മണ്ണുണ ചോരെ അഥവാ ഗോത്ര ഭാവന

പരിഷ്കൃതമായ മാനവസമൂഹം പൊതുവെ നേരിടുന്ന വലിയൊരു പ്രശ്നം അന്യവൽക്കരണത്തിൻ്റേതാണ്. തൊഴിലിൽ നിന്ന്, അറിവിൽ നിന്ന്, അങ്ങനെ ജീവിതത്തിൻ്റെ സമസ്ത വ്യവഹാര ലോകങ്ങളിൽ നിന്നും അകറ്റപ്പെട്ട് ആത്മനാശത്തിൻ്റെ വക്കിലൂടെ സഞ്ചരിക്കുന്നവരാണ് പരിഷ്കൃതരെന്നു കരുതുന്ന മനുഷ്യരാശി. ആത്മബോധത്തിൻ്റെ പ്രകാശനം സാധ്യമാവാത്ത അസംതൃപ്തമായ കാമനകളിലൂടെയാണവരുടെ  സഞ്ചാരം. സർഗാത്മകമെന്നു കരുതുന്ന എഴുത്തുകൾ പോലും ആത്മപ്രകാശനത്തിൽ നിന്നും എത്രയോ ദൂരം അകലെയാണ്.

ഇവിടെയാണ് കാട്ടുവാസികളുടെ ഭാവനാ ലോകത്തിൻ്റെ പ്രസക്തി. അന്യവൽകൃതമല്ലാത്ത ആവിഷ്ക്കാരത്തിൻ്റെ ചടുല ലോകത്താണ് അവർ ജീവിക്കുന്നത്. ചെടികൾ ,മരങ്ങൾ,മണ്ണ്, വെള്ളം, പുഴകൾ, നീരുറവകൾ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, മലകൾ, പറവകൾ,ചെറുജീവികൾ, വലിയ മൃഗങ്ങൾ, അവയുടെ ശബ്ദങ്ങൾ, നീരവമായ സ്വരഭേദങ്ങൾ എല്ലാം ഇണങ്ങിലയിച്ച ഭൂമിയുടെ ജൈവതാളങ്ങളിലാണ് അവരുടെ ഭ്രമണപഥം. അവിടെ തങ്ങളുടെ ഭാഷയിൽ  അവർ സ്വയം നിർമ്മിക്കുന്നു.  ഗോത്രഭാവനകൾ എന്ന് വായിക്കാൻ പാകത്തിൽ അത് ഒരു ബദൽ അനുഭൂതിയായി അത് മാറുന്നു. മുതുവാൻ ഭാഷയിൽ എഴുതിയ അശോകൻ മറയൂരിലൂടെയാണ് ഇത്തരമൊരു ആവിഷ്കാരം പുറംലോകം അറിയുന്നത്. പി.രാമൻ പത്രാധിപരായിരുന്ന തിളനിലമാസികയിലൂടെയാണ് അശോകൾ മറയൂർ മലയാളികളുടെ ശ്രദ്ധയിൽ എത്തുന്നത്.  അദ്ദേഹത്തിൻ്റെ പച്ചവ്ട് എന്ന കവിതാ സമാഹാരം ഈ ഗോത്രാനുഭവത്തെ തീ വ്രമായും സൗന്ദര്യാത്മകമായും ആവിഷ്ക്കരിച്ചു. അധിനിവേശ സംസ്കൃതി അവരുടെ സ്വത്വ സംസ്കാരങ്ങൾക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങളുടെ ആവിഷ്കാരങ്ങളാണ് ഗോത്ര കവിതകൾ. അതു കൊണ്ടുതന്നെ ഗോത്ര ജീവിതത്തിൻ്റെ സമരോത്സുകമായ പൊട്ടിച്ചിതറലുകളാണ് ഈ കവിതകൾ എന്നു കാണാൻ കഴിയും.

ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പി (2020 നവംബർ 9) ൽ പ്രസിദ്ധീകരിച്ച പന്ത്രണ്ട് ഗോത്ര കവികളുടെ പതിനാല് കവിതകളിലൂടെ അവരുടെ  ഭാഷയുടെയും ഭാവനയുടെയും സവിശേഷതകളെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

കൈയ്യേറ്റങ്ങൾക്ക്  വിധേയമായ കാടകത്തെക്കുറിച്ചു തന്നെയാണ് ഗോത്ര കവികൾക്ക് പറയാനുള്ളത്. പരിഷ്കാരം ചവിട്ടിക്കുഴച്ച സ്വത്വജീവിതത്തെയാകെ പങ്കിലമാക്കിയതിൻ്റെ പങ്കപ്പാടാണ് അവരുടെ കവിതകൾ.റാവുള, ഇരുള, മാവിലൻ , മലവേട്ടുവ, തുടങ്ങിയഭാഷയിൽ അവർ ഈ തീ വ്രാനുഭവത്തെ ആവിഷ്കരിക്കുന്നു.

സുകുമാരൻ ചാലിഗദ്ധ എഴുതുന്നതു നോക്കൂ.
നാന്നിനി ഈ പൂവെമലെയേയ്
ആവത്തിയായിര മംഗളച്ചാത്തൻ്റെ കത്തെല്ലു മുങ്കിനാന്നു മുഗാളെക്കുമലെയേയ്
പരുന്തുവ പെറ്റിട്ട മറിവ ബുളാന്നാണ
കൊമ്പുനെ നാന്നിനി മലെയേയ്
ആനെബാല്ലു ചുല്ലിലി കാടകമോഗിൻ്റ
ബാലാട്ടി പുള്ളുക്കു ചിറാകു കാണി(പുള്ളു റാങ്കിന്നായോ) മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയാൽ ഇങ്ങനെയിരിക്കും.

ഇനിമുതൽ ഞാനീ പുഴകളിൽ പോകില്ല
ആഴങ്ങളായിരം സൂര്യൻ്റെ കിരണങ്ങൾ
മുങ്ങി ഞാൻ തെളിനീരിൽ മേപ്പോട്ടു നോക്കില്ല
പരുന്തുകൾ പെറ്റിട്ട കുഞ്ഞുങ്ങൾ
കളിയാടിയകൊമ്പുകൾ ഞാനിനി കാണില്ല
ആനവാൽ ചൂലിനാൽ കടകം മെഴുകുന്ന
വാലാട്ടി പ്പക്ഷിക്കും ചിറകില്ലാ……
ഇത് ഒരു നഷ്ടത്തിൻ്റെ വേദന തന്നെയാണ്.

ഗോത്ര ജീവിതത്തിൻ്റെ പ്രതിരോധമാണ് ഇരുളാ ഭാഷയിൽ പി.ശിവലിംഗൻ കത്താരി എന്ന കവിതയിലൂടെ ആവിഷ്ക്കരിക്കുന്നത്. ഒറ്റമുളങ്കോൽ നാലായി പിളർന്ന് നിർമ്മിക്കുന്ന കത്താരി അദ്ധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള ത്രികോണമല്ല. ഇരയെ വേട്ടയാടാൻ വേണ്ടിയുള്ള ആയുധമാണ്. ആ കത്താരി തങ്ങളുടെ പ്രതിരോധം കൂടിയാണെന്ന് കവി മനസ്സിലാക്കുന്നു.

എലിപിടിപ്പ്
കോഴിപിടിപ്പ്. മാത്രമല്ല തങ്ങളുടെ ആവാസവ്യവസ്ഥയെ മലിനമാക്കുന്ന അധിനിവേശത്തെയും പിടിക്കാനുള്ള പ്രതിരോധ ആയുധമാകുന്നു അവർക്ക് കത്താരി.

