വിരുദ്ധ സത്യവും വിയോഗത്തിൻ്റെ ദുഃഖവും

മറ്റൊരു ലോകത്തെ കുറിച്ചുള്ള വിചാരമാണ് കവിത. സത്യത്തിൻ്റെ മറുപുറം ഒരു സൗന്ദര്യ ദർശനമായി അതിൽ നിറഞ്ഞു തുളുമ്പുന്നു. വ്യവസ്ഥാപിതമായിത്തീർന്ന ഒരു സൗന്ദര്യ ലോകത്തെയും അത് ശാശ്വതീകരിക്കുന്നേയില്ല അങ്ങനെ ശാശ്വതീകരിക്കുന്നെങ്കിൽ അത് കവിതയുമാവില്ല. ഈ ആഴ്ചയിലെ കവിതകൾ അധികവും ഇങ്ങനെ വിരുദ്ധ സത്യത്തെ അന്വേഷിക്കുന്നുണ്ട്. ഒപ്പം സുഗതകുമാരിയുടെ വിയോഗത്തോടെ കരിന്തിരിയായിപ്പോയ മലയാള ചേതനയെയും ആവിഷ്കരിക്കുന്നു.

അതിപാവനമായ ഒരു ജീവിതത്തിൻ്റെ യുഗാന്ത്യമാണ് സുഗതകുമാരിയുടെ വിയോഗത്തോടെ മലയാളത്തിന് സംഭവിച്ചത്. ഹൃദയവേദനയോടെ സച്ചിദാനന്ദൻ അത് ഓർക്കുന്നു. ഇല്ല വരില്ലിനി (സുഗതകുമാരിക്ക്) എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ജനുവരി 10-16) യിൽ

ഇല്ല വരില്ലിനി നിൻ കൊച്ചു വീട്ടിൽ ഞാൻ
മുല്ല മണം പേറുമുമ്മറത്തൊന്നിച്ചു
നമ്മളിരിക്കില്ല, സല്ലപിക്കില്ലിനി –
യിന്നലെ പൂത്ത മഴതൻ നിലാവിനെ
മെല്ലെ സ്മൃതിയാൽ തലോടി, നിൻ പ്രക്ഷീണ-
സുന്ദര ശബ്ദത്തിലുണ്ണിക്കവിത നീ
ചൊല്ലുകയില്ല,തുകേട്ട ലിയില്ല യുൾ-
മഞ്ഞ് നീരായ്, അതിലാമ്പൽ വിരിയില്ല.
എന്ന നഷ്ടബോധമാണ് കവിക്കുള്ളത്. നിരന്നിരുന്ന ആൾക്കൂട്ടത്തിൽ ഒരാളായി ഒറ്റയായി എന്നാൽ ഒറ്റയല്ലാതായിരുന്ന ഒരാളായി സുഗതകുമാരിയെ  കണ്ടെത്തുകയാണ് സാവിത്രി രാജീവൻ മൂന്നാം ചുവട് വെയ്ക്കുമ്പോൾ എന്ന കവിത( മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 11-18) യിൽ. ഒച്ചയോ അലർച്ചയോ ആയി വെളിച്ചപ്പെടാതെ നീലിച്ചു മെലിഞ്ഞ ചുണ്ടുകൾ. അവ അശരണ വാക്കുകൾ ജപിക്കുന്നത് കവയിത്രി കേൾക്കുന്നു. അവരിപ്പോൾ സ്വർഗത്തിലേയ്ക്കോ പാതാളത്തിലേയ്ക്കോ ഒരു മൂന്നാം ചുവടുവെച്ചല്ലോ എന്ന് വേദനിക്കുന്നു.

