കവിതയെ ദർശനനിരപേക്ഷമായി സമീപിക്കുന്ന ഒരാളല്ല പി എ നാസിമുദ്ദീൻ. അങ്ങനെ നോക്കുമ്പോൾ ‘ദർശനങ്ങളുടെഭാര’മുണ്ട് പി.എ നാസിമുദ്ദീനിൻ്റെ പ്രായം എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 മാർച്ച് 21-27) യ്ക്ക്.
ആരാണ് യുവാവ് / യുവതി? ആരാണ് വൃദ്ധൻ/ വൃദ്ധ? ആരാണ് ബാലിക / ബാലകൻ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കവി. എൻ്റെ പ്രായം ഉടഞ്ഞ കുടത്തിൽ നിന്ന് ജലം പോലെചോർന്നു പോയി എന്ന് ഒരു സുഹൃത്ത് ഫോണിൽ കൂടി പറഞ്ഞപ്പോഴാണ് കവി പ്രായത്തിൻ്റെ ദാർശനിക പ്രശ്നത്തിലേയ്ക്ക് കടക്കുന്നത്. ഒരു ദിവസം വൈകുന്നേരം കടപ്പുറത്ത് നടക്കാൻ പോയപ്പോൾ ടീ ഷോപ്പിൽ പാത്രം കഴുകുന്ന മൂന്നു പെങ്ങന്മാരുള്ള പതിനൊന്നു വയസ്സുകാരനെ കാണുന്നു. അവന് അപ്പോൾ വയസ്സ് ശരിക്കും പതിനൊന്നായിരിക്കുമോ? മറ്റൊരു കാഴ്ച അറുപതായിട്ടും പെൺകുട്ടികളെ നോക്കി ചൂളം വിളിക്കുന്ന പഞ്ചാരതോമയെ കാണുന്നതാണ്. പഞ്ചാര തോമയ്ക്ക് അറുപതായിക്കാണുമോ? മെൻറൽ സാനിറ്റോറിയത്തിൽ ബാലികയെപോലെ പാവക്കുട്ടിക്കുവേണ്ടി യാചിക്കുന്ന വല്യമ്മ വൃദ്ധയാണോ?. അപ്പോഴാണ് ആകാശത്ത് ക്ഷയിച്ചു പോയ നക്ഷത്രത്തിൻ്റെ പ്രകാശം ഇപ്പോഴുമുണ്ടെന്ന സത്യം അയാൾ തിരിച്ചറിയുന്നത്. അതൊരു ജീവിത ദർശനം അയാൾക്കു പ്രദാനം ചെയ്യുന്നു, ശരീരം ഒന്നിൻ്റെയും തെളിവല്ല എന്ന്. ഇങ്ങനെ വലിയ ഫിലോസഫിയിലേക്ക് നയിക്കുന്ന ചെറിയ കവിതയാണ് പി.എ നാസിമുദ്ദീൻ്റെ പ്രായം.
അത്രമേൽ ആത്മമാണ് നൂറ വരിക്കോടൻ്റെ അത്രമേൽ നീലക്കണ്ണുള്ളവൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 21-27) അത്രമേൽ ഏകാന്തമായ ഒരു രാത്രിയിൽ ഒരു നിഴൽ കവയിത്രിയുടെ മുമ്പിൽ വന്നു വീഴുകയാണ്. ആ നിഴൽ ആരെന്ന് അന്വേഷിക്കുമ്പോൾ അത് തൻ്റെ തന്നെ ആത്മഭാവമാണെന്ന് അവർ തിരിച്ചറിയുന്നു. അത് കവയിത്രിയെ അവിരാമമായി പിന്തുടരുന്നു. ടോണിമോറിസൻ്റെ കഥാപാത്രമായ പെക്കോള എന്ന കഥാപാത്രം താൻ തന്നെയാണോ എന്നു തോന്നുന്ന വേളകൾ. അത് ചിലപ്പോൾ ഭാവനാത്മകമായ ഒരു നോട്ടമാവാം.”നിൻ്റെ ഹൃദയം എനിക്കിരിക്കാനുള്ളത്രയും നിർമ്മലമായിരിക്കുന്നിപ്പോൾ കവേ ” എന്ന് പറഞ്ഞു പോകുന്നു. ആത്മമെങ്കിലും അപരമായിത്തീരുന്ന വിദ്യ, അപരമെങ്കിലും ആത്മമായിത്തീരുന്ന രസവിദ്യ,യഥാർത്ഥത്തിൽ ഏതു കവിതയും ഇങ്ങനെ തന്നെ.
