ആധുനികാനന്തര കാലത്ത് മലയാള കവിത എങ്ങനെയായിരിക്കും അടയാളപ്പെടുക എന്നതൊരു വലിയ ശങ്കയാണ്. കലയുടേയും സാഹിത്യത്തിന്റേയും മറ്റെല്ലാ ശാഖകളും രാജ്യാതിർത്തികളുടേയും വ്യക്‌തിപരതകളുടേയും അതിരുകൾ ഉല്ലംഘിച്ച് മാനവികതയും സ്വാതന്ത്ര്യവും ആഘോഷമാക്കുമ്പോൾ മലയാള കവിത മാത്രം ഞാൻ, നീ എന്നീ ദ്വന്ദങ്ങളെ ചുറ്റിപ്പറ്റി കാലയാപനം ചെയ്യുന്നു. ഉപരിപ്ലവമായ വൈകാരികാവസ്ഥകളെ സ്ഥൂലവൽക്കരിക്കുകയും അത്തരം പൊള്ളത്തരങ്ങളിൽ അഭിരമിക്കുകയും ചെയ്യുകയല്ലാതെ ഉത്തരാധുനിക കവിത മലയാളത്തിന് നൽകിയ സംഭാവനയെന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാനിടയില്ല.

കവിതകളേറ്റുപാടി സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും പിന്നീടിങ്ങോട്ടുണ്ടായ ഒട്ടനവധി ജനമുന്നേറ്റങ്ങളിലും കാലത്തിനു മുമ്പേ നടന്ന നമ്മളിപ്പോൾ ശരീരകാമനകളെക്കുറിച്ചും ദേഹാധിഷ്ഠിത പ്രതിസന്ധികളെക്കുറിച്ചും മാത്രം കവിതയെഴുതുന്നവരായി പരിണമിച്ചിരിക്കുന്നു. ബഹുജന മാധ്യമം എന്ന സ്വത്വം നിലനിർത്തുന്നതിൽ കവിത പരാജയപ്പെടുന്നു എന്നതാണ് യാഥാർഥ്യം. കവിത എഴുതുന്നവർ മാത്രം വായിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അവനവനിൽ നിന്ന് അപരനിലേക്ക് വ്യാപരിക്കാൻ കഴിയാത്തിടത്തോളം അതങ്ങനെയേ ആവുകയുമുള്ളൂ. മാനവികതയും രാഷ്‌ട്രീയവും ആഗോള മനുഷ്യനുമൊക്കെ മലയാള കവിതക്കു വിഷയമാകുന്ന കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കുക.

വാരഫലം

അറുപത്താറ് കവിതകൾ വായിച്ച വാരമാണ് കഴിഞ്ഞു പോയത്. അക്ഷരാർഥത്തിൽ കവിതകളുടെ പൂക്കാലം. ആഴ്ച്ചപ്പതിപ്പുകൾ കവിതക്ക് ഇത്രയും പ്രാധാന്യം നൽകുന്നു എന്നത് തീർച്ചയായും സന്തോഷ പ്രദമാണ്. അക്കൂട്ടത്തിൽ സ്വാഭാവികമായും സുഗന്ധമില്ലാത്ത പൂക്കളുമുണ്ടാവുമല്ലോ.

