കവിതയിലെ വിലാപകാരികൾക്ക് ഊർജ്ജം പകർന്ന് കേരളത്തിൽ വീണ്ടും സ്‌ത്രീ ശിശു പീഡനം സംഭവിച്ചിരിക്കുന്നു. പേന കൈയിലെടുത്തോരൊക്കെ കവികളാവുന്ന ദുരവസ്ഥയിൽ വാളയാർ പെൺകുട്ടികളെക്കുറിച്ചുള്ള ഒപ്പാരികളുടെ പ്രളയമാണ് കവിതയുടെ ലോകത്ത്. സംഭവങ്ങളുടെ വർണ്ണനയും പ്രതിഷേധ സൂചകമായുള്ള മുദ്രാവാക്യം വിളികളുമാണ് കവിത എന്നു ധരിക്കുകയും അതൊക്കെ പാടി നടക്കുകയും ചെയ്യുന്ന കവികൾക്ക് ഹാ കഷ്‌ടം. എന്തെന്നാൽ മലയാള കവിതക്ക് ചരമ ശുശ്രൂഷ നടത്തിയത് തങ്ങളാണെന്ന് അവർക്ക് കവിതാനന്തര കാലത്ത് ഊറ്റം കൊള്ളാം.

മലയാള കവിതയുടെ ഭാവി എന്ത് എന്നത് വലിയ ചർച്ചകൾക്കൊന്നും പ്രസക്‌തിയില്ലാത്ത വിഷയമാണ്. തനതു വ്യക്‌തിത്വമോ നിലപാടോ ഇല്ലാത്ത കേവലം നേരമ്പോക്ക് എന്നു മാത്രം കവിതയെ പരിഗണിക്കുന്നവരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞ ഈ സാഹിത്യ ശാഖക്ക് ഇനിയെന്ത് ഭാവി എന്ന ഉൽക്കണ്ഠക്ക് തീർച്ചയായും അടിസ്ഥാനമുണ്ട്.  അത്തരം ഉൽക്കണ്ഠപ്പെടലുകളൊന്നും തന്നെ കവിതയെ രക്ഷിക്കില്ലെങ്കിൽ പോലും. കവിതയോടും സാഹിത്യത്തോടുമുള്ള താൽപര്യമോ സമൂഹത്തോടുള്ള ഉത്തരവാദിത്തമോ അല്ല മിക്ക വർത്തമാന കവികളേയും എഴുതാൻ പ്രേരിപ്പിക്കുന്നത്. കേവലയശസാർഥികളായ കവികളാണ് കവിതയുടെ മുഖം ഇത്രമേൽ വിരൂപമാക്കിയത്. അതുകൊണ്ടാണ് കവിതക്ക് മിക്കയിടത്തും പടിക്കു പുറത്ത് നിൽക്കേണ്ടി വരുന്നതും.

വാരഫലം

മാതൃഭൂമിയിൽ (നവംബർ 3) പി.പി.രാമചന്ദന്റെ കിടുകിടുക്കം ആലങ്കോട് ലീലാകൃഷ്‌ണന്റെ ജീവന്റെ വാക്ക്, സെബാസ്റ്റ്യന്റെ തോന്നലിൽ എന്നിവയാണുള്ളത്. തോന്നലിൽ എന്ന കവിത അങ്ങനെയിരിക്കെ എനിക്കെന്റെ കൈകളെ ഓർമ വന്നു, ഞാനവയെ അന്വേഷിച്ചു, കണ്ടെത്തിയില്ല എന്നു തുടങ്ങുന്നു. അവനവൻ തന്നെ അസoഗതമാവുന്ന അവസ്ഥ നഷ്‌ടങ്ങളെക്കുറിച്ചുള്ള വേവലാതിയേക്കാൾ ഉന്നതവും പക്വവുമായ ബോധ്യമാണ്. സെബാസ്റ്റ്യന്റെ കവിത അതിനാൽ തന്നെ നവ്യവും ഉന്നതവുമാണ്. ആലങ്കോടിന്റെ കവിത ആവർത്തന വിരസമാണ്. എല്ലാ വാക്കുകളും മത ജാതി വർഗ വിഭാഗീയതയുടെ ആയുധങ്ങൾ വഹിക്കുന്നു. പക്ഷേ വിശപ്പിനു മാത്രം വാക്കിൻ ജ്വാലയായ് പടരാനുള്ള ശേഷിയുണ്ടാവുന്നു.. വിശപ്പ് വലിയ ജ്വാലയാണെങ്കിലും കവിതയിൽ ഈ ബിംബങ്ങളും പ്രമേയവുമൊന്നും പുതിയതല്ല. കിടുകിടുക്കം എന്ന കവിതയിൽ വരികൾക്കിടയിലൂടെ മറ്റൊരു കവിതയൊഴുകുന്നുണ്ട്. വയൽ നടപ്പാതയിലൂടെ പോകുമ്പോൾ ഒരു തുമ്പി വന്ന് ഹെൽമറ്റിലിടിച്ച് കുപ്പായത്തിനുള്ളിൽ പെട്ടു .വണ്ടി നിർത്തി കുടുക്കഴിച്ച് കുടഞ്ഞപ്പോൾ തുമ്പി പാറിപ്പോയി. നെഞ്ചിൽ നിന്ന് ഒരു ജീവൻ പാറിപ്പോയി എന്നോർക്കുമ്പോൾ കവിക്കു മാത്രമല്ല കിടുകിടുക്കം. ഇന്നു നീ, നാളെ ഞാൻ എന്ന് നിരന്തരം ഓർമിപ്പിക്കലാണ് പി.പി. രാമചന്ദ്രന്റെ കവിതകളുടെ സ്വഭാവം.

