കവിതയുടെ കാനനപാത

മലയാള കവിതയുടെ കാനനപാതകളിൽ ഒരു സഹ്യൻ്റെ മകൻ, മകൾ അതുമല്ലെങ്കിൽ ഒരു മൂന്നാംപിറ ഇന്നുമല യുന്നുണ്ട്. ഭൗതിക ജീവിതം നൽകുന്ന സംതൃപ്തിയിൽ സംപൂർത്തിയടയാത്ത ഒരു വാഴ് വിലാണ് കവിതയുടെ ജീവൻ. അതാവട്ടെ ഭൗതികേതരമായ ഒരനുഭവലോകം കൂടിയാണ്. ഈ അസംതൃപ്തിയുടെ ഭാവനാലോകം കൊണ്ടാണ് കവിത ഭാവിയെ നെയ്യുന്നത്. സച്ചിദാനന്ദൻ മലയാളകവിതയിൽ ഇതു നിരന്തരം നിർവഹിച്ചുകൊണ്ടേയിരിക്കുന്നു. താൽക്കാലിക രാഷ്ട്രീയ സന്ദർഭങ്ങൾ മുതൽ നിത്യമായ ജീവിത പ്രശ്നങ്ങൾ വരെ അദ്ദേഹം കവിതയ്ക്ക് വിഷയമാക്കുന്നു. അസംതൃപ്തമായ ഭാവചേതന കൊണ്ടാണ് അദ്ദേഹം ഭാവനാ ലോകത്തെ കവിതയിൽ പണിയുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2021 ഏപ്രിൽ 4-10) സച്ചിദാനന്ദൻ എഴുതിയ ആനപ്പാട്ട് മലയാള കവിതാ സാഹിത്യത്തിലെ മറ്റൊരു ‘സഹ്യൻ്റെ മകനാ’യിത്തീരുന്നു.”ഉത്സവം നടക്കയാണമ്പലമുറ്റത്തുയർന്നുജ്ജ്വലൽ ദീവെട്ടികളിളകും വെളിച്ചത്തിൽ ” തന്നെയാണ് വൈലോപ്പിള്ളിയുടെ സഹ്യൻ്റെമകനിലെന്നപോലെ  സച്ചിദാനന്ദൻ്റെ ആനപ്പാട്ടിലെയും ആനനിൽക്കുന്നത്.

പൂരത്തിൻ തീവെട്ടിച്ചോട്ടിൽ ഞാ-
നാകെത്തിളച്ചു തളരുമ്പോൾ,
ആനന്ദം കൊണ്ടു കൺചിമ്മുന്നു
ഞാ, നെന്നേ മൂഢന്മാരോരുന്നു.

ഇത് ആനയുടെ ദയനീയമായ ഒരു ജീവിതാവസ്ഥ തന്നെ. തനിക്ക് താനായി ജീവിക്കാൻ കഴിയാത്ത ദുഃഖം ആന അനുഭവിക്കുന്നു. ഇത് ഒരു മദയാനയല്ല. മനുഷ്യരുടെ കാലം കഴിഞ്ഞ് തൻ്റെ ഒരു ദിനം വരുമെന്ന് ആ ആന മോഹിക്കുന്നു. മനുഷ്യൻ്റെ ഹിംസയുടെ ഇരയായിത്തീരുന്ന ഏറ്റവും സഹതാപാർഹമായ ഒരു കഥാപാത്രമാണ് സഹ്യൻ്റ മകനിലെ ആനയെങ്കിൽ

എൻ്റെ നാൾ വന്നിടും, കേട്ടോളൂ,
നിങ്ങളെ ച്ചങ്ങലയ്ക്കിട്ടിട്ടി –
പ്പൊള്ളും വെയിലിൽ നിരത്തുമ്പോൾ
എണ്ണിപ്പെറുക്കിക്കരയല്ലേ
എൻതോട്ടിചങ്കിൽ തറയ്ക്കുമ്പോൾ
എന്നോടു മാപ്പുമിരക്കല്ലേ !

എന്നിങ്ങനെ വലിയ പ്രതീക്ഷയുടെ ഉണർവു കൂടിയാണ് ആനപ്പാട്ടിലെ ആന. ദൈന്യജന്മത്തിൻ്റെ ഞരക്കങ്ങളെയല്ല വരും കാല മോഹലോകത്തിൻ്റെ മുഴക്കമാണ് നാം ആനപ്പാട്ടിൽ കേൾക്കുന്നത്.  ഒപ്പം മനുഷ്യർ നടത്തുന്ന പാരിസ്ഥിതികമായ ആക്രമണങ്ങളെയും കച്ചവട താല്പര്യങ്ങളെയും കവിതയിൽ ചോദ്യം ചെയ്യപ്പെടുന്നു. അങ്ങനെ ചില നേരങ്ങളിൽ ഈ കവിത വെറും ആനപ്പാട്ടല്ലാതായിത്തീരുകയും ആകുലതകളെക്കുറിച്ചും എന്നാൽ പ്രത്യാശയയെക്കുറിച്ചുമുള്ള പടപാട്ടായിത്തീരുകയും ചെയ്യുന്നു.

