വാക്കിനായിരം വഴികൾ
പ്രമേയമല്ല കവിത. ഒരേ പ്രമേയത്തിൽ തന്നെ അനന്തമായ കവിതകളുണ്ടാവുന്നുവെങ്കിൽ കവിത വെറും പ്രമേയമായിരിക്കാൻ ഇടയില്ല. അത് വാക്കിൻ്റെ പ്രത്യേകമായ അനന്ത സഞ്ചാരങ്ങളാണ്. വാക്കിനായിരം വഴികളുള്ളതുപോലെ കവിതയ്ക്കും അനേകായിരം വഴികളുണ്ട്. ഈ വാരം വാക്കിൻ്റ ബഹുസ്വരത എങ്ങനെ കവിതയെ ബഹുവിധമാക്കുന്നുവെന്ന് പരിശോധിക്കുന്നു.
യാഥാർത്ഥ്യത്തെ ആവിഷ്കരിക്കാൻ നഗ്നമായ പുതിയഭാഷയെ കവിതയിൽ സ്വീകരിക്കുന്ന കവിയാണ് പി.എൻ ഗോപീകൃഷ്ണൻ. വാക്കിൻ്റെ സ്നിഗ്ധത തീരെ ഇഷ്ടപ്പെടാത്ത ഗോപീകൃഷ്ണൻ തൻ്റെ കവിതകളിൽ പുതിയ ഭാഷ കൊണ്ട് ഗധവും അഗാധമായി യാഥാർത്ഥ്യത്തെ അനാവൃതമാക്കുന്നു. അദ്ദേഹത്തിൻ്റെ ഏതോ പുഴയുടെ ഏതോ ദിവസം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 21-27) ഇത്തരത്തിൽ ഒരു പാരിസ്ഥിതിക യാഥാർത്ഥ്യത്തെ, ഒപ്പം ഒരു ജീവിത യാഥാർത്ഥ്യത്തെ തന്നെ ആഴത്തിലും പരപ്പിലും അനാവൃതമാക്കുന്നു.
മലയാള കവിതകളിൽ പുഴകളാണ് പ്രകൃതിയുടെ സൗന്ദര്യത്തെ ഒഴുക്കോടെ ആവിഷ്ക്കരിച്ചിരുന്നത്.” പെരിയാറെ പെരിയാറെ പർവതനിരയുടെ പനിനീരെ” എന്ന് വയലാറും “വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളിയൊഴുകും പൊരിനുര ചിതറും കാട്ടരുവി” എന്ന് ബിച്ചുതിരുമലയും പുഴയുടെ സൗന്ദര്യത്തെ ആവിഷ്കരിച്ച് പ്രകൃതിയുടെ വിമോഹനമായ അവസ്ഥകളെ ചിത്രീകരിക്കുകയുണ്ടായി. ഇതേ പുഴ തന്നെയാണ് ആഴത്തിൽ നാം അകപ്പെടാൻ പോകുന്ന പാരിസ്ഥിതിക പ്രതിസന്ധികളെയും കാട്ടിത്തന്നത്.”അമ്പ പേരാറേനീ മാറിപ്പോമോ ആകുലമായൊരഴുക്കുചാലായ്” എന്ന ചൊല്ല് മലയാളിയിൽ തീവ്രമായി മുഴങ്ങുന്ന പാരിസ്ഥിതിക മുന്നറിയിപ്പായിരുന്നു. പിന്നീട് ധാരാളം പുഴക്കവിതകൾ നമ്മുടെ പരിസ്ഥിതി ബോധത്തെ ജാഗ്രതയോടെ ഉണർത്തുകയുണ്ടായി. ഇവിടെയാണ് പിഎൻ ഗോപീകൃഷ്ണൻ കവിതയുടെ പ്രസക്തി.
പുഴ രാവിലെ വൈകി എണീറ്റു.
തലേന്നിട്ട കുപ്പായം തന്നെ എടുത്തിട്ടു,
ഒരു നൂറ്റാണ്ടെങ്കിലും മുഷിവുള്ള ജീൻസും.
