എല്ലാ സാഹിത്യ പ്രവർത്തനങ്ങളും സ്വയം രാഷ്‌ട്രീയ പ്രവർത്തനങ്ങളുമാണ്. ചരിത്രത്തോടും വർത്തമാനത്തോടുമുള്ള വൈയക്‌തിക പ്രതികരണത്തിന്റെ ഉടൽ രൂപമാണ് കവിത. വ്യക്‌തിയുടേയും സമൂഹത്തിന്റെയും പരസ്‌പര വിനിമയത്തിന്റെ ഉപകരണമെന്ന നിലയിൽ പരിവർത്തനം ചെയ്യപ്പെടുമ്പോഴാണ് കവിത നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യുക.  അതിനാൽ തന്നെ വ്യക്‌തിപരതയേക്കാൾ രാഷ്‌ട്രീയാവബോധമായിരിക്കണം കവിതയുടെ അടിസ്ഥാന ധാര. ആ രാഷ്‌ട്രീയ ബോധം അധികാര രാഷ്‌ട്രീയത്തോട് ചേർന്നു നിൽക്കുന്ന ഒന്നല്ല. കക്ഷിരാഷ്‌ട്രീയമെന്ന് വിളിപ്പേരുള്ള വാണിജ്യ രാഷ്‌ട്രീയവുമല്ല. മാനവികതയോടും സ്വാതന്ത്ര്യത്തോടും ഐക്യദാർഡ്യപ്പെടുന്ന നിലപാടാണത്. വർത്തമാന കവിതകൾ പക്ഷേ ഇങ്ങനെ യാതൊരു സാമൂഹ്യബോധവും പ്രകടിപ്പിക്കുന്നില്ല എന്നു കാണാം. വ്യക്‌തിപരതയുടെ പദ രൂപങ്ങൾ മാത്രമായി മാറുകയും സാമൂഹ്യ ഘടനയിൽ ഇടപെടാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നു നമ്മുടെ കവിതകൾ.  രാഷ്‌ട്രീയ ഇടപെടൽ നടത്താൻ ശ്രമിക്കുന്ന എഴുത്തുകളാവട്ടെ മുദ്രാവാക്യങ്ങൾക്കപ്പുറത്തേക്കു വളരാൻ ശ്രമിക്കുന്നതേയില്ല എന്നതും ശ്രദ്ധേയമാണ്.

കവിതയെഴുത്ത് ഏറ്റവും നിസ്സാരമായി ചെയ്‌തു തീർക്കാവുന്ന ഒരു ലളിത പ്രക്രിയയായി പരിഗണിക്കപ്പെടുന്നു എന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ട്. നിരന്തരമായ മനന പ്രവർത്തനങ്ങളോ ഘനീകരണ ശ്രമങ്ങളോ നടത്താൻ കവികൾ തയ്യാറല്ല തന്നെ. വളരെ വേഗത്തിൽ സംവദിക്കാൻ കഴിയുന്ന വിധം നേർപ്പിച്ച് വായനക്കാരന്റെ ആസ്വാദനശേഷിയുടെ പുറം പാളിയെ തൃപ്‌തിപ്പെടുത്താൻ  പര്യാപ്‌തമാക്കി അവതരിപ്പിക്കുന്നതാണ് കവിത എന്ന വിചിത്രമായ ധാരണയാണ് ഇപ്പോൾ കവികളുടെ മാർഗദർശി. കാവ്യരീതികളെക്കുറിച്ച് അവഗാഹമുള്ളവരും ഉന്നതമായ കാവ്യാനുശീലന പാരമ്പര്യവുമുള്ള പലരും ഇപ്പോൾ ഉപരിപ്ലവക്കവിതകൾ എഴുതി വായനക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നു എന്നതാണ് അതിലേറെ വിചിത്രം.

