പഴയ ശീലങ്ങൾ വിട്ട  പുതിയ ചാലുകൾ

“ഊനമറ്റെഴുമിരാമചരിതത്തിൽ തെല്ലൂഴിയിൽ ചെറിയവർക്കറിയുമാറുരചെയ് വേൻ ” എന്ന് രാമചരിതകാരൻ നൽകിയ വാഗ്ദാനം തന്നെയാണ് എല്ലാ കാലത്തെയും കവിതയുടെ വാഗ്ദാനം. അത് പഴയ ശീലങ്ങളെ വിട്ട് പുതിയ ചാലുകൾ വെട്ടിക്കൊണ്ടിരിക്കും. കൂടുതൽ കൂടുതൽ മനുഷ്യരിലേക്ക് കൂടുതൽ കൂടുതൽ പരിസരങ്ങളിലേയ്ക്ക് അത് ഒഴുകിക്കൊണ്ടിരിക്കും.  ആദ്യമാദ്യം സംസ്‌കൃതമുപേക്ഷിച്ചു തുടങ്ങി. പിന്നെ  സുദീർഘങ്ങളായ പദസംയുക്തതകളെയും നിഗൂഢമായ കല്പനകളെയും. രാജാവിനെക്കുറിച്ച് പാടിയ കവിതകൾ കാമുകിയെ കുറിച്ച് പാടിത്തുടങ്ങി. പിന്നെ തൊഴിലാളികളെക്കുറിച്ച്. ഇപ്പോൾ അതിരിലാക്കപ്പെട്ട മുഴുവൻ മനുഷ്യരെക്കുറിച്ചും മനുഷ്യരല്ലാത്തവരെക്കുറിച്ചുമായി കവിത.

പുതുഭാവുകത്വത്തിൻ്റെ പ്രധാന അയാളങ്ങളിലൊന്ന് പ്രാദേശീയതയാണ്. ദേശീയമോ സാർവദേശീയമോ ആയ അനുഭവ പരിസരങ്ങളിൽ നിന്നല്ല കവികൾ തങ്ങൾക്കുള്ള കാവ്യാകരങ്ങൾ സ്വീകരിക്കുന്നത്. “പേരാറിൻ്റെയോ പെരിയാറിൻ്റേയോ തീരമായിരുന്നില്ല, എൻ്റെ ഗ്രാമം പോളാടാക്കീസിൻ്റെ തീരമായിരുന്നു” (പി.എൻ.ഗോപീകൃഷ്‌ൻ) എന്ന് പറയുമ്പോൾ ഇതാണ് സംഭവിക്കുന്നത്. വ്യാജമായ അനുഭൂതിയിൽ നിന്നല്ല, സത്യമായ അനുഭവലോകമാണ് പുതുകവിയുടെ എഴുത്തു നിലം.  ഇവിടെ രാവുണ്ണിയുടെ പുരുഷു എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 4-10 ) ഇത്തരമൊരു നേരായ അ നുഭവത്തെ കവിതയിൽ സൃഷ്ടിക്കുകയാണ്. ഒരാളുടെ സ്വത്വം (Identity) അയാളുടെ സ്ഥലവും തൊഴിലുമായിത്തീരുന്നു എന്ന് കവി കരുതുന്നു. അതാണ് അയാളുടെ ജീവിതത്തിൻ്റെ ഗന്ധവും ഉൺമയും.

പുരുഷ്വാണ്
മ്മ്ടെ മാറ്റ് ദേശത്തെ കൗങ്ങേറ്റക്കാരൻ
തളപ്പ്ട്ട് കുത്തനെ പാഞ്ഞു കേറി
അടക്ക്യ വലിച്ചിട്ട് ഊഞ്ഞാലാടുമ്പോലെ കാറ്റിൻ്റൊപ്പം ആടി
കവ്ങ്ങ് കളിൽ നിന്ന് കവ്ങ്ങ് കളിലേക്ക് പകർന്നാടി
അവസാനത്തെ കവ്ങ്ങിമ്മ്ന്ന് കുത്തനെ കുതിച്ചിറങ്ങണ
ധൃതിക്കാരൻ

അയാളുടെ ജീവിതം ഭാഷ എല്ലാം നിർമ്മിക്കുന്നത് ഈ തൊഴിലും ദേശവും തന്നെയാണ്. ദേശം എന്നത് കുറച്ചു കൂടി സൂക്ഷമമായി അറിഞ്ഞാൽ പരിസരം എന്ന് മനസ്സിലാക്കാം. ഇതിനപ്പുറം ജീവിതത്തിൻ്റെ സ്വത്വമയാൾക്കില്ല.കവുങ്ങിൽനിന്നും വീണ് കിടക്കുമ്പോഴും അയാൾ ആടിക്കൊണ്ടേയിരിക്കുന്നു.

