സൗന്ദര്യ ശാസ്‌ത്രാടിസ്ഥാനത്തിലുള്ള സമീപനങ്ങളും വിശകലനങ്ങളും കവിതയെ സംബന്ധിച്ച് സംഭവിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതിസൂക്ഷ്‌മമാണ് കവിതയുടെ ഘടന. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മറ്റുള്ളവരോട് സംവദിക്കുന്നതിന് ഒരു ഉപന്യാസം ധാരാളം മതി. ഒരൽപ്പം ഭാവന കൂടി ചേർത്ത് കഥയാക്കി വായനക്കാരെ ബുദ്ധിപരമായി സംഘർഷത്തിലാക്കുന്നതും സാധ്യമാണ്. എന്നാൽ കവിത വസ്‌തുതകളേക്കാളേറെ വൈകാരികമായി അനുവാചകനെ സ്വാധീനിക്കാൻ ശേഷിയുള്ളതാവണം. കവിയുടെ ആന്തരികാനുഭവങ്ങളെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാൻ പര്യാപ്‌തമായ സൂക്ഷ്‌മമായ നിർമാണ ചാതുര്യം കവി സ്വായത്തമാക്കേണ്ടതുണ്ട്. കവിത വായിക്കാനോ കേൾക്കാനോ ഉള്ളതല്ലാതായിത്തീരുകയും അനുഭവിക്കാൻ കഴിയുന്നതാവുകയും ചെയ്‌താൽ മാത്രമേ കാവ്യ ദൗത്യം പൂർത്തിയാവുകയുള്ളൂ. അനുവാചകന്റെ വൈകാരിക തന്ത്രി കളെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞതു കൊണ്ടാണ് വൈലോപ്പിള്ളിയുടെ മാമ്പഴവും ചങ്ങമ്പുഴയുടെ കാവ്യനർത്തകിയും രമണനും മറ്റും കാലത്തെ അതിജീവിക്കുന്നത്. നിർഭാഗ്യവശാൽ നമ്മുടെ കവിതകൾ ആഖ്യാന പ്രധാനങ്ങളായി ചുരുങ്ങിപ്പോയിരിക്കുന്നു. ആസ്വാദകരെ വൈകാരികമായി അസ്വസ്ഥരാക്കാൻ കഴിയുന്ന കവിതകൾ ഈയിടെയൊന്നും നമ്മൾ വായിച്ചിട്ടില്ല. പ്രമേയപരത എന്ന ഭൂതത്തിന്റെ സ്വാധീനവലയത്തിൽ പെട്ടു പോയ അഭിനവ മഹാകവികളിൽ നിന്ന് അത്തരം കവിതകൾ പ്രതീക്ഷിക്കേണ്ടതുമില്ല.

വാരഫലം

മാതൃഭൂമി (ജൂലായ് 14) യിൽ വി.ടി. ജയദേവന്റെ ജലവിഹാരം 41 ഖണ്ഡങ്ങളുള്ള മഹാകാവ്യമാണ്. ഓരോ വാക്കിലും കവിതയുടെ സമുദ്രമൊളിപ്പിച്ച് മോഹന നടനം നടത്തുകയാണ് ജയദേവൻ മാഷുടെ വരികൾ. ‘എനിക്കു മുന്നേയുള്ള ഞാനെന്ന പോലോമനേ നിനക്കു മുന്നേയുള്ള ഞാനുമേ ഇനിയില്ല’ എന്നാണ് ഒരു കവിത. ഇത്രയേ വേണ്ടൂ, ഇതാണത് എന്നാവർത്തിച്ചു പറയുന്ന കവിതയ്ക്ക് വി.ടി. ജയദേവന് നന്ദി.രാജൻ സി.എച്ച് എഴുതിയ മലബാർ എന്ന കവിതയും ഗഹന ദർശനങ്ങളാൽ സമ്പന്നമാണ്. മലബാർ എക്‌സ്‌പ്രസ്സിൽ ഷൊർണൂർ മുതൽ ആലുവ വരെയുള്ള യാത്രയാണ് പ്രതിപാദ്യം. ഒരു നിഴലുപോലെ വള്ളത്തോളിനേയും ശങ്കരനേയുമൊക്കെ കാണുന്നുണ്ട് കവി. പഴയ കലാമണ്ഡലത്തിന്റെ പടുനിഴൽ പുഴയിൽ മിനുക്കു വേഷത്തിലായ് രസഹീനം നിൽക്കുന്നതും കവി കാണുന്നു. രാത്രിയിൽ നിന്ന് വെളിച്ചത്തിലേക്ക് മലബാർ ഓടിക്കൊണ്ടേയിരിക്കുന്നു. കവന സൗന്ദര്യത്തിന്റെ ഈ കൃതിക്ക് രാജൻ സി.എച്ചിനും നന്ദി.

