ജ്ഞാനാത്മകതയും സൗന്ദര്യാത്മകതയും
നിഗൂഢതയുടെ അകംപൊരുളുകൾ തേടുന്നതാണ് കവിത. അത് പ്രപഞ്ചത്തിൻ്റെ അനന്തതയാവാം, പ്രകടമാവാത്തമനുഷ്യ ഭാവമാവാം, പ്രകൃതിയുടെ രമണീയ ചിത്രമാവാം, ആവിഷ്ക്കരിക്കപ്പെടാതെ പോയ ഏതെങ്കിലും അനുഭവലോകമാകാം, നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ചുള്ള മനസ്സിൻ്റെ തീയ്യാളലുകളാവാം. എന്തായാലും ഇന്നലെയുള്ള സൗന്ദര്യ ലോകമല്ല ഇന്നിൻ്റെ സൗന്ദര്യലോകം. ആ നിലയിൽ എന്നും നവീനതയെ ചൂഴ്ന്ന് നിൽക്കുന്നതാകും കവിത.
തഥാഗതൻ പ്രപഞ്ചത്തിൻ്റെയും ജീവിതത്തിൻ്റെയും ആന്തരികമായ ശ്രുതി ഭേദങ്ങളെ അതിൻ്റെ സ്പന്ദന താളങ്ങളെ ആത്മാവിൽ അറിയുന്നവനാണ്. ഓംങ്കാര പ്രണവ മന്ത്രത്തെയാണയാൾ ആദിമന്ത്രമായിക്കരുതിപ്പോരുന്നത്. എന്നാൽ ഇവിടെ ഒരു പുതിയ തഥാഗതൻ ജനിക്കുന്നു. സമുദ്രത്തിൻ്റെ പ്രരോദനം മുതൽ സിംഹ നിദ്രയിൽ നിന്നോരോ രോമം വീഴുന്നൊരൊച്ചയും കേൾക്കുന്ന പുതിയ ബുദ്ധൻ. അയാളെ സംബന്ധിച്ച് ഓംങ്കാര മന്ത്രമല്ല പ്രകൃതിയുടെ ഈ ശബ്ദസഞ്ചയമാണ് ആദിമന്ത്രം. വേദം എന്നയാൾ അതിനെ നാമകരണം ചെയ്യുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ഈഅനുഭൂതിയെ ആവിഷ്ക്കരിക്കുന്നു’വേദ’ത്തിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സിസംബർ 13-19). ക്ഷുഭിത യൗവനത്തിൻ്റെ ലോഹനൗകകളിൽ സഞ്ചരിച്ച കവി ഇന്ന് അനാദിയായ പ്രപഞ്ച പ്പൊരുളുകൾ തേടുന്ന പഥികനായിത്തീരുന്നു. കവിതയുടെ സൗന്ദര്യ വഴി ഒരു അപരാധമാകേണ്ടതില്ല. അത് ആത്മബോധത്തിൽ ഓളങ്ങൾ തീർക്കുന്നുവെങ്കിൽ.
അഹം എന്നത് ഒരു സാമൂഹിക സത്തയാണെന്ന് മനസ്സിലാക്കാം. അതല്ല, ഞാൻ എന്നത് കേവലമായ ഒരു സത്തയാണെന്നും തിരിച്ചറിയാം. ആധുനികതയിൽ ഈ രണ്ടു ചിന്തകളും ലയിക്കുന്നുണ്ട്. എൻ്റെ കൈ വേദനിക്കുന്നു എന്ന് പറയുമ്പോൾ കൈ അല്ലാത്ത ഒരു ഞാനുണ്ടെന്നു വരുന്നു. ഇങ്ങനെ അവയവങ്ങൾക്കപ്പുറത്തുള്ള കേവലമായ ഒരാത്മസത്തയെ നാരായണ ഗുരുകണ്ടെത്തുന്നുണ്ട്. അപരത്വത്തെ ദൈവമായി കണ്ട അതേ നോട്ടം കൊണ്ടാണ് ഗുരു ഇതുകൂടി സാധ്യമാക്കുന്നത്. മനുഷ്യനെക്കുറിച്ചുള്ള കേവലമായ ഈഗോയെ ജ്ഞാനപരമായല്ലാതെ സൗന്ദര്യാത്മകമായി കണ്ടെത്തുകയാണ് വീരാൻകുട്ടി തൻ്റെ നന്ദികെട്ടവരോട് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 13-19) എന്ന കവിതയിൽ
അവയവങ്ങൾ അഭിമാനികളാണ്
നന്ദിയുള്ളവരും
എല്ലാവരിലും ഉപേക്ഷിക്കപ്പെട്ടയാളെ
അവ പരിചരിക്കുന്നതു കാണുമ്പോൾ അങ്ങനെ തോന്നുന്നു.
