കഴിയുന്നില്ല.

വൈയക്‌തികാനുഭൂതികളെ കവിതയിലേക്ക് പരാവർത്തനം ചെയ്യുക എത്രമേൽ ദുഷ്‌കരമാണ് എന്നതിന് ഉദാഹരണമാണ് ധന്യാ ദാസിന്റെ മുരിങ്ങപ്പൂവിന്റെ ജലയാത്രകൾ എന്ന കവിത (മലയാളം വാരിക ആഗസ്റ്റ് 19). കവിതയിലുണ്ടാവുന്ന/ഉണ്ടാക്കുന്ന നിഗൂഡത അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന വിധത്തിലാവണം. പക്ഷേ ധന്യാ ദാസിന്റെ കവിതയിൽ കൃത്രിമമായി സന്നിവേശിപ്പിച്ച ഗുപ്‌ത സ്വഭാവം കവിതക്ക് ഗുണമല്ല വരുത്തിയത്.

കലാകൗമുദിയിൽ (ആഗസ്റ്റ് 18) കാർത്തിക മുരളി എഴുതിയ മൂന്നു കാഴ്ച്ചകൾ എന്ന കവിത മാത്രമാണ് കവിത എന്ന സങ്കേതത്തോട് നീതി പുലർത്തുന്നത്. വീട് എന്ന കാഴ്ച്ചയെ കാർത്തിക ഇങ്ങനെ കാണുന്നു. കാറുകൾ നിറഞ്ഞ മുറ്റം, തുറക്കാത്ത വാതിലുകൾ, അനക്കമില്ലാത്ത മുറി, മുറ്റത്ത് പത്രങ്ങൾ ആരെയോ കാത്തുകിടക്കുന്നു. മറ്റു കവിതകളൊക്കെയും തികച്ചും ദുർബലവും വിരസവുമാണ്. സ്‌കൂൾ കുട്ടികളെ കവിതയെഴുത്തു പരിശീലിപ്പിക്കുന്ന കളരികളിൽ കിട്ടുന്നതിനേക്കാൾ ബാലിശം പോലുമാണ് മിക്ക കവിതകളും.

ഭാഷാപോഷിണിയിൽ എം.പി. പവിത്രയുടെ കാടകപ്പച്ചകൾ കവിയുടെ ആത്‌മാന്വേഷണത്തിന്റെ പച്ചപ്പാണ് കവിതയാക്കുന്നത്. നല്ല വരികൾ, ഒറ്റയൊഴുക്ക്. പക്ഷേ വായനക്കാരനിൽ കവിത കാര്യമായൊന്നും അവശേഷിപ്പിക്കുന്നില്ല. കവി തന്നെ വരച്ച ചിത്രം പക്ഷേ ഗംഭീരം. കെ.ജി. എസ് എഴുതിയ ചെറുനാൾ സൽക്കാരം വരും വരെ വലുത്, വന്നാൽ പെരുന്നാളും ചെറുനാൾ എന്ന് തുടങ്ങുന്നു. പല ദിശകളിലേക്ക് പടർന്നു പിടിക്കുന്ന സൂക്ഷ്‌മ വിമർശനത്തിന്റെ തീനാമ്പുകൾ കവിത പ്രസരിപ്പിക്കുന്നു.

എതിർദിശ മാസികയിൽ രാജൻ സി.എച്ച് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച അതേ കവിത പൂമ്പാറ്റച്ചിറകിൽ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒരേ കവിത ഒന്നിലധികം ഇടങ്ങളിൽ വായിക്കേണ്ടി വരുന്നത് ശരിയായ രീതിയാണെന്നു തോന്നുന്നില്ല. സുഹറ പടിപ്പുര യുടെ വയലറ്റ് പൂക്കൾ കത്വ പെൺകുട്ടിയെക്കുറിച്ചുള്ള വിലാപമാണ്. വാർത്തകളെ സ്വന്തം പരിസരങ്ങളിലേക്ക് പുനർ നിർമിക്കാനുള്ള കാവ്യശേഷി സുഹറ ഇനിയും ആർജിക്കേണ്ടതുണ്ട്. വിമീഷ് മണിയൂരിന്റെ ഇരുപത്തിമൂന്ന് വയസുള്ള പ്ലാവ് വീടിന്റെ നാലു തൂണുകളിൽ ഒന്നായ ഇരുപത്തിമൂന്നുകാരിയായ പ്ലാവിനെക്കുറിച്ചാണ്. ഒമ്പതാം വയസിൽ വയസറിയിച്ച, ഉറുമ്പും കാറ്റും പല്ലികളും മറ്റും മറ്റും വളക്കാൻ ശ്രമിച്ച വലിയ ചക്കകളുള്ള പ്ലാവിനെ കെട്ടിച്ചു കൊടുക്കാൻ അമ്മ തയ്യാറല്ല. ഇത്തരം രചനകൾ വായിക്കാൻ രസമാണെങ്കിലും അവ പുലർത്തുന്ന നിലപാടുകളോട് യോജിക്കാനാവില്ല. പെണ്ണിന്റെ പൂർണത കല്യാണത്തിലും അതുവഴിയുള്ള അധികൃതരതിയിലുമാണെന്ന പൈങ്കിളിക്കാഴ്ച്ചപ്പാടിന്റെ പുത്തൻ വേർഷൻ എന്നു മാത്രമേ വിമീഷിന്റെ കവിതയെ കാണാനാവൂ.

