ചേറിൻ്റെ പോരിൻ്റെ പേര്

ഒരു തുള്ളി രക്തം, ഒരു കനൽത്തരി, ഒരു പിടി മണ്ണ്, മോഹിതമായ ഒരു നോട്ടം, ഒരു ജല സ്പർശം, ഒരു ശ്രവ്യനിർവൃതി അങ്ങനെ അനുഭൂതിയുടെ ഒരുനുള്ളു മതിയാകും  കവിതയ്ക്ക്. ചരിത്ര ഖണ്ഡം മാത്രമല്ല ഒരർദ്ധനിമിഷംപോലും ആഴത്തിൽ തിരയടിക്കുന്നതിൻ്റെ പേരാണ് ഇന്ന് കവിത. ഭൂതകാലത്തിലെ നവോത്ഥാനത്തിൻ്റെ പൊള്ളുന്ന മണ്ണു മുതൽ വർത്തമാനത്തെ ആവരണം ചെയ്യുന്ന മുഖമറവരെ സമകാലിക കവിതയിൽ ചിതറി നിൽക്കുന്നു.

കേരളീയ നവോത്ഥാനത്തെ അതിൻ്റെ സഹന സ്ഥലങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് കുരീപ്പുഴ ചില സ്ഥലനാമങ്ങൾ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 22-28) യിലൂടെ. ചെറായി, ചേർത്തല, പയ്യന്നൂർ.വെങ്ങാന്നൂർ എന്നിങ്ങനെ സ്ഥലനാമങ്ങളാൽ അയാളപ്പെട്ട നവോത്ഥാനത്തിൻ്റെ ഒരു ഭൂപടം കവി രേഖപ്പെടുത്തുന്നു.

കൊല്ലീ പുലയനയ്യപ്പനെയെന്നവർ, ചൊല്ലീ കൊടും കത്തിവീശി. എന്നിങ്ങനെ ചെറായിൽ പിറന്ന സഹോദരനയ്യപ്പനെ ആഴത്തിൽ അങ്കനം ചെയ്യുന്നു. അധഃസ്ഥിത രോടൊന്നിച്ചുള്ള മിശ്രഭോജനത്തിനു ശേഷം സഹോദരനയ്യപ്പനെ പുലയനയ്യപ്പൻ എന്നായിരുന്നല്ലോ സവർണർ വിളിച്ചിരുന്നത്. ചെറായി യഥാർത്ഥത്തിൽ ചേറായ ഗ്രാമമായിരുന്നു. ആ ചേറിനെ പോക്കിയ പോരിൻ്റെ പേരായിരുന്നു അയ്യപ്പൻ.

പ്രതിഷേധത്തിൻ്റെ ചോരയണിഞ്ഞ മറ്റൊരു നിലമാണ് ഇന്നത്തെ ചേർത്തല. മുലക്കരം പിരിക്കാനെത്തിയ രാജാധികാരത്തിനു മുമ്പിൽ സ്വന്തം മുലയറുത്തു കൊടുത്ത് സ്വയം ബലിയായിത്തീർന്ന നങ്ങേലി ശോണിത സമരത്തിൻ്റെ ജ്വലന ചരിത്രത്താളാണ്. മുലച്ചിപ്പറമ്പ് എന്ന് വിളിപ്പേരുവീണ ആ സഹന സ്ഥലത്തിൻ്റെ ഇന്നത്തെ പേരാണ് ചേർത്തല. ശ്രീ നാരയണഗുരുവിൻ്റെ ശിഷ്യനും സ്വാതന്ത്ര്യ സമരനായകനും ജാതി വ്യവസ്ഥയ്ക്കെതിരെ ജീവിതം മാറ്റി വെച്ച മഹാമനുഷ്യനുമായ ആനന്ദതീർത്ഥനാൽ രേഖപ്പെടുത്തപ്പെട്ട ഭൂമികയാണ് പയ്യന്നൂരിൻ്റേത്. ആനന്ദതീർത്ഥൻ എന്ന മഹാമനുഷ്യനെ കണ്ട് ഗാന്ധി പോലും വിസ്മയിച്ചിരിക്കാം. പറയുന്നത് നോക്കൂ.

സ്വാമി പണിപ്പെടുന്നല്ലോ ഹരിജന –
ക്ഷേമത്തിനായെന്നുമെന്നും
സ്വാമിതൻ ജാതിയേതാണെന്നു ചൊല്ലുമോ?
മാവിൻതൈ യൂറിച്ചിരിച്ചോ?
ജാതിയിൽ വിശ്വസിക്കുന്നില്ല ഞാനെന്ന
സ്വാമി വാക്യം ശ്രവിച്ചപ്പോൾ
ആനന്ദ ശീർഷത്തിലുണ്ടായ തേജസ്സു
കാണുവാൻ ഗാന്ധിക്കുമായോ?

