അനുഭൂതിയും ആത്മസത്തയും
കവിത ഒരു ആത്മസത്തയുടെ ആവിഷ്ക്കാരം കൂടിയാണ്. അനുഭൂതിയായി പരിണമിക്കുന്ന അനുഭവം സത്താസ്വരൂപമായ ഒരു സൗന്ദര്യാവിഷ്കാരമായി രൂപാന്തരം പ്രാപിക്കുകയും വാങ്മയങ്ങളിൽ ഒരമൂർത്ത സാന്നിധ്യമായി നിറയുകയും ചെയ്യുന്നു. ഈ അമൂർത്തതയാണ് വായനയിൽ പലതായി ചിതറിനിൽക്കുന്നത്. അപ്പോഴും അലൗകികമായ ഒരാത്മസത്തയുടെ നൂലിഴ പരസ്പരം ബന്ധിച്ചു നിൽക്കുന്നതായി കാണാം. ആ സൗന്ദര്യസ്വരൂപം കവിതയെ കൂടുതൽ ആഹ്ലാദമുള്ളതാക്കിത്തീർക്കുന്നു.
മഴയുടെ നാനാമുഖങ്ങൾ കണ്ട മലയാള ഭാവനയ്ക്ക് മഴ തൻമറ്റേതോമുഖം വരച്ചുനൽകുകയാണ് മീര കെ.എസ് ഒറ്റക്കൊരുമഴ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 സിസംബർ 28)യിലൂടെ. മഴയുടെ എകാന്തമായ പെയ്ത്ത്, അതിൻ്റെ ഏകാകിയായ സഞ്ചാരം, കാമ്യവും കദനവു മായ അതിൻ്റെ അവസ്ഥാന്തരങ്ങൾ എല്ലാം ചടുലമായ താളത്തിൽ ആവിഷ്കരിക്കപ്പെടുന്നു.
ഒറ്റക്കൊരു മഴവിങ്ങിപ്പൊട്ടി പെയ്തു തുടങ്ങുന്നു.
കാട്ടിൽ കനവിൽ നാട്ടിടവഴിയിൽ യാത്രകൾ തുടരുന്നു;
കാറ്റിൻ കരവലയത്തിൻ ചൂടിലമർന്നു മയങ്ങാതെ
കൂട്ടം തെറ്റും കണ്ണീർച്ചുഴിയിൽ പെയ്തു തിളങ്ങുന്നു.
ഇങ്ങനെ പ്രണയാതുരമായ ഒരു മഴപ്പെയ്ത്തായി കവിത പരിണമിക്കുന്നു.
ഹതാശമായ നിമിഷങ്ങളിൽ നിന്ന് പ്രകാശപൂരിതമായ ഉണർവുകളിലേയ്ക്ക് ഒരാൾ എത്തിപ്പെടുന്നത് തികച്ചും യാദൃശ്ചികമാവും. പ്രകാശം പരത്തുക ഒരു പെൺകുട്ടിയാവും. സെറീനയുടെ ഓറഞ്ചു മണം എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2020 സിസംബർ 28) ഇത്തരമൊരു അനുഭൂതിയെ പ്രദാനം ചെയ്യുന്നു.
ആരും തിരിച്ചറിയാത്തൊരിടത്ത് ഇറങ്ങേണ്ടിയിരുന്ന ഒരു യാത്രികൻ, തീവണ്ടിയിൽ യാത്ര ചെയ്യുകയാണ്. അറിയാത്ത നാട്ടിലെ അടിയൊഴുക്കുള്ള ഏതോ നദി അയാളിൽ കുതിക്കുന്നുണ്ട്. എല്ലാ ഭാരവുമൊഴിഞ്ഞ് ഒരു തൂവലായി ജലപ്പരപ്പിൽ പൊങ്ങി നിൽക്കുകയാണയാൾ. തീവണ്ടിയിൽ മരിച്ചവരും ജീവനുള്ളവരും ഇടകലർന്നിടപഴകുന്നു.