ഏഴാച്ചേരി രാമചന്ദ്രന് സുഗതകുമാരി ഒരു നീലത്താമരയായിരുന്നു.(ദേശാഭിമാനി വാരിക 10 ജനുവരി 2021) കണ്ണുനീർത്തടാകത്തിൻകടവിൽ ഗ്രീഷ്മത്തിൻ്റെ പെങ്ങൾ പൂജിക്കും നീലത്താമര മടങ്ങിപ്പോയ് എന്ന് ഗദ്ഗദ കണ്ഠനാവുകയാണ് ഏഴാച്ചേരി. ഏതോ ദൂര തടങ്ങളിൽ നിന്ന് പറന്നു വന്ന ഒരു വാനമ്പാടി ഭാവമനോഹരഗാനാലാപന മാധുരിപാടി പോയല്ലോ എന്ന സങ്കടമാണ് ശ്രീധരനുണ്ണി പങ്കുവെയ്ക്കുന്നത് (സുഗതകുമാരിയോട് – ദേശാഭിമാനി വാരിക 10 ജനുവരി 2021).വിശുദ്ധമായ വിളക്കിൻ്റെ പാവന പ്രകാശമായിരുന്നു കവയിത്രിയെന്നും ഓർക്കുന്നു. വെളിച്ചം കെട്ടുപോയല്ലോ എന്ന വേപഥു തന്നെയാണ് ബിന്ദു കൃഷ്ണയ്ക്കും(സുഗതകുമാരിക്ക് യാത്രാമൊഴി ദേശാഭിമാനി വാരിക 10 ജനുവരി 2021) ഉള്ളത്. നോവുകൾക്കൊന്നും അഭയമില്ലാതാവുന്നുവല്ലോ, രാത്രിമഴതൻ കുളിർതേടി മണ്ണും വേവു തിന്നുന്നുവല്ലോ എന്നും വേദനിക്കുന്നു.

അനുഭൂതി രഹസ്യത്തിൻ്റെ ഒരു വിരുദ്ധലോകം തുറക്കുന്നുണ്ട് സച്ചിദാനന്ദൻ  രഹസ്യം എന്ന മറ്റൊരു കവിതയിൽ (മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 1-8) ഊമയായിരിക്കണം വാക്കിന്നൂക്കറിയുവാൻ, സൂര്യതേജസ്സറിയുന്നത് കുരുടനായിരിക്കും. ഇല്ലാതിരിക്കുന്നൊരാളാണ് ഉൺമയെ ഉൾകൊള്ളുന്നതെന്ന രഹസ്യം പങ്കുവെക്കുന്നു.

കല്പറ്റനാരായണൻ്റെ മൂന്നു കവിതകളുണ്ട് മാധ്യമം പുതുവർഷപ്പതിപ്പിൽ (2021 ജനുവരി 1-8) അകപ്പെട്ട ജീവിതത്തിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ അടഞ്ഞു പോയ സ്ത്രൈണ ജീവിതത്തെ ആവിഷ്കരിക്കുന്നു ‘പരകാര്യവ്യഗ്രത’. ലോകം അടഞ്ഞുകിടന്ന കാലത്ത് ശ്രീകോവിലിൽ മയങ്ങിയ മാനവരുടെ ദൈവത്തെ ചോദ്യം ചെയ്യുന്നു ‘നിലവറകൾ’. “ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഞങ്ങൾ വീട്ടുതടങ്കലിലായപ്പോൾ നിങ്ങളെന്തു ചെയ്യുകയായിരുന്നു എന്ന്,  നാടാകെ വെറുങ്ങലിച്ചപ്പോൾ ഭൂമിയിലെ ഏറ്റവും മനോഹരമായ മണിമന്ദിരങ്ങൾ അകത്തു നിന്നു പൂട്ടി നിങ്ങളെന്തെടുക്കുകയായിരുന്നുവെന്ന് ” അല്പം ഉശിരോടെ ചോദിച്ചു പോകുന്നുണ്ട് കവി. സ്വർഗ നരകങ്ങളുടെ വിരുദ്ധ ധ്രുവങ്ങൾ തെളിയുന്ന കവിതയാണ് സ്വർഗവും നരകവും. ഉൺമയുടെ വിപരീതമായ ജ്ഞാനമുണ്ട് ഇവിടെയും. അജ്ഞാനി സ്വർഗത്തിലും ജ്ഞാനി നരകത്തിലും പ്രവേശിക്കുമെന്ന വിജ്ഞാനം പകരുന്നതാണ് കവിത.

