സൗന്ദര്യത്മക വാങ്മയം
കവിതയിലെ ഭൂതകാലം ഒരു മോഹമോ മോഹഭംഗമോ അല്ല. അത് കാവ്യാനുഭൂതിയുടെ ഒരു സൗന്ദര്യ ലോകം മാത്രമാണ്. കവിത അവിടേക്ക് പോകാൻ പ്രേരിപ്പിക്കുന്നതല്ല, ഭൂതകാലത്തെ സൗന്ദര്യവത്തായ ഒരു അനുഭവ ലോകമാക്കി മാറ്റുകയാണ് ചെയ്യുക. അത് ചിലപ്പോൾ ഇന്നിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിമർശനമായി കടന്നു വരും. കാരണം കവിത ഇന്നിൻ്റെ ഇല്ലായ്മയിലാണ് ജീവിക്കുന്നത്. അങ്ങനെ വരുമ്പോൾ അനുഭവങ്ങളുടെ പരിവർത്തനം അനുഭൂതികളുടെ കൂടി പരിവർത്തനമായിത്തീരുന്നു.
ഭൗതിക സുഖങ്ങൾ കവിതയിൽ ഇടം തേടാറില്ല. ജീവിതത്തിൻ്റെ സംതൃപ്തി ഭൗതികസുഖഭോഗങ്ങളാണെങ്കിൽ കവിതയുടെ അസംതൃപ്തിയാണി വയൊക്കൊയും. ഭൗതിക സംതൃപ്തിയിൽ സംതൃപ്തമല്ല കവിത ഒരിക്കലും. അത് അനുഭൂതിയായി കൊണ്ടു നടക്കുന്നത് മോഹങ്ങളെയും നഷ്ടപ്പെടലുകളെയും ഇല്ലായ്മകളെയും തന്നെയാവും. ആ നിലയിൽ ഏറെ ശ്രദ്ധേയമാകുന്ന കവിതയാണ് ചെമ്മണ്ണിടവഴിയും ടാർറോഡും എന്ന കെ.ആർ ടോണിയുടെ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 14-20).
“വീതി കുറഞ്ഞ ചെമ്മണ്ണിടവഴികൾ നാട്ടിലില്ലെങ്കിലും കവിതയിലുള്ളതുകൊണ്ട് /അതിലൂടെ ” നടക്കുകയാണ് കവി. ഇവിടെ യാഥാർത്ഥ്യവും ഭാവനയും പ്രവർത്തിക്കുന്നതു നോക്കൂ. ജീ വിതത്തിലുള്ളതല്ല കവിത തിരയുന്നത്. കവിതയിലെ ചെമ്മൺ പാതയിൽ “ഇരുഭാഗത്തും മൺതിട്ടയും അതിനു മുകളിൽ മുൾവേലിയുമുണ്ട് “ഇങ്ങനെ ജീവിതത്തിൽ ഇപ്പോഴില്ലാത്ത ഒന്നിനെ കുറിച്ചുള്ള നഷ്ടബോധമായി കവിത മാറുന്നു.” കവിതയിൽ വാഷിങ് മെഷീൻ എത്തിയിട്ടില്ലാത്തതു കൊണ്ട് പെണ്ണൊരുത്തി അലക്കു കല്ലിൽ ആഞ്ഞടിച്ച് വെള്ളം തെറിപ്പിക്കുന്നു”. ഇങ്ങനെ കല്പനയെഉദ്ദീപിപ്പിക്കുന്ന നിരവധി കാവ്യദൃശ്യങ്ങൾ കടന്നു പോകുന്നു. തലയിൽ വിറകു കെട്ടുമായി ഒരു കാവ്യബിംബമെത്തുന്നു. കറുത്ത കാൽ വണ്ണകൾ കാണുമാറ് അവൾ പാവാട മുട്ടുവരെ തെറുത്തു വെച്ചു വരുന്നത് കവി കാണുന്നു. അയാൾ അലസമായി കല്ലുകൾ എറിഞ്ഞു കൊണ്ടിരിക്കുന്നു. അതാവട്ടെ ഇപ്പോൾ ചുരുട്ടിക്കൂട്ടിയ ഒരു കടലാസ് തുണ്ടിൽ തൊടുന്നു. അതിൽ കാലഹരണപ്പെട്ട ഒരു വാക്യമുണ്ടായിരുന്നു.’ ഐ ലവ് യു -എന്നു നിൻ്റെ സൊന്തം’. ഇങ്ങനെ കവിത ഭൗതിക സമൃദ്ധി വിട്ട് കാല്പനിക സമൃദ്ധിയെ പൂകുന്നു. ഒരു നഷ്ടാനുഭവം തന്നെയാണ് സുബീഷ് തെക്കൂട്ടിൻ്റെ ഉപ്പുമാവ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 14-20) ഒരാളുടെ മരണം അന്നത്തെ നഷ്ടമായി മാത്രം മാറുന്നു. അന്ന് പകൽ കണ്ടവർക്കൊക്കെയും ഉപ്പുമാവിൻ്റെ ഗന്ധമായിരിക്കും. മക്കൾ, മരുമക്കൾ ,ചേട്ടാനിയന്മാർ എല്ലാവരും അന്ന് ഉപ്പുമാവ് പഴം കൂട്ടിക്കഴിക്കും. ഉപ്പുമാവിന് ഒരേ രുചിയെങ്കിലും മരിച്ച വീട്ടിലെ ഉപ്പുമാവിന് മാത്രം വേറൊരു രുചിയുണ്ടാകും. ഇങ്ങനെ രുചിയനുഭവത്തിലൂടെ മരണത്തിൻ്റെ മറ്റൊരു ഭാവത്തെ ആവിഷ്കരിക്കുന്നു സുബീഷ് തെക്കൂട്ടിൻ്റെ ഉപ്പുമാവ്.
ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഇന്ത്യയിലാകെ പ്രതിരോധത്തിന് പുതു ചൈതന്യം പകർന്നു നൽകുന്നുണ്ട്. അസാധ്യം എന്ന് തോന്നുന്ന ഒരു കാലത്താണ് കർഷകർ ഇന്ത്യയിൽ പുതിയ സമരത്തിൻ്റെ വിത്തു വിതയ്ക്കുന്നത്.ഈ അനുഭലോകം കവിതയെയും ഉഴുതു മറിക്കുന്നു. കവിത പ്രക്ഷുബ്ധതയുടെ വാക്കായി മാറുന്നു. സച്ചിദാനന്ദൻ കർഷകരെ കവിതയിൽ അഭിവാദ്യം ചെയ്യുന്നു. കൃഷകൻ്റെ പാട്ട് (ദേശാഭിമാനി വാരിക 14 ഫെബ്രുവരി 20 21 ). “എൻ്റെ മാംസം തരുന്നു നിങ്ങൾക്കു ഞാൻ അന്നമായ്, എൻ്റെ രക്തമേ വെള്ളമായ് ” എന്ന് കർഷകർ പ്രഖ്യാപിക്കുന്നു. ജീവിതത്തിൻ്റെ പുതു പുതുപ്പുകളെല്ലാം നിർമ്മിക്കുന്നവരാണ് കർഷകർ. അവരുടെ ജീവനാണ് മേദിനി, അവരുടെ സൗന്ദര്യമാണ് ഋതു ചക്രമായി പ്രഭാസിക്കുന്നത്. അവരുടെ സംഗീതമാണ് പ്രപഞ്ചത്തിൻ്റെ സങ്കീർത്തനം. ഭരണാധികാരികൾ ഇതു തിരിച്ചറിയുന്നില്ല. മൂലധന താല്പര്യങ്ങൾക്ക് അതു മനസ്സിലാവുകയും ഇല്ല. ഈയൊരു രാഷ്ട്രീയത്തെ കർഷകരുമായി അവരുടെ ജീവികത്തെ ആത്മാവിൽ തൊട്ടറിയുന്ന കവിതയായി സച്ചിദാനന്ദൻ്റെ കൃഷകൻ്റെ പാട്ട് എന്ന കവിത മാറുന്നു.
എഴുത്തിനെ നിർവചിക്കുന്നതാണ് പി.ടി ബിനുവിൻ്റെ മനുഷ്യർ ജീവിതം കവിതയായി പറയുന്നു എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രവരി 15). കവിത ഇന്ന് സാധാരണ മനുഷ്യരുടെ ജീവിതം കവിതയിൽ കൊണ്ടുവരുന്നു. വരാനിരിക്കുന്ന സർവലോക വിപ്ലവത്തെക്കുറിച്ച് പറയുന്നേയില്ല. അധികാരത്തെയും അധികാരികളെയും സ്തുതിക്കുകയും ചെയ്യുന്നില്ല. ബഹിഷ്കൃതരായവരുടെ ചരിത്രമാണ് ഇന്ന് കവിതയുടെ ചരിത്രം. അങ്ങനെ തിരസ്കാരത്തിൻ്റെ സൗന്ദര്യമാണ് ഇന്ന് കവിതയ്ക്കുള്ള തെന്ന് പ്രഖ്യാപിക്കുന്നു.” കൊങ്ങിണിപ്പൂക്കളും തുമ്പികളും ആഞ്ഞിലിച്ചോട്ടിലെ മാടവും അതിൻ മീതെയിരിക്കുന്ന പക്ഷികളെയും വരച്ച ബുക്ക് പാടത്തു നിന്നു കിട്ടി./ കുത്തു വിട്ട, ചളി പുരണ്ട ആ ബുക്കാണ് എൻ്റെ ചരിത്ര പുസ്തകം” എന്ന് പറയാൻ കവിക്ക് മടിയില്ല.
