പുതു മൊഴികൾ നവ വഴികൾ

മലയാള കവിതയുടെ പുതിയ വഴിയിനിയെന്താവും എന്ന ചോദ്യവും ഉൽകണ്ഠയുമൊക്കെ ആരംഭിച്ചിട്ട് കുറച്ചു കാലമായി. പുതുകവികളെന്ന് പുകൾപ്പെറ്റവരൊക്കെയും പഴയവരായിക്കഴിഞ്ഞു. അപ്പോഴും അവരുടെ കവിതകളെ തന്നെയാണ് പുതു കവിതകൾ എന്നു നാം വിളിച്ചു പോരുന്നത്. ഈ നേരമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് കവിതാമത്സരം നടത്തിയത്‌. പുതിയ ഭാവന എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്നൊക്കെ അറിയാൻ കൗതുകം തോന്നുന്ന സന്ദർഭമാണിത്. ആ നിലയിൽ ശ്രദ്ധേയമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പി ( വിഷുപതിപ്പ് 2021 ഏപ്രിൽ 18-24)ലെ സമ്മാനാർഹമായ കവിതകൾ. നീലിച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം എന്ന അശ്വനി. ആർ. ജീവൻ എഴുതിയ കവിതയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കവിത. നമ്മുടെ മധ്യവർഗാനുഭവങ്ങളല്ല ഇവിടെ കവിതയ്ക്ക് വിഷയമായിത്തീരുന്നത്. ഏറെ അടിയിൽ അകപ്പെട്ട  ആദിവാസികളുടെയും അധഃസ്ഥിതരായ മനുഷ്യരുടെയും ജീവിതമാണ്. മധ്യവർഗാനുഭൂതിയുമായി അത്രമേൽ ഒത്തു പോകുന്നതല്ല ഈ കാവ്യഭാവുകത്വം. ഭാഷകൊണ്ടും പ്രമേയം കൊണ്ടും ഓര ജീവിതത്തിൻ്റെ ഭാവുകത്വം കവിതയിൽ നിർമ്മിക്കാൻ കവയിത്രിക്ക് കഴിയുന്നു. അതിൽ അവരുടെ ജീവിതത്തിൻ്റെ ചെറുത്തു നിൽപ്പും ദൈന്യതയും ചിത്രീകരിക്കപ്പെടുന്നു.

കാടിൻ്റെ സ്വഛന്ദതയിൽ ജീവിക്കുന്ന മനുഷ്യരുടെ അന്യവൽക്കരണം, ആധുനിക മനഷ്യജീവിത സങ്കല്പങ്ങളുടെ ആധിപത്യം എന്നിവയൊക്കെ കവിതയ്ക്ക് അടയാളപ്പെടുത്താൻ കഴിയുന്നു.

മൂത്തത് ബൊമ്മൻ്റെയാണ്
അവള് ചത്തത്
അവളപ്പന് വേണ്ടിയാണ്
അല്ല, അവളപ്പൻ ചത്തത്
അവൾക്ക് വേണ്ടിയാണ്
ഒറ്റയാൻ കൊണ്ടോയതാന്നൊരു കത
പോറസ്റ്റാരെ ഉന്നം മാറീന്നൊരു കത
മീമ്പിടിക്കാൻ പോയതാര്ന്ന്.

ഈ വരികളിൽ ആ കാടുജീവിതത്തിൻ്റെ സ്വത്വം മുഴുവനുമുണ്ട്. കാടിൻ്റെ അധികാരം ആർക്കാണെന്ന രാഷ്ട്രീയ ചോദ്യവും മുഴങ്ങുന്നുണ്ട്. ഭാഷാഭേദങ്ങളും ഗോത്രഭാഷകളും അവരുടെ ജീവിത സംസ്കാരവും സമകാലിക മലയാള കവിതയുടെ ഭാവുകത്വത്തെ ആഴത്തിൽ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്ന് നമുക്കു മനസ്സിലാകുന്നു.

പ്രമേയത്തിൻ്റെ തീവ്രതയോ വാക്കിൻ്റെ പുതുമയോ മാത്രമല്ല കവിത. ഭാഷകൊണ്ടു വിവരിക്കാനാവാത്ത ഒരു ഭാവശക്തി കുടികൊള്ളണം കവിതയിൽ. അപ്പോൾ അത് പ്രമേയത്തെയും ഭാഷയുടെ നവീനതയെയും അതിലംഘിക്കുന്ന തിളക്കമുള്ള ഒരനുഭൂതി പ്രേക്ഷണം ചെയ്യും. മാതൃഭൂമി കവിതാ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായ മറ്റൊരു കവിത കൂടിയുണ്ട്, അനു ഉഷ എഴുതിയ രാത്രിയിൽ വാങ്ങിയ കുതിര എന്ന കവിതയാണത്. ഭാഷയിൽ അടക്കം ചെയ്ത ഒരു ഭാവശക്തികൊണ്ടാണ് അത് നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത്.

