അവനവനിലേക്കു ചുരുങ്ങുകയും അപരനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നത് മാത്രമല്ല വർത്തമാനത്തിന്റെ സാംസ്കാരിക അപചയം. അപരനെ നിരാകരിക്കുന്നതും നിന്ദിക്കുന്നതും ഒരുവേള ദ്രോഹിക്കുന്നതുപോലും തെറ്റല്ല എന്ന വിപരീത ബോധ്യമാണ് നമ്മുടെ സംസ്കാരത്തെ നയിക്കുന്നത് എന്നതാണത്. സംസ്കാരങ്ങളുടെ കൊടുക്കൽ വാങ്ങലുകൾക്കു പകരം പരസ്പരമുള്ള ഏറ്റുമുട്ടലുകളായി സാംസ്കാരിക സംഘർഷങ്ങൾക്ക് രൂപാന്തരം സംഭവിക്കാൻ ഈ പ്രവണത കാരണമാകുന്നു എന്നതാണ് നാം നേരിടുന്ന വലിയ ദുരന്തം. ജാതീയതയും ഗോത്ര സ്വഭാവവും മറ്റും മറ്റും സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് നമുക്ക് എന്നതു കൊണ്ടു തന്നെ അവയിലുണ്ടാകുന്ന സംഘർഷങ്ങളും പരസ്പരം ബാധിക്കാതെ വയ്യ. ഇത്തരം പൊരുത്തക്കേടുകളുടെ ഉരസലുകളിലൂടെ പുതിയൊരു സാംസ്കാരിക അവബോധം രൂപപ്പെടുകയും വിവിധ സാമൂഹ്യ ധാരകൾക്ക് ഒരുമിച്ച് നിൽക്കാവുന്ന സംസ്കാര ഭൂമിക സൃഷ്ടിക്കപ്പെടുകയുമാണ് സംഭവിക്കേണ്ടത്. എന്നാൽ വർത്തമാനകാലത്ത് സംഭവിക്കുന്നത് അതാതിന്റെ തനിമ നിലനിർത്താനുള്ള ശ്രമമല്ല, മറിച്ച് മുൻകൂട്ടി നിശ്ചയിച്ച പൊതു മാനകത്തിലേക്ക് വൈവിധ്യങ്ങളേയും വൈരുധ്യങ്ങളേയും വെട്ടിച്ചേർക്കലാണ്. അതുകൊണ്ടാണ് ഗോത്രകവിതകളുടെ വിലാസത്തിൽ ദളിത് സമൂഹങ്ങളുടെ ദാരിദ്ര്യവും സങ്കടങ്ങളും നമ്മളിലേക്കെത്തുന്നത്. വരേണ്യതയിൽ നമ്മളെക്കാൾ അൽപം കുറവുള്ളവരെ ദരിദ്രർ എന്നു വിളിക്കാനാണ് നമുക്കെപ്പോഴും താൽപര്യം എന്നതും വിലാപങ്ങൾക്കാണ് പൊതു സ്വീകാര്യത കൂടുതൽ എന്നതും മറ്റൊരു സാംസ്കാരിക ധാരയെ വികൃതമാക്കുന്നതിന് നമുക്ക് ന്യായീകരണങ്ങൾ സംഭാവന ചെയ്യുന്നു. തങ്ങൾ അധസ്ഥിതനോടൊപ്പമാണ് എന്ന് പ്രകടനപരമായി തെളിയിക്കാനുള്ള സ്ഥാപനവൽക്കൃത സാംസ്കാരിക വക്താക്കളുടെ വ്യഗ്രത അധഃസ്ഥിതർ എന്നൊരു വർഗമുണ്ടെന്ന ബോധ്യത്തിൽ നിന്നുണ്ടാവുന്നതല്ല, മറിച്ച് അവരുടെ രക്ഷിതാക്കൾ തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ്. കവിത ഭാഷയുടേയും സമൂഹത്തിന്റേയും അതിരുകൾക്കു പുറത്തേക്ക് പരക്കുകയാണ് വേണ്ടത്, അല്ലാതെ പുറമേ നിന്ന് അതിരുകൾക്കകത്തേക്ക് ചുരുങ്ങുകയല്ല. നാമെല്ലാരുമൊന്നാണെന്ന ഏകശിലാസങ്കൽപ്പമല്ല സംസ്കാരത്തിന്റെ അടിസ്ഥാനം. വ്യതിരിക്തമായ നാമോരോരുത്തർക്കും ഇടമുള്ളതായിരിക്കണം സാംസ്കാരിക ഇടങ്ങൾ. തനതു രൂപത്തിലുള്ള അതിജീവന ക്ഷമതയായിരിക്കണം ഓരോ കവിതയുടേയും സ്വഭാവം. യൂണിഫോമിട്ട് പരേഡ് നടത്തുന്ന അച്ചടക്കം കവിതയുടെ സ്വഭാവമേയല്ല എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
വാരഫലം
പദ്മ ദാദാസിന്റെ പതുക്കെ എന്ന കവിതയുണ്ട് നവംബർ 10 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. എത്ര പതുക്കെയാണ് ജീവിതം ഓരോരോ ഇതളായി വിരിഞ്ഞ് വാടി കൊഴിഞ്ഞു പോകുന്നതെന്ന് നമ്മെ കൗതുകപ്പെടുത്താനും പിന്നെന്തിനീ തിരക്കും ഝടുതിയും എന്നു നമ്മെ ആലോചിപ്പിക്കാനും കഴിയുന്നു കവിക്ക്. ഒടുക്കം മൃതിത്തയ്യലാൾ വന്നു തൻ തൃക്കരത്താൽക്കവിൾച്ചോപ്പു മെല്ലെത്തലോടിത്തണുപ്പേറ്റി മന്ദം വിളിക്കെ, പ്പതുക്കെപ്പതുക്കെ; ഇലച്ചാർത്തിൽ നിന്നിറ്റു വീഴും മഴത്തുള്ളി പോലെപ്പതുക്കെപ്പതുക്കെ… കവിത അനുവാചകനിലേക്ക് ആഴ്ന്നിറങ്ങുന്നു. എൻ.ജി. ഉണ്ണികൃഷ്ണന്റെ മഴവില്ല് പുതുമയൊന്നുമില്ലാത്ത കവിതയാണ്. കുട്ടികൾ ദൈവങ്ങളാണെന്ന് പറഞ്ഞ ആദ്യത്തെ കവിയൊന്നുമല്ലല്ലോ ഉണ്ണികൃഷ്ണൻ. എങ്കിലും ചില ആവർത്തനങ്ങൾ നമുക്ക് ചിലപ്പോഴൊക്കെ ആവശ്യമാണ്. ലോപയുടെ രണ്ടു രാജ്യങ്ങൾ ഭൂപടത്തിൽ എന്ന കവിത പതിവുപോലെ രണ്ടു വിവാഹിതരേയും പ്രണയത്തേയും പ്രതിപാദിക്കുന്നു. തിരിച്ചും മറിച്ചും ഒരേ കാര്യം തന്നെ പറഞ്ഞിട്ടും ഈ കവിക്കെന്താണ് മടുക്കാത്തത് എന്നാലോചിക്കണം. സിന്ധു കെ.വി. തുടർച്ച എന്ന കവിതയിൽ പെണ്മയുടെ തുടർച്ചയിൽ അഭിമാനം കൊള്ളുന്നു. ഞാനൊരു പെൺകുഞ്ഞിനമ്മയായതു പോലെ ഒരു കനം മകളേ, നിന്റെ ജനനം! എന്ന അഭിമാനബോധ്യം സ്ത്രീ ജന്മത്തെ ആത്മനിന്ദക്കുപയോഗിക്കുന്ന വിലാപക്കവികൾക്കുള്ള മറുപടിയാണ്. വി.ടി. ജയദേവന്റെ അഞ്ച് കവിതകൾ അഗാധമായ ദർശനങ്ങൾ കൊണ്ട് സമ്പന്നമാണ്. അജ്ഞനെന്നായ്ക്കൊള്ളട്ടെ, അറിയേണ്ടെനിക്കജ്ജാലവിദ്യാരഹസ്യം, എന്നെഴുതുന്ന അജ്ഞന്റെ മാനിഫെസ്റ്റോ എക്കാലത്തേയും മികച്ച കവിതകളിലൊന്നാണ്.