വാരഫലം

നൂറു കണക്കിന് കവിതകളാണ് വിവിധ ഓണപ്പതിപ്പുകളിലായി  കഴിഞ്ഞ ആഴ്‌ചകളിൽ വായിക്കാൻ കാട്ടിയത്. നിർഭാഗ്യമെന്നു പറയട്ടെ, വായനക്കു ശേഷം നമ്മിൽ എന്തെങ്കിലും അവശേഷിപ്പിക്കാൻ കഴിഞ്ഞ ഒന്നും അവയുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. മാതൃഭൂമി ഓണപ്പതിപ്പിൽ വീരാൻ കുട്ടി എഴുതിയ ജീവന്റെ ചിത്രകാരി കൂട്ടത്തിൽ മികച്ച കവിതയാണ്. ഇല്ലായ്‌മക്കും ഉണ്മക്കുമിടയിലെ അസന്ദിഗ്ദ്ധതകളെ എങ്ങനെയാണ് വിശദമാക്കാനാവുക. വിശക്കുന്ന പൂച്ചക്ക് എലിയുടെ ചിത്രം വരച്ചു കൊടുത്ത് വിശപ്പു മാറ്റുന്ന രാഷ്‌ട്രീയവും കൂടി ചേർത്തു വായിക്കുമ്പോൾ കവിത വ്യത്യസ്‌തമാകുന്നു.

പി. രാമന്റെ രണ്ടു കവിതകളിൽ (മാതൃഭൂമി സെപ്റ്റംബർ 15) ഒന്ന് നീണ്ട മരണം, ഉറക്കെ കരഞ്ഞു കൊണ്ട് പല തവണ ചാവുന്ന നമ്മുടെ തൊട്ടടുത്ത മാനത്തെ ഒരു കിളിയെക്കുറിച്ചാണ്. ഇങ്ങനെ കരയുന്നെങ്കിൽ, ഇതുപോലെ മരിക്കുന്നെങ്കിൽ തീർച്ച, അടുത്ത കിളിക്ക് ഉറക്കെക്കരച്ചിൽ  കൈമാറി ഒരു കിളി കൂടി ചാവുന്നു തൊട്ടടുത്ത മാനത്ത് എന്ന് രാമന്റെ കവിത ബഹുതലങ്ങളിലേക്ക് സംക്രമിക്കുന്നു. വി.ടി. ജയദേവന്റെ മൂന്നു കവിതകൾ പതിവു പോലെ ഘനമേറിയ മൗനം പോലെ നമ്മെ സുഖപ്പെടുത്തുന്നു. ജയദേവ കവിതകളുടെ രസതന്ത്രം അവയിലെ ശാന്തിയാണ്. അത്രമേൽ നിശ്ശബ്‌ദമായി അവ നമ്മിലേക്ക് ലയിച്ചു ചേരും. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒന്നും പറയാനില്ല (മാതൃഭൂമി സെപ്റ്റംബർ 22) വലിയ ജനത ചെറിയ ജനതയെ ഇര പിടിക്കുമ്പോൾ എനിക്കൊന്നും പറയാനില്ല എന്നു പറയുന്നു. കൃത്യമായ ഒരു മുദ്രാവാക്യം വിളിക്കപ്പുറം ഇത് കവിതയുടെ ഒരു സ്വഭാവവും കാണിക്കുന്നില്ല. പി. എ. നസിമുദ്ദീന്റെ അസമിന്റെ കരച്ചിലിലും കവിത കണ്ടെത്താനാവില്ല. അസമിലെ പൗരത്വ നിഷേധം പോലൊരു തീവ്ര വിഷയത്തെ അതിന്റെ പൂർണമായ വൈകാരിക വിക്ഷോഭത്തിൽ പ്രതിഫലിപ്പിച്ചെടുക്കാൻ ശേഷിയുള്ള ഒരു കവിയും നമുക്കില്ല എന്നതാണല്ലോ സത്യം എന്ന് ഈ കവിത വായിച്ചാൽ ബോധ്യപ്പെടും. വിഷയങ്ങളെക്കുറിച്ച് പാട്ടു പാടുക എന്നല്ലാതെ ആരാണിവിടെ കവിതയെഴുതുന്നത്? കെ.ജി.എസിന്റെ പൂച്ച പ്രശ്‌നം (മാതൃഭൂമി സെപ്റ്റംബർ 29 ) ഗംഭീരമായ  കവിതയാണ്. ഞാൻ പൂച്ച മാത്രമാണ്, നിന്റെ ചത്തുപോയ വല്യമ്മാവന്റെ  ആത്‌മാവാണെന്ന് നീ ആരോപിക്കേണ്ടതില്ല എന്നു പൂച്ച നമുക്ക് മുന്നറിയിപ്പു  തരുന്നു. സെറീനയുടെ തിരച്ചിൽ നല്ല കവിതയാണ്. മലയിടിഞ്ഞു മറഞ്ഞു പോകും മനുഷ്യരിൽ നിന്ന് തിരച്ചിലുകൾ കൊണ്ടുത്തരും അവരില്ലാത്ത ബാക്കികൾ, കരുതലായെടുത്തു വച്ച നോട്ടിൽ ജീരകം മണക്കുമ്പോലെ ജീവിതം മണക്കുമായിരിക്കും തുടങ്ങിയ വരികൾ കവിതയെ വർത്തമാനത്തിൽ നിന്ന് പുറത്തു കടത്തുകയും ഭാവിയിലേക്ക് നീട്ടിയെറിയുകയും  ചെയ്യുന്നു.

