ഭാവനാലോലവും ഭാവശക്‌തിയും

വാക്കിൻ്റെ ഭാവശക്‌തിയാണ് കവിത. കവികൾ നിത്യജീവിതഭാഷ കൊണ്ട് അതല്ലാത്തൊരു പുതിയഭാഷ നിർമ്മിക്കുന്നു.മാർഷൽ പ്രൂസറ്റ് ഇതു പറയുന്നുണ്ട്, എഴുത്തുകാർ സ്വന്തം ഭാഷയിൽ മറ്റൊരു ഭാഷ നിർമ്മിക്കുന്നവരാണെന്ന്. നിത്യപരിചിതമായ വ്യവഹാരഭാഷയല്ലിത്. അതുകൊണ്ടു തന്നെ പദങ്ങളെ അടുക്കി വെക്കുന്ന അലസവൃത്തിയുമല്ല കവിത.അത് നിത്യതയെ അസ്ഥിരപ്പെടുത്തുന്ന അനിത്യതയുടെ ആവിഷ്‌കാരമാണ്.അപ്പോഴാണ് കവിതയിലെ ഭാവശക്‌തി ഉണരുക. വികാരങ്ങൾക്കു വേണ്ടിയോ  വിമോചനങ്ങൾക്കു വേണ്ടിയോ അല്ലാതെ വാക്ക് ഒരു പ്രവൃത്തി (action) യിൽ ഏർപ്പെടുമ്പോഴാണ് കവിത ജീവനെടുക്കുന്നത്. അപ്പോൾ അത് ഏതോ നിലയിൽ ദമിതമാക്കപ്പെട്ട ഒരു ജീവൽച്ചേതനയെ വീണ്ടെടുക്കുകയുമാവും.

അതിസങ്കീർണമായ ജീവിതാവസ്ഥകളെ അതീവസരളമായി ആവിഷ്‌കരിക്കാൻ കവിതയ്ക്ക്  കഴിയാറുണ്ട്. അതിന് കവിക്ക് ആഴമേറിയ ജീവിതകാഴ്‌ച വേണം. യഥാർത്ഥത്തിൽ മനുഷ്യ ജീവിതം അതിസങ്കീർണമായ ഒരു വ്യവഹാര ലോകമാണ്. വിവിധതരം മനുഷ്യർ, അവരുടെ പരസ്‌പര ബന്ധങ്ങൾ, അതിലൂടെ സംസ്ഥിതമാവുന്ന കുടുംബഘടനകൾ, സാമൂഹികമായി രൂപീകരിക്കപ്പെടുന്ന അസ്‌തിത്വ വിഹ്വലതകൾ, അതിനുമപ്പുറം പ്രവർത്തിക്കുന്ന അധികാരപ്രരൂപങ്ങൾ, അതിനകത്തുൽഭവിക്കുന്ന മർദ്ദിത സഹനങ്ങൾ, മത-ജാതി അരുതായ്‌മകൾ, പുരുഷ സ്‌ത്രീ ലിംഗവിവേചനങ്ങൾ, ഭൗതികലോകം നൽകുന്ന ഐന്ദ്രിയാനുഭവങ്ങൾ, അവ പെരുപ്പിക്കുന്ന വൈകാരിക വാസനകൾ, ഇതിനെയെല്ലാം ചൂഴ്ന്ന് നിൽക്കുന്ന  സാംസ്‌കാരിക വ്യൂഹം. അതിൻ്റെ ഓരോ അടരിലും നിലീനമായി നിൽക്കുന്ന സൂക്ഷ്‌മവ്യവസ്ഥയുടെ സ്ഥലികൾ. ഇങ്ങനെ ഊടും പാവും പിണഞ്ഞു നിൽക്കുന്ന അതിസങ്കീർണമായ ഒരു വ്യവഹാര മണ്ഡലമാണ് മനുഷ്യ ജീവിതത്തിൻ്റേത്. അവിടെയാണ് പ്രകൃതിയിലെ ജീവികൾ സഹജമായ ലാളിത്യം കൊണ്ട് നമ്മെ തോൽപ്പിക്കുന്നത് അല്ലെങ്കിൽ നമ്മെ മോഹിപ്പിക്കുന്നത് കവികൾ കാണുന്നത്. ഇത് ഒരു നോട്ടപ്പാടാണ്. പി.പി രാമചന്ദ്രൻ അയതനലളിതമായി ലളിതം എന്ന കവിതയിൽ ഈ മനോഹാരിത ആവിഷ്‌കരിച്ചു കഴിഞ്ഞതാണ്.

ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി. എന്നിങ്ങനെ പക്ഷിയുടെ സഹജ ജീവിതം മനുഷ്യരെ കൊതിപ്പിക്കുമാറ് ആവിഷ്ക്കരിക്കുന്നു.

എന്നാൽ സാങ്കേതിക വിദ്യയുടെ വലക്കണ്ണി(Net work)കൾ മനുഷ്യ ജീവിതത്തിൻ്റെ സങ്കീർണതകളെ പാടെ അഴിച്ചെടുക്കുകയും അതീവലളിതമായ ഒന്നായി വർത്തമാനകാല മനുഷ്യജീവിതത്തെ സംസ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു.  രാംമോഹൻ പാലിയത്ത് (അതീവലളിതം മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സെപ്തംബർ 13-19) ഈ മനുഷ്യാവസ്ഥയെ ആവിഷകരിക്കാനാണ് ശ്രമിക്കുന്നത്.

ഇവിടെയുണ്ട് ഞാൻ
എന്നറിയിക്കുവാൻ
ഒടുവിലത്തെ
ടവർ ലൊക്കേഷൻ മതി.

ഇവിടെയുണ്ടായി –
രു ന്നു ഞാനെന്നതി –
ന്നൊരു സി സി ടി വി
ദൃശ്യം നോക്ക്യാൽ മതി.

ഇനിയുമുണ്ടാകു-
മെന്നതിൻ സാക്ഷ്യമായ്
മകൾ ചിരിക്കുന്ന
ഇൻസ്റ്റാചിത്രം മതി.

ഇതിലുമേറെ
ലളിതമായെങ്ങനെ
മനുഷ്യനാവി-
ഷ്ക്കരിക്കുന്നുമായയെ

എല്ലാ മനുഷ്യബന്ധങ്ങളിൽ നിന്നും അടർന്നു നിന്ന് തത്ത്വവിചാരത്തിൻ്റേയോ ആദർശാത്മക ജീവിതഭാരത്തിൻ്റേയോ സങ്കീർണതകളൊട്ടുമില്ലാതെ ഇലക്ട്രോണിക് നെറ്റ് വർക്കുകളാൽ മാത്രം നിർണയിക്കപ്പെടുന്ന മറ്റൊരു ഉപകരണമായി മനുഷ്യൻ മാറിത്തീരുന്നതിൻ്റെ  ചിത്രമാണ്  സറ്റയറിക്കലായി കവി അവതരിപ്പിക്കുന്നത്. നമ്മുടെ വർത്തമാനജീവിതത്തെ സരസമായും എന്നാൽ ദാർശനികമായും പാരഡിയുടെ ശീലിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെയാവണം ഈ കവിത വർത്തമാനകാല മലയാളിയുടെ ജീവിത വിമർശനത്തെ കൂടുതൽ ആഴമുള്ളതും ഹാസ്യാത്മകവുമാക്കി മാറ്റുന്നത്.

