ഭാവനയിൽ ചിന്തിക്കുന്ന ഭാഷ

കവിത രൂപത്തിൻ്റെ മാത്രം ആവിഷ്കാരമല്ല. ഭാഷയുടേയും അർത്ഥത്തിൻ്റേയും ശബ്ദത്തിൻ്റേതുമാണത്. ഇത് ഒരു പുതിയ കാര്യമല്ല. ഒരു കുറിയ വരിക്കു കീഴേ മറ്റൊരു കുറിയ വരി എഴുതിച്ചേർത്തല്ല കവിത നിർമ്മിക്കുക എന്നത് നല്ല കവികൾക്കൊക്കെയുമറിയാം. അതുകൊണ്ടാണ് വൈലോപ്പിള്ളി വയസ്സനരയാൽ എന്നു പറയുന്നതിനു പകരം ജരoനരയാൽ എന്നും ചിങ്ങമാസത്തിലെ കാറ്റിലൊരില എന്നതിനു പകരം എൻ.വി.ആഗസ്റ്റ് കാറ്റിലൊരില എന്നും അശേഷം ഭവനങ്ങളിൽ എന്നതിനു പകരം കെ.എ ജയശീലൻ അശേഷാവസഥം എന്നും ഉപയോഗിക്കുന്നത്. ശബ്ദാർത്ഥസഹിതമായ ഈ സൗന്ദര്യ വിശേഷത്തെ ഏറ്റവും ശക്തമായി കവിതയിൽ ആവിഷ്കരിച്ച കവിതന്നെയാണ് കെ.എജയശീലൻ.

ദയയും ധിഷണയും ഇടകലരുന്ന ഉദാത്ത കവിതകളാണ് അദ്ദേഹത്തിൻ്റേത്. ആധുനികതയിൽ പിറന്ന് അർവാചീനമായ ആദിപ്രരൂപങ്ങളോളം പോയി ഉത്തരോത്തരം ഉത്തരാധുനികതയ്ക്കപ്പുറവുമെത്തി ആരാലും പിടിക്കപ്പെടാത്ത ആർക്കും പിടികൊടുക്കാത്ത ഒരെഴുത്ത് വിശേഷമാണ് അദ്ദേഹത്തിൻ്റേത്. കവിതയെ മറ്റൊരാളിലും കാണാത്ത വിധം  ബുദ്ധിയും ഭക്തിയും, സത്യവും സൗന്ദര്യവും, പ്രാചീനതയും ആധുനികതയും, കാല്പനികതയും റിയലിസവും വൈരുദ്ധ്യാത്മമായ കാവ്യസഞ്ചയമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിയുന്നു.

ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് (2020 നവംബർ 15) അദ്ദേഹത്തെ മറഞ്ഞിരിക്കുന്ന മഹാകവിയായി സങ്കല്പിക്കുന്നു. സജയ് കെ.വിയുടെ അഭിമുഖത്തൊടൊപ്പം ജയശീലനെ കവിതയിലൂടെ തിരിച്ചറിയാനായി അദ്ദേഹത്തിൻ്റെ നദീവൃത്തം എന്ന കവിത കൂടി കൊടുത്തിട്ടുണ്ട്

ഈജിപ്തിലെ അമ്മോൺ ദേവാലയത്തിലെ പുരോഹിതനായി സങ്കല്പിച്ച് ഭക്തിയെയും വിഭക്തിയെയും കുറിച്ചുള്ള ചിന്തനീയ കാവ്യമാണ് നദീവൃത്തം. ദേവാലയത്തിനു ചുറ്റുമുള്ള ഭക്തരുടെ ബഹളങ്ങൾ പുരോഹിത നിൽ വിശേഷിച്ച് കൗതുകമൊന്നും ജനിപ്പിക്കുന്നില്ല.” ഭക്തിയുടെ പുഴ ഒഴുകാൻ തുടങ്ങിയിട്ട് എത്രയുഗങ്ങളായി ” എന്ന നിസ്സാരത മാത്രമേ അദ്ദേഹത്തിൽ തങ്ങിനിൽക്കുന്നുള്ളൂ. അമ്മോൺ പോയാലും അലൗകികമായ ഭക്തി  ചിരകാലം നിലനിൽക്കുമെന്ന് കവി മനസ്സിലാക്കുന്നു. എല്ലാ വള്ളങ്ങളും പൊക്കുന്ന ഈ വെള്ളത്തിൻ്റെ വരവ് എവിടുന്നാണ് എന്ന വിസ്മയമുണ്ട് അദ്ദേഹത്തിന്. അതീവഗൂഹിതമായ ഏതോ ഗുഹാമുഖത്തിൽ നിന്നാണ് ഇതിൻ്റെ ആദിമ രീതികൾ വരുന്നത് എന്ന് ആശ്ചര്യം കൊള്ളുകയും ചെയ്യുന്നുണ്ട്.

