സാരള്യങ്ങളിലുമുണ്ട്  സമുദ്രത്തിൻ്റെ ഉൾക്കയങ്ങൾ

മഹത്തരമായ ജീവിതാഖ്യാനം മാത്രമല്ലിന്ന് കവിത, സരളമായ ജീവിത ചിത്രങ്ങൾ കൂടിയാണത്. ആ സാരള്യത്തിലുമുണ്ട് ജീവിത സമുദ്രത്തിൻ്റെ ഉൾക്കയങ്ങൾ. പൊട്ടിപ്പുലരുന്ന ശുഭകാമനകൾ, പൊട്ടിയൊലിക്കുന്ന വ്യഥജീവിതങ്ങൾ, സത്യത്തിലേയ്ക്ക് സഞ്ചരിക്കുന്ന തത്ത്വവിചാരങ്ങൾ. ഓരോ മഞ്ഞുതുള്ളിയിലും കടലിൻ്റെ രസ വിന്യാസങ്ങൾ ഉള്ളതുപോലെ ഓരോ ലളിത ദൃശ്യങ്ങളിലുമുണ്ട് മഹാഖ്യാനത്തെ വെല്ലുന്ന ജീവിത ദർശനങ്ങൾ.വൈകാരിക കാമനകൾ മാത്രമല്ല ബൗദ്ധിക ഭാവനകൾ കൂടിയാണ് ഇന്ന് കവിത.

മലയാളത്തിലെ പുതുകവികളിൽ ബൗദ്ധിക ഭാവനയാണ് പി.എൻ ഗോപീകൃഷ്ണൻ്റേത്. കാല്പനികതയെ അകറ്റി നിർത്തി ഗോപീകൃഷ്‌ണൻ വായനക്കാരുടെ  തലച്ചോറിലേയ്ക്കാണ് കനൽക്കോരി നിറയ്ക്കുന്നത്. ചിലപ്പോൾ വാക്കിൻ്റെ കോളിളക്കങ്ങൾ ഉണ്ടാക്കുന്നു. വേറെ ചിലപ്പോൾ കൊടുങ്കാറ്റ്. ഗോപീകൃഷ്‌ണൻ്റെ ശലഭവും നമ്മളും (മാതൃഭൂമി ആഴ്ച്ചപതിപ്പ് 2020 ഒക്ടോബർ 18-24) നമ്മുടെ ചിന്താ ലോകത്തെ ഉഴുതു മറിക്കുന്നുണ്ട്. നേച്ചറും കൾച്ചറും തമ്മിലുള്ള സംഘർഷത്തെ രാഷ്ട്രീയമായ ഒരു ഉള്ളsക്കത്തോടെ ആവിഷ്‌കരിക്കുകയാണ് കവിത. നേച്ചറും കൾച്ചറും തമ്മിലുള്ള സംഘർഷം  ലൈഫ് വേൾഡും സിസ്റ്റവും തമ്മിലുള്ള സംഘർഷം കൂടിയാണ്. ഹെബർമാസ് ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. ആധുനികതയുടെ അനുഭൂതി  മണ്ഡലത്തെ നിരാകരിക്കുന്നതാണിത്.
പെട്ടെന്ന്
ഒരു ശലഭം
വായുവിൽ എന്തോ എഴുതി
അതോ മായ്ച്ചോ?

എഴുതൽ തന്നെ
അതിൻ്റെ മായ്ക്കൽ
മായ്ക്കൽ തന്നെ
എഴുതൽ
യഥാർത്ഥത്തിൽ ശലഭം എഴുതുന്നില്ല മായ്ക്കുന്നുമില്ല. ജൈവ ജീവിതത്തിൻ്റെ ഉൺമയെ മനുഷ്യ ജീവിതസംസ്‌കാരം അടയാളപ്പെടുത്തുന്നതു മാത്രമാണ് എഴുതലും മായ്ക്കലും. ഒരറ്റത്ത് മനഷ്യരും മറ്റേ അറ്റത്ത് മനുഷ്യരും മാത്രമുള്ള ലോകമാണ് മനുഷ്യരുടേത്. അവർക്ക് ജൈവ ജീവിതത്തിൻ്റെ ആഹ്ലാദമില്ല സാംസ്‌കാരിക ജീവിതത്തിൻ്റെ കെട്ടുകാഴ്‌ചകൾ മാത്രമേയുള്ളൂ. അതു കൊണ്ട്