ഒരു പിടി കവിതകൾ എഴുതിയ സുഗതകുമാരിക്ക് (മാതൃഭൂമി നവംബർ 17) നല്ല നമസ്കാരം. ഇപ്പോഴും നമുക്ക് സുഗതകുമാരിയെ വായിക്കാൻ ഭാഗ്യമുണ്ടാവുന്നു എന്നത് അത്യന്തം സന്തോഷപ്രദം തന്നെയാണല്ലോ. നവംബർ 24 ലക്കം മാതൃഭൂമിയിൽ പി.എൻ ഗോപീകൃഷ്ണൻ സത്യാനന്തര കവിതകൾ എഴുതിയിട്ടുണ്ട്. ഒരു ദ്രുതകർമസേന വന്ന് എഴുതാനിരിക്കുന്ന കവിതകൾക്കിടയിൽ മൈൻ വിതറി. അൽപം കഴിഞ്ഞ് കമാൻഡർക്കു തെറ്റി, ഞങ്ങൾ ഉദ്ദേശിച്ചത് ഈ ഭാഷയെയല്ല എന്നു പറഞ്ഞ് അവർ അയൽ ഭാഷയിലേക്ക് പോയി എന്ന് കവിതയെ രാഷ്ട്രീയപ്രതിരോധമാക്കുന്ന ഒരേ ഒരാൾ ഗോപീകൃഷ്ണനാണ്. അവനവനിൽ ചുറ്റിത്തിരിയുന്ന കവിതയോട് ഇന്നലത്തെ മരത്തിൽ ഇന്നത്തെ ആണിയടിക്കാൻ കൽപിക്കുന്ന തച്ചൻമാരെ ഞാനിനി കവികൾ എന്ന് അംഗീകരിക്കുകയേ ഇല്ല എന്ന് പറയാൻ വേറാരാണുള്ളത്? സത്യാനന്തര കാലത്ത് കവി ആരാണെന്നറിയുക ഓരോ കവിയുടേയും ഉത്തരവാദിത്തമാണ്. സാവിത്രി രാജീവന്റെ വഴി പിഴക്കുന്ന കുഞ്ഞങ്ങളോട് എന്ന കവിതയിൽ പുതിയതൊന്നുമില്ല. കാൽപ്പാന്തങ്ങളായി പറഞ്ഞു കൊണ്ടേയിരിക്കുന്ന വഴികാട്ടികളുടെ ശരിതെറ്റുകളുടെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള പതിവ് ഗീർവാണമല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു കവിത. ടി.പി. അനിൽകുമാറിന്റെ നന കാറ്റ്, മരം, ചെടി, പ്രാണി എന്നിങ്ങനെ എല്ലാവരും ചേർന്ന് ജീവിക്കുന്ന മനോഹര ജീവിതത്തെ കിനാവു കാണുന്നു. മനോഹരമായ ഭാഷയിൽ എഴുതിയ നന നല്ല കവിതയാണ്.
