കലഹവും കാല്പനികതയും
മറ്റൊരു കാവ്യജീവിതത്തെ താലോലിക്കുന്നുണ്ട് ഓരോ കവിയും. അതുകൊണ്ടു തന്നെ കവിത എപ്പോഴും കാല്പനിയും കലഹവുമായിത്തീരാറുണ്ട്. മലയാള കവിതയിപ്പോൾ കർഷകർക്ക് വേണ്ടി വാക്കുകൾവിതയ്ക്കുന്നു. പൊരുതുന്ന അവരുടെ ധീരതയെ, അതിലെഴുന്ന ആർദ്രതയെനെഞ്ചിലേറ്റുന്നു. എല്ലാതരം അന്യായങ്ങളോടും കണക്കുതീർക്കുന്നു. നഷ്ടങ്ങളെ കണ്ണീരുകൊണ്ടെഴുതുന്നു. കിനാവുകളെ ചിറകിലേറ്റുന്നു. അങ്ങനെ മനുഷ്യസ്നേഹത്തിൻ്റെയും പ്രകൃതി സ്നേഹത്തിൻ്റെ ശാദ്വലഭൂമിയിലേക്ക് കവിത ഈ ആഴ്ച കടന്നു ചെല്ലുന്നു.
സമരവും സ്നേഹവും കാല്പനികതയും ചാലിച്ച് സച്ചിദാനന്ദൻ ദില്ലി കർഷകസമരത്തിന് അഭിവാദ്യമർപ്പിക്കുന്നു (ചിത്തരഞ്ജൻ പാർക്ക്, ഡൽഹി: ഹേമന്തം.മാധ്യമം ആഴ്ചപ്പതിപ്പ് 20 21 ഫെബ്രുവരി 01). മഞ്ഞുകാലത്തെ വെയിലിൻ്റെ ക്ഷണികതയിൽ ഒരു പെൺകുട്ടി ഒരു പക്ഷിയോടു സംസാരിച്ചുകൊണ്ട് വീടിൻ്റെ ടറസ്സിൽ ഉലാത്തുന്ന ഒരു ചിത്രത്തിൽ തുടങ്ങി, സമരം ചെയ്യുന്ന കർഷരുടെ താപവും തണുപ്പും ചിത്രീകരിക്കുന്നു. ഐതിഹാസികമായ സമരരംഗത്തിൻ്റെ ബഹുസ്വരമായ കാഴ്ചകളും ഒച്ചകളും കൊണ്ട് സച്ചിദാനന്ദൻ കവിത നിറക്കുന്നു. കാല്പനികതയുടെ അഗാധമായ ഭാഷാ വിശേഷം കൊണ്ട് നമ്മുടെ ധമനികളിൽ കവിത സമരച്ചൂര് പകരുന്നു.
കിളികൾ പഴങ്ങൾ തേടി ചിലയ്ക്കുന്നു.
പഴങ്ങൾ കൊമ്പുകളിൽ ഒളിച്ചുകളിക്കുന്നു.
മഞ്ഞ് അതു കണ്ട് രസിച്ച് തണുത്ത ചിരി ചിരിക്കുന്നു.
അതിർത്തിയിൽ ഒരു യുവാവ് സ്വന്തം ചോര കൊണ്ട്
കർഷക സമരം പതിനെട്ടാം ദിവസം എന്ന് ബാനർ എഴുതി
തണുപ്പിൽ മരിച്ചുവീണ അച്ഛനെ അതു കൊണ്ട് പുതപ്പിക്കുന്നു. ഇങ്ങനെ അലസമായ നമ്മുടെ ജാഡ്യത്തെ അത് ആഴത്തിൽ അസ്വസ്ഥതപ്പെടുത്തുന്നു.