മാനുഷികതയുടെ മറ്റൊരു പേരാകുന്നു വന്യത. കാമവും പ്രേമവും വന്യതയുടെ സൗന്ദര്യ ലോകങ്ങൾ. ഇവിടെ ആണായിത്തീരുന്നു പെൺകുട്ടി, പെണ്ണായിത്തീരുന്നു ആണും. പ്രണയത്തിലെപ്പോഴും ഇങ്ങനെ സംഭവിക്കും. പ്രണയം പെൺകുട്ടിയെ കൂടുതൽ സ്വതന്ത്രയാക്കും ആണിനെ അടിമയാക്കും. അയാൾ കാമുകിയുടെ വിനീതവിധേയനായിത്തുടരും. ദാമ്പത്യം ഈ അധികാര ബന്ധത്തെ തല തിരിച്ചിടുന്നതു കാണാം. എസ് ജോസഫ് ഇത് ആവിഷ്കരിക്കുന്നു അവളും ഞാനും എന്ന കവിതയിൽ (മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 11-18).

പൂ നോക്കുന്ന കവി മാത്രമല്ല പൂന്തോട്ടം കാവൽക്കാരനും സൗന്ദര്യദർശകർ തന്നെ. കവി നോക്കുന്നത് പൂവെങ്കിൽ തോട്ടക്കാരൻ്റെ നോട്ടത്തെ ഉണർത്തുന്നത് ഉണക്കം വിട്ട് തെഴുത്തു വരുന്ന കൊമ്പോ കിളിർക്കുന്ന വേരോ ആവാം. പൂ മാത്രമല്ല സൗന്ദര്യം. ഉണങ്ങാത്ത കൊമ്പും തളിർക്കുന്ന വേരും ആണ്. ഇത് വരേണ്യമായ സൗന്ദര്യ ദർശനത്തെ തകിടം മറിക്കുകയാണ്. സച്ചിദാനന്ദൻ്റെ കവിതയിൽ (പ്രവാചകനും ഉറുമ്പും) ഉറുമ്പ് പ്രവാചക പദവിയിലേക്ക് ഉയരുന്നതുപോലെ തോട്ടക്കാരൻ കവിക്കു മേലേക്കുയരുന്നു. വീരാൻകുട്ടി കവി എന്ന കവിതയിൽ ഇങ്ങനെ ഒരു വിപരീത ദർശനം നടത്തുന്നു. (മാധ്യമം പുതുവർഷപ്പതിപ്പ് ജനുവരി 11-18).

എം ആർ രേണു കുമാറിൻ്റെ ‘അഞ്ചു കവിതകൾ’ ( മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 11-18) ജീവിതത്തിൻ്റെ അഞ്ച് അവസ്ഥകളിലൂടെ നമ്മെ വലിച്ചുകൊണ്ടു പോകുന്നു. മുട്ടോളമുള്ള ഭൂതകാലക്കുളിർ ഒരു ജനതയെ  ഭൂതകാലത്തിൻ്റെ  ദൈന്യതയുടെ ആഴത്തിലേയ്ക്കാണ് യഥാർത്ഥിൽ മുങ്ങിത്താഴ്ത്തുന്നത്. അതു കൊണ്ട് തന്നെ ദളിതമായ ജീവിതാവസ്ഥകൾക്ക് ഭൂതകാലം ഗൃഹാതുരമായ കാല്പനികതയല്ല. മഴ അവർക്ക് ആസ്വാദ്യമായ കാഴ്ചയനുഭവുമല്ല .ചോർന്നൊലിക്കുന്നൊരു വീട്ടനുഭവമാണത്.
അതുവരെയിനി
മറവി തീണ്ടാത്ത ഓലപ്പെരത്താഴെ
ചാണകത്തറയിൽ
ഉറങ്ങാതുറങ്ങാം.
കവിതയായ് വരുന്ന കാമുകിയുണ്ടൊരു കവിതയിൽ. ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും ഒരു പെൺകുട്ടിയുടെ ആരാധകനായിത്തീരുന്ന അവസ്ഥയുണ്ട് മറ്റൊന്നിൽ.