മീൻ കടവിൽ കുഞ്ഞാലി
വലയും കൊണ്ട് കാത്തു നിൽക്കുന്നുണ്ടാകും
കൊടുക്കാൻ
രണ്ടു ഡസൻ പള്ളത്തികളേ കൈയിലുള്ളൂ.
അതെങ്കിൽ അത് എന്നു കരുതി
പുഴ പുറപ്പെട്ടു.
ഇതിൽ പുഴയുടെ പ്രാചീനത, അതിൻ്റെ അങ്ങേയറ്റത്തെ ദൈന്യത, തൊഴിലാളികളോടും പാവങ്ങളോടുമുള്ള അതിൻ്റെ ദയാവായ്പ്, എല്ലാം അടങ്ങിയിരിക്കുന്നു. വിവശനായി സഞ്ചരിക്കുന്ന ഒരു പുരുഷനാണ് പുഴ. കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന പഴയ മലയാളിപ്പെണ്ണല്ല ഇന്ന് പുഴ. ഒരു നൂറ്റാണ്ടിൻ്റെ മുഷിവുള്ള ജീൻസിട്ട പുഴ എന്ന് ഗോപീകൃഷ്ണനേ സങ്കല്പിക്കാൻ കഴിയൂ. പുഴകൾ നിർമ്മിച്ച സമ്മോഹനമായ കാല്പനികതയെ മറികടക്കാനാണ് കവി ഇത്തരമൊരു ഇമേജിനെ അവതരിപ്പിക്കുന്നത്. ഏറ്റവും വൃദ്ധവും വിവശവുമായ പുഴയുടെ ജീവിതം തീവ്രമായ ഒരു ദൃശ്യമാക്കി അവതരിപ്പിക്കുന്നു കവിത.
ജീവിതമെത്ര മനോഹരം എന്ന് അധികാരികൾ പറയുന്ന കാലത്ത് അതിൻ്റെ മറുപുറം കാണിച്ചു തരുകയാണ് കെ.ജയകുമാർ മാമാങ്കം എന്ന കവിതയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 21-27)
കാലം കരാളം; താളമവതാളം
അകമേ ഭയം;പുറം നിർവികാരം.
അധികാര ഗർവഹ ലാഹലമൂർച്ഛയിൽ
അവിവേക കർമ്മമാമാങ്കമെങ്ങും
എന്ന് സംശയലേശമെന്യേ കവിക്ക് പറയാൻ കഴിയുന്നു. ജീവിത ദൈന്യതയുടെ ധാരാളം ചിത്രങ്ങൾ കവിത അവതരിപ്പിക്കുന്നുണ്ട്. തെരുവിലനാഥർ പിടഞ്ഞു മരിക്കുന്നത്, പാവങ്ങൾ അഭയാർത്ഥി സംഘങ്ങളായ് എരിവെയിൽപ്പാതയിൽ കുടിനീരു പോലും കിടയ്ക്കാതെ അലഞ്ഞു തളർന്ന് തകർന്നു മരിക്കുന്നത്. ഇതൊന്നും വിളിച്ചു പറയാൻ കഴിയാതെ ഭയം ഭരിക്കുന്നു എന്ന് കവി തിരിച്ചറിയുന്നു. നവീനമായ ഒരു ഭാഷയുടെ അഭാവം ഒരനുഭവമാക്കി മാറ്റുന്നതിൽ കവിത പരാജയപ്പെടുന്നു. പഴയ പാട്ടുകവിതയുടെ മട്ട് പുതിയ ജീവിത താളഭംഗങ്ങൾക്ക് ചേരുന്നതല്ലെന്ന് കവികൾ തിരിച്ചറിയുന്നത് നന്നാവും. പ്രമേയമല്ല കവിത, ഭാഷയാണത്.
