നവംബറിലെ അവസാന ദിവസങ്ങൾ കുട്ടികളോടൊപ്പമായിരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല സർഗോത്‌സവങ്ങൾ. മുതിർന്നവരെന്നു സ്വയം വിശ്വസിക്കുന്ന പ്രഖ്യാപിത കവിശ്രേഷ്ഠൻമാരെക്കാൾ എത്രയോ മുന്നിലാണ് പുതിയ കുട്ടിക്കവികൾ എന്നതാണ് സത്യം. ഉയർന്ന ജനാധിപത്യ ബോധവും നിരീക്ഷണ പാടവവും കുട്ടികളുടെ സാഹിത്യത്തെ വ്യതിരിക്‌തമാക്കുന്നു. രണ്ടുദാഹരണങ്ങൾ –

വീണ്ടും കൊല്ലപ്പെടുന്നവർ

‘വരുംവഴിയിൽ
ഫ്ളക്‌സിൽ ചോര പൊടിച്ച്
തൂങ്ങിയാടുന്ന
രക്‌തസാക്ഷിയെ കണ്ടു.
ഒരു തവണ കൊന്നു;
വീണ്ടും വീണ്ടും
അവരുടെ ആദർശത്തിനുമേൽ
കരിയൊഴിക്കുന്നു.’
(ഷദ തൻസഖ് എം.ടി.)

ഭ്രാന്ത്

‘ചിലർ സീറ്റിൽ ആർഭാടമായി
ഞെളിഞ്ഞിരുന്ന് ആസ്വദിക്കുന്നുണ്ട്.
ചിലർ ആവർത്തനവിരസതയാൽ മൂടിയ
കണ്ണുകൾ അടയ്ക്കണോ
തുറക്കണോ എന്നറിയാതെ
ചുറ്റിലും എന്തിനെന്നില്ലാതെ പരതുന്നു.
ചിലർ സ്വന്തം സ്ഥാനം കണ്ടെത്താനാവാതെ
ഇനിയും തെക്കുവടക്ക് നടക്കുന്നു.
ചിലർ തനിക്ക് സ്ഥാനമില്ലെന്ന
ബോധ്യമുള്ളതുപോലെ നിസ്സഹായരായി
വശങ്ങളിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നു.
ചിലർ ജനലിലൂടെ ഓടിമറയുന്നവയുടെ
ചിത്രങ്ങൾ മനസ്സിൽ പകർത്തുന്ന തിരക്കിൽ.
ട്രെയിൻയാത്രയ്‌ക്കെന്നും ജീവിതവുമായി
ശ്വാസംമുട്ടിക്കുന്ന തരം സാമ്യതയനുഭവപ്പെട്ടത്
ഒരുപക്ഷേ, ഭ്രാന്തിന്റെ അനന്തരഫലമാകാം.
(ശ്രേയ സൈറേഷ്  വി)

യഥാതഥമാവാനുള്ള ബോധപൂർവമായ ശ്രമമാണ് മുതിർന്നവരുടെ കവിതയെ മിക്കപ്പോഴും അസ്ഥിരപ്പെടുത്തുകയോ അലോസരജനകമാക്കുകയോ ചെയ്യുന്നത് . ആഹ്വാനങ്ങളുടേയോ കൃത്രിമമായ സാമൂഹ്യബോധത്തിന്റേയോ ആലഭാരങ്ങളില്ലാത്തതു കൊണ്ട് കുട്ടികളുടെ കവിതകൾ കവിതകളായിത്തന്നെ നിലനിൽക്കുന്നു. കവിതയെ യുക്‌തിയുടേയും സമകാലികതയുടേയും കപട താൽപര്യങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇതൊക്കെ പറയുമ്പോഴും പ്രതിഭകളായ ഈ കുട്ടികളിൽ എത്ര പേർ എഴുത്തിൽ തുടരും എന്നത് ആശങ്കയുണർത്തുന്ന സംശയമാണു താനും. (കുട്ടികളുടെ കവിതകൾക്ക് സാംസ്‌കാരിക പ്രവർത്തകനായ ശ്രീ. പി. എം. നാരായണൻ മാഷോട് കടപ്പാട്).