ജഡമാകുമ്പോൾ അപ്രത്യക്ഷമാകുന്ന അറിവാണ് ജ്ഞാനികൾക്ക് ഞാനെങ്കിൽ, മൃതമായിരിക്കുമ്പോൾ ദൃഢമായിത്തീരുന്നതാണ് അവയവങ്ങളെന്ന് കവി ദർശിക്കുന്നു. ആ സൗന്ദര്യദർശനം ഒന്നു വേറെ തന്നെ.
സർഗാത്മകതയുടെ ആവിഷ്കാരമോ സമരോത്സുകതയുടെ ചിതറലോ ആണ് ഓരോ പെണ്ണിനും തൻ്റെ മുടിയും മുലയും. രണ്ടും കെട്ടിവെയ്ക്കുമ്പോഴും മുറിച്ചുമാറ്റുമ്പോഴും അവൾ സ്ത്രൈണതയുടെ രണ്ടറ്റങ്ങളെയാണ് സഫലമാക്കുന്നത്. ഗിരിജ പാതേക്കര ഈ സ്ത്രൈണാനുഭവത്തെ ആവിഷ്കരിക്കുന്നതു നോക്കൂ (മുടി മുറിക്കുമ്പോൾ- മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 13-19)
ഓരോ വട്ടവും
മുടി മുറിക്കുമ്പോൾ
ഒരുവളിൽ നിന്ന്
തീർത്തും വേറിട്ട
മറ്റൊരുവൾ പുനർജനിക്കാറുണ്ട്.
കാതറ്റം മുറിക്കുമ്പോൾ തുള്ളിത്തുള്ളിയോടുന്ന മുയൽക്കുഞ്ഞാവും തോളൊപ്പമെങ്കിൽ നായ്ക്കുട്ടി. മുണ്ഡനം ചെയ്യുമ്പോൾ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ കലാപകാരികൾ ഉടലിൽ നൃത്തം വെയ്ക്കുന്നു. ഇങ്ങനെ സൗന്ദര്യലോകവും സമരോത്സുകതയും ഇഴചേരുന്നു ഗിരിജ പി. പതേക്കരയുടെ മുടി മുറിക്കുമ്പോൾ എന്ന കവിതയിൽ.
ഈ ആഴ്ചയിലെ ദേശാഭിമാനി വാരിക (13ഡിസംബർ 2020 ലക്കം: 31) മറഡോണ പതിപ്പാണ് .ആറു കവിതകളാണ് മറഡോണ സ്മൃതിയായി വാരികയിൽ ഉൾച്ചേർന്നത്. കാൽപന്തിൻ്റെ അനശ്വരനായ ഇതിഹാസകാരൻ മലയാളിക്ക് അന്യനല്ല. അതു മാത്രമല്ല അയാൾ സ്വന്തം നാട്ടുകാരൻ തന്നെയാവുന്ന അനുഭവമാണ്. ഗഫൂർ കരുവണ്ണൂർ മറഡോണ സ്മൃതി അവതരിപ്പിക്കുന്നതു നോക്കൂ. അർജൻ്റീനയിൽ താമസിക്കും ആലങ്കോടുമ്മൽ മറഡോണ എന്ന തലക്കെട്ടുകൊണ്ടുതന്നെ ലോകാനുഭവമായ മറഡോണയെ ഒരു പ്രാദേശികാനുഭൂതിയാക്കി ഉൾകൊള്ളുകയാണ് അദ്ദേഹം. മുരിങ്ങാമരച്ചോട്ടിൽ നിന്നുള്ള ഭാവനകളെ ശക്തവും തീക്ഷ്ണവുമാക്കി മാറ്റുന്ന പുതു കവിതയുടെ അനുഭവ ശക്തിയെ ഈ കവിത തീവ്രതരമാക്കുന്നുണ്ട്.