മാധ്യമത്താൽ (ജൂലൈ 15) നാലു കവിതകളുണ്ട്. എം. എസ്. ബനേഷിന്റെ പടമണിയേറ്റ് ആണ് കൂട്ടത്തിൽ കൊള്ളാവുന്നത്. ചില പാമ്പുകളൊക്കെ പടം പൊഴിച്ച് പുതിയ ഉടുപ്പുകൾ ധരിച്ച് നമുക്കിടയിലേക്ക് എത്തുന്നുണ്ട് എന്നിരിക്കെ പടം പൊഴിക്കുന്ന പാമ്പിനെ മാറി നിന്നു കണ്ടു ഞാൻ, ഇണ ചേരും ഇരുവരെ ആദ്യം കാണുന്ന പേടി പോൽ എന്ന വരികൾ പ്രസക്‌തമാണ്. സന്ധ്യ ഇ എഴുതിയ വൃദ്ധ കാമുകിയിൽ പുതിയതായി ഒന്നുമില്ല. കുറ്റിയിൽ കെട്ടിയ പശുവിനെ പോലെ എത്ര കാലമാണ് ഇവരൊക്കെ ഇങ്ങനെ ഒരേ വിഷയത്തിൽ നിന്നു ചുറ്റുക? പവിത്രൻ തീക്കുനിയുടെ നിന്നോളവും മറ്റൊരു കുറ്റിയിൽ കെട്ടിയ പശുവാണ്. ആവർത്തനം കവികൾക്കു വിരസമല്ലായിരിക്കാം, പക്ഷേ ഞങ്ങൾ വായനക്കാർക്ക് അതങ്ങിനെയാണ്.

ദേശാഭിമാനിയിലുമുണ്ട് (ജൂലൈ 14) സന്ധ്യ ഇ യുടെ കവിത, ആത്‌മഹത്യയുടെ തലേന്ന്. കവിത എത്രത്തോളം വൈയക്‌തികമാകാം എന്നതിന്റെ മറ്റൊരുദാഹരണമാണ് ഈ കവിതയും. എന്നു മാത്രമല്ല, കവികളാരും മറ്റാരെയും വായിക്കുന്നില്ല എന്നതിനും ഇതിൽ കൂടുതൽ തെളിവു വേണ്ട. ജിനേഷ് മടപ്പള്ളിയെ വായിച്ച, പവിത്രൻ തീക്കുനിയെ വായിച്ച ഒരാൾ എങ്ങനെയാണ് ഇങ്ങനെയൊരു കവിതയെഴുതുക? സോണി ഡിത്ത് എഴുതിയ ആരോ ഒരാൾ തനിയെ മിണ്ടുന്നു എന്ന കവിതയും നമ്മെ തൃപ്‌തിപ്പെടുത്തുമെന്ന് തോന്നുന്നില്ല. ഏറെ പരത്തിപ്പറഞ്ഞ് മൂർച്ച കുറഞ്ഞു പോയി സോണിയുടെ കവിതക്ക്.

