ഭാവിയിലേക്ക് നടക്കാൻ മനുഷ്യനെ പ്രാപ്‌തനാക്കുക എന്നതാണ് സാഹിത്യാദി കലകളുടെ ധർമം. പക്ഷേ ഇപ്പോൾ നാം ഭൂതകാലത്തിൽ അഭിമാനിക്കുകയും വർത്തമാനത്തിൽ അഭിരമിക്കുകയും ചെയ്യുന്ന എഴുത്തു കാലത്തെയാണ് അഭിമുഖീകരിക്കുന്നത്. വർത്തമാനത്തെ അപഗ്രഥിക്കുകയും ബദലുകൾ നിർദ്ദേശിക്കുകയും ചെയ്യുക എന്ന ദൗത്യം കവിത തന്ത്രപരമായി ഒഴിവാക്കുന്നു. പകരം ഭൂതകാലത്തിന്റെ നീക്കിയിരിപ്പുകളിൽ ഊറ്റം കൊള്ളുകയും അയഥാർഥമായ മൂല്യങ്ങളെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. പരിചിത മൂല്യങ്ങളെ പോഷിപ്പിക്കലല്ല, പുതിയ മൂല്യ ശാസ്‌ത്രം നിർമ്മിക്കലാണ് കവി ചെയ്യേണ്ടത് എന്ന കാര്യം എന്തു കൊണ്ടോ നാം കണ്ടില്ലെന്നു നടിക്കുന്നു. ഗ്രഹാന്തര യാത്രകൾക്ക് തയ്യാറെടുക്കുന്ന ഒരു ലോകത്ത്  തീർച്ചയായും കാവ്യ മൂല്യങ്ങളും സീമന്തരേഖയിൽ നിന്നും ജാതകദോഷത്തിൽ നിന്നും മോചനം നേടേണ്ടതുണ്ട്. കാലത്തിനൊപ്പമല്ല, കാലത്തിനു മുമ്പേയാണ് കവി നടക്കേണ്ടത്. ബഹുജനത്തിന്റെ നീതിശാസ്‌ത്രമല്ല കവിയുടെ നീതിശാസ്‌ത്രം. തീർച്ചയായും പൊതുബോധത്തെ തൃപ്‌തിപ്പെടുത്തുകയോ സാമൂഹ്യ ചിട്ടവട്ടങ്ങളോട് സമരസപ്പെടുകയോ ചെയ്യേണ്ട ഉത്തരവാദിത്തവും കവിക്കില്ല.

വാരഫലം

മാതൃഭൂമിയിൽ (ജൂലൈ 21) രണ്ടു കവിതകളുണ്ട്. അനിത തമ്പിയുടെ സ്വസ്‌തിക അടയാളം പേരായി സ്വീകരിച്ചിരിക്കുന്ന കവിത സ്വസ്‌തികയെ പലതായി വായിക്കുന്നു. പാമ്പ്, കോണിപ്പടികൾ, നാലിതൾ പങ്ക, ഓട്ടക്കാരൻ, ഗ, ട എന്ന് കുത്തിമറിയുന്ന പിള്ളേർ എന്നിങ്ങനെ പല പലതായി. പക്ഷേ, അല്ല മറ്റൊന്നുമല്ല, എന്നിട്ടും ഓർത്തു പെട്ടെന്ന് പേടിച്ചു പോയി എന്ന് കവിത അവസാനിക്കുമ്പോൾ അതൊരു സ്‌ഫോടനാത്‌മക കവിതയാകുന്നു. പല അടയാളങ്ങളും നമ്മെ വല്ലാതെ പേടിപ്പിക്കുന്നുണ്ടല്ലോ! പി. എൻ ഗോപീകൃഷ്‌ണന്റെ അർഹതയും സംവരണവും രാജ്യത്തുണ്ടായേക്കാവുന്ന രാഷ്‌ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള പ്രവചനമാണ്. അച്ഛാ ഇവിടെ കിട്ടുന്ന പിസ്സ ഇറ്റലിയിലും കൂടെ കിട്ടില്ല, ശരിയാണ്, ബാംഗ്ലൂർ നമ്പർ വൺ നഗരമാണ്, കക്കൂസ് നിറയും വരെ എന്നിങ്ങനെ അതിസൂക്ഷ്‌മമായ കാവ്യ നിർമിതിയാണ് ഗോപീകൃഷ്‌ണന്റേത്. ഒരിക്കൽ ആ കൈകൾ ഗുരുത്വാകർഷണത്തിനെതിരെ ഉയരുകയും നമുക്കു നേരെ ചൂണ്ടപ്പെടുകയും ചെയ്യും.