സ്ഥലനാമങ്ങൾ പലപ്പോഴും സ്ഥല ഭാവങ്ങളുടേതാവാനിടയില്ല. അതു കൊണ്ടാണ് എടവും വനവും കാടുമുണ്ടോ ടീ എടവനക്കാട് എന്ന് കെ.ജി എസ് ചോദിക്കുന്നത് (എടവനക്കാട് ,മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 01). വൈപ്പിനിലെ സുന്ദരി സെലീന കൂട്ടുകാരി എടവനക്കാട് സുമത്തോട് ഇത് ചോദിക്കുന്നത്. കാട് ചുറ്റും കാണില്ല, വനമില്ലെന്നു കരുതും, എടവും. പക്ഷേ തോക്കിനും നാക്കിനുമിടയിൽ അവർക്കൊരു കാടുണ്ട്. ഹിംസക്കും മസാലയ്ക്കുമിടയിലും ഒരു കാടുണ്ട്. ഗുഹയും ഗർജനവുമുള്ള ഒരു വനവുമുണ്ട് അവരുടെ മൗനത്തിൽ. കൊമ്പും കുളമ്പുമുണ്ട്, കിടക്കയിലെ കാട്ടു നൃത്തത്തിൽ. അങ്ങനെ കാഴ്ചക്കപ്പുറം എടവനക്കാട് എടവും വനവും കാടു മുള്ളൊരിടമായി മാറുന്നു. തോക്കും ഉന്നവും വന്നിറങ്ങിയ കപ്പൽ കാതലും സുഗന്ധവും നമ്മുടെ നോട്ടങ്ങളും കേറ്റി മടങ്ങിപ്പോകുന്നു.
ആധുനികതയുടെയും ഉത്തരാധുനികതയുടെയും വേറിടലുകളെ കൃത്യമായി കവിതയിൽ കൊണ്ടുവരുന്ന കവിയാണ് പി.പി രാമചന്ദ്രൻ. മാമ്പഴക്കാലം മുതൽ കിടു കിടുക്കം വരെ അദ്ദേഹം അനുഭൂതിപരമായി അത് ആവിഷ്ക്കരിച്ചു പോരുന്നു. ഇപ്പോഴിതാ അശരീരികൾ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ജനുവരി 31)യിൽ അത് വളരെ മനോഹരവും ഭാവ സാന്ദ്രമായും അവതരിപ്പിരിക്കുന്നു.
വ്യാവസായികയുഗത്തിൻ്റെ ദൃശ്യമായ അധികാരശക്തിയുടെ മനുഷ്യ വിരുദ്ധതയായിരുന്നു ചാപ്ലിൻ്റെ മുഖ്യവിഷയം. ‘മോഡേൺ ടൈംസി’ൽ പൽചക്രങ്ങൾക്കിടയിൽ പെട്ടു പോകുന്ന ചാപ്ലിൻ അതിൽ നിന്നും ഒരു പോറലുമേൻക്കാതെ തിരിച്ചെത്തി കാണികളെ ചിരിപ്പിച്ചു കൊണ്ടിരുന്നത് നാം കണ്ടു.
ലോഹ നാളത്തിൽക്കൂടി
ചെന്നുടൻ പൽച്ചക്രങ്ങൾക്കിടയ്ക്കു
ഞെരിയുന്നു.
പിന്നെയാ ചക്രങ്ങളെ
പിന്നാക്കം കറക്കുമ്പോൾ
അങ്ങൊരു പോറൽ പോലുമേൽക്കാതെ
തിരിച്ചെത്തി, ഞങ്ങളെ
ചിരിപ്പിച്ചു കൊല്ലുന്നു. ഈ ഘട്ടത്തിൽ കവി ഓർത്തു പോകുന്നുണ്ട് ചാപ്ലിൻ തിരയിൽ വരുമുമ്പ് മലയാളത്തിൽ തുളളിത്തുള്ളി എല്ലാവരെയും ചിരിപ്പിച്ച ഒരു മഹാകവിയുണ്ടായിരുന്നല്ലോ മലയാളത്തിൽ, കുഞ്ചൻ നമ്പ്യാർ. അദ്ദേഹത്തെക്കുറിച്ച് ചാപ്ലിൻ കേട്ടിരിക്കാനിടയില്ല.
യാന്ത്രിക ലോകത്തിൻ്റെയുള്ളുകള്ളികൾ
താങ്കൾ കാട്ടിയ പോലെ.