വാരഫലം

മാതൃഭൂമിയിൽ (ഡിസംബർ 1) വിജയലക്ഷ്‌മിക്ഷ്മിയുടെ യക്ഷിയുണ്ട്. രസകരമായി ആലപിക്കാവുന്ന നല്ലൊരു പാട്ടാണ് ഈ കവിത. പക്ഷേ യക്ഷിയും ചുണ്ണാമ്പുമൊക്കെ എത്രയാവർത്തിച്ചു കഴിഞ്ഞതാണ് എന്ന് കവിയും കവിയുടെ സ്‌തുതിപാഠകരും ഓർക്കണം. നഷ്‌ടപ്പെട്ടവയെക്കുറിച്ചുള്ള വിലാപങ്ങളല്ലാതെ യാതൊന്നും പറയാനില്ലാതാവുമ്പോൾ എഴുത്തു നിർത്തുകയാണ് നല്ലത്. പ്രകൃതി വിരുദ്ധവും ചൂഷണോൻമുഖവുമായ വികസന സങ്കൽപങ്ങളോട് വിയോജിപ്പുള്ളപ്പോൾ തന്നെ അവയോടുള്ള പ്രതികരണത്തിന് നിങ്ങളുപയോഗിക്കുന്ന ബിംബങ്ങളോടും വിയോജിക്കാതെ വയ്യ. കിടപ്പിടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചല്ല, അസ്‌ഥിത്വം (!) നഷ്‌ടപ്പെട്ട യക്ഷിയെക്കുറിച്ചാണ് കവിയുടെ വേവലാതി എന്നതിന് നമ്മിൽ രൂഢമൂലമായ ഒട്ടനവധി കാരണങ്ങളുണ്ട്. കവിത അവനവൻ കേന്ദ്രിതം മാത്രമല്ല സവർണ സങ്കൽപ്പങ്ങളെ അതിജീവിക്കാൻ കഴിയാത്തതും കൂടിയാണ്. രാഖി റാസ് എഴുതിയ വായന എന്ന കവിത ഒരു സർക്കാസമാണ്. അത്ര മൂല്യമേ അതിനുള്ളൂ. ട്രോളുകൾ കൊണ്ട് നിറഞ്ഞ നമ്മുടെ ജീവിതം എത്രമേൽ ലളിതവും ഉപരിപ്ലവവുമായിത്തീരുന്നു എന്നതിന്റെ യുവ ഉദാഹരണമാണ് രാഖി റോസ്.

മാധ്യമത്തിൽ (ഡിസംബർ1) സന്ധ്യ എൻ.പി യുടെ മരിച്ചു കഴിഞ്ഞാൽ തുടങ്ങുന്നത് മരിച്ചു കഴിഞ്ഞാൽ സ്വല്ലയില്ലാതെ കിടക്കാം എന്നാണ്. മരണത്തെക്കുറിച്ച് പറയാൻ എത്ര സാധ്യതകളുണ്ട് എന്നത് കൗതുകകരമായ ഒരന്വേഷണമാണ്. കാണാൻ വന്നവരെല്ലാം പോകുമ്പോഴും ഇനിയും കാണാം എന്നു പറയാൻ കഴിയാത്ത വിഷമമേയുള്ളൂ… എന്ന് കവിത അവസാനിക്കുന്നു. മരണത്തിനുമുമ്പുള്ളതെല്ലാം അവസാനിച്ചു കഴിയുമ്പോൾ ഒരിക്കൽ കൂടി എന്ന് ആർക്കാണ് തോന്നാതിരിക്കുക. അവസാനിക്കുന്നിടത്ത് മറ്റൊന്ന് ആരംഭിക്കുന്ന നല്ല കവിതയാണ് സന്ധ്യയുടേത്. അമ്മിണിയുടെ അടുക്കള എന്ന കവിത (അജിത്. എം. പച്ചനാടൻ) വലിയ വായനാ സാധ്യതകളുള്ള ഒന്നാണ്. പക്ഷേ അതിന് ചേർത്ത ചിത്രം അതിന്റെ എല്ലാ സാധ്യതകളെയും നിരാകരിക്കുകയും അസാധുവാക്കുകയും ചെയ്‌തു. കേവലം അമ്മ-കുട്ടി എന്നിങ്ങനെ അമ്മിണിയെ വായിക്കുന്നത് അധോവായനയാണ്. അത് ഒരു സമൂഹത്തിന്റെ ഇപ്പോഴും തുടരുന്ന അതിജീവനപ്പോരുകളുടെ നേരാഖ്യാനങ്ങളാണ്. അതേ സമയം സ്‌ത്രീ എന്നത് തനിക്കു സേവകയാവേണ്ടവൾ എന്ന പുരുഷപൊതുബോധത്തിന്റെ പിടിയിൽ നിന്ന് കവി മോചിതനല്ല എന്നു വ്യക്‌തമാവാനും ഈ കവിത മതിയാവും. ബിജു കാഞ്ഞങ്ങാടിന്റെ വിളർത്തകരയിൽ, ശ്രീകൃഷ്‌ണദാസ് മാത്തൂരിന്റെ ആ നീല ബിന്ദുവിൽ എന്നീ കവിതകൾ വെറും ആഖ്യാനങ്ങളാണ്. അശേഷം കവിതയില്ലാത്തവ.

