വർത്തമാന മലയാള കവിത ഏറ്റവുമധികം വിധേയമായിരിക്കുന്നത് പ്രമേയത്തോടാണ്. പ്രമേയപരതക്കു കിട്ടുന്ന അമിത പ്രാധാന്യം മിക്കപ്പോഴും കവിതയിൽ നിന്ന് കവിതയെ ചോർത്തിക്കളയുന്നു. ഭാഷാപരമോ സൗന്ദര്യശാസ്‌ത്രപരമോ ആയ യാതൊരു പരീക്ഷണങ്ങൾക്കും തയ്യാറാവാതിരിക്കാനുള്ള കവികളുടെ രക്ഷാതന്ത്രം കൂടിയാണ് വിഷയങ്ങളിൻമേലുള്ള അമിതാശ്രയത്വം.  സത്യത്തിൽ കവിതകളേക്കാൾ നാം വായിക്കുന്നത് റിപ്പോർട്ടുകളാണ്. പക്ഷേ നമ്മുടെ വായനാശീലത്തിലും സംവേദനശീലത്തിലും ലയിച്ചു ചേർന്നിട്ടുള്ള സംഭവങ്ങളോടുള്ള കൗതുകം ഈ വസ്‌തുത തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ വിലക്കുന്നു. ഇങ്ങനെ കവിതാവൽക്കരിക്കപ്പെടുന്ന റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതാവട്ടെ നമുക്ക് പൂർണ ബോധ്യമുള്ള വിഷയങ്ങളാണ്. അതുകൊണ്ട് അത്തരം പദ്യരൂപത്തിലുള്ള റിപ്പോർട്ടുകൾ നമ്മെ എളുപ്പത്തിൽ തൃപ്‌തിപ്പെടുത്തുന്നു.

ഭാഷയുടെ പുരോഗതിയാവണം സാഹിത്യ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. പ്രാദേശിക ഭാഷകൾ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടി പൊരുതുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിലോ സാമാന്യ വ്യവഹാരത്തിലോ പരിചിതമല്ലാത്ത വാക്കുകളും വാക്യഘടനകളും കവിതയിൽ പ്രയോഗിക്കപ്പെടേണ്ടതുണ്ട്. അത് ദുർഗ്രഹതക്കു വേണ്ടി കൃത്രിമമായി ചേർക്കണമെന്ന വാദമല്ല മുന്നോട്ടു വക്കുന്നത്. മറിച്ച് ഉപയോഗിക്കപ്പെടാതെയും പരിചയിക്കപ്പെടാതെയും വിസ്‌മരിക്കപ്പെട്ടേക്കാവുന്ന ഒട്ടനവധി പദങ്ങൾ നമുക്കുണ്ട് എന്ന് തരിച്ചറിയാനും അവയെ സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള ഉത്തരവാദിത്തം സാഹിത്യകാരൻമാർക്ക് – പ്രത്യേകിച്ച് കവികൾക്ക് – ഉണ്ടെന്ന് ഓർമിപ്പിക്കാനും വേണ്ടിയാണ്. സമസ്‌ത പദങ്ങളും കൂട്ടക്ഷരങ്ങളും പോലും പുതിയ കവിതകളിൽ മാറ്റി വക്കപ്പെടുന്നു എന്നിരിക്കെ മലയാളം എങ്ങനെയാണ് മുന്നോട്ട് സഞ്ചരിക്കുക? പദസമ്പത്ത് തന്നെയാണ് ഭാഷയുടെ നട്ടെല്ല്. പക്ഷേ നാമെങ്ങനെയോ ഇപ്പോൾ ഏറ്റവും കുറച്ച് പദങ്ങൾ കൊണ്ട് ശ്ലോകത്തിൽ കഴിക്കാൻ ശീലിച്ചിരിക്കുന്നു. കവിതയുടെ അന്ത്യം ഭാഷയുടെ തന്നെ അന്ത്യമാണെന്ന് നമുക്കു മറക്കാതിരിക്കുക.

