കണ്ണുനീർത്തുള്ളി

തപ്തമായ മനസ്സിൻ്റെ നീരവധ്വനിയായിരുന്നു സുഗതകുമാരി. വിഷാദം ഖനീഭവിച്ച വാക്കുകൾ കൊണ്ട് വിമോചനത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ തീർക്കുകയായിരുന്നു അവർ. ഒന്നിനോടും കലഹിക്കാത്ത പുതിയൊരു മാനവചേതനയെ അവർ ഉൾവഹിച്ചു പോന്നു. തിരിച്ചറിയപ്പെടാത്ത ഒരു കാമുകി എപ്പോഴും അവരിൽ  ഏതോ പ്രകൃതിയുടെ പ്രപഞ്ചപ്പൊരുളുകളുടെ പൗരുഷരൂപത്തെ ധ്യാനിച്ചു കൊണ്ടേയിരുന്നു. വിഷാദം ഉറഞ്ഞുകൂടി  ഉറച്ചു പോയ ഒരു മുഖമായിരുന്നു അവരുടേതെങ്കിലും ആർദ്രത വറ്റാത്ത കിണറായിരുന്നു അവരുടെ ഹൃദയവും കവിതയും.

കാല്പനികതയുടെ ഇഴകൾ കൊണ്ട് നെയ്തെടുത്ത അനുകമ്പാഭരിതമായ നീതിവാക്യമായിരുന്നു സുഗതകുമാരിയുടെ കവിതകൾ. പാരമ്പര്യ നിഷേധമോ വിശ്വാസ രാഹിത്യമോ പ്രത്യാശാനാശമോ അവരുടെ കവിതകളെ ഗ്രസിച്ചിരുന്നില്ല. കരുണയുടെ നീരുറവകളായിരുന്നു ഓരോ വാക്കും. ജീവിതത്തിൻ്റെ അനന്തതയോളം സഞ്ചരിച്ച് അഗാധതയിൽ നിന്ന് സത്യത്തെ കണ്ടെത്താനുള്ള പരിശ്രമമായിരുന്നു ടീച്ചർക്ക് ഓരോ കവിതകളും. ആദ്യ കവിതാ സമാഹാരമായ മുത്തുച്ചിപ്പി കൊണ്ടു തന്നെ ഭാരതീയ ദാർശനികതയുടെ സത്യാന്വേഷണത്തിൻ്റെ ഇതിഹാസ സദൃശമായ സത്തവേണ്ടുവോളം ഉൾകൊണ്ടിരുന്നൊരു മഹിത വ്യക്തിത്വമായിരുന്നു സുഗതകുമാരി എന്ന് മനസ്സിലാകും. ചിപ്പിയുയുടെ തുറന്ന കവാടത്തിൽ വന്നു പതിക്കുന്ന വിണ്ണിൻ കണ്ണുനീർത്തുള്ളി മനുഷ്യ പക്ഷത്തുനിന്നുള്ള സത്യോദയകാംക്ഷ തന്നെയായിരുന്നു.

ഹിംസാത്മകമായിത്തീരുന്ന സാമൂഹിക മനോഭാവത്തിനു നേരെയുള്ള ആക്രോശങ്ങളോ പ്രഖ്യാപനങ്ങളോ അവരുടെ കവിതകളിൽ കണ്ടെത്താനാവില്ല. മറിച്ച് പ്രത്യാശാ രഹിതമായ ഒരു കാലത്ത് മനുഷ്യർ ഈശ്വരാഭിമുഖമായിത്തീരുമ്പോഴുള്ള ഉൻമേഷം കവിതകളിലാകെ ചൈതന്യം ചൊരിയുന്നുണ്ട്.  മലയാളത്തിൻ്റെ മഹാകവയിത്രി സുഗതകുമാരിയെക്കുറിച്ചുള്ള ഓർമ്മയുടെ തിരയിളക്കങ്ങളിൽ ഈ ആഴ്ച്ചയിലെ കാവ്യവായന അവതരിപ്പിക്കുന്നു.

മഹത്തായതിനെ മാത്രം കാണുന്ന കാവ്യമനോഭാവം പുതുഭാവന ഉപേക്ഷിച്ചിട്ട് കാലങ്ങളേറെയായെങ്കിലും ഇപ്പോഴും പുതു കവിതകളിൽ ധാരാളം തെളിവുകൾ ഒളിമിന്നുന്നുണ്ട്. ഭൂപടത്തിൽ രേഖപ്പെടുത്താനാവാത്ത കടൽ എന്ന മൊയ്തു മായിച്ചാൻകുന്നിൻ്റെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 4) അത്തരത്തിലുള്ള മിന്നുന്ന ഒരു തെളിവാണ്. നിളയെക്കുറിച്ചറിയുകയും നമ്മുടെ കൈതോടിനെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു പഴയ ഭാവനയുടെ മുഖമുദ്രയെങ്കിൽ അതിനെ തിരുത്തിക്കൊണ്ടാണ് പുതുഭാവന ഉയിരെടുത്തത്. അതുകൊണ്ടാണ് ഞാൻ തോടുകളുടെ കവിയാണ് എന്ന് എസ്.ജോസഫ് പറയുന്നത്. ഇവിടെ മൊയ്തു മായിച്ചാൻകുന്ന് പങ്കിടുന്നതും ഇതേ ഭാവന തന്നെ.

