പതിത കവിത

തുടുവെള്ളാമ്പൽ പൊയ്‌കയും ജീവിതത്തിൻ്റെ കടലും രണ്ടു തരം ഭാവനാലോകങ്ങളെയാണ് ചിത്രീകരിച്ചു പോന്നത്. ഒന്ന് സ്‌നിഗ്‌ധവും പേലവവുമായ ഒരു ജീവിതത്താരയായിരുന്നെങ്കിൽ മറ്റേത് ഇരമ്പങ്ങളും ചുഴികളുമുള്ള കരകാണാത്ത ജീവിതജലധി തന്നെയാണ്. എന്നാൽ പുതുഭാവന മഹത്വത്തിൻ്റെയും പരിപാവനത്വത്തിൻ്റേതുമായ സങ്കല്പ്പങ്ങളുമായി ഒരു സാമൂഹികാകലം പാലിക്കാൻ ശ്രമിക്കുന്നു. ചെറുതെങ്കിലും നമ്മുടെ അനുഭൂതിയെ തൊടുന്ന ഈ കാവ്യമണ്ഡലത്തെയാണ് നാം പുതുഭാവന എന്ന് വിളിച്ചു പോരുന്നത്. അത് ഉത്തുംഗ ഗംഭീരമെന്നു കരുതിപ്പോരുന്ന ഒന്നിനെയും പരിഗണിക്കുന്നതല്ല. കടൽവെള്ളത്തിൽ കുളിച്ചു കൊണ്ടിരുന്ന മലയാള ഭാവനയെ അത് ഇറവെള്ളത്തിൽ കുളിപ്പിച്ചു കൊണ്ടിരിക്കുന്നു. അനുദാത്തമായ മാനുഷികാനുഭവത്തെ ആവിഷ്ക്കരിച്ച് അത് സ്വയം പതിത കവിതയായി അടയാളപ്പെടുന്നു.

ഏകാന്തമായ ധ്യാനവൃത്തിയാണ് കവിത എന്ന വരേണ്യ കല്പ്പനകളെ കുടഞ്ഞെറിഞ്ഞ് കവിതയെ ഒരു കൈത്തൊഴിൽ വൃത്തിയാക്കിയത് വൈലോപ്പിള്ളിയാണെന്നു തോന്നുന്നു. “പഴയൊരു പുള്ളുവനാണെല്ലോ ഞാൻ പായും നെയ്യും പല കൈവേലകൾ ചെയ്യും” എന്ന് പാടി കവി കവനവൃത്തിയെ ധ്യാനഗോപുരത്തിൽ നിന്നും നനഞ്ഞമണ്ണിലേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്നുണ്ട്. പായനെയ്ത്തു പോലെ, കൊട്ടകെട്ടു പോലെ ഒരു കൈതൊഴിൽ മാത്രമാണ് കവിത എന്നും കവി ഒരു തൊഴിലാളി യാണെന്നും കവിത ഒരു ഉൽപ്പന്നം മാത്രമാണെന്നും വൈലോപ്പിളളി കരുതിയിട്ടുണ്ടാവണം. മാത്രവുമല്ല  കൈവേലകളെല്ലാം കാവ്യരചന പോലെ സർഗാത്മക വൃത്തികളാണെന്നും കൂടി കരുതുന്നുണ്ടാവും. എന്നാൽ  ഇതാ ഇവിടെ അതേ മട്ടിൽ ഇപ്പോൾ മറ്റൊരു കവി, ശ്രീകുമാർ കരിയാട്  കവനവൃത്തിയുടെ വിശുദ്ധി സങ്കൽപ്പത്തെ  അഴിച്ചുകളയുകയാണ്. പാലുവാങ്ങാൻ പോകുമ്പോൾ എന്ന കവിതയിൽ (മാതൃഭൂമി ആഴ്‌ചപ്പതിപ്പ് 2020 സപ്തംബർ 27 ഒക്ടോബർ 3) ഇവിടെ കവി ധ്യാനിച്ചിരിക്കുമ്പോഴല്ല കവിത വരുന്നത് പാലുവാങ്ങാൻ പോകുന്ന പ്രഭാതസഞ്ചാരവഴിക്കിടയിലാണ്.

