കവിത അതിന്റെ തീവ്രതകൊണ്ട് വായനക്കാരനെ പൊള്ളിക്കുന്നതാവണം. ഓരോ വരിയും അത്രയേറെ മൂർച്ചപ്പെടുത്തി സൂക്ഷ്മമായി എയ്തു കൊള്ളിക്കാനുള്ള ശേഷി ആർജിക്കുക എന്നതാണ് അതിനാൽ തന്നെ കവി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വയം പ്രഖ്യാപിത കവികളാരും പക്ഷേ ഇത്തരമൊരു വെല്ലുവിളി നേരിടാൻ തയ്യാറാവുന്നില്ല. മറിച്ച് എളുപ്പമുള്ളതും പരിചിതവുമായ മാർഗങ്ങൾ മാത്രമവലംബിച്ച് പരിമിതവും ജനപ്രിയവുമായ വിഷയങ്ങളെക്കുറിച്ച് പാട്ടുപാടുകയാണ് അവർ ചെയ്യുന്നത്. അതു കൊണ്ടു തന്നെയാണ് എത്ര വാഴ്ത്തപ്പെട്ടാലും ഒരു കവിത പോലും അനുവാചകന്റെ മനസിൽ നിലനിൽക്കാത്തതും ദിവസങ്ങളുടെ പോലും ആയുസില്ലാതെ ഒടുങ്ങിപ്പോകുന്നതും. കവിത ആഖ്യാനമല്ലെന്ന തിരിച്ചറിവാണ് കാവ്യാനുശീലനത്തിലെ പ്രധാന ഘടകം. ആഖ്യാനത്തിലുപരി അനുഭൂതിപ്പ്രദാനമാണ് കവിതയുടെ സ്വാഭാവിക ധർമം. അനുവാചകന്റെ വൈകാരിക തലങ്ങളിൽ ഉത്തേജനമുണ്ടാക്കാനുള്ള ശേഷിയാണ് കവിതയുടെ മാനകം. അതിനുള്ള ഉപകരണങ്ങളാണ് ഭാഷയും താളവും കാവ്യഗുണവും. ഇവയുടെ ഉചിതമായ ചേരുവയല്ലാത്തിടത്തോളം കവിത ബഹുജനങ്ങളാൽ സ്വീകരിക്കപ്പെടുകയില്ല തന്നെ. അതേ കാരണം കൊണ്ടാണ് കഥയും നോവലും പുതിയ തലമുറക്ക് വഴിമാറിയപ്പോഴും കവിതയിൽ അത്തരമൊരു തലമുറ മാറ്റം സംഭവിക്കാത്തത്. സെബാസ്റ്റ്യൻ, ഗോപീകൃഷ്ണൻ തുടങ്ങി വിരലിലെണ്ണാവുന്നവരല്ലാതെ മറ്റാരെയാണ് നമുക്ക് പുതിയ തലമുറ എന്ന് ചൂണ്ടിക്കാണിക്കാനാവുക? ഇവരൊക്കെയും മധ്യവയസു പിന്നിട്ടവരാണു താനും. കവിതയുടെ യൗവനം വല്ലാതെ ശുഷ്കമാണ് മലയാളത്തിൽ എന്നു പറയാതിരിക്കാനാവില്ല.