അധിനിവേശം കാടകത്തിൻ്റെ ഭാഷയിൽ കൂടിയുണ്ടെന്ന്  മലവേട്ട് വൻമലയെറങ്ങിയപ്പോൾ എന്ന രമ്യയുടെ കവിത നമ്മെ ബോധ്യപ്പെടുത്തുന്നു. മലവേട്ടുവൻ ഭാഷയിലെഴുതപ്പെട്ട  കവിതയിൽ ആധുനികമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഗോത്ര സംസ്കൃതിയെയും ഭാഷയെയുമെല്ലാം എങ്ങനെ തിരുത്തിയെഴുതുന്നു എന്ന് നാം മനസ്സിലാക്കുന്നു. നെറ്റ് വർക്ക്, ഇ മെയിൽ, വാടസാപ്പ് സ്റ്റാറ്റസ്, ടെസ്റ്റ് മെസേജ് ,വീഡിയോ കോൾ എന്നീ പദാവലികൾ ഈ കവിതയിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ നാടുതീണ്ടിയ സങ്കര സംസ്കൃതിയായി ഗോത്ര സംസ്കാരം പരിണമിച്ചതിൻ്റെ കൂടി ദൃഷ്ടാന്തമാണ് ഗോത്ര കവിതകൾ.

ഹൃദയഭേദകമായ ഒരു കാടനുഭവമാണ് മാവിലൻ തുളു ഭാഷയിൽ എഴുതപ്പെട്ട ധന്യ വേങ്ങച്ചേരിയുടെ ചണ്ടിച്ചുണ്ട. കാടിൻ്റെ കുത്തൊഴുക്കു കൊണ്ടുപോയ ഒരു മകൻ്റെ വേർപാടിൻ്റെ കണ്ണീരാണീ കവിത.

ചണ്ടിറ്റെ നിൻറിപ്പനക, പുണ്ട്ട്ട് ഒരെത്, നർക്ക് ക്ണ ബള്ളി കണക്കെഞ്ള്ക്ണ്ടേക് അത് (നനഞ്ഞ് നിൽക്കുമ്പോൾ പൂണ്ടിൽ ഉരഞ്ഞ് തേങ്ങുന്ന ചിളാമ്പിൻ്റെ വള്ളി പോലെ  വിതുമ്പുകയായിരുന്നു അവൾ). അവനെ ഒഴുക്കി കൊണ്ടുപോയ തോട്  അവനെ തട്ടിക്കൊണ്ടുപോയ മറ്റൊരമ്മയാണ്.ഇതാണ് ഗോത്രാനുഭൂതിയുടെ ഒരു സവിശേഷത.പ്രകൃതിയുടെ ക്രൂരതയെ പോലും സ്നേഹത്തിൻ്റെ അപരഭാഗമായിക്കാണുന്ന മനോഭാവം ഏതായാലും കാടിനു പുറത്തുള്ള പരിഷ്കാരികൾക്കില്ല. നഷ്ടങ്ങൾക്കു മുന്നിലും പ്രകൃതിയോടും പ്രതിഭാസംങ്ങളോടും സഹഭാവം പുലർത്തുന്ന നിഷ്കൽമഷമായ ഭാവനാ ചേതനയാണ് ഗോത്രാനുഭൂതി.

പണിയഭാഷയിൽ എഴുതപ്പെട്ട ശാന്തി പനക്കലിൻ്റെ ‘കോലുകൊമ്പു’ എത്ര മനോഹരമായാണ് കാടകത്തിൻ്റെ ജൈവ ജീവിതത്തെ വരച്ചിടുന്നത് എന്ന് നോക്കൂ.

കാട്ടിലൊരു കോലു കൊമ്പു
ഒടിഞ്ചു കിടക്കിഞ്ചോ
ചത്തണോ
അല്ല
ചീമ ഉളണോ?