അതിരിലായ്മുളച്ചുപൊന്തിയ ജീവിത ദുഃഖം അടയാളപ്പെടുത്തുന്നുണ്ട് ജ്യോതിബായ് പരിയാടത്തിൻ്റെ പറപ്പ് എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2021 ഏപ്രിൽ 4-10 ).” പണ്ടൊരു കൊയ്യക്കാരൻ  വന്നെടുക്കുവാനെന്നെ  മറന്നേ പൊയ്പോയവൻ ഒഴിഞ്ഞ പറമ്പാണ്  കയ്യാലപ്പുറമാണ് ഇവിടെ കിടക്കുന്നു” അപ്പോഴും സ്വപ്നം കാണുന്നുണ്ട് “മുകളിൽ തുറസ്സുകൾ തെളിയും വെളിച്ചങ്ങൾ  ഇലപ്പീലികൾ മെല്ലെ  നിവരുന്നുണ്ട് അതേ!  പറക്കുന്നുണ്ട് !”

ജീവിതത്തിൻ്റെ ദുരന്തങ്ങൾ ഒരു വീഡിയോ ഷൂട്ടായിത്തീരുന്നതിൻ്റെ നിർമ്മമത ചിത്രീകരിക്കുന്നു എസ്.ജോസഫിൻ്റെ ഒരു വീഡിയോ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഏപ്രിൽ 5). സമയം അഞ്ചു പത്തിന് ഒരു ചെറുപ്പക്കാരൻ തെരുവിലെ പെട്ടിക്കടയിൽ നിന്ന് ഒരു ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് ചോദിച്ചു നിൽക്കുന്ന സമയം അയാളെ ഒരു വാഹനം വന്ന് തട്ടിത്തെറുപ്പിച്ചു പോയ്ക്കളഞ്ഞു. അത് ആരോ ഒരു മൊബൈൽ ഫോണിൽ പകർത്തി ലോകം കണ്ടു. പക്ഷേ ആ ദുരന്തം ലോകം അറിഞ്ഞതേയില്ല. എത്രയെത്ര ദൂരന്തങ്ങൾ നമ്മുടെ കൺമുന്നിലൂടെ വീഡിയോ ചിത്രങ്ങളായി കടന്നു പോകുന്നു, നമ്മിൽ വിശേഷിച്ച് ഒരു വികാരവും ജനിപ്പിക്കാതെ. എല്ലാം നാം കാണുന്നു, നോക്കി നിൽക്കുന്നു. പക്ഷേ നാം അറിയുന്നേയില്ല. “കണ്ടു കണ്ടങ്ങിരിക്കുന്ന ലോകത്ത് കണ്ടില്ലെന്നു നടിക്കുന്നു നാം വൃഥാ. ”

എല്ലാറ്റിനോടും നിർവികാരമായി സുരക്ഷിതമായി നിൽക്കാനുള്ള ഒരു ശേഷി മലയാളി തൻ്റെ മധ്യവർഗജീവിതം കൊണ്ട് ആർജിച്ചിട്ടുണ്ട്. ഏതു ദുരന്തവും അന്യനാവുമ്പോൾ ” അർത്ഥമില്ലാതെ സഹതപിക്കാം ഏറ്റുവാങ്ങുന്നവരോട് മുമ്പുണ്ടായിരുന്ന  അസൂയ അവസാനിപ്പിക്കാം, ഈ സമയത്ത് നിങ്ങൾക്ക്  പലതിൽ നിന്നും പലതവണ കൈ കഴുകാം….. ഇന്ദ്രിയങ്ങളെ മൂടിക്കെട്ടാം” ഇങ്ങനെ നാം നമ്മുടെ സുരക്ഷിതത്വങ്ങളുടെ ലോകത്തേയ്ക്ക് വലിയുന്നു. പക്ഷേ നാളെ അത് നമ്മെ ബാധിക്കുമ്പോൾ നമുക്കു വേണ്ടി സഹതപിക്കാൻ ആരെങ്കിലുമുണ്ടാകുമോ? നമ്മുടെ കുഴിമാടത്തിനു മേലെ മണ്ണിടാനെങ്കിലും ആര് ഉണ്ടാകും?. ഈ ചോദ്യം അവശേഷിപ്പിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. കവിതയിൽ അവസാനിക്കുന്നത് വായനക്കാരിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

