ആത്‌മാന്വേഷണങ്ങളാണ് അപരാന്വേഷണങ്ങളേക്കാൾ  കവിതയുടെ സത് രൂപത്തിന് അടിസ്ഥാനമാകുന്നത്. അവനവനിൽ നിന്ന് പുറപ്പെടുകയും അനന്തമായ ആകാശത്തിലേക്ക് വിലയം പ്രാപിക്കുകയും ചെയ്യാൻ ശേഷിയുള്ളതാണ് കവിത. അത് വാക്കുകളിൽ സമസ്‌ത പ്രപഞ്ചത്തേയും ആവാഹിച്ചെടുക്കാനും ആസ്വാദകനെ ആവേശിക്കാനും പ്രാപ്‌തമാണ്. പക്ഷേ പലപ്പോഴും ആത്‌മാന്വേഷണത്തിനു പകരം ആത്‌മഭാഷണങ്ങളുടെ അതിപ്രസരമായിത്തീരുന്നു മലയാള കവിത. കവിതയിലുടനീളം ഞാൻ, എന്റെ തുടങ്ങിയ അഹം ബിംബങ്ങൾ മാത്രം നിറഞ്ഞു നിൽക്കുകയും കവിതയെന്നത് സ്വകാര്യതയുടെ ആഖ്യാനമെന്ന്  തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നിടത്താണ് കവിത തോറ്റു പോകുന്നത്.  കവിത കേവലം ആഖ്യാനമല്ലെന്നും പറയുന്നതിനേക്കാൾ ആഴമുള്ള മൗനങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള വൈദഗ്ദ്യം കൂടിയാണ് കവിത എന്നും അഭിനവ കവികൾ സൗകര്യപൂർവം വിസ്‌മരിക്കുന്നു. കാവ്യാനുശീലനം നിരന്തര തപസ്യയായി ഗണിക്കുന്ന കവികളിൽ നിന്നേ അത്തരം സൃഷ്‌ടികൾ പ്രതീക്ഷിക്കേണ്ടതുള്ളൂ. കവിതയെഴുത്ത് നേരമ്പോക്കായി കണക്കാക്കുന്ന കാവ്യലോകത്തെ  സ്വയം പ്രഖ്യാപിത നാട്ടു മൂപ്പൻമാർ സ്വയം തിരിച്ചറിഞ്ഞ് നല്ല കവിതകൾ എഴുതുമെന്ന്  നമുക്ക് പ്രതീക്ഷിക്കുക.

വാരഫലം

മാധ്യമത്തിൽ (ജൂൺ 17) കെ.ജി. എസിന്റെ മുമ്മൂരാച്ചി കവിത സ്‌ഫോടനമാക്കുന്നതെങ്ങനെയെന്ന് ആവർത്തിച്ചു കാട്ടിത്തരുന്നു.  മൂന്നു മൂരാച്ചിക്കവിതകളാണ് മുമ്മൂരാച്ചി . രണ്ടാമത്തെ കവിത തുടങ്ങുന്നതിങ്ങനെ.. ‘ഇന്നത്തെ നവോത്ഥാനറേഷനും കൊണ്ടിനി വന്നോട്ടെ വന്നോട്ടെ നിദ്ര, എന്നുറക്കത്തിൽ ഞെട്ടിയുണർന്നേക്കാമുറക്കം, എന്നാലുമുണരില്ല നീ മനസ്സേ, മൂരാച്ചീ’. പാട്ടു കൊണ്ടു ചൂട്ടു കെട്ടി മോത്തു കുത്തും എന്നെഴുതലാണല്ലോ നമുക്ക് കവിതയുടെ പാരമ്പര്യം. റീബ പോളിന്റെ ശലഭമൊഴി പതിവു പോലെ പെൺകുട്ടികളോട് പ്യൂപ്പയാവാനും പിന്നെ ഒറ്റക്ക് പുറത്തു കടക്കാനും ആഹ്വാനം ചെയ്യുന്നു. പെൺജീവിതങ്ങൾ അങ്ങനെയൊക്കെയാണ് എന്ന് പറയലല്ലല്ലോ കവിയുടെ ധർമം. കവിതയിലെങ്കിലും നിങ്ങളാ കെട്ടുകൾ ഒന്നു പൊട്ടിച്ചു കളയൂ . എന്നിട്ട് കവിതയെഴുതാനുള്ള മറ്റു വല്ലതും കണ്ടെത്തൂ. നിങ്ങളിങ്ങനെ വിലക്കുകളെക്കുറിച്ച് വിലപിച്ചു കൊണ്ടിരുന്നാൽ അവ സ്വയം വഴി മാറില്ല എന്നു തിരിച്ചറിയൂ.. ദീപ കരുവാട്ട് എഴുതിയ സ്വപ്‌നവാങ്‌മൂലം സ്വപ്‌നത്തെക്കുറിച്ചായതു കൊണ്ട് നന്നായി. വാക്കുകളുടേയും വരികളുടേയും യുക്‌തിയെക്കുറിച്ച് ചിന്തിക്കേണ്ടല്ലോ! എന്നാലും നെല്ലിത്തണ്ട് എന്താണ് എന്ന് ശബ്‌ദതാരാവലി നോക്കിയിട്ടും പിടികിട്ടിയില്ല എന്നു പറയാതെ വയ്യ.

മാതൃഭൂമിയിൽ (ജൂൺ 22) റഫീക്ക് അഹമ്മദിന്റെ പ്രമുക്‌തൻ എന്ന കാവ്യമുണ്ട്. പ്രോമിത്യൂസിന്റെ ദീർഘ ശിക്ഷാനുഭവമാണ് കവിതക്ക് ആധാരമെന്ന് കവി ആമുഖത്തിൽ പറയുന്നു. എങ്കിലും പ്രമേയത്തിന്റെ പരിധികൾ വിട്ട് കവിത നീതിശാസ്‌ത്രത്തിന്റെ ഔന്നത്യങ്ങളിലേക്ക് വളരുന്നുണ്ട്. ‘ഇനി നാളെ ശിക്ഷാ വിമോചിതനായ് തുടലുകൾ പൊട്ടി സ്വതന്ത്രനാവാം, അതിനു മുമ്പേ ഞാൻ വിമുക്‌തനായി അറിവിനാൽ, വിഡ്ഡിക്കിനാവിൽ നിന്നും’ എന്ന് പ്രോമിത്യൂസ് പാടുന്നു. ആശാൻ കാവ്യങ്ങളുടെ ഗരിമ പുലർത്തുന്നു റഫീക്കിന്റെ കവിത. വി. ആർ. സന്തോഷിന്റെ എല്ലാ പുരുഷൻമാരും മരിക്കുകയാണെങ്കിൽ എന്ന പാട്ട് കവിതയിൽ നിന്ന് വളരെയകലെയാണ്. ആ ദിവസത്തെ സ്‌ത്രീകൾ ആദ്യമായി ജനിച്ച ദിവസമായി കണക്കാക്കും എന്ന വരി മാത്രം മതിയായിരുന്നു എന്നും തോന്നി. ദേശമംഗലം രാമകൃഷ്‌ണന്റെ കരുതി വച്ചത് പതിരാണ്.

ദേശാഭിമാനി (ജൂൺ 16) നെരൂദപ്പതിപ്പാണ്. പാബ്ലോ നെരൂദയുടെ 12 പ്രണയകവിതകൾ ഒരുമിച്ച് വായിക്കാൻ കിട്ടിയതിൽ സന്തോഷം.

മലയാളം വാരികയിലെ (ജൂൺ 17) മോൻസി ജോസഫിന്റെ കടൽ ആരുടെ വീടാണ് എന്ന കവിത ‘മീനുകൾ പറഞ്ഞു, ഒടുവിൽ എല്ലാ വീടുകളും ഒഴിയേണ്ടി വരും’ എന്ന് പ്രസ്‌താവിക്കുന്നു. വാക്കുകൾക്കപ്പുറത്തേക്ക് കവിതയുടെ തിരിനാളങ്ങൾ നീണ്ടു ചെല്ലുകയും എങ്ങും പ്രകാശം പരത്തുകയും ചെയ്യുന്നു. നീതു എൻ.വി. യുടെ മാർജാര ഹൃദയം പക്ഷേ കേവലാഖ്യാനമായി തോന്നി. തീരെ ഉള്ളില്ലാത്ത ഒരു കോർമ്പല വാക്കുകൾ മാത്രം.