ഇതെന്റെ രക്‌തവും മാംസവും എന്ന കവിത (ദേശാഭിമാനി സെപ്റ്റംബർ 15) വായിക്കുമ്പോൾ തോന്നുന്ന ഒരു കാര്യം പറയാതെ വയ്യ. കവിതയിലും സാഹിത്യത്തിലുമുണ്ടാവുന്ന  പുതിയ പ്രവണതകളെ ഉൾക്കൊള്ളാനായില്ലെങ്കിലും പരിചയപ്പെടാനെങ്കിലും മുതിർന്ന കവികൾ നിർബന്ധമായും  ശ്രമിക്കേണ്ടതുണ്ട്. എന്തെഴുതേണ്ടതില്ല  എന്നെങ്കിലും ബോധ്യപ്പെടാൻ അതവരെ സഹായിച്ചേക്കും.  ആവർത്തന വിരസമായ തങ്ങളുടെ ജൽപനങ്ങൾ ആർക്കും വേണ്ടാത്തവയാണെന്ന് തിരിച്ചറിയാൻ ഇനിയും വൈകരുത്. ദീപ കരുവാട്ട് ഉടമ്പടി എന്നൊരു ‘കവിത’ എഴുതിയിട്ടുണ്ട്. ഇതിലെവിടെയാണ് കവിത എന്ന് കവി തന്നെ കാണിച്ചു തരേണ്ടതാണ്. ബാലിശമാണ് ദീപയുടെ രചന. എസ്. രമേശന്റെ ശരണാവലികൾ (ദേശാഭിമാനി സെപ്റ്റംബർ 22) പുതുമയൊന്നമില്ലെങ്കിലും വായനാസുഖം നൽകുന്ന കവിതയാണ്. ആഴത്തിൽ പരിശോധിക്കാനോ വിശകലനം ചെയ്യാനോ മെനക്കെടാതിരുന്നാൽ കൈയടികൾ നേടാവുന്ന കവിത. അതിനു വേണ്ടിയാണല്ലോ ഇപ്പോൾ കവിതകൾ  എഴുതപ്പെടുന്നത്. രമണൻ ഞാങ്ങാട്ടിരിയുടെ രണ്ട് കവിതകൾ വ്യക്‌തമായ രാഷ്‌ട്രീയ കവിതകളാണ്. മതിലിനു പുറത്ത് ലെഫ്റ്റ് റൈറ്റ് എന്ന് മാർച്ചു ചെയ്യുന്ന ഫാസിസത്തേയും അമറിക്കൊണ്ട് ചാടി വീഴുന്ന പശുവിനെ കണ്ട് വഴിയറിയാതെ ഒറ്റപ്പെട്ടൊരു രാജ്യത്തെന്ന പോലെ നിന്നു പോകുന്നതും നാം പല തവണ പറഞ്ഞു കഴിഞ്ഞു. പ്രശ്‌നങ്ങളുണ്ടെന്ന് പറയലല്ല, ബദലുകൾ നിർദ്ദേശിക്കേണ്ടതു കൂടി നമ്മുടെ ഉത്തരവാദിത്തമാണ്. സുരക്ഷിതമായൊരു സ്ഥാനത്തിരുന്ന് ചൂണ്ടിക്കാണിക്കൽ താരതമ്യേന എളുപ്പമാണ്. പ്രിയ ഉണ്ണികൃഷ്‌ണൻ എഴുതിയ ലോകം വിടരുമ്പോൾ പ്രത്യേകിച്ചൊന്നും നൽകാത്ത കവിതയാണ്. പ്രിയയുടെ ലോകം ഇനിയുമൊരുപാട് വിടരാനുണ്ട്. ഗഫൂർ കരുവണ്ണൂർ എഴുതിയ കാന്തം (ദേശാഭിമാനി സെപ്റ്റംബർ 29) പാതിയിൽ നിന്നു പോയ വാക്കുകളെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. റാം റാം എന്ന് വിളിച്ചു മരിച്ചു പോയ ഗാന്ധി അതിനു ശേഷം എന്തായിരിക്കും പറയുമായിരിക്കുക എന്ന അന്വേഷണം വലിയ രാഷ്‌ട്രീയ സാധ്യതയാണ്. അമിതാഖ്യാനത്തിന്റെ നടപ്പു ദോഷമുണ്ട് ഗഫൂറിന്റെ കവിതക്ക്. ഒന്നുകൂടി കുറുകിയിരുന്നെങ്കിൽ എത്ര മനോഹരമാകുമായിരുന്നു ആ കവിത. അനു പാപ്പച്ചന്റെ കവിത അമ്മാമ്മയും ചെഞ്ചോരപ്പരത്തിയും വായിക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. കവിത ഒരു നേരമ്പോക്ക് എന്നതിനപ്പുറം ഈ കവി പരിഗണിക്കുന്നേയില്ല. നല്ല വാക്കുകളും ശൈലിയും സ്വയത്തമാണ് അനുവിന്. പക്ഷേ സ്വയം എഴുതുക എന്നല്ലാതെ മറ്റാരെയെങ്കിലും വായിക്കാനോ വ്യക്‌തിപരതക്കപ്പുറം കവിതക്കൊരു തലമുണ്ടെന്നത് അംഗീകരിക്കാനോ കവി തയ്യാറല്ല. മഞ്ഞപ്പാവാടേടെ മൂട്ടില് ചെമ്പരത്തി വിരിയണ കാലത്തു തന്നെ നിൽക്കാതെ ഒന്നു മുന്നോട്ടു നടക്കാൻ കവി ശ്രമിക്കും എന്ന് പ്രതീക്ഷിക്കാം. മൂസ എരവത്ത് ഓനച്ചന്റെ ടർക്കിഷ് ടവൽ എന്നൊരു കവിതയിലൂടെ കാട്ടുപന്നിയും മലമ്പാമ്പും വെള്ളന്റെ കുഴിമാടത്തിനിപ്പുറത്തേക്ക് എത്തി നോക്കിയിട്ടു പോലുമില്ല, എന്നിട്ടിപ്പം അവന്റെ മക്കളേം മരുമക്കളേം ഇറക്കി വിടണമെന്ന രണ്ടാമത്തവന്റെ തീർപ്പു വന്നപ്പോൾ തന്റെ വെള്ള നിറമുള്ള ടർക്കിഷ് ടവൽ വലിച്ചെറിഞ്ഞപ്പോഴാണ് ഏലിക്കൊച്ചിന്റെ അമ്മ ഇന്ത്യയുടെ ഭൂപടത്തിൽ കാശ്‌മീരിനു മേൽ പെൻസിൽ മുന വച്ചത്. നല്ല കവിത, മൂസ എരവത്ത്.