പാലു വാങ്ങിക്കുവാൻ പോകുമ്പൊളാണെൻ്റെ
നീണ്ട കവിതകളൊക്കെയും മാനസ-
ത്താളുകൾ തോറുമെഴുതി വെയ്ക്കുന്നതും
നീളെ തിരുത്തിശ്ശരിയാക്കിടുന്നതും.

എന്ന് കവി വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു സാധാരണ വൃത്തിയാണ്. ധ്യാനത്തിൽനിന്നല്ല മനുഷ്യ സാധാരണമായ ജീവിതത്തിൻ്റെ ഏറ്റവും സാധാരണമായ ഒരാവശ്യത്തിൽ നിന്നാണ്, ഒരു സന്ദർഭത്തിൽ നിന്നാണ് തൻ്റെ കവിത പിറക്കുന്നതെന്ന് വ്യക്തമാക്കുകയാവാം കവി. ജീവിതത്തിൻ്റെ കടലിൽ നിന്നു പോലുമല്ല, ചെറുജീവിതാവശ്യത്തിൻ്റെ ഇറവെള്ളത്തിൽ നിന്നു കൂടിയാവണം പുതിയ കവിത പിറവിയെടുക്കുന്നത്. പാലിൻ്റെ വെൺമയോടു  മാത്രമല്ല കവി ബീഡിപ്പുകയോടും ചേർത്തു വെക്കുന്നുണ്ട് കാവ്യപ്രചോദനത്തെ “ബീഡിയോരോന്നിലും, പോകും വഴിയുടെ ഭൂപടത്തിൻ ചുരുളുണ്ടെന്നറിഞ്ഞത്  ധ്യാനത്തിലല്ല, കിനാവിലുമല്ല” എന്നു പറയുമ്പോൾ കവന വൃത്തിയുടെ പാവന ഗോപുരങ്ങൾ ഇവിടെ അക്ഷരാർത്ഥത്തിൽ പരുക്കേൽക്കുന്നുണ്ട്. പുതിയ തരം ഇമേജുകൾ കൊണ്ട് കാവ്യപ്രചോദനത്തിൻ്റെ പുതിയതരമനുഭവ ലോകത്തെക്കൂടി നിർമ്മിക്കാൻ കവിക്ക് കഴിയുന്നു.

കവിതയങ്ങനെ അവിശുദ്ധമാകുമ്പോൾ അതിലെ പ്രമേയവും ഭാഷയുമെങ്ങനെ വിശുദ്ധമായിനിൽക്കും?  ഇന്ന് ശക്തിയുടെ കവികളില്ല. നമ്മെ സ്‌പർശിക്കുന്ന കവികളേയുള്ളൂ. ഈയൊരു ഭാവുകത്വമാറ്റത്തെ കഥ പറയും മട്ടിൽ ആഖ്യാനം ചെയ്‌തിരിക്കുകയാണ് പ്രമോദ് കെ.എം ഒരു നുള്ള് കവിത (സമകാലിക മലയാളം 2020 സപ്തംബർ 28) യിൽ.