തങ്ങളുടെ വാചകങ്ങളെ, പാചകങ്ങളിൽ നിന്ന് വേറിട്ട് നിർത്താൻ ഒരു പെണ്ണിന് ഇന്നും അസാധ്യമാണെന്നു തോന്നു. പുറപ്പെട്ടേടത്തു തന്നെയാണ് ആയിരം കാതമവൾ നടന്നിട്ടും. അരുണ ആലഞ്ചേരിയുടെ ശ്…. ശ്…. എന്ന കവിത ( സമകാലിക മലയാളം 2021 മാർച്ച് 29 ) ഈ പെൺജീവിത, ഭാഷാ പ്രശ്നത്തെ നമുക്കിടയിലേക്ക് വീണ്ടും കൊണ്ടു വരുന്നു.പെണ്ണെഴുത്തിൻ്റെ സൈദ്ധാന്തിക പരിവേഷങ്ങളൊന്നുമില്ലാതെ ഈ കവിത സ്ത്രൈണ ജീവിതത്തിൻ്റെ ആവിഷ്ക്കാര രാഷ്ട്രീയത്തെയും അതിൻ്റെ ഭാഷാ പ്രശ്നത്തെയും നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നു. പെണ്ണ് ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം കൂടിയായിരിക്കണം ശ്…. എന്നത്. അധികം മിണ്ടരുതെന്ന് പറയുമ്പോൾ, അടുക്കളയിൽ നിന്ന് വറവു പൊരിയുമ്പോൾ, വിഷമതകളുടെ വിയർപ്പിനെ ആറ്റിക്കളയുമ്പോൾ എല്ലാം അവൾ ശ്… ശ്…. എന്നു കേൾക്കുന്നു. ഫോണിൻ്റെ അറ്റത്തു നിന്ന് പെണ്ണിൻ്റെ ശബ്ദം ആൺകേൾക്കുന്നതും അപ്പം ചുടുന്ന ശ് എന്ന ശബ്ദമായാണ്. നിശ്ശബ്ദതയുടെ ശബ്ദമാണ് ശ്എന്ന് കവി. അപ്പോൾ അത് മലയാളി പെണ്ണിൻ്റെ ശബ്ദം കൂടിയാണ്. ഒരു നല്ല കവിത എന്ന് വിളിക്കാമെന്നു തോന്നുന്നു. നമ്മുടെ അനുഭവ ലോകത്തെ ഏതെല്ലാമോ നിലയിൽ ഈ കവിത സ്പർശിക്കുന്നു.

“ആകാശത്ത് ഒരു പട്ടം പറന്നു പോകുന്നു.
നിങ്ങൾക്ക് മുഷിഞ്ഞേക്കാം…..”

എൻ്റെ കവിതകളുടെ ധ്യാന മുഹൂർത്തങ്ങളായ പ്രഭാതങ്ങളിൽ ദോശയോ അപ്പമോ ഇഡ്ഡലിയോ ആവർത്തിക്കുന്നത് ” ഇങ്ങനെ അനുഭൂതിയെ ജീവിതാനുഭവവുമായി ബന്ധിപ്പിക്കാൻ കഴിയുമ്പോൾ കവിതയ്ക്ക് ജീവനുണ്ടാവുന്നു.

ഇതേ മട്ടിൽ വെഷം തീണ്ടുന്ന ജീവിതത്തെക്കുറിച്ച് പറയുകയാണ് ആശാലത വെഷം എന്ന കവിത ( സമകാലിക മലയാളം 2021 മാർച്ച് 29 ) യിൽ. അരുതാത്ത ഒരു ജീവിത ബന്ധം എത്ര ആഹ്ലാദകരമായിരിക്കും. ഔദ്യോഗിക ജീവിതത്തേക്കാൾ ആസ്വാദ്യകരമാവും അത്. “ആദാം വെയർപ്പും കൊണ്ട് അപ്പം ചുടാൻ  ചന്തക്കു പോയേക്കുവായിരുന്നു  അന്നേരം എലകൾക്കെടേന്ന് പാമ്പും സാത്താനും ചേർന്ന ഒരു രൂപം തലനീട്ടി “അങ്ങനെയാണ് പാമ്പുമായി അവൾ ഒരു ബന്ധത്തിലാവുന്നത്.” വെഷനീരൂ തട്ടി പാക്കുചൊരുക്കിയ പോലെ  ഹവ്വ അയേടെ ചോട്ടിൽ കൊറേനേരം കെടന്നു.” വെഷം തീണ്ടിയോ കർത്താവേ എന്ന് മേലൊക്കെ പരിശോധിച്ചു. സ്വപ്നമാണെന്ന് തോന്നിയെങ്കിലും പറമ്പിലെ അതിരിലൂടെ ഒരു മഞ്ഞച്ചേരനാക്കു നീട്ടിക്കൊണ്ടു പോകുന്നത് അവൾ കണ്ടു. സിസ്റ്റവും ലൈവ്വേൾഡും രണ്ടായി പിളരുന്നതിൻ്റെ രാഷ്ട്രീയം അറിയാതെ കവിത പ്രമേയവൽക്കരിക്കുന്നു. അതിലൂടെ സ്ത്രൈണതയും സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും കവിത അടയാളപ്പെടുത്തുന്നു.

ഇങ്ങനെ പരിഷ്കൃത ലോകവും അവശേഷിപ്പിക്കുന്ന അപരിഷ്കൃതത്തെ കവിത എല്ലാ കാലത്തും ആട്ടിയോടിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account