ആലങ്കോട് മലയിലൂടെ
പാതിരാത്രിയിൽ
ചൂട്ടു മിന്നിച്ച്
ചെകുത്താൻമാർ പോകുന്നു.
കളരിയുള്ളതിൽ
കോട്ടയിലേയ്ക്കുള്ള വരവല്ല
ലോകകപ്പ് കാണാൻ
കുഞ്ഞിരാമൻ മാഷെ
വീട്ടിലേയ്ക്കുള്ള ജാഥയാണ്. ഇങ്ങനെ പാതിരയെ പന്ത്കളിയുടെ ഹരം കൊള്ളിക്കുന്ന രാവനുഭവമാക്കുന്നതോടൊപ്പം നാടിൻ്റെ ചുവന്ന സ്വപ്നം കൂടി നെയ്തെടുക്കുന്നതായി കവി അനുഭവിക്കുന്നു. അങ്ങനെ പന്ത്കളിയും പതിത രാഷ്ട്രീയവുമായിത്തീരുന്നു ഗഫൂർ കരുവണ്ണൂരിൻ്റെ ‘അർജൻ്റീനയിൽ താമസിക്കും ആലങ്കോടുമ്മൽ മറഡോണ’. മുഹമ്മദ് റാഫി .എൻ.വിക്ക് അതൊരു ഉന്മാദിയായ വീരനായകൻ്റെ സ്മരണയാണ് (അത്രമേൽ പ്രിയപ്പെട്ട ഉൻമാദം.) “പൊട്ടിത്തെറിച്ച് സൗരയൂഥം പൊലിഞ്ഞ സൗന്ദര്യത്തിൻ്റെ അപകടകാരിയായ ഉടയോൻ ” മിശിഹ, ഒറ്റയാൾ പട്ടാളം, സൂഫി എന്നീ പദാവലികൾ കൊണ്ട് മറഡോണയെ അമാനുഷിക നായകസ്ഥാനത്തിരുത്തുന്നു മുഹമ്മദ് റാഫിയുടെ കവിത. ഇതേ നായകനെ തന്നെയാണ് നാം സി.എസ്.രാജേഷിൻ്റെ പന്തു കാലൻ എന്ന കവിതയിലും കണ്ടുമുട്ടുന്നത്.
നീ ചിരിക്കുമ്പോൾ
രാജ്യങ്ങൾ മായുന്നു
ഞങ്ങൾ
വൻകരകൾ മാത്രമാകുന്നു. കൽപ്പാന്തകാലത്തോളം കാൽപ്പന്തുമായിപ്പോകുന്ന ഡിയേഗോയെ ആണ് ഷിബു മുത്താട്ട് ‘പന്താട്ട ‘ത്തിൽ അവതരിപ്പിക്കുന്നത്.എസ്.വി. മെഹ് ജൂബിൻ്റെ കവിതയിൽ (ഞങ്ങളുടെ ഡീഗോ മറഡോണ) മറഡോണ ഒരു ജനതയായി മാറുകയും ഒപ്പം കവിതയായിത്തീരുകയും ചെയ്യുന്നു.” ഞങ്ങൾ ഭിന്നശേഷിക്കാരാണ് കാലുകൊണ്ട് കവിതയെഴുതുന്നവർ എന്നിട്ടും നൊബേൽ ഞങ്ങളെത്തേടിയെത്തി ” എന്ന് ഒരു ജനതതിയായി കവി മറഡോണയെ വിഭാവനം ചെയ്യുന്നു. അലോസരങ്ങളുടെ പുതിയ ഭരണഘടനാ ശില്പിയായി ബി.ബിന്ദു മറഡോണയെ അടയാളപ്പെടുത്തുന്നു (മറഡോണ…. ഭരണഘടന !!!)