കവിതയിൽ സറ്റയർ കൊണ്ടും സർക്കാസം കൊണ്ടും മായാജാലം കാണിക്കാൻ ശേഷിയുള്ളയാളാണ് മോഹനകൃഷ്ണൻ കാലടി. നവംബർ 11 ന്റെ മാധ്യമത്തിൽ മോഹനകൃഷ്ണന്റെ തമ്പുരാൻ പടി എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. സുരേശൻ മാഷാണത് കണ്ടു പിടിച്ചത്; തമ്പുരാൻ പടി ബസ് സ്റ്റോപ്പിൽ തമ്പുരാനില്ല! മാഷിന്റെ വിദ്യാർഥികൾ ചരിത്രത്തിൽ നിന്ന് തമ്പുരാനെ നാട്ടുകാർ തല്ലിക്കൊന്നതാണ് എന്ന് കണ്ടെത്തി. പിന്നീട് തമ്പുരാൻ പടി ആക്ഷൻ കമ്മറ്റിയുണ്ടാക്കി പഴയ ദാഹക്കാരുടെ പിൻമുറക്കാർ തമ്പുരാന്റെ പിൻമുറക്കാരനെ കണ്ടെത്തി തമ്പുരാനായി വാഴിച്ചു. സുരേശൻ ചരിത്ര മാനേജ്മെന്റ് മാഷാണ് എന്ന് കവി അവസാനമേ പറയുന്നുള്ളൂ. പാട്ടുകൊണ്ട് ചൂട്ടുകെട്ടി മോത്തു കുത്തും എന്നു പറഞ്ഞ കവിയുടെ പരമ്പരയിൽ മോഹനകൃഷ്ണനുമുണ്ട്. ഒ.പി. സുരേഷിന്റെ പ്രധാനമന്ത്രികൻ എന്ന കവിതയെ പ്രധാനമന്ത്രി എന്നു വായിച്ചത് ഞാൻ മാത്രമാവാൻ തരമില്ല. ചില വാക്കുകൾ അങ്ങനെയാണല്ലോ. മറ്റൊന്നുമായി വായിക്കാൻ സമ്മതിക്കില്ല തന്നെ. സർവ്വ അടുപ്പുകളിലേയും തീയും എല്ലാ കുളങ്ങളിലേയും വെള്ളവും വിഴുങ്ങിയ പ്രധാനമന്ത്രികൻ ഒരു ദേശത്തിന്റെ പ്രാണൻ മുഴുവൻ ആവശ്യപ്പെട്ടിട്ടും അകത്തേക്കെടുത്ത ശ്വാസം പുറത്തേക്കു വിട്ടതേയില്ല. അപ്പോൾ പിന്നെ ശീർഷകം പ്രധാനമന്ത്രി എന്നു വായിച്ചതിൽ തെറ്റൊന്നുമില്ല. കവിത വൈയക്തികമാവുന്നത് വലിയ പാതകമൊന്നുമല്ല. പക്ഷേ വൈയക്തികാനുഭവങ്ങളെ മറ്റുള്ളവർക്കു കൂടി അനുഭവവേദ്യമാക്കാനുള്ള കാവ്യശേഷി കവിക്കുണ്ടാവണം. മണ്ണിടിച്ചിൽ എന്ന കവിതയുടെ കാര്യത്തിൽ രഗില സജി എന്ന കവി ഈ ശേഷി ഇനിയും ആർജിക്കേണ്ടതുണ്ട് എന്നു പറയേണ്ടി വരും. അനുവാചകനോട് സംവദിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടാൽ പിന്നെന്തിനാണ് കവിത? കളത്തറ ഗോപന്റെ സൂ അവസാനിക്കുന്നത് കുരങ്ങനായ കൂട്ടുകാരൻ വാല് മാറ്റി നോക്കി, എങ്കിലും മരങ്ങൾ കാണുമ്പോൾ അവന് എന്തോരിത് എന്നാണ്. ഇപ്പോഴും പരിണാമം പൂർത്തിയായിട്ടില്ലാത്ത നമ്മളെ ഇതിലേറെ എങ്ങനെയാണ് പരിഹസിക്കുക? നവംബർ 18 ന്റെ മാധ്യമം ഗോത്രഭാഷയിലെ കവിതകൾ കൊണ്ട് വ്യത്യസ്തമാണ്. പി. രാമൻ പറയുന്നതുപോലെ കവിതയെ മലയാള കവിത എന്നല്ല, ഇനിമേൽ നമ്മൾ കേരളകവിത