മലയാളത്തിൽ കവിതയുടെ വർത്തമാന ഭാവുകത്വ പരിസരമെന്താണ് എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. സൗന്ദര്യശാസ്‌ത്രപരമായ വ്യക്‌തമായ എന്തെങ്കിലും കാഴ്ച്ചപ്പാടുകളോ കാവ്യാനുസാരിയായ ഏതെങ്കിലും നിലപാടുകളോ മലയാള കവിത പിന്തുടരുന്നുണ്ട് എന്ന് കരുതുക വയ്യ. ഗദ്യസാഹിത്യത്തിന്റെ അടിസ്ഥാനമായ പ്രമേയപരതയാണ് ഇപ്പോൾ മലയാളകവിതയെ തീറ്റിപ്പോറ്റുന്ന ഏകഘടകം. പ്രമേയങ്ങളാവട്ടെ കേവലം ഉപരിപ്ലവവും നിത്യജീവിതത്തിൽ നിരന്തരം ദൃശ്യമാകുന്നവയുമായ വാർത്താ ശകലങ്ങൾ മാത്രവും. ഔന്നത്യമുള്ള ജീവിത ദർശനങ്ങളോ ആഴമുള്ള സൈദ്ധാന്തികതയോ സ്വന്തമായില്ലാത്ത വെറും പ്രതികരണത്തൊഴിലാളിയുടെ തലത്തിലാണ് കവികൾ നില കൊള്ളുന്നത്. തങ്ങൾക്കിതു മതി എന്നും കവിത ഇങ്ങനെയാണെന്നും ഈ കവിയശ:പ്രാർഥികൾ ധരിച്ചു വശായിരിക്കുകയും ചെയ്യുന്നു.

ഗദ്യ സാഹിത്യവും കവിതാ സാഹിത്യവും തമ്മിൽ വ്യതിരിക്‌തതകളൊന്നുമുണ്ടാവേണ്ട കാര്യമില്ലെന്ന വാദഗതിയോട് പൂർണമായി യോജിക്കാനാവില്ല. കവിത തീർച്ചയായും വായനക്കാരനിലേക്ക് ഒരു താളബോധം പകരേണ്ടതുണ്ട്. പലപ്പോഴും ഗദ്യത്തിനു പോലും നിയതമായ ഒരു താളക്രമം ആവശ്യമാണെന്നിരിക്കെ കവിതക്ക് ഘടനാപരമായ ഒരു താളം ഉണ്ടാവേണ്ടതുണ്ട്. തീർച്ചയായും അത് പരമ്പരാഗതമായ വൃത്ത, ഛന്ദസാദി ഘടകങ്ങൾക്കു വേണ്ടിയുള്ള വാദമല്ല. പക്ഷേ അനുവാചകനെ അനുനാദത്തിലാക്കാൻ (resonance) ശേഷിയുള്ള ഭാഷാപരമായ ഒരു ഗുണമാണത്. അവശ്യം വേണ്ട ചമൽക്കാരങ്ങളുമായി ഭാഷ അണിഞ്ഞൊരുങ്ങി നിൽക്കേണ്ടത് കവിതയിലല്ലാതെ മറ്റെവിടെയാണ്.?

കവിതയിലെ വികാരവിക്ഷുബ്‌ധതകൾ നിരാകരിക്കപ്പെട്ടതിന് ഒരു പ്രധാന ഉത്തരവാദി തർജ്ജമ സാഹിത്യമാണ്. തർജ്ജമയിൽ നഷ്‌ടപ്പെടുന്നതെന്തോ അതാണ് കവിത എന്നാണല്ലോ പ്രമാണം. ഭാഷാന്തരീകരണത്തിനിടെ വികാരങ്ങൾ കൊഴിഞ്ഞു പോയ കവിതകളെ അനുകരിച്ച് മുദ്രാവാക്യം വിളികളായി മലയാള കവിത മാറിക്കഴിഞ്ഞിട്ട് ഏറെ നാളായി. സമകാലികതയിൽ അഭിരമിക്കുകയാണ് വർത്തമാനകാല മലയാള കവിത. അതിനാൽ തന്നെ കാലാതിവർത്തിയാവുക എന്നത് കവിതയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.