ഒരൂസം ജനലേമ്മെ പൊത്തിപ്പിടിച്ചു കേറി
എടവട്ടത്ത്മ്മെകുടുക്ക്ട്ട്
ഇങ്ങേ ജനലേമ്മ്ന്ന് അങ്ങേജനലേമ്മലിക്ക്
പുരുഷു പകർന്നാടി… എന്ന് പറയുമ്പോൾ തൻ്റെ തൊഴിലും പരിസരവും നിർമ്മിച്ച സ്വത്വബോധത്തിൻ്റെ പകർച്ചയിൽ നിൽക്കുന്ന ഒരു മനുഷ്യൻ്റ പച്ചയെ നാം സ്പർശിക്കുന്നു.
ആസ്പത്രി കിടക്കയിൽ കിടക്കുമ്പോഴും  അടുപ്പിൽ കരിയുന്ന പരിപ്പിൻ്റെ ഗന്ധം തിരിച്ചറിയുന്ന മാധവിക്കുട്ടിയുടെ കോലാടിലെ മധ്യവയസ്ക്കയെ പോലെ, മീൻ ഗന്ധം വിട്ടുമാറാത്ത കോക്കാഞ്ചിറയിലെ ആനിയെ പോലെ (ആലാഹയുടെ പെൺമക്കൾ) ദീനത്തിലും വിട്ടുമാറാത്തതാണ് പുരുഷുവിനെ പുരുഷനാക്കിയ ആ തെങ്ങുകയറ്റം. ഭാഷകൊണ്ടും പ്രമേയം കൊണ്ടും പഴയ ജീവിതത്തിൻ്റെ പുതുമ പകരുന്നതാണ് രാവുണ്ണിയുടെ ‘പുരുഷു’

എസ്. ജോസഫിൻ്റെ വംശചരിത്രം (മാതൃഭൂമി ആഴ്ചപതിപ്പ് 2020 ഒക്ടോബർ 4-10) പൊയ്‌കയിൽ അപ്പച്ചൻ്റെ പാട്ടുകളെ ആസ്‌പദമാക്കി എഴുതിയതാണ്. “കാണുന്നീ ല്ലോരക്ഷരവും എൻ്റെ വംശത്തെ പറ്റി കാണുന്നുണ്ട് അനേക വംശത്തിൻ ചരിത്രങ്ങൾ” എന്ന അപ്പച്ചൻ്റെ പാട്ട് ചരിത്രത്തിൽ മാഞ്ഞു പോയ കീഴാള ജനതയുടെ ഉയിർപ്പിൻ്റെ ഗാഥയാണ്. പൊയ്‌കയിൽ അപ്പച്ചൻ്റെ തുടർച്ചയെ കവിതയിൽ കൊണ്ടു നടക്കുന്ന ആളാണ് എസ്.ജോസഫ്. പക്ഷേ അപ്പോഴും അയാൾ തിരിച്ചറിയുന്നുണ്ട്
പാട്ടിൽ നിന്നൊരു ദൂരമുണ്ട് കവിതാ-
രൂപത്തിലേയ്ക്ക്
എങ്കിലും
ദൂരം നേരെ തിരിച്ചുമുണ്ട്. എന്നിങ്ങനെ
അപ്പച്ചനിൽ നിന്ന് തന്നിലേക്കുള്ള ദൂരത്തെ കവി അളക്കുന്നു.

ചങ്ങമ്പുഴ താണ്ടിയ കാവ്യവഴിയുടെ ദൂരങ്ങൾ മലയാളത്തിൽ ഇന്ന് അടയാളപ്പെട്ടുകിടക്കുന്നത് ആലങ്കോട് ലീലാകൃഷ്‌നിലാണെന്നു പറയാം. ചങ്ങമ്പുഴയുടെ മഞ്ജീര ശിഞ്ജിതം അത്ര തന്നെയില്ലെങ്കിലും ശാരദാകാശങ്ങളും മുകിലിൻ നിദാഘങ്ങളിന്ദ്രകാർമ്മുകം തീർത്തു വിരിയും ഋതന്തരശരൽ സരോജങ്ങളും കവി കാത്തു സൂക്ഷിച്ചു പോരുന്നുണ്ട്. വരിക ശരൽക്കാലമേ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2020 ഒക്ടോബർ 8-10 )യിൽ ശരൽക്കാലത്തിൻ്റെ വിമോഹന സാന്നിധ്യമുണ്ട്.