ദേശാഭിമാനിയിലെ (ഡിസംബർ1) എം.പി. അനസ് എഴുതിയ ഫാത്തിമ 19 ഒരു വാർത്താ കവിതയാണ്. അതിന്റെ സമകാലികതാമുഖം കൊണ്ടു മാത്രമാവും വാരിക അതു പ്രസിദ്ധീകരിച്ചതും. സ്‌മിത ഗിരിഷിന്റെ വീണ്ടും ഗോപുരം പണിയുമ്പോൾ നല്ല കവിതയാണ്. നമ്മെ വിഭജിക്കുന്ന എല്ലാ ഘടകങ്ങളേയും നിരാകരിച്ച് ഒരു പുതിയ ബാബേൽ ഗോപുരം പണിയേണ്ടതുണ്ട് നമുക്ക്. ഭാഷ കലക്കാൻ വരുന്ന ദൈവത്തിന് നമ്മെയിനി ചിതറിക്കാനേ പറ്റില്ല, എന്തെന്നാൽ നമുക്കു ഭാഷയേ വേണ്ട എന്ന് കവിത പ്രഖ്യാപിക്കുന്നു. നിരന്തരം പുതുക്കേണ്ടതാണ് ഭൂമിയും ജീവിതവുമെല്ലാം എന്ന് തിരിച്ചറിഞ്ഞാൽ എല്ലാം തനിയെ ശരിയായിക്കൊള്ളും. ആമി ലക്ഷ്‌മി വിവർത്തനം ചെയ്‌ത ക്ലോഡ് മക്കെയുടെ നമ്മൾ മരിക്കുകയാണെങ്കിൽ പ്രത്യേക പരാമർശമർഹിക്കുന്നു. കറുത്തവർക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എന്നും ശബ്‌ദിച്ച കവിയായിരുന്നു ക്ലോഡ് മക്കെ. എന്തായാലും നമുക്കു മുൻപിൽ തുറന്നിട്ട ഒരു ശ്‌മശാനം മാത്രമാണല്ലോ ഉള്ളത്. അതിനാൽ നമുക്ക് കുലീനതയോടെ മരിക്കേണ്ടതുണ്ട് എന്ന് കവി ആഹ്വാനം ചെയ്യുന്നു. ആമി ലക്ഷ്‌മിക്ക് നന്ദി.

കലാകൗമുദിയിൽ (ഡിസംബർ 1) എസ് രമേശൻ നായരുടെ ആറു കവിതകളുണ്ട്. ബുദ്ധനെക്കുറിച്ചുള്ള ആറു കവിതകൾ എന്നു പറയുന്നതാവും കൂടുതൽ ശരി. വർത്തമാനകാലത്ത് ബുദ്ധന്റെ പ്രാധാന്യമെന്തെന്ന് വ്യക്‌തമാക്കുന്ന നല്ല കവിതകൾ. പദ്‌മ ദാസിന്റെ വനഗീതങ്ങൾ കാട്ടിലേക്ക് പോകുമ്പോൾ ഒന്നും കൂടെ കൊണ്ടു പോകരുതെന്നും തിരികെ വരുമ്പോൾ ഒന്നും കൊണ്ടുവരരുതെന്നും പറയുന്നു. പാടാൻ അവിടെ കിളികളുള്ളപ്പോൾ നമ്മളെന്തിന് പാട്ടു കൂടെ കൊണ്ടുപോകണം? അതങ്ങനെയാണ്. എവിടേക്കു പോകുമ്പോഴും ഒന്നും കൂടെക്കൊണ്ടു പോകേണ്ടതില്ലല്ലോ…