മലയാളം വാരികയിൽ (ജൂലൈ 15) എം.ആർ. രേണുകുമാർ എഴുതിയ തടുത്തുകൂട്ടൽ നല്ല കവിതയാണ്. കവിതക്ക് എങ്ങനെയൊക്കെ സഞ്ചരിക്കാം എന്നതിന് തടുത്തുകൂട്ടൽ ഉദാഹരണമാണ്. ചോന്നു തുടങ്ങുന്ന മാനത്തു നിന്ന് മേഘമിച്ചിരി തോണ്ടിയെടുത്തും, ഊയലാടുന്ന കിളിപ്പേച്ചുകളെ തടുത്തു കൂട്ടിയും ആൺ കൊതി നോട്ടത്തെ പറിച്ചു നട്ടും മറ്റും മറ്റുമാണ് കവിതയുണ്ടാക്കുന്നത്. ധ്വന്യാത്‌മകതയുടെ സൗന്ദര്യം മനോഹരമായി സന്നിവേശിപ്പിച്ച കവിതയാണ് തടുത്തു കൂട്ടിയിട്ടുള്ളത്. കെ.പി. റഷീദിന്റെ പയ്യ് പതിവുപോലെ ‘അത്’ തന്നെയാണ് പറയുന്നത്. പയ്യ് എന്ന പേര് കേട്ടാൽ ഇപ്പോൾ നമുക്കറിയാമല്ലോ എന്തിനെക്കുറിച്ചായിരിക്കും ആ കവിതയെന്ന്. അത്രയേയുള്ളൂ, അത്രമാത്രം.

കലാകൗമുദിയിൽ (ജൂലൈ 14) 13 കവിതകളുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം നേടിയ അനുജ അകത്തൂട്ടിന്റെ സ്വൈരിണിയാണ് ഇക്കൂട്ടത്തിലെ ഗ്ലാമർ താരം. പക്ഷേ കവിത വല്ലാതെ പഴയതാണ്. എത്രയോ തവണ പറഞ്ഞും കേട്ടും മടുത്ത അതേ വരികൾ, അതേ വാക്കുകൾ. കൂടുതലെന്തൊക്കെയോ പ്രതീക്ഷിച്ചത് ഞങ്ങളുടെ തെറ്റ്. മധു വാസുദേവന്റെ വൃന്ദാവന സാരംഗ രസമുള്ള ഒരു പദ്യമാണ്. നല്ല വരികൾ, അത്രയൊക്കെയേയുള്ളൂ. നൗഷാദ് പത്തനാപുരത്തിന്റെ  ചോറു മണങ്ങൾ കൊയ്‌ത പാടത്തീന്നു തന്നെ ടാറുഗന്ധമടിച്ചു കേറുന്നതിനെക്കുറിച്ചുള്ള പതിവു വേവലാതിയാണ്. കെ.പി. മോഹനന്റെ മരണമേ പറന്നു വരിക എന്ന കവിത കൂടി മാറ്റി നിർത്തിയാൽ ബാക്കിയുള്ള ഒമ്പതെണ്ണവും വെറും പതിരാണ്. കവികൾ മറ്റുള്ളവരെ വായിക്കാനും കൂടി സമയം കണ്ടെത്തണം എന്നേ പറയാനുള്ളൂ.