കവിതയിൽ സറ്റയർ വിളയിച്ചെടുക്കുന്നയാളാണ് മോഹനകൃഷ്‌ണൻ കാലടി. യഥാവിധി (മാധ്യമം സെപ്റ്റംബർ 16) എന്ന കവിത കുറിക്കു കൊള്ളുന്ന പരിഹാസശരങ്ങളാൽ സമൃദ്ധമാണ്. ഏഴാം നിലയിലെ പിക്യൂ സാറ് മരിച്ച അന്നു തന്നെയാണ് മന്ത്രിയും സിനിമക്കാരനും എഴുത്തുകാരനും മരിച്ചത്. ദേവാലയത്തിലെ ഗർദഭം, ബിവറേജസിനു മുന്നിലെ സാരമേയം, കോടതി വരാന്തയിലെ പ്ലവംഗം എന്നിവയും അന്നു തന്നെയാണ് മരിച്ചത്. എന്നു വച്ച് പിക്യൂ സാറിനെ വെച്ചു കൊണ്ടിരിക്കാൻ പറ്റുവോടേ? അങ്ങേരേം യഥാവിധി സംസ്‌കരിക്കുക തന്നെ ചെയ്‌തു. മോഹനകൃഷ്‌ണന് തൽക്കാലം മലയാളത്തിൽ താരതമ്യങ്ങളില്ല. ഡോ. ദീപാ സ്വരൻ എഴുതിയ പിടി തരാത്ത ചിലത് പതിവു വായ്ത്താരികൾ ആവർത്തിക്കുന്നു. പെണ്ണ്, അടുക്കള, പാകമല്ലാത്ത ഉടുപ്പ്.. എന്നിങ്ങനെ. വല്ലാതെ മടുപ്പിക്കുന്നുണ്ട് ഇത്തരം കവിതകൾ എന്നു പറയാതെ വയ്യ.  അയ്യപ്പൻ മൂലേശ്ശെരിൽ മടുപ്പേറിയൻ ഭൂപടത്തിൽ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകൾ എന്നൊരു നീണ്ട കവിത എഴുതിയിട്ടുണ്ട് മാധ്യമത്തിൽ (സെപ്റ്റംബർ 23). ഭ്രമാത്‌മകതയും അനിശ്ചിതത്വവും സമാസമം ചേർത്ത് നിർമിച്ച മനോഹരമായ കാവ്യമാണിത്. ഇങ്ങനെയും കവിതയുണ്ടാവാമല്ലോ എന്ന് ആശ്ചര്യപ്പെടുത്തി അയ്യപ്പൻ. ഡി. സന്തോഷിന്റെ ആത്‌മാഖ്യാനമാണ് ഭൂമിയിലെ വിഡ്ഡി എന്നു വിചാരിച്ചാൽ വായനക്കാരനെ വഴക്കു പറയരുത്. താളത്തിൽ ചൊല്ലി രസിക്കാൻ പര്യാപ്‌തമാണ് കവിത. പക്ഷേ ആവർത്തന വിരസവും ബാലിശവുമായിപ്പോയി. ആദിൽ മഠത്തിലിന്റെ വലിയ പള്ളി റോഡ് ആണിന്റെയും പെണ്ണിന്റേയും മരണം പോലും എത്രമാത്രം വ്യത്യസ്‌തമാണെന്ന് നിരൂപിക്കുന്നു. ആദിലിന്റെ കാഴ്‌ചകൾ എന്നും വ്യത്യസ്‌തമാണല്ലോ. സെപ്റ്റംബർ 30 ലക്കം മാധ്യമത്തിൽ പി.എസ് മനോജ് കുമാർ എഴുതിയ ഭയോപനിഷത്ത് അതിരുകൾക്കപ്പുറവുമിപ്പുറവു മാക്കപ്പെടുന്ന മനുഷ്യനെ അഭിസംബോധന ചെയ്യുന്നു. നമ്മൾ അവരെന്ന ദ്വന്ദം എല്ലായ്‌പ്പോഴും നമ്മെ ഭയപ്പെടുത്തുന്നുവല്ലോ എന്ന് കവി. ആഴത്തിൽ വേരുകളുള്ള ഗൗരവമുള്ള കവിതയാണ് ഭയോപനിഷത്ത്. മാധവൻ പുറച്ചേരിയുടെ ഏഴിമല പക്ഷേ വെറും വായനയല്ലാതെ യാതൊന്നും തരുന്നില്ല.