വിഷാദത്തിൻ്റെ ഒരു കുടുസ്സു ജ്യാമിതി തീർത്ത് സ്ത്രൈണാനുഭവത്തെ ഒരു നിഗൂഢാനുഭൂതിയാക്കി മാറ്റുന്നതാണ് ബിന്ദു കൃഷ്ണയുടെ വിഷാദത്തിൻ്റെ ജ്യാമിതി (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 14) പെണ്ണനുഭവത്തിൻ്റെ ബഹുസ്വരതകൾ കേട്ടു പഴകിയ മലയാള കാവ്യഭാവനയ്ക്ക് പ്രത്യേകമായെന്തെങ്കിലുമൊരു അനുഭവം നൽകുന്നതല്ല ഈ കവിത. ബോധപൂർവം കവിതയിൽ കൊണ്ടുവരുന്ന ഔദ്ധത്യങ്ങൾ ജനങ്ങളിൽ നിന്ന് കവിതയെ അകറ്റുകയേ ചെയ്യുന്നുളളൂ. കവിയുടെ അത്രമേൽ ആത്മനിഷ്ഠമായ അനുഭൂതിയുടെ മേച്ചിൽപ്പുറമായി മാത്രം കവിതയെ പരിഗണിച്ചു പോരുന്നത് മലയാള കവിതയ്ക്ക് ഭൂഷണമല്ല. വൻമരങ്ങൾ വീണാലും വേരിൽ നിന്നും ഭാവിയുടെ മുളകൾ പൊട്ടും എന്ന പ്രതീക്ഷയാണ് സന്ധ്യ എൻ.പിയുടെ വിത്തുകൾ (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 14) കാലത്തിൻ്റെ നൈരന്തര്യത്തെയും കവി ചേർത്തു വെയ്ക്കുന്നു. എല്ലാം നശിച്ചുപോയിട്ടില്ല പോകില്ല എന്ന പ്രത്യാശ തന്നെയാണ് ലോകത്തിൻ്റെ ചൈതന്യവത്തായ നിലനിൽപ്പ്.
അലങ്കാര രഹിതമായ ആഖ്യാനത്തെയാണ് പുതു ഭാവന കവിത എന്ന് വിളിച്ചുകൊണ്ടിരുന്നത്.ഇവിടെയിതാ സുബിൻ അമ്പിത്തറയിൽ ബാർബർ ഷോപ്പ് എന്ന കവിതയിൽ ഒരു കിടിലൻ അലങ്കാരം കൊണ്ടു വന്നിരിക്കുന്നു. ആകാശത്തിനുണ്ട് ബാർബർ ഷോപ്പിൻ്റെ ചാരുത. “സബ്വൂഫറിൻ ഇടി മുഴക്കം നെഞ്ചിൽ വന്നിടിക്കുന്നു. കത്രിക ചേർന്നമരുമ്പോൾ ചെറു മിന്നൽ തെളിയുന്നു, ….കറുത്ത ഷോൾ പുതച്ച് ഒരു മേഘം ഊഴം കാത്ത് മറ്റ് മേഘങ്ങൾ ” ഇങ്ങനെ പരമ്പരാഗത അലങ്കാര ശാസ്ത്രം വിരുദ്ധ അലങ്കാരമായി കരുതാനിടയുള്ള ഒന്നിനെയാണ് കവി ആർ ജവത്തോടെ ഇവിടെ ഒരു ഭാവനാ യാഥാർത്ഥ്യമാക്കി മാറ്റുന്നത്.
ഇങ്ങനെ മലയാള കവിത കൃത്രിമമായ ഔദ്ധത്യ പ്രകടനങ്ങൾക്കൊണ്ടും വേറെ ചിലപ്പോൾ അലസ ആഖ്യാനം കൊണ്ടും വഴി തെറ്റിപ്പോകുന്നുണ്ടെങ്കിലും മനുഷ്യത്മാവിൻ്റെ ജ്വലനമായി തിളക്കമായി തെളിച്ചമായി കാണാ വഴികൾ തീർത്തു കൊണ്ടിരിക്കുന്നു ഇപ്പോഴും.
നല്ലെഴുത്ത്. ആശംസകൾ