ദാമ്പത്യസ്നേഹത്തിൻ്റെ തീവ്രാനുഭവങ്ങളെ അവിശുദ്ധമെന്നു തോന്നുന്ന ഇമേജുകൾ കൊണ്ട് വരച്ചുകാട്ടുകയാണ് എം എസ് ബനേഷിൻ്റെ ഒരു വിലാപം എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 21-27). ദാമ്പത്യത്തെക്കുറിച്ചുള്ള ഇമേജുകൾ തീർത്തും പുതിയത്. പാവനമായതൊന്നും നമുക്കു കാണാൻ കഴിയില്ല. ഇമേജുകളിൽ ഇത്രയും നവീനത മറ്റു കവികൾക്ക് അധികം അവകാശപ്പെടാൻ കഴിയുമെന്നു തോന്നുന്നില്ല. നല്ലയിനം പുലയ അച്ചാറുകൾ, മഴയാളം, ആടലോടകം, പോടാ മൈലേ എന്നീ കവിതകളിൽ നമ്മളിത് ആവോളം കണ്ടതാണ്. ഇവിടെ സ്മൃതിയെ അടയാളപ്പെടുത്തുന്നതു നോക്കൂ..
കണ്ണടഞ്ഞങ്ങു പോകുമ്പോൾ
വാ തുറന്നിറ്റു വീഴ്ത്തുന്ന
ജലം പോലെ ഞാനോർത്തോളാം
ആ ജലത്തിൻ്റെ രുചി പോലെ
അത്ര മേലാഴമുള്ളൊരീ
കിണർ വക്കിലിരുന്നോളാം
എന്നിങ്ങനെ പരിചയമില്ലാത്ത സ്മൃതി ചിത്രങ്ങൾ വരയക്കുന്നു കവി.
തലവേദന മാറ്റാൻ നനച്ചിടുന്ന തുണി പോലെ, സാറ്റുകളിച്ചതിൻ പഴയ ഓർമ്മയിൽ റിബൺ കെട്ടിയിട്ട മുടിയോടെയുളള ചിരി, ബ്രാണ്ടി ചൊരിയും സ്നേഹത്തിളപ്പ് എന്നിങ്ങനെയുള്ള ‘പ്രതി ബിംബ’ങ്ങൾ കൊണ്ട് കവി പുതിയ തരം അനുഭവം നിർമ്മിക്കുന്നു.
വീടും മനുഷ്യരുമാണ് രാജൻ സി എച്ചിൻ്റെ തികച്ചും ഗാർഹികം എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 21-27) യിലുള്ളത്. കവിയുടെ നോട്ടത്തിൽ വീടുകൾ മനുഷ്യരെ പോലെയാണ്. ശ്രദ്ധിച്ചു നോക്കിയാൽ കാണാം അവ അന്ധരും ബധിരരും മൂകരുമാണ്. മുടന്തുള്ള വീടുകളുണ്ട്. എപ്പോഴും മൂടിക്കെട്ടിനിൽക്കുന്ന വീടുകളും ഉണ്ട്. ചിലപ്പോൾ വീടുകളെ പോലെയാവും മനുഷ്യർ. ചിലപ്പോൾ ഒഴിഞ്ഞ് മാറാല കെട്ടിപൊടിയണിഞ്ഞ്, ചിലപ്പോൾ മരിച്ച് സുന്ദരമായി. പക്ഷേ കവിക്കറിയാം ഒരു വീടും വീടല്ല, ഒരു മനുഷ്യനും മനുഷ്യനല്ലെന്ന പോലെ.
നമ്മുടെ ഭക്ഷണ റസിപ്പികളിൽ കർഷകരുടെ ചോരയും വിയർപ്പും ആത്മഹത്യയുടെ ഗന്ധവുമുണ്ടെന്ന് നാം അറിയാറില്ല. ഈ പൊള്ളുന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്ന കവിതയാണ് മൂസ എരവത്തിൻ്റെ കീമ പൊറോട്ട റസിപ്പി എന്ന കവിത (ദേശാഭിമാനി വാരിക 21 ഫെബ്രവരി 2021). ഗോതമ്പുമാവ് എടുക്കുമ്പോൾ ഉത്തര പ്രദേശിലെ കർഷകൻ്റെ വെയിൽ തിന്നു കരുവാളിച്ച മുഖം നാം ഓർക്കാറില്ല. ആട്ടിറച്ചി എടുക്കുമ്പോൾ അഖ്ലാഹി ൻ്റെ മുഖം ഓർക്കാറില്ല. യഥാർത്ഥത്തിൽ ഈ റസിപ്പിയിലുണ്ട് ഇന്ത്യയുടെ വംശവെറിയും സമ്പന്നാഭിമുഖ്യവും ദരിദ്രവിരുദ്ധതയും. സാധാരണ മനുഷ്യർ ചിന്തിക്കാനിടയില്ലാത്ത ഒരു അധികാര വിരുദ്ധലോകം തുറന്നിടുന്നുണ്ട് ഈ കവിത.