മാധ്യമത്തിൽ (ജൂലൈ1) കെ.സി. ഉമേഷ്ബാബുവിന്റെ 23-5-2019 എന്ന കവിത പേരിലെ കവിത കൊണ്ടാണ് വ്യത്യസ്‌തമാകുന്നത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്ന തിയതിയാണല്ലോ അത്. ഞങ്ങളുടേത് ഗാന്ധിയുടെ സ്വാതന്ത്ര്യം, നിങ്ങളുടേത് ഗോഡ്‌സെയുടെ ദു:സ്വാതന്ത്ര്യം… എന്ന് കവി പറയുമ്പോൾ നമുക്കറിയാം, ഇന്ത്യ ഞങ്ങളുടേതും നിങ്ങളുടേതുമായി വിഭജിക്കപ്പെട്ടിട്ട് ഏറെ നാളായല്ലോ! പ്രീത ജെ. പ്രിയദർശിനി എഴുതിയ യൂസഫ് അലി ഖാൻ , നിനക്കു നന്ദി എന്ന കവിത ഫാസിസ്റ്റ് രാഷ്‌ട്രീയത്തോടുള്ള കവിയുടെ പ്രതിഷേധമാണ്. പക്ഷേ ‘ ഒരു മുസ്ലീമിന്റെ അടയാളങ്ങൾ ശരീരത്തിൽ മാത്രം പേറുന്നവനായിരുന്നു അവൻ’ എന്ന വരി കവിതയുടെ സത്യത്തെ നിരാകരിക്കുന്നു. കവിയുടെ ഉപബോധത്തിലും അടയാളങ്ങൾ ശരീരത്തിൽ മാത്രമല്ലാതെ പേറുന്ന മുസ്ലീങ്ങളോടുള്ള ഫോബിയ നിലനിൽക്കുന്നു എന്നു വേണം വായിക്കാൻ.  എം. സന്ധ്യയുടെ പുറമ്പോക്ക് നാട്ടു റോഡിന്റെ ഓരത്ത് നിൽക്കുന്ന നിസ്സഹായരായ ചെടികളെക്കുറിച്ച് വേവലാതിപ്പെടുന്നു. മഞ്ഞയിൽ തവിട്ടുടുപ്പിട്ട പൂവിന്റെ ജനിയിൽ പുതഞ്ഞൊരു തുപ്പൽ, കേസരത്തിൽ ഒട്ടിയൊരു ച്യൂയിംഗം. അതാരുടേതാവാം എന്ന കവിത തീർച്ചയായും ഗഹനമാണ്. നാട്ടു റോഡിനു പകരം നാട്ടുവഴി എന്നുപയോഗിക്കാമായിരുന്നു എന്നു തോന്നി. കവിയൂർ ബാലന്റെ വർഷം ആവർത്തന വിരസമാണ്. മഴയും പുഴയും ഗൃഹാതുരത്വവുമൊക്കെ നിരന്തരമായി പാടിക്കൊണ്ടിരിക്കാനും ചിലരുണ്ടാവുന്നത് നല്ലതു തന്നെ. ക്യാംപസ് ഇത്തവണ നിരാശപ്പെടുത്തി.

മാതൃഭൂമിയിൽ പത്ത് കവിതകളുണ്ട്. സുറാബിന്റെ വാതിലുകൾ ഇല്ലാത്ത വീട് കൂട്ടത്തിലെ മികച്ച കവിതയാണ്. പിറക് വശത്തെ വാതിലിന് നല്ല ഉറപ്പ് വേണം. ഇല്ലെങ്കിൽ വീട് ഇറങ്ങിപ്പോകും എന്ന മുന്നറിയിപ്പാണ് കവിത. അങ്ങനെ പലതും പിൻ വാതിലിലൂടെ ഇറങ്ങിപ്പോയ കാലത്ത് തറവാടുകളിൽ നിന്ന് ഇറങ്ങിപ്പോന്ന പല വീടുകളും ചങ്ങലക്കിട്ടിരിക്കുകയാണ് എന്ന അറിയിപ്പിനും പ്രസക്‌തിയേറെയുണ്ട്. ശ്രീകുമാരൻ തമ്പിയുടെ സ്‌കാനിങ് ഒരു സോദ്ദേശ കവിതയാണ്. കാലത്തോടൊപ്പം ഓടിയെത്താനാവാത്ത ഒരു വൃദ്ധമനസിന്റെ വേവലാതികൾ എന്നു മാത്രമേ ഈ കവിതയെ വായിക്കേണ്ടതുളളൂ. മൊബൈൽ ഫോൺ സ്‌ത്രീ പുരുഷ (അവിഹിത) ബന്ധങ്ങളുടെ വ്യാപ്‌തി കൂട്ടിയെന്നും സദാചാരമൊക്കെ പൊയ് പോയെന്നും വിലപിക്കുന്ന കവിയോട് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..! റോഷ്‌നി സ്വപ്‌നയുടെ മകൾ വളരുമ്പോൾ പെണ്ണാശങ്കകളുടെ കാവ്യരൂപമാണ്. മകൾ വളരുമ്പോൾ ഒപ്പം വളരും ഒരു ചെന്നായ. അവളോടൊപ്പം എപ്പോഴും പതുങ്ങി നടക്കുന്ന ഒരു ചെന്നായയെ ഭയക്കാത്ത ആരുമില്ലല്ലോ. മകൾ വളരുകയാണ്, ചെന്നായയും എന്ന് കവിത അവസാനിക്കുന്നു. റോഷ്‌നിക്ക് അഭിവാദ്യങ്ങൾ. സിന്ധു കെ.വി. യുടെ ആ വാക്കിന്റെ വളവിൽ എന്താണുള്ളതെന്ന് മനസിലാക്കാനാവാത്തത് എന്റെ പോരായ്‌മയായി കണക്കാക്കുന്നു.