അങ്ങനെ ആനന്ദതീർത്ഥനെ ഗാന്ധിക്കു മേലെ ക്കൂടി പ്രതിഷ്ഠിക്കുന്നു കവിത.വെങ്ങാന്നൂർ മുതൽ ആറാലംമൂട് ചന്തവരെ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയാൽ അടയാളപ്പെട്ട കറുത്ത മണ്ണാണ് വെങ്ങാന്നൂർ. അയ്യങ്കാളിയുടെ ഗംഭീര ബിംബം കവി നിർമ്മിക്കുന്നു.

വൈദ്യുതി ദ്യുതിയുളളിലേറിയ
കർക്കട മേഘം
ഒരു കുരുന്നു ശംഖുപുഷ്പ-
കുസൃതിയുമായി
ലിപി തിളങ്ങും പാഠശാല –
പ്പടിയിലെത്തുന്നു. അങ്ങനെ കീഴാള നവോത്ഥാനത്തിൻ്റെ സ്ഥല രാശിയിൽ കുരീപ്പുഴയുടെ കവിത നിവർന്നു നിൽക്കുന്നു.

ശബളമായ പ്രണയ പ്രകടനങ്ങൾക്കപ്പുറത്ത് വിരളമായ സ്നേഹവിനിമയത്തിൻ്റെ കഥയാണ് പൈൻമരക്കാട് എന്ന കെ.ആർ. ടോണിയുടെ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 22- 28). പൊക്കമുള്ള പൈൻ മരങ്ങൾ മാത്രമുള്ളൊരിടം. ടൂറിസം വകുപ്പ് അവിടെ വളച്ചുകെട്ടി ‘ലവേഴ്‌സ് പാരഡൈസ് ‘ എന്ന് എഴുതി വെച്ചിരിക്കുന്നു. കാമുകീകാമുകൻമാരും നവവധൂവരൻമാരും അവരവരുടെ സ്നേഹപ്രകടനങ്ങളിൽ മുഴുകുന്നു. ഇതിലൊന്നും ഉൾപ്പെടാതെ കവി ഏകാന്തമായൊരിടത്ത് പ്രശാന്തമായ വശ്യതയ്ക്കടിപ്പെട്ട് നിൽക്കുമ്പോൾ കണ്ണെത്താത്ത ദൂരത്ത് ഒരു മിന്നായം പോലെ ഏകാകിയായ ഒരുവളെ കാണുന്നു. ഒന്നും പറയാതെ അയാൾ അവളെ ഉള്ളിൽ വഹിച്ചു കാണും. അതുകൊണ്ട് കവി ഇങ്ങനെ പറഞ്ഞു പോകുന്നു “എൻ്റെ കബറിടം തുറന്നാൽ, അവളുടെ ശവം കാണാം”. സ്നേഹം ഇക്കാണുന്നതൊന്നുമല്ലെന്ന് പറയുകയാവും കവി. സാധാരണ ഒരനുഭവത്തിൻ അസാധാരണ ഒരനുഭൂതിലോകം തുന്നിച്ചേർക്കുക കൂടി ചെയ്യുന്നു.

ഇല്ലാമനായി ജീവിക്കേണ്ടി വന്ന ഒരു മണിയൻ്റെ ജീവിതവൈപരീത്യത്തിൻ്റെ കഥയാണ് അസീം താന്നിമൂടിൻ്റെ ഇല്ലാമ മണിയൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 22-28) യഥാർത്ഥത്തിൽ ഇയാൾ മണിയ (ധനമുള്ളവൻ) നാണ്. എന്നിട്ട് ഇല്ലാമനായി കഴിയേണ്ടിവരുന്ന ജീവിതാവസ്ഥയെ ഫലി തോക്തിയിൽ അവതരിപ്പിക്കുകയാണ് കവി. ഇല്ലാമണിയന് എന്നുമുണ്ടാകും നേരം പുലരും മുമ്പേ കള്ളുകുടിക്കാനൊരു വല്ലായ്മ. ഏറെക്കാലമായി അയാൾക്ക് വാതിൽ പൂട്ടേണ്ടി വരാറില്ല. കാരണം ഒരു ദിവസം വാതിൽ പൂട്ടി ഇറങ്ങിയതിനുശേഷം അത് തുറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. കാരണം മദ്യപിച്ച് വീടണയുമ്പോഴേക്കും നേരം ഇരുട്ടിക്കാണും പിന്നെ കൈവിറച്ച് വാതിൽ തുറക്കാൻ കഴിയാതെ അവിടെ കോലായയിൽ തന്നെ കിടക്കും

താക്കോൽ പഴുതിലാ ചാവിയേറ്റാൻ
നോക്കിയാലാവുകി,ല്ലങ്ങുമിങ്ങും
കുത്തിക്കുഴയു, മാ കൈവിറയ്ക്കും.
പറ്റാതെയാകെ ത്തളർന്നിറയ-
ത്തപ്പടിവീണു ചുരുണ്ടുറങ്ങും.