ശാന്തം മാസിക ജൂലൈ ലക്കത്തിൽ ഏഴു കവിതകളുണ്ട്. ദേശമംഗലം രാമകൃഷ്‌ണന്റെ കുഞ്ഞു നക്ഷത്രത്തെ തേടുന്ന ശലഭങ്ങൾ എതിർ ദിശയിൽ സഞ്ചരിക്കുന്നവർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പാടുന്നു. നാമതിലേക്കും അതു നമ്മിലേക്കും നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണല്ലോ! നന്ദി ദേശമംഗലം രാമകൃഷ്‌ണൻ. പി.കെ. ഗോപിയുടെ കാവ്യാശ്രമത്തിന്റെ കവാടം എന്ന കവിതയും പ്രൗഡ മനോഹരമാണ്. കെടാവിളക്കുകളുടെ നിത്യ ശോഭയിലേക്ക് പരിവർത്തനം ചെയ്യാതെ ഒരാൾക്ക് ബുദ്ധഗൃഹത്തിലേക്ക് പ്രവേശനമില്ല എന്നു തുടങ്ങുന്ന കവിത ധ്വനിസാന്ദ്രമാണ്. കവിത എസ്.കെ.വിഷ്‌ണുനാരായണൻ നമ്പൂതിരിക്ക് സമർപ്പിച്ച വൈകാതെ എന്ന കാവ്യാർച്ചന ഉചിതകോമളപദാവലി കൊണ്ട് സമ്പന്നമാണ്. ‘അത്രമേലാർദ്രമായി നിന്നിലാവാഹിപ്പൂ കവിതയിതിത്രമേൽ വർണശോഭിതമാർന്നതെങ്ങനെ’ എന്നാണ് കവിതയുടെ ആശ്ചര്യം. കവിതയെന്ന നിത്യ നിർമലപുഷ്‌പത്തിന്റെ ആരാധകന് സാഷ്ടാംഗ പ്രണാമം.കാർത്തിക് കെ. എഴുതിയ ചില ആൺമയിലുകൾ പീലി കൊഴിച്ചിടാറുണ്ട് എന്ന കവിതയിൽ കവിതയുണ്ട്. കാർത്തികിൽ നിന്ന് നമുക്ക് കൂടുതൽ പ്രതീക്ഷിക്കാം.

സൈബർ വാരഫലം

സൈബർ ലോകത്ത്  ദിനംപ്രതി ഒട്ടേറെ മികച്ച കവിതകൾ പിറവിയെടുക്കുന്നുണ്ട്. പക്ഷേ മികച്ചവയേക്കാളൊക്കെ വളരെ ഏറെയാണ് പൊട്ടക്കവിതകളുടെ പ്രവാഹം. അതുകൊണ്ടു തന്നെ അവയിൽ നിന്ന് നല്ല കവിതകൾ കണ്ടെത്തുക മിക്കപ്പോഴും അസാധ്യമാണ്. എങ്കിലും പി.പി. രാമചന്ദ്രൻ, പവിത്രൻ തീക്കുനി, വി. ജയദേവ് , വി.ടി ജയദേവൻ തുടങ്ങി ഒട്ടേറെ കവികൾ കവിതകളിൽ നിരന്തര പരീക്ഷണങ്ങളുമായി സൈബർ ലോകത്തുണ്ട് എന്നത് ആശാവഹമാണ്.

ഇ. ഷീ. ക യിൽ ലബീബ് ഹുസൈൻ എഴുതിയ മഴയോളം കുറേക്കൂടി നന്നാക്കാമായിരുന്ന ഒരു രചനയാണ്. നാമ്പു തളിരിട്ടിടം കാവാവും, ചാലുകൾ കാട്ടാറുകളാവും, പുഴയും ഞാനും നീയും കണ്ണുനീരുപ്പു പോലെ ഒരുമിച്ചലിയും, പിന്നെ കടലാവും എന്നീ അവസാന വരികളിലേക്ക് ആദ്യമുള്ളവ പിന്നീട് എഴുതിച്ചേർത്തതു പോലെയൊരു ചേരായ്‌മ കവിതയിലുണ്ട്. എങ്കിലും ലബീബിന് നല്ല കവിതകൾ ഇനിയുമെഴുതാനാവും. ശിവപ്രസാദ് പാലോടിന്റെ ബസ് റൂട്ട് നിലവാരം പുലർത്തിയില്ല. കവിത പ്രസ്‌താവനയോ ധർമബോധനമോ ആകേണ്ടതില്ലല്ലോ.