രാത്രിയിൽ കുതിരയെന്നു കരുതി വാങ്ങിയ ജീവിക്ക് പ്രകാശം പരന്നു തുടങ്ങവെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടുവോ എന്നു തോന്നുന്നു. നാവിന് നീളം കുറഞ്ഞതു പോലെ അനുഭവപ്പെടുന്നു. ഒറ്റ കുളമ്പ് മെല്ലിച്ച് വാൽരോമങ്ങൾ പൊഴിഞ്ഞ് കുതിര ലയ ത്തിനു പുറത്തു നിന്നു. ഇങ്ങനെ അറിഞ്ഞതൊന്ന് അനുഭവം മറ്റൊന്ന് എന്ന മട്ടിൽ കാര്യങ്ങൾ മാറുന്നു. ഇതിലെ  ഗദ്യ ഭാഷയ്ക്കപ്പുറത്ത് കവിതയുടെ തിളക്കം നമ്മെ ആകർഷിക്കും.

മാതൃഭൂമി കവിതാമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഒരു കവിതയാണ് സുബിൻ ഉണ്ണികൃഷ്ണൻ്റെ ചാവുതണ്ടാൻ. തെങ്ങു ചെത്തുകാരൻ്റെ അനുഭവത്തെ സാന്ദ്രീകരിച്ചെടുത്തതാണ് ഈ കവിത. തെങ്ങു ചെത്തുകാരൻ്റെ ജീവിത സ്വത്വം മുഴുവനും ഇതിൽ ഗാഢമായി വാറ്റിയെടുത്തിട്ടുണ്ട്. അവരുടെ സാമുദായിക സ്വത്വം, അവരുടെ ദൈവ സങ്കല്പങ്ങൾ എല്ലാം ഇതിൽ തെളിയുന്നു. മുഖ്യധാരാ ജീവിതത്തിൽ നിന്ന് എത്രയോ കാതം അകലെയാണ് മലയാള കവിതയുടെ പുതുഭാവുകത്വം സഞ്ചരിക്കുന്നത്. നോക്കൂ

എൻ്റെ തേവി കരിവേരു മുത്തി
താമസം വലിയൊരു
കെണറിൻെറ യുള്ളില്
എൻ്റെ തേവൻ പനന്തല മുത്തൻ
കൂടുന്നു പനമോളില് കാറ്റുപോലെ.
ഇത് വഴിമാറി നടക്കാനുള്ള ധീരത തന്നെയാണ്.

രണ്ടാം സ്ഥാനത്തിനർഹമായ മറ്റൊരു കവിതയാണ് കാവ്യ പി ജി യുടെ ഓണറേറിയം. ബാല്യകാലത്തിൻ്റെ ഒരനുഭവലോകത്തെ മുൻനിർത്തി എഴുതപ്പെട്ട ഈ കവിതയിൽ ഒരൊട്ടുമാവ് നൽകിയ തണുപ്പിൻ്റെയും തണലിൻ്റെയും ഊഷ്മളമായ ഓർമ്മകളുണ്ട്.

ഞങ്ങളുടെ അങ്കണവാടിയിൽ
പത്തു മണിക്കു മുമ്പേ പടർന്നു പന്തലിക്കുന്ന
ഒരൊട്ടുമാവുണ്ട്.
കൈ നിറയെ കുഞ്ഞുങ്ങൾ കായ്ക്കുന്ന,
കാലം തെറ്റിയും പൂക്കുന്ന
പരുക്കൻ പഞ്ചാരമാവ്.

അതിൻ്റെ ചില്ലകളിലേയ്ക്ക് എളുപ്പം ചാടിക്കയറിത്, അതിൽ ഊഞ്ഞാലുകെട്ടി തൂങ്ങിയാടിയത് ഒക്കെ കവിതയിൽ ഇരമ്പുന്ന സ്മരണകളാണ്. ആ ഒട്ടുമാവ് ചിലപ്പോൾ അങ്കണവാടിയിലെ ടീച്ചറു തന്നെയാവുന്നു എന്നറിയുന്ന നേരം കവിത കൂടുതൽ അർത്ഥഗർഭമായിത്തീരുന്നു.