വാരഫലം
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സെക്കന്റ് ഷോ (മാതൃഭൂമി ആഗസ്റ്റ് 25) തീവയ്ക്കപ്പെട്ട നഗരം പോലെ കത്തിക്കരിഞ്ഞ് എന്റെ ഭാഷ, എന്നു തുടങ്ങി ആരുമില്ലേ എന്റെ മരിച്ച ചോരക്കു മേൽ ഒരിരുണ്ട പതാക പുതപ്പിക്കാൻ? എന്ന് അവസാനിക്കുന്നു. അതിതീവ്രമായി അനുഭവിക്കാനാവുന്നു ചുള്ളിക്കാടിന്റെ കവിത. അൻവർ അലിയുടെ നാതങ്കുഞ്ഞും മനുഷഞ്ചേട്ടനും മുണ്ടകമ്പാടത്തെ നാതങ്കുഞ്ഞേ എന്ന പഴമ്പാട്ടിന്റെ പുതിയ ചോദ്യരൂപമാണ്. ഇനി നമുക്ക് വേറെ വഴികളില്ല എന്ന് ഓരോരുത്തരും അവനവനാവും വിധം പറയുന്നുണ്ട്. എന്നിട്ടും പക്ഷേ മനുഷ്യൻ നന്നാവുന്നേയില്ലല്ലോ.. രാംമോഹൻ പാലിയത്ത് എഴുതിയ ഇടവക തട്ടകം മഹല്ല് എന്ന കവിത അതിലെ സൂക്ഷ്മ രാഷ്ട്രീയം കൊണ്ട് തീവ്രമാകുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടമെന്നത് മൂന്ന് അടരുകളുള്ള ഒന്നാണ്, ഇടവക, തട്ടകം, മഹല്ല് എന്നിങ്ങനെ. എത്രയോ ഇടവകകൾ തട്ടകങ്ങൾ, മഹല്ലുകൾ…
പിംഗളകേശി എന്നാൽ മരണദേവതയാണ്. പിംഗള കേശിനി എന്ന് പറയേണ്ടതുണ്ടോ എന്ന് സംശയം. കവിത മാധ്യമം ആഴ്ചപ്പതിപ്പിൽ (ആഗസ്റ്റ് 26) കെ.ജയകുമാർ എഴുതിയതാണ്. പല തവണ വായിച്ചിട്ടും അതിൽ പ്രത്യേകിച്ച് കവിതയൊന്നുമുള്ളതായി തോന്നിയില്ല. ദുർഗ്രഹമെന്നല്ല, വ്യാജമെന്നു വിളിക്കാവുന്ന കവിതയാണ് പിംഗള കേശിനി. കെ.ജി സൂരജിന്റെ ചക്രശ്വാസവും മോശം കവിതയാണ്. സ്കൂൾ കുട്ടികളുടെ കാവ്യ നിലവാരം പോലും പുലർത്താൻ കഴിയാത്ത ഈ കവിത എങ്ങനെ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ് കൗതുകകരം. സച്ചിദാനന്റെ ഒരു ചിനാർ മരത്തിന്റെ ആത്മകഥ എന്ന കവിത (മാധ്യമം സെപ്റ്റംബർ 2) കാഷ്മീരിന്റെ രാഷ്ട്രീയം പറയാൻ വേണ്ടി എഴുതിയതാണ്. കവിതയേക്കാൾ ഒരു ലേഖനമെന്ന ശീർഷകമാവും ചിനാർ മരത്തിന്റെ ആത്മകഥക്ക് കൂടുതൽ യോജിക്കുക. കാഷ്മീരിനെക്കുറിച്ചുള്ള രാഷ്ട്രീയ ആശങ്കകൾ ഏറെയൊന്നും കവിത പ്രതിഫലിപ്പിക്കുന്നില്ല. ഇവിടെ കാഷ്മീരികളേയുള്ളൂ, ഒരേ പാത്രത്തിൽ നിന്നുണ്ട്, ഒരേ നീർ കുടിച്ച്, ഒരേ കരുണയുടെ ഭാഷ സംസാരിച്ചവർ എന്ന ഒരൊറ്റ ഖണ്ഡിക മാറ്റി നിർത്തിയാൽ ബാക്കിയൊക്കെയും അമിതാഖ്യാനമാണ്. മനോഹരമായ ഒരു കവിതയാവേണ്ടതിനു പകരം അതൊരു കവിതയേ അല്ലാതായി പോയി. എസ്. രമേശൻ എഴുതിയ ചലനങ്ങളിൽ എന്ന മുദ്രാവാക്യ കവിത തുടങ്ങുന്നത് ഉറുമ്പരിച്ചു തുടങ്ങിയ ഒരു പുൽച്ചാടിയുടെ ശവശരീരത്തിന്റെ ചിത്രവുമായാണ്. കിഴക്കും തെക്കുകിഴക്കും നാം ഈ മരണം കണ്ടതാണ്. പക്ഷേ അത് നമ്മുടെ പടിവാതിലിൽ എത്തുമെന്ന് കരുതാനായില്ല എന്ന് കവി നിരീക്ഷിക്കുന്നു. നേരം വെളുക്കുവോളം കട്ടാലും ആരും കാണുകില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്നു കൂടി പറഞ്ഞ് താൻ നടത്തുന്നത് ഇടതു വിമർശനമാണ് എന്ന് വരുത്തിത്തീർക്കാൻ കവി ശ്രമിക്കുന്നു. പക്ഷേ കേവലം പരിഹാസമെന്നതിനപ്പുറം പോകാൻ കവിതക്കു കഴിയുന്നില്ല. ഇടതു രാഷ്ട്രീയത്തിന്റെ അപചയത്തെക്കുറിച്ച് എതിർ രാഷ്ട്രീയക്കാർ പറയുന്ന കേവലാരോപണങ്ങളല്ലാതെ സ്വന്തമായി യാതൊന്നും കവി കൂട്ടിച്ചേർക്കുന്നുമില്ല. സ്വപ്ന ശ്രീനിവാസൻ എഴുതിയ എത്ര എന്ന കവിത പതിനൊന്നു വരിയേയുള്ളൂ. പക്ഷേ അതത്രയും കവിതയാണ്. ഒരു കരിയില നുറുങ്ങിൽ എത്ര കാടിന്റെ പച്ച കൊള്ളും എന്ന വരി മതി കവിതയുടെ ആഴമറിയാൻ. മൗനപ്രാർഥന എനിക്കിഷ്ടമല്ല എന്ന് കൽപ്പറ്റ നാരായണൻ പ്രഖ്യാപിക്കുന്നു (മൗനം – മാധ്യമം സെപ്റ്റംബർ 9). ഒന്നിനോടും പ്രതികരിക്കാത്ത, വല്ലാത്ത മൗനം കവിയെ മാത്രമല്ലല്ലോ പേടിപ്പിക്കുന്നത്. അവസാനിപ്പിക്കുന്ന മണി ആരോ നിശ്ശബ്ദമാക്കിയിരിക്കുന്നു. തീർന്നിട്ടല്ല നാമിരിക്കുന്നത്, തീർന്നിട്ടും നാം നിൽക്കുകയാണ്. എന്ന് കവിത നമുക്ക് മുന്നറിയിപ്പു നൽകുന്നു. ബിന്ദു കൃഷ്ണൻ എഴുതിയ പാതാളമെന്ന സ്വർഗം പകുതി വരികളിൽ പൂർത്തിയാക്കാമായിരുന്നു. പരത്തിപ്പറയാനുള്ള പ്രവണത കവിതയെ അരസികമാക്കി എന്നു പറയാതെ വയ്യ. രാവുണ്ണിയുടെ കാഴ്ച വേണ്ടിയിരുന്നില്ലെന്നു തോന്നി. സ്വരം നന്നായിരിക്കെ പാടിയ പാട്ടുകളൊക്കെത്തന്നെ ധാരാളമാണല്ലോ രാവുണ്ണിയെ ഓർക്കാൻ.