ചില രൂപകങ്ങളിലൂടെ ജീവിതാവസ്ഥയുടെ പ്രതിനിധാന രൂപങ്ങൾ ആവിഷ്‌കരിക്കുക എന്നത് പുതുകവിതയിൽ സാർവത്രികമാണ്.ഒന്നോ രണ്ടോ വരികളിൽ ജീവിതത്തിൻ്റെ ഊഷ്മാവ് തിളയ്ക്കുന്ന  കവിതകൾ നിരവധിയുണ്ട്. ആവർത്തിക്കപ്പെടുന്ന പ്രതിനിധാന രൂപങ്ങൾ അനുഭവരഹിതമായ ആഖ്യാനത്തിൻ്റെ നിദർശനമായും പരിഗണിക്കാറുണ്ട്.ഇവിടെയാണ് രാജൻ സി.എച്ചിൻ്റെ വയലിൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സെപ്തംബർ 13-19) ശ്രദ്ധേയമായിത്തീരുന്നത്. അനേകവിതാനങ്ങളിലുള്ള അനുഭവലോകങ്ങൾ വയലിനിൽ കവി കണ്ടെത്തുന്നു. ബഹുസ്വരമായ ഒരു സ്വനതന്ത്രിയായി വയലിൻമാറുന്നു. കേവലസംഗീതമായി, സങ്കട സ്വരങ്ങളായി, ഇക്കിളി കൊള്ളിക്കുന്ന ഒരു ഇന്ദ്രിയാനുഭവമായി, സന്തോഷവും ഉന്മാദവും ഒന്നിച്ചനുഭവിപ്പിക്കുന്ന ഒരു സ്വനപേടകമായി, തേക്കമായി, ഞരമ്പുകളെത്രസിപ്പിക്കുന്ന കാമ മോഹങ്ങളായി, വാദക മനസ്സായി,വൃദ്ധ വിസ്താരമായി വയലിൻ പലതായി പിരിയിയുന്നു.

വയലിനിൽ
ഒരാൾ
എൻ്റെ സങ്കടങ്ങൾ
വായിക്കുന്നു

സങ്കടങ്ങളാണ്
വയലിൻ വായിക്കുന്നത്
എന്നറിയാതെ
ഒരാൾ. വയലിൻ ഇവിടെ ജീവിതത്തിൻ്റെ വിഭിന്നങ്ങളായ വഴിയും പൊരുളുമായിത്തീരുന്നു.

സഞ്ചാരവഴികളിലെ ചിത്രങ്ങൾ വരച്ചിടുന്ന മലയാളത്തിലെ ശ്രദ്ധേയനായ കവി സാന്നിധ്യമാണ് ശൈലൻ.ജീവിതത്തിൻ്റെ ഹിമശൈലങ്ങളോളം സഞ്ചരിച്ചെത്തുന്ന യാത്രികൻ്റെ അനുഭവങ്ങളാണ് യാത്രാ വിവർത്തകൻ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സപ്തംബർ 13-19). യാത്രയുടെ മൂന്ന് അനുഭവങ്ങൾ കവി ആവിഷ്‌കരിക്കുന്നു. ഒന്ന് ‘ഏതോ’, രണ്ട് ‘പാസ് വേഡ്’, മൂന്ന് ‘ഞാനപ്പാന’. ഭംഗിയേറെയുള്ള പറവകൾ വൈരൂപ്യങ്ങളേറെയുള്ള ഇന്ത്യയിലെ മനുഷ്യരെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നു. (ഏതോ) പാസ് വേഡ് സാർവലൗകികമായ ഒരു വിനിമയ ഭാഷയുടെ പൊരുളാണ് അന്വേഷിക്കുന്നത്. വൈറസ്സിനെ തുരത്താനാണ് മനുഷ്യൻ്റെ പരിശ്രമം. ഭൂമിയുടെ വൈറസ്സായ മനുഷ്യനെ തുരത്താനാണ് ഇപ്പോൾ പ്രകൃതിയുടെ പരിശ്രമം.  ഞാനപ്പാനയിൽ ഇങ്ങനെ പറയുമ്പോൾ അതൊരു പുതുപുത്തൻ ജ്ഞാനപ്പാനയായിത്തീരുകയാണ്. ഇങ്ങനെ വിരുദ്ധാവസ്ഥകളെ കൊണ്ട് ആക്ഷേപഹാസ്യത്തിൽ കാര്യങ്ങളെ അപഗ്രഥിക്കുക വഴി കവിത തീവ്രമായ വിമർശനസ്വരം ഉൾവഹിക്കുന്നു. ഇതിനിടയിലെല്ലാം വിസ്‌മയിപ്പിക്കുന്ന ചില ബിംബങ്ങളെയും തുന്നിച്ചേർക്കുമദ്ദേഹം

ജിലേബി പോൽ
പിന്നിട്ട വഴികൾ
ലിപികൾക്ക് വാക്ക് വാചകം
ഭാഷയെല്ലാം
അതിലും
വിചിത്ര ജ്യാമിതീയങ്ങളിൽ (പാസ് വേഡ്)
എന്നിങ്ങനെ ജിലേബിയും ലിപിയും വിചിത്ര ജ്യാമിതീയ രൂപങ്ങളും കൂടിക്കുഴയുന്നതിൻ്റെ സൗന്ദര്യാനുഭവത്തെ വായനക്കാർ ആസ്വദിക്കുന്നു.

