രാമകഥപ്പാട്ടിൽ തുടങ്ങി വേശ്യാസ്‌തുതികളിലൂടെയും വിരഹ കാവ്യങ്ങളിലൂടെയും വെൺമണിക്കവിതകളിലൂടെയും നടന്ന് ഭക്‌തിപ്രസ്ഥാനത്തിന്റെ വിശുദ്ധ പന്ഥാവിലൂടെ മലയാള കവിത എത്തിനിൽക്കുന്നത് ആസിഫക്കും ട്വിങ്കിളിനും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന വൃഥാ വിലാപനാട്യങ്ങൾ രചിക്കുന്ന സ്വയം പ്രഖ്യാപിത കാവ്യോപാസകരുടെ വർച്ച്വൽ സാമ്രാജ്യത്തിലാണ്. പ്രതിഷേധത്തിനും പ്രതിരോധത്തിനുമുള്ള മികച്ച ആയുധമായി കവിതയെ ഉപയോഗിച്ചവരായിരുന്നു നമ്മുടെ പൂർവസൂരികൾ. തെരുവുകളിൽ കവിത പാടി നടന്ന് നാം സാമ്രാജ്യങ്ങളോടു പൊരുതി. ജന്മിത്തത്തോടും ജാതീയതയോടും അനീതികളോടും പൊരുതി. പക്ഷേ അഭിനവ കവികൾക്ക് കവിത പാടാൻ തെരുവുകളില്ല. പകരം അവർ സാമൂഹ്യ മാധ്യമങ്ങളുടെ ഇല്ലാച്ചുമരുകളിൽ പടുപാട്ടു പാടി അവരുടെ വഴിപാടുകൾ പൂർത്തിയാക്കുന്നു. സത്യത്തിൽ സാമൂഹ്യ സംഭവവികാസങ്ങളോടുള്ള ആത്‌മാർഥമായ പ്രതിഷേധമോ ആത്‌മരോഷമോ അടക്കാനാവാത്ത വ്യഥയോ ഒന്നും ഈ കവികൾക്കില്ല. അങ്ങനെയൊരു സംഭവമുണ്ടായിട്ടും താനതിനെക്കുറിച്ചൊരു കവിത എഴുതിയില്ലെങ്കിൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഒരേയൊരു തോന്നലിൽ നിന്നാണ് ഈ കരച്ചിൽ കവിതകൾ മുഴുവൻ ഉണ്ടാകുന്നത്. ഇത്തരം കവിതകളുണ്ടാക്കുന്ന ദുരന്തവും ചില്ലറയല്ല. കവിത എന്നു കേൾക്കുമ്പോൾ തന്നെ അത് നിരാകരിക്കപ്പെടേണ്ട ഒന്നാണ്‌ എന്ന് സാമാന്യ വായനക്കാരൻ തീരുമാനിക്കുന്നു. എപ്പോഴെങ്കിലും സംഭവിക്കുന്ന നല്ല കവിതകൾ ആരുമറിയാതെ വന്നു പോവുകയും ചെയ്യുന്നു. മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ ആകെ ബാധിച്ചിട്ടുള്ള അതിവൈകാരികതയുടെ മറ്റൊരു രൂപാന്തരണമാണ് കവിതയിൽ നുഴഞ്ഞു കയറുന്ന അതി വാചാലതയും ഉപരിപ്ലവ വികാരപ്രകടനങ്ങളും. കവിതയും ജീവിതവും രണ്ടായി നിലനിൽക്കുന്നു എന്നതത്രേ വർത്തമാന കവിതയുടെ അപചയത്തിനുള്ള പ്രധാന കാരണം. ജീവിതം തന്നെയാണ്  കവിതയെന്നു കരുതുന്ന കവികൾ ഇനിയുമുണ്ടാവും എന്നും മലയാള കവിത അതിന്റെ അപ്രമാദിത്തം വീണ്ടെടുക്കുമെന്നും നമുക്കു പ്രത്യാശിക്കുക.

വാരഫലം

മലയാളം വാരിക (ജൂൺ 3) യിൽ ആദിത്യശങ്കർ എഴുതിയ കണക്കെടുപ്പ് എന്ന കവിതയുണ്ട്. ഗണിതത്തിന്റെ കണിശ ഭാഷ കവിതയുടെ ഉർവര ഭാഷയെ നിലനിർത്തുന്നു എന്ന കവിയുടെ കണ്ടെത്തലാണ്  കവിതയുടെ ആത്‌മാവ്. മരിച്ചവന്റെ ഞരമ്പിലൂടെന്ന പോലെ വരണ്ട പുഴയിലേക്ക് ഒലിച്ചു പോയ മഴ തിരിച്ചെത്തി. ചുറ്റും കാട് പൊടിച്ചു. വംശനാശം വന്ന കിളികളും മൃഗങ്ങളും തിരിച്ചെത്തി. എത്തും ഏറെ വൈകാതെ കണക്കു തെറ്റിയ മനുഷ്യനും. എന്ന് കവിത അവസാനിക്കുന്നു. ആഹ്വാനങ്ങളുടേയും പ്രസ്‌താവനകളുടേയും പ്രളയമാക്കാമായിരുന്ന കവിതയെ മുദ്രാവാക്യമല്ലാതാക്കിയ കൈയടക്കത്തെ അഭിനന്ദിക്കാതെ വയ്യ.