നവ കവിത എന്നത് നവീന ഭാവുകത്വം കൂടിയാണ്. പഴയ വാക്കുകളേയും ബിംബങ്ങളേയും കവിതയെത്തന്നെയും പുനർനിർമിക്കലാണ് കവിതയിലെ നവീകരണ പ്രക്രിയയുടെ ധർമം. അതിനാലാണ് അവനവനു വേണ്ടി കാത്തിരിക്കുന്നതിലും ഈണമുള്ള പാട്ട് ആരു പാടിയിട്ടെന്ത്? എന്നെഴുതുമ്പോൾ കവിത പുതിയ മാനങ്ങൾ നേടുന്നത്. കവിത മീൻകാരീ നിനക്കുള്ള പാട്ടുകൾ (നജീബ് റസ്സൽ, ദേശാഭിമാനി ആഗസ്റ്റ് 25). സംഗീത ചേനംപുല്ലി ചില്ലുകൾ ജീവിതമുടഞ്ഞ് ചിതറി വീണത് എന്ന വലിയ പേരിൽ എഴുതിയിട്ടുള്ള കവിത പക്ഷേ ആവർത്തന വിരസമാണ്. ജീവിതത്തെക്കുറിച്ചുള്ള വലിയ ദർശനങ്ങളാണ് ആറ് കുറുംകവിതകൾ. പക്ഷേ ഇപ്പറഞ്ഞതും അതിൽ കൂടുതലും അറിയുന്നവരാണ് വായനക്കാർ എന്ന് കവി മറന്നു പോയി. അസംബന്ധങ്ങളെ കവിതയിൽ ചേർക്കുന്നത് പുതിയ കാര്യമൊന്നുമല്ല. പക്ഷേ അങ്ങനെ ചേർക്കുന്ന അസംബന്ധങ്ങൾക്ക് അവയുടെതായ ഒരു ക്രമമുണ്ടാവും. അപ്പോഴാണ് അവ വായനക്കു പാകമാവുന്നത്. ഇ എം. സൂരജയുടെ ഒരു പകലിന്റെ കഥ എന്ന കവിത എന്താണ് വായനക്കാരനോട് പറയാൻ ശ്രമിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. സെപ്റ്റംബർ 1 ന്റെ ദേശാഭിമാനിയിൽ ശ്രീധരനുണ്ണിയുടെ ഉരുൾ പൊട്ടുന്ന കാലം പലതരം ഉരുൾപൊട്ടലുകളെക്കുറിച്ചാണ് പറയുന്നത്. തലമുറകൾ തോറും പുതിയ പൊളിച്ചുപണിയലുകൾ നടക്കുമെന്നും അതാണ് മുന്നോട്ടുള്ള സഞ്ചാര നൈരന്തര്യമെന്നും കവി ഉറപ്പിച്ചു പറയുന്നു. ബാലകൃഷ്ണൻ മൊകേരിയുടെ മേലേരി എന്ന കവിത നമ്മുടെ തലക്കു മേലെ ആകാശത്തിന്റെ “വടക്കേ കോണിൽ” നിന്ന് പൊങ്ങി വരുന്ന ഒരിരുൾ നിഴലിനെക്കുറിച്ചുള്ള ഭീതി പങ്കു വക്കുന്നു. എല്ലാ വെളിച്ചവും കാണെക്കാണെ കെട്ടുപോകും, അതിനുമുമ്പ് വാക്കുകൾ കത്തിച്ച് നമുക്ക് മേലേരിയുണ്ടാക്കുക എന്ന് കവി ആവശ്യപ്പെടുന്നു. നല്ല കവിതയാണ് മേലേരി.
കലാകൗമുദിക്ക് മാത്രം എന്താണ് നല്ല കവിതകൾ കിട്ടാത്തത് എന്ന് ആശ്ചര്യപ്പെടാതിരിക്കാൻ കാരണമൊന്നുമില്ല. ജയാ ജി നായർ എഴുതിയ തിരിച്ചറിവ് (കലാകൗമുദി ആഗസ്റ്റ് 25) എന്ന കവിത വായിക്കുമ്പോൾ വേറെന്തു തോന്നാനാണ്…? എന്തുമെഴുതുന്നതാണ് കവിത എന്നു ധരിക്കുന്ന കവികൾ ദയവായി മറ്റുള്ളവർ എഴുതുന്നത് വായിക്കാൻ കൂടി മനസു കാണിക്കണം. വർത്തമാനം എന്ന കവിതയെഴുതിയ വിശ്വമംഗലം സുന്ദരേശൻ നേരിടുന്നതും ഇതേ പ്രശ്നമാണ്. അതിദീർഘമായി സാരോപദേശം നടത്തലും പ്രസ്താവനകൾ നടത്തലുമല്ല കവിത എന്ന് അദ്ദേഹം തിരിച്ചറിയുമോ എന്തോ..? പി.