ക്ഷണപ്രഭയാളും മിന്നൽ

മനുഷ്യസ്നേഹത്തിൻ്റെ വിജയഗാഥകളല്ല മലയാള കവിതകൾ. അത് ചിലപ്പോൾ പരാജയഗീതികൾതന്നെയുമാവും. എങ്കിലും മനുഷ്യരും മനുഷ്യരും തമ്മിലും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഉൾച്ചേരലുകളെയാണ് അതെന്നും താലോലിച്ചുപോരുന്നത്. ചിലപ്പോൾ സമരോത്സുകതയുടെ സൗന്ദര്യമായി അല്ലെങ്കിൽ സമരസത്തിൻ്റെ ഉൽസവ ലഹരിയായി കവിതയിലത് ഒരു മിന്നലൊളിയായെങ്കിലും കടന്നുവരുന്നു.

സൗഹൃദം, കക്ഷി ദേദങ്ങളുടെവാദവി വാദങ്ങളുടെയടിയിൽ അമരുന്ന പകയുടെ വിഷപ്പല്ലുകൾ, അത് മറഞ്ഞു പോകുന്ന സ്നേഹഛായകൾ ഇവയെല്ലാം ഒരു കൊളാഷ് ചിത്രമാക്കി നിവർത്തി വെച്ചിരിക്കുകയാണ് വി ടി ജയദേവൻ പാമ്പുകടി എന്ന കവിത( 2021 ഏപ്രിൽ 11-17) യിൽ. നാട്ടിൻപുറ സൗഹൃദത്തിൻ്റെ വീര്യവും അതിനെ കടപുഴക്കുന്ന ഉന്മാദമായ വിജയാഘോഷവും എല്ലാം ചാലിച്ച് മനുഷ്യ ജീവിതത്തിൻ്റെ അപരിചിതമായ ഒരു മുഖത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ് കവി. സാദാസൗഹൃദം അഗാധമായ രാഷ്ടീയ വിമർശനം കൂടി അടക്കം ചെയ്യപ്പെട്ടതാണെന്ന് നാം ഈ കവിതയിൽ തിരിച്ചറിയുന്നു.

ഞാനും
ചങ്ങാതി കൊളപ്പുറത്തു ദിനേശനും
ആറ്റോരത്ത് ചൂണ്ടയിട്ടിരുന്ന്
താന്താങ്ങളുടെ കക്ഷികളിലൂന്നി
വാക്പയറ്റ് നടത്തിക്കൊണ്ടിരിക്കെ
ദിനേശനെ കാലപ്പാമ്പുകടിച്ചു.
വാചകമടികൾക്കിടയിൽ
ഗ്യാസിനും പെട്രോളിനും
വില കൂടുന്നതറിയാതെ പോകും മാതിരി
വാദതീവ്രതയിൽ
ദംശന നീറ്റലും പുകച്ചിലും. ഇങ്ങനെ ജീവിതത്തിൻ്റെ വൈപരീത്യങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കാൻ കവിത ശ്രമിക്കുന്നു.

പലതായിപ്പൊലിയുന്ന വാക്കർത്ഥം കണ്ടെത്തുകയാണ് ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ വാഗർഥം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ11-17).

“ഉരുത്തിരിയുന്നുണ്ടൊരു വാക്കെന്നുള്ളിൽ  കനത്ത ദുഃഖത്തിൻ മിഴിനീർത്തുള്ളിപോൽ” എന്നാരംഭിക്കുന്ന കവിത വാക്കിൻ്റെ ആയിരം വഴികളെ അടയാളപ്പെടുത്തുന്നു. അന്ധകാരത്തിൽ നിന്നു മുഴുന്ന പ്രഭാതത്തിൻ്റെ ദീപ്തി, ക്ഷണപ്രഭയാളും കൊടിയ മിന്നൽ, ഇരുളിൽ മിന്നുന്ന വഴിവിളക്കുകൾ, അകവെളിച്ചമായ് ജ്വലിക്കും നാളങ്ങൾ, ജനിമൃതികളുടെ സ്മരണയായ ജീവ കണികകൾ അങ്ങനെ ബോധക്കനലായ് ജീവൻ്റെ വെളിച്ചമായ് നീതി തൻവിശുദ്ധ വചസ്സായി വാക്ക് പുലരുന്നതായ് കവിത ഉരുവിടുന്നു.