കാവ്യവാരം

മാതൃഭൂമിയിൽ (ജൂൺ 23) ആശാലത എഴുതിയ പാൻ ഓപ്റ്റിക്കോൺ എന്ന കവിത ദൈവത്തിന്റെ സിസിടിവി കാമറയെക്കുറിച്ച് പറയുന്നു. എത്ര ലളിതമായാണ് മനുഷ്യന്റെ സ്വാതന്ത്ര്യം പാൻ ഓപ്റ്റിക്കോണിലിരുന്ന് ദൈവക്ക്യാമറകൾ അട്ടിമറിച്ചത് എന്നൊരു കൗതുകപ്പെടലിനും കവിത വഴിവക്കുന്നു. മുറിയടച്ചിരുന്ന് ദേശദ്രോഹം എഴുതുന്ന കവിക്ക് ഇപ്പോൾ ദൈവം മൂപ്പിൽസ് കാണുന്ന കാഴ്ച്ചകളുടെയൊക്കെ കണ്ടന്റ് എഴുത്താണ് പണി. അതോടെ നഗരത്തിലെ എല്ലാ കുത്തിത്തിരിപ്പും അവസാനിച്ചു എന്നും കവി അറിയുന്നു. കവിതയിൽ രാഷ്‌ട്രീയം പറയുക അത്ര എളുപ്പമല്ല. ആശാലതക്ക്  അഭിവാദ്യങ്ങൾ. മാൽകൗൻസ് എന്ന സച്ചിദാനന്ദന്റെ ആഖ്യായികയാണ് മാതൃഭൂമിയിലെ മറ്റൊരു കവിത. ഹിന്ദുസ്ഥാനി സംഗീതത്തിലെ മാൽകൗൻസ് രാഗത്തെക്കുറിച്ചാണ് കവനം എന്ന് കവി ആമുഖത്തിൽ പറയുന്നുണ്ട്. ഭീംസെൻ മാൽകൗൻസ് ആലപിക്കുന്നതു കേട്ടുണ്ടായ സ്വർഗതുല്യമായ അനുഭവമാണ് കവിതയുടെ പ്രമേയം. താനനുഭവിച്ചതിനെ മഹത്തരമെന്ന് സ്വയം വാഴ്ത്തുക, അതിനെ ആത്‌മാദരമെന്ന് വിളിക്കുക, ഒക്കെയാണല്ലോ ഇപ്പോൾ നാട്ടുനടപ്പ്. സച്ചിദാനന്ദൻ മലയാള കവിതക്ക് എന്നെന്നും ഓർക്കാനുള്ള ധാരാളം കവിതകൾ സമ്മാനിച്ചിട്ടുണ്ട്. അങ്ങയെ കാലങ്ങളോളം ജീവിപ്പിക്കാൻ അവയൊക്കെ ധാരാളം മതി.

