അനന്യതയുടെ കർമ്മസാക്ഷ്യം
വാക്കു കൊണ്ട് നിർമ്മിക്കുന്ന ഒരു സ്വപ്നജീവിതമാണ് കവിത. ആ ഭാവനാ ജീവിതം എല്ലാതരം മനുഷ്യരെയും എല്ലാ തരം അന്യവൽക്കരണങ്ങളിൽ നിന്നും പുറത്തെടുക്കുകയും അനന്യമായ ഒരു ജീവിതത്തിൻ്റെ കർമ്മ സാക്ഷിയാക്കി മാറ്റുകയും ചെയ്യുന്നു. അവിടെ ഉന്നതവും നതവും കുഴമറിയും. ശ്രേഷ്ഠമായ തൊക്കെയും നീചമായിത്തീരും അനുദാത്തമായതൊക്കെയും ഉദാത്തതയ്ക്ക് വഴിമാറും എല്ലാതരം വൈരുദ്ധ്യങ്ങളെയും പുതിയ സൗന്ദര്യലഹരിയുടെ തീരത്തെത്തിക്കും.
ഉദാത്തവും അനുദാത്തവുമായ ബിംബാവലികൾ ചേർത്തുവെച്ച് പുതിയ അനുഭൂതി തലങ്ങൾസൃഷ്ടിക്കുക ഒരു സച്ചിദാനന്ദൻ കാവ്യപദ്ധതിയാണ്. പ്രവാചകനും ഉറുമ്പും എന്ന കവിതയ്ക്കകത്ത് നമ്മളത് കണ്ടു. സിദ്ധാർത്ഥനും അണ്ണാർക്കണ്ണനും എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13) യിലും ഒരു പുതിയ ചേർപ്പും അനുഭൂതിയുടെ പുതിയ ഉയിർപ്പും ഇപ്പോൾ നമ്മൾ കാണുന്നു. സിദ്ധാർത്ഥനെയും അണ്ണാർ കണ്ണനെയുമാണ് ഇവിടെ മുഖാമുഖം നിർത്തുന്നത്. കണ്ണടച്ച് തപസ്സിൽ മുഴുകിയിരിക്കുന്ന സിദ്ധാർത്ഥൻ്റെ കാതിൽ ഒരു അണ്ണാർക്കണ്ണൻ ആലിൻ്റെ വേടുകളിലൂടെ ഇറങ്ങി വന്ന് ചിലയ്ക്കാൻ തുടങ്ങി. ജീവിതദുഃഖത്തിൻ്റെ അകം പൊരുളുകളിലൂടെ അവർ സഞ്ചരിച്ചു. മനുഷ്യരുടെ ദുഃഖങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് സിദ്ധാർത്ഥൻ പറഞ്ഞു. എന്നാൽ ദുഃഖം മനുഷ്യർക്ക് മാത്രമുള്ളതല്ലെന്ന അഭിപ്രായമായിരുന്നു അണ്ണാർക്കണ്ണന്. “എൻ്റെ ഇണ അറിയാത്ത രോഗം വന്ന് മെലിഞ്ഞു മെലിഞ്ഞു മരിച്ചു. ഒരു കുഞ്ഞ് രോമം മുളയ്ക്കും മുൻപ് കൂട്ടിൽ നിന്നു വീണു കാണാതായി ” ഇങ്ങനെ ദുഃഖം ജീവികൾക്കെല്ലാമുള്ളതാണെന്ന പുതിയ പാഠം സിദ്ധാർത്ഥൻ മനസ്സിലാക്കുന്നു. അണ്ണാർക്കണ്ണന് സിദ്ധാർത്ഥനോട് വേറെയും പറയാനുണ്ടായിരുന്നു. മനുഷ്യരെ കരുണ പഠിപ്പിക്കൂ എന്നായിരുന്നു അത്. കരുണ, മൈത്രി, മുദിതം മനുഷ്യർക്ക് ഉണ്ടാവേണ്ട ഗുണങ്ങളാണെന്ന് സിദ്ധാർത്ഥനെ അണ്ണാർക്കണ്ണൻ ബോധ്യപ്പെടുത്തി. അപ്പോൾ ധ്യാനത്തേക്കാൾ ജ്ഞാനം സിദ്ധാർത്ഥന് അണ്ണാർക്കണ്ണൻ നൽകുന്നു. അങ്ങനെ നിസ്സാരതകൾ ഇതിഹാസങ്ങളായി മാറുന്നു.