കൃസ്പിൻ ജോസഫിൻ്റെ നൃത്തം / വേട്ട എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഏപ്രിൽ 12) പ്രകൃതിയുടെയും ജീവിതത്തിൻ്റെയും സൗന്ദര്യാത്മകമായ വിലോഭനീയതയെയും ഒപ്പം അതിൻ്റെ ഹിംസാത്മകതയെയും നന്നായി ആവിഷ്ക്കരിക്കുന്നുണ്ട്. അലങ്കാരങ്ങൾ അപ്രത്യക്ഷമായിപ്പോയ കവിതയുടെ പുതിയ ഇടത്തിൽ ഈ കവിതയിലൂടെ നവ്യകല്പനകളെ നാം  കണ്ടുമുട്ടുന്നു. ഒഴുകുന്ന പുഴയെ പരവതാനി പോലെ ചുരുട്ടിയെടുക്കുന്ന കയങ്ങൾ, നഗരത്തിലെ കരിഞ്ചന്തകളിൽ തേനും ഗന്ധവും വിറ്റ് ധൂർത്തടിക്കുന്ന താഴ് വരയിലെ പൂക്കൾ, ഓളങ്ങളിൽ ഒച്ചിന് നഷ്ടമായത് ഭൂമിയെ സാവധാനം കാണാനുള്ള വഴികളാണെന്ന തോന്നൽ തുടങ്ങിയ അലങ്കാര രീതികൾ പഴയ കവിതയ്ക്ക് പരിചിതമല്ല. ഇവിടെ സൗന്ദര്യം നൃത്തം വെക്കുകയാണെങ്കിൽ കവിതയുടെ മറുപാതി ഹിംസയുടെ വാഗർത്ഥങ്ങളെ കുറിക്കുകയാണ്. ഫുട്ബാൾ ഒരു സംഘനൃത്തമാണെന്ന് പറയുന്ന കവിത ഉടൽ ചലനങ്ങളിൽ കളികൾ വേട്ടയായി മാറുന്നതിൻ്റെ ചിത്രം വരയ്ക്കുന്നു.” പന്തുമായി മുന്നേറുന്നവനെ പന്നിയെ വളഞ്ഞിട്ട് പിടിച്ചതിൻ്റെ ഓർമ്മയിൽ തളയ്ക്കുന്നതായി കവി അറിയുന്നു.അവിടെ കളിയും നൃത്തവും വേട്ടയായി മാറുന്നു.

തന്നിൽ നിന്ന് വേർപിരിഞ്ഞു നിൽക്കുന്ന ഒരു ശരീരത്തെ ആധാരമാക്കുന്നതാണ് അക്ഷരപ്പിശാച് എന്ന പി.എ നാസിമുദ്ദീനിൻ്റെ കവിത. ശരീരത്തിനപ്പുറമുള്ള ആത്മീയമായ ഒരു സ്വത്വത്തെ ഉൺമയായി കവി കല്പിക്കുന്നു. kettle എന്ന് എഴുതിയത് Cattle എന്നായിപ്പോയത് തൻ്റെ തലയുടെ പ്രശ്നമാണെന്നു കരുതുന്ന പ്രൊഫസർ, പിറ്റേന്ന് ഡിപ്പാർട്ടുമെൻ്റിൽ വൈകിയെത്തിയപ്പോൾ അത് തൻ്റെ കാലിൻ്റെ പ്രശ്നമാണെന്ന് അയാൾ പറയുന്നു. തൻ്റെ കാറ് മറ്റൊരു സൈക്കിളിൽ തട്ടിയപ്പോൾ അത് തൻ്റെ കണ്ണിൻ്റെ പ്രശ്നമായാണ് അയാൾ കരുതുന്നത്. ഇങ്ങനെ തന്നിൽനിന്ന ന്യമായി നിൽക്കുന്ന ഒരു ശരീരത്തെ കണ്ടത്തുകയാണയാൾ. അസംബന്ധമെന്നു തോന്നുന്ന ഈ കവിത മനുഷ്യൻ്റെ സ്വത്വാന്വേഷണത്തിൻ്റെ അസംബന്ധ വ്യായാമത്തെ കൂടി പരിഹസിക്കുന്നതായി കാണാം.

