ഭാഷയുടെ ഈടുവെപ്പുകളാണ് കവിതയും കഥയും ലേഖനവും മറ്റും മറ്റും ഉൾപ്പെടുന്ന സാഹിത്യം. ഭാഷ അതിന്റെ പദങ്ങളേയും വാക്യങ്ങളേയും ശൈലികളേയും നിർണയിച്ചതും നിയന്ത്രിച്ചതും നിലനിർത്തിയതും കാവ്യാദികൾ ഉപയോഗപ്പെടുത്തിയാണ്. അതുകൊണ്ടാണ് കുഞ്ചൻ നമ്പ്യാരുടെ കവിതയിലെ വരികൾ നമ്മുടെ നിത്യ വ്യവഹാരത്തിൽ ശൈലികളായി ഉപയോഗിക്കപ്പെടുന്നത്, ചെറുശ്ശേരിയും എഴുത്തച്ചനുമെഴുതിയ വരികൾ കവിതയാണെന്നു പോലുമറിയാതെ നാം പറഞ്ഞു പോകുന്നത്, ചങ്ങമ്പുഴയുടേയും ഉള്ളൂരിന്റേയും വരികൾ വെറുതെ പോലും പാടിക്കൊണ്ടിരിക്കുന്നത്. വർത്തമാന കവിത അങ്ങിനെയൊരു ദൗത്യം ഏറ്റെടുക്കുന്നേയില്ല. ജീവിതത്തിലേക്ക്  പകർത്തി വക്കാവുന്ന വരികളോ പ്രയോഗങ്ങളോ നിർമിക്കുന്നതിൽ വർത്തമാന സാഹിത്യം നിസ്സഹായമാണെന്നത് അവിടെ നിൽക്കട്ടെ. ഭാഷയിൽ ഇപ്പോഴുള്ള ശൈലികളുടേയോ പ്രയോഗങ്ങളുടേയോ നിലനിൽപ്പിനു വേണ്ടിയെങ്കിലും അവ ഉപയോഗപ്പെടുത്തുന്നതിന് നാം എന്തു ചെയ്യുന്നു എന്നത് പ്രധാനമാണ്. അതിലളിതമാണ് മിക്കപ്പോഴും മലയാള കവിതയുടെ പദാവലി. കാവ്യാത്‌മതയേക്കാളേറെ പ്രമേയപരതക്കും ആഖ്യാനഗുണത്തിനും പ്രാധാന്യം നൽകുന്നതിന്റെ  ഫലം കൂടിയാണിത്. കവിതയിൽ വലിയ ധർമാനുശാസനങ്ങൾ കുത്തിച്ചെലുത്തപ്പെടുമ്പോൾ ഭാഷാഭംഗിയും കാവ്യസൗന്ദര്യവും ദ്വീതിയമായിത്തീരുന്നു. സത്യത്തിൽ മലയാളഭാഷ നിശ്ചലമായി നിൽക്കുകയാണ്. ഇംഗ്ലീഷിൽ നിന്ന് ഇടക്കിടെ കടം വാങ്ങുന്ന ചില വാക്കുകൾ മാത്രമാണ് ഇപ്പോൾ മലയാളത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നത്. നിശ്ചലാവസ്ഥയിൽ നിന്ന് നിഷ്‌ക്രിയാവസ്ഥയിലേക്ക് അധികം ദൂരമില്ല എന്നതും വിസ്‌മരിക്കരുത്. മലയാളിയുടെ സംസാരഭാഷയിൽ നിന്ന് മലയാളം അതിവേഗം അന്യമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം നമുക്കു മുന്നിലുള്ളതിനാൽ കവികൾ ഭാഷയെ നിലനിർത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ.