വസന്തത്തെക്കുറിച്ച്
മൂന്നാംകിട പാട്ടെഴുതി
പക്കമേളങ്ങളോടെ പാടുന്നു.
അല്ലെങ്കിൽ
ഒരു മൂന്നാംകിട സിദ്ധാന്തത്തിൽ
ഞെളിയാൻ
നമ്മെ
അനുവദിക്കുന്നു. അങ്ങനെ സിസ്റ്റം നിർമ്മിക്കുന്ന വ്യവസ്ഥാപിത ജീവിത ലോകമേ മനുഷ്യർക്കുള്ളൂ എന്നു വരുന്നു.

മനുഷ്യൻ്റെ ജീവനാണ്ടു കിടക്കുന്ന സാംസ്‌കാരികവലകളിൽ ഗോളടിക്കുക മനുഷ്യരുടെ സർഗാത്മകതയാകുന്നതാണ്. മോഹനകൃഷ്‌ണൻ കാലടിയുടെ പ്രീമിയർ ലീഗ് (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2020 ഒക്ടോബർ 18-24) സംഗീതം പോലെ ആഹ്ലാദകരമായ ഒരു ഫുട്ബോൾ അനുഭൂതിയെയാണ് കവി മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രാണവായു നിറഞ്ഞ ഭൂഗോളമേ
കാലുകൊണ്ടെഴുതുന്ന സംഗീതമേ
ആത്മഘോരവനത്തിൽ ഉരുൾപൊട്ടി –
യാർത്തലയ്ക്കുന്നൊരാരവഘോഷമേ, എന്ന് സർഗാത്മകതയുടെ നിറസാന്നിധ്യമായി കാൽ പന്തുകളി വിഭാവനം ചെയ്യപ്പെടുന്നു.

ജീവിത ചിത്രം പലപ്പോഴും യാത്രയുടെ രൂപകമായാണ് കടന്നുവരാറുള്ളത്.അങ്ങനെ ചരിത്രത്തെയും വർത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിച്ച് ജീവിതയാത്രയുടെ ഭാവനാ കാവ്യമാണ് എസ്.കലേഷിൻ്റെ കടൽ ലീല (മാതൃഭൂമി ആഴ്ച്ചപതിപ്പ് 2020 ഒക്ടോബർ 18-24) മകനോടൊപ്പം അതിരാവിലെ ധനുഷ് കോടി കാണാൻ പുറപ്പെടുകയാണ് ഒരച്ഛൻ.അവർ രണ്ടു പേരും കാഴ്ചകളുടെയും ജീവിത ദർശനങ്ങളുടെയും വഴികളിലൂടെ കടന്നുപോകുന്നു.ചെറിയൊരു കാഴ്ച്ചമതി കവിതക്ക് ദർശനങ്ങൾ പൊട്ടിച്ചിതറാൻ.