ശാന്തം മാസികയിൽ തമിഴിൽ നിന്ന് മൊഴി മാറ്റിയ മാനുഷിയുടേതുൾപ്പെടെ ആറു കവിതകളുണ്ട്. മാനുഷിയുടെ ദൈവങ്ങൾ ധ്യാനത്തിലമർന്നപ്പോൾ എന്ന കവിത ബാലികമാരുടെ കിനാവുകളും ജീവിതവും കാപാലികർ ചവിട്ടിയരക്കുമ്പോൾ ധ്യാന നിരതരായിരിക്കുകയും സ്വന്തം വെണ്മയിൽ ചോരക്കറ പുരളാതിരിക്കാൻ ആലിൻ കൊമ്പിൽ തൂക്കിയിടപ്പെടുകയും ചെയ്യുന്ന ദൈവങ്ങളേയും ദൈവ പ്രതിനിധികളേയും അഭിസംബോധന ചെയ്യുന്ന വിലാപമാണ്. ഷാഫി ചെറുമാവിലായിയുടെ പരിഭാഷ കവിതയുടെ തീവ്രത നഷ്‌ടപ്പെടുത്തിയിട്ടില്ല. മറ്റ് അഞ്ചിൽ മികച്ചത് നിഷ ജിജോയുടെ വെളിച്ചം തന്നെ. ‘വെളിച്ചം ശരീരത്തോട് സംവദിക്കുന്ന ഒരു ഭാഷയുണ്ട്’ എന്നാണ് കവിത തുടങ്ങുന്നത്. നിദ്രയിൽ പോലും കണ്ണു തുറക്കാതെ തന്നെ ഇപ്പോൾ മണി ഏഴ് എന്നറിയാൻ കഴിയുന്ന ഒരു ക്രമപ്പെടുത്തൽ (Conditioning) ഓരോ ശരീരത്തിനുമുണ്ട്. ‘ജലം, ഇരുട്ട്, കാറ്റ് എന്നിവ സംസാരിക്കുന്നതിനേക്കാൾ സ്‌പഷ്‌ടമായി വെളിച്ചം ശരീരത്തോട് സംസാരിക്കുന്നു. ഉപ്പും പുളിയും മധുരവും കൂട്ടി. കണ്ണുകളോടെന്നതിനേക്കാൾ മൃദുവായി’. ഒടുവിൽ ‘അതുകൊണ്ടു തന്നെയാകാം മടങ്ങുവാൻ നേരമായ് എനിക്കെന്നും നിനക്കെന്നും വെളിച്ചം മങ്ങുമ്പോൾ വെളിച്ചമേ.. വെളിച്ചമേ എന്ന് ഇരുട്ടിലെ കുട്ടി ആളിയാളിക്കത്തുന്നതും’ എന്ന് കവിത അവസാനിക്കുമ്പോൾ ഉള്ളിലൊരു ശുദ്ധീകരണം നടക്കുന്നത് അനുഭവിച്ചറിയാം. നിഷയുടെ കൂടുതൽ കവിതകൾ നമുക്ക് കിട്ടട്ടെ.