കെ ജി എസ്സിൻ്റെ സിംഹം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13). ‘എടവനക്കാടി ‘ (എടവനക്കാട് ,മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 01).ൻ്റെ മറ്റൊരു എപ്പിസോഡാണെന്നു പറയാം. എടവനക്കാടിൽ എടവും വനവും കാടു മുണ്ടോ എന്ന സെലീനയുടെ ചോദ്യത്തിൻ്റെ മറുവാക്കാണ് ‘സിംഹം’. വൈറസും മരണവും ഊടും പാവുമായ പൊരുൾ ചികഞ്ഞ് കൈതോലയും കേട്ടുകേൾവിയും വകഞ്ഞ് വൈപ്പിനിലെ സുന്ദരി സലീന മണലിടവഴിയേ നടന്നു. സലീനയെ ഒരു പൂച്ച പിന്തുടർന്നു. ആശാൻ സ്മാരക ലൈബ്രറി വരെയും നാരായണ ഗുരുവിൻ്റെ സത്രം വരെയും അസ്തമയം വരെ നടന്നു. പൂച്ച ചോദിച്ചു ഞാനാരാണെന്ന് അറിയാമോ? സലീന പറഞ്ഞു “പൂച്ച”. അല്ല “ഞാനൊരു സിംഹമാണ്” പൂച്ച മറുപടി പറഞ്ഞു. “എടവനക്കാട് വാണ വീരമാർജാരവർമ്മ.” പൂച്ചയിലേക്ക് ശോഷിക്കാതെ ശേഷിക്കുന്നില്ല ചരിത്രത്തിലൊരു സിംഹവും” എന്ന കവിയുടെ കണ്ടെത്തൽചരിത്രത്തിൻ്റെ പുതിയപാഠമായിത്തീരുന്നു.
മാർകഴിയെക്കുറിച്ച് സോത്സാഹം സൗന്ദര്യത്മകമായി മൊഴിയുകയാണ് വിജയലക്ഷ്മിയുടെ ‘മാർകഴി ‘ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13). മാർകഴി മായാമോഹ പൗർണമിയായി നിലകൊൾവൂ. കണ്ട് കണ്ട് അതിൻ്റെ അനുഭൂതി ലഹരിയിൽ മുഴുകാനാഗ്രഹിച്ചാലും സ്വർഗചാരിയായി അത് ദൂരെ പരപ്പിന് അന്ത്യം തേടും.
ആത്മാനുഭൂതിയുടെ ഒറ്റയടിപ്പാതയിലൂടെയാണ് വിജയലക്ഷ്മി മാർകഴിയിൽ സഞ്ചരിക്കുന്നത്. സൗന്ദര്യാനുഭൂതിയുടെ മറ്റൊരാ വിഷ്കാരമാണ് ആലങ്കോട് ലീലാകൃഷ്ണൻ്റെ ‘യമൻ കല്യാൺ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13). എം.എസ് ബാബുരാജിൻ്റെ പ്രിയപ്പെട്ട ഹിന്ദുസ്ഥാനിരാഗം. അതിൻ്റെ സ്മരണയിൽ ബാബുക്കയെയും പി ഭാസ്ക്കരനെയും ഗാനത്തെയും ജീവിതത്തെയും വിഷാദമധുരമായി സമീപിക്കുകയാണ് ആലങ്കോട് ലീലാകൃഷ്ണൻ.
യമനായ്ത്തീരുന്നില്ല;
മരണം തോല്പിക്കാത്ത
യമുനാ കല്യാണിയായ്
ബാബുരാജൊഴുകുന്നു.
ഭാഷയുടെ പരിമിതിയെക്കുറിച്ച് പറയുന്നു എസ് ജോസഫിൻ്റെ ഒരു കവിത (‘രണ്ടു കവിതകൾ’, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13) എനിക്കൊരു ഭാഷയു മറിയില്ല ലിപിയുമറിയില്ലെന്ന് കവി. മണലാരണ്യത്തിൽ അടിക്കുന്ന കാറ്റാണ് അയാൾക്ക് കവിത. അത് കവിതയെന്നു വായനക്കാരും പറയുന്നു. കവിതയെന്ന് കവിക്ക് പറയാൻ കഴിയില്ല. എന്താണ് കവിത എന്നും. അത് വെറും തോന്നലോ അനുഭൂതികൾ മാത്രമോ ആവും. അവയ്ക്ക് നിർവചനങ്ങളില്ല. വായനകളും പുസ്തകങ്ങളും ആളുകളെ ദേശാന്തരങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നുവെന്ന് മറ്റൊരു കവിതയിൽ ജോസഫ്.