എന്നു വിളിക്കേണ്ടിയിരിക്കുന്നു. സുകുമാരൻ ചാലിഗദ്ധയുടെ റാവുള ഭാഷയിലെ നാലു കവിതകളും ശിവലിംഗന്റെ ഇരുള ഭാഷയിലെ ഒരു കവിതയുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കാടും പ്രകൃതിയും ഗോത്ര ജീവിതവും സുകുമാരന്റെ കവിതകളിൽ ഇഴചേർന്ന് കിടക്കുന്നു. കറുത്തതും വെളുത്തതുമായ വിരുദ്ധ ലോകങ്ങളെക്കുറിച്ചുള്ള വ്യതിരിക്തമായ നിലപാടുകളും കവിതകളിൽ കാണാം. പി. രാമന്റെ മൂന്നു കവിതകളുമുണ്ട്. ആരും തിരിച്ചറിയാത്ത ശരീരമാണോരോ കവിതയുമിന്ന്. സൗകര്യമൊന്നുണ്ടെവിടേയുമാരേയും കാക്കാതവയിട്ടുമൂടാം എന്ന കവിയുടെ ആത്മവിമർശനത്തിനു നമോവാകം. നവംബർ 25 ന്റെ മാധ്യമം മോശം കവിതകളാൽ സമ്പന്നമാണ്. (സച്ചിദാനന്ദന്റെ രണ്ട് സ്ട്രൂഗാ കവിതകൾ എന്ന വിവർത്തനമൊഴികെ). വാർത്തകളല്ല കവിതകൾ, എന്നും, മുദ്രാവാക്യം വിളിക്കലല്ല കവിയുടെ പണി എന്നും സെബാസ്റ്റ്യനെപ്പോലുള്ള മുതിർന്ന കവികളെ ഓർമിപ്പിക്കേണ്ടി വരുന്നത് ലജ്ജാവഹമാണ്. പൊക്കം എന്ന അദ്ദേഹത്തിന്റെ കവിത ഒട്ടും പൊക്കമില്ലാത്ത ഒന്നാണ്. ബിന്ദുകൃഷ്ണന്റെ സ്വന്തമായ് ഒരു പക്ഷിയും കേവലവിലാപത്തിനപ്പുറം കവിതയാവുന്നതിൽ പരാജയപ്പെട്ടു. കെ.ടി. സൂപ്പിയുടെ ശരീര കാലം, ഉമേഷ് ബാബുവിന്റെ പോയ വർഷം എന്നിവയും ഈയിടെ മാധ്യമത്തിൽ വായിച്ച ഏറ്റവും മോശം കവിതകളാണ്.
ദേശാഭിമാനി നവംബർ 10 ലക്കത്തിൽ അശോകൻ മറയൂർ, ഡി അനിൽകുമാർ എന്നിവർ എഴുതിയ ഗോത്രഭാഷാ കവിതകൾ വേറിട്ട വായനാനുഭവം തരുന്നുണ്ട്. എങ്കിലും കേവലകൗതുകത്തിന്റെ പുറംപാളി പൊളിച്ചു കളഞ്ഞാൽ ഈ കവിതകൾ എന്താണ് അവശേഷിപ്പിക്കുക എന്നത് ആലോചിക്കേണ്ട വിഷയമാണ്. നവംബർ 17 ലക്കത്തിൽ ക്ഷേമ കെ. തോമസ് എഴുതിയ സാക്ഷിമൊഴി വിഡ്ഡികളുടെ കോടതിയിൽ കണ്ണ് തുരക്കപ്പെട്ട ന്യായാധിപൻ ബധിരന്റെ സാക്ഷിമൊഴി കേട്ട് നഖക്ഷതങ്ങളും മുറപ്പാടുകളുമെണ്ണി അവൾക്ക് വിധി പറയുന്നു എന്ന് വർത്തമാനത്തെ കവിതയിലേക്ക് പരാവർത്തനം ചെയ്യുന്നു. മേഘ കാരായി എഴുതിയ പിന്നിൽ നിന്നൊരു ചോദ്യം (നവംബർ 24 ദേശാഭിമാനി) വർത്തമാന ഇന്ത്യൻ അവസ്ഥകളെക്കുറിച്ചുള്ള വേവലാതിയാണ്. അന്യവൽക്കരിക്കപ്പെടുക അത്രമേൽ എളുപ്പമായ രാജ്യത്ത് പിന്നിൽ നിന്ന് എപ്പോഴും വന്നേക്കാവുന്ന ഒരു ചോദ്യത്തെ കരുതിയിരിക്കേണ്ടതുണ്ട്.