കുറേക്കാലമായി ആവർത്തിക്കുന്നതിതാണ്.ഈ ഫലിതോക്തിയിലും അയാളുടെ ദൈന്യത നമ്മെ കരയിക്കും. താളം തെറ്റിയ മണിയൻ്റെ ജീവിത ചിത്രീകരണത്തിന് ഇത്രയും താളം വേണോയെന്ന് ഒരു നിമിഷം വായനക്കാർക്ക് തോന്നിപ്പോകുന്നുണ്ട്.

വാക്കിൻ്റെ മധുരമാണ് സ്നേഹം എന്നറിയുന്നൊരാൾക്ക് നീലിച്ചു കിടക്കുന്ന കണ്ണുകളോ, ചെമ്പൻ ചെവികളോ, ചോരപ്പൂക്കൾ വിരിയുന്ന ചുണ്ടുകളോ മയങ്ങിക്കിടക്കാനുള്ള ഇടനെഞ്ചോ, നിത്യാനന്ദത്തിൻ്റെ തുടയിടുക്കുകളോ അല്ല വേണ്ടത്‌. വാക്കു നുരയുന്ന കണ്ഠമാണ്. സ്നേഹരാഹിത്യം അയാളെ കഴുത്തു മുറുക്കി കൊല്ലുന്നു. പച്ചില കൊളുത്തിൻ്റെ ചിത്രം അയാൾക്ക് മതിയാവാതെ വരുന്നു. കഴുത്തു മുറുകി അയാൾ മരിക്കുന്നു. ശ്ലഥമായ ചിത്രങ്ങൾ ഒട്ടിച്ച് സ്നേഹത്തിൻ്റെ അമൂർത്ത ബിംബങ്ങൾ നിർമ്മിക്കുന്നു സുധീഷ് കൊട്ടേമ്പ്രം പച്ചിലപ്പേടി എന്ന കവിതയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 22-28)

ജീവനെ തന്നെ സംഗീതമായിക്കാണുന്ന, സംഗീതത്തെ തന്നെ ജീവനായി എണ്ണുന്ന മനോഹര കാവ്യമാണ് അനിത.കെ. വിശ്വംഭരൻ്റെ ‘ഗേയം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 22-28) പാട്ടിൻ്റെ ആലാപനധ്വനികൾ നമ്മുടെ ഉയിരിനെ വസന്തമാക്കുന്നു. അത് എൻ്റെ പ്രാണനേ ആ മുഗ്ധ സംഗീതം വിട്ടു പോകല്ലേ എന്ന് യാചിക്കുന്നു. പാട്ടനുഭൂതി തന്നെയാണ് രഗി സജിയുടെ ഒറ്റപ്പാട്ടിനാൽ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 23). പാട്ടിൻ്റെ അലൗകികമായ അനുഭൂതി ഇവിടെ നമുക്ക് അനുഭവവേദ്യമാകുന്നു.

ഭൂമിയുടെ ആത്മകഥയിലെ ഒരദ്ധ്യായമായ ചെമ്പോത്തിനെ കുറിച്ചാണ് കെ.ടി സൂപ്പിയുടെ ചെമ്പോത്ത് എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 23) ഒട്ടുമേ കാല്പനിക മല്ലെങ്കിലും ചെമ്പോത്തിൻ്റെ മൂളലുകളിൽ മൂവന്തികൾ പൂക്കുന്നത് കവി അറിയുന്നു. കുന്നുകളിൽ പടർന്ന കാട്ടുതീയായി സന്ധ്യ കെട്ടടങ്ങുന്നു.അവിടെ ചരിത്രത്തിൻ്റെ പിന്നാമ്പുറങ്ങളിലെവിടെയോ ആ ചാകോരാതിപക്ഷി  ഒന്നിളകുന്നു. അങ്ങനെ ഭൂമിയുടെ ആത്മകഥയിൽ വിട്ടു പോകാത്ത ഒരദ്ധ്യായം ഒച്ച കൊണ്ടും ചെമ്പിച്ച കാഴ്ച കൊണ്ടും എഴുതിച്ചേർക്കുന്നു.