മാധ്യമത്തിൽ നാലാണ് കവിതകൾ. എം.പി. പ്രതീഷിന്റെ മണ്ണും വെള്ളവും 14 കുഞ്ഞു കവിതകളുടെ കൂട്ടമാണ്. ചെറിയ വരികളിൽ വലിയ കവിത നിറച്ചു വക്കുന്നതിൽ പ്രതീഷ് കൃതഹസ്‌തനാണ്. ഭ്രമാത്‌മകതയും കാൽപനികതയുമുള്ള മനോഹരമായ കവിതകളാണിവ. വിട്ട കുടുക്കുകളുടലോടു ചേർത്തു തുന്നുന്നു, നൂലിനറ്റത്തൊരു കെട്ടിടുന്നു, അമ്മയുടെ മേലും വീടിന്റെ മേലും രാത്രിയാവുന്നു. ഉടുപ്പിനുള്ളിൽ ഞാൻ ഉറങ്ങാൻ കിടക്കുന്നു.. പക്ഷേ കവിത പ്രതീഷ് കൽപിക്കുന്ന ഒരു തലത്തിൽ മാത്രം  നിൽക്കുന്നതു പോലെയും തോന്നി. അപര വായനകൾക്കോ, അതി വായനകൾക്കോ ഉള്ള സാധ്യതകൾ കവിതയിലില്ല. അങ്ങനെ വരുമ്പോൾ ഇത്തരം രചനാരീതി എളുപ്പം മടുപ്പുളവാക്കാനിടയുണ്ട്. ഇ.എം. സൂരജയുടെ ആ രാത്രിയിപ്പോൾ എന്തു ചെയ്യും എന്നാണ് എന്ന കവിത രാത്രിയെ തനിച്ചാക്കി പോകേണ്ടി വന്നതിനെക്കുറിച്ചുള്ള സങ്കടക്കവിതയാണ്. ഒന്നുമില്ലായ്‌മയിൽ നിന്ന് ഒരു കവിതയുണ്ടായതാണ് സൂരജ എഴുതിയിട്ടുള്ളത്. ബിജു കാഞ്ഞങ്ങാടിന്റെ ഉരുളക്കിഴങ്ങ് തിന്നുന്നവർ പൊട്ടറ്റോ ഈറ്റേഴ്‌സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയതാണ് എന്ന് കവി പറയുന്നു. പക്ഷേ കവിത വാൻഗോഗിൽ നിന്ന് വളരെ ദൂരെയാണ്. അക്ബറിന്റെ നിന്നെക്കുറിച്ചുള്ള കവിതകൾ ഒരു നീണ്ട വാചകമേളയാണ്, അത്രേയുള്ളൂ.

കവിതകളുടെ തെരഞ്ഞെടുപ്പിൽ കുറ്റകരമായ അനാസ്ഥയാണ് കുറേ ലക്കങ്ങളായി മലയാളം വാരിക പുലർത്തുന്നത്. ജൂലൈ 22 ലക്കത്തിൽ ടി.വി. ശൂലപാണി എഴുതിയ അന്നത്തെ ദിവസം എന്ന സാധനത്തെ കവിത എന്നു വിളിച്ച പത്രാധിപർക്ക് അടിയന്തിരമായി കവിതയെന്തെന്ന് അറിയാവുന്ന ആരെങ്കിലും പറഞ്ഞു കൊടുക്കണം. സുനിൽ മാലൂർ എഴുതിയ പച്ച പച്ചയെന്ന് എന്ന കവിതയും പറഞ്ഞ് പഴകിയ അതേ പച്ചയെക്കുറിച്ചുള്ള പതം പറച്ചിലുകളാണ്. ആഴമശേഷമില്ലാത്ത വെർബൽ ഡയേറിയ.