കാട്ടിലൊരു വടി കണ്ടിട്ട് അതിന് ജീവനുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒടിഞ്ഞു കിടക്കുന്ന വടിയെ പോലും ജീവിയാക്കുന്ന സഹജഭാവം നമുക്ക് എവിടെ കാണാൻ കഴിയും?.ഇതാണ് ഗോത്ര സംസ്കൃതിയുടെ ജൈവ മണ്ഡലം. പരിഷ്കൃതരെ സംബന്ധിച്ച് മനുഷ്യർക്ക് പുറത്തുള്ള ഒരു ലോകമാണ് പ്രകൃതിയെങ്കിൽ, വള്ളിയും തളിർപ്പടർപ്പും വെള്ളവും മണ്ണും കിളിയും മനുഷ്യരും ചേർന്നതാണ് കാടകത്തിൻ്റെ ജീവവ്യവസ്ഥ. പടർന്നേറുന്ന വള്ളികളിൽ മനുഷ്യജീവിതത്തിൻ്റെ പടർച്ച തന്നെയാണ് കാണാൻ കഴിയുക. ശാന്തി പനയ്ക്കൻ്റെ മണ്ണുണ ചോരെ, മണ്ണും മനുഷ്യരും തമ്മിലുള്ള ജീവബന്ധത്തിൻ്റെ ചോര തുടിക്കുന്ന കവിതയാണ്.കവിതയുടെ മലയാള പരിഭാഷ ഇങ്ങനെ.

മരം ഉടുപ്പുമാറ്റുന്നതു കണ്ടിട്ടുണ്ടോ?
സദ്യ വിളമ്പാൻ
സാധനങ്ങൾ വാങ്ങുന്നത്
കണ്ടിട്ടുണ്ടോ? മരങ്ങളൊക്കെയും ഇവിടെ മനുഷ്യത്വം സ്വീകരിക്കുന്നു. മുഖ്യധാരാ മലയാള കവികൾ ആരോപിക്കുന്ന മാനുഷികഭാവ മല്ലിത്. അത് മനുഷ്യരായി ജീവിക്കുക തന്നെയാണ്.

അനുരാഗത്തിൻ്റെ തീവ്രവേദനയെ ആവിഷ്ക്കരിക്കുന്ന രണ്ടു കവിതകളാണ് പണിയഭാഷയിൽ എഴുതപ്പെട്ട സിന്ധു കോളിമലചുള്ളിയോടിൻ്റെ കുരുതിയും നുച്ചും. പുറംമേനിയായല്ല അടങ്ങാത്ത അക ക്കനലായാണ് പ്രണയം കടന്നു പോകുന്നത്. അത് സ്വയം സമർപ്പിക്കുന്ന കുരുതിയും വേവലുമാണ്.

വാക്കുകകൊണ്ടു എന്ന
നെഞ്ചിലിതറെപ്പിച്ചു നീ വരുത്തുത്ത മുറിവിലിന്തു
ചോരെവന്തു ചിലപ്പനാന്നു ചത്തണ്ടു പോയെൻ്റും  വരും
എൻ്റെലും പറെയെനാനു എന്നെകൊൻറയിനീയെൻ്റു – കുരുതി( വാക്കുകൾ /കൊണ്ടെൻ്റെ നെഞ്ചിൽ തൊടുത്തു നീ വരുത്തീ മുറിവിൽ നിന്നും  രക്തം വാർന്നു, ഒരു പക്ഷേ  ഞാൻ മരിച്ചു പോയേക്കാം എങ്കിലും… പറയില്ല ഞാൻ, എന്നെ കൊന്നത് നീയാണെന്ന്) പരസ്പരം പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ അല്ല സ്നേഹം ഒരു ആത്മാഹുതി തന്നെയാവുന്നു.