കവി വളരെ കുട്ടിയായിരുന്ന കാലം. ഒരാൾ കട്ടി ക്കണ്ണട വെച്ച് സഞ്ചിയും മണ്ണെണ്ണയുമായി അയാളുടെ പറമ്പിലൂടെ പോകുന്നത് കവിക്കും കൂട്ടുകാർക്കും ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാളെ നല്ല ചീത്ത വിളിക്കാം എന്ന് തീരുമാനിച്ചു. അയാൾ നടന്നു പോകുന്ന ഒരു ദിവസം കുറേ ചീത്ത വിളിച്ചു. പക്ഷേ അയാൾ പ്രതികരിച്ചില്ല. പിന്നെ കുറേ തെറി വാക്കുകൾ പഠിച്ച് ശക്തമായി വിളിച്ചു. അപ്പോഴും അയാൾ അത്  തീരെ ഗൗനിച്ചില്ല. തെറി വിളികൾ മുഴുവൻ തീർന്നപ്പോൾ അയാളെ അക്രമിക്കാൻ തന്നെ തീർച്ചയാക്കി. അയാൾ എത്തിയ നേരം അയാളുടെ കൈ തണ്ടയിൽ നുള്ളി.അയാളാവട്ടെ ആ എന്ന് ആംഗ്യം കാട്ടി പോവുക മാത്രം ചെയ്തു. പിന്നെ നഖങ്ങൾ വളർത്തി അയാളുടെ കൈയ്യിൽ  ശക്തമായി നുള്ളി. കൈത്തണ്ടയിൽ നിന്നും ചോര പൊടിഞ്ഞു. അപ്പോഴും അയാൾ ആ എന്ന് നീട്ടി ശബ്‌ദമുണ്ടാക്കിക്കടന്നു പോവുക മാത്രം ചെയ്‌തു. അതോടെ താൻ തോറ്റുപോയെന്ന തോന്നലിലായി കവി. വീണ്ടുമൊരു ദിവസം അയാൾ വന്നപ്പോൾ കവി മറഞ്ഞിരുന്ന് ഒരു കൊച്ചു കൂട്ടുകാരിയെ വിട്ട് അയാളെ നുള്ളിച്ചു. അപ്പോൾ അയാൾ അവളോട് ഒന്നു ചിരിക്കുന്നത് അവൻ കണ്ടു. എന്നാൽ പിന്നീട് അയാൾ ആ വഴി വന്നില്ല. കാലം കുറേ കഴിഞ്ഞപ്പോൾ എല്ലാവരെയും വിളിച്ചു. കൂട്ടത്തിൽ രാജീവേട്ടനെയും വിളിച്ചു. ബാല്യകാലങ്ങൾ പങ്കുവെച്ചു.പണ്ട് താൻ രാജ്യേട്ടനെ നുള്ളിയ കാര്യം ഓർമ്മിപ്പിച്ചു. പക്ഷേ എന്തു ചെയ്യും രാജ്യേട്ടന് അത് തീരെ ഓർമ്മയില്ല. ഒരു പെൺകുട്ടിയുടെ നേർത്ത തലോടൽ മാത്രം ഓർമ്മയുണ്ട്.

കവിത ചുരുക്കി കഥയാക്കിയാൽ ഈ മട്ടിലിരിക്കും. വളരെ കൗതുകകരമാർന്ന ഒരാഖ്യാനത്തിലൂടെയാണ് പുതിയ കവിതയുടെ ‘ശക്തി’യെ കവി വെളിപ്പെടുത്തുന്നത്. “വേട്ടക്കാരവരുടെ കയ്യുകൾ വെട്ടും ഞാൻ കൽമഴുവോങ്ങി ” എന്നിങ്ങനെയുളള അക്രമോത്സുകമായ പ്രഖ്യാപനങ്ങൾ ഒന്നും നടത്താതെ എങ്ങനെയാണ് കവിത മാനവീയതയെയും പ്രകൃതി സ്നേഹത്തെയും കുറിച്ചൊക്കെപ്പറയുന്നത് എന്ന് നമുക്കിവിടെ കാണാൻ കഴിയുന്നു. എഴുത്തിൻ്റെയും പ്രമേയത്തിൻ്റേയും പ്രത്യേകത പ്രമോദിൻ്റ കവിതയെ ശ്രദ്ധേയമാക്കുന്നു.

