ഉൽകൃഷ്ടമായ അവതാരവും ഒന്നുമല്ലാത്ത ഉറുമ്പും

ചേർച്ചയില്ലാത്ത രണ്ടിനെ ചേർത്തുവെയ്ക്കുന്ന വിഷമമാണ് കവിത. ചിലപ്പോഴത് വിഷം തന്നെയാവും. വിഷം കുടിക്കുന്ന നീലകണ്ഠനാണ് കവി എന്ന് പറയുന്നത് അതുകൊണ്ടാവാം. ജീവിച്ചു കൊണ്ടിരിക്കുന്നതിനപ്പുറത്ത് ഒരു ലോകത്തെ അത് എപ്പോഴും വിഭാവനം ചെയ്തു കൊണ്ടേയിരിക്കും. അതുകൊണ്ടാണ് കവിത ഭാവനയുടേതാണെന്ന് എല്ലാവരും  പറയുന്നത്. ഭാവനയാണ് നമ്മെ പ്രവൃത്തിപ്പിക്കുന്നതെന്നിരിക്കെ  കവിത നിരന്തരം ഇടപെടുന്ന സൗന്ദര്യാത്മക പ്രവൃത്തി കൂടിയായിത്തീരുന്നു.

ഉൽകൃഷ്ടമായ അവതാരവും ഒന്നുമല്ലാത്ത ഉറുമ്പും കണ്ടുമുട്ടുന്ന കൗതുകകരമാർന്ന ഒരു നിമിഷമാണ് സച്ചിദാനന്ദൻ്റെ പ്രവാചകനും ഉറുമ്പും എന്ന കവിത(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 29 ഡിസംബർ 5). പ്രവാചകൻ്റെ ധ്യാനമെന്നപോലെ ഉറുമ്പിൻ്റെ അദ്ധ്വാനവും  മനുഷ്യനെ പലതും പഠിപ്പിക്കുന്നുണ്ട്. അദ്ധ്വാനത്തോടൊപ്പം ഒരുമയും വിനയവും ഉറുമ്പു നൽകുന്ന പാഠപുസ്തകമാണ്. അങ്ങനെ ഉറുമ്പ് പ്രവാചക പദവിയിലേക്ക് ഉയരുന്നു.”പ്രവാചകനും ഉറുമ്പും ധ്യാനത്തിലമർന്നു, ഒരേ വെളിച്ചം തങ്ങളിൽ വീഴുന്നതു കണ്ട് “. ഉറുമ്പിനോടു പോലും സംസാരിക്കുന്ന പ്രവാചക മഹത്വവും നാം അനുഭവിക്കുന്നു. സച്ചിദാനന്ദൻ്റെ മറ്റെല്ലാ കവിതകളെയുമെന്ന പോലെ നമ്മുടെ ഹൃദയത്തിലൂടെ തലച്ചോറിലെത്തുന്ന കാവ്യാനുഭവമാണ് പ്രവാചകനും ഉറുമ്പും.

ജന്മാന്തര സുകൃതമെന്നോണം വൃശ്ചികക്കാറടിക്കുന്ന ഗന്ധമൊന്നുലാവുന്നുണ്ട് ആലങ്കോട് ലീലാകൃഷ്ണൻ്റെ ഗൃഹാതുര സ്മരണകളിൽ (വൃശ്ചികക്കാറ്റ് – മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 നവംബർ 29 ഡിസംബർ 5) തനുവിനെ തണുപ്പിക്കുന്ന ഒരു തുഷാരസ്പർശം മാത്രമല്ല കവിക്കത്. പൂർവത്തെ ഉണർത്തുന്ന ഒരു മുഗ്ധ സൗന്ദര്യമാണ് “ആതിരകുളിയ്ക്കുമീ ചന്ദനപ്പുഴക്കരെ പാതിരാപ്പൂ ചൂടുന്നു – ണ്ടിപ്പോഴും ജന്മാന്തരം “.

ജീവിതം കാത്തിരിപ്പാണെന്ന് മഞ്ഞ് എന്ന നോവൽ വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്. കാമുകിയെ, പിതാവിനെ, മരണത്തെ, പ്രതീക്ഷയെ തന്നെയുമുള്ള കാത്തിരിപ്പാണ്  ജീവിതം. കുറേ പേർ വിപ്ലവത്തിനു വേണ്ടി കാത്തിരുന്നു. ഇന്നിപ്പോൾ കാത്തിരിപ്പിൻ്റെ സൗന്ദര്യം മുഴുവനും പോയി. ഉൽപ്പന്നത്തിനു വേണ്ടിയുള്ള വെയിറ്റിംഗായി ജീവിതം മാറി. എന്തൊരുൽസാഹമാണത്. വിശേഷിച്ചും ഈ ഓൺലൈൻ പർച്ചേസിങ്ങിൻ്റെ കാലത്ത്.