നുച്ചു തിൻ്റവരൊക്കപറെഞ്ചെരു
നുച്ചുക്കെന്തെയ് നിന്ന മണം – നുച്ച് (നുച്ചു തിന്ന വരൊക്കെ പറഞ്ഞു, നുച്ചിനെന്താ നിൻ്റെ മണം) നുച്ചിൽ വെന്തത്  തൻ്റെ ജീവിതം തന്നെയാണെന്ന് രുചിച്ചു നോക്കുന്നവർ അറിയുന്നില്ലല്ലോ?. യഥാർത്ഥത്തിൽ ഗോത്ര ജീവിതം ഈ നുച്ചിൻ്റെ വേവൽ തന്നെയാണ്.

മരത്തിൻ്റെ പിടച്ചിൽ മാത്രമല്ല മണ്ണിൻ്റെ കരച്ചിലും കേൾക്കുന്നതാണ് ഗോത്ര ജീവിതം.മണ്ണിനെ വെറും ചരക്കാക്കിക്കാണുന്ന മുഖ്യധാരാ ജീവിതത്തിന് ഈ അനുഭവങ്ങളൊക്കെയും അന്യമായിരിക്കും. മണ്ണ് ജീവനുള്ളതാണെന്നു പോലും അവർ കരുതുന്നില്ല. മലവേട്ടുവ ഭാഷയിൽ രാജി രാഘവൻ എഴുതിയ കാട്ണ തപ്പി (കാട് തേടി) എന്ന കവിത മണ്ണിനെ ജീവൻ്റെ ഉപ്പായല്ല മുറിവേറ്റ സഹജീവിയായാണ് കണക്കാക്കുന്നത് ” കാട് തേടി ഒരു കിളി പറന്നു, തൻ്റെ കൂടിരുന്ന ആ ഒറ്റുരം വേദനയോടെ കരയുന്നു, ശിഖരങ്ങൾ മുറിച്ചു മാറ്റിയിരിക്കുന്നു. അവയിൽ നിന്നും രക്തം വാർന്നൊഴുകുന്നു. മണ്ണിൽ തകർന്നു കിടക്കുന്ന കൂട്ടിൽ പ്രതീക്ഷകൾ ചിതറിക്കിടക്കുന്നു. കണ്ണടച്ച് തുറക്കും മുമ്പേ  കാട് തെളിഞ്ഞു. മരങ്ങൾ ആർത്തലച്ചു വീണു. കിളികൾ ദിക്കറിയാതെ പറന്നു, ജീവികൾ നാലുപാടും ചിതറിയോടി. ഇന്ന് കടിരുന്നയിടം പുല്ലു പോലും  മുളയ്ക്കാത്ത മണ്ണായി,  മഴ തഴുകാതെ,  മണ്ണ് ചുട്ടുപൊള്ളിക്കിടന്നു.  ഇന്ന് കാടില്ല, കാട് തേടി നാട്ടിൽ അലയുന്നു,  കരിഞ്ഞുണങ്ങിയ മണ്ണ് കരയുന്നത്, കാരണവർക്ക് കേൾക്കും, മണ്ണിൽ തൊട്ടു കിളച്ചവർക്ക് മണ്ണ് കരയുന്നതു കേൾക്കാം.

പരിഷ്കാരികൾക്ക് കാടു കാക്കുന്നവർ കാട്ടാള രാണ്. പുറത്താക്കപ്പെടുന്നവരോ കാട്ടുമക്കളും. യഥാർത്ഥത്തിൽ മണ്ണിലേയ്ക്കാഴ്ന്നിറങ്ങിയ ഓരോ താഴ് വേരും കറുത്ത മക്കളുടെ ഞരമ്പായിരുന്നു. സ്വന്തം ജീവനെ ആഴ്ത്തിയും പടർത്തിയും അവർ നിർമ്മിക്കുന്നതാണ് കാവുകൾ. പുറത്തു നിന്നെത്തുന്ന മാനവർ അത് അപഹരിക്കാനെത്തുന്നു.ഈ വേദനയും പ്രതിരോധവുമാണ് പ്രകാശൻ ചെന്തളം മലവേട്ടുവ ഭാഷയിൽ എഴുതിയ കാവ് എന്ന കവിത.

