ഉൺമയുടെ പാർപ്പിടം

കവിത ജീവിതമല്ല, ജീവിതസാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള ഭാവനാ ലോകമാണത്. കാവ്യഭാവന വെറും ഭാവനയുമല്ല; നാളെയുടെ സാഫല്യത്തിനായുള്ള ആശയ സ്ഥലി കൂടിയാണത്. അതുകൊണ്ടു തന്നെ വെള്ളിനക്ഷത്രവും പുൽക്കൊടിയുമെന്നോണമുള്ള സാധാരണ ദ്വന്ദ്വാത്മകതയ്ക്കപ്പുറത്താണ് കവിതയുടെയും ജീവിതത്തിൻ്റെയും സ്ഥലരാശികൾ. കവിതയെ കേവലമായ ഭാവനയെന്നും ജീവിതത്തത്തെ  ലൗകിക യാഥാർത്ഥ്യമെന്നും വേർതിരിക്കാൻ കഴിയാത്തവിധം കവിത ജീവിതത്തെയും ജീവിതം കവിതയെയും ഉൾവഹിക്കുന്നുണ്ട്.

പ്രമേയ സ്വീകരണത്തിൽ ഏറെ നവീനത പുലർത്തുന്ന കവിതകളാണ് ഈ ആഴ്ചയിൽ നമുക്കു പരിചയപ്പെടാനുള്ളത്.  ജീവിതവും രാഷ്‌ട്രീയവും സ്‌ത്രൈണതയുമെല്ലാം ഇതു വരെ കാണാത്ത  നോട്ടത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട് പല കവിതകളിലും.

വീട് വളരുകയാണെന്ന് വർഷങ്ങൾക്ക് മുമ്പ് കെ.ഇ.എൻ കോഴിക്കോട് ടൗൺ ഹാളിൽ പ്രസംഗിച്ചത് ഓർമ്മവരുന്നുണ്ട് സാവിത്രി രാജീവൻ്റെ ആറ് മുറിയുള്ള വീട് എന്ന കവിത (മാതൃഭൂവി ആഴ്‌ചപ്പതിപ്പ് 2020 സെപ്റ്റംബർ 20-26) വായിച്ചപ്പോൾ. ഉപഭോഗതൃഷ്‌ണകളുടെയും ആർഭാട ഭരിതമായ പൊങ്ങച്ചങ്ങളുടെയും നിത്യസ്‌മാരകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന വലിയ വീടുകളെക്കുറിച്ചാണ് അദ്ദേഹം അന്ന് ഓർമ്മപ്പെടുത്തിയത്. ”വീടു വളരുമോ പൊട്ട” എന്ന് അന്നൊരു കുട്ടി ചോദ്യമുതിർത്തതും മറന്നിട്ടില്ല. ഇന്നിപ്പോൾ വലിയ വീടുകൾ മലയാളിയുടെ ജീവിതത്തിൻ്റെ ഭാരങ്ങളായി മാറി. വലുതായിപ്പോയതിൻ്റെ കുറ്റബോധം പേറുന്ന വർത്തമാനത്തിൻ്റെ മാനമുണ്ട് സാവിത്രി രാജീവൻ്റെ കവിതയിൽ.ആറു മുറിയുള്ള വീടു കാണുന്ന എല്ലാവരും ചോദിക്കും
“ഓ ഇത്ര വലിയ വീടോ?”
”ഒരുകോളേജ് വാധ്യാർക്ക് എന്തിനാണ് ഇത്രയും വലിയ വീട്?”
ഒരു ദിവസത്തെ താമസത്തിനു വന്ന സുഹൃത്ത്
കേറി വന്നപാടെ പറഞ്ഞു;
“ഹോ! ഇത്രയും വലിയ വീട്ടിൽ എനിക്ക് ശ്വാസം മുട്ടും ”
ഇതൊക്കെ വൃത്തിയാക്കി വെക്കുന്നതെങ്ങനെ?”
”രണ്ടു പേർക്ക് താമസിക്കാൻ ഇത്രയും സ്ഥലമെന്തിനാ?”
”താമസിക്കാൻ ഗോഡൗൺ ആണോ പണിഞ്ഞത് ”
എന്നിങ്ങനെ. പതുക്കെ പതുക്കെ വീടിനോടുള്ള അപ്രിയം കൂടിക്കൂടി വന്നു.വായനാമുറിയിൽ മാത്രം എപ്പോഴുമെപ്പോഴും വിളക്കെരിഞ്ഞു. അടുക്കളയിലും ചൂടെരിയുന്നുണ്ടായിരുന്നു എപ്പോഴും. അടുക്കളയും വായനാമുറിയും മാത്രം മതിയായിരുന്നോ എന്ന് തോന്നിയ നിമിഷങ്ങൾ. അപ്പോഴാണ് കുഞ്ഞു ലീലയുടെ വരവേൽപ്പിനായി മുറ്റത്തൊരുക്കിയ ഊഞ്ഞാലിൽ ഇരുന്ന് വലിയ വീട് സന്തോഷം കൊള്ളുന്നത് കവയിത്രിയറിയുന്നത്.ആ സന്തോഷം മറ്റൊന്നുമാകില്ല കുഞ്ഞെത്തുമ്പോൾ  വീട്ടിൽ നിറയുന്ന ഹർഷോന്മാദം തന്നെയാവും.