വാരഫലം

അഞ്ചു കവിതകളാണ് മാതൃഭൂമി ജൂൺ 2 ലക്കത്തിൽ. കൂട്ടത്തിൽ മികച്ചത് പവിത്രൻ തീക്കുനിയുടെ ഇരിട്ടി ബാർ തന്നെ. എഴുതാത്തൊരു കവിത വന്നെന്റെ കൈ പിടിക്കുന്നു, മുറിവുകൾ മുറിച്ചു കടക്കുന്നു എന്ന് ഇരിട്ടി ബാറിലിരുന്ന് കവി പാടുന്നു. ആഴമുള്ള നോവുകൾ എങ്ങനെയാണ് കവിതയിലേക്ക് പരാവർത്തനം ചെയ്യുക എന്നത് തീക്കുനിക്കറിയുന്നതുപോലെ മറ്റാർക്കറിയാം.ഗിരീഷ് കുമാറിന്റെ വര ഗംഭീരമെന്നും പറയാതെ വയ്യ. എന്നാലും ഈ കവിതയിലെ ഒരു വരിയിൽ പോലും ഒരു കുത്തോ കോമയോ കണ്ടില്ലല്ലോ എന്ന ആശ്ചര്യം ബാക്കിയാണ്. കവിത എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു എന്ന് കവിക്ക് അറിയാത്തതുകൊണ്ടാവും എന്നാശ്വസിക്കാം.

ഉമേഷ് ബാബു കെ.സി എഴുതിയ ഒറ്റയും തരക്കേടില്ലാത്ത കവിതയാണ്. കിടക്കയിലെ ഒഴിഞ്ഞ പാതി മരണത്തിലേക്കുള്ള ദൂരം അളന്നു തരും. ജ്ഞാനത്തിന്റെ കടുക് തിരഞ്ഞ് ഒരു അബുദ്ധ ശിഷ്യനും വരികയുമില്ല എന്ന തിരിച്ചറിവു തന്നെയാണ് കവിതയുടെ പരമോന്നത ലക്ഷ്യമായ കഥാർസിസ്. കുരീപ്പുഴ ശ്രീകുമാറിന്റെ കരിന്തണ്ടൻ കാവൽ നിൽക്കും പ്രഭാതങ്ങൾ എന്ന സോദ്ദേശ പ്രമേയാധിഷ്ഠിത കവിത അദ്ദേഹം എന്തിനെഴുതിയതാണെന്ന് അദ്ദേഹം തന്നെ വിശദമാക്കട്ടെ. സൂര്യനെ സൂര്യയാക്കി (സുൽത്താന സൂര്യ എന്നും) മാറ്റുന്നതിലൂടെ താനൊരു വിപ്ലവകാരിയും പുരോഗമന ചിന്താഗതിക്കാരനുമാണ് എന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനുള്ള കവിയുടെ ശ്രമം പരിഹാസ്യമാണ്. കുരീപ്പുഴയുടെ പുരോഗമന നിലപാടുകൾ വായനക്കാർക്ക് ബോധ്യമുള്ളതാണ്. സ്വന്തം നിലപാടുകളെക്കുറിച്ച് സ്വയം സംശയമുണ്ടാകുമ്പോഴാണ് അവ സ്വയം പ്രഖ്യാപിക്കുന്ന നിലയിലേക്ക് മാറേണ്ടി വരിക. എന്തായാലും കുത്തിച്ചെലുത്തുന്ന രാഷ്‌ട്രീയ നിലപാടുകൾ കവിതയെ അലങ്കോലമാക്കുക മാത്രമേ ചെയ്യൂ എന്ന് കവി തിരിച്ചറിയണേ എന്നാഗ്രഹിക്കുന്നു. കവിത എന്നാൽ എന്തുമെഴുതലാണെന്ന് തെറ്റിദ്ധരിച്ച കാനായി കുഞ്ഞിരാമനോടു നമ്മളെന്തു പറയാനാണ്? പൊട്ടക്കുമിള ഒരു പൊട്ടക്കവിതയാണെന്നു മാത്രം പറഞ്ഞു നിർത്താം.

മാധ്യമത്തിൽ (ജൂൺ 3) അനിൽ വള്ളത്തോളിന്റെ ഒറ്റപ്പെട്ടവൻ എന്ന കവിത ഒറ്റപ്പെടുത്തപ്പെട്ടവന്റെ ആശങ്ക വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ വിജയിക്കുന്നു. എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നവരെന്തേ ഒരു വിഷക്കാറ്റു വന്നപ്പോൾ എന്നെ വിളിക്കാതെ പോയത് എന്ന് കവി സങ്കടപ്പെടുന്നു. സവിന കുമാരിയുടെ കിണർ എന്ന കവിതയും മെച്ചപ്പെട്ട വായന തരുന്നുണ്ട്. ഏതോ വിടവിൽ നിന്നും മരണത്തിന്റെ തീവണ്ടി ചൂളം വിളിച്ചെന്നിലേക്കടുക്കുമ്പോൾ, ദൈവമേ, ഉണർച്ചയുടെ കയറെന്റെ നേർക്കു വീശിയെറിയണേ എന്ന് പ്രാർഥിക്കുന്ന കവി തന്റെ അന്തസംഘർഷമത്രയും അനുവാചകനു പകർന്നു നൽകുന്നു. എസ്. രമേശന്റെ നിങ്ങൾ ആരാണ് എന്ന രചന ഒരു കവിതയേ ആവുന്നില്ല. ഉറക്കെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ പോലും കവിതയാകുന്ന കാലത്ത് ഇതൊരു വെറും വായാടിത്തം മാത്രമേ ആയിട്ടുള്ളൂ.

