ഉള്ളുണർത്തുന്നു ഉള്ളുലയ്ക്കുന്നു

സാധാരണഗദ്യം കൊണ്ട് അസാധാരണമായ കവിത രചിക്കാൻ കഴിയുന്ന കവിയാണ് എസ് ജോസഫ്. അയാൾക്ക് കല്പനയല്ല കവിത.യാഥാർത്ഥ്യത്തെ കലർപ്പില്ലാതെയെഴുതലാണ്. അതു കൊണ്ടു തന്നെ കവിതയോ കഥയോ എന്ന് തോന്നും മട്ടിലാണ് ജോസഫിൻ്റെ കാര്യം പറച്ചിൽ. പദ്യത്തിലും ഇയാൾക്ക് നല്ല വശമുണ്ട്. ഈണവും വിരളമല്ലാത്ത വിധം ഉപയോഗിക്കാറുണ്ട്. ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പി ( 2021 മാർച്ച് 28-ഏപ്രിൽ 3)ൽ എസ് ജോസഫിൻ്റെ ഒരു കവിതയുണ്ട് തെക്കു തെക്കൊരു തീരം തന്നിൽ. പ്രണയത്തിൻ്റെ, ജീവിതത്തിൻ്റെ ഒരു കാര്യമാണ് അയാൾ പറയുന്നത്. പറയുന്ന ജീവിതത്തിന് അലങ്കാരങ്ങൾ കുറവായതിനാലാവണം വ്യവസ്ഥാപിതമായ അലങ്കാര ചേരുവകളോ കല്പനാവൈഭവങ്ങളോ കവി പുലർത്തുന്നില്ല. കഥ പറയുമ്പോലൊരു കവിത.

ഒരു വീട്ടിൽ
കൂട്ടുകാരനോടൊപ്പം താമസിച്ചിരുന്നു.
അവൻ്റെ ചേട്ടത്തിയും
രണ്ടു കൊച്ചു പെൺകുട്ടികളുമായിരുന്നു
അവിടെ ഉണ്ടായിരുന്നത്.

ഇങ്ങനെ തുടങ്ങുന്നു കവിത. എന്നിട്ട് ജീവിതത്തെ, പ്രണയത്തെ, അധഃസ്ഥിതമായ ജീവിതാനുഭവങ്ങളെ ആവിഷ്കരിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നു തുടങ്ങി ഭ്രമാത്മകതയിലാണ് കവിത അവസാനിക്കുന്നത്.

അയാൾ കൂടിയ വീട്ടിലേയ്ക്ക് നീലിയെ കൂടി കൂട്ടുന്നു. അവൾ അപ്പോഴേക്കും ലോകത്തുണ്ടായിരുന്നില്ല. നീലി പിന്നെ അവിടെ നിന്നും തിരിച്ചുപോരുന്നുമില്ല.. അവൾ പറയുന്നു
“ഇവിടെ വരാത്ത ഞാനെങ്ങനെ വരും?” ഇങ്ങനെ ഭ്രമാത്മകതയിൽ അവസാനിക്കുന്ന കവിത പ്രണയത്തിൻ്റെ നിത്യതയെയാണ് അടയാളപ്പെടുത്തുന്നത്.

എസ് ജോസഫിൻ്റേത് കല്പനാ രഹിതവും നിരലങ്കാരഭരിതവുമാണെങ്കിൽ തീർത്തും കല്പനാ ചാതുരിയാൽ സ്ഫുടം ചെയ്തെടുത്ത  കവിതയാണ് ഷീജാ വക്കത്തിൻ്റെ അന്തിക്കള്ളും പ്രണയഷാപ്പും (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 മാർച്ച് 28 ഏപ്രിൽ 3) മദ്യത്തെപ്പോലെ രസനീയമായ പ്രണയമത്ത്, അല്ലെങ്കിൽ പ്രണയത്തെപ്പോലെ മത്തുപിടിപ്പിക്കുന്ന മദിര ജീവിതം. രണ്ടും കരൾ നിറയ്ക്കും ഈ കവിത ഒരു കവിൾ നുകരുമ്പോൾ. അത്രമേൽ ഭാഷ ലഹരിപിടിപ്പിക്കുന്നുണ്ട് ഈ കവിതയിൽ. ഭാഷകൊണ്ട് മദോൻ മത്തനായ കവിയായിരുന്നല്ലോ പി കുഞ്ഞിരാമൻ നായർ. അതിനെ കവിഞ്ഞു നിൽക്കുന്ന വീഞ്ഞാവുന്നു ഷീജാ വക്കത്തിനു കവിത.