പി. എ നാസിമുദ്ദീൻ്റെ പിമ്പും ജ്ഞാനിയും (മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 11-18) ഏറ്റവും ശക്തവും അഗാധമായ ജ്ഞാനാനുഭവവുമായിത്തീരുന്നു. ആത്മജ്ഞാനത്തിൻ്റെ വിരുദ്ധ സീമകളിലൂടെ കവിത നമ്മെ ആനയിക്കുന്നു. തൻ്റെ ഉപഭോക്താക്കളെ തേടി നടക്കുന്ന ഒരു പിമ്പ് ഗ്രന്ഥപാരായണം നടത്തുന്ന ഒരവധൂതനിൽ എത്തിച്ചേരുന്നു. അയാൾ ഗ്രന്ഥ പാരായണം മതിയാക്കി പിമ്പിൻ്റെ പിന്നാലെ പോകുന്നു. ശയ്യാതലത്തിൽ പല തരം യോനികളുടെ വട്ടെഴുത്തുകൾ നീട്ടെഴുത്തുകൾ അവധൂതൻ വായിച്ചു തുടങ്ങി. പിന്നെ ഉടലുകൾ വീണകളായി പലതരം പ്രപഞ്ച രാഗങ്ങളുതിർത്തു. പിമ്പാവട്ടെ അവധൂതൻ്റെ ചെറുമുറിയിലിരുന്ന് ഓരോ പുസ്തകങ്ങൾ ഓരോന്നായ് ഉറക്കമൊഴിച്ച് വായിക്കാനാരംഭിച്ചു. അനുഭവ തീക്ഷ്ണതയുടെ ചൂടേറ്റ അക്ഷരങ്ങളിൽ കിടന്ന് പിമ്പും മെലിഞ്ഞ പെണ്ണിൻ്റെ മാറിൽ കിടന്ന് അവധൂതനും ബോധോദയം നേടുന്നു. ബോധോദയത്തിൻ്റെ വഴി നിശ്ചലമായ ധ്യാന മോ പുസ്തകജ്ഞാനമോ ഐന്ദ്രിയ നിയന്ത്ര ണമോ അല്ലെന്നും ആത്മസമർപ്പണത്തിൻ്റെ കാമന കൂടിയാണെന്നും വരുന്നു. ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയിൽ വേശ്യയായ കമലയിൽ നിന്ന് സിദ്ധാർത്ഥൻ ജീവിതപാഠം നുകരുന്നതുപോലെയാണ്  നാസിമുദ്ദീൻ്റെ പിമ്പും ജ്ഞാനിയും എന്ന കവിതയിൽ ജ്ഞാനി ആത്മജ്ഞാനത്തിൽ എത്തിച്ചേരുന്നത്.

അധികാരം അതിൻ്റെ വ്യാജ കല്പനകൾ കൊണ്ട് നിർമ്മിക്കുന്ന സ്വർഗരാജ്യത്തിൻ്റെ പൊള്ളത്തരങ്ങൾ പുറത്തെടുക്കുന്നു സെബാസ്റ്റ്യൻ്റ പരുന്തുംപതാകയും ( മാധ്യമം പുതുവർഷപ്പതിപ്പ് 2021 ജനുവരി 11-18) ലോകം ആകെ നിശ്ചലമായി നിൽക്കുന്നു. പുസ്തകങ്ങളോ മേശയോ കസാരയോ വാർത്തകളറിയുന്ന യന്ത്രങ്ങളോ മിണ്ടുന്നില്ല. നിന്നു തിരിയുന്ന ഭൂമി മാത്രം സത്യം. ഉണരുമ്പോഴും ഉറങ്ങുമ്പോഴും ജീവിതത്തെ വെറുതെ വലിച്ചു നീട്ടുമ്പോഴും യവന കഥയിലെന്ന പോലെ ഒരു കറുത്തപരുന്തു വന്ന് കൊത്തിവലിക്കുന്നു. നുണകളുടെ രാജാക്കൻമാർ പതാകകളുമായി ആകാശം മൂടുന്നു. മാനവരാശിയിൽ എല്ലാ ഭരണകൂടങ്ങളും ഭീതി മാത്രം വിതയ്ക്കുന്നവരായിത്തീരുന്നു.

ഇങ്ങനെ മഹാകവയിത്രിയുടെ വേർപാടിൻ്റെ കണ്ണീരും  മഹത്തരമായെണ്ണുന്നതിനോട് വേർപിരിയുന്നതിൻ്റെ കാഴ്ചയുമായി ഈ ആഴ്ചയിലെ കവിതകൾ കടന്നു പോകുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account