ഇങ്ങനെ വലിയ വലിയ ശൂന്യതകളെ ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ട് നിറയ്ക്കാം എന്നു തന്നെയാവണം ആറു മുറികളുള്ള വീട് നമ്മോടു പറയാൻ ശ്രമിക്കുന്നത്.  കുട്ടികൾ കൊടുങ്കാറ്റുകളാണെന്ന് കല്പ്പന നെയ്‌ത കവയിത്രി മറ്റൊരു മോഹലോകത്തെയാണ് ഈ കവിതയിൽ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. വിരസത, ആഹ്ലാദം, വലിപ്പം, ചെറുപ്പം എന്നിങ്ങനെയുള്ള നമ്മുടെ ജീവിതത്തിൻ്റെ ധ്രുവങ്ങളെ ഇണക്കിയെടുക്കുന്നതിൻ്റെ അനുഭവവും അതേ തുടർന്നുള്ള അനുഭൂതിയുമായിത്തീരുന്നു ആറ് മുറികളുള്ള വീട്.

ആഡംബരങ്ങളെ അതിജീവിക്കുന്ന ഉണ്മയുടെ ഇരിപ്പിടമാണ് ലാളിത്യം. അത് ശീഘ്രതരമായ യന്ത്രവേഗങ്ങളല്ല. നഗ്നമായ നടത്തങ്ങൾ തന്നെയാണ്. ജീവൻ്റെ ഉപ്പു തേടി മണ്ണിൽ ഉറച്ചു നിൽക്കുന്ന കാൽ പെരുമാറ്റങ്ങളുടെ വേഗങ്ങൾ, അവിടെയാണ് 384 കിലോമീറ്റർ നടന്ന് ഉപ്പു കുറുക്കിയ ഗാന്ധിജിയെ നാം അറിയുന്നത്. ചൈനയിൽ ചരിത്രം നിർമ്മിച്ച് ചൂട്ടെ യും നടന്നിട്ടുണ്ട്. പൊട്ടിയൊലിച്ച കാലടികളുമായി മൈലുകൾ താണ്ടിയ ഇന്ത്യൻ കർഷകർ നിനവിൽ നിന്നും മറഞ്ഞിട്ടില്ല. ഔറംഗാബാദിൽ നിന്ന് പുറപ്പെട്ട് എങ്ങുമെത്താതെ റെയിൽ പാളത്തിൽ രക്തമാംസങ്ങൾ ചതഞ്ഞരഞ്ഞു പോയതിൻ്റെ കൂടിപ്പേരാണ് ഇന്ത്യയിലെ നടത്തങ്ങൾ. അതിർത്തികൾ കൊട്ടിയടച്ചപ്പോൾ പ്രാണൻ പാറിപ്പോയ ലോക് ഡൗൺ നടത്തങ്ങൾ. ഇങ്ങനെ സർഗലയതാളങ്ങളുടെ സൂക്ഷമ ധ്വനികൾ കേൾപ്പിക്കുന്ന കവിതയാണ് എൻ.ജി. ഉണ്ണികൃഷ്‌ണൻ്റെ നടത്തം (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2020 സെപ്റ്റംബർ 20-26). പാട്ടിൻ്റെ സ്വരഭേദങ്ങളില്ലാത്ത മയമില്ലാത്ത വാഗ്മയമായി കവിത നമ്മോട് നടത്തങ്ങളുടെ ചരിത്രവും വർത്തമാനവും പങ്കുവെയ്ക്കുന്നു. ഇന്ത്യൻ യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു താള വേഗങ്ങളെ നമുക്ക് കാട്ടിത്തരുന്നു.