മൂന്നാം സ്ഥാനത്തിന് അർഹമായ അൽത്താഫ് പതിനാറുങ്ങലിൻ്റെ അവധിയില്ലാത്ത കലണ്ടർ എന്ന കവിത അവധിയില്ലാതെ അടുക്കളയിൽ കുരുങ്ങി യ അമ്മയുടെ ജീവിതം തന്നെ. അടുക്കളകലണ്ടറാണ് എല്ലാ അമ്മമാരുടെയും കവിതകൾ.

ഗ്യാസു തീർന്നത്
പാലു വന്നത്
അച്ഛൻ്റെ ശമ്പളം കിട്ടിയത്
മോൻ്റെ ട്യൂഷൻ ഫീസ് അടച്ചത്
വാടക കൊടുത്തത്
ബീനാസ്റ്റോറിലെ പറ്റുതീർത്തത്.

അങ്ങനെ പോകുന്നു അമ്മയുടെ കവിതാ വരികൾ.

വിഷ്ണുപ്രിയ .പി എഴുതിയ മടങ്ങിത്തുടങ്ങുമ്പോൾ എന്ന കവിതയാണ് മൂന്നാം സമ്മാനത്തിന് അർഹമായ മറ്റൊരു കവിത. മടങ്ങിത്തുടങ്ങുമ്പോൾ നമുക്ക് മടുപ്പുത്തോന്നിത്തുടങ്ങും. പോയവർ എത്തിച്ചേരുന്നിടത്ത് ഒരു തരം തിരിച്ചറിയൽ കാർഡ് ആവുന്നു എന്നു പറയുന്നതിൽ വാക്കിൻ്റെ ഒരു തിളക്കവും കവിതയുടെ ഒരു ജ്വലനവും ഉണ്ട്.

ആകെ കൂടി പുതു ഭാവന പ്രതീക്ഷാനിർഭരമാണ്. അത് പുതിയ വഴിച്ചാലുകൾ വെട്ടുന്നു. അതിൻ്റെ ദുരിതങ്ങൾ എഴുത്തുകാരും വായനക്കാരും അനുഭവിച്ചേ മതിയാകൂ.

നാട്ടിൻപുറം പല കവികൾക്കും അനുഭൂതികളുടെ  തുരുത്താണ്. പുതു കവികൾക്ക് അത് ഇച്ചിരി അധികം കൂടും. യൂസഫ് നടുവണ്ണൂർ എന്ന കവിക്ക് നരമ്പനക്കുളം എന്നത് പെരിയാറു പോലെ വെറുതെ പാടാനുള്ള ഒരനുഭൂതി ലോകമല്ല. തൻ്റെ അനുഭവ പരിസരം തന്നെയാണ്. ആവർത്തിച്ചാവർത്തിച്ച് യൂസഫ് നടുവണ്ണൂർ നരമ്പന കുളത്തെക്കുറിച്ച് പറയുന്നുണ്ട്. നരമ്പനകുളം എന്ന പേരിൽ തന്നെ ഇദ്ദേഹത്തിൻ്റെ ഒരു കവിതയുണ്ട്. ഇവിടെ പരാമർശിക്കുന്ന കവിത തട്ടിക്കൊണ്ടു പോകൽ (സമകാലിക മലയാളം  19 ഏപ്രിൽ 2021) നരമ്പനക്കുളവുമായി കവിക്കുള്ള ആത്മബന്ധത്തിൻ്റെ നിദർശനമത്രേ. നരമ്പനക്കുളത്തോടൊപ്പം കുനീത്താഴെയും രാമമ്പുഴയും പെറ്റോൽ വക നിലവും കൂടെയെത്തുന്നുണ്ട്. അട്യ…അട്യ.. എന്ന നാട്ടു മൊഴിയും കവിതയിൽ ചിലമ്പുന്നു.

പിന്നെ കവിത കൊണ്ട് സ്ഫടികജലകയ്യിൽ തൊട്ടുരുമ്മുന്നു, ചൂണ്ടൽ ചിരിയുമായി പുലരൊളി എത്തുന്നു ചൊരുക്കും മണവുമായി ഉച്ചക്കാറ്റ് വീശിയടിക്കുന്നു. അങ്ങനെ നരമ്പനക്കു ളം ഒരു തീവ്രാനുഭവവും കാവ്യാനുഭൂതിയുമായി നമ്മെ ചുറ്റിപ്പിണയുന്നു.