മാധ്യമത്തിൽ (ജൂൺ 24) സി.എസ് രാജേഷിന്റെ പായിപ്പാട്ടച്ചൻ കവിതയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ശ്രമിക്കുന്നുണ്ട്. പരത്തിപ്പറഞ്ഞ് അരോചകമാക്കാൻ സാധ്യതകളേറെയുള്ള വിഷയം എത്ര മനോഹരമായാണ് രാജേഷ് കവിതയാക്കിയത്! ചെറുപ്പക്കാരെല്ലാമിപ്പോൾ സമുദായത്തിലാണ്, പ്രായമായവരെല്ലാം പാർട്ടിയിലും എന്നീ രണ്ടു വരികൾ കൊണ്ട് ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു വച്ചു കവി. അപ്പച്ചന്റെ ശവത്തിൽ കഴുത്തു മുതൽ അര വരെ സമുദായക്കൊടി, അര മുതൽ പാദം വരെ പാർട്ടിക്കൊടി എന്നാണ് കവിതയുടെ അവസാനത്തെ വരി. ഉത്തരവാദിത്തമുള്ള കവിയായി രാജേഷ് നമ്മോടൊപ്പമുണ്ടാവട്ടെ. കെ. ജെ. വിനോദിന്റെ വഴി തിരയുന്നവരോട് എന്ന കവിതയും മികച്ചതാണ്. ആകാശത്തിനും ഭൂമിക്കുമിടയിൽ വഴിയറിയാതെ നിൽക്കുന്നു. ചോദ്യം എന്നോടു തന്നെയാണ്! വഴി വെട്ടുവാൻ കൈകൾക്ക് കപ്പം കൊടുക്കേണ്ടത് എവിടെയാണ് എന്ന കവിയുടെ ചോദ്യം കുറിക്കു കൊള്ളുന്നുണ്ട്. എന്നാലും അമിതാഖ്യാനം വലിയൊരു ബാധ്യതയായി കവിതയെ തളർത്തുന്നു എന്നു പറയാതിരുന്നൂടാ. അതി വാചാലതയിൽ നിന്ന് വിനോദിന് രക്ഷപ്പെടാനാവും എന്ന് പ്രതീക്ഷിക്കാം. അവിനാശ് ഉദയഭാനുവിന്റെ പക്ഷികൾ പറക്കട്ടെ വായനക്കു ശേഷം ഒന്നും അവശേഷിപ്പിക്കുന്നില്ല. അസംബന്ധ കവിത (absurd) എന്നു വിളിപ്പിക്കാനുള്ള ശ്രമം നടത്തിയതാണ് കവി എന്നു തോന്നി. പക്ഷേ അസംബന്ധങ്ങൾക്കും ഒരു ക്രമമുണ്ടെങ്കിലേ ആസ്വാദ്യമാകൂ. അക്രമത്തിന്റെ ക്രമം (chios) എന്ന് വിളിക്കുന്ന ആ ക്രമം നിർമിക്കുന്നതിൽ അവിനാശ് വിജയിച്ചിട്ടില്ല എന്നു തോന്നി. ബി.എസ് രാജീവിന്റെ കയ്പ്പ്, കയ്പ്പ് മാത്രം ശേഷിപ്പിക്കുന്നു. രാജീവ് കവിതയിലെത്താൻ കാതമേറെ ഇനിയും നടക്കണം, കയ്പ്പുനീരേറെ ഇനിയും കുടിക്കണം. രണ്ടു കാമ്പസ് കവിതകളെക്കുറിച്ചു കൂടി പറയാതെ പറ്റില്ല. അനുപമ മോഹൻ എഴുതിയ അയാൾ ഇപ്പോൾ മീനുകളെ വറ്റിച്ച് വെള്ളം പിടിക്കുകയായിരിക്കും എന്ന കവിത ശീർഷകം കൊണ്ടു തന്നെ അമ്പരപ്പിക്കും. രണ്ടു കൈകളും ചേർത്തു വക്കുമ്പോൾ കടലുകളുണ്ടാകാത്ത രാജ്യത്തേക്ക് മുറിഞ്ഞ വാലുള്ള ഒരു മീൻ കപ്പലോടിച്ചു വരുന്നു എന്നു തുടങ്ങുന്ന കവിത ആദ്യന്തം ശീർഷാസനത്തിലാണ്. അനുപമ ഇനിയുമെഴുതട്ടെ, തല കീഴായ കവിതകൾ. സൂരജ് കല്ലേരിയുടെ ഓർമയുടെ ശിൽപവും നല്ല കവിതയാണ്. സ്വയം നവീകരിക്കാൻ മടിച്ചു നിൽക്കുന്ന സ്വയം മുതിർന്നവരെന്ന് നടിക്കുന്ന കവികൾ ഇവരെയൊക്കെ വായിക്കുന്നത്  നന്നാവും. Child is the father of man എന്നാണല്ലോ ആപ്‌തവാക്യം.