ടി.പി. വിനോദിന്റെ അല്ലെങ്കിൽ എന്ന കവിതയിലും കവിതയുണ്ട്. ഒരിക്കലുമൊന്നാകാനിടയില്ലാത്ത പാട്ടുകൾ, ഓട്ടോ ഓടിക്കുന്നയാളും പിറകിലിരിക്കുന്നയാളും ഇയർഫോൺ വച്ച് കേൾക്കുന്നതു പോലെ പ്രതിജന വിഭിന്നമാണ് സ്‌നേഹമെന്നും അതു കൊണ്ട് സ്‌നേഹം ഒരു ഓട്ടോറിക്ഷാ യാത്രയാണെന്നും വിനോദ് വിചാരിക്കുന്നു. സ്‌നേഹത്തിലെങ്ങനെയാണ് ഒന്നായിത്തീരൽ സാധ്യമാകുക എന്ന ആശ്ചര്യ ചിഹ്നത്തിലാണ് കവിത  ഊന്നി നിൽക്കുന്നത്.

ദേശാഭിമാനി (ജൂൺ 9) യിൽ മൂന്നു രാഷ്‌ട്രീയ കവിതകളുണ്ട്.  ഇന്ത്യയുടെ രാഷ്‌ട്രീയവർത്തമാനത്തെ ചർച്ച ചെയ്യുന്നവയാണ് മൂന്നും. അതുകൊണ്ടു തന്നെ അവയുടെ പ്രമേയമാണ് പ്രധാനം, അവയിലെ കവിതയല്ല. പി. ഹരികുമാറിന്റെ ഗാന്ധിജിയെ ലിഞ്ചു ചെയ്‌തപ്പോൾ എന്റെ കുടുംബം എന്ന കവിത ഗോദ്‌സെയെന്ന യുവതിയെ ആഭ്യന്തര മന്ത്രിയാക്കി, ബാപ്പുവിനേയും കൂട്ടരേയും അകത്താക്കി, ഞങ്ങൾക്കു വേണ്ടി എരുത്തിലുണ്ടാക്കി, ദേശഭക്‌തിഗാനങ്ങൾ നിർബന്ധിതമാക്കി എന്നവസാനിക്കുന്നു. കവിതയിൽ രാഷ്‌ട്രീയം വേണ്ടുവോളമുണ്ട്. പക്ഷേ അശേഷം കവിതയില്ല. സി. എസ് രാജേഷിന്റെ പുസ്‌തക സ്റ്റാളിൽ എന്ന കവിത ചർച്ച ചെയ്യുന്നത് നമ്മൾ എത്രമാത്രം മതാധിഷ്ഠിതരായിരിക്കുന്നു എന്ന വസ്‌തുതയാണ്. പത്തു മിനിറ്റിലൊരു പച്ച മനുഷ്യനെ ആദ്യം മുസ്ലീമും പിന്നെ ഹിന്ദുവും ക്രിസ്ത്യാനിയുമാക്കുന്ന നാട്ടു നടപ്പിനെ കവി പരിഹസിക്കുന്നു. ഒടുവിൽ അനിഹിലേഷൻ ഓഫ് കാസ്റ്റ് ഒരു കോപ്പി വാങ്ങി കിഴക്കോട്ടു നടക്കുന്നു എന്ന് കവിത വിരമിക്കുമ്പോൾ ഇതിൽ കവിതയുണ്ടല്ലോ എന്ന് തോന്നുന്നുണ്ട്. ഗിരീഷ് വർമ ബാലുശേരിയുടെ ഭ്രാന്തും നല്ല രചനയാണ്. നല്ല പദങ്ങൾ, സുഖകരമായ പദവിന്യാസം. പക്ഷേ കവിത മാത്രമില്ല.