കലാപൂർണയിൽ 18 കവിതകളുണ്ട്.  മാനസിയുടെ ഭായി എന്ന കവിതക്ക് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ വലിയ രാഷ്‌ട്രീയ മാനങ്ങളുണ്ട്. ‘സത്യത്തിൽ സത്യം മാത്രം പറയാൻ ഗാന്ധിജി മാത്രം മതി. അതാണ് ഞങ്ങൾക്ക് ഗാന്ധിയോടിത്ര വെറുപ്പ്. സാല, സത്യം മാത്രമേ പറയൂ! ഞങ്ങളെ വേണ്ടേ വേണ്ട!’ എന്ന് കവിത പറയുമ്പോൾ അവനൊരു മഹാത്‌മാ ഗാന്ധി എന്ന പ്രയോഗം നമുക്കിടയിൽ പരിഹസിക്കാനാണല്ലോ ഉപയോഗിക്കുന്നത് എന്നതും ഓർമ വരും. എല്ലാവരും തുല്യരാണെങ്കിൽ പിന്നെങ്ങനെയീ ഞങ്ങൾ വന്നു എന്ന ചോദ്യത്തിലാണ് കവിത ചെന്നു നിൽക്കുക. ഗോപകുമാർ തെങ്ങമം എഴുതിയ കൊടി നല്ലൊരു പാട്ടാണ്. ‘കൊടി താങ്ങിയ കൈയാണേ കൈരേഖകൾ മാഞ്ഞത് കണ്ടോ, ഗതകാല പ്രത്യയശാസ്‌ത്രം കടപുഴകിപ്പോയത് കണ്ടോ’ എന്ന ക്ലീഷേയിലാണ് കവിത നിലനിൽക്കുന്നത്. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത പതിവ് പല്ലവികൾ പ്രത്യേകിച്ചൊന്നും നൽകുന്നില്ല. കവിത എസ്.കെ യുടെ ജീവകം കാവ്യസൂക്ഷ്‌മതയുള്ള മികച്ച കവിതയാണ്. ഒരോ പരമാണുവിലും നിറഞ്ഞു നിൽക്കുന്ന ജൈവചൈതന്യത്തെ സ്വാംശീകരിച്ചെടുക്കുന്നതു കൂടിയാവണം കവിത എന്ന് കവി വിശ്വസിക്കുന്നു. ‘കാണൂ നീ ചിത്രശലഭത്തെ അണ്ണാനെ കൂരിയാറ്റയെ കുഞ്ഞു പുൽച്ചാടിയെ’ എന്നാണ് കവിയുടെ പക്ഷം. സോണി ഡിത്ത് എഴുതിയ അകവും പുറവും ഇല്ലാത്ത ചിലത് എന്ന കവിത ചിതറിക്കിടക്കുന്ന ചിലതുകളെക്കുറിച്ച് സംസാരിക്കുന്നു. വാക്കുകൾ കൊണ്ട് സാധ്യമല്ലാത്ത വൈകാരികാവസ്ഥകളെ സംവേദനം ചെയ്യുന്നതിനുള്ള കവിതയുടെ ശേഷി പ്രശംസനീയമാണ്. കേൾക്കുവാൻ ഇഷ്‌ടമില്ലെങ്കിലും കേൾക്കൂ, ഏറ്റവും വലിയ സങ്കടത്തിന്റെ പേരാണ് ജീവിതം. ‘ജീവിതത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീട്ടിക്കെട്ടിയ കരച്ചിലിന്റെ ആ തൊട്ടിലിൽ നിന്ന് സന്തോഷത്തിന്റെ ഒരു കുഞ്ഞിനെ കാലം ഇടക്കിടെ നമ്മുടെ നെഞ്ചിൽ മാറ്റിക്കിടത്തുന്നുണ്ട്’ എന്നിങ്ങനെ സമൃദ്ധമാണ് സോണിയുടെ കവിത. സോണിയിൽ നിന്നും ഇനിയും നല്ല കവിതകൾ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു. ലാസർ ഡിസിൽവ എഴുതിയ ഇരുപത് വർഷത്തിനു ശേഷം യഹ്‌സാനോട് പറഞ്ഞത് എന്ന രചന നല്ലൊരു ആഖ്യായികയാണ്. പക്ഷേ കവിതയേക്കാളേറെ കഥ എന്ന ശീർഷകമാണ് ചേരുക എന്ന് തോന്നി. ആര്യാ ഗോപിയുടെ സങ്കൽപ്പ ശുദ്ധികൾ പതിവുപോലെ അത്‌മഭാഷണം കൊണ്ട് സമ്പന്നമാണ്. ഞാൻ, എന്റെ എന്നിവ വിട്ട് ഈ കവിയുടെ ഒരു കവിത എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്. രമേശൻ തനിക്കു പറയാനുള്ളതൊക്കെ നീട്ടിപ്പരത്തി എഴുതി അതിന് കവിത എന്ന് പേരുമിട്ടു എന്നല്ലാതെ ഒന്നുമില്ല. പുഴ എന്നു പേരുണ്ടായിരുന്ന ഒരിടത്ത് (സുരേന്ദ്രൻ കാടങ്കോട്) നല്ല കവിതയാണ്. ‘കക്കത്തോടുകൾ കൂട്ടി വച്ചിടത്തെ മണം കാറ്റെടുത്ത് റെയിൽ പാലത്തിൽ നിന്ന് തീവണ്ടി കേറും’ എന്നിങ്ങനെ മനോഹരമാണ് സുരേന്ദ്രന്റെ വരികൾ. ഗൃഹാതുരത്വത്തിന്റെ പതിവു പല്ലവികളാണ് ശ്രീദേവി പി. അരവിന്ദിന്റെ എന്റെ വീട്. എങ്കിലും നല്ല ഒഴുക്കുള്ള വാക്കുകൾ കവിതയെ  വായനാസുഖമുള്ളതാക്കുന്നുണ്ട്. അനുജാ ഗണേഷ്, കാവേരി എന്നീ കവികൾ ദയവായി കുറച്ചു കവിതകൾ വായിക്കാനുള്ള സന്മനസ് കൂടി കാട്ടണം എന്ന് അപേക്ഷിക്കുന്നു.