മലയാളപ്പെരുമാൾക്കുള്ള സ്‌തുതിഗീതമാണ് ഏഴാച്ചേരി രാമചന്ദ്രൻ്റെ വേട്ട (ദേശാഭിമാനി വാരിക 20 സെപ്തംബർ 2020) വേട്ടയാടപ്പെടുന്ന മലയാളപ്പെരുമാൾ നിസ്വവർഗത്തിൻ്റെ ഒരു രക്ഷകബിംബമാണ്.

എത്രയോ നാളായ് നിങ്ങൾ
വേട്ടയാടുന്നു ചിരം
മർത്ത്യപക്ഷത്തെ തേജോ
രൂപനാം പെരുമാളേ.
എന്നിങ്ങനെ അഭിസംബോധന ചെയ്‌തു കൊണ്ട് വർത്തമാനത്തിൻ്റെ ക്രൂര മോഹങ്ങളെ തുറന്നു കാട്ടുകയാണ്. പതിതരുടെ രാജാവിനെ ചവിട്ടിത്താഴ്ത്തിയ കൂരതയുടെ അട്ടഹാസങ്ങൾ ഇന്നും നിലയ്ക്കാതെ കേൾക്കുന്നു. പക്ഷേ ഇവിടെ ഈ പെരുമാളിനെ കാത്തു കൊണ്ട് കോടി കൈയ്യുകൾ ചുറ്റും നിൽക്കുന്നുണ്ടെന്ന ഒരു പ്രതീക്ഷയും കവിത പുലർത്തുന്നു. പിന്നിട്ട വഴികളിലെ പഴകിയ രക്ഷക ബിംബത്തെ പുനഃസൃഷ്ടിക്കാനുള്ള ഒരു പാഴ്‌ശ്രമം മാത്രം മാറ്റി നിർത്തിയാൽ കാവ്യ സൗന്ദര്യം കൊണ്ട് സമൃദ്ധമാണ് ഏഴാച്ചേരിയുടെ ഈ കവിത.