സമകാലിക മലയാളം വാരികയിൽ (ജൂൺ 24) കണിമോളുടെ കാട്ടിൽ നിന്നു മടങ്ങുമ്പോൾ മനോഹര പദങ്ങൾ കൊണ്ടു നിർമിച്ച ശുദ്ധ കവിതയാണ്. നല്ല വരികൾ, താളം, ലയം, സുന്ദരം. കണിമോൾക്കു നന്ദി. സർജുവിന്റെ കല്ലുവാതിൽക്കൽ പക്ഷേ വെറും വാചകക്കസർത്താണ്. കവിതക്കുള്ളിൽ സുഖമോ അനുഭൂതിയോ ആശയമോ ഒന്നും പുതുതായി ഇല്ല. ബീച്ചു ബാറിലെ സന്ധ്യ എന്നൊരു പ്രയോഗം കൗതുകകരമായി തോന്നി.

ദേശാഭിമാനിയിൽ ബിനീഷ് വൈദ്യരങ്ങാടിയുടെ അപരചിഹ്നം കവിത അശേഷമില്ലാത്ത, ഒരു നീണ്ട മുദ്രാവാക്യമാണ്. നിരായുധനായ പോരാളി പുഞ്ചിരിക്കുമ്പോൾ ശതകോടി ‘അരുണ’ ശലഭങ്ങൾ വിരിഞ്ഞിറങ്ങുന്നു എന്നാണ് കവിയുടെ തോന്നൽ. ആ തോന്നൽ അങ്ങനെയിരിക്കട്ടെ. പക്ഷേ കാലത്തെ മുമ്പേ കാണാൻ കഴിയുന്നവനാവണം കവി എന്നേ പറയാനുള്ളൂ. ടി.പി. വിനോദിന്റെ നിങ്ങൾക്കറിയാമോയിൽ കവിതയും രാഷ്‌ട്രീയവും വേണ്ടുവോളമുണ്ട്. ഭൂമിയുടെ ഏത് രേഖാംശത്തിൽ നിന്നും ഓഷ്വിറ്റ്സിന്റെ രേഖാംശത്തിലേക്ക് അക്ഷാംശങ്ങൾ എത്തുന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ എന്നാണ് കവിയുടെ ഓർമപ്പെടുത്തൽ. നിങ്ങളുടെ രാജ്യത്തെവിടെയെങ്കിലും ഓഷ്വിറ്റ്സ് കാമ്പുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ലെന്ന് നിങ്ങൾക്ക് പറയാനാവുമോ എന്ന ചോദ്യത്തിനു മുന്നിൽ നമുക്കുത്തരമില്ലല്ലോ. അജേഷ് സി.പി യുടെ മുള്ള് ധ്വന്യാത്‌മകത കൊണ്ട് മനോഹരമാണ്. മുള്ളുകളൊക്കെ മിനുസപ്പെട്ടിരിക്കുന്നു. ചിരിച്ചു നിൽക്കുന്ന പൂക്കളെ അറുത്തു കൊണ്ടു പോകുന്നത് ചന്തയിലേക്കാണെന്ന് മുള്ളിനറിയാം. മുള്ളുകളെല്ലാം  മിനുസപ്പെട്ട് ഒടിഞ്ഞില്ലേ എന്ന് കവി വ്യാകുലപ്പെടുന്നു.

കലാകൗമുദിയിൽ ദിവാകരൻ വിഷ്‌ണുമംഗലത്തിന്റെ തോറ്റം ഗാംഭീര്യമുള്ള കവിതയാണ്. നല്ല ഭാഷയും നല്ല കവിതയും തന്ന ദിവാകരൻ വിഷ്‌ണുമംഗലത്തിനു നന്ദി. മദൻ ബാബുവിന്റെ ഉത്ഘനനം ഗൃഹാതുരത്വത്തിന്റെ സ്ഥിരം പല്ലവികളെന്നല്ലാതെ കവിതയല്ല. ബാക്കിയുള്ള പതിനൊന്ന് കവിതകളും പതിവു പോലെ സ്ഥലം നിറക്കാൻ ചേർത്തവ തന്നെ. ഈ ലക്കത്തിൽ കണ്ട വലിയൊരാശ്വാസം അക്ഷരത്തെറ്റുകൾ പരമാവധി ഇല്ലാതായിരിക്കുന്നു എന്നതാണ്. അതിന് പത്രാധിപർക്ക് നന്ദി.