മലയാളം വാരികയിൽ (മെയ് 27) ഒരു വിവർത്തന കവിതയാണ്. കോൺസ്റ്റാൻറിൻ പീറ്റർ കവാഫി യുടെ പ്രാകൃതർക്കായുള്ള കാത്തിരിപ്പ് ശ്യാം സുധാകർ വിവർത്തനം ചെയ്‌തിരിക്കുന്നു. വിവർത്തനത്തിൽ ഏറെ നഷ്‌ടപ്പെട്ടെങ്കിലും പ്രാകൃതരെ കൂടാതെ ഇനി നമുക്കെന്താണ് സംഭവിക്കുക? ഒരു പോംവഴി ആയിരുന്നു അവർ എന്ന് അവസാനിക്കുമ്പോൾ കവിത പുതിയ ചോദ്യങ്ങൾക്ക് കാരണമാകുന്നുണ്ട്. പക്ഷേ  barbarians എന്ന വാക്കിനു മുന്നിൽ പ്രാകൃതർ എന്ന മലയാള പദം എത്ര നിസ്സഹായമാണ് എന്നതാണ് വലിയ ചോദ്യം. ഇംഗ്ലീഷിൽ waiting for Barbarians ന്റെ അവസാന വരി ഇങ്ങനെ. Now what is going to happen to us without barbarians.? Those people were a kind solution. (Edmund keeley യുടെ തർജ്ജമ). പ്രാചീന റോമാ സാമ്രാജ്യത്തിൽ ബാർബേറിയൻസിന് വലിയ രാഷ്‌ട്രീയ അർഥങ്ങളുണ്ട് എന്നിരിക്കെ അതിന് പ്രാകൃതർ എന്ന വാക്ക് എങ്ങനെ പാകമാവാനാണ്?

കലാകൗമുദിയിൽ (ജൂൺ 2) 12 കവിതകളുണ്ട്. പക്ഷേ കവിത കേവലം ഫില്ലർ എന്ന നിലക്കു മാത്രമാണ് പത്രാധിപർ പരിഗണിക്കുന്നത് എന്ന ആരോപണം ശരിവക്കുന്നവയാണ്  അവയെല്ലാം. തീർച്ചയായും നല്ല കവിതകൾ കിട്ടാത്തതു കൊണ്ടു തന്നെയാണ് ഇത്തരം ചെടിപ്പിക്കുന്ന രചനകൾ അച്ചടിക്കുന്നത് എന്ന് വിശ്വസിക്കാം. അതങ്ങനെ തന്നെയാവട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യാം. മൊഴിഹത്യ (ഷൈൻ ബാബു പിച്ചകശ്ശേരി) എന്ന കവിത കുത്തും കോമയുമൊന്നുമില്ലാത്ത ഒരു കുത്തൊഴുക്കാണ്. കവി ആഹ്വാനം ചെയ്‌തതൊന്നും ആരും കേൾക്കുകയോ അനുസരിക്കുകയോ ചെയ്‌തില്ലെന്നാണ് വിലാപം. നിർത്തി നിർത്തി പറഞ്ഞാലല്ലേ കേൾക്കേണ്ടവർക്ക് മനസിലാവൂ. നസീറ നൗഷാദിന്റെ അവിവാഹിതയിൽ കൂടുതലൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ട് നിരാശയില്ല. കവിതയെഴുതുന്ന പുതിയ പെൺകുട്ടികളെങ്കിലും വിവാഹം, സീമന്ത കുങ്കുമം തുടങ്ങിയ പാരമ്പര്യങ്ങളെ മറികടക്കും എന്നത് ദിവാസ്വപ്‌നമായിത്തന്നെ അവശേഷിക്കട്ടെ. കൽക്കണ്ട് എന്നൊരു വാക്ക് മലയാളത്തിലില്ല എന്ന് അഭിലാഷ് അമ്പാടിയോടു പറയണമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ കൽക്കണ്ടം ആണ് ശരിയായ മലയാള പദം എന്നറിയാത്ത പത്രാധിപർ ഉള്ളപ്പോൾ കുട്ടികളെ കുറ്റം പറയുന്നതെങ്ങനെ? അയച്ചു കിട്ടുന്നത് – DTP ആയി വേണമെന്ന് നിർബന്ധം – അതേ പടി പ്രസിലേക്കയക്കലാണ് പത്രാധിപരുടെ ഉത്തരവാദിത്തം എന്നാണ് പുതിയ നാട്ടുനടപ്പ്.

