ശ്ലഥചിത്രങ്ങൾ

ചിതറി നിൽക്കുന്ന അനുഭവങ്ങളുടെ മുനമ്പിലാണ് ഇന്ന് മലയാളികൾ. അതു കൊണ്ടു തന്നെ ആവിഷ്കാരങ്ങളും അപ്രകാരം തന്നെയാണ്. ഭരണകൂടം അടിച്ചേൽപ്പിക്കുന്ന തീക്ഷ്ണമായ പീഡകൾ മുതൽ, മനമലയുന്ന സ്നിഗ്ധമായ അനുഭൂതികൾ വരെ അനന്തമായ വാക്കിൻവഴികളിലൂടെയാണ് കവിതകളിലേക്ക് ഒഴുകി വരികയാണ്. കർഷകരുടെ വേദനയും ഡിസംബറിൻ്റെ നഷ്ടവും ചരിത്രമില്ലാത്ത ചരിത്രവും പ്രകൃതിയുടെ സൗഭഗങ്ങളും ശ്ലഥചിത്രങ്ങളായി ഈ ആഴ്ചയിൽ ആവിഷ്കരിക്കപ്പെടുന്നു.

ഇന്ത്യയിൽ കത്തിനിൽക്കുന്ന കർഷക സമരത്തെ പ്രമേയമാക്കി കെ.രാജഗോപാൽ എഴുതിയ കവിതയാണ് തത്സമയം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ജനു 24-30)  ആരുമറിയാത്ത ശബ്ദങ്ങളെ ആത്മാവിൻ ആവാഹിക്കുന്നവരാണ് കർഷകരെന്ന് കവി മനസ്സിലാക്കുന്നു.

മണ്ണിലുറങ്ങുന്ന വിത്തിൻ്റെ കൂർക്കം
തണ്ണിമത്തന്നു നീ, രോടും ഓളക്കം
ചോളം പുറമ്പോള ചീന്തും ഞരക്കം
നീലക്കരിമ്പിൻ്റെ വില്ലുമൂളക്കം.

ഇങ്ങനെ മണ്ണിൻ്റെ ഹൃദയതാളങ്ങളെ, മരങ്ങളുടെ ഹൃദയത്തുടിപ്പുകളെയൊക്കെ കർഷകർ അവരുടെ ഹൃദയവേദനയായി അറിയുന്നു. അവരുടെ കഴുത്തിൽ കയർ കുരുക്കുമ്പോൾ മാത്രമേ  ലോകം അവരെ അറിയുന്നുളളൂ എന്ന വേദനയുമുണ്ട് കവിക്ക്. നീതിക്കുവേണ്ടിയുള്ള അനന്തമായ കുത്തിയിരിപ്പിലാണ് അവരിന്ന്.

കുത്തിയിരിപ്പാണു നിങ്ങൾ നിരത്തിൽ
കത്തിപ്പടരുന്നു പാടം, പരുത്തി
ഒട്ടും അകലത്തിലല്ലാതെ കാണാ-
മിപ്പോൾ കടുകിൻ്റെ കൊട്ടിക്കലാശം. എന്ന ശുഭമോഹവും പങ്കുവെയ്ക്കുന്നു.