തേരി കേറിയിറങ്ങി വന്നു
കലുങ്കിലെത്തുമ്പോൾ,
പായലിൻ്റെ കിളുന്തുമേനി
തെളിഞ്ഞ നീർക്കുത്ത്.
ഓല വാരിവലിച്ചുടുത്ത –
യലത്തു നിൽക്കുന്നു
പ്രേമ ലായനി നീട്ടി യെൻ
ഇടനെഞ്ചിലെ ഷാപ്പ്. എന്നു തുടങ്ങുന്ന കവിതയിൽ ഭാഷയുടെ മാസ്മരികത പലയിടത്തും നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ആറ്റുവാസിക്കാറ്റ്, പ്രേമപാനീയം, പുളിനീരിൽ വീണ് ,വെന്ത താറാവ്, നൂൽപ്പുഴുക്കുത്ത് ഇങ്ങനെ ഓരോ വരിയിലും ലഹരിപിടിപ്പിക്കുന്ന ഭാഷയുടെ, ഭാവനയുടെ ഭ്രാന്തൻ കള്ള് നാം മോന്തിക്കുടിക്കുന്നതു പോലെ കവിത നമ്മെ വിഭ്രാത്മകമായ രാവിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

ശ്രദ്ധേയമാണ് പ്രദീപൻ രാമനാട്ടുകരയുടെ പന്തുകളുടെ കളി എന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ കവിത (2021 മാർച്ച് 297). ഫാൻ്റസിയുടെ ഒരു അനുഭവലോകം ഈ കവിതയും നൽകുന്നുണ്ട്. പന്തുകളിയായി ജീവിതം സങ്കല്പിച്ച് പ്രകൃതിയുടെ വിലോലഭാവങ്ങളെ മുഴുവൻ ഈ കവി കളിക്കളത്തിൽ എത്തിക്കുന്നു.

മാന്തിക്കീറിയ
കുന്നിൻ പള്ളയിൽ
വിദഗ്ധനായ ഗോളിയെ പോലെ
മരവേരുകൾ
പാറക്കുട്ടികളെ തടഞ്ഞു നിർത്തും.

അടങ്ങാത്ത പ്രണയത്തിൻ്റെ
നീല ജ്ജ്വാലയിൽ
കിക്കോഫ് ചെയ്ത്
വെന്തുമരിച്ച സുധാകരൻ്റെ
പൂത്തുമലച്ച ചുണ്ടുകൾ
ചിരിയൊലിപ്പിക്കും.

ഇങ്ങനെ കൗതുകം നിരത്തി വെയ്ക്കുന്നുണ്ട് കവിത.സുധാകരനോടൊപ്പം സൗദാമിനിയും, പ്രഭാകരനും കൂടി എത്തുമ്പോൾ കവിത ഒരു പുതുഭാവം കൈവരിക്കുന്നു. ഇങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിൽ നടക്കുന്ന പന്തുകളികളിൽ വായനക്കാരും പങ്കുകൊളളുന്നു.

പെണ്ണെഴുതുന്നത് പേനകൊണ്ടല്ല ഉടലുകൊണ്ടാണ് എന്നു സ്വതേ പറയാറുണ്ട്. ഉടൽ മുക്തമായ ഒരസ്തിത്വം സ്ത്രൈണതയ്ക്കില്ല തന്നെ. കാരണം സ്ത്രീയുടെ ജൈവികമായ ഒരവസ്ഥയല്ല സ്ത്രൈണത. സാംസ്കാരികമായ അധഃസ്ഥിതാവസ്ഥ തന്നെയാണ്. അഗ്നസ് വി.സന്ധ്യയുടെ അയലുകോരികൾ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് മാർച്ച് 29 ) പെണ്ണത്തത്തിൻ്റെ ശാരീരിക സ്വത്വത്തെ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു.

“ഒരിക്കൽ, പണ്ടൊരിക്കൽ ഒച്ചയുണ്ടാക്കി നടന്ന അട്ടം മുട്ടെയാർത്ത മുഷിവുകളൊക്കെ കൂട്ടി വെച്ച  കവച്ച കാലിൽ കുന്തിച്ചിരുന്ന നെഞ്ഞ് കൂനാത്ത ഒരൊച്ചപ്പെണ്ണ്” എങ്ങനെ നരച്ച് കരമ്പിച്ച് പിഞ്ഞിയ നിശബ്ദ വിരിപ്പായിത്തീർന്നു എന്ന് പറയുകയാണ് കവിത. ഭാഷകൊണ്ട് ഒരു തീവ്രാനുഭവമാക്കി മാറ്റുന്നുണ്ട് ആഗ്നസ് തൻ്റെ അനുഭവത്തെ.