അതിജീവനത്തിനുള്ള കെൽപ്പ് പുതിയ കവിതകൾക്കുണ്ടോ എന്ന ചോദ്യം മലയാള കാവ്യ ലോകത്ത് മുഖരിതമാണ്. ദുർബലങ്ങളായ പ്രമേയങ്ങളും പഴകിയ ആശയ പ്രകാശനരീതികളും അനുഭവ തീവ്രതയൊട്ടുമില്ലാത്ത കല്പ്പനകളും പുതിയ കവിതയെ പ്രശ്‌നവൽക്കരിക്കുന്നു. പുതു കവിതയുടെ  രണ്ടാം തലമുറ സന്നിഹിതമായ ഈ സന്ദർഭത്തിൽ ഇത്തരം ആലോചനകൾ ഏറെ സജീവമാണ്. അതിനെ സാധൂകരിക്കുന്നതാണ് ദേശാഭിമാനി വാരികയിലെ (20 സപ്തംബർ 2020) ലക്ഷ്‌മി ദാമോദർ എഴുതിയ രാപ്പാടിയോട്. “പാടുമോ രാപ്പാടി നീ, ഏക യാമെനിക്കൊപ്പം കണ്ണീരായ് പൊഴിഞ്ഞൊരെന്നിലകൾ കാണുന്നുണ്ടോ” എന്ന് ആരംഭിക്കുന്ന കവിത. അലസമായാണ് അത് കടന്നു പോകുന്നത്. അമൂർത്ത കല്പനകളും ഇമേജുകളുമാണ്  കവിതയെങ്കിലും ജീവിതാനുഭവത്തിൻ്റെ തീവ്രമായ സ്‌പർശമുണ്ടാകുമ്പോഴേ അത് നമ്മിൽ ഏതെങ്കിലും നിലയിൽ പ്രവർത്തിക്കുന്നുള്ളൂ. പ്രമേയ സ്വീകരണത്തിലും കല്പനകളിലും ഈ കവയിത്രി കുറേക്കൂടി അനുഭവങ്ങളിലേയ്ക്ക് പോവേണ്ടിയിരിക്കുന്നു. തുളുമ്പാതെ തുളുമ്പാതെ എന്ന അബ്‌ദുൾ സലാമിൻ്റെ കവിത (മാധ്യമം ആഴ്ച്ചപ്പതിപ്പ് 2020 സെപ്തം 21 ) അലസമായ ആഖ്യാനത്തിൻ്റെ മറ്റൊരു ഉദാഹരണമാകുന്നു. അർത്ഥരഹിതയായ കല്പ്പനയും ഇമേജുകളും കൊണ്ടു നിർമ്മിക്കാൻ കഴിയുന്ന ഒരു വ്യാജ വൃത്തിയായി അത് കവിതയെ മാറ്റുന്നു.

സ്‌ത്രൈണാനുഭവത്തിൻ്റെ അനന്യനോട്ടങ്ങൾ ഇന്നും സജീവമായി നിൽക്കുന്ന ഒരു കാവ്യ ധാരയാണ്. വീടും ശരീരവും നിർമ്മിക്കുന്ന അസ്വാതന്ത്ര്യത്തിൽ നിന്ന് എത്ര കുതറിയിട്ടും നിവർന്ന് നിൽക്കാൻ കഴിയാത്ത ഒരനുഭവതലം പെണ്ണിന് ഇപ്പോഴുമുണ്ട്.പുറപ്പെട്ടേടത്തു തന്നെയാണ് ആയിരം കാതമവൾ നടന്നിട്ടും എന്നൊരു അനുഭവതലം കേരളീയ സ്‌ത്രൈണതയിൽ ഇന്നും അവശേഷിക്കുന്നു. ഈ അനുഭവം പലവിതാനങ്ങളിലും ആവിഷ്ക്കരിക്കപ്പെടുന്നു. ഗാർഗി ഹരിതകത്തിൻ്റെ വീടുകൾ വിട്ടിറങ്ങുന്ന പെൺകുട്ടികൾ എന്ന കവിത (സമകാലിക മലയാളം 2020 സപ്തം 21) ഈ നിലയിൽ വളരെ ശ്രദ്ധേയമാണ്. വീടുവിട്ടിറങ്ങുന്ന പുരുഷൻ ബുദ്ധനാവും പെണ്ണോ, വേശ്യയാവും. ഈ വിപര്യയം ഓരോ സ്‌ത്രീയും നേരിടുന്നു. വീടുവിട്ടിറങ്ങുന്ന ഓരോ പെൺകുട്ടിയും വഴുവഴുക്കുന്ന തറകളുടെ ഉറപ്പില്ലാത്ത കാലുകളുളള വീടുകളിൽ നിന്നാണ് പുറത്തു കടക്കുന്നതെന്ന്  തിരിച്ചറിയുന്നുണ്ട്. കൃഷ്‌ണാ നിൻ്റെ കറുപ്പ് എൻ്റെ തടവറയാകുന്നു എന്നു പറയുന്നതുപോലെ വീടു നൽകുന്ന സുരക്ഷിതത്ത്വങ്ങൾ തടവറ നൽകുന്ന അരക്ഷിതത്ത്വങ്ങളായി സ്വതന്ത്രയാവുന്ന പെൺകുട്ടി തിരിച്ചറിയുന്നു.