വിടപറയുന്ന ഡിസംബറിനെ കുറിച്ചുള്ള ജനുവരിയുടെ വർത്തമാനങ്ങളാണ് മോഹനകൃഷ്ണൻ കാലടിയുടെ ജനുവരി ഡിസംബറിനോട് പറയുന്നത് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 20 21 ജനുവരി 24-30) ദീനമെങ്കിലും ഡിസംബറിനെക്കുറിച്ചുള്ള സൗന്ദര്യാത്മകമായ  കാഴ്ചയാണ് കവിത. ഇത്രയും മഞ്ഞു പെയ്യേണ്ട ജീവിതം ഒട്ടുമില്ലായിരുന്നു ഡിസംബറേ, പുൽത്തൊഴുത്തിൽ പിറന്നൊരു കണ്ണനെ –  പ്പറ്റിയൊട്ടും നിനച്ചതേയില്ല നീ ” ഈ വിധം ആരംഭിക്കുന്ന സംഭാഷണത്തിൽ ഡിസംബർ മാസം മഞ്ഞിൽ മാഞ്ഞു പോകരുതെന്നും പുതിയൊരു കാല്യത്തെ വിളിച്ചുണർത്തേണ്ട ബാധ്യത അതിനുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. ഡിസംബറിൻ്റെ മഞ്ഞുരുകൽ മാത്രമല്ല നെഞ്ചുരുകലും കവി കാണുന്നുണ്ട്. “ഓ ഡിസംബറേ, കൺതുമ്പിലെന്തിത് മഞ്ഞുരുക്കമോ, നെഞ്ഞിന്നുരുക്കമോ !” എന്ന് സന്ദേഹിച്ചു പോവുന്നു.

മുയലുറക്കം കൊണ്ടു മാത്രം ജയിച്ചു കയറിയ ആമച്ചരിത്രമാണ് എക്കാലവും ആഘോഷിക്കപ്പെട്ടത് എന്ന് ബിലുപത്മിനി നാരായണൻ്റെ മുയലുറക്കം (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) എന്ന കവിതയിൽ ചരിത്രത്തെ വായിച്ചെടുക്കുന്നു. വേഗത കൊണ്ടല്ല ചരിത്രത്തിൽ മുന്നിലെത്തുന്നവർ മുന്നിലെത്തുന്നതെന്നും മറ്റുള്ളവരുടെ തിരിച്ചറിയപ്പെടാത്ത മയക്കങ്ങളാണ് കാരണമെന്നും വരുന്നു. മയക്കം വിട്ട് കുതിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇന്ന് പരാജിതർ. അതു കൊണ്ട് “മുയൽ മയക്കം കൊണ്ടു മാത്രം ജയിച്ചു കേറുന്ന ആമകൾ  എന്നേക്കുമായങ്ങനെ  കഥയിൽ പിറ” ന്ന കാലം കഴിഞ്ഞു എന്നും കവികരുതുന്നു.

ചരിത്രം പലപ്പോഴും ചരിത്രത്തിൽ പേരില്ലാത്തവർ നിർമ്മിച്ചതാവും.  എം.ബി മനോജ് മത്തൻമേശിരിയിൽ (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) ഇങ്ങനെ മറഞ്ഞു പോയ ഒരു ചരിത്രത്തെ പുറത്തെടുത്തുയർത്തുകയാണ്. ഭാവി പ്രവചിക്കുന്നവനായിരുന്നു മത്തൻമേശിരി. ഇടുക്കിയിൽ കരിങ്കൽകെട്ട് നിർമ്മിച്ചാണ് മേശിരി രംഗത്ത് എത്തുന്നത്. ചെറുപ്പത്തിൽ ജോസഫ് എബ്രഹാമിൻ്റെ കൂടെ കോസാല രാമദാസിൻ്റെ കൂടെ ഒക്കെ തീവ്ര രാഷട്രീയത്തിൽ ഉണ്ടായിരുന്നു. ഏറെക്കാലം ജയിലിൽ കിടന്നിട്ടുണ്ട്. തൻ്റെമേൽ കൈ വെച്ചവരെയൊക്കെ മേശിരി പിന്നീട് തൻ്റെ നേർക്ക് കൈ നീട്ടുന്നവരാക്കി മാറ്റിയിട്ടുണ്ട്. ” വിപ്ലവം ഒട്ടും ചോരാത്ത ഒരു മറുകൃതി “. ഇങ്ങനെ ബദൽ ജീവിതം കൊണ്ടടയാളപ്പെട്ട വിപ്ലവകാരിയായിരുന്നു മത്തൻമേശിരി.