ബുർജ് ഖലീഫയുടെയും
കിങ്ഡം ടവറിൻ്റെയും
ഉയരം കുറിച്ചവർക്ക്
ഈ ഒറ്റമുറിക്കുള്ളിലെ
കട്ടിലുകളുടെ അഥവാ
ഉറക്കപ്പായയുടെ
ഉയരം കുറിക്കാനാവില്ല. ലോകാൽഭുതങ്ങൾ കണ്ടു വളർന്ന കണ്ണുകളൊന്നും ഈ ചെറിയ കാഴ്ചകളൊന്നും കാണുന്നില്ലല്ലോ എന്ന പരിദേവനമാണ് കവി പുലർത്തുന്നത്.

ശിശു നിദ്രയുടെ വിമോഹനമായ ചിത്രരേഖയാണ് ബിജു കാഞ്ഞങ്ങാടിൻ്റെ നിദ്രാ വര (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 4)കളിപ്പാട്ടങ്ങൾക്കു നടുവിൽ ചടുലമായി വിരലീമ്പി അടഞ്ഞ കണ്ണുകളുമായിക്കിടക്കുന്ന കുഞ്ഞ് കവിയിൽ ഉണർത്തുന്ന ചിത്രം ചായങ്ങളേക്കാൾ ചമയമുള്ളതാണ്. അവന് കൂട്ടിരിക്കുന്നു എലികൾ, മുയലുകൾ, പൂച്ചകൾ, അവനു ചുറ്റും പറക്കുന്നു പട്ടങ്ങൾ. എല്ലാം കൊണ്ടും ശബളമായ ഒരു നിദ്രാവര നിർമ്മിച്ചുവെയ്ക്കുന്നു.

മുദ്ര പതിഞ്ഞ വാക്യമാണ് കവിത എന്നാൽ മുദ്രാവാക്യമല്ല കവിത. കവിതയെ ഇങ്ങനെ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. താൽക്കാലികാവശ്യങ്ങൾക്കായുള്ള മുദ്രാവാക്യമായി എഴുതപ്പെട്ടതാണ് ഡോ.വി ജി പ്രദീപ് കുമാറിൻ്റെ വയലലകൾ എന്ന കവിത (ദേശാഭിമാനി വാരിക 3 ജനുവരി 2021) പലപ്പോഴും മുദ്രാവാക്യങ്ങൾക്ക് തിളക്കുന്ന സമരോൽസുകതയെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ വയലലകൾ ഏറ്റവും ദുർബലമായ മുദ്രാവാക്യമായിത്തീരുന്നു. കർഷകർ നടത്തുന്ന ഇതിഹാസ സദൃശമായ സമരത്തിൻ്റെ കാലത്ത് രൂക്ഷമായ അഭിവാദ്യമെങ്കിലും കവിതകൊണ്ട് നിർവഹിക്കപ്പെടേണ്ടതുണ്ട്.

കർഷകർ സ്വപ്നം കാണുന്ന ഏറ്റവുംസമന്വിതമായ പ്രകൃതി ലോകത്തെ ആവിഷ്ക്കരിക്കുകയാണ് എസ്.രാജശേഖരൻ കാർഷികം എന്ന കവിത (ദേശാഭിമാനി വാരിക 3 ജനുവരി 20 21 )യിൽ.

കുറ്റവാളികൾക്ക് കുറ്റവാസന മാത്രമല്ല കുറ്റബോധവാസനകൂടിയുണ്ടാകും. അയാൾ കട്ടെടുത്ത മോതിരമിട്ടചെറുവിരൽ നീറി നീറി അറ്റുപോകാം. അയാൾ മോഷ്ടിച്ച അന്നം തൊണ്ടയിൽ കെട്ടി നിന്നിരിക്കാം. തഴുതിട്ടതൊക്കെയും ഒളി കണ്ണാൽ തുറന്ന് കുറ്റബോധത്താൽ കൂടിക്കഴിയുന്നവനാവും കുറ്റവാളി.എം.ആർ.വിഷ്ണുപ്രസാദ് ഈ വിധം ഒരു കുറ്റവാളിയെ കുറ്റവാസന എന്ന കവിത (ദേശാഭിമാനി വാരിക 3 ജനുവരി 2021) യിൽ അവതരിപ്പിക്കുന്നു.

സുധീഷ് കൊട്ടേമ്പ്രത്തിൻ്റെ ഉപ്പ് (ദേശാഭിമാനി വാരിക 3 ജനുവരി 2021) തീവ്രാനുഭവങ്ങളുടെ കാലത്തെ ഭാഷ വിരസാനുഭവങ്ങളുടെ കാലത്ത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാട്ടിത്തരുന്നുണ്ട്. വികാരങ്ങളിൽ നിന്ന് മാറി നടക്കുമ്പോൾ വിവേകത്തിൻ്റെ ഭാഷയി തല്ലല്ലോ എന്ന് കടലിൽ നിന്ന് ഉപ്പിനെ വേർതിരിക്കുന്നതു പോലെ അരിച്ചെടുക്കാൻ കഴിയുന്നുണ്ട്. പ്രണയത്തെ മുൻനിർത്തിയുള്ള ഈ കാവ്യപര്യാലോചനയ്ക്ക് ഏറെ സൗന്ദര്യം.

ഇങ്ങനെ കണ്ണീരും കാഴ്ചയുമായി ഈ ആഴ്ചയിലെ കവിത കടന്നു പോകുന്നു. ജീവിതത്തെ പുനർനിർമ്മിക്കുന്ന ഭാവനകളും ജീവിതത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളും ഉണ്ട് ഇവയിൽ.

1 Comment
  1. യൂസഫ് നടുവണ്ണൂർ 2 weeks ago

    നല്ല വായന . ആശംസകൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account