അരികിലിരുന്ന് മധുര നാരങ്ങ
തിന്നുന്ന പെൺകുട്ടി
അയാളെ നോക്കി
നടന്നു തളർന്ന ഒരാൾക്ക്
കൈകളിലേക്ക് വെള്ളം പാർന്നു കൊടുക്കുന്നത്
പോലെ അവളുടെ നോട്ടം
തീർച്ചയായും ആ പെൺകുട്ടി അയാളെ ഉണർത്തുന്നുണ്ട്. കണ്ണിലേയ്ക്ക് പിഴിഞ്ഞ് തെറിപ്പിക്കുന്ന ഓറഞ്ചുതൊലിയുടെ നീറ്റൽ പോലെ പൊടുന്നനെ അയാൾക്ക് കരുണയാൽ കരച്ചിൽ വരുന്നു. കരുണ തേടുന്ന അയാൾ കരുണ നൽകി മറ്റൊരാളെ കടാക്ഷിക്കുന്നതു പോലെ കവിത.
കവിത മാത്രമല്ല സങ്കല്പങ്ങൾ. നമ്മുടെ ജീവിതവും സങ്കല്പങ്ങളുടെ യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ യാഥാർത്ഥ്യമാക്കേണ്ടതിൻ്റെ സങ്കല്പങ്ങളാണ്. മുരിങ്ങയിലയെ പ്രതീകമാക്കി രാജൻ സി.എച്ച് ഇത് ആവിഷ്ക്കരിക്കുന്നു (മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം- മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 28).
മുരിങ്ങയിലത്തോരന്
മുരിങ്ങയില തന്നെ വേണമെന്നില്ല
ഏതിലയും മുരിങ്ങയിലയെന്ന്
ഏതു മരത്തിലും ചെടിയിലും
മുരിങ്ങയിലയെന്ന്
………………………..
കരുതിയാൽ മതി.
ഈ സങ്കല്പനങ്ങൾ പക്ഷേ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയണമെന്നില്ല. സങ്കല്പിക്കുന്നവർ മാത്രം അതിൽ ബോധ്യപ്പെട്ട് ജീവിച്ചു കഴിഞ്ഞു കൊണ്ടേയിരിക്കും.
വന്യത കാടത്തമായെണ്ണുന്ന പരിഷ്ക്കാര ലോകത്തിനപ്പുറത്ത് വന്യതയിൽ ജീവിതത്തിൻ്റെ സ്വഛന്ദത തേടുകയാണ് ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ ആരണ്യകാണ്ഡം ( മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഡിസംബർ 28). പരിഷ്ക്കാരത്തിൻ്റെ പൊള്ള ലോകത്തെക്കുറിച്ച് കവി പറയുന്നത് നോക്കൂ.
പ്രാരബ്ധമാം രാജകർമ്മം
ദീർഘമാമസ്വസ്ഥജീവ സഞ്ചാരണം
സ്നേഹ കാരുണ്യമകന്ന പാഠാലയം
കാമലോഭാർത്ഥിതൻ സ്വാർത്ഥ രണാങ്കണം
മായം കലർന്ന മനം കലുഷം ജന്മ
ദീർഘ വിഷാദം വമിക്കും തടവറ
പരിഷ്കൃത ജീവിതത്തിൻ്റെ ഈ തടവറ ഭേദിച്ചാണ് അയാൾ വനാന്തരത്തിൻ്റെ ജീവിത സ്വഛന്ദതയെ കാമിക്കുന്നത്. വളരെ പഴകിയ വൃത്ത നിബദ്ധതകൊണ്ടും ഒട്ടും നവ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ കൊണ്ടും കവിതയ്ക്ക് ഒരു പുതിയ അനുഭവം പകരാൻ കഴിയാതെ പോകുന്നു.