ആഖ്യാനപരമായ ഈ ലാളിത്യം പുതുകവിതകൾ പുലർത്തുമ്പോൾ തന്നെ ചിന്തയുടെ ടൂളുകൊണ്ട് മാത്രം എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന ഒരു ലളിതപേടകവുമല്ല പുതുകവിത. എത്ര വെളിവാക്കിയാലും വെളിവാക്കപെടാതെ പോകുന്ന വാക്കിൻ്റെ ഉള്ളറകളെ ചിലപ്പോൾ അത് അടച്ചു വെയ്ക്കും. ചിന്തയും സാമൂഹിക സങ്കല്പങ്ങളും കൊണ്ടു മാത്രം അതിലേക്ക് കടക്കാൻ കഴിയില്ല. കാരണം സാമൂഹികത തന്നെയും ആത്മനിഷ്ഠതയുടെ അനുഭൂതിതലത്തിൽ വിലയിച്ചു കിടക്കുകയാവും. അതിന് മറ്റു ചില ടൂളുകൾ വേണ്ടിവരും. ഇത്രയും ആമുഖമായിപ്പറഞ്ഞത് വി.ടി ജയദേവൻ്റെ ഈ പെൺകുട്ടിയുടെ ഒരു കാര്യം എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സപ്തംബർ 27- ഒക്ടോബർ 3) യെ കുറിച്ച് പറയാനാണ്.അത് പെണ്ണവസ്ഥകളെ തുറന്നവതരിപ്പിക്കുന്ന ഒരു പ്രശ്ന കവിതയല്ല. മറിച്ച് സാമൂഹികമായ ഉൽകണ്ഠ ആത്മബോധത്തിൽ വിലയിപ്പിച്ച് ആത്മമോ പരമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരനുഭൂതിയാക്കി അവതരിപ്പിച്ചിരിക്കുന്ന ഒരു സൗന്ദര്യാത്മക കവിതയാണ്.

ദുരന്തമുണ്ടാക്കുകയും സഹായം നൽകുകയും മരണമുണ്ടാക്കുകയും പരിരക്ഷ നൽകുകയും ചെയ്യുന്ന നീതിരഹിതമായ ഒരു വ്യവസ്ഥ തന്നെയാണ് ഈ കവിത പ്രശ്‌നവൽക്കരിക്കുന്നത്.

ഭ്രാന്തു പിടിച്ചൊരു മുട്ടാളൻ വാഹനം
നടപ്പാതയിലോടിക്കയറി
ഒരിക്കലീ പെൺകുട്ടി മരിച്ചു.
കള്ളുകുടിച്ച് ലക്കില്ലാണ്ടു നിന്ന
ഒരു കന്മതിൽ മേലേയ്ക്കു വീണ്
ഒരിക്കലീ പെൺകുട്ടി മരിച്ചു.

അങ്ങനെ പെൺകുട്ടികൾക്കു മേലെ ദുരന്തങ്ങളും അത്യാചാരങ്ങളും ഏൽപ്പിച്ച് അവർക്ക് പരിരക്ഷകൾ കല്‌പിക്കുന്നൊരു സമൂഹം ഈ കവിതയിലുണ്ട്.

വായിച്ചുമറിഞ്ഞും കേട്ട എല്ലാവർക്കും
ഇപ്പോഴിവളുടെ കാര്യത്തിൽ
വലിയ ആകാംക്ഷയുണ്ട്.
പോകുന്നേടത്തെ ചുവരുകളിലൊക്കെ
അവൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ
എഴുതി തൂക്കിയിരിക്കുന്നു.
അവളൊറ്റയായിപ്പോവാതിരിക്കാൻ
അവളുണ്ടായിരിക്കുന്നേടത്തൊക്കെ ഉണ്ട്
ഒരു നിയപാലകൻ

ഇങ്ങനെ വ്യാജ ധാർമ്മികതയെ, വ്യാജ മാനവികതയെ പുറത്തെടുക്കുന്നു കവിത.