നെന്മണി കൊഴിയുന്ന
വരമ്പിലേകാകിയായ്
ജന്മ കാമനകളിൽ
യക്ഷനായ് നിൽക്കുന്നു ഞാൻ
അളകാപുരിയോളം
ശരൽ പത്മങ്ങൾ പൂത്തു –
കൊഴിയും പ്രണയത്തിൻ
വിഷാദ ഭൂഖണ്ഡത്തിൽ
മറന്ന ഗാനം പോലെ
നിരാനന്ദമേരാഗം
മറഞ്ഞ വസന്തം പോൽ
നിർഗന്ധ മലർവനം
എന്ന് പറയുമ്പോൾ സൗന്ദര്യാത്മകത അതിൻ്റെ സാമൂഹികതയ്ക്കപ്പുറം പരകോടിയെ പൂകുന്നു.

അത്ര സൗന്ദര്യമുള്ളതല്ല മനുഷ്യരുടെ ലോകം എന്ന് മനസ്സിലാക്കുന്നത് മനുഷ്യരല്ല ഇതര ജീവികളാണ്. മൃഗങ്ങൾ നോക്കുമ്പോൾ മനുഷ്യരുടെ ലോകം എത്രയോ ഹീനവും പരിഹാസവുമായിത്തോന്നും. മോൻസി ജോസഫിൻ്റെ വെളുത്ത പൂച്ച (മാധ്യമം ആഴ്ചപ്പതിപ്പ് 2020 ഒകേടാബർ 5) ഇത്തരത്തിലുള്ള ‘മൃഗീയ’മായ ഒരു നോട്ടമാണ്. മധ്യവർഗികളായ മലയാളികളെ കവിത അടയാളപ്പെടുത്തുന്നത് നോക്കൂ

അസംതൃപ്തരും കലഹപ്രിയരുമായ മനുഷ്യർ
കുടുംബങ്ങൾ എന്ന പേരിൽ
ആ വഴി ഓടി തിമിർക്കുന്നുണ്ടായിരുന്നു.
ചില ഉച്ചനേരത്തും രാത്രിയിലും
പൊരിച്ചതും വറുത്തതുമായ മണങ്ങൾ
മൂക്കിൽ ഇടിച്ചു കയറുന്നുണ്ടായിരുന്നു.

ഇങ്ങനെ ദൃശ്യവും ഗന്ധവും ഉണ്ടാക്കുന്ന അനുഭവങ്ങൾ മലയാളി ജീവിതത്തിൻ്റെ നേർ ചിത്രങ്ങളത്രേ. ജീവിതത്തിൻ്റെ പൊള്ളത്തരങ്ങളെ ആവിഷ്ക്കരിക്കുന്നതു തന്നെ മലയാളിജീവിതത്തിൻ്റെ പരിഹാസമായിത്തീരുന്നു.

നെടുനീളനായ കിതപ്പോടെആത്മഗതമായി
എന്താണ് വലിയൊരു ആൾക്കൂട്ടം
പൂച്ച കൈകൾ കൊണ്ട് നെറ്റി ചൊറിഞ്ഞു.
അത് പരിസ്ഥിതിക്കു വേണ്ടിയുള്ള കൂട്ടയോട്ടമാണ്.

ഇങ്ങനെ ഒട്ടും വക്രോക്തിയില്ലാതെ നേരായ ഭാഷയിൽ പറയാനുള്ള ഒരു ശേഷി പുതിയ കാവ്യഭാഷ നേടിയിട്ടുണ്ട്.