വേരുകളില്ലാതെ കുത്തി നിർത്തിയ
വഴുവഴുക്കുന്ന തറകളുടെ
ഉറപ്പില്ലാത്ത കട്ടിലുകളുള്ള
വീടുകളിൽ നിന്ന്
പുറത്ത് കടുത്ത വരൾച്ചയാ
ണെന്നുറപ്പും ഭയവുമുണ്ടായിട്ടും
ഇറങ്ങിയോടാൻ അലയാൻ
ഊർജ്ജമുള്ളവൾ

അത്രയേറെ അസ്വാതന്ത്ര്യത്തിൻ്റെ പര്യായമായിത്തീർന്ന ബന്ധലോകത്തു നിന്നാണ് അവൾ പടിയിറങ്ങുന്നത്. അന്തർജനങ്ങളായിക്കഴിയേണ്ടിവന്ന മലയാളി മങ്കമാർ വളരെ മുമ്പേ മനസ്സുകൊണ്ട് പടിയിറങ്ങിക്കഴിഞ്ഞവരായിരിക്കും. മീരാബെന്നിൻ്റെ മാമ്പഴച്ചാറിൻ്റെ ബാക്കിയും ( സമകാലിക മലയാളം 2020 സെപ്തം 21) ഇതേ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നു. പതിനാറായിരത്തെട്ടിൽ ഒരു ഗോപികയായിത്തീർന്നതിൻ്റെ ചാരിതാർത്ഥ്യത്തിലല്ല ഇന്നത്തെ പെണ്ണ്. കൃഷ്‌ണാ നീയെന്നെ അറിയില്ല എന്ന പരാതിയും അവൾക്കില്ല. വൃന്ദാവനത്തിലെ ഗോപികാ കാലം ഒരു വിഷം തീണ്ടിയകാലമായിരുന്നല്ലോ എന്നാണ് അവൾ തിരിച്ചറിയുന്നത്. “അന്ന് വൃന്ദാവനത്തിൽ നൃത്തമാടിക്കൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് തീർന്നു പോയെന്നാണ് കരുതിയത്”. ഇങ്ങനെ ഭൂതകാലം കുടഞ്ഞെറിയേണ്ട ഒന്നാണെന്ന് അവൾ തിരിച്ചറിയുന്നുണ്ട്. സ്ത്രീസങ്കല്പത്തിൻ്റെ പൗരാണിക ഭൂതകാലത്തിൽ കഴിയാൻ കവയിത്രി കൂട്ടാക്കുന്നില്ല എന്നു മാത്രമല്ല അതിൻ്റെ ഉദാത്തത തന്നെയും അടിമത്തമാണെന്ന് തിരിച്ചറിയുകയാണ്.

സ്‌ത്രൈണത എന്നത് ഒരു ലിംഗാനുഭവം മാത്രമല്ലെന്നും ഒരു സാംസ്‌കാരികാനുഭവമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. ലിംഗവ്യത്യാസങ്ങളെ മറികടക്കുന്ന മാനുഷികമായ ഒരു അവബോധമാണ് ഇന്ന് സ്‌ത്രൈണ ചേതന എന്ന് എം.വി പ്രതീഷിൻ്റെ തോട് എന്ന കവിത (എഴുത്ത് മാസിക 2020 സപ്തംബർ ) നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നു. തീർത്തും സ്‌ത്രൈണമായ ഒരു ശാരീരികാനുഭവത്തെ തൻ്റെ ശരീര ചേതനയെ മറന്നു കൊണ്ട് അനുഭൂതിയുടെ തലത്തിൽ അതേ തീവ്രതയോടെ ഉൾകൊള്ളാനും ആവിഷ്‌കരിക്കാനും കവിക്ക് കഴിയുന്നു. “എൻ്റെ മുടിയിഴ പോലെ ചുറ്റി വളഞ്ഞു നീണ്ട ഒരു തോട് ഈ വീടിൻ്റെ ചുറ്റിലും പാടത്തിൻ്റെ ചുറ്റിലും മീനുകൾ തവളകൾ ” എന്നിങ്ങനെ സ്‌ത്രൈണ ഭാവങ്ങൾ പ്രകൃതിയിൽ തന്നെയും ആരോപിക്കുന്നുണ്ട് കവി.പെണ്ണും പ്രകൃതിയും ഒന്നായിത്തീരുന്നു. പിന്നീടാണ് കവിത പൗരുഷേയമായ ഒരു ചേതനയെ വിസ്‌മയകരമായി മറികടക്കുന്നത് നാം കാണുന്നത്.