പ്രകൃതിയുടെ വിലാസലോലഭാവങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു പോയ മനുഷ്യജീവിതമാണ് പി.ടി.ബിനുവിൻ്റെ ഒരു ദിവസം അങ്ങനെ സംഭവിക്കും എന്ന കവിത (മാധ്യമം ആഴ്ച്ചപ്പതിപ്പ് 2020 സപ്തംബർ 14) നിറയെ പൂന്തോട്ടങ്ങളുള്ള ജയിലിൽ ഏകാന്ത തടവിലാക്കപ്പെട്ട കവി ഒരു ദിവസം അതിരുകളില്ലാതെ സഞ്ചരിക്കുന്ന മേഘങ്ങൾക്കുള്ളിൽ താമസക്കാരനാകും എന്ന് പ്രത്യാശാഭരിതനാകുന്നു. പി.ടി ബിനുവിൻ്റെ കവിതകളിൽ വാക്കുകൾ സംവേദനത്തിനു വേണ്ടിയുള്ള പിടച്ചിലുകളിൽ അമരുന്നതു പോലെ തോന്നും.പുറത്തുചാടാൻ കൊതിക്കുന്ന ജയിൽപുള്ളിയെ പോലെ വാക്കുകൾ മുതിരുന്നു. സാധാരണ ആശയങ്ങളെ അനിതരസാധാരണമായ ഒരു ആഖ്യാനശീലത്തിൽ തളച്ചു നിർത്തുന്ന ഒരു സവിശേഷമായ കാവ്യ രീതി ഇവിടെ പ്രശ്‌നവൽക്കരിക്കപ്പെടുന്നു. അത് കവി തിരിച്ചറിയുമോ ആവോ?

പ്രകൃതി മനുഷ്യൻ്റെ ഉൺമ തന്നെയാണ്. എന്നാൽ പ്രകൃത്യാനുഭവങ്ങളെ തനിക്കു പുറത്തുള്ള ഒരു കർമ്മസ്ഥാനമായി സങ്കൽപ്പിച്ചു പോരുന്നത് കവിതയിൽ സാർവത്രികമാണ്. കാൽപ്പനിക കാവ്യബോധങ്ങളിൽ ഇത് സാധാരണമായിരുന്നു. തനിക്ക് കാണാനും നുകരാനുമുള്ള ഒരു പാനപാത്രം മാത്രമാണ് കാൽപ്പനികർക്ക് പ്രകൃതി.പുതു കവികളിലും കാണാം കേവലാരാധനയുടെ നിഴലാട്ടങ്ങൾ. അമ്മു ദീപയുടെ പ്രദക്ഷിണ (ദേശാഭിമാനി വാരിക 2020 സപ്തംബർ 6)ത്തിലും ജെന്നി ആൻഡ്രൂസിൻ്റ വീഞ്ഞിൻ നാളിലും (മാധ്യമം ആഴ്ചപ്പതിപ്പ് 2020 സപ്തംബർ 14) പ്രകൃതിയുടെ മുഗ്ധമായ മോഹദൃശ്യങ്ങൾ കവികളെ കേവലരെ പോലെ ആകർഷിക്കുന്നു.

വയലിനു നടുക്കുള്ളപുതിയ വീട്ടിൽ മെയ്അവസാനത്തെഒരുസന്ധ്യയിൽ
ചോന്നു പരന്നൊഴുകും ചക്രവാളത്തിലെ
ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ
ഭൂമിയെ രണ്ടുവട്ടം വലംവച്ചുവരും
ദേശാടനപക്ഷികൾകൂട്ടത്തോടെ
പറന്നു പോകുന്ന കണ്ടു.(പ്രദക്ഷിണം )
ഈ കാഴ്ച കവിയെ പ്രകൃത്യാനുഭവങ്ങളെ ഒരു കർമ്മസ്ഥാനം മാത്രമാക്കി മാറ്റുന്നു.