സംവേദനത്തിൻ്റെ ഭാഷ കൈമോശം വരുന്നു എന്നത് പുതുകവിതയ്ക്കെതിരെ ഉയരുന്ന പ്രധാന പരാതിയോ വിമർശനമോ ആണ്.പല കവിതകളും ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഇതിനർത്ഥം മലയാള കവിത പത്രപ്രവർത്തിനത്തിൻ്റെ ഭാഷ  സ്വീകരിക്കണമെന്നല്ല. ആശാലതയുടെ ബയോസ്‌കോപ്പ് എന്ന കവിത (മാധ്യമം ആഴ്‌ചപ്പതിപ്പ് 2020 ഒക്ടോബർ 5) ഷീബാദിൽഷാദിൻ്റെ മൺട്രോതുരുത്ത് (ദേശാഭിമാനി വാരിക 4ഒക്ടോബർ 2020), മൂസ എരവത്തിൻ്റെ ആരോ ഒരാൾ (ദേശാഭിമാനി വാരിക 4 ഒക്ടോബർ 2020) ഷൗക്കത്തലി ഖാൻ്റെ നായാടിത്തറ (ദേശാഭിമാനി വാരിക 4 ഒക്ടോബർ 2020) എൻ.ബി.സുരേഷിൻ്റെ ഉയിർപ്പ് ( ഭാഷാപോഷിണി 2020 ഒക്ടോബർ ) ഇന്ദിര അശോകിൻ്റെ ഗാന്ധർവം (ഭാഷാപോഷിണി 2020 ഒക്ടോബർ) ടി.കെ.മുരളീധരൻ്റെ ശുന്യത (ഭാഷാപോഷിണി 2020 ഒക്ടോബർ) എന്നീ കവിതകൾ വായിച്ചപ്പോഴാണ് ഇങ്ങനെ തോന്നിയത്.

ആശാലതയുടെ കവിതയിൽ പെണ്ണവസ്ഥയുടെ ഏതെല്ലാമോ ജീവിതമുഹൂർത്തങ്ങൾ അവിടവിടെ ചിതറി നിൽക്കുന്നതൊഴിച്ചാൽ  ആകെ കൂടി ആശയക്കുഴപ്പം നൽകുന്നുന്നതാണ്. ആത്മനിഷ്ഠത കൂടുമ്പോൾ കവിത അപരനിൽ നിന്നും അകന്നകന്നു പോകുന്നതിന്  തെളിവായി നിൽകുന്നുണ്ട് ഈ കവിതകളൊക്കെയും.

നിത്യമായ ജീവിതാനുഭവങ്ങളുടെ സൗന്ദര്യമാണ് പ്രഭാവർമ്മയുടെ കവിതകൾ. താൽക്കാലിക കാഹളധ്വനികളൊന്നും പ്രഭാവർമ്മയുടെ കവിതകളിൽ നമുക്ക് കേൾക്കാൻ കഴിയില്ല. ഭാഷാപോഷിണി (2020 ഒക്ടോബർ ) യിലെ അമ്പത്തിയൊമ്പത് എന്ന കവിത ഈ അർത്ഥത്തിൽ അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ ദാർശനികവൽക്കരിക്കുകയാണ് കവി.
അച്ഛൻ മകനിലൂടല്ലി ജീവിക്കുന്നു.
മൃത്യുവിന്നപ്പുറം; അങ്ങനെ പുത്രനോ
പുത്രൻ്റെ പുത്രനിൽക്കുടി; യീമട്ടങ്ങു
മൃത്യുവെക്കീഴടക്കീടുന്നു നിത്യത. എന്നിങ്ങനെ ശാശ്വതമെന്നു തോന്നുന്ന മനുഷ്യബന്ധത്തിൻ്റെ അവസ്ഥയാണ് അമ്പത്തിയൊമ്പത്.

തൻ്റെ എഴുത്തിനെ അട്ടിമറിച്ച ഒരു വൈയക്തിക്കാനുഭവത്തെ കുറിച്ച് പറയാൻ ശ്രമിക്കുകയാണ് പ്രമോദ്.കെ.എം ഒരുക്കം (ഭാഷാപോഷിണി2020 ഒക്ടോബർ )

മുകുന്ദേട്ടന്
കൊല്ലത്തിൽ
ഒരു മാസം
പ്രാന്തിളകും

ബാക്കിയുള്ള
പതിനൊന്നു മാസവും
അയാൾ
ആരെയും അറിയിക്കാതെ
പലേപണികളും
ചെയ്തു കൊണ്ടിരിക്കും
……………………………
……………………………
അതു നോക്കി
ഞാൻ പലതും പഠിച്ചു
തുറന്നു പറച്ചിൽ
പ്രതികാരം
പ്രണയം
കവിത