മലയാളം വാരിക ഒരു പക്ഷേ ഏറ്റവും അപ്രധാനമായി പരിഗണിക്കുന്നത് കവിതകളേയാണ് എന്നു തോന്നുന്നു. സെപ്റ്റംബർ 16 ലക്കത്തിലെ രണ്ടു കവിതകളും ഈ തോന്നലിനെ ബലപ്പെടുത്തുന്നവയാണ്.  ബി.കെ ഹരിനാരായണന്റെ വേഴ്‌ച, എം.പി. പ്രതീഷിന്റെ നൃത്തം എന്നിവ കവിത ഒട്ടുമില്ലാത്ത പദ്യങ്ങളാണ്. സെപ്റ്റംബർ 23 ലക്കത്തിൽ ശ്രീകുമാർ കരിയാട് എഴുതിയ അപ്പുറത്തേക്ക് എന്ന കവിത അപ്പുറത്തേക്ക് പോകാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നു. മൃത്യുവല്ലിത് ഭയം തെല്ലുമേ  വേണ്ടാ, എന്ന് കവി ഉറപ്പുപറയുന്നുണ്ട്. അപ്പുറമെന്നത് ഇപ്പുറത്തിന്റെ മറുപുറമാണല്ലോ എന്ന് ചിന്തിപ്പിക്കുന്ന കവിത. രൂപാന്തരം എന്ന മറ്റൊരു കവിതയുണ്ട്. അക്ബർ എന്നാണ് കവിയുടെ പേരെന്ന് അച്ചടിച്ചിട്ടുണ്. എന്നാൽ ഈ കവിത ശ്രീകുമാർ കരിയാടിന്റെതാണെന്നും അക്ബർ പേരു വച്ച് അയച്ചു തന്നതിനാലാണ് പ്രസിദ്ധീകരിച്ചതെന്നും അടുത്ത ലക്കത്തിൽ പത്രാധിപ സമിതി തിരുത്ത് നൽകിയിട്ടുണ്ട്. അപ്പോഴും പക്ഷേ ചോദ്യമൊന്ന് ബാക്കിയാണല്ലോ. ശ്രീകുമാർ കരിയാടിന്റെ കവിത പ്രസിദ്ധീകരിച്ച ലക്കത്തിൽ തന്നെ എങ്ങനെയാണ് ചോരണക്കവിതയും വന്നത് എന്നതിന് യുക്‌തിഭദ്രമായ വിശദീകരണം ലഭ്യമല്ല. സെപ്റ്റംബർ 30 ലക്കത്തിൽ അന്തരിച്ച മനു മാധവൻ എഴുതിയ എന്റെ മുറിക്കു ചുറ്റും ഒരു മരമുണ്ട് എന്ന കവിതയാണുള്ളത്. മുറിക്കു ചുറ്റുമല്ല, ജീവിതത്തിനു ചുറ്റുമുള്ള ഒരു പച്ചമരത്തെ നാം കാണാറില്ലെന്നേയുള്ളൂ. മനു മാധവന് ആദരാഞ്ജലികൾ.