എസ് മനോജ് കുമാറിന്റെ ജലം, മണ്ണ്, മരണം എന്ന കവിത കൈകാര്യം ചെയ്യുന്നത് പ്രകൃതി നശീകരണത്തിന്റെ പാഠങ്ങളാണ്. പക്ഷേ ദൈർഘ്യം കൊണ്ടും വിസ്താരം കൊണ്ടും സംഗതി കവിതയല്ലാതായിത്തീർന്നു. സെപ്റ്റംബർ 1ലക്കത്തിൽ ഷീല മാളൂർ എഴുതിയ പേന പറഞ്ഞാൽ തുടങ്ങുന്നത് വേണ്ടായിരുന്നെന്നു തോന്നുന്നു എന്നാണ്. അതു തന്നെയാണ് ഈയുള്ളവനും തോന്നിയത്. വേണ്ടായിരുന്നു. മറ്റൊരു കവിത ലൗലി നിസ്സാർ എഴുതിയ നീല ചുംബനം ആണ്. Blue kiss എന്നത് ഒരു അമേരിക്കൻ ഗാനമാണ്. പക്ഷേ അതിനും ഇതിനും തമ്മിലെന്തു ബന്ധം എന്നു മനസിലായില്ല. ആവോ നമുക്കു വിവരമില്ലാഞ്ഞിട്ടുമാവാം..! മീര കെ.എസ് എഴുതിയ അരൂപികളുടെ പ്രണയം താരതമ്യേന മെച്ചപ്പെട്ട ഒരു രചനയാണ് (സെപ്റ്റംബർ 8). ഒരു പരാമർശവുമർഹിക്കാത്ത വെറും പൊട്ടകളായ എത്ര കവിതകളാണ് കലാകൗമുദി ഓരോ ആഴ്ചയും അച്ചടിക്കുന്നത്! കവിതയോട് ഇത്രയും കോപമുള്ള ആരാണാവോ അതിന്റെ പത്രാധിപ സമിതിയിലുള്ളത്.
ഇപ്പോഴും സന്ധ്യ മയങ്ങി ഇരുട്ടാവുന്നത് പണ്ടത്തെപ്പോലെ തന്നെ എന്ന് മനം കുട്ടിക്കാലത്തിന്റെ പേടിസ്വപ്നങ്ങളിലേക്ക് ജാലകം വലിച്ചടക്കുന്നു എന്ന് മഹേന്ദർ എഴുതുന്നു (കലാപൂർണ ആഗസ്റ്റ്). എത്ര സുന്ദരമായാണ്, ലളിതമായാണ് കവി വാക്കുകൾ കൊരുത്തെടുക്കുന്നത്. കിട്ടിയതേയില്ലല്ലോ ഇന്നും ആ വിശിഷ്ട സ്വാദുളള ആനന്ദമെന്ന് മരച്ചില്ലകളിലെ ഇരുളിനോട് കലമ്പുന്നു കിളികൾ. എത്തിയതേയില്ലല്ലോ ഇന്ന് പകലും ഇഴഞ്ഞ ദൂരം കൊണ്ട് വിശ്രാന്തിയുടെ മാളമെന്ന് ഉരഗങ്ങൾ.. എന്നിങ്ങനെ കവിത തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. തിരിച്ചറിവിന്റെ പാഠഭേദങ്ങൾ എന്ന കവിതയെഴുതിയ നന്ദിനി രാജീവ് ചെറിയ വരികളിൽ സ്ഫോടനങ്ങൾ നിറച്ചു വക്കുന്നതിൽ കൃതഹസ്തയാണ്. അതിർത്തികൾക്കപ്പുറത്തും ഇപ്പുറത്തും ഒരേ മനുഷ്യരാണല്ലോ എന്ന മാനവിക നിലപാട് കവിതയെ വേറിട്ടതാക്കുന്നു. അബ്ദുള്ള പേരാമ്പ്രയുടെ നിലവിളികളുടെ ഉത്സവം എലികളും പൂച്ചകളും ചങ്ങാത്തം കൂടുന്ന നഗരങ്ങളിൽ വെന്ത