സൈബർ വാരഫലം

ഈ ആഴ്ച്ച ഡിജിറ്റൽ മാഗസിനുകളിൽ ഇ ഷി ക യും (www.facebook.com/groups/Isheeka/) ഉറവയും ആണ് കിട്ടിയത്. ഇഷീക യിൽ മെയ് 27 ന് അനീസ് ഹസൻ എഴുതിയ ആദ്യ പ്രവാചക ഹലാലായ കവിത ചൊല്ലുന്നു എന്ന കവിത മനോഹരമാണ്. എങ്കിലും സ്വപ്‌നങ്ങളിലും പ്രതീക്ഷകളിലും രൂപമില്ലാത്ത ഒന്നിനെ സങ്കൽപ്പിക്കുമ്പോഴൊക്കെ അതിൽ വന്നു നിറയുന്നുണ്ട് ഞാൻ . ഇന്ദ്രിയ ഗോചരമല്ലാത്ത ദൈവത്തിന് വേറെയെന്ത് ദൃഷ്‌ടാന്തം എന്നാണ് പ്രവാചക പാടുന്നത്.. ആത്‌മബോധത്തിലൂടെ മാത്രമാണ് ആത്‌മീയ സാക്ഷാത്‌കാരം സാധിതമാവുക എന്നതത്രേ അടിസ്ഥാന പ്രമാണം. അഥവാ ഞാനില്ലെങ്കിൽ മറ്റെല്ലാം ഇല്ലാതാവുന്നു എന്നതാണ് ഓരോ മനുഷ്യന്റേയും അതിജീവനത്തിന്റെ രഹസും.

ഉറവയിൽ പത്ത് കവിതകളുണ്ട്. ജിയോ എസ്. കുമാർ എഴുതിയ ചിലരുണ്ട് എന്ന കവിത വായനക്കു കൗതുകം തോന്നിക്കുമെങ്കിലും എത്രയോ തവണ ആവർത്തിച്ച ഒന്നായതിനാൽ നമ്മെ സ്‌പർശിക്കാൻ അശക്‌തമാണ്. സ്വയം പീഡിപ്പിക്കുന്നതും സ്വയമെരിഞ്ഞ് മറ്റുള്ളവരെ സേവിക്കുന്നതുമൊക്കെ മഹത്തരമാണ് എന്ന നിലപാടിന് വലിയ പ്രസക്‌തിയൊന്നുമില്ല. പക്ഷേ ജിയോയുടെ ഭാഷക്ക് നല്ല അച്ചടക്കമുണ്ട്. അമിതാഖ്യാനമെന്ന കോട്ടം അശേഷമില്ല താനും.  ജിയോ ശ്രദ്ധിച്ചെഴുതുമെന്നും നല്ല കവിതകൾ നമുക്കു ലഭിക്കുമെന്നും പ്രതീക്ഷിക്കുക.

ബിന്ദു പ്രതാപ് എഴുതിയ വേഷങ്ങൾ നല്ല കവിതയാണ്. വേഷപ്പകർച്ചകളിലൊക്കെയും മുഖങ്ങൾ ചേർത്ത് യവനികകൾ മാറ്റി എത്ര വേഗമാണ് കാലം കഥകൾ മാറ്റിയെഴുതുന്നത് എന്ന കവിയുടെ ആശ്ചര്യം നമ്മുടെ കൂടി ആശങ്കകളാണ്. കാലത്തോടൊപ്പം ഓടിയെത്താതെ കിതച്ചു പോകുന്നവരാണല്ലോ നാം നിസാരമനുഷ്യർ. ശിവ പ്രസാദ് പാലോടിന്റെ ഇലജന്മം എന്ന കവിത പച്ചിലയിൽ നിന്നും പഴുത്തിലയിലേക്കുള്ള ദൂരം നമ്മെ ഓർമിപ്പിക്കുന്നു. ഇനി കൊഴിയണം, മണ്ണു വിളിക്കുന്നുണ്ട്. ചില്ലയറ്റത്ത് ചെറുപുഞ്ചിരികൾ പൊടിച്ചു വരുന്നുണ്ട് എന്ന് കവി തീരുമാനിക്കുന്നു. കാലചക്രം അങ്ങനെയാണ്. തിരിഞ്ഞു കൊണ്ടേയിരിക്കും.

 മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account