ദേശാഭിമാനിയിൽ (നവംബർ 3) പ്രദീപ് രാമനാട്ടുകര എഴുതിയ വേദനിക്കാത്ത മുറിവുകൾ എന്ന കവിത സാക്ഷികളില്ലെങ്കിൽ ഒരു മുറിവിനും വേദനിക്കാനാവില്ല എന്ന് പ്രസ്‌താവിക്കുന്നു. ഒരേ മനുഷ്യൻ ഒരേ സമയം എത്ര മനുഷ്യരാണെന്ന തോന്നലിലേക്ക് ഈ കവിത നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അരുണ ആലഞ്ചേരിയുടെ ഒറ്റക്കൊരുവൾ ആർത്തവം ആഘോഷിക്കുമ്പോൾ എന്ന കവിത എന്തിനാണ് എഴുതിയതെന്ന് മനസിലായില്ല. പുറം ലോകത്തേക്ക് നോക്കുകയേയില്ല എന്നു വാശി പിടിക്കുന്ന കവികളോട് എന്തു പറയാനാണ്! സ്‌ത്രീ എന്നത് ആർത്തവം മാത്രമാണെന്ന് ധരിച്ചു വശായിരിക്കുന്ന ഈ പെൺ കവിയോട് സഹതാപമേയുള്ളൂ.

മാധ്യമത്തിൽ (നവംബർ 4) അമ്മു ദീപ എഴുതിയ സാഫോ വ്യത്യസ്‌തമായ അനുഭവം തരുന്ന കവിതയാണ്. നാളുകൾ നീണ്ടുനീണ്ടു പോയ വിരസതക്കും വിഷാദത്തിനുമൊടുവിൽ നിഴലില്ലാത്ത ഒരുവളുമായി ഞാൻ പ്രണയത്തിലായി എന്നു തുടങ്ങുന്നു കവിത. നിഴലിനെ എങ്ങനെ കുടഞ്ഞു കളയാം എന്നതാണ് കവിക്കറിയേണ്ടത്. ഒടുവിൽ സാഫോ പറഞ്ഞു, നക്ഷത്രങ്ങളിൽ നിന്നാണ് താനാ വിദ്യ പഠിച്ചത് എന്ന്. ഒരൊറ്റുകാരിയെപ്പോലെ കൂടെ നടക്കുന്ന നിഴലിനെ കുടഞ്ഞു കളയാൻ ആഗ്രഹിക്കാത്തവരാരുണ്ട്.  അക്ബർ എഴുതിയ പച്ച നടത്തം അതിലെ കൃത്രിമത്തം കൊണ്ട് അരോചകമാണ്. സംസാരഭാഷയിൽ കവിതയെഴുതുന്നതിൽ തെറ്റൊന്നുമില്ല. കവിതയിൽ എന്തുമാകാമെന്നാണല്ലോ നാട്ടുനടപ്പ്. പക്ഷേ അത് കുത്തിച്ചെലുത്തിയതു പോലിരുന്നാൽ അരസികമാണ്. പറഞ്ഞു പഴകിയ അതേ കാര്യമേ അക്ബറും പറയുന്നുള്ളൂ. പണ്ടത്തെ വഴികൾ നല്ല വഴികൾ, ഇപ്പോഴത്തേതൊന്നും അത്ര ശരിയല്ല. കെ.എം റഷീദിന്റെ മഴ, പ്രണയം, കടൽ എന്ന കവിത 9 ചെറു കവിതകളാണ്. രണ്ടോ മൂന്നോ വരികളിൽ കവിതയുടെ കടൽ നിറക്കുന്ന കുഞ്ഞു കവിതകളുടെ അനുകരണത്തിനുള്ള ശ്രമം ഈയിടെ വ്യാപകമാണ്. പക്ഷേ അനുകരണങ്ങളെങ്ങനെയാണ് ഒറിജിനലാവുക? എന്തെങ്കിലും മൂന്നു വരി എഴുതിയത് കവിതയാവില്ലല്ലോ.