സൈബർ വാരഫലം

ഓൺലൈനിൽ  ഈ ആഴ്ച്ച ഇ ഷി ക യിൽ രമാ പ്രസന്ന പിഷാരടിയുടെ യാത്രയും ഗൗതം കുമരനല്ലൂർ എഴുതിയ മൂന്നു കവിതകളുമാണ്  വായിച്ചത്.  ഗൗതമിന്റെ തീപ്പെട്ടി എന്ന കവിത ആകാശം ഒരു തീപ്പെട്ടിയാണ്, രാവിലെ തീ സൂര്യനു പകരുന്നു. രാത്രി തീ നിഴൽ ചന്ദ്രനും. ആകാശം ഒരു ഫയറെഞ്ചിനുമാണ് എന്ന് കണ്ടെത്തുന്നു. അപ്രതീക്ഷിതമായ കണ്ടെത്തലുകൾ  തന്നെയാണ് കവിത സൃഷ്‌ടിക്കുന്നത്.  ഗൗതം തുടർന്നെഴുതട്ടെ. രമാ പ്രസന്നയുടെ യാത്ര മികച്ച കവിതയാണ്. ഇരുൾ മുടിയഴിച്ചാടും മഴയാണ് ഇരുവരെയും  പുണർന്നു നിൽക്കുന്നത്, തിരികളെണ്ണ വറ്റീട്ടും ചിരാതിലായ് ഇടറിയാളിപ്പിടഞ്ഞു കത്തുന്നുണ്ട്. ശിഖരമെല്ലാമുലഞ്ഞ വൃക്ഷത്തിലായ് കിളികൾ പാടാതെ വന്നു പോകുന്നുണ്ട് എന്നിങ്ങനെ അലങ്കാര സമൃദ്ധമാണ് കവിത. ക്ഷണികമെല്ലാമിതെന്നു ചൊല്ലിക്കൊണ്ട് പതിയെ ഭൂമിയും യാത്ര ചെയ്യുന്നുണ്ട്.. എന്ന് യാത്ര അവസാനിക്കുന്നു. താളബദ്ധമായ മനോഹരമായ കവിതയാണ് യാത്ര.

ഉറവ മാസികയിൽ പത്തു കവിതകളുണ്ട്. ഫൈസൽ ബാവ എഴുതിയ ആദ്യ രാത്രി  ചെറിയ വാക്കുകളിൽ പറയുന്ന വലിയ കവിതയാണ്. ആദ്യരാത്രി അവൻ അവളെയും രണ്ടാം രാത്രി അവൾ അവനെയും തിന്നു തീർത്തു. പിന്നീട് രണ്ടുപേരും തിന്നാനായി കണ്ടെത്തിയതാണ് ജീവിതം. അതു തിന്നാലൊന്നും തീരുന്നതല്ലല്ലോ എന്ന് കവി പറയാതെ പറയുന്നു. യമുന ദിലീപിന്റെ എന്റേതു മാത്രമായ ശരികൾ എന്ന കവിത പ്രത്യേകിച്ചൊന്നും പറയാതെ വെറുതെ എഴുതിയ വരികളാണ്. ജീവിതമെന്ന പ്രഹേളികയെ കടയാം, പൊങ്ങി വരുന്ന വെണ്ണകൾ നുണയാം എന്ന സ്ഥിരം വാക്യങ്ങൾ മാത്രമുള്ള കവിത ആവർത്തന വിരസമാണ്. സുനിത ഗണേഷിന്റെ ഒച്ച ഒച്ചയെക്കുറിച്ചുള്ള ഒരു സ്‌കൂൾ കോമ്പോസിഷനാണ്. ഒടുവിൽ ഒച്ചയെ ഞാൻ വെറുക്കുന്നു എന്ന് കവിത അവസാനിക്കുന്നു. വെറുതെ കൂട്ടി വക്കുന്ന വെറും വാക്കുകളല്ല കവിത എന്ന് കവി തിരിച്ചറിയേണ്ടതുണ്ട്. ജയപ്രകാശ് എറവ് എഴുതിയ കഥകൾക്കപ്പുറം കാലഗമനത്തെയും അനിവാര്യമായ മാറ്റത്തെക്കുറിച്ചുമുള്ള വേവലാതിപ്പെടലാണ്. സന്തോഷ് മലയാറ്റിൽ രാഷ്‌ട്രീയ കവിതകളെഴുതുന്ന കവിയാണ്. കാറ്റു ചുംബിക്കാത്ത വസന്തങ്ങൾ കവിതയുടെ ഗോപ്യ സൗന്ദര്യം നിലനിർത്തുന്ന  കവിതയാണ്. രണസ്‌മരണകളിൽ യൗവനങ്ങളുടെ സ്വപ്‌നങ്ങൾ തല മുണ്ഡനം ചെയ്‌ത്‌ തീർഥയാത്ര നടത്താറുണ്ടിപ്പോഴും എന്ന് കവിത മുഴങ്ങുന്നു.

 മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account