പതിനാലോ പതിനഞ്ചോ വയസ്സിൽ
നട്ടുച്ചയിരുണ്ടുവന്നു
പാതിര പോലെ മുടി
അടിവയറ്റിൽ ഒളിച്ചു നിന്നു സൂര്യൻ
പറത്തം മതിയാക്കി താഴെ വന്നുകിളികൾ
എല്ലാ പൂക്കളുടേയും മണം
എല്ലാ പുഴുക്കളുടെയും എഴച്ചിൽ
എല്ലാ മുള്ളുകളുടെയും മുന
തുടക്കിടയിൽ വന്നു നിന്നു.
ഞാൻ ആകാശത്തിൻ്റെ ഈ ദിക്കിൽ വന്നു നിന്ന്
താഴേയ്ക്കു നോക്കി
താഴെ എൻ്റെ തുടയിടുക്കിൽ നിന്ന്
ഒഴുകുന്ന ചുവന്നതോടു കണ്ടു. ആ തോട് മീനുകളും തവളകളും ഞണ്ടുകളും  കൂടെക്കളിച്ച തോടല്ല. അത് സ്‌ത്രൈണ കാമനകൾക്ക് അതിരുകളും വിലക്കുകളും തീർക്കുന്ന ചോരപ്പാടിൻ്റെ തോടാണ്. ശരിക്കും പുറന്തോടല്ലാത്ത അകന്തോട്.

ഇങ്ങനെ സാമാന്യ അനുഭവങ്ങൾ അസാമാന്യമായ മിഴിവിൽ വാർന്നു വീഴുമ്പോഴാണ് മനുഷ്യാനുഭൂതിയിൽ കവിത ചില തിളങ്ങുന്ന ഇളക്കങ്ങൾ സൃഷ്‌ടിക്കുന്നത്. അത് കവിതയെ ജീവിതത്തിൻ്റെ ഉൺമയും പാർപ്പിടവുമാക്കുന്നു.

3 Comments
 1. ഗഫൂർ കരുവണ്ണൂർ 4 weeks ago

  കവിതാ നോട്ടത്തിന്റെ മുന കൂർത്ത് വരുന്നുണ്ട്‌.
  നിശിത നോട്ടങ്ങളുടെ നാളുകളാണ് പ്രതീക്ഷിക്കുന്നത്. ആശംസകൾ

 2. യൂസഫ് നടുവണ്ണൂർ 4 weeks ago

  സൂക്ഷ്മമായ വായന. കവിതകളുെടെ ആഴങ്ങളിേക്കിറങ്ങുമ്പോഴും അതിന്റെ ഹൃദയം പിളർക്കുന്നില്ല. പുതു കവിതയുടെ പുത്തൻ നാമ്പുകളെ പറിെച്ചെടുക്കാതെ, മണത്തു നോക്കുന്ന മണത്തു നോക്കാൻ പ്രേരിപ്പിക്കുന്ന രീതി. അഭിനന്ദനങ്ങൾ❤️❤️

 3. ബാലകൃഷ്ണൻ മൊകേരി 3 weeks ago

  പുതിയ കവിതയിൽ പ്രായേണ ശൂന്യമായൊരു ഇടത്തിലാണ് ദേവേശൻ മാസ്റ്റർ നില്കുന്നത്. തികച്ചും അനിവാര്യമായ സാന്നിദ്ധ്യം. മുടങ്ങാതെ തുടരാൻ ആശംസിക്കുന്നു

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account