പയർ വള്ളി പുളഞ്ഞേറി പൂവിരിപ്പൂ
അതിൽ പൊട്ടിക്കിളിർക്കുന്നു കിളിപ്പറ്റങ്ങൾ
അവ പറന്നിരിക്കും മൈൽകുറ്റിമേൽ
സ്വയം കൊത്തി സ്വയം കൊത്തി വെടിപ്പാക്കുന്നു.
അതു കാണും നമ്മൾ വെറും വഴി പോക്കന്മാർ
ഒരു ശില്പമായതുങ്ങളെ മെനഞ്ഞെടുത്തു. ഈ ദൃശ്യം കവിതയിൽ പൊട്ടിക്കിളിർക്കുന്ന ജീവിത ദർശനം നോക്കൂ ” ഒരു നേരം കഴിഞ്ഞാലതു മറക്കും പലനേരം പിന്നിടേ, ഓർത്തെടുക്കും. അനശ്വരതേ, നിൻ്റെ രസസങ്കൽപ്പം മറച്ചാലുമുദിക്കുന്നു ചരിത്രപൂർവം”.
സരളതയിൽ നിന്ന് സമ്യക്കായ ഒരു ജീവിത ചിത്രം മെനഞ്ഞെടുക്കാൻ എസ്. കലേഷിനു കഴിയുന്നു എന്നതു തന്നെ കവിതയുടെ ജയം

വിരുദ്ധാംശങ്ങൾ സമ്മേളിച്ച ഒരു ഉൺമയാണ് ജീവിതം എന്ന പാഠം നൽകുന്നതാണ് ശിവകുമാർ അമ്പലപ്പുഴയുടെ പയർക്കിനാവുകൾ (2020 മാധ്യമം ആഴ്ച്ചപ്പതിപ്പ് ഒക്ടോബർ 19). പൂത്തതെല്ലാം കൊഴിക്കുവാൻ നോവിൻ്റെ ഉറുമ്പുകൾ വരും. പക്ഷേ ഒന്നുണ്ട് കത്തിയെരിയുന്ന ഗ്രീഷ്‌മത്തിനക്കരെ പൂക്കാലമുണ്ടെന്നതു പോലെ നോവു മാറി നവ്യമായ സാഫല്യത്തിൻ്റെ കാലം അധികം വൈകാതെ സമാഗതമാകും. വസന്തത്തിനു പിന്നാലെ വസൂരി രോഗമെന്നപോലെയും പുള്ളിമാനു പിന്നാലെ പുള്ളിപ്പുലിയെന്ന പോലെയും നാം കാണുന്ന, അറിയുന്ന ജീവിതത്തിൻ്റെ  എതിർ ദിശയിൽ മറ്റൊരു സത്യവും പാർക്കുന്നുണ്ടാവും.ഈയൊരു യാഥാർത്യം പ്രപഞ്ച സത്യത്തെ പോലെ തന്നെ മനുഷ്യസത്തയുമായിത്തീരുന്നു.

ദൈന്യതയിൽ തന്നെയാണ് കവിത അതിൻ്റെ യഥാർത്ഥ രക്തത്തെ കണ്ടെത്തുന്നത്. പക്ഷേ അത് ലഹരിപിടിപ്പിക്കുന്ന വേദനയല്ല. ദൈന്യതയുടെ മുദ്രാവാക്യവുമല്ല.നമ്മെ തപിപ്പിക്കുന്ന ഒരു കർഷക ചിത്രം മാത്രമാണത്. ബഷീർ മുളിവയൽ കർഷകനെ വരയ്ക്കുമ്പോൾ എന്ന കവിതയിൽ ( ദേശാഭിമാനി വാരിക 18 ഒക്ടോബർ 2020) തെളിഞ്ഞു വരുന്നത് ദൈന്യതയുടെ വേറൊരു ഇന്ത്യൻ ചിത്രമാണ്. ഇന്ന് കർഷകനെ വരയ്ക്കുമ്പോൾ പഴയ ചായങ്ങൾ പോരാതെ വരും, പഴയ തൂലിക ചലിക്കാതെ വരും അതുകൊണ്ട്

കർഷകനെ വരക്കുമ്പോൾ
കണ്ണുകൾക്കു പകരം
രണ്ടു തീപ്പന്തങ്ങൾ വരയ്ക്കണം
ജീവിക്കാൻ വേണ്ടി ഭൂമിയോടും
ഭരണകർത്താക്കളോടും
യുദ്ധം ചെയ്യേണ്ടി വരുന്നവർക്ക്
യോദ്ധാക്കളുടെ
ശരീരഭാഷ നൽകുന്നതായിരിക്കും നല്ലത്. ഇങ്ങനെ വർത്തമാനകാലത്തോട് സംസാരിക്കുന്നുണ്ട് ബഷീർ മുളിവയലിൻ്റെ കവിത