ദേശാഭിമാനിയിലെ ( ജൂലൈ 21) രണ്ടു കവിതകളും വെറും പറച്ചിലുകളാണ്. മൂസ എരവത്ത് എഴുതിയ ചെന്നൈ ഒരു സ്ഥിതിവിവരണം എന്നതിനപ്പുറം എത്തുന്നില്ല. ഫിറോസ് തിരുവത്രയുടെ മരണാനന്തരമൊരാന വാർത്തകളിൽ നിന്ന് അടർത്തിയെടുത്തുണ്ടാക്കിയ പദ്യമാണ്. പൂരപ്പറമ്പുകളിലെ ആനയനുഭവങ്ങൾ നമ്മളൊരുപാട് പാടിയും കേട്ടും കഴിഞ്ഞതാണ്. ഇനിയത് ചൊടിക്കും, വല്ലാതെ.

കലാകൗമുദിയിൽ (ജൂലൈ 14-21) പി കെ ഗോപിയുടെ കർമപുരിയിലെ സൂചിയും നൂലും നല്ല താളത്തിൽ ചൊല്ലാവുന്ന പദ്യമാണ്. അതിനപ്പുറം കവിത മുന്നോട്ടു വക്കുന്നത് ഇപ്പോൾ എല്ലാം മോശമാണ് എന്ന പതിവു പായാരം തന്നെയാണ്. നാടകാന്ത്യം നാരദാത്മം, നേരറിയാപ്പാപസാക്ഷ്യം, നീറുമോരോ കർമ ഭാരം,  സൂചി നൂലിൽ ധർമസൂക്ഷ്‌മം എന്നാണ് കവിത അവസാനിക്കുന്നത്. പ്രത്യേകിച്ചൊന്നും പറയാനില്ലാതാവുമ്പോൾ മൗനം പാലിക്കാനുള്ള ആർജവം ഗുരുസ്ഥാനീയർ കാണിക്കണം. നിങ്ങൾ പരിഹാസ്യരാവുന്നത് വലിയ സങ്കടമാണ്. ഉമ്മന്നൂർ ഗോപാലകൃഷ്‌ണൻ എഴുതിയ നിശാസുന്ദരിയെക്കുറിച്ചും കൂടുതലൊന്നും പറയേണ്ടതില്ല. പിന്നെയുമുണ്ട് പത്തു കവിതകൾ. എന്തുമെഴുതാമെന്നും എങ്ങനെയുമെഴുതാമെന്നും ധരിച്ചു വശായിട്ടുള്ള ഒരു കൂട്ടം സ്വയം പ്രഖ്യാപിത കവികളാണ് ഇവ എഴുതിയിട്ടുള്ളത്. തങ്ങളെഴുതിയതല്ലാതെ ഒന്നും വായിക്കാത്തവരാവണം ഈ കവിശ്രേഷ്ഠരൊക്കെയും.

ജനശക്‌തി ജൂലൈ 15 ലക്കത്തിൽ എം.പി. ജയപ്രകാശ് എഴുതിയ ഇരുളിന്റെ നാനാർഥങ്ങൾ വെളിച്ചമല്ല ഇരുട്ടാണ് ശാശ്വതം എന്ന നിലപാടു പുലർത്തുന്ന കവിതയാണ്. വെളിച്ചം കോരിയൊഴിച്ചാൽ ഇരുട്ട് അണഞ്ഞു പോകുമെന്നാണോ നിങ്ങൾ കരുതുന്നത് എന്നാണ് കവിയുടെ ചോദ്യം. അജിത്രിയുടെ ഉഷ്‌ണമൃഗം എന്ന കവിതയും മികച്ചതാണ് . ഇല്ലാത്തതെല്ലാം വേരോടെ പൊട്ടി മുളച്ച് പൂത്ത് കായ്ച്ച് കണ്ണു കുളിർപ്പിക്കുന്ന ഭാവനയാണ് വേണ്ടത് എന്നാണ് കവി ആഹ്വാനം ചെയ്യുന്നത്. എന്റെ ദൈവത്തോടുള്ള പ്രാർഥനയിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. തിരുജടയിൽ മറ്റൊരു പെണ്ണ്, വിജയത്തിന്റെ പിന്നിലെ നാരീ വിജയം എന്നിങ്ങനെ കവിത വിമർശനമാകുന്നു.