ഓർഡർ കൊടുത്താൽ
ഉടൻ തുടങ്ങും
നോക്കിയിരിപ്പ്

ഇ കെ.മണിക്കുട്ടൻ്റെ മാധ്യമം ആഴ്ച്ചപ്പതിപ്പി ( 2020 നവംബർ 30 )ലെ രണ്ടു കവിതകളിലൊന്നിൽ നോക്കിയിരിപ്പിനെക്കുറിച്ചാണ്. പ്രണയത്തെക്കാൾ ഹരം തരുന്ന കടൽ കടന്നെത്തുന്ന സാധനങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്. ഉൽപ്പന്നങ്ങളാകുമ്പോൾ ഭാഷക്കും വേണം മാറ്റം. പ്രണയത്തിൻ്റെ ആർദ്രതയോ അടുപ്പമോ തോന്നിക്കേണ്ടതില്ല. മലയാളം തന്നെയും വേണ്ട. ഫ്ലിപ്കാർട്ട്, ആമസോൺ, ഓർഡർ, പാക്കിംഗ്, ഡെലിവറി, റേഞ്ച്, എന്നൊക്കെ കൊണ്ട് പറയാവുന്നതേയുള്ളൂ ഐറ്റം ഡെലിവേർഡിൻ്റെ അനുഭൂതി. ചൂണ്ടയിൽ കൊളുത്തുമോ എന്നതും ഇന്ന് പ്രതീക്ഷയായി പുലരുന്നതുപോലെ നാട്ടിൻപുറജീവിതം മൂലധനത്തിൻ്റെ ചൂണ്ടക്കൊളുത്തിൽ കുരുങ്ങിപ്പോകുന്നതാണ് ചൂണ്ടയിൻ എന്ന രണ്ടാമത്തെ കവിത. രണ്ടുകവിതകളും ഇരയാക്കപ്പെടുന്നവരുടെ ആഹ്ലാദവും ആനന്ദവും തന്നെ.

രഹസ്യമായതൊന്നുമില്ലെന്ന മട്ടിൽ ഏഴു ദൃശ്യങ്ങൾ വരച്ചിടുന്നു സോണി ഡിത്ത് (രഹസ്യമായതൊന്നുമില്ല – മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 30 ). മരത്തണലിരിക്കുമ്പോൾ, വീടുണ്ടാക്കുമ്പോൾ, നിഴലുകൾ ചിത്രം വരയ്ക്കുമ്പോൾ, കൊച്ചു ഞാവൽചില്ലകളിൽ കാക്കകൾ പ്രതിമകളായിരിക്കുമ്പോൾ, വേനൽക്കടുത്തപ്പോൾ മരകൊത്തിയുടെ കൊക്കിൻ്റെ മുരൾച്ച കേൾക്കുമ്പോൾ, രണ്ടു പേർ നിശബ്ദതയെ വാക്കുകൾ കൊണ്ട് കൊത്തി വെയ്ക്കുമ്പോൾ, രാജ്യത്തിൻ്റെ അതിർത്തിയിൽ കയ്യാനി പുല്ലുകൾ തഴച്ച പുഴയരികുകളിൽ കാട്ടു കുതിരകൾ മേയുമ്പോൾ രഹസ്യമായതൊന്നുമില്ലെന്ന രഹസ്യമാണ് കവിക്കു പറയാനുള്ളത്. ഒരുതരം ഫലി തോക്തിയിൽ മാതൃകാ ദമ്പതിമാരെ ചിത്രീകരിക്കുന്നു കെ.വി.ബേബിയുടെ മാതൃകാ ദമ്പതികൾ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 നവംബർ 30 ) ദമ്പതിമാർ പരസ്പരം പൂരകമായിത്തീരുന്നതിൻ്റെ സൗന്ദര്യം കാണുന്നു.” തൻ്റെ കാത് പറിച്ചെടുത്ത് അവൾക്കു നൽകി ”  “തൻ്റെ ഒരു കണ്ണ് പിഴുതെടുത്ത് അവനു നൽകി “ഇങ്ങനെ കണ്ണും കാതുമായ ദമ്പതിമാർ ജീവിതത്തിൻ്റെ സൗന്ദര്യം പണിയുന്നു.