സങ്കല്പമാണല്ലോ കവിത. യാഥാർത്ഥ്യത്തെ സാർത്ഥകമാക്കുന്നത് സങ്കല്പം തന്നെ. ഇവിടെ കരുണാകരൻ എഴുതിയ അച്ഛനായുള്ള കളി എന്ന കവിത ( മാധ്യമം ആഴ്ചപ്പതിപ്പ് 2021 ഏപ്രിൽ 19 ) വായിച്ചപ്പോഴാണ് ഇങ്ങനെ തോന്നിപ്പോയത്. അച്ഛനായി പണ്ട് കളിച്ചത്, അനപത്യ ദുഃഖത്താൽ ഇന്ന് ഒരു അനുഭവമായിത്തീരുന്നു.

ഉറങ്ങുന്ന കുഞ്ഞിന് കാവലിരിക്കുന്നതായി
സ്വപ്നം കണ്ടുണരുകയായിരുന്നു
രാവിൻ്റെ പകുതിയിൽ.
പഴയൊരു പട്ടണത്തിൽ പഴയൊരു മുറിയിൽ
മുറിയിലെവിടെയും ഇല്ലാത്ത ഇളം ജീവൻ
കൈകൾ വെച്ചുറങ്ങുന്ന നിശ്ശബ്ദത, തൊടാതെ,
ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.

പണ്ടെങ്ങോ ഒരു കളിയിൽ അച്ഛനായി അഭിനയിച്ചിരുന്നത് അയാൾ ഓർക്കുന്നു. ഇന്ന് അത് കളിയല്ല കാര്യമായിത്തുടരുന്നു.

പക്ഷികൾ പ്രതീകങ്ങളായി വരുന്ന രണ്ടു കവിതകളുണ്ട് ഈ ആഴ്ചയിലെ മാധ്യമം ആഴ്ചപ്പതിപ്പിൽ (2021 ഏപ്രിൽ 19 ). ബിജോയ് ചന്ദ്രൻ്റെ പക്ഷിജന്മം ഒരത്ഭുതത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രരൂപമാണ്. വിമാനത്തോട് മത്സരിക്കുന്ന ഒരു പക്ഷിയെ നമുക്കതിൽ കാണാം. വിമാനം തന്നെയും ഒരു പക്ഷി രൂപമാണല്ലോ? ” വിമാനം നിനക്കൊരു തടിയൻ പക്ഷി /അനാവൃതമാകുന്ന ആകാശക്കുമിള “. വിമാനത്തോടൊപ്പം പറക്കുന്ന പക്ഷി അതിജീവനത്തിൻ്റെ മത്സരപ്പറക്കലിലാണ്. ഏറ്റവുമൊടുവിൽ ഇത് വെറുമൊരു തോന്നലോ എന്നവസാനിക്കുമ്പോൾ ഒരസംബന്ധ ജീവിതത്തിൻ്റെ പ്രരൂപമായി കവിത പ്രവർത്തിക്കുന്നു.

മറ്റൊന്ന് എസ്. സരസ്വതിയുടെ പക്ഷി വേഷങ്ങൾ എന്ന കവിതയാണ്.ഇവിടെ പല തരം പക്ഷിജന്മങ്ങളായി സ്ത്രീയുടെ ജീവിതം ആഖ്യാനം ചെയ്യപ്പെടുന്നു. ചിലപ്പോൾ നിറം മങ്ങിയ ഓർമ്മകളിൽ തല പൂഴ്ത്തി നിൽക്കുന്ന ഒട്ടകപക്ഷിയായി, മറ്റു ചിലപ്പോൾ കൂടുവിട്ട കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന തള്ള പക്ഷിയായി വേറെ ചിലപ്പോൾ ചെരിഞ്ഞു നോക്കുന്ന കാവതിക്കാക്കയായി. ഈ വിധം പക്ഷിയുടെ പലവിധ പകർന്നാട്ടങ്ങളാണ് പെൺജീവിതമെന്ന് കവയിത്രി തിരിച്ചറിയുന്നു.

ഇങ്ങനെ ഓരോ കവിതയും നമ്മുടെ ദൈനംദിന ജീവിതത്തെ ഭാവന കൊണ്ട് പുതുക്കി നിർമ്മിക്കുന്നു. നാം ഭാവിക്കു വേണ്ടി അതിൽ മുഴുകുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account