കവികൾ കാലത്തോടും സമയത്തോടുമൊപ്പം സഞ്ചരിക്കേണ്ടതുണ്ടെന്നും അല്ലാത്ത പക്ഷം എഴുത്തു നിർത്തേണ്ടതാണെന്നും പറയാൻ തോന്നുന്നത് കലാകൗമുദിയിൽ (സെപ്റ്റംബർ 15) പവിത്രൻ തീക്കുനി എഴുതിയ തണുപ്പ് വായിച്ചപ്പോഴാണ്. പവിത്രന്റെ കവിതയിൽ ശരിക്കും തണുപ്പു ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എത്ര കാലമാണ് ഒരേ കവിത തിരിച്ചും മറിച്ചുമെഴുതുക?

മൂല്യ ശ്രുതി മാസികയിൽ (സെപ്റ്റംബർ ) കെ.ജി. ശങ്കരപ്പിള്ളയുടെ പ്രേമസംഗീതം പ്രേമമേ നീ, ദാഹിക്ക് നീർ മായ, പ്രതിക്ക് നീതി മായ, അപേക്ഷകന് അനുവാദ മായ, ബന്ദിക്ക് മോചനമഹാമായ എന്ന് പ്രേമത്തെ നിർവചിക്കുന്നു. ലതാലക്ഷ്‌മിയുടെ ആളോഹരി മാലിന്യം ശരിക്കുള്ള ലോകത്തേയും വ്യാജ (virtual) ലോകത്തേയും മാലിന്യങ്ങളെ കൂട്ടിക്കലർത്തുകയും വേസ്റ്റ് എന്ന് സ്വയം പറയാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സൈബർ വാരഫലം

കൃത്യമായ ചട്ടക്കൂടിൽ ഡിജിറ്റൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളാണ് സൈബർ വാരഫലം പരിഗണിക്കുന്നത്. കാക്കത്തൊള്ളായിരം ഓൺലൈൻ രചനകൾ വിലയിരുത്തുക അസാധ്യമാണല്ലോ! പരിമിതികൾക്ക് ക്ഷമാപണം.

ഇ. ഷീ.ക. സെപ്റ്റംബർ ലക്കം ഓണപ്പതിപ്പായാണ് ഇറങ്ങിയത്. ഓരോ ദിവസവും ഒന്നും രണ്ടും രചനകളായി 27 കവിതകളും 22 കഥകളും പ്രസിദ്ധീകരിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഈ സംരംഭം പ്രത്യേക പരാമർശം അർഹിക്കുന്നു.