നിസ്സഹായനായ മനുഷ്യൻ്റെ പ്രാർത്ഥനയാണ് പ്രഭാവർമ്മയുടെ ‘തിരിച്ചടവ്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13). പ്രപഞ്ചം എത്രയുദാരം. തല ചായ്ക്കാൻ നിഴൽ വിരിപ്പ്, ദാഹം മാറ്റാൻ മഴ മേഘത്തിൻ മുലപ്പാൽത്തുള്ളി, വിശക്കുമ്പോൾ കഴിക്കാൻ പൊഴിഞ്ഞുള്ള കൂവളത്തില. കാലു കുഴഞ്ഞു വീഴുന്നേരം അടിയാൻ ഈ മന്നിടം. പക്ഷേ കൃതജ്ഞതാഭരിതമെങ്കിലും തിരിച്ചൊന്നും നൽകാനില്ലല്ലോ തന്നിലെന്ന് അലിയുന്ന മനസ്സാണ് കവിക്ക്. പ്രപഞ്ചപ്രതിഭാസങ്ങൾക്കു മുമ്പിൽ നിസ്സാരമായിത്തീരുന്ന മനുഷ്യനെ നമുക്ക് സെബാസ്റ്റ്യൻ്റെ ഐഡൻ്റിറ്റി എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13) യിലും കാണാൻ കഴിയും. എഡിസൺ ഒരു ഇലക്ട്രിക് ബൾബ് വാങ്ങാൻ കടയിൽ പോകുന്നു. കറൻ്റ് പോയപ്പോൾ ഇലക്ട്രിക്കട കാട്. അയാൾ തൻ്റെ കയ്യിലെ കത്താത്ത ബൾബ് കൂരിരുട്ടിലേക്ക് എറിഞ്ഞു. ” അപ്പോൾ ആകാശത്തുള്ള മുഴുവൻ നക്ഷത്രങ്ങളും ഒറ്റ സ്വരത്തിൽ വിളിച്ചു: ”എഡിസൺ ”
അടഞ്ഞകാലത്തിൻ്റെ തുറപ്പിനെക്കുറിച്ച് പറയുന്നു എൻ ജി ഉണ്ണികൃഷ്ണൻ തുറപ്പ് എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13). അടച്ചിടൽക്കാലത്ത് ഗ്രാമത്തിലെ പലചരക്കുകട തുറന്നു അരി, പരിപ്പ്, പച്ചക്കറി, മറയൂർ ശർക്കര, നാരങ്ങാ മിഠായി ചില്ലു കുപ്പി കിസ്മിസ്, കശുവണ്ടിപ്പൊളി, ഉണക്ക ച്ചെമ്മീൻ അച്ചപ്പം ഉണ്ണിയപ്പം ഓരോന്നു വാങ്ങാൻ വന്ന മനുഷ്യരുടെ കണ്ണുകൾ മിന്നുന്നത് കവി കാണുന്നു. അടച്ചിടപ്പെട്ടതിൻ്റെ മറ്റൊരു അനുഭവലോകത്തിൻ്റെ തുറപ്പാണ് എൻജി ഉണ്ണികൃഷ്ണൻ്റെ തുറപ്പ്. പ്രണയമുറിവുകളുടെ അത്രപോരില്ല മറ്റൊരു വേദനയുമെന്ന് മണ്ണിര എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 7-13) യിൽ പവിത്രൻ തീക്കുനി.
ബാല്യകാലത്തെ പ്രണയത്തെക്കുറിച്ചോർത്ത് മധുരം നുണയുകയാണ് എട്ടാം ക്ലാസിലെ പ്രണയം എന്ന കവിതയിൽ (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 08) വി.ആർ സന്തോഷ്. പ്രവീണും വി ആർ സന്തോഷും ഒരേ വിദ്യാലയത്തിൽ പഠിച്ചവരാണ്. ദാരിദ്ര്യം കൊണ്ട് പഠനം നിർത്തിപ്പോയതാണ് സന്തോഷ്. ഇപ്പോൾ താൻ പണ്ട് പഠിച്ച വിദ്യാലത്തിലെ മൂത്രപ്പുര തേയ്ക്കുകയാണ് പണിക്കാരനായെത്തി അയാൾ. അപ്പോഴാണ് തൻ്റെ സുഹൃത്തായ കെ.എസ് പ്രവീണിനെയും അവൻ്റെ എട്ടാം ക്ലാസിലെ പ്രേമത്തെയും കുറിച്ചയാൾ ഓർത്തു പോയത്.” ഞാനിപ്പോൾ സ്കൂളിൻ്റെ മൂത്രപ്പുരയിൽ സിമൻ്റു തേയ്ക്കുകയാണ് നിൻ്റെ കാമുകിയെ വരച്ചിടം കട്ടിയിൽ തന്നെ സിമൻ്റു തേച്ചിട്ടുണ്ട് നീ തന്ന മിഠായിയും കടലപ്പൊതിയും നന്ദി പറയാൻ വേണ്ടിയെന്ന് കരുതരുത് ” ഇങ്ങനെ ഒരു കാലത്തെ ദൈന്യത കവിതയുടെ മധുരമായി മാറ്റുന്നു.