ഭൂമിയും മഴയും മരങ്ങളും ചേർന്നു നിൽക്കുന്ന ഹൃദ്യമായ ഒരു ജീവിതാനനുഭവത്തിൻ്റെ കവിതയാണ് അംബിക പി.വി എഴുതിയ ഒഞ്ചിക്കണ്ണ്. മാവിലൻ ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്. കാടും മലയും മുടിച്ച് വീമ്പു പറയുന്നതിനെ, നാടും നാട്ടാരെയും പറ്റിച്ച് നാടുഭരിക്കുന്നതിനെ പരിഹസിക്കുന്നതാണ്  ലിജിന കടുമേനി മലവേട്ടുവൻ ഭാഷയിൽ എഴുതിയ കാലത്ത്ണ്ടെ കയ്യ് എന്ന കവിത.

കാട് കട്ട്റ്റ് മലയിടിച്ച് റ്റ്
മേനി പറഞ്ച് ന്ത്
നാട്ണ ഒറ്റിമെനിച്ചന പറ്റിച്ച് റ്റ്
നാടങ്ക് വായ്ണ്.

ഇനിയും ഉണങ്ങാത്ത മുറിവുകളെക്കുറിച്ചാണ് സുരേഷ് എം മഞ്ഞളംബര എക്ക്പണിയെ ഇള്ളത് എന്ന കവിതയിൽ പറയുന്നത്.മാവിലൻ ഭാഷയിലാണ് കവിത. ധാരാളം ഓർമ്മപ്പെടുത്തലുകൾ കവി നടത്തുന്നു. വിശപ്പിനാലൊരന്നം എടുത്തവനെ തല്ലിക്കൊന്ന നാടാണിത്. രണ്ട് കയർത്തുമ്പത്ത് പെൺകുട്ടികളുടെ നിലവിളികളിന്നും നിന്നിട്ടില്ലാത്ത നാടാണിത്. ഒറ്റ വേരിലും മുളക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് കവിക്കുള്ളത്.

ഇങ്ങനെ കാടെന്ന സമാന്തര ലോകത്തിൻ്റെ കവിതകളാണ് ഗോത്ര കവിതകൾ. അത് അകമല്ലെന്നും ഒരു ജൈവലോകമാണെന്നും നമ്മൾ തിരിച്ചറിയപ്പെടണം. കാട്ടിലെ മരങ്ങൾ, പച്ചിലകൾ, മണ്ണ്, വെള്ളം, ജീവികൾ ഇങ്ങനെ ജൈവികതയുടെ ലോകമാണ് അവർക്ക് അനുഭൂതിയുടെ സ്ഥല രാശി. പരിഷ്കാരികൾ യന്ത്രങ്ങളിലും സാങ്കേതിക വിദ്യയിലും അഭിരമിക്കുമ്പോൾ ആത്മാഹ്ലാദ ശൂന്യമായ ജീവിതമാണ് അതെന്ന്  അറിയുന്നേയില്ല. പക്ഷേ ഗോത്ര ജീവിതം അന്യവൽക്കരണമില്ലാത്ത ആത്മപ്രകാശനത്തിൻ്റെ ജീവിതമാണ്. അത് അവരുടെ അധികാരവും ആഹ്ലാദവുമാണ്. അതവരുടെ സാഹിത്യവും കൂടിയാണ്.

1 Comment
  1. യൂസഫ് നടുവണ്ണൂർ 1 year ago

    ഗോത്രഭാഷയിൽ പൂക്കുന്ന കവിത.
    ദേവേശൻ പേരൂരിന്റെ നിരീക്ഷണങ്ങളും വിലയിരുത്തലും ഗംഭീരം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account