വളരെ സറ്റയറായി എഴുതപ്പെട്ട ഒരു കവിതയാണ് മോഹനകൃഷ്ണൻ കാലടിയുടെ വേശകം (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) സ്വർഗത്തിൽ ഒരു കലഹം ദൈവം പിശാചിനോടന്വേഷിക്കുന്നു, എന്താണ് കലഹത്തിനു കാരണം. ഒരു സിനിമാ സംവിധായകൻ നരകത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്ന് പിശാചിൻ്റെ മറുപടി. അവിടുത്തെ സ്ഥിതിയെങ്ങനെയെന്ന് അന്വേഷിച്ചപ്പോൾ അവിടെ ആൾത്തിരക്കാണെന്നും അവിടേക്ക് പോകാൻ കഴിയില്ലെന്നും പിശാച് പറഞ്ഞു. എന്നാൽ അയാളെ വേറെയേതെങ്കിലും ഭൂമിയിലേക്ക് പറഞ്ഞയച്ചാലോ എന്നായി ദൈവം. ഒഴിവുവരുമ്പോൾ പറയാമെന്നനുണ കൂടി തട്ടിവിടാൻ ആവശ്യപ്പെട്ടു. ദൈവത്തിനു വേണ്ടി കളവു പറയാൻ വിധിക്കപ്പെട്ടവനാണെല്ലോ താനെന്ന് പിശാചപ്പോൾ മനസ്സിലാക്കുന്നു.”എങ്കിൽ അയാളുടെ സിനിമയിടൂ നമുക്കൊരു മിച്ചിരുന്ന് കാണാം…. ” എന്ന് ദൈവം. ഇങ്ങനെ മനുഷ്യപ്രകൃതത്തിൻ്റെ ശക്തിയുടെയും ചൈതന്യത്തിൻ്റേയും കവിതയായി മോഹനകൃഷ്ണൻ കാലടിയുടെ ഈ കവിത പരിണമിക്കുന്നു.

ആളിയും അണഞ്ഞും നിൽക്കുന്ന കാടിൻ്റെ സൗന്ദര്യമാണ് ബിനു എം.പള്ളിപ്പാടിൻ്റെ ആളിയും അണഞ്ഞും (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25). മഞ്ഞ് മുഴങ്ങുന്ന വാക്ക്, കുതിച്ച് നിൽക്കുന്ന മംഗളാദേവിക്കുന്നുകൾ, താഴ് വാരത്ത് പതയും പച്ചപ്പുല്ലിൽ മേയും മാൻ കുഞ്ഞുങ്ങൾ, ആനപ്പുല്ലിനിടയിൽ മേയുന്ന ചെമ്പിച്ച പശുക്കൾ, വാലുപോലെ പൊട്ടിയ കണ്ണാടിച്ചില്ലിൽ മേഘത്തിൻ്റെ പടം, ചാരമുയൽക്കൂട്ടങ്ങൾ ഇങ്ങനെ പ്രകൃതിയുടെ സൗകുമാര്യങ്ങളെ പരമ്പരാഗതമല്ലാത്ത ദൃശ്യ ഛായകളാക്കി കവി മാറ്റുന്നു.  സിന്ധു കെ.വിയുടെ പറവകളുടെ രാജ്യം (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) ഒരു പ്രകൃതി വർണന തന്നെ. പ്രഭാതത്തെ, കാറ്റിനെ, പക്ഷിക്കൂട്ടങ്ങളെ വേറിട്ട ഭാഷയിൽ ആവിഷ്കരിക്കുന്നു. ഒപ്പം പക്ഷിക്കൂട്ടത്തിൻ്റെ ജീവിതവും ” ഒരു ഞൊടി നിന്നിലാണ്ട  ചുവടിൽ നീ വിറച്ചുവോ പോയ കാലം അനേകമായ്  കതിരുമുന്തിയ പാടമേ  എത്ര കോടി ജീവജാലങ്ങൾ വന്നു പോയതാമീവഴി എത്ര ദേശസ്മൃതികളെ  കുടഞ്ഞിട്ട താമീ വഴി  അറും വേനൽ കടന്നെത്തി കുളിർന്നു പോവുന്നൊരീ  നറു പക്ഷിക്കൂട്ടങ്ങൾ തൻ  ചെറുജീവിതം തൊട്ടുവോ ”  എന്നു ചോദിക്കുക കൂടി ചെയ്യുന്നു.