കലാകൗമുദിയിൽ (നവംബർ 10) ശ്രീക്കോട്ടൂർ ബിനു എഴുതിയ തിരസ്കരിക്കപ്പെട്ടവർ കവിതയുടെ ഗോപ്യ സ്വഭാവം പുലർത്തുന്നുണ്ട്. അത്രക്ക് വാചാലമാവേണ്ടതല്ലല്ലോ കവിത. കുടുക്കു കഴുത്തിനു ചേർന്നില്ലെങ്കിൽ ചേരുന്ന കഴുത്തിൽ കുടുക്കിടണം എന്നാണ് കവിത അവസാനിക്കുന്നത്. ഈ ആശയം ആനന്ദ് വർഷങ്ങൾക്കു മുമ്പേ പറഞ്ഞു വച്ചതാണ് എന്ന് ബിനുവിന് അറിയാതിരിക്കില്ല എന്നും കരുതുന്നു. പി.കെ. ഗോപിയുടെ കശാപ്പുകാരുടെ പരീക്ഷകൾ എന്ന കവിത കശാപ്പുകത്തിയുടെ മുനകൊണ്ടല്ലാതെ ഇവനോ ഇവളോ ഇനി പരീക്ഷയെഴുകയില്ലെന്നുറപ്പാണ് എന്ന് പ്രഖ്യാപിക്കുന്നു. കവിത പ്രക്ഷോഭമാവേണ്ടതാണ് എന്ന് വർത്തമാനകാലം ആവശ്യപ്പെടുന്നു എന്ന് തിരിച്ചറിയലാണ് കവിയുടെ ധർമം. ജ്യോതി മദൻ എഴുതിയ സ്കൂളിലേക്കുള്ള വഴി ഒട്ടും ഉള്ളില്ലാത്ത വെറും വായാടിത്തമാണ്. ആവർത്തന വിരസവും അപ്രസക്തവുമാണ് ജ്യോതിയുടെ കവിത.. ലക്കം 2307 ൽ (നവംബർ 17) ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പുതിയ മാഷ് കവിത എന്നു പത്രാധിപർ തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ. സനൽ പോറ്റിയുടെ ഹരിതകാലം നല്ലൊരു പാട്ടാണ്. ഒരു പേജു മുഴുവൻ ഇതൊക്കെ എഴുതി വക്കുമ്പോൾ പാവം വായനക്കാരനെക്കൂടി ഒന്നോർത്താൽ നന്നായിരുന്നു. സനൽ പോറ്റി കഴിയുമെങ്കിൽ കുറച്ച് കവിതകൾ വായിക്കണം. വായിച്ചാലുമില്ലെങ്കിലും മേലാൽ കവിത എഴുതാതിരിക്കേണ്ടതാണ്. ഡോ. ഷീജ വക്കം അംബയെ അവലംബിച്ച് എഴുതിയ കാവ്യങ്ങളും ഇതേ ലക്കം കലാകൗമുദിയിലുണ്ട്. അംബയെക്കുറിച്ചുള്ള പുനരാഖ്യാനങ്ങളാണല്ലോ ഇപ്പോൾ മലയാളത്തിലെ ഫാഷനും ട്രെൻറും. ശ്രുതി പട്ടാമ്പിയുടെ കറ അതിന്റെ ധ്വനി ഭംഗികൊണ്ട് നന്നായിട്ടുണ്ട്. ജാതിക്ക് കറയുണ്ട്, അത് പുരളുന്നത് ഉടുപ്പിലല്ല എന്ന കവിയുടെ ബോധ്യം തുടർന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
സൈബർ വാരഫലം