ഇന്നത്തെ ലോകത്തിൽ ഒരു കണ്ണു മാത്രമായി സഞ്ചരിക്കുമ്പോഴും എവിടെയും ഭക്തിയുടെ അതിരേകം കവിദർശിക്കുന്നു. എത്രമാത്രം സീമിതമായ ലോകത്തിലാണ് മനുഷ്യർ കഴിയുന്നത് എന്ന മാഴ്കലാണ് കവിക്കുള്ളത്. വലിയ ദൈവങ്ങളെയല്ല ചെറിയ ദൈവങ്ങളെയും ചെറിയ മനുഷ്യരെയുമാണ് കവിക്കിഷ്ടം

ഹേ കൊച്ചു വിഗ്രഹമേ,
നീയൊന്നു മാറി തന്നാൽ
നീയിരിക്കുന്ന സ്ഥാനത്ത്
ഒരു ശൂന്യത ബാക്കി വെച്ചാൽ
അത് പ്രപഞ്ചത്തിലൊരു
പഴുതുണ്ടാക്കി
എന്നെ അപ്പുറത്തേക്ക്
കാണാൻ സഹായിക്കുമോ?
ചെറിയൊരു സുഷിരത്തിലൂടെ വലിയൊരു ജീവിതത്തെ വീക്ഷിച്ചെടുക്കാനുള്ള തിടുക്കം കവിക്കുണ്ട്.

ദുതിതങ്ങളെ, ആളുകൾ നേരിടുന്ന അരക്ഷിതാവസ്ഥകളെ വ്യത്യസ്തമായ ആഖ്യാന രീതിയിൽ ആവിഷ്ക്കരിക്കുകയാണ് മദൻ ബാബുവിൻ്റെ സീൻ മഹസ്സർ എന്ന കവിത (2020 മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 15) വഴിപ്പകുതിയിൽ ഉപേക്ഷിക്കപ്പെട്ട വലിഞ്ഞു പൊട്ടാറായ വള്ളിച്ചെരിപ്പായി, കഠാരത്തലപ്പിൽ നിന്ന് കുതറി മാറുമ്പോൾ തെറിച്ചു പോയ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പലചരക്ക് ബില്ലായി, അടിവാരത്തേക്കുള്ള അവസാന ബസ് ടിക്കറ്റായി, വെട്ടേറ്റു മുറിഞ്ഞ തുണി സഞ്ചിയിൽ നിന്നൂർന്ന റേഷനരിയായി അരക്ഷിതാവസ്ഥയും ഹിംസാത്മകതയും നമുക്കു മുമ്പിൽ ചിതറി വീഴ്ത്തുന്നുണ്ട് കവിത.
എല്ലാറ്റിലുമുണ്ട്
അടർന്നു പോയ
ജീവൻ്റെ ശിഷ്ടം
അടരാനാവാത്ത
ജീവിതത്തിൻ്റെ ഇഷ്ടം….!

കദന മലയാളത്തിൻ്റെ കവിത ചൊല്ലുകയാണ് എം.എസ്.ബനേഷ് മഴയാളം എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 16)യിൽ.നവംബർ 1ന് പാലക്കാട്ടു നിന്ന് നമ്പർ വൺ കേരളത്തിൻ്റെ കരച്ചിൽ അടയാളപ്പെടുത്തുകയാണ് കവി. മഴ തിമിർത്തു പെയ്യുമ്പോൾ അമർന്നു പോകുന്നുണ്ട് ഇരു കുരുന്നുകൾ ബലികൊടുത്തതിൽ സ്വരം, കൊടും വനത്തിലെ കറുത്ത ഭാഷയെ നിറയൊഴിച്ചപ്പോൾ മുഴക്കിയ നീരവം, ഒരു സമരത്തിൽ പടരുമഗ്നിതൻ പടഹധ്വനി മുഴക്കിയ ശബ്ദം. ഒപ്പം ചില ദൈന്യതകൾ മഴയിൽ കണ്ണീരായ് ഒലിച്ചിറങ്ങുന്നുമുണ്ട്.

നിയമ മഴയുടെ
അഴയിലിപ്പൊഴും
ചുവന്നൊലിക്കയാ
ണിരുഷിമ്മീസുകൾ.ഇങ്ങനെ ആഴത്തിൽ ദൈന്യത  ആഴ്ന്നു നിൽക്കുന്നുണ്ട് എം എസ് ബനേഷിൻ്റെ മഴയാളത്തിൽ.