കൈരളിയുടെ കാക്ക മാസികയിൽ സംഗീത ചേനംപുല്ലി എഴുതിയ വെയിലിറക്കങ്ങളിൽ ഒരു ഉടൽ ഉടലും ഉയിരും തമ്മിലെന്ത് എന്ന അന്വേഷണമാണ്. ഉടൽ ചരടിനെ മറന്ന പട്ടമാണ്. ഉള്ളിൽ കവിത മുളക്കുമ്പോൾ അത് വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും എന്ന് കവി തിരിച്ചറിയുന്നു. എന്റെ പ്രണയമത്രയും നിനക്കു തരാൻ ഈ ഉടലല്ലാതെ വേറെന്തുണ്ട് എന്ന പഴയ മാധവിക്കുട്ടിച്ചോദ്യം ഇപ്പോഴുമുണ്ട്.  ശാന്തി പാട്ടത്തിൽ എഴുതിയ നഗരസുന്ദരി പകൽ നമുക്കിഷ്‌ടപ്പെടാത്ത നഗരം രാത്രിയിൽ ഇഷ്‌ടക്കാരിയാവുന്നതിനെക്കുറിച്ചാണ്. തിളങ്ങുന്ന കണ്ണുകളും ശബ്‌ദമുഖരിതമായ ഉടലും അലങ്കാരങ്ങളുമാണ് ആകർഷണീയതയുടെ ഹേതു. നല്ല ബിംബമാണ് നഗരം. പക്ഷേ പുതിയതല്ല. എങ്കിലും നിശാ സുന്ദരിയാകുമ്പോൾ നഗരം എത്ര പ്രിയങ്കരി, നിരാകരിക്കാനാകാത്ത കാമുകി എന്ന് കവിത അവസാനിക്കുമ്പോൾ അതിൽ കവിതയുണ്ടാകുന്നു. സുനിത നാരായണന്റെ മൃത്യോർമ മരണം എത്ര നിസാരമായ ഒരുടൽ മാറ്റം മാത്രമാണെന്ന് നമ്മോടു പറയുന്നു. ഇതു വരെയാർജിച്ച വിഷമൊക്കെയും ആവാഹിച്ചെടുത്ത് അവനെനിക്കൊരു  പുതിയ ജന്മം തരും എന്നും കവി വിശ്വസിക്കുന്നു.

എഴുത്ത് മാസികയിൽ പ്ലീസ് ഇൻസേർട്ട് സിം കാർഡ് എന്നൊരു കവിതയുണ്ട്. കവി നിഷി ജോർജ്. ശരീരത്തിനും സിം കാർഡിനുമിടയിൽ ഒരു ശൂന്യ സ്ഥലം വികസിച്ചു വരുന്നു. സേവ് ചെയ്‌ത പലതും ഓർത്തെടുക്കാൻ പറ്റുന്നില്ല. ദിവസവും പോകുന്നതാണെങ്കിലും എവിടെയാണ് ഇറങ്ങേണ്ടതെന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. മികച്ച കവിതയാണ് നിഷിയുടേത്. ചില ബിംബങ്ങൾ നമ്മെ നടുക്കിക്കളയുമെന്നതിന്  അമ്മു ദീപയുടെ പതുക്കെ ഉദാഹരണമാണ്. വീട്ടുമൃഗത്തെ അറവുശാലയിലേക്കാനയിക്കും പോലെ ഓമനിച്ച് ഓമനിച്ച് പതുക്കെ … എന്ന് കവിത അവസാനിക്കുമ്പോൾ ഉള്ളിലുണ്ടാവുന്നതാണ് കഥാർസിസ്.