മലയാളം വാരികയിൽ രാജീവ് നായരുടെ ഞാനെരിക്കില്ല എന്ന കവിത ആഴമൊട്ടുമില്ലാത്ത പദ്യമാണ്. പ്രണയ നഷ്‌ടത്തിന്റെ പേരിൽ കാമുകിയെ ചുട്ടു കൊല്ലുന്ന കാമുകനെ കവി നിരീക്ഷിക്കേണ്ടത് ക്രിമിനോളജിയുടെ  അടിസ്ഥാനത്തിലല്ല, മറിച്ച് മനശാസ്‌ത്ര വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ്. വാർത്തകളോടുള്ള സാമാന്യ പ്രതികരണം കവിതയാണ് എന്ന് തെറ്റിദ്ധരിച്ച കവിയോട് സഹതാപം മാത്രം. വി.ആർ രാമകൃഷ്ണന്റെ ‘രാധയും യാദവനും ചുടുകാട്ടിലേക്കു പോകുമ്പോൾ’ മഞ്ജരിവൃത്തത്തിലെഴുതിയ നല്ലൊരു പദ്യമാണ്. നല്ല വാക്കുകൾ, ആലാപന സുഖമുള്ള വരികൾ. അത്രമാത്രം.

ദേശാഭിമാനി (ജൂൺ 30) യിൽ ഷാജി കൊന്നോളിയുടെ ഉടഞ്ഞ കണ്ണാടിയിൽ നോക്കുമ്പോൾ പണ്ടത്തെ പോലെ തന്നെ ഇന്നും ജീവിതം നശ്വരമാണല്ലോ എന്ന് ഉദ്ഘോഷിക്കുന്നു. കാലമെത്ര മാറിയിട്ടും ഒന്നും മാറിയില്ലല്ലോ, കവിതയും മാറിയില്ലല്ലോ എന്ന് നമുക്കും സങ്കടപ്പെടാം. എം. ബഷീറിന്റെ നിരുപാധികം തികച്ചും രാഷ്‌ട്രീയ കവിതയാണ്. ഒരുനാൾ നിങ്ങളെന്റെ കവിതയിലേക്ക് ബൂട്ട്സിട്ട കാലുകളുമായി ചാടിക്കേറി വരുമെന്ന് കവിക്കറിയാം. പക്ഷേ ഇത്തരം കവിതകൾ വല്ലാതെ ആവർത്തിക്കപ്പെടുന്നതു കൊണ്ടാവും നമ്മെ ഈയിടെ ഇവയൊന്നും കാര്യമായി സ്വാധീനിക്കാത്തത്.

കലാകൗമുദിയിൽ ഡോ. മായാ മാധവൻ എഴുതിയ എക്‌സിന്റേയും വൈയുടേയും കഥ പക്ഷേ കവിതയല്ല. ഒരു ലേഖനമോ കുറിപ്പോ ആക്കാമായിരുന്ന ഒന്നിനെ കവിതയായി അവതരിപ്പിക്കേണ്ടിയിരുന്നില്ല. അനിത മാധവന്റെ യാത്രാമൊഴി എന്ന കവിത നമുക്ക് അനുഭവിക്കണമെങ്കിൽ അത് മാമ്പഴത്തിന്റെ മേലെ നിൽക്കാവുന്ന കാവ്യമാവണം. പാടിപ്പതിഞ്ഞു കഴിഞ്ഞവ കൂടുതൽ തീവ്രമായി അവതരിപ്പിക്കാനാവാത്ത പക്ഷം അതിനു മെനക്കെടാതിരിക്കുകയാവും നല്ലത്. ആകെ പതിമൂന്ന് കവിതകളുണ്ട് കലാകൗമുദിയിൽ. പക്ഷേ വായനക്കു ശേഷം മനസ്സിൽ ബാക്കി നിൽക്കാൻ  ഒന്നു പോലുമില്ല എന്നതാണ് സങ്കടം.