അനുരാഗത്തിൽ മനുഷ്യർ മാംസഭുക്കുകളാണ്. മാംസാനുരാഗത്തിൻ്റെ ആ നൈരന്തര്യത്തെ മുറിച്ചുകടക്കുക അല്പം അസാധ്യമായ കാര്യവുമാണ്. അതു കൊണ്ടാവാം ധ്രുവമിഹ മാംസബദ്ധമല്ല രാഗം എന്ന് ആശാൻ പാടിയത്. ഇവിടെ ആർ.എൽ.ഹരിലാൽ ‘തോണിയാത്ര’ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 16) യിലൂടെ മാംസനിബദ്ധമല്ലാത്ത അനുരാഗത്തെ ചേതോഹരമായി അവതരിപ്പിക്കുന്നു.
തോണി പതിയെ കടവിലെത്തി
കയറാൻ അയാൾ കൈതന്നെങ്കിൽ
എന്നവൾ കൊതിച്ചു
തോണി ഉലഞ്ഞതിനാൽ അയാളതു ചെയ്തതുമില്ല.
ഇതു വെച്ചോളൂ
നാണയം നീട്ടി അവൾ പറഞ്ഞു
വേണ്ട, അയാൾ ചിരിച്ചു.
വാങ്ങൂ, എന്നെ ഓർക്കാൻ
അവൾ കരഞ്ഞു.
വിരൽത്തുമ്പു തൊടാതെ അയാളതു വാങ്ങി
പുഴക്കൊപ്പം കടന്നു പോയി.

ആത്മീയത മതമുക്തമായ ഒരു അനുഭവമാകുമ്പോൾ അത് ഏറ്റവും ആഹ്ലാദകരമായ അനുഭൂതിയായി മാറുന്നു. പലമത സാരവുമേകം എന്നത് ഒരു പ്രസ്താവനയോ പ്രഖ്യാപനമോ അല്ല, അത് ഒരനുഭവ ലോകമാണ്. ആചാരങ്ങളുടെ മലിനദേഹം വിട്ട ഒരു അലൗകികമായ അനുഭൂതി. പാട്ടിനും കുർബാനയ്ക്കും, യേശുദാസിൽ നിന്നും പി.ലീലയിൽ നിന്നും ഒഴുകി പരക്കുന്ന ഭക്തിഗാനത്തിനും ഇടയിൽ മധ്യവർത്തിയായി കിടക്കുമ്പോഴുള്ള അനുഭവത്തെ മതാത്മകമായ അളവുകോലുകൾ കൊണ്ട് അളന്നെടുക്കുക സാധ്യമല്ല. മധ്യേയിങ്ങനെയുള്ള ജീവിത നിലയെ ആവിഷ്ക്കരിക്കുന്നതിൽ (ഈ ജീവിതം. 2020 മാധ്യമം ആഴ്ചപ്പതിപ്പ് നവംബർ 16) ജയപ്രകാശ് എറവ് ഏറെ വിജയിക്കുന്നുണ്ട്.

വയലിൻ കമ്പികൾ തന്നെയാണ് അമ്മയ്ക്ക് കയ്പവള്ളികൾ. അതിൽ അമ്മയുടെ ജീവിതസംഗീതം മുഴുവനും ലയിപ്പിച്ച് തന്ത്രികൾ മീട്ടുകയാവും കന്നി എം തൻ്റെ കയ്പ വള്ളിക്കൊരു ആമുഖം എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 16) യിൽ. കർഷകരുടെ പേടിസ്വപ്നമായ വെട്ടുകിളിയെ കൊല്ലരുതെന്ന് അഭ്യർത്ഥിക്കുന്നു ഷീജ വക്കം (വെട്ടുകിളി, ദേശാഭിമാനി വാരിക 15 നവംബർ 2020). അതിലൂടെ പ്രകൃതിയുടെ ജൈവ ബന്ധത്തിൽ ഹിംസ നിലീനമായി നിൽക്കുന്നുവെന്നും അഹിംസ  സാംസ്കാരികമായി മനുഷ്യസമൂഹം സ്വരൂപീകരിച്ചെടുത്തതാണെന്നും വരുന്നു. ആ സാധു ജീവിയെ കൊല്ലരുത് / കൊല്ലരുത് / കൊല്ലരുത് എന്നതിലെ വൈരുദ്ധ്യം കവിതതീരുമ്പോൾ പുറത്തു വരുന്നു.

ഇങ്ങനെ രൂപകങ്ങൾ കൊണ്ടും അനുഭവങ്ങൾക്കൊണ്ടും തീർക്കുന്ന ഇമേജുകളാണ് സമകാലിക കവിത.അത് നമ്മുടെ അലസതയ്ക്കു മേലെ സൗന്ദര്യനോട്ടങ്ങൾ കൊണ്ട് ഒരു ജാഗ്രലോകം നിർമ്മിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account