എം പി അനസ്സിൻ്റെ ഉമ്മാമ (ദേശാഭിമാനി വാരിക 21 ഫെബ്രുവരി 2021) നാട്ടിൻ പുറത്ത് നാം പരിചയപ്പെട്ട ഉമ്മാമ തന്നെ. അക്കാലത്തെ ഭാഷ കൊണ്ട് ഉമ്മാമ നമുക്കിടയിലൂടെ കടന്നു പോകുന്നു.
പള്ളിപ്പറമ്പിലെ കബറിടത്തിൽ
മൗത്തയോർ പാർക്കുമാ നിലാ ചുവട്ടിൽ
വിരിഞ്ഞ മരങ്ങൾതൻ മണപ്പരപ്പിൽ
കഥ പറഞ്ഞുറങ്ങയാണുമ്മാമയും
മൗത്തായ, മണപ്പറമ്പ്, വയള്, വസിയത്ത്, മഹ്ശറ,സലാത്ത് എന്നീ പദങ്ങൾക്കൊണ്ട് ഉമ്മാമയുടെ ചിത്രം കൂടുതൽ മിഴിവുള്ളതായ് ത്തീരുന്നു.
പലകാലങ്ങളിലെ വിദ്യാലയ സ്മരണകളാണ് മാധവൻ പുറച്ചേരിയുടെ മൂത്തേടത്ത് സ്കൂൾ @ 127 എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഫെബ്രുവരി 22 ) 1894 ലെ മൂത്തേടത്ത് സ്കൂളും 1964ലെ മാധവൻ പുറച്ചേരിയും 1994 ലാണ് പരിചയപ്പെട്ടത് എന്ന് രേഖപ്പെടുത്തി കൊണ്ടാണ് കവിത ആരംഭിക്കുന്നത്. പിന്നീട് പരിചയപ്പെട്ട കാലത്തെ വിദ്യാലയത്തെയും കൊറോണാ കാലത്തെ വിദ്യാലയത്തെയും അവതരിപ്പിച്ച് വ്യത്യസ്ത കാലത്തെ ഒരനുഭവ ലോകം പകരാൻ ശ്രമിക്കുകയാണ്. 1994 ൽ ഇടവഴികളിലൂടെയും ഊടുവഴികളിലൂടെയും ഓടിയെത്തിയ കുട്ടിക്കിതപ്പുകളെ ഓർത്തു പോകുന്നു. അന്നത്തെ പങ്കിട്ടെടുക്കലുകൾ ക്ലാസ് മുറികൾ എല്ലാം ഒരു ചരിത്ര സന്ദർഭമായി കവിതയിൽ കടന്നു വരുന്നു. നിന്ന നിൽപിൽ എഴുത്തച്ഛനും സി.വി രാമൻപിള്ളയും കൈകോർത്തു പിടിച്ച് നടന്നു പോകുന്നത്, വേഡ്സ് വർത്ത് വരാന്തയിൽ വന്നു നിൽക്കുന്നത് കൺമുമ്പിൽ കാണുന്നു. ഇപ്പോൾ ആ അനുഭവങ്ങളൊക്കെ വഴിമാറി. ഡിജിറ്റൽ ആ ലേഖനങ്ങളും അകാല്പനിക അനുഭവങ്ങളായി മാറി. മ്യൂട്ടും അൺ മ്യൂട്ടുമായ ക്ലാസ്സനുഭവങ്ങൾ. ഈ വൈപരീത്യത്തിൻ്റെ ചിത്രം വരച്ചിടുകയാണ് ചരിത്രവും വർത്തമാനവുമായി മാധവൻ പുറച്ചേരി.
ഇത്തരത്തിൽ വർത്തമാനത്തിൻ്റെ ആഴമേറിയ വിമർശനങ്ങളായി ഗൃഹാതുരമെന്നു തോന്നുന്ന ചരിത്രം കവിതകളിൽ പ്രവർത്തിക്കുന്നു.