പെൺ പ്രണയത്തിൻ്റെ ദൈന്യതയാണ് സഹീറാ തങ്ങളുടെ ആമിയോട്;പ്രണയത്തെക്കുറിച്ച് പങ്കുവെച്ച ചില സന്ദേഹങ്ങൾ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 15) പെണ്ണ് ഒരാളെ പ്രേമിക്കുന്നു. എങ്കിലും അവനാൽ തിരസ്ക്കരിക്കപ്പെടുന്നു. പ്രണയത്തിലും പെണ്ണിന് കർത്തൃത്വമില്ലാത്തതുപോലെയാണ്.” അവന് കഥ പോലെ സംസാരിക്കാനറിയാം എനിക്ക് കവിത പോലെ മൂളാൻ മാത്രമേ അറിയൂ.” അവസാനം പ്രേമം ഒരു വഞ്ചനയാണെന്ന് അവൾ മനസ്സിലാക്കുന്നു.
പ്രിയപ്പെട അമീ….
പ്രണയം
നീ പറഞ്ഞ ഒരു കള്ളം
മാത്രമല്ലേ
എന്ന്
ഞാൻ സന്ദേഹിക്കുന്നു.
തോട്ടിപ്പണിയുടെ ജീവിതാനുഭവത്തെ തീവ്രതരമാക്കി ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്ന കവിതയാണ് തൊഴിൽ രഹിതൻ എന്ന ഷമീന അലിയുടെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 15) പക്ഷേ ചില ഒറ്റപ്പെട്ട വരികളിൽ മാത്രം നിലച്ചുപോകുന്നു അത്തരം ശ്രമങ്ങൾ. സാധാരണ ഗദ്യം കൊണ്ടും സംസാരഭാഷ കൊണ്ടും മനോഹരമായ കവിത നിർമ്മിക്കാമെന്നിരിക്കെ ഭാഷയെ കവിതയാക്കുന്ന കൈത്തഴക്കം ഈ കവി ഇനിയും ആർജിക്കേണ്ടിയിരിക്കുന്നു. കൈതപ്പൊന്തയിലെ പന്ത്രണ്ടര എന്ന വിപിതയുടെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 15) യിലെ പച്ചുറുമ്പ് വായനക്കാരെയും കടിക്കുന്നുണ്ട്. ഏതോ അതിവൈയ്യക്തികമായ ഒരു അനുഭവ ലോകത്തെ പ്രതീകമാക്കുന്നു കവിത. പുതിയ കവികളിലെ ഒരു ചെറിയ വിഭാഗം ഇങ്ങനെ അന്യനുമായി സംവേദനം ഒട്ടും സാധ്യമാവാത്ത കവിതകളിൽ അഭിരമിച്ചു വരുന്നു. എന്താണ് കവിത എന്ന് കവി വിശദീകരിക്കുമ്പോൾ മാത്രം മനസ്സിലാവുന്ന കവിതകൾ കവിതകളേയല്ല. കവിതയിൽ നിന്ന് ആളുകൾ അകലുന്നത് ആളുകളിൽ നിന്നും കവിത അകലുന്നതാണ് എന്ന് മനസ്സിലാക്കുന്നത് നന്നാവും. കുമാരി എം ൻ്റെ ചന്ദ്രമാമ എന്ന കവിത എത്ര അലസമായി കാവ്യ ഭാഷ ഉപയോഗിക്കാം എന്നതിൻ്റെ തെളിവായിത്തീരുന്നു. അമ്പിളിമാമൻ എല്ലാ കാലത്തും മനുഷ്യരുടെ ഒരു ഭാവനാ ലോകമാണ്. അതിനെ ആഖ്യാനം ചെയ്യാനും വ്യാഖ്യാനിക്കാനും മനുഷ്യർ ഒരു പാട് മുതിരുന്നു.അമ്പിളിമാമൻ എന്ന സങ്കല്പം പോലും എത്ര ആസ്വാദ്യകരമാണ്. അതു തന്നെയും ഒരു കവിത. ഇവിടെ അമ്പിളി മാമൻ ചന്ദ്ര മാമനാകുന്നു.
അകലെ ആകാശത്ത്
ഒരു പൂർണചന്ദ്രൻ
എത്തിയാൽ തൊടാവുന്ന പോലെ
പൂർണ ഗോളം
വെൺമയാർന്ന ചാരുവാനത്തിൻ
അമ്മയും മകളും പോലെ
എന്നൊക്കെ എത്ര ദുർബലമായ കല്പനകളാണ്. കൊമ്പിൽ നിന്നൊരു കോലോളം ദൂരത്തിൽ എന്ന കല്പനയിലെത്താൻ ഈ കുമാരി എത്രയോ കാതം നടക്കേണ്ടി വരും.
കവിത അനുഭവങ്ങളുടെ സൗന്ദര്യോ ത്സവം കൂടിയാണ്. സൗന്ദര്യത്തിൻ്റെ നഷ്ടം കവിതയുടെ നഷ്ടം കൂടിയാവുന്നു. വെറും സൗന്ദര്യാത്മക കവിതയാണ് അനുഭൂതികളിൽ ഇളക്കങ്ങൾ സൃഷ്ടിക്കുന്നത്.