കലാകൗമുദിയിൽ (ജൂൺ 16) 13 കവിതകളുണ്ട്. ജോഫിൻ മണിമലയുടെ അവസാന യാമത്തിൽ സംഭവിച്ചേക്കാവുന്നത് തരക്കേടില്ലാത്ത കവിതയാണ്. നാട്ടുഭാഷയുടെ മുഴക്കവും മൂർച്ചയുമാണ് ജോഫിന്റെ കവിതയുടെ പ്രത്യേകത. ‘ഒരു പൂവൻകോഴി വന്ന് വാതിലിൽ മുട്ടും. ഒടുവിൽ ആ നിമിഷം അനുവാദം ചോദിക്കാതെ കൺപോളകളിലെ പിടുത്തം വിട്ട് ചെകിട്ടത്തിനിട്ടൊരടിയും തന്ന് ഉറക്കം കുപ്പായത്തിനുള്ളിലൊളിക്കും’ എന്ന് കവിത പാടുന്നു.

കലാകൗമുദി വായിക്കുമ്പോഴാണ് കലാപൂർണയിൽ അക്ഷരത്തെറ്റ് ഒന്നു പോലും കാണാനായില്ലല്ലോ എന്ന കൗതുകം വന്ന് നിറയുന്നത്. ഭാഷാശുദ്ധിയിൽ അത്രയേറെ ശ്രദ്ധിക്കുന്ന കലാപൂർണ പത്രാധിപർക്ക് പ്രത്യേക നന്ദി പറയേണ്ടതുണ്ട്.

സൈബർ വാരഫലം

സൈബറിടത്തിൽ  ഈ വാരം ആഴ്ച്ചപ്പതിപ്പും ഇ ഷി കയുമാണ് കിട്ടിയത്. ആഴ്ച്ചപ്പതിപ്പിൽ 5 കവിതകൾ. കൂട്ടത്തിൽ നല്ലത് രമേശ് എസ് മകയിരം എഴുതിയ കോർത്തു വച്ച മഴനൂലുകളാണ്. പൊയ്‌പ്പോയ ഒരു മഴക്കാലത്തിന്റെ സുന്ദരവാങ്‌മയ ചിത്രം രമേശ് വരച്ചിടുന്നു. ‘ഉച്ചിയിൽ വീഴുന്ന മഴത്തുള്ളികൾ, പിന്നെ പനിയും ചുമയും.. പക്ഷേ ചേമ്പിലയിലെ മഴത്തുള്ളികൾ വജ്രം പോലെ…! നനയാതെ തെന്നിത്തെന്നി..’ എന്നാണ് കവിത അവസാനിക്കുന്നത്. അത്രയേ വേണ്ടൂ. അതി വാചാലത കൊണ്ട് നശിപ്പിക്കാതെ കവിതയെ തന്നതിന് രമേശിന് അഭിവാദ്യങ്ങൾ. എന്നാൽ അതാ വാചാലതയുടെ ബാധ വല്ലാതെയുള്ള കവിതയാണ് സുനിതാ ഗണേഷിന്റെ ചക്രമല്ലേയീയിരുളും നിലാവും. പരത്തിപ്പറഞ്ഞ്  കവിതയുടെ വൈകാരികതയത്രയും ചോർത്തിക്കളഞ്ഞു കവി. ആറ്റിക്കുറുക്കാനും മൂർച്ച കൂട്ടാനും സുനിതക്ക് കഴിയട്ടെ. നല്ല കവിതകൾ ഉണ്ടാവട്ടെ. സംപ്രീതയുടെ കവിത അവനവൾ കടമ്പകൾ പേരിലെ കൗതുകം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. (അവളവൾ കടമ്പകൾ അല്ലേ വേണ്ടത് എന്ന് തോന്നാതെയുമിരുന്നില്ല). കൃത്രിമമായി നിർമിക്കപ്പെട്ടത് എന്ന്  സ്വയം പ്രഖ്യാപിക്കുന്ന കവിതയാണിത്.

ഇ ഷി കയിൽ പഴവിള രമേശൻ, കാൾ മാർക്‌സ്, ചങ്ങമ്പുഴ എന്നിവരുടെ കവിതകളാണ് വായിച്ചത്. നല്ല കവിതകൾ ഇനിയും വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 മനോജ് വീട്ടിക്കാട്

2 Comments
  1. ഇന്ദു 1 year ago

    വിമർശനങ്ങൾ കൃത്യം

  2. bindhuprathap 1 year ago

    ആത്മ പ്രകാശനം കവിതയുടെ ആകാശം വിശാലമാക്കട്ടെ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account