ഇതിഹാസപാത്രങ്ങൾ തോറും
താൻ പരകായം ചെയ്ത്
ദേവലോകത്തിൻ ഗൂഢാ-
ലോചന നാടെങ്ങുമേ
പാട്ടാക്കി കവി കുഞ്ചൻ കടന്നു പോയി.ചാല്ലിനും നമ്പ്യാരും സ്വർഗസ്ഥരായി. എങ്കിലും അവരിന്ന് ഡൗൺലോഡ് ചെയ്യാൻ പാകത്തിൽ സൈബർസ്ഥരായി മാറി.
വ്യവസായത്തിൻ്റെയുഗമായിരുന്നു മോഡേണിസം. ആളുകളെ സൈബർ സ്ഥരാക്കുന്നതാണ് പോസ്റ്റ്മോഡേണിസം. ഇന്നിപ്പോൾ ആളുകളെ വിഴുങ്ങുന്ന ഫാക്ടറിയില്ല. അദൃശ്യമായ നെറ്റ് വർക്കുകൾ മാത്രമാണുള്ളത്. ഇവിടെ എല്ലാവരും വെറും ഡാറ്റ. നിർമ്മിത ബുദ്ധിക്കുള്ളിൽ മിന്നുന്ന അൽഗോരിതം മാത്രം. ശരീരികളെ മുഴുവൻ അശരീരികളാക്കുന്ന കാലം ” ഹേ ശരീരികളേ, ഞങ്ങളിന്നശരീരികൾ” എന്ന് കവി പറഞ്ഞു പോകുന്നു. ശരീരികളെ അശരീരികളും അശരീരികളെ ശരീരികളുമാക്കി മാറ്റുന്നു ഈ ഉത്തരകാലം.
സുഗതകുമാരി ടീച്ചറുടെ പിൻവാങ്ങലിനു ശേഷം ധാരാളം സ്മരണകൾ കവിതക ളായി കടന്നു പോയി. പ്രകൃതി, പരിസ്ഥിതി, കരുണ എന്നിങ്ങനെ ടീച്ചറുടെ നിറഞ്ഞ നന്മയുടെ സ്മരണകളായിരുന്നു മിക്കതും. പക്ഷേ, വളരെ നിർമ്മമമായ ഓർമ്മവഴികളായേ അതൊക്കെ തോന്നിയിരുന്നുള്ളൂ. എന്നാൽ ഈ ആഴ്ചയിലെ ഒ പി സുരേഷിൻ്റെ തിരയെഴുത്ത് (ദേശാഭിമാനി വാരിക 31 ജനുവരി 2021)ടീച്ചറുടെ അസാന്നിധ്യത്തെ വൈകാരികാനുഭവമാക്കി മാറ്റുന്നു.
കാനന മിപ്പോൾ നിരാലംബ മൂകം
ഭൂവിലാകെ വിടർന്ന വിഷാദങ്ങൾ
രാവിലൊറ്റയായ് പൂത്തുനിൽക്കുമ്പോലെ
സുഗതകുമാരിയുടെ അസാന്നിധ്യത്തിൽ വിഷാദമായിത്തീർന്ന മനുഷ്യപ്രകൃതി തന്നെയാണ് ഈ ജൈവ പ്രകൃതി. വൈകാരികത സാന്ദ്രമായ എഴുത്തുകൊണ്ട് സുഗതകുമാരിയുടെ വേർപാട് ആഴത്തിൽ അനാഥമാക്കിയ ഒരു ഭൂവിനെ കവി അനുഭവവേദ്യമാക്കുന്നു. അവസാനം എല്ലാറ്റിനെയും മായ്ച്ചെഴുതുന്ന തിര സുഗത എന്ന് വെൺനുരച്ചാർത്താൽ വിരി മണലിലെഴുതുമ്പോൾ ആർക്കും മായ്ക്കാൻ കഴിയാത്ത ഒരു വിഷാദ ഭാഷയായി സുഗതകുമാരി നമ്മിൽ തങ്ങിനിൽക്കുന്നത് നാം അനുഭവിക്കുന്നു.