വാരഫലം

മാതൃഭൂമിയിൽ (ജൂലായ് 7) കെ.ജി.എസിന്റെ കൂടാതാട്ടം കേവല വായനക്കപ്പുറം അഗാധമായ തിരയിളക്കങ്ങൾ അനുവാചകന്റെ ഉള്ളിലുണ്ടാക്കാൻ പര്യാപ്‌തമാണ്. ഇതെന്താണിങ്ങനെ എന്നോ ഇങ്ങനെയൊന്നുമല്ലല്ലോ എന്നോ നമ്മെ സംഘർഷത്തിലാക്കാൻ കൂടാതാട്ടത്തിനു കഴിയുന്നു. നല്ല കവിത തന്നനുഗ്രഹിച്ചതിന് കെ.ജി.എസിന് നന്ദി. പോൾ കല്ലാനോടിന്റെ സത്രം അതിസൂക്ഷ്‌മമായി നിർമിച്ചിട്ടുള്ള കവിതയാണ്. ഒരു വാക്ക് അധികമോ കുറവോ ഇല്ല. നായാണോ നാരിയാണോ തന്നോടൊപ്പം എന്നും ഏതാണാവോ ജാതിയെന്നും അബോധത്തിലാശങ്കപ്പെടുന്ന സാമാന്യ മനുഷ്യനെ സൂക്ഷ്‌മമായി കാട്ടിത്തരുന്നു കവി. അല്ലെങ്കിൽ തന്നെ നായ നാരിമാർക്കിടയിൽ എന്താണ് ഭേദമെന്നതും ചിന്തനീയമാണ്.

മാധ്യമത്തിൽ (ജൂലൈ 8) അഹ്‌മദ്‌ മത്വർ, സമീഹുൽ കാസിം, അഡോണിസ് എന്നിവരുടെ 3 അറബിക്കവിതകളുണ്ട്. അറബ് ദേശങ്ങളിൽ നിരന്തരമായി നില നിൽക്കുന്ന ഭരണകൂട അതിക്രമങ്ങളും സ്വാതന്ത്ര്യത്തിന്റേയും  മനുഷ്യാവകാശങ്ങളുടേയും  ലംഘനങ്ങളും തന്നെയാണ് അറബിക്കവിതകളുടെ സത്ത. ബിനു എം. പള്ളിപ്പാട് എഴുതിയ ജുഗൽബന്ദി നല്ല പ്രയോഗങ്ങളാൽ സമ്പന്നമാണ്. ധ യും നി യും പോലെ കമിഴ്ന്നും മലർന്നും സ്വരങ്ങൾ, ഒറ്റ സഹോദരൻ ദു:ഖം മുറിക്കാനൊരു വാളില്ലാതെ രാപ്പകലുകളുടെ നീളമറിയാതെ ദൂരം നോക്കിയിരിക്കുന്നു തുടങ്ങി ഗഹനവും സുന്ദരവുമായ വരികളാണ് കവിതയെ അക്ഷരാർഥത്തിൽ ജുഗൽബന്ദിയാക്കുന്നത്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ഉം മറ്റൊരു നല്ല കവിതയാണ്. ഭാഷയിൽ ഒരുപാട് മൂങ്ങകൾ ഉം, ഉം എന്ന് മൂളി ഒളിച്ചു പാർക്കുന്നുണ്ട് എന്ന സുധീഷിന്റെ കണ്ടെത്തൽ ഒരു കുതിരപ്പവൻ അർഹിക്കുന്നുണ്ട്. ശ്രീജിത് പെരുന്തച്ചൻ എഴുതിയ വീടു പൊളിക്കുമ്പോൾ എന്ന കവിതയും അവസാന വരികളിൽ ഒളിപ്പിച്ചു വച്ച കവിതയിലേക്ക് സാവധാനം നയിക്കുന്ന മുൻ വരികളുടെ സൗന്ദര്യം അനുഭവവേദ്യമാക്കുന്നു. എല്ലാ വീടുകളും ഇടിച്ചു പൊളിച്ചു കളയുന്നു. എന്നിട്ടും കവിയുടെ പാട്ട് എവിടെയുമെനിക്കൊരു വീടുണ്ടെന്നാണ്. ശരിയാണല്ലോ, രവിപുരത്ത്, മാവൂർ റോഡിൽ, ശാന്തികവാടത്തിൽ, ഐവർമഠത്തിൽ, എല്ലായിടത്തും നമുക്ക് വീടുകളുണ്ടല്ലോ! പി.കെ. വേലായുധന്റെ കവിത, ബുദ്ധന്റെ നാമത്തിൽ ഒരശ്ലീല നാടകം സാമാന്യ സദാചാര യുക്‌തിയുടെ തനിയാവർത്തനമായി. ഭർത്താവുപേക്ഷിച്ച സ്‌ത്രീ ഒരു മോശം തസ്‌തികയാണ്. യശോധര ലോകത്തിന്റെ പ്രിയതമയാണെന്ന് അശ്ലീലച്ചിരി ചിരിക്കുന്ന കവിയോട് വിയോജിക്കുന്നു.