പരിഷ്കാരം ഭൂതകാലത്തെ ഭാരമായിചിത്രീകരിക്കും. ബക്കർ മേത്തലയുടെ വിശറി (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 23) അത്തരത്തിലുള്ളൊരാവിഷ്കാരമാണ്. ഭൂതകാലത്തെ ശാശ്വതവൽക്കരിച്ച വർത്തമാനകാല വിമർശനം പലപാട് കവിതയിൽ വന്നു കഴിഞ്ഞതാണ് മാത്രവുമല്ല ഭൂതകാലത്തിൻ്റെ നന്മ പുരുഷനും പരിഷ്കാരത്തിൻ്റെ തിന്മ സ്ത്രീയും എന്ന മട്ടിലുള്ള ചിത്രീകരണവും കാവ്യ ലോകത്ത് പഴഞ്ചനായിത്തീർന്നതാണ്. ആ നിലയിൽ പുതുമയല്ലാത്തൊരാവർത്തനം മാത്രമായിത്തീരുന്നു ബക്കർ മേത്തലയുടെ വിശറി.

മീനമാസത്തിൻ്റെ അടയാളങ്ങളെ പരിഗണനയുടെ ആഹ്ലാദമായെണ്ണുകയാണ് ശ്രീജിത്ത് അരിയല്ലൂരിൻ്റെ മീനം (ദേശാഭിമാനി വാരിക 22 നവംബർ 2020)
ആകെ
വറ്റിപ്പോയെങ്കിലും
ഉള്ള് കണ്ടല്ലോ
എന്നൊരു ജലാശയം…
ഇലകളെല്ലാം
കൊഴിഞ്ഞപ്പോഴെങ്കിലും
ഉടല് കണ്ടല്ലോ
എന്നൊരു കാഞ്ഞിരം.ഇല്ലായ്മ കൊണ്ടെങ്കിലും ഉള്ളതായിത്തീരുന്നതിലെ ആഹ്ലാദം വിരുദ്ധോക്തിയാൽ തെളിയിച്ചെടുക്കുന്നുണ്ട് കവിത.

മാറു മറയ്ക്കാൻ തുന്നിയ ബ്ലൗസ് മുതൽ മുഖം മറയ്ക്കാൻ തുന്നുന്ന മാസ്ക് വരെ തയ്യൽ നടത്തിയ വിപ്ലവങ്ങളുടെ കാവ്യ ചരിത്രമാണ് ബിന്ദുകൃഷ്ണൻ്റെ ‘തയ്യൽ വിപ്ലവങ്ങൾ’ (ദേശാഭിമാനി വാരിക 22 നവംബർ 2020) വസ്ത്രം ആവരണം മാത്രമല്ല തിളയ്ക്കുന്ന ജീവിതത്തിൻ്റെ അനാവരണം കൂടിയായിത്തീരുന്നു. മാസ്കുകൾ വെറും മുഖാവരണം മാത്രമല്ലെന്നും മുഖംമൂടികൾ തന്നെയാണെന്നും കൂടി തിരിച്ചറിയുന്നുണ്ട് മലയാളി. ആ നിലയിൽ വസ്ത്രങ്ങളുടെ ചരിത്രം കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം കൂടിയായിത്തീരുന്നു. ലളിതാഖ്യാനത്തിൽ അത്ര ലളിതമല്ലാത്ത ഒരു രാഷ്ട്രീയത്തെ ആവിഷ്ക്കരിക്കാൻ കവിതയ്ക്ക് കഴിയുന്നു.

ഇങ്ങനെ കവിതയിൽ തിളയ്ക്കുകയും നുരയുകയും ചിലപ്പോഴൊക്കെ ഇരമ്പുകയും ചെയ്യുന്ന ജീവിതങ്ങളുണ്ട്. ചരിത്രവും വർത്തമാനവും പലപ്പോഴും ഇവിടെ ഹസ്തദാനം ചെയ്യുന്നു. കവിത അങ്ങനെ ജീവിതജ്വലനത്തിൻ്റെ വാഗഗ്നിയാവുന്നു.

2 Comments
  1. യൂസഫ് നടുവണ്ണൂർ 2 months ago

    ജ്വലിക്കുന്ന നിരീക്ഷണം. കവിത ജീവിതേയും ജീവിതം കവിതേയേയും ആശ്ലേഷിക്കുന്നു.
    ഭാവുകങ്ങൾ.

  2. ഗഫൂർ കരുവണ്ണൂർ 2 months ago

    വിമർശന പീരങ്കി ഉണ്ടകൾ കുറഞ്ഞ കവിതയുടെ ഒരാഴ്ചയാണ് ഇതെന്നു തോന്നുന്നു. ജ്വലിക്കുന്നുണ്ട് കവിതകൾ .

    ഗഫൂർ കരുവണ്ണൂർ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account