കവിതയ്ക്ക് പ്രത്യയശാസ്ത്ര മുണ്ടോ? ഇത് എല്ലാ കാലത്തെയും ചോദ്യമാണ്. ഉണ്ടെന്നും ഇല്ലെന്നും ഇന്നും ഉത്തരം ലഭിക്കാത്ത തർക്കശാസ്ത്രം. കവിത ഒരു നോട്ടമാണ്. അത് കണ്ണു കൊണ്ടുള്ള വെറും നോട്ടമല്ല ഉൾകണ്ണു കൊണ്ടുള്ള കാഴ്ചയാണ് ” കണ്ണിലെപ്പോഴും കത്തിജ്വലിക്കുമുൾക്കണ്ണ്” എന്ന് നമുക്ക് കവിതയെ വിളിക്കാം. ഈ നോട്ടത്തിൻ്റെ പ്രത്യയശാസ്ത്രത്തെ ആവിഷ്ക്കരിക്കാനുള്ള ഒരു തീവ്രശ്രമമാണ് നോട്ടത്തിൻ്റെ രാഷ്ട്രമീം മാംസ എന്ന സെബീന എം സാലിയുടെ കവിത (ദേശാഭിമാനി വാരിക 31 ജനുവരി 2021) “നോട്ടങ്ങൾ കവിതകളാണെന്നും അല്ല, നട്ടപ്രാന്തുകളാണെന്നും ചിലർ പക്ഷം ചേരുന്നത് സ്നേഹ സംഘർഷങ്ങൾ ഭ്രാന്തിൻ്റെ ആത്മ പ്രതിഫലനങ്ങളോട് ഏറ്റുമുട്ടുമ്പോഴാണ് കവിതയും ഭ്രാന്തും ഒന്നാകുന്നത് നോട്ടം രാഷ്ട്രീയമാകുന്നത് “. എന്ന് കവി പറയുമ്പോൾ നോട്ടത്തിൻ്റെ, കവിതയുടെ, ഭ്രാന്തിൻ്റെ രാഷ്ടീയം പുറത്തെടുക്കുകയാണ്. കവിയും കാമുകനും ഭ്രാന്തനും ഒരേഭാവനാ ലോകത്തെയാണ് പങ്കുവെയ്ക്കുന്നതെന്ന് പറയാറുണ്ടെല്ലോ, ഭാവനയുടെ വ്യത്യസ്തങ്ങളെന്നു തോന്നുന്ന ഒരു രാഷ്ട്രീയാബോധം ഇവരിലെല്ലാം ഒരേ മട്ടിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെ കവിത നിശ്ചയമായും ഒരു വ്യക്തിയുടെ മാത്രമല്ല ഒരു സൊസൈറ്റിയുടെ രാഷ്ടീയ അബോധമായി പരിണമിക്കുന്നു.
ജീവിതത്തെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിൽ നോക്കുമ്പോഴേ അതിജീവിക്കാൻ കഴിയൂ എന്നൊരു പാഠം സി.എം വിനയചന്ദ്രൻ്റെ ജീവിനം എന്ന കവിത (ദേശാഭിമാനി വാരിക 31 ജനുവരി 2021) നൽകുന്നുണ്ട്. ദൗർബല്യങ്ങളിൽ നിന്ന് അകന്നോടലല്ല, അഭിമുഖീകരിച്ച് അതിജീവിക്കുന്നതാണ് ജീവിതം. ഉള്ളിലെ പേടിത്തരികളെ തിളച്ച എണ്ണയിലിട്ട് കടുകിനൊപ്പം പൊട്ടിച്ചു കളയണം, നിരാശകളെ നിന്ന നിൽപ്പിൽ കാൽമടമ്പിനടിയിൽ ഞെരിച്ചു കളയണം. അങ്ങനെ അങ്ങനെ സ്വാതന്ത്ര്യത്തിൻ്റെ ആകാശത്തെ ഉള്ളിൽ പ്രതിഷ്ഠിക്കുമ്പോൾ മാത്രമേ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്ന് സത്യത്തിൽ ബോധ്യമാവൂ എന്ന് കവി.
ഇങ്ങനെ സത്യത്തെ ചേറിയെടുക്കുന്നൊരു ശ്രമം ഓരോ കവിയും ഓരോ കവിതയും നിർവഹിച്ചു പോരുന്നുണ്ട്. ആത്യന്തികമായ സത്യത്തെ തേടിയുള്ള കവിയുടെ അനന്തമായ ഈ യാത്ര കവിതയെ അനാദിയാക്കി മാറ്റുന്നു, കവിയെ അനശ്വരനാക്കുന്നു.