പ്രദീപ് രാമനാട്ടുകരയുടെ രണ്ടു കവിതകളുണ്ട് ഈ ആഴ്ച. ഒന്ന് ചതുരക്കിണർ (ദേശാഭിമാനി വാരിക 18 ഒക്ടോബർ 2020) രണ്ടാമത്തേത് ഉരുള ( 2020 മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബർ 19) ബാല്യകാലവും അമ്മയോർമ്മയും കൊണ്ട് കൈവിട്ടു പോയതിൻ്റെ ഹൃദയരേഖ വരയക്കുന്നുണ്ട് കവി.ഹാഥറസിനെ ആസ്പദമാക്കി ഇന്ത്യൻ ബാല്യത്തിൻ്റെ ദൈന്യതയുടെ വാങ്മയ ചിത്രമാണ് രൺജി പണിക്കരുടെ ഒക്ടോബർ 2 ഹാഥറസ് (2020 മാധ്യമം ആഴ്ച്ചപ്പതിപ്പ് ഒക്ടോബർ 19) കുതൂഹലങ്ങൾ പോലും നഷ്ടപ്പെട്ടതാണ് ഉത്തരേന്ത്യൻ പെൺബാല്യങ്ങൾ. കവിത ആവിഷ്ക്കരിക്കുന്നത് നോക്കൂ

ഉച്ചവെയിലത്ത് പൂം –
പാറ്റയെപോൽ
ചുറ്റിപ്പറന്നു കളിച്ചതല്ല
ചിറ്റു പാവാട
ഞൊറിഞ്ഞുകുത്തി –
ക്കുയിലൊച്ചയ്ക്കു
പിന്നാലെ പാഞ്ഞതല്ല.
കൊറ്റിനു തേടി നടന്നതാണ്
ഒപ്പമുണ്ടായിരു-
ന്നമ്മ ജ്യേഷ്ഠൻ
എന്നിങ്ങനെ ഒരു നഷ്‌ടബാല്യത്തിൻ്റെ ചിത്രം വരച്ച് അതിനേക്കാൾ കരൾ പിളരുന്ന മറ്റൊരു നഷ്ടത്തെ ആഖ്യാനം ചെയ്യുകയാണ് കവി. “നെഞ്ചത്തു തോക്കിൻ കുഴലമർത്തി കൊന്നുകുലം ചുടുമെന്നു ധാർഷ്ട്യം” എന്ന് കവിത പറയുമ്പോൾ ഭരണകൂടം ബാല്യത്തെ നിരാലംബമാക്കുന്നതിൻ്റെ ഉൽകണ്ഠകളാണ് കവിതയിൽ മുഴങ്ങുന്നത്. ധ്വന്യാത്മകതയിൽ നിന്ന് വർത്തമാനത്തോട് സംവദിക്കലും കവിതയുടെ കർമ്മമാണെന്ന് ഇന്ന് കവികൾ മനസ്സിലാക്കുന്നുണ്ട്. നാളെത്തേയ്ക്കു മാറ്റി മെയ്ക്കേണ്ടതുമാത്രമല്ല കവിത ഇന്നുള്ള ഇടപെടൽ കൂടിയാണ്.