ശോകവും ശ്ലോകവും തമ്മിലുള്ള ബന്ധം അനുഭൂതിയുടെ അനുസ്യൂതിയാണ്. മനസ്സിൻ്റെ ഉൾക്കയങ്ങളിൽ ഓളങ്ങൾ സൃഷ്‌ടിക്കുന്നത് ആനന്ദമല്ല ആകുലതകൾ തന്നെയാണ്. ആ നിലയിൽ മരണാസന്നരായ മനുഷ്യൻ്റെ മനോവ്യാപാരം നമ്മെ തീവ്രമായി അനുഭവിപ്പിക്കും.ഒന്നടുത്തു വരുമോ എന്ന ഹൃഷികേശൻ പി.ബിയുടെ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 സപ്തംബർ 27 ഒക്ടോബർ 3) ഈ അനുഭവ ലോകത്തെ ആഖ്യാനം ചെയ്യുന്നു. “മരണമെത്തുന്ന നേരത്ത് നീയെന്നരികിൽ ഒത്തിരി നേരമിരിക്കണേ” എന്ന  ആസന്നമരണചിന്ത തന്നെയാണ് ഇവിടെയും ആവിഷ്‌കൃതമാവുന്നത്. ഐസിയുവിൽ കിടക്കുന്ന ഒരാളുടെ മനോവ്യാപാരങ്ങളെ കവി ചിത്രീകരിക്കുന്നത് നോക്കൂ

രക്ത മിറ്റിറ്റു വീഴുന്ന
സ്വരം മാത്രം മുറിക്കകം.
മൂക്കിലും വായിലും പ്ലാസ്റ്റിക്

വള്ളിക്കെട്ടുപിണഞ്ഞ പോൽ. എന്നിങ്ങനെ ദയനീയവും നിസ്സഹായവുമായ അവസ്ഥയിൽ അയാൾ ആഗ്രഹിക്കുന്നതെന്താവാം എന്ന് സങ്കൽപ്പിക്കുന്നുണ്ട് കവി

ഇച്ചുണ്ടുകളനങ്ങുമ്പോൾ
എന്താവാം പറയുന്നത്
ഇപ്പോഴുമോർമയുണ്ടാമോ
സ്വപ്‌നം കാണുകയാവുമോ?
എനിക്കു തൊടണം നിൻ്റെ
കൈവിരൽത്തുമ്പിലന്യമായ്
ഒന്നടുത്തു വരാമോ നീ,
യെന്നാവാം പറയുന്നത്. എന്നിങ്ങനെ  അന്ത്യനിമിഷങ്ങളുടെ തീവ്രത വായനക്കാർക്ക് ശരിക്കും അനുഭവവേദ്യമാകുന്നുണ്ട്.

മരണം അവസാനമാണെന്ന സങ്കല്പം കവിതയ്ക്ക് പുലർത്താൻ കഴിയില്ല. കാരണം ജീവിതത്തെ അനശ്വരമാക്കുന്നത് ജീവിതമല്ല മരണമാണ്. മരണത്തിന് ഒരു ഭാവനാ ലോകമുണ്ട്. വെളിവാക്കപ്പെടാത്ത ഒരു കാല്പ്പനിക സൗന്ദര്യം. കവികൾ ഈ സൗന്ദര്യം ഗ്രഹിക്കും . വിശേഷിച്ചും ഭൗതികതയുടെ ബഹളങ്ങളിൽ ഇന്ദ്രിയങ്ങളെ നട്ടിരിക്കാത്ത കെ.ടി സൂപ്പിയെ പോലുള്ള കവികൾ. ജീവിതത്തിൻ്റെ അർത്ഥങ്ങൾ തേടിയാണ് ഈ കവി സഞ്ചരിക്കുന്നത്. ലൗകിക സുഖാനുഭൂതിയിലല്ല അവ്യാഖ്യേയമായ ഒരനുഭവതലത്തെ ജീവിതത്തിൻ്റെ മറുകരയിൽ കവി തേടുന്നു.കെ.ടി സൂപ്പിയുടെ അക്ഷരങ്ങൾ (ദേശാഭിമാനി വാരിക സപ്തംബർ 28) ജീവിതത്തിൻ്റെ പൊരുളന്വേഷിക്കുന്ന വാക്കിൻ നടത്തമാണത്. അവസാനമായ നിലവിളിയാണ് വേദനയുടെ കൊടുമുടിയെന്ന് കണ്ടെത്തുന്ന കവി ഇനിയും തെളിയാത്ത ദൂരങ്ങളിൽ പിന്നെയും കാണുന്ന കറുപ്പിൽ ജനിമൃതികളുടെ അക്ഷരങ്ങൾ കാണുന്നു.