സ്ത്രൈണത പലപ്പോഴും അപരസ്വത്വമായിത്തീരാറുണ്ട്. അതാണ് രാജീവ് പെരുമൺ പുറയുടെ കവിയുടെ ഭാര്യയും  രാഷ്ട്രീയക്കാരൻ്റെ ഭാര്യയും കണ്ടുമുട്ടിയപ്പോൾ എന്ന കവിത (ദേശാഭിമാനി വാരിക 28 മാർച്ച് 2021) കവിയുടെ ഭാര്യ കവിയായും രാഷ്ട്രീയക്കാരൻ്റെ ഭാര്യ രാഷ്ട്രീയക്കാരിയായും മാറുന്നു. അപര സ്വത്വം തന്നെ സ്വന്തം തന്മയായി പരിവർത്തിക്കപ്പെടുന്നു.

“കവിയുടെ ഭാര്യ ഇലപ്പടർപ്പുകളിലേക്കും വായുമണ്ഡലത്തിലേയ്ക്കും തുറിച്ചു നോക്കി കണ്ണുകൾ കൊണ്ടെന്തോ വലിച്ചെടുക്കുംമട്ടിൽ എത്ര നേരമോ ഇരിക്കും” എന്നാൽ “രാഷ്ട്രീയക്കാരൻ്റെ ഭാര്യ രാവിലെ ഇറങ്ങിപ്പോയി സാമൂഹ്യദുഃഖങ്ങളും പേറി പാതിരാത്രിയിൽ വന്ന് ഒരു ഗ്ലാസ്സ് ഗോതമ്പു കഞ്ഞി കുടിച്ച് ചുരുളും”

സ്ത്രൈണത വെറും വിഷാദമാണെന്നു തോന്നുന്നു സ്മിത സൈലേഷിന് (ആത്മയാനം, ജ്വലനം 2021 മാർച്ച് 24). ഞാൻ ആരിലുമില്ലാത്തവളാണ് എന്നിൽ പോലുമില്ല. ഉണ്ടെന്നത് ഒരു തോന്നൽ മാത്രം. കവിതകൾ എൻ്റെ കാല്പാടുകളല്ല. ഉണ്ടെങ്കിൽ തന്നെ അവ എത്രയോ തണുത്തവയാണ്. ഞാൻ വെറും മുഷിഞ്ഞ ഉടൽ, ഇനിയും പേരിട്ടു വിളിക്കാത്ത ഒരു ഋതുഭാവം എന്നതാണ് കവയിത്രിയുടെ ഭാവം.

രാഷ്ടീയ വിഷാദത്തിൻ്റെ കവിതയാണ് സംഗീത് കാരക്കോടിൻ്റെ ചില സ്വാതന്ത്ര്യങ്ങൾ എന്ന കവിത (ജ്വലനം 2021 മാർച്ച് 24). സ്വാതന്ത്ര്യം വെറും ഔപചാരികത മാത്രമാണെന്നും ചരിത്ര നിർമ്മിതി ഒരു ഒളിച്ചുകടത്തൽ കൂടിയാണെന്നും കവി മനസ്സിലാക്കുന്നു.

രാജാറാം മോഹൻ റോയ്
ഝാൻസിറാണി
ഗോപാലകൃഷ്ണഗോഖലെ
മഹാത്മാഗാന്ധി
സുഭാഷ്ചന്ദ്രബോസ്
ഭഗത് സിംഗ്
സുഖദേവ്
എന്നിവരുടെ കൂട്ടത്തിലേക്ക്
പിൻവാതിൽ നിയമനം നടക്കുന്നുണ്ട്
വീരസവർക്കർ
ഒടുവിൽ ഗോഡ്സെവരെ.

എന്നു പറയുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ അർത്ഥം പൂർത്തിയാവുന്നു. ഇതൊരു കെട്ട കാലമാണെന്ന് കവി ആദ്യം തിരിച്ചറിയും. കെട്ട ജീവിതമുണ്ടെന്നാൽ മറ്റൊരു കാവ്യജീവിതം കവി അന്വേഷിക്കും. കൃഷ്ണ തൻ്റെ കുടിപ്പാട്ട് എന്ന കവിതയിൽ (ജ്വലനം 2021 മാർച്ച് 24) കെട്ടകാലത്ത് ഇവിടെ പാട്ടു പാടാമോ? ഇവിടെ കൂട്ടുകൂടാമോ എന്ന് മുഴക്കത്തോടെ ചോദിക്കുന്നുണ്ട്. കാലത്തിൻ്റെ മുഴുവൻ രൗദ്രതയും കവി ആവാഹിച്ചതു പോലെ ചടുലവും ഊർജസ്വലവുമാണ് കവിത. ഗോത്ര ജീവിതത്തിൻ്റെ ഒരു പ്രതിരോധ വീര്യം കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

ഇങ്ങനെ കാല്പനികത കൊണ്ടും അകാല്പനികത കൊണ്ടും പുതിയ കവിത നമ്മുടെ ഉള്ളിനെ ഉണർത്തുന്നു.ഉള്ളിനെ ഉലയ്ക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account