ജെനി ആൻഡ്രൂസിൻ്റെ കവിതയിൽ കർമ്മ പൗരുഷത്തിൻ്റെ മൃദുലസൗന്ദര്യം ഒളിവിശുന്നുണ്ട്.

ആകാശത്തെ ഞാൻ ചുരുക്കിയിരുന്നു
അടരടരായ് അതിനെ വിടർത്തുവാൻ
ഭൂമിയെ സാന്ദ്രീകരിച്ചിരുന്നു
നേർപ്പിച്ചു നേർപ്പിച്ചു നുകരാൻ (വീഞ്ഞിൻ നാൾ)

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിൻ്റെ സൗന്ദര്യാനുഭവമാണ് സച്ചിദാനന്ദൻ്റെ ഇല്ലിനി (ഭാഷാപോഷിണി 2020 സെപ്റ്റംബർ ). ജീവിതത്തെയും പ്രകൃതിയെയും ഏകപക്ഷീയമായ പാഴ്‍നോട്ടങ്ങൾ കൊണ്ട് അളെന്നെടുക്കുന്നതല്ല സച്ചിദാനന്ദൻ്റെ കാവ്യ വഴികൾ. സമഗ്രതയുടെ സൗന്ദര്യാവേഗങ്ങൾ കൊണ്ട് രചിക്കുന്ന വിപൽസന്ദേഹങ്ങളാണ് അധികവും. ഒപ്പം പ്രതിനിധാനങ്ങളെ തിരസ്‌കരിച്ച് പ്രവൃത്തി ചെയ്യുന്ന വാക്കുകളായി സച്ചിദാനൻ്റെ കവിതകൾ പരിണമിക്കുന്നതും കാണാം. അഗാധമായ ജീവിതക്കാഴ്ച്ചയും അതിനേക്കാൾ അഗാധമായ ഭാഷാ വഴക്കവും കൊണ്ടാണ് അദ്ദേഹം ഇത് നിർവഹിക്കുന്നത്.

ഇല്ല പ്രളയം, വരൾച്ച, പ്രളയം – ഈ
കൊല്ലുന്ന ചക്രം കറക്കുന്നതാരാണ്.
നമ്മെച്ചതിക്കുന്ന ഭൂമിയോ, ഭൂമിയെ
യെന്നും ചതിക്കുന്ന നമ്മുടെയാർത്തിയോ? എന്ന ചോദ്യത്തിൽ ഈ പാരസ്‌പര്യം മുഴുവനുമുണ്ട്.

പഴയ പാട്ടിൻ്റെ വഴികളിലൂടെ തന്നെ നടന്നു നടന്നു തേഞ്ഞു പോയവാക്കുകൾ കൊണ്ട് കവിത ചമയ്ക്കുന്ന കവിശ്രേഷ്ഠൻമാർ മലയാളത്തിൽ ധാരാളമായി ഇന്നുമുണ്ട്. അർത്ഥ ശോഷണം വന്നുപോയ വാക്കുകൾ, പൊരുളില്ലാതെ ആവർത്തിക്കുന്ന ശബ്‌ദവിന്യാസങ്ങൾ അതിൽ പകർന്നു വെയ്ക്കുന്ന എതെങ്കിലും സാമാന്യമായ സാമൂഹ്യ പ്രശ്‌നങ്ങൾ ഇത്രയുമായാൽ കവിതയായി എന്ന് കരുതുന്ന വരിഷ്ഠ കവിവ രൻ മാരാണവർ. ആലങ്കോട് ലീലാകൃഷ്‌ണൻ്റെ പൂർണം ( ഭാഷാപോഷിണി 2020 സസ്തംബർ ) സി.എസ്. ജയചന്ദ്രൻ്റെ കൊറോണ നൃത്തം തുടങ്ങിയ കവിതകൾ ഈ മട്ടിലുള്ളവയാണ്.

