പുതിയ നീതിവാക്യമാകുന്ന കവിത

സഫലമാവാത്ത നീതിവാക്യമാകുന്നു കവിത. നൈതികതയുടെ അഗ്നിഫുലിംഗങ്ങൾ കവിത യിലെപ്പോഴും  കത്തിനിൽക്കുമെങ്കിലും ആസന്നമായ ജീവിത സന്ദർഭങ്ങളിലൊന്നും അത് സാർത്ഥകമായിത്തീരുന്നേയില്ല. അതായിരിക്കാം കവിതയെ കലാതിവർത്തിയാക്കുന്നത്.  ആ നിലയിൽ ഈ ആഴ്ചയിലെ കവിതകൾ പുതിയ നീതി ചൊല്ലുകളായിത്തീരുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് സമീപകാലത്തെഴുതിയ  ശ്രദ്ധേയമായ കവിതയാണ് മൂന്നാംപിറ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ജനുവരി 17-23) കവി ഒരു സന്ധ്യാസമയത്ത് തേങ്ങ വാങ്ങാൻ  കുഞ്ഞിരാമൻ്റെ കടയിൽ പോയതായിരുന്നു. അവിടെ ഒരു സുന്ദരിയെ കാണുന്നു. അവൾ പുഴുക്കലരി ചോദിച്ചപ്പോൾ അവളുടെ പരുപരുത്ത ശബ്ദം കവിയെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഒരു പെണ്ണിൻ്റെ പതിഞ്ഞ പറയൽ പ്രതീക്ഷിച്ച കവിക്ക് കേൾക്കാൻ കഴിഞ്ഞത്  “എൻ്റേതിനേക്കാൾപ്പരുത്ത ശബ്ദം /എൻ്റേതിനേക്കൾ മുരത്തഭാവം”  ആ നിമിഷം കവി ചിന്തിച്ചു പോയി ആദ്യം ആണിനെയും അതിൽ നിന്ന് പെണ്ണിനെയും ദൈവം സൃഷ്ടിച്ചുവെന്നാണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം പറയുന്നത്, എന്തേ ഒരു മൂന്നാം പിറ (third genter) യെക്കുറിച്ച് ദൈവമൊന്നും പറഞ്ഞില്ല. ഈ സന്ദർഭത്തിൽ കവി ഒരു വിശ്വാസരാഹിത്യത്തിൽ അകപ്പെടുന്നു. എന്താണ് തൻ്റെ അസ്തിത്വം എന്നു പോലും ചിന്തിച്ചു പോകുന്നു.” ആകാശമില്ലാതെയായപോലെ / ആരു ഞാനറിയാത്ത പോലെ ” അങ്ങനെ ആലോചിച്ചു നിൽക്കെ അന്ധകാരത്തോടൊപ്പം പലവിധ ചിന്തകൾ കവിയെയും വിഴുങ്ങി.

“ആ യക്ഷസന്ധ്യ വിഴുങ്ങി വീണ്ടും
വായ പിളർന്നു കിടന്നു കാലം” ആ സന്ധ്യാനേരം തൻ്റെ ബോധത്തെ മുഴുവൻ വിഴുങ്ങിയതായും കാലം വാപിളർന്ന ഒരു യക്ഷനെ പോലെ അപ്പോഴും നിൽക്കുന്നതായും കവി അനുഭവിക്കുന്നു. ജീവിതത്തിൽ ഇത്തരം ചെറു നിമിഷങ്ങളാവും ഉയർന്ന തത്ത്വചിന്തയിലേക്കും ജീവിത വിചാരങ്ങളിലേക്കും കവിയെ നയിക്കുന്നത്. കാലത്തെ പിളർന്ന വായയുള്ള ഒരു സർപ്പമായ് എഴുത്തച്ഛനെ പോലെ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടും പല കവിതകളിലും കല്പന ചെയ്തു പോരുന്നുണ്ട്.   ജഗദ്ബ്ഭക്ഷകനാകും കാലം എന്ന് അന്നം എന്ന കവിതയിൽ കാലത്തെ സങ്കല്പിച്ചിരിക്കുന്നു.

ശോക സമയത്തല്ല ശ്ലോകമെഴുതേണ്ടത് ഹർഷ സന്ദർഭങ്ങളിലാണെന്ന് ശോകത്തെക്കുറിച്ച് എഴുതേണ്ടത് എന്ന് റഫീഖ് അഹമ്മദ് (എഴുതുവാൻ – ഭാഷാപോഷിണി 2021 ജനുവരി ).

വളരെ ദുഃഖഭരിതമാം വരികൾ നീ –
യെഴുതിടേണ്ടത് രാവിലല്ലറിയുക
……………………………………………..
എഴുതരുതൊറ്റവരിയുമീ രാത്രിയിൽ
ഇരുളു നിന്നോടുകൂടെയിരിക്കയാൽ അതിനാൽ ഏറ്റവും സങ്കട ഭരിതമായ വരികളെഴുതാൻപുലരിയാണുത്തമം എന്നും കവി കരുതുന്നു. കവനവൃത്തിയെ സംബന്ധിച്ച ഒരു വിപരീത നോട്ടം കവി ഇവിടെ പുലർത്തുന്നു.