പ്രത്യാശാനന്തര കാലം എന്ന് ഈ കാലത്തെ അടയാളപ്പെടുത്തുമ്പോൾ അക്കാലത്തും പ്രത്യാശകൾ നിലനിൽക്കുക തന്നെ ചെയ്യും. നടക്കാതെ പോയ വിപ്ലവങ്ങളിലെ വിപ്ലവകാരികൾ, പിടിക്കാതെ പോയ സിനിമകളിലെ സംവിധായകർ, എഴുതപ്പെടാത്ത ഇതിഹാസങ്ങളുടെ എഴുത്തുകാർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. കെടാനോങ്ങുന്ന സിഗരറ്റുകുറ്റികൾ ആഞ്ഞാഞ്ഞു വലിച്ചും, വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിച്ചും അവർ തങ്ങളുടെ പ്രത്യാശയ്ക്ക് ജീവൻ പകരുകയാണ്.
ജീവിതം വിടാനാകുന്ന നേരത്തെ സങ്കല്പിക്കുകയാണ് സച്ചിദാനന്ദൻ ബുൾഡോസർ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 മാർച്ച് 21 ) യിൽ.ഏതു നിമിഷവും വീഴാൻ തയ്യാറായി നിൽക്കുന്ന ഉടലിനെ താങ്ങി നിൽക്കുകയാണ് താനെന്ന് കവിക്കറിയാം. ബുൾഡോസർ ആദ്യം മറിച്ചിട്ടത് അയാൾ പുറത്തേക്കു പോയിരുന്ന വാതിലുകളായിരുന്നു.പിന്നെ ആകാശത്തേക്ക് നോക്കിയിരുന്ന ജനലുകൾ. പിന്നെ തിരിച്ചു വന്നപ്പോൾ തന്നെ സംരക്ഷിച്ചിരുന്ന ചുവരുകൾ, പുസ്തകങ്ങളുടെ പൂന്തോട്ടം. പിന്നെ അയാൾ ഉറച്ചുനിന്ന നിലം, എല്ലാറ്റിനെയും താങ്ങിനിന്ന അടിത്തറ. ഭാഷയുടെ ഇഷ്ടികകളൊക്കെയും ഇളകിയിരുന്നു. ജീവികൾ പരിഹസിക്കുകയും ജിജ്ഞാസപ്പെടുകയും ചെയ്യുന്നു. ഒരു ചോദ്യചിഹ്നമായി അയാൾ മാറുന്നു. ഒരൊറ്റ നിലവിളി കൊണ്ടെങ്കിലും ലോകത്തെ മാറ്റാൻ അപ്പോഴും അയാൾ ഉഴറുന്നു. കവി മേഘത്തോടെന്ന പോലെ ചോദിക്കുന്നു”………നീ കേൾക്കുന്നുണ്ടോ ഭാവിക്കു ഞാൻ നൽകുന്ന ഈ വാക്കില്ലാത്ത സന്ദേശം”.
സ്വന്തം വീട്ടിൽ നിന്നു സ്വന്തം വീടുതിരയുന്ന നെരോത്തയുടെ ചിത്രം വരയ്ക്കുന്നു സുധീഷ് കൊട്ടേമ്പ്രം പുര വാട്ടം എന്ന കവിത ( മാധ്യമം ആഴ്ചപ്പതിപ്പ് മാർച്ച് 22) യിൽ. ആത്മം നഷ്ടപ്പെട്ടു പോകുന്ന വ്യക്തിയുടെ സന്ദ്രാസമുണ്ട് കവിതയിൽ.