മാംസത്തിന്റെ ചൂര് ഉന്മത്ത നൃത്തമാടുന്നു.. എന്നെഴുതി നമ്മെ അസ്വസ്ഥരാക്കുന്നു. കെ. സതീഷിന്റെ കാതോർക്കവേ എന്ന കവിത വൈലോപ്പിള്ളിയുടെ മാമ്പഴത്തിൽ നഷ്ടപ്പെട്ട കുഞ്ഞിനെച്ചൊല്ലിയുള്ള അമ്മദുഖത്തിന്റെ നൈരന്തര്യത്തെ അടയാളപ്പെടുത്തുന്നു. എവിടെയോ പൊയ്പോയ മക്കളെ കാത്തിരിക്കുന്ന അമ്മമാരുടേതാണ് ലോകം. സംഗീത ചേനം പുല്ലിയുടെ ദേഹാ(ന)ന്തരം രണ്ടുടലുകൾ പരസ്പരം തെരയുന്നതെന്താവാം എന്നാണ് ആലോചിക്കുന്നത്. ഉടൽക്കവിതകളെ വിട്ട് ഈ കവി എന്തെങ്കിലും എഴുതിയെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിക്കുന്നു. ഒരു കുടന്ന വെള്ളപ്പൂക്കൾ (സുനിത ഗണേഷ് ) അവനവനിൽ ഉപേക്ഷിക്കപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള വേവലാതികൾ പങ്കുവക്കുന്നു. ഇറങ്ങിപ്പോയവരൊന്നും തിരികെ വരണമെന്ന് ആവശ്യപ്പെടുക പോലും ചെയ്യാത്തത്ര unconditional ആണ് സുനിതക്ക് ജീവിതം. എങ്കിലും കവിതക്ക് ഇത്രയും നീളമില്ലായിരുന്നെങ്കിൽ എന്തു മൂർച്ചയുണ്ടാകുമായിരുന്നു എന്ന് തോന്നാതിരുന്നില്ല. സംഗീത കുളത്തൂർ അൽഷിമേഴ്സ് എന്ന കവിതയിൽ എല്ലാം മറന്ന് ഉപേക്ഷിക്കപ്പെട്ട മറവിയുടെ തുരുത്തിൽ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നു. തീവ്രതയാണ് സംഗീതയുടെ വരികളുടെ സ്വത്വം. എറിഞ്ഞു കൊള്ളിക്കുന്നതു പോലുള്ള വാക്കുകൾ നിരന്തരമായി മുഴക്കങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വപ്ന റാണി എം എഴുതിയ ഉർവ്വരതയുടെ പാഠങ്ങൾ വേനലെന്നാൽ കരിഞ്ഞുണങ്ങലല്ല, പൂത്തും തളിർത്തും കായ്ച്ചും പഴുത്തും ഉർവ്വരതയെ ഏറ്റു വാങ്ങലാണ് എന്ന് പാഠഭേദം കുറിക്കുന്നു. പുതുമണ്ണ് കലപ്പ കൊണ്ടുഴുതു മറിക്കുമ്പോൾ എന്റെ ഭാഷയെ അടക്കം ചെയ്ത ഒരു പേടകം എനിക്കു തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്ന കൂണ് എന്ന കവിത (അഗസ്റ്റിൻ കുട്ടനെല്ലൂർ) ഒരു തുലാവർഷ രാത്രിയിലെ മിന്നൽക്കൊടിക്കു ശേഷം ഭൂമിയെ മുഴുവൻ മൂടുവാൻ വലുപ്പമുള്ള ഒരു കൂൺ കുടയുണ്ടാവുമെന്നും പ്രത്യാശിക്കുന്നു. സിന്ധുല രഘു എഴുതിയ മീനുകളുടെ സെമിത്തേരി മരിച്ചു പോയ ജലത്തിന്റെ ഭാഷയറിയണമെങ്കിൽ അക്വേറിയത്തിലെ മീനിനോട് ചോദിക്കണം എന്ന് നമ്മോട് പറയുന്നു.