പുഴയെക്കുറിച്ചുള്ള ഭൂതകാല അനുഭൂതിയാണ് സുറാബിൻ്റെ ‘പുഴ'(ദേശാഭിമാനി വാരിക 29 നവംബർ 2020). പാലം വരുന്നതോടെ പുഴ ഒരു അനുഭവമായി നിൽക്കുന്നില്ല. സൗകര്യങ്ങൾ മനുഷ്യരെ അനുഭവങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും ഭാവനാ രഹിതമായ ഒരു ജീവിതത്തെ യാഥാർത്ഥ്യമാക്കുകയും ചെയ്യും. ഇവിടെ പുഴ എങ്ങനെയനുഭവപ്പെട്ടു നിൽക്കുന്നു എന്നു നോക്കൂ

ആണ്ടുനേർച്ചയ്ക്ക് അങ്ങാടിപ്പോകാൻ
പുഴ കടക്കണം
ചന്തയ്ക്കും കെട്ടിനും ചാവേറിനും
പുഴ തന്നെ ശരണം. അങ്ങനെ ജീവിതത്തിൻ്റെ അഭേദ്യമായ അനുഭവവും അനുഭൂതിയുമായിത്തീർന്ന പുഴയാണ് സുറാബിൻ്റെ പുഴ.

ഓരോ പാടങ്ങളിലും പൊടിഞ്ഞു തീരുന്ന കർഷക ജീവിതം വേദനിക്കുന്ന ഒരു അനുഭൂതി മാത്രമല്ല സമരോത്സുകമായ അനുഭവം തന്നെയാണ് ഇന്ത്യയിൽ.

കാലടികൾ
വേനലിൽ വിണ്ടുകീറിയനിലം പോലെ
ഉടലുകൾ
വറ്റിവരണ്ട കിണറകം പോലെ

എന്ന് ആഴമേറിയ ദൈന്യതയിലാണ് കർഷകർ കഴിഞ്ഞു പോരുന്നത്. മനുഷ്യ ലോകത്തിൻ്റെ സമസ്ത വ്യവഹാരങ്ങളുടെയും അസ്തിവാരം പണിയുന്ന കർഷകർ ഇന്ന് ചിരപുരാതനമായ മിത്തു പോലെ വിണ്ടുകീറിയ കാൽപ്പാടുകളായി അടയാളപ്പെടുന്ന ഇന്ത്യൻ അവസ്ഥയിൽ നിന്ന് ഉള്ളം പിളരുന്ന ജീവിതാഖ്യാനമായിത്തീരുന്നു എം.പി അനസ്സിൻ്റെ അവരാരും ദൈവമല്ലാത്തതിനാൽ (ദേശാഭിമാനി വാരിക 29 നവംബർ 2020) എന്ന കവിത.

ഇങ്ങനെ നാം മനസ്സിലാക്കുന്നു വാക്കിൻ്റെ ലീലയല്ല കവിത, വാക്കിൻ്റെ വർക്കാണ് കവിത.അത് എപ്പോഴും നമ്മളിൽ ആധിവിതച്ചു കൊണ്ടിരിക്കും. ഇല്ലാത്ത ജീവിതത്തെ ഉണർത്തുകയും ഉള്ള ജീവിതത്തെ കുരിശേറ്റുകയും ചെയ്യും. അങ്ങനെ കവിത ചിലപ്പോഴൊക്കെ നാളേയ്ക്കുള്ള പ്രവാചകർക്കൂടിയായി മാറുന്നു.

1 Comment
  1. എം.പി. അനസ് 2 months ago

    ❤️❤️❤️
    കവിതകൾ സൂക്ഷ്മാർത്ഥത്തിൽ വായിക്കുകയും എഴുതുകയും ചെയ്യുന്ന കാവ്യപാഠാവലിയിൽ എന്റെ കവിതകൂടി ഉൾപ്പെടുത്തിയതിലുള്ള ആനന്ദം അറിയിക്കുന്നു.
    ❤️❤️❤️ പംക്തി തുടർന്നും ജ്വലിച്ചിടട്ടെ നവകവിതവിചാരങ്ങളാൽ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account