ഉറവ ജൂലൈ ലക്കത്തിൽ റെജി മലയാലപ്പുഴയുടെ തണുപ്പ് വായിച്ചപ്പോൾ അധികം വന്ന രണ്ടു വരി ഒഴിവാക്കിയിരുന്നെങ്കിൽ എന്നു തോന്നി. പൂക്കുന്നതിനിടയിൽ മൊട്ടു ചോദിച്ചു. എന്താണിത്ര തണുപ്പ്? ചെടി പറഞ്ഞു മരണത്തിന്റെ തലോടലാണ്… ഗഹനമായ കവിതയിൽ വാക്കുകളുടെ അമിതോപയോഗം ബോധപൂർവം തടയേണ്ടതുണ്ട്. മായാബാലകൃഷ്‌ണൻ എഴുതിയ ഉടയോൻ മനോഹര പദങ്ങളാൽ സമ്പന്നമാണ്. പരമ്പരാഗത കാവ്യശൈലിയാണ് മായ പിന്തുടരുന്നത്. കേഴുക കനിവില്ലാതൊരു നാളുമിനിയീ ജീവൽ പ്രകൃതിയെ നുളളി നോവിച്ചിടാൻ വരികില്ല മക്കളെന്നു കേണു മാപ്പിരക്കുക എന്നാണ് കവിയുടെ അപേക്ഷ. നല്ല കവിത. മായക്ക് അഭിവാദ്യങ്ങൾ.ശാന്തി പാട്ടത്തിൽ എഴുതിയ സ്‌നേഹ ബാക്കി വാക്കുകൾക്ക് സാധ്യമല്ലാത്ത വിധം വികാരങ്ങളെ സംവേദനം ചെയ്യുന്ന കവിതയാണ്. എന്തൊക്കെയോ ബാക്കിയാവുകയും ജീവിതം തീർന്നു പോവുകയും ചെയ്യുന്നു എന്ന് കവിക്ക് ബോധ്യമുണ്ട്. വയ്യ നിന്നെയിനി സ്‌നേഹിക്കുവാൻ, വയ്യ എന്നെയെനിക്കു സ്‌നേഹിക്കുവാൻ എന്നാണ് കവിത തീരുന്നത്. ശാന്തിക്ക് അഭിവാദ്യങ്ങൾ. സലാഹുദ്ദീൻ പാലങ്ങാടിന്റെ ഉമ്മരുചി കവിതയിലേക്കെത്താൻ  ഇനിയുമേറെ  ദൂരം നടക്കണം. രാജു കാഞ്ഞിരങ്ങാടിന്റെ ഒറ്റ് വാക്കുകൾ കൊണ്ടുള്ള കസർത്ത് മാത്രമാണ്. സുമോദ് പരുമലയുടെ കടൽ കുറുക്കിയെഴുതിയപ്പോഴാണ് പരന്നു തുടങ്ങിയത് എന്നാണ് തുടങ്ങുന്നത്. പടർന്ന് പരന്ന് ഒടുവിൽ കടലിലൊളിക്കുന്നു. കടലുകൾക്ക് എല്ലാമറിയാമല്ലോ.. നല്ല കവിത. പക്ഷേ കുറുക്കിയെഴുതാമായിരുന്നു. കവിതയിൽ അധികമായി എഴുതുന്ന ഓരോ വാക്കും ധൂർത്താണ്. നസീറ നൗഷാദ് എഴുതിയ വേനലവധീടെ ആത്‌മഹത്യ കവിതയുടെ പുതുമക്കുള്ള ഉദാഹരണമാണ്. പുതിയ തലമുറ വേനലവധിയേയും നാട്ടുമാവിനേയും ഒരേ ചിതയിൽ ദഹിപ്പിച്ചു എന്നാണ് നസീറ കവിത അവസാനിപ്പിക്കുന്നത്.

 മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account