മലയാള കവിതയിൽ ആവിഷ്കരിക്കപ്പെട്ട ഉദാത്ത സങ്കല്പങ്ങളെ ഉടച്ചുവാർക്കുകയാണ് നിലാവ്, മഴ, കാറ്റ് അഥവാ കുടിയൊഴിക്കൽ എന്ന എൻ.ബി.സുരേഷിൻ്റെ കവിത (ദേശാഭിമാനി വാരിക 27 ഡിസംബർ 2020) അന്തിയുണ്ട് പഴങ്ങൾ തൻ മാംസം മന്ദം മന്ദം നുണഞ്ഞിരിക്കുമ്പോൾ അവളുടെ മൃദുരോ മചാരുവാം അടിവയർ കണ്ട് കാമം തോന്നുന്നു. ആശാൻ്റെ ചണ്ഡാലഭിക്ഷുകി അനാഥമായ ടെലഫോൺ പോസ്റ്റിൽ ചാരി നിൽക്കുന്നു. പാതി നഗ്നതയിൽ തൻ്റെ കിടക്കയിൽ നീറിക്കിടന്ന കാമുകിയെ ഓർത്ത് അയാളിൽ കൊമ്പുക്കുത്തിക്കളിക്കുന്ന കാമവും സദാചാരവും പൊട്ടിയൊഴുകുന്നു. വെണ്ണതോൽക്കുമുടലിൻ സുഗന്ധിയാമെണ്ണ തേച്ചരയിലൊറ്റമുണ്ടുമായ് അവൾ സിഗരറ്റ് പുകച്ചു നിൽക്കുന്നു. ഇങ്ങനെ മലയാള കവിതയുടെ ഉൽകൃഷ്ടാവിഷ്കാരങ്ങൾ മുഴുവനും ശിഥില ബിംബങ്ങളായി മാറുന്നു. ആസ്വാദനത്തിന് ഒട്ടുംസഹായിമില്ലാത്ത ഈ ശൈഥില്യചിത്രം കൊണ്ട് എന്തിനാണ് ഈ കവിതയെഴുതിയതെന്ന് വായനക്കാർക്ക് തോന്നിപ്പോവുക തീർത്തും സ്വാഭാവികം. സംസ്കാരത്തിൻ്റെ വിവിധ ചിത്രങ്ങളാണ് പ്രകൃതി വരക്കുന്നത് എന്ന് തോന്നും ചുറ്റുപാടുകളുടെ സൂക്ഷമനോട്ടത്തിൽ. മണിക്കുട്ടൻ ഇ.കെയുടെ ഒരു വൈകുന്നേരത്തെ പകർത്തുമ്പോൾ എന്ന കവിത (ദേശാഭിമാനി വാരിക 27 ഡിസംബർ 2020) ചെറുതും സരളവുമെങ്കിലും കൗതുകകരമായ ഒരനുഭൂതി ചിത്രം നമ്മളിൽ നിർമ്മിക്കുന്നു.
മരം നിഴലുകൊണ്ട് വരച്ചു മരത്തെയ്യം മുകിൽ നിറം കൊണ്ട് കൊത്തി മേഘത്തെയ്യം ഇല കാറ്റ് കൊണ്ട് വിറച്ചു ഇലത്തെയും മലയൻ മുടിയഴിച്ചു തോറ്റം കുടഞ്ഞു മുഖത്തെഴുത്തുമായി ഒരു തുമ്പി പാറക്കെട്ടുകൾക്ക് മുകളിലൂടെ നൃത്തം ചവിട്ടി. ഇങ്ങനെ ഒരു വൈകുന്നേരത്തെ ചിത്രമായി കൊത്തിയെടുക്കുമ്പോഴും അതിൽ എഴുന്നു നിൽക്കുന്നുണ്ട് ഒരു ജനകീയ സംസ്കൃതി.
ഇങ്ങനെ കവിത പകരുന്ന അനുഭൂതി കവിയുടെ അനുഭൂതിയായി മാത്രം നിൽക്കാതെ വായനക്കാരുടെ കൂടി ഉള്ളനുഭൂതിയെ ഉണർത്തുമ്പോഴാണ് കവിതാ വായന ഒരു പ്രവൃത്തിയായി വളരുന്നത് അതിനുള്ള വാക്കുകളും ബിംബങ്ങളുമാണ് കവികൾ ഉപയോഗിച്ചുകൊണ്ടിരിക്കേണ്ടത്. അത്രമേൽ ആത്മനിഷ്ഠമാവുമ്പോൾ വായനക്കാരുടെ ആത്മഭാവവുമായി കവിത നടത്തുന്ന സംവാദത്തിലൂടെ കവിയിലെന്ന പോലെ അനുവാചകരിലും കവിത പ്രവർത്തിച്ചു തുടങ്ങുന്നു.
ദേവേശൻ േപേരൂരിെന്റെ പഠനം ഗംഭീരം. പുതിയ കവിതയെ സത്യസന്ധമായി വിലയിരുത്തുന്ന പംങ്തി . ആശംസകൾ