ദേശാഭിമാനിയിൽ (ജൂലൈ 7) സുറാബ് എഴുതിയ ഓടയിൽ നിന്ന് മറ്റു കവിതകളിൽ നിന്ന് വ്യത്യസ്‌തമായ ഒരു തലം സൂക്ഷിക്കുന്നു. ഒന്നും പഴയതുപോലെയല്ല, ആവേണ്ടതുമല്ല എന്നത് സുറാബിന്റെ പൊതു നിലപാടാണ്. കാലം ഓടയിൽ വീണ് വൃത്തികേടാകുന്നു, അഴുക്ക് കാൻസറാകുന്നു. കേശവദേവിന്റെ ഓടയിൽ നിന്ന് വീണ്ടും വായിക്കുമ്പോൾ അന്നത്തേതൊന്നുമല്ലല്ലോ ഇന്ന് എന്ന് കവി കൗതുകപ്പെടുന്നു. പഴയത് മഹത്തരം എന്ന് നിരന്തരം പറയുന്നവരോടുള്ള മറുപടി കൂടിയായി വായിക്കുമ്പോൾ കവിത തീവ്രമായ രാഷ്‌ട്രീയമാകുന്നു. ആർ. ബാലറാം എഴുതിയ അവൾ മികച്ചതെന്നു പറയാനാവില്ല. അവൾ എന്നും പീഡിതയാണ് എന്നതൊരു പരമ്പരാഗത നിലപാടാണ്. അതു തന്നെ ആവർത്തിക്കലല്ല കവിതയുടെ ധർമം. ബദലുകൾ നിർദ്ദേശിക്കാനും കൂടിയുള്ള ആർജവമാണ് കവിതകൾക്കുണ്ടാവേണ്ടത്. പ്രതീഷ് പി.സി. യുടെ ശബ്‌ദം എന്ന കവിതയും വെറും പറച്ചിലുകളാണ്. ഒരു കുത്തും കോമയും കൂടാതെ ഇങ്ങനെ എഴുതിയാൽ ഇതെങ്ങനെ വായിച്ചെടുക്കും എന്നു കൂടി പറഞ്ഞു തരണം.