മാധവൻ പുറച്ചേരിയുടെ പരോൾ (2020 മാധ്യമം ആഴ്ച്ചപ്പതിപ്പ് ഒക്ടോബർ 19 )അധികാര ധൂർത്തൻമാരായ ദേവൻമാർ പരോളിൽ വിട്ട കരുണയുടെ അസുര സാന്നിധ്യത്തെ വീണ്ടും കാണിച്ചുതരുന്നു.  മാ- വേലി, വേലി അരുത് എന്നതായിരുന്നു യഥാർത്ഥത്തിൽ മാവേലിയുടെ സങ്കല്പം. അങ്ങനെ സങ്കല്പിച്ചതിനാലാവണം അദ്ദേഹത്തെ പാതാള ജയിലിലടച്ചത്. ഇപ്പോൾ ഒറ്റ ദിവസത്തെ പരോളിന് ഇറങ്ങുന്നുണ്ട് ആ നന്മ. അതിനു നന്ദി പറയാം നമുക്ക്.കരുണ തടവിലാവുകയും അധികാരത്തിൻ്റെ ഉൻമത്തലോകം നാടുവാഴുകയും ചെയ്യുന്ന വർത്തമാനത്തിൻ്റെ ചിത്രം കൂടി ഇവിടെ തെളിയുന്നു. അധികാരം സാധാരണ മനുഷ്യർക്കു നൽകുന്ന ചില പരിശീലനങ്ങൾ കൂടിയുണ്ട്. കാലടി നോക്കി നോക്കി പിന്തുടരാൻ മാത്രം നടക്കാൻ പഠിക്കണം, തലകുനിച്ചു നിന്നതിനാലാണ് ഇത്രയെങ്കിലും ദയ കിട്ടുക, നാടുവാഴേണ്ടത് ആരാണെന്ന്, നിസ്വർ പാത്തും പതുങ്ങിയും കഴിഞ്ഞോളണമെന്ന് എന്നിങ്ങനെ എല്ലാ അധികാര രൂപങ്ങളും വിധേയത്വത്തെ മാത്രമേ പരിശീലിപ്പിക്കുന്നുള്ളൂ.

ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള മാന്ത്രിക വിദ്യകളാണ് വാട്‌സാപും ഗൂഗിളും അനേകം സെർച്ചെഞ്ചിനുകളും. തിരിച്ചുപിടിക്കലിൻ്റെ പ്രതീതിയെയുള്ളൂവെങ്കിലും തിരിച്ചെത്തിയതിൻ്റെ ആഹ്ലാദമുണ്ടിന്ന്. ഇങ്ങനെ ഫ്രെയിമിൽ ഒരു കാലത്ത് ഒതുങ്ങാതെ പോയ മനുഷ്യരെ ആവിഷ്കരിക്കുകയാണ് പ്രസന്ന കെ.വർമ്മ ഫ്രെയിമിൽ നിന്നും പുറത്തു പോയവർ എന്ന കവിതയിൽ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 19). കാണാതായ മുത്തമ്മാവൻ വാട്‌സാപിൻ്റെ കുണ്ടനിടവഴിയിലൂടെ, സെർച്ചെഞ്ചിനുകളുടെ വിശാല മൈതാനത്തിലൂടെ തിരിച്ചു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനി വരുന്ന താളുകളിൽ
മുത്തമ്മായിയും
പിറക്കാനിരിക്കുന്ന പെൺകുട്ടികളും
കാത്തിരിക്കുന്നു
ഞങ്ങളും.

ഇപ്പോൾ കവിതയുടെ ഫ്രെയിമും മാറി. പറയേണ്ടത് പറയേണ്ട ഫ്രെയിം മാത്രമേ കവിതയ്ക്കുമുള്ളൂ. മുന്നേ തയ്യാറാക്കിയ ഫ്രെയിമുകളിൽ നിന്ന് പുതുകവിത പുറത്തുചാടിയതിൻ്റെ ദൃഷ്ടാന്തം കൂടിയാണ് മുകളിലെ കവിതകൾ.

1 Comment
  1. യൂസഫ് നടുവണ്ണൂർ 6 months ago

    ഫ്രെയിമുകളിൽ നിന്നു പുറത്തുചാടുന്ന കവിതയും പിന്നാലെ ചാടുന്ന നിരീക്ഷണവും അസ്സലായി. ആശംസകൾ േദേേശൻ േപേരൂരിനും ജ്വലനത്തിനും

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account