എത്രയേകാന്തമീ രാത്രി, എങ്കിലും
അത്ര മേലിരുട്ടേറിയെന്നാകിലും
ഒട്ടുമേ ഭയമില്ല ഞാനേകനാ-
യന്ധകാരത്തിനുള്ളിൽ കിടക്കുന്നു.
തീരമില്ലാതമോനദിയാകിലും
നീരവംനിശ തീരാതിരിക്കുമോ?
നേരുവന്നെൻ്റെ കാതിൽ മൊഴിയുന്നു.
ദൂരെയെങ്ങോ വെളിച്ചമുണ്ടോർക്കുക(പൂർണം)
ഇത് ആരിലെങ്കിലും വെളിച്ചം കൊളുത്തുമെന്ന് കവിക്കുറപ്പുണ്ടോ? എന്തായാലും നമുക്കുറപ്പില്ല.

പാട്ടിൻ്റെ വഴിയിലൂടെ സഞ്ചരിക്കാതെ  അഗാധമായ താളത്തെയുൾവഹിക്കുന്ന മികച്ച കവിതകളുണ്ട്. ആ നിലയിൽ ഏറെ ശ്രദ്ധേയമാകുന്നുണ്ട് പ്രമീളാദേവിയുടെ ഉന്മത്തം (ഭാഷാപോഷിണി സപ്തംബർ 2020) എന്ന കവിത. ജീവിതത്തിൻ്റെ അഗാധമായ സൗന്ദര്യാനുഭൂതിയായി ഉന്മത്തം മാറുന്നുണ്ട്.
മഴത്തുള്ളിയെ വേവും
മാറിലേയ്ക്കണയ്ക്കുമ്പോൾ
മറക്കുന്നുവോ ഭൂമി
വേനലിൻ നിശൂന്യത
ഉതിരുന്നത് മദഗന്ധമോ ഇന്നോളവും
നുകരാത്തതാം മോഹം പൂത്തുവാസനിപ്പതോ?

എന്നിങ്ങനെ വാക്കിൻ്റെ ഭാവശക്തിയെ തുറന്നു വെച്ചു കൊണ്ട് ജീവിത സൗന്ദര്യത്തിൻ്റെ അനന്യാനുഭവം സൃഷ്‌ടിക്കാൻ കവയിത്രിക്ക് കഴിയുന്നുണ്ട്. മനുഷ്യപ്രകൃതവും പ്രകൃതി പ്രതിഭാസവും ഒരു സിംഫണി പോലെ ഇടകലരുമ്പോൾ പാട്ടിൻ്റെ ഉപരിപ്ലവരാഗമല്ല മനുഷ്യാനുഭവത്തിൻ്റെ അഗാധ താളഭാവമാണ് ഹൃദയത്തിലുലാവുന്നത്. അർത്ഥഭരിതമായ ഭാഷാ നിർമ്മിതികൊണ്ട്  നവ്യാനുഭൂതിയുടെ ഘനഘോഷമായി ഈ കവിത വായനക്കാർക്കതനുഭവപ്പെടുന്നു.

5 Comments
 1. AV Santhosh Kumar 2 years ago

  പുതിയ കവിത നവം നവങ്ങളായ ഭാവങ്ങളിൽ വിരിയുന്ന എഴുത്ത്

  • Author

   നന്ദി, എ.വി. സന്തോഷ് കുമാർ, താങ്കളെ പോലുള്ള ശ്രദ്ധയരായ കവികളുടെ അഭിപ്രായപ്രകടനങ്ങൾ സന്തോഷം നൽകുന്നു.

 2. ജയൻ വേലൂർ 2 years ago

  കവന ചേതനയുടെ ആത്മാവിനെ തൊടുന്ന ലളിതവും മനോഹരവുമായ കുറിപ്പ്

 3. rammohan 2 years ago

  കവിത പരാമര്‍ശിച്ചതിന് വളരെ നന്ദി, സന്തോഷം. രാംമോഹന്‍ പാലിയത്ത്

 4. സന്തോഷം

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account