മാതൃഭൂമി (ജൂൺ 9) യിൽ പദ്‌മ ദാസിന്റെ നേർത്ത ചില അതിർത്തി രേഖകൾ എന്ന കവിത 1982ൽ അബദ്ധവശാൽ പാകിസ്ഥാൻ അതിർത്തി കടന്ന് 36 വർഷം അവിടെ ജയിലിൽ കിടക്കേണ്ടി വന്ന ഗജാനന്ദ് ശർമയുടെ കഥ പറയുന്നു. ലോകത്ത് വ്യത്യസ്‌ത രാജ്യങ്ങളുണ്ടെന്നും അവക്ക് ലോലമായ അതിർത്തികയുണ്ടെന്നും ഒരു മനുഷ്യ ജന്മം കൊണ്ടൊന്നും പറഞ്ഞു മനസിലാക്കാനാവില്ല എന്ന വല്ലാത്ത അന്ത: ക്ഷോഭം കവിത സംവേദനം ചെയ്യുന്നു.  ആലങ്കോട് ലീലാകൃഷ്‌ണന്റെ രക്‌തയക്ഷി നല്ലൊരു പദ്യമാണ്. താളബദ്ധമായ വരികൾ, സുന്ദരമായ പദജാലികകൾ. (ഏതൊരേകാന്ത നിദ്രാന്തരങ്ങളിലേഴിലം പാല പൂക്കുന്നു പിന്നെയും!) ഇത്ര മനോഹരമായി പദങ്ങൾ കോർക്കാൻ ആലങ്കോടിനേ  കഴിയൂ എന്ന് പറഞ്ഞാലും അധികമാവില്ല. പക്ഷേ രക്‌തയക്ഷി പദ്യത്തിനപ്പുറത്തേക്ക് കവിതയാവുന്നില്ല എന്ന യാഥാർഥ്യവും പറയാതിരിക്കാൻ പറ്റില്ല.

മാധ്യമത്തിൽ (ജൂൺ 10) അഞ്ച് പെൺ കവിതകളാണ്. നിർഭാഗ്യവശാൽ കവിതയുടെ ഗണത്തിൽ പെടുത്താവുന്ന ഒന്നു പോലും കൂട്ടത്തിലില്ല. സംഗീത ചേന്നം പുല്ലിയുടെ കോമ അച്ഛന്റെ മരണത്തെക്കുറിച്ചുള്ള ആഖ്യാനമാണ്. ഇതു വായിക്കുന്നതിലൂടെ വായനക്കാരന് എന്തു വികാര വിചാര വർത്തന വ്യതിയാനമാണുണ്ടാവുക എന്ന് ഒരു പിടിയും കിട്ടിയില്ല. റോഷ്‌നി സ്വപ്‌നയുടെ രണ്ട് ആത്‌മഭാഷണങ്ങൾ തിരുകിക്കയറ്റിയ രാഷ്‌ട്രീയം കൊണ്ട് വികൃതമായി. പറഞ്ഞു പഴകിയ കാര്യങ്ങൾ ആവർത്തിക്കേണ്ടി വരുമ്പോൾ പുതിയ ഭാഷയും പുതിയ സങ്കേതവും കൂടി കണ്ടെത്തണം. വിജിലയുടെ സഹചാക്രികം  താരതമ്യേന മെച്ചപ്പെട്ട ഒരു രചനയാണ്. ഒരേ പിച്ചക്കാരിയുടെ കൈകൾ ആവർത്തിച്ചു തനിക്കു നേരെ നീളുന്നതിൽ ഒരു കവിതയുണ്ട്. പക്ഷേ അതി വാചാലതയെന്ന വളർത്തു ദോഷം വിജിലക്കുമുണ്ട്. ആര്യ ഗോപിയുടെ വ്യാകരണപ്പിശകുകൾ ഒരു പാടു പഴക്കമുള്ള ഒരു കവിതയാണ്. തലമുറകളുടെ ഏറ്റുമുട്ടലുകളും സൗഹൃദങ്ങളെ കപട വേരിന്റെ കറുത്ത ബലത്താൽ മുറുക്കെ കെട്ടലുമൊക്കെ കവികൾക്ക് മടുത്തില്ലെങ്കിലും ഞങ്ങൾക്കു മടുത്തിരിക്കുന്നു.

കവിതയുടെ മേന്മയാണ് മുൻഗണനക്ക് അടിസ്ഥാനമെങ്കിൽ ആദ്യം കൊടുക്കേണ്ട കവിത ജെനി ആൻഡ്രൂസിന്റെ പുരവാസികൾ ആയിരുന്നു. ഈ അഞ്ചിൽ  മെച്ചം അതു തന്നെയാണ്. അതാണ് ഞങ്ങൾക്ക് ഭൂമിക്കു മേൽ നിവർത്തേണ്ടത്. കൈകൾ ചിറകുകളാക്കി വസ്‌ത്രത്തുമ്പ് വീശിപ്പറത്തി ഈണമിട്ടൊഴുകാൻ. ഒന്നുമില്ലാതെയും ചിലപ്പോഴത് സാധ്യമേ സാധ്യം എന്ന് ജെനി എഴുതുന്നത് സ്‌ത്രീയുടെ സ്വപ്‌നത്തെക്കുറിച്ചാണ്.

കവിതയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും പുലർത്തില്ല എന്ന് നിർബന്ധമുള്ള ഒരേയൊരു വാരിക കലാകൗമുദിയാണ്.  ജൂൺ 9 ലക്കത്തിൽ 13 കവിതകളുണ്ട്. പക്ഷേ കവിത എന്നു വിളിക്കാൻ കൊള്ളുന്നത് ഗണേഷ് പുത്തൂർ എന്ന യുവകവിയുടെ അറവുനിലം അഥവാ ശാന്തി വനം എന്ന രചനയാണ്. കവിതയുടെ സൗന്ദര്യ ശാസ്‌ത്രം ഗണേഷിന് പരിചിതമാണ്. മരം വെട്ടി തിരികെയെത്തിയ കോടാലികളുടെ വക്കിൽ പരേതാത്‌മാക്കൾ  മോക്ഷം കിട്ടാതെ പറ്റിപ്പിടിച്ചിരിക്കുന്നു എന്നാണ് കവിത വളരുന്നത്. സതീശൻ മൊറായിയുടെ പൂജാ സ്റ്റോറും പർദ്ദഹൗസും ഫലിതബിന്ദുക്കളിൽ ചേർക്കുന്നതിനു പകരം കവിതയാക്കി അച്ചടിച്ചതാണെന്നു തോന്നി. ഡോ. അജിതൻ മേനോത്തിന്റെ സുഖമരണം എന്ന കവിതയും ചർവിത ചർവണം തന്നെ. എഴുതുന്നവർക്ക് തിരിച്ചറിവില്ലെങ്കിൽ പത്രാധിപർക്കെങ്കിലും വകതിരിവ് വേണമെന്നേ പറയേണ്ടൂ.

സൈബർ വാരഫലം

ഇഷിക യിൽ ശിവപ്രസാദ് പാലോട് എഴുതിയ ഗജതിമിരം ആനയെക്കുറിച്ചാണോ ആളെക്കുറിച്ചാണോ അതോ ആനയാൾക്കാരെക്കുറിച്ചാണോ എന്ന് ശങ്കിപ്പിക്കുന്ന കവിതയാണ്. തൂണുപോലെ, ചൂലു പോലെ, മുറം പോലെ, പാറപോലെ നിങ്ങൾ കണ്ട പോലൊക്കെത്തന്നെ ഗജ തിമിരം എന്ന് കവി പറയുമ്പോൾ നമ്മൾ കണ്ടതല്ലല്ലോ കാഴ്‌ചകൾ എന്ന് അങ്കലാപ്പിലാവുന്നു വായനക്കാരൻ. ഉള്ളിന്റെയുള്ളിൽ ചുരമാന്തുന്ന മദഭ്രമങ്ങളെ കവിതയിലേക്ക് സന്നിവേശിപ്പിക്കുകയും കവിതക്ക് സ്വതന്ത്രമായ ഒരു വ്യക്‌തിത്വം നൽകുകയും ചെയ്യുക എന്ന കാവ്യ ദൗത്യം കവി നിർവഹിക്കുന്നുണ്ട്. രമാ പ്രസന്ന പെരുവാരം എഴുതിയ മാന്ത്രികം എന്ന കവിതയിൽ കവിത തീരെ കുറവാണ്. ഉള്ളത് പതിവു പോലെ അമിതാഖ്യാനവും അതി വാചാലതയും തന്നെ. വെട്ടിയൊതുക്കുന്നതിലും മൂർച്ച കൂട്ടുന്നതിലും രമക്ക് കൂടുതൽ വൈദഗ്ദ്യം നേടാനാവുമെന്ന് പ്രതീക്ഷിക്കാം.

 മനോജ് വീട്ടിക്കാട്

2 Comments
  1. ശിവ പ്രസാദ് പാലോട് 1 year ago

    എല്ലായിടവും സ്പർശിച്ചിട്ടുള്ള വിലയിരുത്തൽ.. ആഴത്തിലുള്ള വായനയിൽ ഓരോ രചനയെയും ഇഴപിരിച്ചെടുക്കാനുള്ള ആർ ജവം അഭിനന്ദനാർഹം.. മൂർച്ച വേണ്ടിടത്ത് മൂർച്ചയും…

    വളരുക സുഹൃത്തെ

  2. bindhuprathap 1 year ago

    സമകാലീന കവിതകളിലെ അതിഭാവുകത്വവും ഉള്ളിൽ തൊടാതെയുള്ള വികാര പ്രകടനങ്ങളും എടുത്തുപറഞ്ഞത് സന്ദർഭോചിതമായി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account