അന്നത്തിൻ്റെ നാഥൻമാരെ ഓർക്കുകയാണ് ആലങ്കോട് ലീലാകൃഷ്ണൻ അന്നത്തിൻ്റെ നാഥന് എന്ന കവിത (ഭാഷാപോഷിണി 2021 മാർച്ച്) യിൽ. കർഷക സമരത്താൽ ജ്വലിച്ചു നിൽക്കുമ്പോൾ ഒരോ പ്രഭാതവും നിരർത്ഥമാകില്ല എന്ന ശുഭകാമനയിലാണ് കവി. “ഉണ്ണുന്ന ചോറിൽ നിൻ്റെ കണ്ണുനീർ വീഴുന്നുണ്ട് ” എന്ന് തിരിച്ചറിയുന്ന കവി കർഷകർക്കൊപ്പമില്ലാത്തതിൽ ദുഃഖിതനാണ്. “നിന്നൊപ്പമില്ലെങ്കിലുമെൻ നെഞ്ചു കത്തുന്നുണ്ട് ” എന്ന് ആശ്വസിക്കുകയാണ് കവി.
ആളനക്കമില്ലാത്ത കാടിൻ്റെ നിഭൃത വിസ്തൃതിയിൽ സൗന്ദര്യ കാമനയുമായി നടക്കുന്ന ഒരു പെൺകുട്ടിയെ കാണുന്നുണ്ട് ജെനി ആൻഡ്രൂസിൻ്റെ വന നടനാങ്കണം എന്ന കവിത (ഭാഷാപോഷിണി 2021 മാർച്ച്) യിൽ മനുഷ്യരേക്കാൾ ഉലകിനെ ഉത്ഥിതമാക്കുന്നത് കിളികളല്ലേയെന്ന് കവി കരുതിപ്പോരുന്നു.
നീഹാരത്തുള്ളിയൊത്തുല്ലസിതൻ
ശുദ്ധിയിലേക്കുലകിനെ
തുയിലുണർത്തുന്നുവെന്ന ഒരു പതംഗ യാഥാർത്ഥ്യം കവയിത്രി തൊട്ടറിയുന്നു.
ഗഹനതയെയും നിസ്സാരതയാക്കാൻ കഴിയുന്ന ഒരു രസവിദ്യ പുതു കവിതകൾക്ക് കാണാൻ കഴിയാറുണ്ട്. ഇവിടെയിതാ മോഹനകൃഷ്ണൻ കാലടി പ്രപഞ്ച പൊരുൾതേടി അലയുകയാണ്. പക്ഷേ തൻ്റെ മുന്നിലെ യാഥാർത്ഥ്യത്തിൽ നിന്നു കൊണ്ടാണ് കവി അത് നിർവഹിക്കുന്നത്. എങ്ങനെയാണ് പ്രപഞ്ചമുണ്ടായത് എന്ന അമൂർത്തതയല്ല പ്രപഞ്ചത്തെ പെറ്റിട്ട തള്ളപ്പയ്യി എവിടെ പോയി എന്ന മൂർത്തമായ അന്വേഷണമാണ് കവി നടത്തുന്നത്.
പ്രപഞ്ചത്തെ പ്രസവിച്ചതള്ളപ്പയ്യിതെങ്ങു പോയി
പശുക്കുട്ടിപ്പയിച്ചിതാ കരഞ്ഞിടുന്നു.
തൊഴുത്തിലും കാണാനില്ല തൊടിയിലും കാണാനില്ല
കുറ്റി നട്ട കുഴിയില്ല കയറുമില്ല.
എന്ന നിശൂന്യത കവിയെ ചൂഴ്ന്നു നിൽക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് പലവട്ടമിരന്നിട്ടും പശു പെറുന്നതു കാണാൻ അനുവാദം തരാത്തൊരു മുത്താച്ചിയമ്മയെ കവി ഓർക്കുന്നത്. അവർക്കെങ്കിലും ഇതിന് ഉത്തരം നൽകാൻ കഴിയുമോ എന്നു ചിന്തിക്കുന്നു.”പ്രപഞ്ചത്തെ പെറ്റിട്ടൊരു തള്ളപ്പയ്യിതെങ്ങു പോയി ചൊല്ലുക നീയറിവിൻ്റെ മുത്താച്ചിയമ്മേ”.
ഇങ്ങനെ വലിയ വലിയ ചിന്തകളെ പരിചയമുള്ള ഇമേജുകളിലൂടെ, അനുഭവ ലോകങ്ങളിലൂടെ ആവിഷ്കരിക്കുക കവിതയുടെ നിത്യമായ ഭാവമായിത്തീരുന്നു.വെറും സത്യത്തിൻ്റെ ചിത്രമല്ല. സത്യത്തിലേക്ക് നയിക്കുന്ന വിചിത്രമായ പകരലാണത്.