പുതു കവിത അന്യർക്കു വായിച്ചാൽ മനസ്സിലാകാത്ത കൃത്രിമമായ ദുർഗ്രഹതയുടേത് കൂടിയാണ്. നിഷാനാരായണൻ്റെ അവൾ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) ഇത്തരത്തിൽ അനാവശ്യമായ ദുർഗ്രഹതയുടേതായി മാറുന്നു. ഉപയോഗിക്കുന്ന പ്രമേയ സങ്കീർണതകൊണ്ട് കവിത സരളമായ ആ സ്വാദനം അസാധ്യമായിത്തീരും. എന്നാൽ ‘അവൾക്ക് ‘ ഇത്തരമൊരു സൂക്ഷ്മാഖ്യാനം കൊണ്ട് സങ്കീർണമാകുന്നതല്ല. സ്ത്രൈണതയും കവിതയും  അധികാരവും ഇടകലർന്ന് ഉരവം കൊള്ളുന്ന ഒരു സാമൂഹികാവസ്ഥയെ ആധാരമാക്കുന്നുണ്ട് കവിതയെങ്കിലും ശ്ലഥമായ ഇമേജുകളുടെ അമിത സാന്നിധ്യം കവിതയെ വായനയിൽ നിന്നും അകറ്റുന്നു.

ബിന്ദു സജീവിൻ്റെ ഗൗരി (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25) സ്തീ സ്വാതന്ത്ര്യം, ഫാസിസത്തിൻ്റെ ഹിംസാത്മകത, സാമാന്യബോധം എന്നിവയെ ആധാരമാക്കുന്നു. ബംഗ്ലൂരുവിലേക്കുള്ള യാത്രയ്ക്കിടയിൽ അസമയത്ത് ഒരു സ്ത്രീ ബസ്സിനു കൈകാണിക്കുന്നതും അവരുടെ കൈയ്യിൽ ഗൗരീ ലങ്കേഷ് പത്രിക കാണുകയും അവരുടെ പേര് ഗൗരി എന്നായിത്തീരുകയും ചെയ്തതിൻ്റെ യാദൃശ്ചികതയാണ് കവിതയുടെ പ്രമേയ പരിസരം. പ്രതിരോധത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും ഭാഷാ വിശേഷങ്ങൾ കവിതയെ ശ്രദ്ധേയമാക്കുന്നു. അലി ദോസ്തും ഗോവർധനനും തമ്മിലുള്ള സംസാരത്തിൽ പുറത്തു വരുന്ന അധികാരത്തിൻ്റെയും വിധേയത്വത്തിൻ്റെയും കാര്യമാണ് പി.എസ് മനോജ് കുമാർ അലി ദോസ്ത് ഗോവർധനനോട് എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ജനുവരി 25). ഇങ്ങനെ രാഷ്ടീയവും നൈമിഷികതയും സൗന്ദര്യനുഭൂതിയും കൂടിക്കലരുന്ന സവിശേഷമായ ചേരുവയായിത്തീരുന്നു ഈ വാരത്തിലെ കവിതകൾ.

1 Comment
  1. യൂസഫ് നടുവണ്ണൂർ 1 month ago

    ലളിതമായ വിവരണത്തിലൂെടെ കവിതയുടെ ഹൃദയം കെണ്ടെടുക്കുന്നു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account