ഇഷികയിൽ ശബ്നം സിദ്ദിഖി എഴുതിയ പൂച്ച ശക്തമായ കവിതയാണ്. രണ്ടു പൂച്ചകൾക്ക് മൃഗശാലയിലേക്ക് പ്രവേശനം കിട്ടിയിരിക്കുന്നു. മ്യാവൂ മ്യാവൂ എന്നു കരയുന്നതു തന്നെ ശിക്ഷ കിട്ടാവുന്ന ഒരു കുറ്റമാണ് എന്നിരിക്കെ കരച്ചിലാണോ കുറ്റം മ്യാവൂ എന്ന കരച്ചിലാണോ കുറ്റം എന്നൊരു ചോദ്യത്തിന് കവിതയിൽ സ്ഥാനമുണ്ട്. അനീസ് ഹസന്റെ സമയ ശരീരം വൃഥാ സ്ഥൂലവും അനാവശ്യമായ സങ്കീർണതകൾ കൊണ്ട് വരണ്ടതുമായിപ്പോയി. ശാസ്ത്രവും തത്വചിന്തയുമൊക്കെ നിറച്ചപ്പോൾ അതിൽ നിന്ന് കവിത ചോർന്നു പോയത് കവി കണ്ടില്ല. നന്ദിനി രാജീവിന്റെ ഒളിയിടങ്ങൾ ആഴമേറിയ ഒരു നിശബ്ദത പ്രസരിപ്പിക്കുന്നുണ്ട്. പ്രമേയപരമല്ലാതെ വൈകാരികാവസ്ഥകളിൽ നിന്ന് കവിത വാർക്കുന്നതിൽ നന്ദിനി കൃതഹസ്തയാണ്. അവനവനിൽ നിന്ന് അപരനിലേക്ക് പ്രസരിക്കുന്നവയാണ് നന്ദിനിയുടെ കവിതകൾ. അജിത് പ്രസാദ് ഉമയനല്ലൂർ കവിതക്ക് വിഷയം തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു. നമുക്ക് എന്തെങ്കിലും പറയാനുണ്ടായിരിക്കുകയും അതിന് ഉചിതമായ ബിംബങ്ങളും ഭാഷയും ചേരുകയും ചെയ്യുമ്പോഴാണ് കവിത ഉണ്ടാവുന്നത്.
ഉറവ മാസിക നവംബർ ലക്കത്തിൽ ശ്രദ്ധേയമായ കവിതയാണ് മുരളി മങ്കരയുടെ വാത്സല്യം. അപരന്നു വേണ്ടി സ്വന്തം ഉണ്മ തന്നെയും ത്യജിക്കാൻ തയ്യാറാകുന്ന ഒരു ഋഷി മനസ് കവി പുലർത്തുന്നു. നാനൃഷി കവി എന്ന് പ്രമാണം. സ്വയം നിരാകരിക്കുക എന്നത് അത്രയെളുപ്പം ആർജിക്കാവുന്ന ഒരു സ്വഭാവമല്ല. മുരളിയുടെ കവിതകൾ വരാനിരിക്കുന്നതേയുള്ളൂ എന്നു തോന്നുന്നു. മായാ ബാലകൃഷ്ണന്റെ സ്വപ്നജാലകം വേറിട്ട തോന്നലുകളുൾക്കൊള്ളുന്ന കവിതയാണ്. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെക്കുറിച്ച് എത്ര പാടിയാലാണ് മതായാവുക? സംഗീത ജയ്സൺ എഴുതിയ മഴ പറഞ്ഞത് എന്ന കവിതയും പരാമർശമർഹിക്കുന്നു. ഇനി വരുന്ന വരണ്ട കാലത്ത് വിതക്കാൻ നാം മഴയുടെ വിത്തുകൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. നോഹയുടെ പേടകത്തിലെന്ന പോലെ മഴയുടെ, സ്നേഹത്തിന്റെ, നന്മയുടെ, സത്യത്തിന്റെ ഒക്കെ വിത്തുകൾ സൂക്ഷിച്ചു വക്കേണ്ടിയിരിക്കുന്നു.
വായിച്ച കവിതകളെയാണ് പ്രതിപാദിച്ചിട്ടുള്ളത്. വായിക്കാതെ പോയവ ഒട്ടനവധിയുണ്ട്. മികച്ച കവിതകൾ വായിക്കാതെ പോയിട്ടുണ്ടാവാം.
കവിതാവലോകനങ്ങൾ വാരം തോറും രുചി കൂടി വരുന്നു ..
അവലോകനങ്ങൾ അസ്സലാകുന്നുണ്ട് !