സൈബർ വാരഫലം

നവമലയാളിയിൽ (navamalayali.com) ഈ ആഴ്ച്ച ദളിത് കവിതാ പതിപ്പാണ് വായിക്കാൻ കിട്ടിയത്. അശോകൻ മറയൂരിന്റെ മൗനപ്പെടുമ്പോൾ എന്ന കവിത നല്ല ഭാഷയിൽ എഴുതപ്പെട്ട മൂർച്ചയും സൗന്ദര്യവുമുള്ള രചനയാണ്. പാടി നീട്ടാവുന്ന വരികളെ ഒരു വാക്കിലേക്കു പോലും ചുരുക്കി തീവ്രമാക്കിയിരിക്കുന്നു കവി. ‘ഇന്നെന്നോട് സംസാരിക്കാൻ ഞാൻ മാത്രമാകുന്നു. എന്നെക്കുറിച്ചറിയുന്നതും തിരയുന്നതും ഞാൻ മാത്രമാണ്’ എന്നിങ്ങനെയാണ് തിരസ്‌കൃതന്റെ പ്രതിസന്ധികളെക്കുറിച്ച് കവിത പാടുന്നത്. അജിത എം. കെ. എഴുതിയ വിശപ്പ് തീവ്രമായ അനുഭവമാണ്.  എത്ര വികസിച്ചിട്ടും വിശപ്പ് സത്യമായി ഇന്നും നിലനിൽക്കുന്ന സമൂഹങ്ങൾ നമുക്കിടയിലുണ്ട് എന്ന വേദന അജിത പങ്കുവക്കുന്നു. വിശപ്പ് ശത്രുവാണ്. ഒറ്റയായവനെ തേടിയെത്തും, കാടിനുള്ളിൽ ചെന്നും വേട്ടയാടും. എന്ന വരികൾക്ക് വർത്തമാനത്തിലും ഭൂതത്തിലും ഭാവിയിലും ഗതി കിട്ടാനിടയില്ലല്ലോ എന്ന സങ്കടം കവിയോടൊപ്പം നമുക്കുമുണ്ടാവുന്നു. ആദ്യകാല രാത്രികൾ (അനീഷ് പാറമ്പുഴ), കാവൽക്കാരൻ ( ഉഷആനിക്കാട്) എന്നിവയും മികച്ച കവിതകളാണ്.

ഇഷീക-യിൽ ജിജോ രാജകുമാരിയുടെ തന്മാത്ര, കെ. സന്തോഷിന്റെ മഴയുടെ അപശ്ശബ്‌ദങ്ങൾ എന്നിവയാണ് കഴിഞ്ഞ വാരം പ്രസിദ്ധീകരിച്ചത്. നല്ല വാക്കുകൾ കൊണ്ട് ചമച്ച രചനാ ശിൽപ്പമാണ് സന്തോഷിന്റെ കവിത . മഴയുടെ പല ഭാവങ്ങൾ ആവർത്തനമാണെങ്കിലും വിരസമാകാതിരിക്കാനുള്ള കൈയടക്കം കവിക്കുണ്ട്. ഒരു മഴക്കും തുറക്കാനാവാത്ത പഴയൊരോർമതൻ പടിവാതിലിൽ വെറുതെ എന്തിനു പൊടിമഴയുടെ തളർന്ന ഗദ്‌ഗദം മിടിക്കുന്നതിങ്ങനെ എന്ന് അവസാനിക്കുമ്പോൾ കവിത പല ഭാഗത്തേക്ക് പടരുന്നു. ‘വെറുതെ എന്തിനു’ എന്നത് ചേർത്തെഴുതാമായിരുന്നല്ലോ എന്ന തോന്നൽ ബാക്കി. തന്മാത്ര കവിതയിലേക്കെത്തിയില്ല. ആഴം തീരെയില്ലാത്ത വരികൾക്കു ജീവനും ചൈതന്യവും ഉണ്ടാവുന്നതെങ്ങനെ..?

 മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account