എഴുത്ത് (ജൂലൈ 2019) മാസികയിൽ സുറാബ് എഴുതിയ ക്ലോക്ക് എന്ന കവിത പല വേഗത്തിലോടുന്ന ക്ലോക്കിലെ സൂചികൾ ഒരേ വേഗത്തിലോടിയാൽ ക്ലോക്കിനെന്തെങ്കിലും സംഭവിക്കുമോ എന്ന സംശയമുന്നയിക്കുന്നു. പല വേഗങ്ങളിലാണല്ലോ പ്രപഞ്ചത്തിന്റെ നിലനിൽപ് എന്ന് കവി ഓർമിപ്പിക്കുന്നു. ലൂയിസ് പീറ്റർ എഴുതിയ അത്തിമരം, വിചാരണ എന്നീ കവിതകൾ ചെറുതിന്റെ മൂർച്ച വ്യക്‌തമാക്കുന്നു. തീവ്രമായ സംവേദനശേഷിയാണ് ഈ കവിതകളുടെ മുഖമുദ്ര. അജീഷ് ദാസന്റെ ആമസോൺ നിസ്സഹായതയുടെ ഹാസ്യമാണ്. ചില കുരുക്കുകളിൽ പെട്ടു പോയാൽ പിന്നെങ്ങനെ രക്ഷപ്പെടാനാണ്. അപ്പോഴാണ് കവി ഇങ്ങനെ പറയുന്നത്, രാത്രി പെരപ്പുറത്തോട്ടൊരു തേങ്ങ വീണു. ഞെട്ടി ഞാനലറി, മിണ്ടല്ലേ… രാജൻ സി.എച്ചിന്റെ ഒറ്റച്ചിലമ്പ് ക്ലീഷേയാണെങ്കിലും നല്ല വാക്കുകൾ കൊണ്ടു സമ്പന്നമാണ്. പ്രേം കൃഷ്‌ണ എഴുതിയ നില, ഒരാൾ എന്നിവയും സുന്ദരമായ ചെറുകവിതകളാണ്. നാലോ അഞ്ചോ വരികളിൽ കവിതയെ കുറുക്കിക്കെട്ടുക അത്ര എളുപ്പമല്ലല്ലോ. അവർ അവരുടെ വഴികളിലെന്നും ധിക്കാരികളായി നടന്നു എന്നും കാറ്റിനെ കാറ്റിൽ നിന്നും വെടി വച്ചിടുന്നു എന്നും എഴുതുന്ന കവിയിൽ നിന്ന് തീർച്ചയായും കൂടുതൽ പ്രതീക്ഷിക്കുന്നു.

സൈബർ വാരഫലം

ഇഷീക യിൽ സന്തോഷ് മലയാറ്റിൽ എഴുതിയ മഴ അമ്മയോടു മിണ്ടുമ്പോൾ ഏതോ മഴയത്തു നിന്ന് വന്ന് മറ്റൊരു മഴയിലേക്ക് ഇറങ്ങിപ്പോകുന്ന മകനെക്കുറിച്ച് വേവലാതിപ്പെടുന്നു. നല്ല ഭാഷയാണ് സന്തോഷിന്റെ സമ്പത്ത്. അജിത് പ്രസാദ് ഉമയനല്ലൂരിന്റെ വിൽക്കുവാനുണ്ട് എന്ന കവിതയും പുതുമയുള്ളതാണ്. എല്ലാം വിൽപനക്ക് വക്കാൻ ഉചിതമായ സ്ഥലങ്ങളുണ്ട്. പ്രണയത്തെ മൃഗീയതയുടെ ഫോസിലുകളിൽ നിക്ഷേപിക്കാം. അവരവിടെ പ്രതീക്ഷകൾ കൈമാറട്ടെ എന്നാണ് കവിയുടെ തീരുമാനം. നല്ല കവിതകളാണ് ഇഷീക യിൽ വരുന്നവയെല്ലാം. നല്ല ശ്രമങ്ങൾക്ക് ഭാവുകങ്ങൾ.

 മനോജ് വീട്ടിക്കാട്

1 Comment
  1. ഇന്ദു 12 months ago

    അതെ.. ഏത് നേരവുമുള്ള ഭൂതകാല പായ്യാരം പറച്ചിലുകൾ നിർത്തി ദീർഘദൂര കാഴ്ചപ്പാടുകളും ധനാത്മക വീക്ഷണങ്ങളും കവികളെന്ന സ്വയംപ്രഖ്യാപിതർ ഇത്തിരിയെങ്കിലും നടത്തിയാൽ ഇവരെ സഹിക്കും പാവം വായനക്കാർക്ക് സമയനഷ്ടമുണ്ടാകില്ല. ആ നല്ല വിചാരമെങ്കിലും പുലർത്തണം..
    നന്ദി മനോജ് വീട്ടിക്കാട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account