കലാകൗമുദിയിൽ (നവംബർ 3) പതിവുപോലെ 14 കവിതകളുണ്ട്. എസ്. രമേശൻ, ആദിനാട് ഗോപി എന്നിവരുടെ കവിതകൾ മാറ്റി നിർത്തിയാൽ ബാക്കിയുള്ള പന്ത്രണ്ടെണ്ണം എങ്ങനെയാണ് അച്ചടിക്കപ്പെട്ടത് എന്ന് ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും സാഹിത്യ ബാഹ്യമായ ചില ഘടകങ്ങൾ കലാകൗമുദിയുടെ എഡിറ്റോറിയലിനെ സ്വാധീനിക്കുന്നുണ്ട് എന്ന് സംശയിക്കാൻ സാധ്യതകളുണ്ട്. കലാകൗമുദി മലയാള സാഹിത്യത്തിലെ എക്കാലത്തേയും പ്രൗഢമായ പേരാണ്. അത് നാൾക്കുനാൾ നിലവാരത്തകർച്ചയിലേക്ക് പോകുന്നത് സങ്കടകരമാണ് എന്നും പറയാതെ വയ്യ.

സൈബർ വാരഫലം

ഇഷിക ഒക്‌ടോബർ ലക്കത്തിൽ അനീസ് ഹസന്റെ ഡ്രൈവിംഗ് പരിശീലിക്കുന്നവർക്ക് സൗജന്യ വിതരണത്തിന് നല്ല കവിതയാണ്. ഭൂതകാലത്തിൽ നിന്ന് എന്തോയൊന്ന് വലതു വശത്തൂടെ മുട്ടി മുട്ടിയില്ലെന്ന മട്ടിൽ ഭാവിയിലേക്ക് പായുന്നതു കാണാം. തിടുക്കം വേണ്ട, അത് വഴിയരികിൽ നിങ്ങളെ കാത്തു നിൽക്കും. അതങ്ങനെയാണല്ലോ. അല്ലാതെവിടെ പോകാൻ! ഗീതുമോൾ സുരൻ എഴുതിയ ഇതെന്റെയാണ്‌ കവിതയുടെ പുതിയ ഭാവുകത്വത്തിന്റെ സജീവ സൂചനയാണ്. ഇനി പറയട്ടെ, സത്യമായും അതൊരു പൂവായിരുന്നു, സത്യമായും അസത്യമായും .. എന്നിങ്ങനെയാണ് കവിത. അത്രമേൽ വൈയക്തികമാവലാണ് കവിതക്ക് ഇനി സാധ്യമായേക്കാവുന്ന ഒരു പരിണാമം. അജിത് പ്രസാദ് ഉമയനല്ലൂരിന്റെ പ്രൊമിത്യൂസ് ആവർത്തിക്കുന്ന പ്രോമിത്യൂസ്‌മാർക്കുള്ള ഐക്യദാർഡ്യമാണ്. മായാ ബാലകൃഷ്‌ണന്റെ കവിതകൾ അവയുടെ പ്രൗഢമായ ഭാഷ കൊണ്ടാണ് പ്രസക്‌തമാകുന്നത്. നിലാത്തുള്ളി എന്ന കവിതയും നല്ല വാക്കുകളാൽ സമ്പന്നമാണ്.

ഉറവ മാസിക ഒക്‌ടോബർ ലക്കത്തിൽ പതിനേഴ് കവിതകളുണ്ട്. രാജൻ സി. എച്ച് എഴുതിയ ചിലപ്പോൾ ഭ്രാന്ത് എന്ന കവിത ന്യൂട്ടന്റെ ഭ്രാന്തായിരുന്നു ഭൂഗുരുത്വം എന്ന് സിദ്ധാന്തിക്കുന്നു. ഭ്രാന്ത് എപ്പോഴും ഒരു നല്ല കാവ്യ വിഷയമാണ്. പരോൾ (ജിജി ഫിലിപ്പ്) ലോകം അവസാനിച്ചപ്പോൾ ദൈവം പരോളിലിറങ്ങി, ഇനി ഒന്നും ആവർത്തിക്കില്ല എന്ന നിശ്ചയത്തോടെ എന്ന് കണ്ടെത്തുന്നു. ലോകത്തെ അവസാനിപ്പിക്കാൻ വേണ്ടി മനുഷ്യൻ പ്രവർത്തിക്കുമ്പോൾ മറ്റു ജീവികൾ ഭൂമിയെ നിലനിർത്താനാഗ്രഹിക്കുന്നു എന്നതും കവിതയുടെ സന്ദേശമാണ്. ബിജു റ്റി. ആർ പുത്തഞ്ചേരി എഴുതിയ അഴൽപക്കം വർത്തമാനമില്ലാത്ത, ചിരിയില്ലാത്ത, ചതിയും തിന്മയും മനസുനിറയെ വിഷവുമുള്ള മനുഷ്യരെക്കുറിച്ച് വേവലാതിപ്പെടുന്നു. മതിലിനപ്പുറം കാടാണ്. മനുഷ്യനില്ലാത്ത വീട് എന്ന് കവിത അവസാനിക്കുന്നു.

 മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account