അരികു ജീവിതത്തെ ഇഴചേർത്തുവെക്കുന്നു ഇഴപിരിയുമ്പോൾ ഇഴ ചേരുമ്പോൾ എന്ന അമൃത കേളകത്തിൻ്റെ കവിത (മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഏപ്രിൽ 12). അധഃസ്ഥിതരായ മനുഷ്യർ വേരാഴ്ത്തി നിൽക്കുന്നത് തൊണ്ട് കുശുത്ത് വിള പാകമായ മണ്ണിലാണ്. തൊണ്ടു തല്ലുന്ന താളമാണ് അവർക്ക് ഉൾപ്രേരകം. അങ്ങനെ തൊണ്ട് അവശതയുടെ അരികു ഭാവനയായിത്തീരുന്നു.

ഇരവിനെയും പകലിനെയും നേരും നുണയുമായ സഹോദരികളായി കല്പിച്ച് കെ.വി രാമകൃഷ്ണൻ രചിച്ച നഗ്നസത്യം എന്ന കവിത (ദേശാഭിമാനി വാരിക 11 ഏപ്രിൽ 2021)കല്പനകൾ കൊണ്ട് കൗതുകം ജനിപ്പിക്കുന്നു. ജീവിതത്തെ ഒട്ടും പ്രതിനിധീകരിക്കാത്ത കേവല കല്പനകൾ കവിതയിൽ നിന്നും ഇനിയും നാടു നീങ്ങിയിട്ടില്ലെന്ന് കനവുടഞ്ഞ സംഗീതം എന്ന ജൂലിഗണപതിയുടെ കവിത (ദേശാഭിമാനി 11 ഏപ്രിൽ 2021) ബോധ്യപ്പെടുത്തുന്നു.പേരിൽ തന്നെയുള്ളവരേണ്യത കവിത ഉടനീളം നില നിർത്തുന്നു. മലയാള കവിത ദന്തഗോപുരങ്ങളിൽ നിന്ന് ചെളി നിലങ്ങയിലേയ്ക്കും ഓരങ്ങളുടെ നിറം മങ്ങിയ അവിശുദ്ധ‌ തടങ്ങളിലേക്കും വന്നത് ഈ കവിയറിഞ്ഞില്ലെന്നു വേണം കരുതാൻ.

കവിത അങ്ങനെ സമൂഹത്തിൻ്റെ പല മനോഭാവങ്ങളുടെ പ്രതിഫലനമോ അവകളുടെ നിർമ്മിതിയോ ആയിത്തീരുന്നു.നിർവ്യാജമായ മനുഷ്യ സ്നേഹം തന്നെയായിരിക്കും അപ്പോഴും കവിതയുടെ കൊടിയടയാളം. അത് സാമാന്യ ബോധത്തിൻ്റെ സുരക്ഷിതത്വത്തിലും സവിശേഷ ബോധത്തിൻ്റെ അരക്ഷിതത്വത്തിലും ക്ഷണപ്രഭയായെങ്കിലും മിന്നിമായുന്നു. അന്ധകാര ബന്ധുരമായ മാനവീയതയുടെ മരുപ്പറമ്പാകെ അത് നിത്യവും പ്രകാശം പരത്തുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account