സൈബർ വാരഫലം

ആഴ്ച്ചപ്പതിപ്പിന്റെ ഈ ലക്കത്തിൽ (ജൂൺ 28) അഞ്ചു കവിതകളുണ്ട്. ഒന്നിനൊന്നു വ്യത്യസ്‌തമാണ് ഇവയഞ്ചും. രാജേഷ് ചിത്തിര എഴുതിയ സൃഷ്‌ടിസാരം ഏറെ മാനങ്ങളിലേക്ക് പടർന്നു കയറാൻ ശേഷിയുള്ള കവിതയാണ്.  എന്നും വൈകിയുണരുകയും ആറു ദിവസം ഉഴപ്പനായി നടക്കുകയും ചെയ്‌ത ഒരു ദൈവത്തിനായിരുന്നു കടുകിന്റെ സൃഷ്‌ടിച്ചുമതല. അയാൾ മറ്റു ദൈവങ്ങളുടെ പണിശാലകളിൽ നിന്നു കട്ടെടുത്ത രഹസ്യങ്ങളത്രയും കടുകിനുള്ളിൽ ഒളിപ്പിച്ചു വച്ചു. നോക്കൂ, ദൈവം രഹസ്യവും ഒളിപ്പിച്ചു വെയ്ക്കാത്തത് മരണവും ജനനവും നടക്കാത്ത വീടുകളിലെ കടുകുകളിൽ മാത്രമാണ് എന്ന് കവിത കണ്ടെത്തുന്നു. ഒരൽപം കൂടുതലായി ആഖ്യാനമെങ്കിലും രാജേഷിന്റെ കവിത മികച്ച അനുഭവമാണ്. ബാബുരാജ് മലപ്പട്ടം എഴുതിയ നിഴലുകൾ പറയാതിരുന്നത്, നമ്മൾ വിധേയത്വത്തിന്റെ തോണിയിൽ നീക്കുപോക്കിന്റെ പ്രളയ നദി കടക്കുന്നു എന്നാണ് തുടങ്ങുന്നത്. എല്ലായ്‌പ്പോഴും നീക്കുപോക്കുകൾ മാത്രം ചെയ്‌ത്‌ കൊണ്ടു നടക്കുന്ന ഒന്നാണല്ലോ നമുക്ക് ജീവിതം. പിന്നെന്തിനാണ് ഇതിങ്ങനെ എന്ന ചോദ്യം നിരന്തരമായി ബാക്കി നിൽക്കുന്നു. എന്നിട്ടും നേരിനും നോവിനുമിടയിൽ നീക്കുപോക്കിന്റെ പാലമിട്ട് നമ്മളീ ജീവിതപ്പുഴ കടക്കുന്നു. ബാബുരാജിന്റെ കൂടുതൽ കവിതകൾ വായിക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു. പേടിയില്ലാത്ത വീട് (സ്റ്റാലിന) അടക്കം ചെയ്യാത്തത് (മുനീർ കെ. ഏഴൂർ), പറഞ്ഞാലും പറഞ്ഞാലും തീരില്ല മഴയെക്കുറിച്ച് (ഇഞ്ചക്കാട് ബാലചന്ദ്രൻ) എന്നിവയും നല്ല കവിതകളാണ്.

ഇഷികയിൽ അനീസ് ഹസന്റെ കേട്ടുകേൾവിയില്ലാത്ത ചിലത് കവിതയുടെ വർത്തമാനത്തെ പുനർനിർവചിക്കുന്നു. ഏറെ പരിചയമുള്ള ഭൂപടം പോലെയാണ് മുറ്റം. അതു നഷ്‌ടപ്പെടുമ്പോൾ നിൽക്കാൻ ഇടമില്ലാത്തതു പോലെ എന്ന കവിതയുടെ സങ്കടം അത്രയൊന്നും നമുക്കു പരിചിതമല്ല. അനീസിന്റെ കവിതകളെ വലിയ പ്ലാറ്റ്ഫോമുകളിൽ നമുക്ക് കാണാറാവട്ടെ എന്നാശംസിക്കുന്നു. ദേവകൃപ കെ. എസ് എന്ന ആറാം ക്ലാസുകാരിയുടെ രണ്ടു കവിതകളുമുണ്ട് ഇഷികയിൽ. കുട്ടികൾക്കു നൽകുന്ന വലിയ പരിഗണനക്ക് പത്രാധിപർക്ക് അഭിവാദ്യങ്ങൾ.

 മനോജ് വീട്ടിക്കാട്

1 Comment
  1. ഇന്ദു 1 year ago

    ഇത്രയും കവിതകൾ എന്ന വസ്തുക്കൾ വായിച്ച് വിലയിരുത്തുന്ന ശ്രീ.മനോജ് വീട്ടിക്കാടിന്റെ ചിത്തരംഗം തെളിഞ്ഞുതന്നെ കാണപ്പെടുന്നുവെന്നത് ലോകത്തെ ഒമ്പതാം അദ്ഭുതം തന്നെ…!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account