എം.എസ് ബനേഷിൻ്റെ പോടാ മൈലേ എന്ന കവിത ( എഴുത്ത് 2021 ജനുവരി ) ബഹു വായനകൾ സാധ്യമാക്കുന്ന ഒരു കവിതയാണ്. സാധു ജീവിയെന്നു കരുതി പോന്ന ദേശീയതയുടെ പ്രതീകമായ മയില് നാട്ടിലിറങ്ങി സാധാരണ മനുഷ്യരുടെ സ്വൈര്യം കെടുത്തുന്ന ഹിംസ്ര ജന്തുവായി മാറുന്നതായാണ് കവിഭാവന. സാധാരണ ജീവിതത്തിൽ ദുരിതം വിതയ്ക്കുന്ന പീലി വിരാച്ചാടുന്ന ആ ദേശീയതയെ നോക്കി പോടാ മൈലേ എന്ന് പറഞ്ഞു പോകുന്ന പാവം ഗ്രാമീണനാണ് കവി.

കാടുകൾക്കകത്തുള്ള
കനികൾ കവർന്നപ്പോൾ
കാടുകൾ നാടായി
മാറിയപ്പോൾ
നാട്ടിലേയ്ക്കെത്തി
വരുന്നു കാരെ പോലെ
പീലി വിടർത്തിയ
ദേശീയത.
………………….
ഇത്രനാൾ ഞങ്ങൾ
വിരുന്നു വിളിച്ചതീ
പന്നമയിലനെ –
യല്ലെന്ന് ചെരിനോട്ടം
……………………….
എൻ്റെ വാഴക്കുല
തിന്നു തീർക്കാൻ വന്നാൽ
മയിലിനെ തെറിവാക്കിൽ
പറപറപ്പിക്കും.

ഇങ്ങനെ ഗ്രാമീണൻ്റെ ഊക്കോടെ പോടാ എന്ന് പീലി വിരിച്ചു നിൽക്കുന്ന സവർണ ദേശീയതയ്ക്കു നേരെ ചോദിക്കാൾ ഇന്ത്യക്കാർക്ക് ഉശിര് വന്നിട്ടുണ്ടോ എന്ന ചോദ്യം കവിത ബാക്കി വെക്കുന്നു. ഇന്നും മയിലുകൾ പെറ്റുപെരുകിയ ഗ്രാമത്തിൽ കൃഷി വിള തിന്നു മുടിഞ്ഞ മണ്ണിൽ മയിലുകൾക്കന്നങ്ങൾ വിതരണം ചെയ്യുന്ന മദകര സെൽഫികൾ പാറിപ്പറക്കുന്നതിൻ്റെ ഉൽകണ്ഠയും പരിഹാസവും കവി പങ്കുവെയ്ക്കുന്നു.

ഡൽഹിയിലെ കർഷകർക്ക് അഭിവാദ്യമർപ്പിക്കുകയാണ് ആർ.ശ്രീലതാ വർമ്മ (സമരഭൂവിലെ കർഷകർക്ക് ദേശാഭിമാനി വാരിക 2021 ജനുവരി17)

അവർ കൃഷീവലർ, അകലെ ദില്ലിയി_
ലനേകനാളായി, സമരം ചെയ്യുവോർ
ദുഷിച്ച നീതിയെ ചെറുത്തും കൊണ്ടവർ
കടുത്ത മഞ്ഞിലും കൊടും തണുപ്പിലും
ഇടവിടാതങ്ങു തുടരും പോരാട്ടം. അങ്ങനെ സമരോത്സുകതയുടെ ഇച്ഛാശക്തിയെ കവയിത്രി അഭിവാദ്യം ചെയ്യുന്നു.

ദൈനംദിന കാഴ്ചകളെ ചിത്രങ്ങളാക്കി മാറ്റുന്നു കണ്ണിൽ കൊത്തിയ ചിത്രങ്ങൾ എന്ന കവിതയിൽ ഷാജി കൊന്നോളി (ദേശാഭിമാനി വാരിക 2021 ജനുവരി17)

നിൻ്റെ കണ്ണുകളിൽ തെളിയുന്നു
പച്ചയിൽ പരന്നു കിടക്കുന്ന വയൽ
നോക്കുകുത്തിയുടെ ചുമലിൽ വന്നിരിക്കും പക്ഷി
വരമ്പിലൂടെ അരി ത്തൻ ചുമലേറ്റിപ്പോകുന്ന
കലപ്പയുടെ ലിംഗാഗ്രം.

ഇങ്ങനെ ജീവിതത്തിൻ്റെ ദുരിത സന്ദർഭങ്ങളും വിമോഹന കാഴ്ചകളാക്കി മാറ്റുന്നുണ്ട് ഇന്നത്തെ മലയാള കവിത.കാഴ്ചയുടെ ഒരു കോയ്മ കവിതയിലും ദൃശ്യമായിത്തീരുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account