സൈബർ വാരഫലം
ഇഷികയിൽ ഭാസ്കരൻ അലനല്ലൂർ എഴുതിയ ഒറ്റവരയുടെ നാനാർഥങ്ങൾ (www. facebook.com/groups/Isheeka ) ഒറ്റവരക്ക് നിരവധി അർഥങ്ങളുണ്ടെന്ന് കണ്ടെത്തുന്നു. ക്രിസ്തുവിന്റെ കുരിശും കൃഷ്ണന്റെ മുരളിയും ഗാന്ധിയുടെ വടിയും ഓരോ ഒറ്റവരകളാണ്. നീതിക്ക് വേണ്ടി നീളുന്ന കൈവിരലും അടിച്ചമർത്തുന്ന മർദ്ദക ദണ്ഡുകളും ഒറ്റവരകൾ തന്നെ. ശബ്നം സിദ്ദീഖി എഴുതിയ അമരകാന്തി ഗാന്ധിയെക്കുറിച്ച് പാടുന്നു. ഗാന്ധിയെക്കുറിച്ച് ഇപ്പോൾ ഉറക്കെ പാടുക എന്നതു തന്നെ വലിയ വിപ്ലവമാണെന്നിരിക്കേ കവിതയുടെ മേൻമ ഇത്തിരി കുറവാണെന്നത് അവഗണിക്കുന്നു. അമിത്രജിത്ത് എഴുതിയ ഇച്ഛ അനന്തമായി പെയ്യുന്ന ഇച്ഛകളെക്കുറിച്ച് വേവലാതിപ്പെടുന്നു. മറവിപ്പുറത്ത് മഴ വീഴുന്നേരം വവ്വാലുകളുടെ ചിറകടി ഉയരുകയാണെവിടെയും എന്ന് കവിത അവസാനിക്കുന്നു. നല്ല കവിതയാണ് ഇച്ഛ . അനിൽ കുറ്റിച്ചിറയുടെ ഗുണനപ്പട്ടിക ഒരോരുത്തരും തനിച്ചാവുന്ന, ശൂന്യമായിപ്പോകുന്ന ഒരു കാലം വരും എന്ന് പ്രവചിക്കുന്നു. കവിത പകരേണ്ടുന്ന അനുഭൂതി നമുക്കു നൽകാൻ ഗുണനപ്പട്ടികക്ക് സാധ്യമാവുന്നു. പി. സജീവ് കുമാറിന്റെ ഓരോരോ ലോകം കവിതയിലെത്താൻ കുറേ ദൂരം സഞ്ചരിക്കാനുണ്ട്. കവിത വെറും പറച്ചിലുകളല്ല എന്നു തിരിച്ചറിയുന്നതിന് കുറച്ചു കൂടി വ്യാപ്തിയുള്ള വായന ആവശ്യമാണ്.
ആഴ്ചപ്പതിപ്പിൽ ശ്രീകുമാർ കരിയാടിന്റെ കവിത ബോധോദയം ബോധോദയമുണ്ടാകാൻ അത്രമാത്രം പ്രയാസമൊന്നുമേയില്ല എന്ന് പറയുന്നു. പട്ടിക്കു ബോധോദയമുണ്ടാകുമ്പോൾ സൂര്യോദയമുണ്ടാകുന്നു എന്ന നിലപാട് കൗതുകകരമാണ്. മഞ്ജു ഉണ്ണികൃഷ്ണന്റെ കുപ്പായം എന്ന കവിത വായിക്കുമ്പോൾ ഗീതയിലെ ജീർണവസ്ത്രങ്ങളുടെ ഉപമയെ ഓർമിക്കാൻ സാധ്യതയുണ്ട്. ലോകം മുഴുവൻ ഏകരൂപത്തിലുള്ളത് അടിവസ്ത്രങ്ങൾ മാത്രമാണ്. അവ മാത്രമാണല്ലോ നാം നമുക്കു വേണ്ടി ധരിക്കുന്നത്. സുരേന്ദ്രൻ കാടങ്കോടിന്റെ പനിക്കലം വീട്ടിലെല്ലാവരും പനിച്ചു കിടക്കുമ്പോൾ പനിക്കാതെ ഉണ്ടാകുന്ന അവളെക്കുറിച്ചു പാടുന്നു. കതിരേഷ് പാലക്കാടിന്റെ 35 ലെ ബാച്ച്ലർ ഒരു നല്ല കവിതയാവാൻ ഇനിയുമേറെ പോകണം. കുറുക്കിയെഴുതുന്നതാണ് കവിതയുടെ സൗന്ദര്യം.
അനുവാചകമനസ്സുകളിൽ മൂർച്ചയുള്ള അടയാളപ്പെടുത്തലുകളായി കവിതകളിലെ ഓരോ വരികളും നിലനിൽക്കട്ടെ…
സാധാരണ കടുപ്പം വിലയിരുത്തൽ.. >