മഹേന്ദർ എഴുതിയ ഓണം എന്ന കവിത ചിമിഴിലൊതുക്കിയ കടലാണ്. എത്ര കഷ്‌ടപ്പെട്ടിട്ടാവണം ഒരു കാശിത്തുമ്പ ഈ ടൈൽ മുറ്റത്ത് ഒരിടം കണ്ടെത്തി പൂത്തു നിൽക്കുന്നത്. ഓണമായെന്ന് നമ്മളെ ഓർമപ്പെടുത്താൻ മറ്റാരുമില്ലല്ലോ എന്ന സങ്കടച്ചിരിയുമായ്. അത്രയൊന്നും വാചാലമാകേണ്ടതില്ല കവിത എന്ന് കവി ആവർത്തിച്ചു പറയുന്നു. അലിഞ്ഞലിഞ്ഞു തീരുന്ന ഒരു രസമിഠായി പോലെയാവണമല്ലോ കവിത.  അനീസ് ഹസന്റെ പഞ്ചസാരത്തരികളുടെ നിമിഷം ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞു പൊട്ടിച്ചു കളയുന്ന പഞ്ചസാര പാത്രത്തെയോർത്ത് സങ്കടപ്പെടുന്നു. രൂപ രാഹിത്യത്തിന്റെ അനിശ്ചിതത്വത്തിൽ നിന്ന് പ്രമേയത്തിന്റെ ചട്ടക്കൂട്ടിലേക്ക് അനീസ് ഹസന്റെ കവിത പരകായപ്രവേശം നടത്തുന്നു. നന്ദിനി രാജീവിന്റെ ഓണം വരുന്നത് എന്ന കവിത ഓർമകളുടെ വീണ്ടെടുപ്പാണ്. ഒന്നു തിരിഞ്ഞു നോക്കിയാൽ എത്രയെത്ര സന്തോഷങ്ങളാണ് നമുക്ക് മുമ്പേ ഓടി മറഞ്ഞിട്ടുള്ളത്. ഇടക്ക് തറവാട്ടിലേക്കൊന്ന് തിരിച്ചു പോകുന്നത് നല്ലതാണ്. രമാ പ്രസന്ന പിഷാരടിയുടെ അദ്വൈതം മികച്ച കവിതയാണ്. ഇനിയുമറിയേണ്ട ഒന്നു നാമെന്നൊരദ്വൈത സത്യമായ് ഒന്നിലൊന്നിനെ ചേർക്കും ജലകണം എന്ന് കവിത നമ്മെ ഓർമിപ്പിക്കുന്നു. സംഗീത കുളത്തൂരിന്റെ വാക്കളങ്ങൾ പൂക്കളങ്ങളും വാക്കളങ്ങളും തമ്മിലുള്ള സംഘർഷമാണ്. ഉത്രാട നിലാവിന്റെ ഗന്ധത്തിനു പകരം തീക്കനലിന്റെ തിളക്കമുള്ള തിരുവോണമാണ് കവിക്കു പ്രിയം. വാക്കുകൾ അങ്ങനെയാണ്. അവ തീവ്രമായി പ്രതിഷേധിക്കുമ്പോൾ കവിതയുണ്ടാവുന്നു. ഗൗതം കുമരനല്ലൂരിന്റെ ആർപ്പോ.. ആകാശത്തും തുമ്പ വിരിഞ്ഞിട്ടുണ്ട്.. അതാണ് മുഖം തെളിഞ്ഞത് എന്ന് പ്രളയത്തിൽ മുങ്ങിപ്പോയ ഓണത്തെ തിരിച്ചു പിടിക്കുന്നു. ഉദ്ധവ് എൻ.എം എഴുതിയ പതറാതെ എന്ന കവിതയാവട്ടെ അതിജീവനത്തിന്റെ  ഉറുമ്പു സാധ്യതകളെക്കുറിച്ചാണ്.  കുട്ടികൾ  അത്ര മാത്രം ശുഭാപ്‌തി വിശ്വാസികളാണ് എന്നത് സന്തോഷം തരുന്നുണ്ട്. മുനീർ കെ എഴൂർ എഴുതിയ ആണ്ട് നല്ല കവിതയാണ്. എല്ലാ  വർഷവും കുത്തിയൊലിച്ചു പോയ സ്വപ്‌നങ്ങളെ മണ്ണിൽ ചേർത്ത് കുഴക്കും, ഇലയിടും, കൈകൊട്ടി വിളിച്ച് കുന്നും മലയുമാക്കി ഉരുട്ടി വെയ്ക്കും, എന്ന് തുറന്നു പറയുന്നു കവിത. ഇഷീ.ക ഒരു നല്ല ഓണവിരുന്നായിരുന്നു.

ഉറവ ഡിജിറ്റൽ മാഗസിൻ സെപ്റ്റംബർ പതിപ്പിൽ 19 കവിതകളുണ്ട്. ഉണ്ണി വിശ്വനാഥ് എഴുതിയ പൊതുജനം ശ്രദ്ധേയമായ കവിതയാണ്. ഓരോ തവണയും ജയിക്കുന്നവന്റെ കൂടെയാകുന്ന നിലനിൽപീയത്തെക്കുറിച്ചുള്ള കവിയുടെ പരിഹാസം കൃത്യമായി പ്രതിഫലിക്കുന്നുണ്ട് കവിതയിൽ. രഘുനാഥ് കെ യുടെ വലിയ പറയി എന്ന കവിത പറയി പെറ്റ പന്തിരുകുലത്തിലെല്ലാവർക്കും അമ്മ ഒന്നു തന്നെയാണല്ലോ, എന്നിട്ടും എന്താണിങ്ങനെ എന്ന് ഖേദിക്കുന്നു.

 മനോജ് വീട്ടിക്കാട്

1 Comment
  1. ഗഫൂർ കരുവണ്ണൂർ 2 years ago

    നന്ദി കാന്തം വിശകലനത്തിന്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account