സൈബർ കാവ്യ വാരം

ഇ.ഷി.കയിൽ കെ. സന്തോഷിന്റെ ചില പ്രണയങ്ങൾ മോശമല്ലാത്ത കവിതയാണ്. പ്രണയത്തിന്റെ അനശ്വരതയും നിസ്വാർഥതയുമൊക്കെ ഭംഗിയായി പറയാൻ സന്തോഷിന് കഴിയുന്നു. എങ്കിലും കവിത declarations ആവേണ്ടതുണ്ടോ എന്ന ചോദ്യം അവശേഷിക്കുകയാണ്. കവി മറ്റൊരിടത്തിരുന്ന് കൽപിക്കുന്ന തീർപ്പുകളല്ലല്ലോ കവിത. പഴയ പഴയ പ്രമേയങ്ങളെ വിട്ടു കളയാനും പുതിയ വയലുകളിലേക്ക് കവിതയെ പറിച്ചുനടാനുമുള്ള ധൈര്യം എപ്പോഴാണ് കവികൾക്കുണ്ടാവുക എന്നത് ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.

ആഴ്‌ചപ്പതിപ്പിന്റെ തൊണ്ണൂറാം ലക്കത്തിൽ അക്ബർ എഴുതിയ കാടുളളം മികച്ച കവിതയാണ്. കാടിനെക്കുറിച്ചെഴുതാൻ തുടങ്ങുമ്പോൾ കടലാസിൽ ഈറയും മുളയും മറ്റും മറ്റും പ്രത്യക്ഷമാകുന്നു എന്നത് വലിയൊരു പാരിസ്ഥിതിക നിലപാടിന്റെ സൂചന കൂടിയാണ്.  ഞാനപ്പോൾ തന്നെ ഞാൻ മാത്രമാവും, കാടിന്റെ മുള്ളും മൂർച്ചയുമുള്ള വെറും ഞാൻ എന്നിങ്ങനെ കവിത തീരുന്നു. റോഷ്‌നി സ്വപ്‌നയുടെ കവിത ‘മത്‌സ്യം ചിലപ്പോൾ പുഴയാകുമ്പോൾ’ ഏറെ നീന്തിക്കഴിയുമ്പോൾ മത്‌സ്യത്തിന്  സ്വയം പുഴയായിത്തീരാനുള്ള തോന്നലുണ്ടാവുന്നതിനെക്കുറിച്ചാണ്. പക്ഷേ വരികളുടെ ആവർത്തനവും ആശയത്തിന്റെ അവ്യക്‌തതയും കവിതയെ ക്ലിഷ്‌ടമാക്കി എന്നു പറയാതെ വയ്യ.

കൊലുമ്പൻ ഓൺലൈനിൽ ഗണേഷ് പുത്തൂരിന്റെ രാത്രിയിൽ എന്ന കവിത അജ്ഞാതമായ തുരങ്കത്തിലേക്ക് ഓടിക്കയറിയ തീവണ്ടിയുടെ ഭയത്തെക്കുറിച്ചു പറഞ്ഞാണ് തുടങ്ങുന്നത്. പ്രിയപ്പെട്ട ചിത്രകാരാ.. എത്ര പകലുകൾ വേണ്ടിവരും, ഇക്കഴിഞ്ഞ രാത്രിയിൽ പൊലിഞ്ഞു പോയ സ്‌മൃതികൾക്ക് ചായം പകരാൻ എന്ന വേവലാതി നമുക്കു പകർന്നു തരുന്നു കവിത. നന്ദിനി രാജീവിന്റെ ”സംതുലിത സമവാക്യങ്ങൾ’ ഹൃദയമിടിപ്പിന്റെ ക്രമഭംഗങ്ങൾക്ക് കാരണഭൂതമായി ചിലതുണ്ട് എന്നാണ് തുടങ്ങുന്നത്. ഒട്ടനവധി വിരുദ്ധ ദ്വന്ദങ്ങൾ നിർണയിക്കുന്ന മനുഷ്യജീവിതത്തിന്റെ നിസ്സഹായതയെ നന്ദിനി ഭംഗിയായി വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account