കവിതയെത്തന്നെ
അട്ടിമറിക്കുന്ന
അവസാനത്തെ
ആ നാലുവരി. വ്യാഖ്യാനങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട് ഈ കവിത. കവിതയിൽ  പറയുന്നതുപോലെ ഒരു തുറന്നു പറച്ചിൽ പുതുകാവ്യരീതിയായിത്തീരുന്നു. പക്ഷേ തുറന്നു പറയുമ്പോഴും തുറക്കാത്ത ഒരു നിഗൂഢത കവിതയെ പൊതിഞ്ഞു നിൽക്കുന്നു. ഭ്രാന്തും സാധാരണത്വവും എന്ന വിരുദ്ധാംശങ്ങൾ കവിതയുടെ ആഖ്യാനതലം കൂടിയായിത്തീരുന്നു. ജീവിതാനുഭവങ്ങളാണ് കവിതയുടെ ഭാവപരിസരങ്ങളെ നിർമ്മിക്കുന്നതെന്നും അതു തന്നെയാണ് രൂപഭാവങ്ങളിൽ അട്ടിമറികൾ സൃഷ്ടിക്കുന്നതെന്നും ‘ഒരു നുള്ളുകവിത’ യിൽ അയാൾ പറയാൻ ശ്രമിച്ചതിൻ്റെ കൂട്ടിചേർക്കലുകളോ സംക്ഷേപിച്ച് അവതരിപ്പിക്കലോ ആണ് ഒരുക്കം.

ആര്യാ ഗോപിയുടെ അകക്കാളി ( ഭാഷാപോഷിണി 2020 ഒക്ടോബർ ) സ്ത്രൈണതയുടെ കാണാതീവ്രതയെ ആഖ്യാനം ചെയ്യാൻ ശ്രമിക്കുന്നു.പുറത്തു ദാസിയും അകത്തു കാളിയുമായ ഒരസ്തിത്വമാണ് പെണ്ണിൻ്റേത് എന്ന് ഗിരിജാ പാതേക്കര പറയുന്നുണ്ട്. അകത്തു കാളി പുറത്തു ദാസി അകത്തു കവിതകൾ പുറത്തു കടമകൾ (കാളിദാസി). ഈ അനുഭവ ലോകത്തെ ചടുലമായ ഭാഷയിൽ ആവിഷ്ക്കരിക്കുകയാണ് അകക്കാളി. ആൺനോട്ടങ്ങൾ പെണ്ണിലാരോപിക്കുന്ന ആക്ഷേപവാക്കുകളൊക്കെയും സ്‌ത്രൈണതയുടെ ആണധി കാരത്തിനെതിരെയുള്ള മുഴങ്ങുന്ന ശബ്ദങ്ങളായി കണക്കാക്കുകയാണ് കവയിത്രി. വഴക്കാളി, പെരുങ്കാളി, മുഴുക്കാളി, മുലക്കാളി,പുലിക്കാളി ,ഭദ്രകാളി,തിറക്കാളി, തുടിക്കാളി,അരിക്കാളി ,മഷിക്കാളി,വഴിക്കാളി, കടൽക്കാളി, കരക്കാളി, മഴക്കാളി മുകിൽക്കാളി, മുടിക്കാളി,ചിരിക്കാളി, പഴങ്കാളി എന്നിങ്ങനെ കാളിയുടെ സംഹാരരുദ്രതയുടെ ബഹുസ്വരതയാണ് സ്ത്രീയെന്ന് കണ്ടെത്തുമ്പോൾ സ്ത്രൈണതയിൽ ആരോപിതമായ നിശ്ശബ്ദതയുടെ സ്വത്വത്തെ മറികടക്കുകയാണ് കവിത. പുതുകവിതയുടെ നീരവധ്വനികളെ കുറേക്കൂടി വലിയ മുഴക്കങ്ങളായി പരിവർത്തിപ്പിക്കുന്നുണ്ട് അകക്കാളി.

ഇങ്ങനെ കവിത പലമട്ടിൽ ജീവിതം പുനർനിർമ്മിക്കുകയാണ്.ഈ സൗന്ദര്യ ലോകമാണ് നാളെത്തെ സാമൂഹിക ജീവിതത്തിനാധാരം എന്നു വരുന്നു. സമകാലീന കവിത അങ്ങനെ ജീവിതത്തിൻ്റെ അടിത്തറയും മേൽപ്പുരയും പണിയുന്നു.

1 Comment
  1. യൂസഫ് നടുവണ്ണൂർ 10 months ago

    പലമട്ടിൽ പുനർ നിർമ്മിക്കപ്പെടുന്ന ജീവിതവും കവിതയും….. സൂക്ഷ്മമായ വായനയിലൂെടെ കാലിക കവിതയെ തൊട്ടെടുക്കുന്നു ശ്രീ ദേവൻ പേരൂർ ! വെറുതെ വായിച്ചു പോകുന്ന കവിതകൾ പോലും ദേേവേശൻ വായിക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ടതായി മാറുന്നു.
    അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account