അകലേക്ക് കാണുമ്പോഴും അതിലേയ്ക്ക് കടക്കാൻ  കഴിയാത്ത ചില്ലുപാളികളുടെ തടവറയായി ഓരോ ദിവസവും കടന്നു പോകുന്നതിൻ്റെ ശ്ലഥചിത്രങ്ങളാണ് ബിജോയ് ചന്ദ്രൻ്റെ അക്വേറിയം എന്ന കവിത (മാധ്യമം ആഴ്‌ചപ്പതിപ്പ് 2020 സപ്തംബർ 28)

കാണാതായ എൻ്റെ കണ്ണുകൾ തപ്പിച്ചെന്ന്
ഇന്നലെ ഏതോ ജലഭിത്തിയിൽ
ശ്വാസം
മുട്ടി നിന്നു.
പരുക്കേറ്റ ശ്വാസത്തുമ്പിൽ നിന്നും
ഒരു കൂട്ടം തുമ്പികൾ പറന്നു പോയി

അടയ്ക്കപ്പെട്ട കാലത്തിൻ്റെ അനുഭവലോകം ഇവിടെ തുറക്കപ്പെടുന്നു.ഒപ്പം കാടുകൾ ചിത്രത്തിലാവുന്നതിൻ്റെ, മലകൾ മലയിറങ്ങുന്നതിൻ്റെയൊക്കെ വേദനകൾ മാത്രം അകലെ നിന്നും മനുഷ്യനോട് അടുത്തുകൂടുന്നു.

വീട് പൂട്ടിയിറങ്ങി
നടക്കുന്നവർക്ക് വേണ്ടി
ഈ ജലാശയം

ഇനി വളരും എന്ന പ്രത്യാശയോ അതോ ജീവിതത്തിൻ്റെ പ്രത്യാഘാതമോ വായനക്കാരുടെ കൂടെയും എത്തുന്നു. ഇവിടെ അക്വേറിയത്തിൽ നാം കാണുന്നത് പൊൻ മീനുകളെയല്ല ആകുലത കൊണ്ടടയ്ക്കപ്പെട്ട അസ്വാതന്ത്ര്യത്തിൻ്റെ പരൽമീൻ ജീവിതങ്ങളെയാണ്.

സമകാലിക കവിതകളുടെ ബഹുവിധങ്ങളായ മുഴക്കങ്ങളെ ഈ കാവ്യവാരത്തിലും നാം കേട്ടുകൊണ്ടിരിക്കുന്നു. ഏകതാനമായ ഒരു കാവ്യവഴി പുതുകവിതയ്ക്കില്ല. കുടുസ്സായ കാവ്യനിയമങ്ങളെയൊന്നും അത് പിൻപറ്റുന്നേയില്ല. ഈണമുള്ളതും അല്ലാത്തതും വൃത്തമുള്ളതും ഇല്ലാത്തതും പദ്യത്തിലായതും ഗദ്യത്തിലായതും തത്ത്വചിന്തയും തത്ത്വരാഹിത്യവും എല്ലാം പുതു കവിതയുടെ രീതി ഭേദങ്ങൾ തന്നെ. അവ നമ്മെ കുലുക്കി ഉണർത്തുകയുണ്ടാവില്ല. പക്ഷേ തൊട്ടുണർത്തുക തന്നെ ചെയ്യും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account