കലാകൗമുദിയിൽ (ജൂലൈ 7) ഇത്തവണ ആറു കവിതകളേയുള്ളൂ. ഇതിൽ രമേശ് അങ്ങാടിക്കൽ എഴുതിയ ചരിവ് കിഴക്കുള്ളതെല്ലാം പടിഞ്ഞാട്ടു പോകുന്നു നിത്യം, പക്ഷേ പടിഞ്ഞാറോട്ടു പോകുന്ന കുന്നുകളും പാറകളും തിരികെ കിഴക്കോട്ടെത്തുന്നേയില്ല എന്നു കണ്ടെത്തുന്നു. തെക്കോട്ടു പോകാൻ താൽപര്യമില്ലെങ്കിലും പിന്നെ ചരിവ് തെക്കോട്ടേ ഉള്ളൂ എന്നും കവി ഓർമിപ്പിക്കുന്നു. നല്ല കവിതക്ക് രമേശിന് നന്ദി. ഡോ. അനൂപ് കൂടൽ എഴുതിയ പിറന്നാൾ സമ്മാനം നല്ല കവിതയുടെ തുടക്കമാണ്. പക്ഷേ അതി വാചാലത കവിതയെ കൊന്നു കളഞ്ഞു. മരിച്ചവർക്ക് എന്തു സമ്മാനമാണ് നൽകുക എന്ന ഒറ്റവരിയിൽ തന്നെ ആ കവിത പൂർണമാണ്. വായനക്കാരൻ കവിയേക്കാൾ പ്രതിഭാധനനാണെന്ന് കവികൾ മറക്കാതിരിക്കുക. ദിവാകരൻ വിഷ്‌ണുമംഗലത്തിന്റെ അസ്സൽ അസ്സൽ കവിതയാണ്. പക്ഷേ ഇത്തിരിയധികം പഴകിപ്പോയി എന്നു മാത്രം. തുറക്കാം ലോക നന്മക്കായി സ്വപ്‌നത്തിൻ പുഷ്‌പവാടി എന്ന പ്രയോഗം ആശയക്കുഴപ്പവുമുണ്ടാക്കുന്നു. അഗോചരം (മണമ്പൂർ രാജൻ ബാബു) പേരുപോലെത്തന്നെ കവിതയും അഗോചരമാണ്. എസ് സരസ്വതി, കരുമം എം. നീലകണ്ഠൻ എന്നിവരുടെ രചനകൾ കവിതയിലെത്താൻ ദൂരം ഇനിയുമേറെയുണ്ട്. എന്തായാലും കവിതയുടെ കാര്യത്തിലെ അലസ സമീപനം കലാകൗമുദിയുടെ പത്രാധിപർ മാറ്റിയതിൽ വലിയ സന്തോഷം.

സൈബർ വാരഫലം

ഇഷീക യിൽ  3 കവിതകളാണ് കഴിഞ്ഞ ആഴ്ച്ച പ്രസിദ്ധീകരിച്ചത്. രാമകൃഷ്‌ണൻ ചൂരിയോടൻ എഴുതിയ ഫോസിൽ തരക്കേടില്ലാത്ത കവിതയാണ്. പ്രണയം ഒരു ഫോസിലാകുന്നു എന്ന സങ്കൽപ്പത്തിൽ പുതുമയൊന്നുമില്ലെങ്കിലും നല്ല വാക്കുകളും തടസങ്ങൾ തോന്നാത്ത ഭാഷയും കവിതയെ വായനായോഗ്യമാക്കുന്നു. നല്ല ഭാഷാസ്വാധീനമുള്ള രാമകൃഷ്‌ണന് വ്യത്യസ്‌തമായ കാവ്യവസ്‌തുക്കൾ കണ്ടെത്താനാവട്ടെ. നന്ദിനി രാജീവിന്റെ പൂരകങ്ങൾ ഞാനും നീയും എന്ന സങ്കൽപ്പത്തിന്റെ അകവും പുറവും തിരയുന്നു. ഒതുക്കിപ്പറയുന്ന കാര്യത്തിൽ നന്ദിനിയെ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്. പക്ഷേ ഞാൻ, നീ എന്നിവയിൽ നിന്ന് നന്ദിനിയും മോചനം നേടേണ്ടതുണ്ട്. കവിതക്ക് കുറേക്കൂടി വലിയ തലം ആവശ്യമുണ്ട്. കാലം അതാവശ്യപ്പെടുന്നുമുണ്ട്. മിനി ജോൺസൺ എഴുതിയ അദ്ധ്വാനത്തിൻ മുത്തുകൾ കവിതയായില്ല. മറ്റുള്ളവരോടുള്ള ആഹ്വാനം എന്നതിലുപരി അവനവനോടുള്ള ഭാഷണമാണ് കവിതയാകേണ്ടത്. മിനി കൂടുതൽ കവിതകൾ വായിക്കട്ടെ.

 മനോജ് വീട്ടിക്കാട്

1 Comment
  1. സര്‍,
    ‘ഇ.ഷീ.ക’യിലെ കവിതകള്‍ കൃത്യമായി നിരീക്ഷിക്കുന്നു, എന്നത് വലിയ സന്തോഷം. ഒപ്പം, എഴുത്തുകാര്‍ക്കത് മാര്‍ഗനിര്‍ദ്ദേശവുമാകുന്നുണ്ട്…. നന്ദി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account