യാത്രയുടെ അനുഭവ ലോകത്തെ കവിതകളിലും എഴുത്തുകളിലും നിരന്തരം ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുന്ന ആളാണ് ശൈലൻ. അദ്ദേഹത്തിൻ്റെ ‘സ്വപ്നഭാതം’ (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 08) ഏറെ ഹൃദ്യമായി. മലമ്പാതതയിൽ കോടമഞ്ഞ് നിറഞ്ഞ കുളിരു കോരുന്ന ഒരു വിജനതയിൽ ബ്രേക്ഡൗണായിക്കിടക്കുന്ന ഒരു ബസ് അയാൾ എപ്പോഴും സ്വപ്നം കാണാറുണ്ട്. കാരണം അതിൽ കവിയും കവിയുടെ തോളിൽ തല ചായ്ച്ച് കിടക്കുന്ന ഒരു പെൺകുട്ടിയും മാത്രമേയുള്ളൂ. അവളാണ് എന്നും താടിയിൽ മെല്ലെ കുലുക്കി ഗുഡ് നൈറ്റ് പറഞ്ഞ് ഉറക്കത്തിലേയ്ക്ക് തള്ളിയിടാറുള്ളത്. അവളാണ് ഉറങ്ങിയ തന്നെ വിളിച്ചുണർത്തി തട്ടുകടയിൽ നിന്ന് കൊണ്ടുവന്ന കട്ടൻ കാപ്പി ബഡ് കോഫിയായി കൊണ്ടു തരാറുള്ളത്. അതു കൊണ്ടു തന്നെ ഈ സ്വപ്നം പൊലിയാതിരിക്കട്ടെയെന്നും ആ ബസ്സ് ഓടിത്തുടങ്ങാതിരിക്കട്ടെ എന്നും അയാൾ ആഗ്രഹിച്ചു പോകുന്നു. പ്രണയം അപകടങ്ങളെപ്പോലും മധുരാനുഭൂതിയാക്കുന്നതെങ്ങനെയെന്ന് കവിത അനുഭവിപ്പിക്കുന്നു. പ്രഭാതങ്ങളെയൊക്കെയും പ്രണയം സ്വപ്നഭാതങ്ങളാക്കുന്നു.
ആദിൽ മഠത്തിലിൻ്റെ ആട് ഔലിയ (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരരി 08) സവിശേഷമായ ഒരു ജീവിത സന്ദർഭത്തെ പ്രതീകമാക്കുന്നുണ്ട്. ഇത് ആടിനെക്കുറിച്ചും ഔലിയെക്കുറിച്ചുമാകുമ്പോൾ തന്നെ ആട് ഔലിയും ഔലി ആടുമായിത്തീരുന്നു. ആട് പലപ്പോഴും അലച്ചിലിൻ്റെ കൂടി പ്രതീകമാണ്. ആടുമായി ബന്ധപ്പെട്ട ഒരു വിശുദ്ധി സങ്കല്പവും നിലനിൽക്കുന്നു. പാത്തുമ്മായുടെ ആടാവട്ടെ ഒരു ജീവിതവീക്ഷണവും ഒരു സൗന്ദര്യ ലോകവും കൂടിയാണ്. “കഴുത്തിൽ മണിയിടുമാട് കറുത്തോരു മുട്ടനാട് പെരുത്തോരു കറാമാട്/ഒടൂലേക്കു നേർച്ചയിട്ടു/ കൊടുത്തുള്ള പൈസയാരേ ൽ ഇസ്ക്കാൻ നോക്കിയാൽ കുത്താൻ കെലുപ്പുള്ള കൊമ്പുരാകി ” നടക്കുന്ന ഈ ആടിൽ അലച്ചിലും വിശുദ്ധിയും സംഗമിക്കുന്നു. ഇതിലെ ഔലിയാരെ നോക്കൂ” എന്നു മാശുപത്രിയെത്തും രോഗികൾക്കരികിലെത്തും രോഗം ശിഫ യാക്കുവാനായ് മനക്കണ്ണാലുഴിഞ്ഞീടും ” ഇങ്ങനെ പ്രവാചക സദൃശനായ കരുണാമയനാണ് ഔലിയാർ. ആട് ഔലിയ പുതിയ ധാർമ്മികതയുടെ പ്രവാചകനാവുന്നു.
ഇങ്ങനെ വാക്കിൻ്റെ അനേകം വഴിക ളിലൂടെ പുതിയ ജീവിത മാതൃക കളായി പുതു ഭാവന പ്രവർത്തിക്കുന്നു.
നല്ല നിരീക്ഷണങ്ങൾ
ഗംഭീരമായിരിക്കുന്നു